പാര്‍ശ്വവല്‍കൃതരുടെ സമരങ്ങളോട് ‘പ്രബുദ്ധ’കേരളം ചെയ്യുന്നത്

ഇന്നു സംസ്ഥാനത്തു ഏറ്റവും ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍ എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സംസ്ഥാനത്തു നടന്നിട്ടുള്ള മത്സ്യത്തൊഴിലാളി സമരങ്ങളിലെല്ലാം ആരു ഭരിക്കുന്നു എന്നു നോക്കാതെ ഭാഗഭാക്കായിട്ടള്ള ലാറ്റിന്‍ സഭയുടെ സാന്നിധ്യം സ്വാഭാവികമായും ഈ സമരത്തിലുമുണ്ട്. അതിനെയാണ് വിദേശഫണ്ട്, തീവ്രവാദം, വര്‍ഗ്ഗീയത, വിമോചന സമരം, കലാപശ്രമം തുടങ്ങിയ സ്ഥിരം പല്ലവികള്‍ പ്രയോഗിച്ച് നേരിടന്നത്.

സമരങ്ങളുടെ നാടാണ് കേരളം എന്നാണല്ലോ പറയാറുള്ളത്. അതത്ര മോശപ്പെട്ട കാര്യമായി പറയാനാകില്ല. ജനാധിപത്യത്തിന്റെ ജീവവായുവാണ് സമരങ്ങള്‍. ജനാധിപത്യ സംവിധാനത്തെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സമരങ്ങളാണ്. പ്രത്യേകിച്ച് ജനകീയ സമരങ്ങള്‍. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളില്‍ പലപ്പോഴും കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും പ്രാധാന്യം. എന്നാല്‍ ജനകീയ സമരങ്ങള്‍ വ്യത്യസ്ഥങ്ങളാണ്. തങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങള്‍ സ്വയമേവ രംഗത്തിറങ്ങുമ്പോഴാണ് അവയുണ്ടാകുന്നത് അതിനാല്‍ തന്നെ അവക്ക് ഊര്‍ജ്ജം കൂടുതലായിരിക്കും. നിര്‍ഭാഗ്യവശാല്‍ അത്തരം സമരങ്ങളോട് നിഷേധാത്മക നിലപാടാണ് എന്നും മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കാറുള്ളത്. പാര്‍ശ്വവല്‍കൃതവിഭാഗങ്ങളുടെ സമരങ്ങളാണെങ്കില്‍ തെരുവിലിറങ്ങി നേരിടാനും അവര്‍ മടിക്കാറില്ല. സമരത്തിനു കാരണമായ വിഷയത്തില്‍ ഒരു നഷ്ടവുമില്ലാത്ത, ഇരകളല്ലാത്തവരാണ് എപ്പോഴും ഇത്തരത്തില്‍ രംഗത്തുവരിക. എന്നിട്ടും സമരങ്ങള്‍ വിജയപാതയിലേക്കു നീങ്ങുമ്പോള്‍ മുന്നില്‍ വന്നുനിന്നു നയിക്കാനും ഇക്കൂട്ടര്‍ മടിക്കാറില്ലെന്നത് വേറെ കാര്യം. അതിനും കേരളത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടുതന്നെയാണിത് പറയുന്നത്. ദൗര്‍ഭാഗ്യരമായ ആ സംഭവവികാസങ്ങള്‍ക്കുപിന്നില്‍ കൃത്യമായ ഗൂഢാലോചന പ്രകടമാണ്. തീരശോഷണം അതിശക്തമാകുകയും തുടക്കത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത സാഹചചര്യത്തിലാണ് തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് ആഘാതപഠനം നടത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 125 ദിവസത്തിലേറെയായി വിഴിഞ്ഞത്ത് സമാധാനപരമായി സത്യഗ്രഹസമരം നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനനുസരിച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങളുടെ ജീവിതവും ദുരിതപൂര്‍ണ്ണമായി. നൂറുകണക്കിന് മത്സ്യ തൊഴിലാളികളുടെ കുടിലുകള്‍ നഷ്ടമായി. കുടിലുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിന് ഒരു നടപടിയും സര്‍ക്കാര്‍ ചെയ്തില്ല. ശേഷിക്കുന്ന കുടിലുകളിലേക്കെത്താനുള്ള റോഡുകളെല്ലാം കടലെടുത്തു. ശംഖുമുഖവും കോവളത്തിന്റെ ഭൂരിഭാഗവും കടലെടുത്തു. ഈ ഭാഗത്ത് കച്ചവടം നടത്തി ഉപജീവനം നടത്തിയവരും വഴിയാധാരമായി. അവശേഷിക്കുന്ന കുടിലുകള്‍ ഏത് സമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ഇത് കൂടാതെ ഈ പ്രദേശത്ത് മല്‍സ്യബന്ധനം അസാദ്ധ്യമായി. അതോടെ അവരുടെ തൊഴിലും നഷ്ടമായി പട്ടിണിയിലായി. ജീവിക്കാന്‍ എല്ലാം വഴിയും അടഞ്ഞു. ഇതെല്ലാമാണ് ഇപ്പോഴത്തെ സമരത്തിനു കാരണമായത്.

ഇന്നു സംസ്ഥാനത്തു ഏറ്റവും ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍ എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സംസ്ഥാനത്തു നടന്നിട്ടുള്ള മത്സ്യത്തൊഴിലാളി സമരങ്ങളിലെല്ലാം ആരു ഭരിക്കുന്നു എന്നു നോക്കാതെ ഭാഗഭാക്കായിട്ടള്ള ലാറ്റിന്‍ സഭയുടെ സാന്നിധ്യം സ്വാഭാവികമായും ഈ സമരത്തിലുമുണ്ട്. അനുദിനം ശക്തമാകുന്ന സമരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ക്ക് കാരണമായത്. അതിന്റെ ഭാഗമായാണ് തുറമുഖ നിര്‍മ്മാണത്തിനായി പാറക്കല്ലുകളുമായെത്തിയ ലോറികളെ തടഞ്ഞവരെ തൊട്ടടുത്ത് തമ്പടിച്ചിരുന്നവര്‍ അക്രമിച്ചത്. അവരില്‍ അദാനിയുടെ ഗുണ്ടകളും സിപിഎം – ബിജെപി പ്രവര്‍ത്തകരുമുണ്ടെന്നാണ് വാര്‍ത്ത. അക്രമങ്ങള്‍ക്ക് തുടക്കമിട്ടവര്‍ക്കെതിരെ കാര്യമായ നടപടിയൊന്നും സ്വീകരിക്കാതെ അതിരൂപത ബിഷപ്പ്, വികാരി ജനറല്‍ എന്നിവരെയടക്കം പ്രതികളാക്കി വധശ്രമമടക്കം 9 കേസുകള്‍ ചാര്‍ജ് ചെയുകയാണ് സര്‍ക്കാര്‍ ചെയ്തത്. പലരേയും കസ്റ്റഡിയിലെടക്കുകയും ചെയ്തു. സമരത്തിനെതിരെ ഗുണ്ടായിസം നടത്തിയവരെ സംരക്ഷിക്കുകയും സമരക്കാര്‍ക്കെതിരെ കര്‍ശനനടപടികളെടുക്കുകയും ചെയ്തതാണ് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ക്ക് കാരണമായത്. പതിവുപോലെ വിദേശഫണ്ട്, തീവ്രവാദം, വര്‍ഗ്ഗീയത, വിമോചന സമരം, കലാപശ്രമം തുടങ്ങിയ സ്ഥിരം പല്ലവികളും സമരത്തിനെതിരെ ആവര്‍ത്തിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുത്തങ്ങയിലും ചങ്ങറയിലും മൂന്നാറിലുമൊക്കെ പ്രയോഗിച്ച തന്ത്രങ്ങള്‍ തന്നെയാണിവ. അധ്യാപകരോ സര്‍ക്കാര്‍ ജീവനക്കാരോ പൊതുമേഖലാ ജീവനക്കാരോ ഡോക്ടര്‍മാരോ ഒക്കെ സമരം ചെയ്താല്‍ ആരെങ്കിലും തെരുവിലിറങ്ങി എതിരിടാറുണ്ടോ? എന്നാല്‍ ദളിതര്‍, ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവല്‍കൃതരും അസംഘടിതരുമായ വിഭാഗങ്ങള്‍ സമരത്തിനിറങ്ങുമ്പോഴാണ് അതിനുള്ള അവരുടെ അവകാശത്തെ പോലും അംഗീകരിക്കാതെ, നിയമം കയിലെടുത്ത് ഒരു വിഭാഗം രംഗത്തിറങ്ങുന്നത്. സ്വയംഭരണാവകാശം എന്ന, ഭരണഘടന അംഗീകരിക്കുന്ന, രാജ്യത്തിന്റെ പല ഭാഗത്തും നിലനില്‍ക്കുന്ന അവകാശത്തിനുവേണ്ടി കുടില്‍ കെട്ടി സമരം ചെയ്ത മുത്തങ്ങയിലെ ആദിവാസികളെ അക്രമിക്കുകയും പുറത്താക്കാനാവശ്യപ്പെട്ട് സര്‍വ്വകക്ഷി ഹര്‍ത്താല്‍ നടത്തുകയും ചെയ്തത് വെടിവെപ്പിനുള്ള അവസരം ഉണ്ടാക്കാനായിരുന്നു. ചങ്ങറയില്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന തോട്ടംഭൂമിയില്‍ കൃഷിചെയ്ത് സമരം ചെയ്തവര്‍ക്കെതിരെ സിപിഎം ഉപരോധം ഏര്‍പ്പെടുത്തിയതും മറക്കാറായിട്ടില്ലല്ലോ. മൂന്നാറിലെ പെമ്പിളൈ ഒരുമയുടെ സമരത്തെ എം എം മണിയുടെ നേതൃത്വത്തില്‍ എങ്ങനെയാണ് നേരിട്ടത് എന്നും കേരളം കണ്ടു. അതിന്റെയെല്ലാം തുടര്‍ച്ചയാണ് വിഴിഞ്ഞത്ത് നടക്കുന്നത്.

തുറമുഖപദ്ധതി ഉപേക്ഷിക്കാന്‍ സമരം ചെയുന്നവര്‍ ആവശ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. നേരത്തേയും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ തുറമുഖനിര്‍മ്മാണം പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഏഴ് ആവശ്യങ്ങളുമായി ഇപ്പോഴത്തെ സമരം ആരംഭിച്ചത്. കടലില്‍ കാണുന്ന പുതിയ പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി ആഘാതപഠനം നടത്തണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ പ്രധാനമായും ഭിന്നത തുടരുന്നത്. സത്യത്തില്‍ സമരമൊന്നും ഇല്ലാതെതന്നെ നിര്‍മ്മാണപ്രവര്‍ത്തനം വര്‍ഷങ്ങള്‍ വൈകിയാണ് മുന്നോട്ടുപോകുന്നത്. അദാനി അവകാശപ്പെട്ട പോലെ നടന്നിരുന്നെങ്കില്‍ ഒന്നാം ഘട്ടം എന്നേ പൂര്‍ത്തിയാകുമായിരുന്നു. ഈ സാഹചര്യത്തില്‍ ആഘാതപഠനത്തിനായി കുറച്ചുകാലം നിര്‍ത്തിവെച്ചാലെന്താണെന്നാണ് സമരസമിതിയുടെ ചോദ്യം. എന്നാല്‍ അദാനിയുടെ താല്‍പ്പര്യമാണ് സര്‍ക്കാരിന് പ്രധാനം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലയാളിയുടെ വികസനമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ഏതാനും വര്‍ഷം മുമ്പ് പറഞ്ഞ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നതാണ് വൈരുദ്ധ്യം. കഴിഞ്ഞില്ല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്, അദ്ദേഹം ഗൌതം അദാനിയുമായി ടെലിഫോണില്‍ രഹസ്യചര്‍ച്ച നടത്തി, അവസാന ടെണ്ടറില്‍ അഞ്ച് കമ്പനികള്‍ സഹകരിക്കാന്‍ തയ്യാറായിട്ടും മൂന്ന് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ സന്നദ്ധരായിട്ടും അവരെയൊക്കെ ഒഴിവാക്കി, കേരളത്തിന്റെ വികസത്തിന് മുതല്‍ക്കൂട്ട് എന്ന് പ്രചരിപ്പിച്ച് അദാനി ഗ്രൂപ്പിന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് എന്തിന്റെ പേരിലായാലും അതിനുപിന്നിലെ താല്‍പര്യങ്ങള്‍ അഴിമതിയുടേതാണ്, അദാനി ഗ്രൂപ്പ് നരേന്ദ്രമോഡിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേപോലെ പ്രിയപ്പെട്ടതാകുന്നതും ആ ഗ്രൂപ്പിന് ഗുജറാത്തിലും കേരളത്തിലും കൊള്ളയടിക്ക് അവസരം ഒരുക്കുന്നതും ജനമധ്യത്തില്‍ തുറന്നുകാട്ടേണ്ടതുണ്ട്, വന്‍തോതിലുള്ള കോര്‍പ്പറേറ്റ് ഉപജാപങ്ങളിലൂടെയും വികസത്തിന്റെ കപടമായ പൊലിപ്പും തൊങ്ങലും അണിയിച്ചുമാണ് അഴിമതിക്ക് കളമൊരുക്കുന്നത്, ഇത് അനുവദിക്കാനാകില്ല എന്നിങ്ങനെപോയി അന്നത്തെ അദ്ദേഹത്തിന്റെ പോസ്റ്റ്. ഇതെല്ലാം ശരിയാണെങ്കില്‍, താന്‍ മുഖ്യമന്ത്രിയായി എന്നല്ലാതെ, അതില്‍ നിന്ന് എന്തുമാറ്റമാണ് പിന്നീടുണ്ടായത് എന്നു വിശദീകരിക്കാന്‍ പിണറായിക്ക് ഉത്തരവാദിത്തമില്ലേ? അദ്ദേഹമോ സര്‍ക്കാരോ അതു ചെയുന്നില്ല.

മറ്റൊരു പ്രധാന വിഷയം കൂടി ഇതോടൊപ്പം ഉന്നയിക്കേണ്ടതുണ്ട്. കൊട്ടിഘോഷിക്കുന്ന കേരളമോഡലിന്റേയോ വരുംകാല വികസന സ്വപ്‌നങ്ങളുടേയോ ഒരു പങ്കും ലഭിക്കാത്തവരാണ് മത്സ്യത്തൊഴിലാളികളടക്കം മേല്‍പ്പറഞ്ഞ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍. കേരളത്തിന്റെ മുഖം മാറ്റി മറിച്ച് പ്രവാസത്തിലോ ഇനിയും മാറ്റിമറിക്കുമെന്ന് മുഖ്യമന്ത്രിയടക്കം അവകാശപ്പെടുന്ന യൂറോപ്യന്‍ കുടിയേറ്റങ്ങളിലോ സ്വയംസംരംഭമേഖലയിലോ ഒരു പങ്കും ഇവര്‍ക്കില്ല എന്നതാണ് വസ്തുത. അതിനാവശ്യമായ പ്രാഥമിക മൂലധനം പോലുമില്ലാത്തവരാണിവര്‍. ഇതെല്ലാം മിക്കവര്‍ക്കും സാധ്യമാകുന്നത് സ്വന്തം ഭൂമി പണയം വെച്ചാണല്ലോ. അതിനുള്ള അവസരമില്ലാത്തവര്‍ എന്തു ചെയ്യും? ഭൂപരിഷ്‌കരണത്തി്ല്‍ പോലും വഞ്ചിക്കപ്പെട്ട് നാലുസെന്റ് കോളനികളിലേക്കൊതുങ്ങിയ വിഭാഗങ്ങള്‍ക്ക് അതിന് എന്തു സാധ്യതയാണുള്ളത്? അത്തരം സാഹചര്യത്തിലാണ് സ്വന്തം ഇടത്തില്‍ നിന്നും തൊഴിലില്‍ നിന്നും വലിച്ചെറിയപ്പെടുമെന്ന് ആശങ്കപ്പെടുന്ന, വികസനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പദ്ധതികള്‍ക്കെതിരെ അവര്‍ രംഗത്തിറങ്ങുന്നത്. അപ്പോള്‍ അവരെ ശത്രുക്കളായോ വികസനവിരുദ്ധരായോ തീവ്രവാദികളായോ ചാപ്പകുത്താതെ, അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാരും പ്രസ്ഥാനങ്ങളും സമൂഹവും സ്വീകരിക്കേണ്ട്. എന്നാല്‍ മന്ത്രിമാരില്‍ പോലും അത്തരമൊരു സമീപനം കാണുന്നില്ല എന്നതാണ് ഏറെ ദുഖകരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply