എഴുത്തുകാര്‍ ഏതു ചേരിയില്‍ – അതുതന്നെ ചോദ്യം

രാജഭരണകാലത്ത് രാജാവിനെ സ്തുതിച്ച് പട്ടും വളയും സമ്മാനം വാങ്ങിയിരുന്നവരുടെ അവസ്ഥയിലേക്ക് നമ്മുടെ മിക്ക എഴുത്തുകാരും സാംസ്‌കാരിക നായകരും മാറിയിരിക്കുന്നു. പുരസ്‌കാരങ്ങളും സാംസ്‌കാരികാധികാര സ്ഥാനങ്ങളുമൊക്കെയാണ് ഇന്നത്തെ പട്ടും വളയും. അവ വാങ്ങി ഭരണകൂടത്തെ സ്തുതിക്കുന്ന അവസ്ഥയിലേക്ക് വലിയൊരു വിഭാഗം എഴുത്തുകാര്‍ മാറിയിരിക്കുന്നു എന്നതാണ് വസ്തുത. അതാണ് വിഴിഞ്ഞത്ത് കണ്ടത്.

മലയാളികള്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കൊടുക്കുന്ന പല വിഭാഗങ്ങളുണ്ട്. അതിലൊന്നാണ് എഴുത്തുകാര്‍. ആകാശത്തിനു കീഴിലെ എന്തിനേയും കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശവും നാമവര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. കര്‍ഷകനോ സംരംഭകനോ ശാസ്ത്രജ്ഞനോ ഒന്നുമില്ലാത്ത സര്‍ഗ്ഗാത്മകതയും എഴുത്തുകാര്‍ക്കുണ്ടെന്ന് നാം കരുതുന്നു. തീര്‍ച്ചയായും ജനകീയപക്ഷത്തുനിന്ന് പല വിഷയങ്ങളിലും അഭിപ്രായം പറയുന്ന നിരവധി എഴുത്തുകാര്‍ നമുക്കുണ്ട്. അവരുടെ ഇടപെടലുകള്‍ പലപ്പോഴും ഗുണപ്രദമായിട്ടുമുണ്ട്. എന്നാല്‍ സമീപകാലത്തായി അതല്ല പൊതുവില്‍ അവസ്ഥ. എന്തിനേയും ഏതിനേയും കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തിന് അനുസൃതമായും നേതാക്കള്‍ പറയുന്നതനുസരിച്ചും വിലയിരുത്തുന്ന കക്ഷിരാഷ്ട്രീയ താല്‍പ്പര്യം കേരളത്തില്‍ ശക്തമായി. ഇതാകട്ടെ എഴുത്തുകാരേയും ശക്തമായി ബാധിച്ചിരിക്കുന്നു. എഴുത്തുകാര്‍ എന്നും സൗവര്‍ണ്ണ പ്രതിപക്ഷമായിരിക്കണമെന്ന വൈലോപ്പിള്ളിയുടെ വാക്കുകളെല്ലാം നാമെന്നേ മറന്നു. അതിനു കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ നിന്ന് അദ്ദേഹം മാറുന്നത്. പകരം രാജഭരണകാലത്ത് രാജാവിനെ സ്തുതിച്ച് പട്ടും വളയും സമ്മാനം വാങ്ങിയിരുന്നവരുടെ അവസ്ഥയിലേക്ക് നമ്മുടെ മിക്ക എഴുത്തുകാരും സാംസ്‌കാരിക നായകരും മാറിയിരിക്കുന്നു. പുരസ്‌കാരങ്ങളും സാംസ്‌കാരികാധികാര സ്ഥാനങ്ങളുമൊക്കെയാണ് ഇന്നത്തെ പട്ടും വളയും. അവ വാങ്ങി ഭരണകൂടത്തെ സ്തുതിക്കുന്ന അവസ്ഥയിലേക്ക് വലിയൊരു വിഭാഗം എഴുത്തുകാര്‍ മാറിയിരിക്കുന്നു എന്നതാണ് വസ്തുത.

വിഴിഞ്ഞത്തെ അദാനി തുറമുഖത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്തോറും തങ്ങളുടെ ജീവിതം അനുദിനം നരകതുല്യമാകുന്നു എന്നു മനസ്സിലാക്കി, നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ആഘാതപഠനം നടത്തണമെന്നാവശ്യപ്പെട്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ, അദാനിക്കും സര്‍ക്കാരിനും വേണ്ടി നിരവധി എഴുത്തുകാര്‍ രംഗത്തിറങ്ങിയ കാഴ്ചയാണ് ഈ കുറിപ്പിനു കാരണമായത്. ഇപ്പോള്‍ തന്നെ മൂന്നു വര്‍ഷം വൈകിയ നിര്‍മ്മാണമാണ് മൂന്നുമാസം നിര്‍ത്തിവെക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെ
ത്. ഇനിയും 40 ശതമാനം പോലും പൂര്‍ത്തിയാകാതിരുന്നിട്ടും 80 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി എന്നാണ് ഇവര്‍ തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞത്. കേരളത്തിന്റെ സ്വന്തം സേനയെന്ന് മുഖ്യമന്ത്രിതന്നെ ഒരിക്കല്‍ വിശേഷിപ്പിച്ചവരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ കൊണ്ടുവരാനുള്ള നീക്കത്തിന് സഹായകരമായ അന്തരീക്ഷമൊരുക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സംശയിച്ചവരെ കുറ്റപ്പെടുത്താനാകില്ല. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ദുരന്തങ്ങളെകുറിച്ച് കാര്യമായാന്നും ഇവര്‍ പറഞ്ഞതുമില്ല. എന്തായാലും സര്‍ക്കാരിനും അദാനിക്കും സിപിഎമ്മിനും ബിജെപിക്കുമൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവന്മരണപോരാട്ടത്തെ വിജയത്തിലെത്തിക്കുന്നതില്‍ നിന്നു തടയുന്നതില്‍ തങ്ങളുടെ പങ്കുവഹിക്കാന്‍ ഇവര്‍ക്കായി. ഈ സമരകാലത്തു കണ്ട ഏറ്റവും അശ്ലീലമായ ദൃശ്യം ഈ പ്രസ്താവനയല്ലാതെ മറ്റെന്ത്? ഇപ്പോള്‍ കടലോരത്തുനിന്ന് മത്സ്യത്തൊഴിലാളികളെ ആട്ടിപായിക്കാന്‍ ആവശ്യപ്പെട്ട പോലെ മുമ്പ് മുത്തങ്ങയിലും ആദിവാസികളെ വനത്തില്‍ നിന്നു പുറത്താക്കാനാവശ്യപ്പെട്ടും ഒരു വിഭാഗം നായകര്‍ രംഗത്തുവന്നിരുന്നതോര്‍ക്കുന്നു. തുടര്‍ന്നായിരുന്നു വെടിവെപ്പ് നടന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പതിവില്‍ നിന്നു വ്യത്യസ്ഥമായ ഒരു പ്രവണത ഇപ്പോഴത്തെ ഒപ്പുശേഖരണത്തില്‍ കാണാമെന്നതാണ് കൗതുകകരം. ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്, ലയന്‍ണ്‍സ് ക്ലബ്, ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, ഫിലിം പ്രൊഡ്യൂസേഴ്‌സ്, കോണ്‍ഫഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രി, ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, മുത്തൂറ്റ് ഗ്രൂപ്പ്, കേരള ട്രാവല്‍ മാര്‍ട്, ഗോകുലം ഗ്രൂപ്പ്, ഭീമ ഗ്രൂപ്പ് തുടങ്ങിയവുടെ പ്രതിനിധികള്‍ക്കും സിനിമാ സംവിധായകര്‍, അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, ഐ എ എസ് – ഐ എഫ് എസ് റിട്ടയേഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമാണ് ഈ എഴുത്തുകാര്‍ അണിനിരന്നത് എന്നതാണത്. ഇവരെയെല്ലാം ഒന്നിപ്പിക്കാന്‍ അദാനിക്കായി എന്നര്‍ത്ഥം. ലിസ്റ്റിലെ ആദ്യ പേരുകാരിയാകട്ടെ രാജ്യകുടുംബാംഗമായ തമ്പുരാട്ടിയും. ഈ പ്രസ്താവന ഒരു ചരിത്ര രേഖയാകുമെന്നു കരുതാം. സമരത്തിനു നേതൃത്വം നല്‍കുന്നവരുടെ ഫോട്ടോകള്‍ നിരത്തിവെച്ച് രാജ്യദ്രോഹികളും തീവ്രവാദികളുമായി ചിത്രീകരിച്ച പാര്‍ട്ടിപത്രത്തിന്റെ ഹീനമായ നടപടിക്കു പിന്നാലെയാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ആ പട്ടികയില്‍ ഒരു മന്ത്രിയുടെ സഹോദരനുമുണ്ട്. ഈ തുറമുഖനിര്‍മ്മാണം 6000 കോടി രൂപ അദാനിക്ക് നല്‍കാനുള്ള ഗൂഢാലോചനയാണെന്ന് ഏതാനും വര്‍ഷം മുമ്പു പറഞ്ഞ മുഖ്യമന്ത്രി ഭരിക്കുമ്പോള്‍, അന്നത്തെ കരാറില്‍ ഒരു മാറ്റവും വരുത്താതെയാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പുറത്തുവന്നത് എന്നതും പ്രധാനമാണ്. ആ അഴിമതിക്കെതിരെ അന്വേഷണവും നടത്തുന്നുമില്ല.

യുഎപിഎ ചുമത്തപ്പെട്ട് ഏറെകാലം ജയിലില്‍ കിടന്ന്, ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ പ്രശസ്തചിന്തകനും എഴുത്തുകാരനുമായ ആനന്ദ് ടെല്‍തുമ്പ്‌ദെ ജയിലില്‍ പോകുന്നതിനുമുമ്പ് തൃശൂരില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഇങ്ങനെ പറയുകയണ്ടായി. ‘ബുദ്ധിജീവികളും എഴുത്തുകാരും സമൂഹത്തില്‍ സൈദ്ധാന്തിയകമായും പ്രായോഗികമായും ഇടപെടുന്നവരായിരിക്കണം. നയപരമായി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കൂട്ടകുരുതികളെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നവരായിരിക്കണം. തങ്ങളുടെ വൈജ്ഞാനികമായ കഴിവുകള്‍ അധികാരമില്ലാത്ത ജനങ്ങളുടെ ഭാഗത്തു നില്‍ക്കാന്‍ ഉപയോഗിക്കണം. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും തങ്ങളുടെ ഭൗതിക സാഹചര്യങ്ങളേക്കാള്‍ രാജ്യത്തിന്റെ ബഹുസ്വരതക്ക് വേണ്ടി നിലകൊള്ളുകയും വേണം. അധികാര വ്യവസ്ഥയോടും അതിന്റെ അനൂകൂല്യങ്ങളോടും വിട്ടു നില്‍ക്കണം. അധികാര കേന്ദ്രവുമായി ചേര്‍ന്ന് നില്‍കുന്നവരെ ബുദ്ധിജീവി എന്നു വിളിക്കാനാവില്ല. അവരെന്നും അധികാര ശക്തികളുടെ വിരുദ്ധ ചേരിയിലാകണം’ കൃത്യമാണ് ഈ നിലപാട്. ഇതുതന്നെയാണ് സൗവര്‍ണപ്രതിപക്ഷമെന്ന പ്രയോഗത്തിലൂടെ വൈലോപ്പിള്ളിയും പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ ധീരതയുള്ള നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍ കേരളത്തില്‍ എത്രപേരുണ്ടെന്നു ചോദിച്ചാല്‍ വിരലിലെണ്ണാവുന്നവര്‍ എന്നായിരിക്കും മറുപടി. ഭൂരിഭാഗത്തിന്റേയും ലക്ഷ്യം പട്ടും വളയും തന്നെ. അതിനാലാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്.

മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റേയും സമരത്തിന്റേയും ചരിത്രമാണല്ലോ. ഒറ്റ വ്യക്തി മാത്രമേ ഉള്ളു എങ്കില്‍ അവിടെ പ്രശ്‌നമൊന്നുമില്ലല്ലോ. ഭരണകൂടത്തിന്റെ ആവശ്യവുമില്ല. ഒന്നില്‍ കൂടുതല്‍ വ്യക്തികളായാല്‍ അതിനൊരു സാമൂഹ്യ സ്വഭാവമായി. അതനുസരിച്ച് ചില ചട്ടങ്ങളും നിയന്ത്രണങ്ങളും ആവശ്യമായി. വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യവുമായി. ഭരണകൂടം കൊഴിയുമെന്ന സങ്കല്‍പ്പമൊക്കെ ഉട്ടോപ്യ മാത്രം. ചെയ്യാവുന്നത് ഈ ഭരണകൂടത്തെ പരമാവധി സുതാര്യവും ജനാധിപത്യപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തി്ല്‍ ഏറ്റവും കുറവ് ഇടപെടുന്നതുമാക്കി തീര്‍ക്കുക എന്നതാണ്. ഈ സംഘര്‍ഷത്തില്‍ ഭരണകൂടത്തെ ശക്തമാക്കാന്‍ ആധിപത്യശക്തികള്‍ എന്നും ശ്രമിക്കും. അതിനു വിപരീതമായി ജനകീയശക്തികളും. ഇതില്‍ ജനകീയപക്ഷത്തുിനില്‍ക്കേണ്ടവരാണ് സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരും കലാകാരന്മാരും ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളും മറ്റും. എന്നാലതല്ല കൂടുതലും കാണുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എഴുത്തുകാര്‍ ഏതു ചേരിയില്‍ എന്ന ചോദ്യം ആഗോളതലത്തിലും കേരളത്തിലും മുമ്പെ ഉയര്‍ന്നിട്ടുണ്ട്. എഴുത്തുകാര്‍ക്ക് സാമൂഹ്യപ്രതിബദ്ധത വേണമെന്ന ആശയത്തിനായിരുന്നു കൂടുതല്‍ പ്രചാരം. പക്ഷെ സാമൂഹ്യപ്രതിബദ്ധത എന്നതുകൊണ്ട് ഇവിടെ വ്യാപകമായി അര്‍ത്ഥമാക്കിയിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള പ്രതിബദ്ധത എന്നായിരുന്നു. ഏതു ചേരിയില്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് ചേരിയിലാണോ അല്ലയോ എന്നതായിരുന്നു. സമൂഹത്തോടല്ല, പാര്‍ട്ടിയോട് പ്രതിബദ്ധതയുണ്ടോ എന്നതായിരുന്നു ചര്‍ച്ച. അതു കാണിച്ച മോശം എഴുത്തുകാര്‍ പോലും മികച്ച എഴുത്തുകാരായി വാഴ്ത്തപ്പെട്ടു. അതു പ്രകടിപ്പിക്കാതിരുന്ന മികച്ച എഴുത്തുകാര്‍ മോശക്കാരുമായി. ഒരു വശത്ത് മുദ്രാവാക്യങ്ങള്‍ നന്നായി എഴുതിയവര്‍ മഹാകവികളായി പോലും വാഴ്ത്തപ്പെട്ടപ്പോള്‍ മറുവശത്ത് പലരുടേയും കൃതികള്‍ വായിക്കരുതതെന്ന് അണികള്‍ക്ക് സര്‍ക്കുലറുകള്‍ പോലും പോയിരുന്നു. പിന്നീട് മാര്‍ക്സിസ്റ്റ് ആചാര്യന്‍ ഇ എം എസ് ഒരു പരിധിവരെ തെറ്റു സമ്മതിച്ചെങ്കിലും പ്രായോഗികമായി ഇപ്പോഴും ആ നയം തന്നെയാണ് തുടരുന്നത് എന്നു കാണാം. പാര്‍ട്ടിക്കു വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ മികച്ച എഴുത്തുകാരും ബുദ്ധിജീവികളുമായി വാഴ്ത്തപ്പെടുന്നു. അവരെത്തേടി പുരസ്‌കാരങ്ങളെത്തുന്നു. സ്ഥാനമാനങ്ങളും. അതിനുള്ള നന്ദി കാണിക്കാന്‍ അവ സ്വീകരിക്കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ടല്ലോ. അതാണ് ഇത്തരം പ്രസ്താവനകളിലൂടെ കാണുന്നത്.

ഒരു നാള്‍, ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടും എന്ന ഒട്ടോ റെനോ കാസ്റ്റില്ലോയുടെ പ്രശസ്ത വരികളാണ് ഓര്‍മ്മ വരുന്നത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇവരെങ്ങിനെ അരാഷ്ട്രീയക്കാരാകും എന്നായിരിക്കും. ശരിയാണ്, ഇവര്‍ കക്ഷിരാഷ്ട്രീയക്കാരാണ്, ഒപ്പം ഭരണകൂടത്തിന്റെ ക്രൂരമായ അനീതിക്കു പോലും കയ്യടിക്കുന്നവരാണ്. പക്ഷെ അത് രാഷ്ട്രീയമല്ല. എഴുത്തുകാരന്റെ രാഷ്ട്രീയമെന്താണെന്ന് മുകളില്‍ ഉദ്ധരിച്ച വൈലോപ്പിള്ളിയുടേയും ആനന്ദ് ടെല്‍തുമ്പ്‌ദെയുടേയും വാക്കുകള്‍ വിളിച്ചുപറയുന്നുണ്ട്. അതുള്‍ക്കൊള്ളാനാണ് നമ്മുടെ എഴുത്തുകാര്‍ തയ്യാറാകേണ്ടത്. അല്ലാത്തപക്ഷം ഒട്ടോ റെനോ കാസ്റ്റില്ലോ പറയുന്നതുതന്നെ സംഭവിക്കുമെന്നതില്‍ സംശയം വേണ്ട. ഭാവിയില്‍ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply