വിനായകന്റെ പ്രസ്താവനയും രണ്ടു വ്യത്യസ്ത നിലപാടുകളും

മാധ്യമപ്രവര്‍ത്തകയോടു മാത്രമല്ല, മി ടൂ പ്രസ്ഥാന നായിക തരാന ബകിനോടും വിനായകന്‍ ക്ഷമാപണം നടത്തണമെന്ന് അശോകകുമാര്‍ വി.. പുരോഗമനവാദികളെന്നു അവകാശപ്പെടുന്നവര്‍ പോലും ലൈംഗികതയോടുള്ള നിലപാടില്‍ കപട സദാചാരവാദികളാണെന്നു തെളിഞ്ഞെന്ന് ഹരികുമാര്‍….

വിനായകാ, ക്ഷമാപണം ഒന്നു മതിയോ? – അശോകകുമാര്‍ വി.

‘പട’യും ‘ഒരുത്തീ’യും കണ്ടിട്ടുണ്ടായ ആഹ്ലാദത്തിലും ആവേശത്തിലും അഭിമാനത്തിലും നിറഞ്ഞു തുളുമ്പുന്നതിനിടയിലാണ് വിനായകന്റെ വിവാദമായ പത്രസമ്മേളനം വന്നത്. കൂസലില്ലാത്ത മറുപടികള്‍, ചോദ്യങ്ങളുമായി വന്നവരെ വെള്ളം കുടിപ്പിക്കുന്ന മറുചോദ്യങ്ങള്‍, അവര്‍ ഉത്തരം പറയുന്നതുവരെ വിടാതെ വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്, അവര്‍ ഉത്തരം മുട്ടിയെന്നു കണ്ടപ്പോള്‍ അവരുടെ ?ഗോള്‍ പോസ്റ്റിലേക്കു പന്തടിക്കുന്ന പോലെ ഉത്തരം പറഞ്ഞത്, പിന്നീട്, അന്ന് പെണ്‍കുട്ടിയെ ചൂണ്ടി താന്‍ പറഞ്ഞത്, അവരെ അപമാനിച്ചതാണെന്നു തിരിച്ചറിഞ്ഞു, പരസ്യമായി തന്റെ ഫെയ്‌സ് ബുക്കില്‍ ക്ഷമ ചോദിച്ചത് എല്ലാം നമ്മോടു പറയുന്നു, അദ്ദേഹം ആ സഭയില്‍ സ്വയം കാലിടറി താഴെവീണു. മാധ്യമക്കാരെ വരച്ച വരയില്‍ നിര്‍ത്തും എന്നു നിശ്ചയിച്ച ധീരന്‍, അതിധൈര്യത്താല്‍ സ്വന്തം വാരിക്കുഴിയില്‍ വീണുപോയി.

സാമ്പത്തിക ശാസ്ത്രജ്ഞനും ദലിത് ചിന്തകനുമായ ഡോ.എം.കുഞ്ഞാമന്‍ ഒരഭിമുഖത്തില്‍ പറയുന്നുണ്ട്, താന്‍ ഇത്രയൊക്കെ ഉയര്‍ന്നിട്ടും ‘തന്റെ ഉള്ളില്‍ നിന്നും ഭയവും അപകര്‍ഷതാബോധവും ആത്മവിശ്വാസമില്ലായ്മയും വിട്ടുപോയിട്ടില്ല എന്ന്. കാരണം ഒരു ദലിതനായി പിറന്നവനെന്ന നിലയില്‍ താന്‍ എത്ര പരിശ്രമിച്ചാലും വേണ്ടെന്നു വെയ്ക്കുമ്പോള്‍ പോകുന്ന കാര്യങ്ങളല്ല ഇതൊന്നും. അവ നമ്മുടെ ഡി.എന്‍.എ. കോഡിലേക്കു എന്റര്‍ ചെയ്യുന്നതാണ്. നമ്മുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നവയെ എങ്ങനെ മറികടക്കാം എന്നത് പ്രശ്‌നമാണെന്ന്.’ ദലിത് വിഭാഗത്തില്‍ മാത്രമല്ല, തൊട്ടുകൂടായ്മയുടെ അടിത്തട്ടുവര്ഗങ്ങളില്‍ പിറന്ന മിക്കവരും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും അവരിലേക്കു തലമുറകളായി സന്നിവേശിക്കപ്പെട്ട ഭയവും അപകര്‍ഷതാബോധവും ആത്മവിശ്വാസമില്ലായ്മയും പല അളവുകളില്‍ പേറുന്നവരാണ്. അതുകൊണ്ടവര്‍ക്കു സഭയില്‍ മറ്റുള്ളവരെപ്പോലെ തികഞ്ഞ ആത്മസംയമനത്തോടെ പ്രതികരിക്കുക അത്ര എളുപ്പമല്ല. സമൂഹത്തിന്റെ ജാതിനോട്ടം തങ്ങളെ എപ്പോഴും വലയം ചെയ്യുന്നതായി അവര്‍ക്കു അനുഭവപ്പെടും. മറ്റുള്ളവര്‍ തന്നെ താഴ്ത്തുന്നുണ്ടോ എന്നവര്‍ സംശയിക്കും. അപരര്‍ അവരോട് ഭേദമില്ലാതെ പെരുമാറിയാല്‍ പോലും തന്നിലേക്കു ആരോപിക്കപ്പെട്ട അധമത്വത്തിന്റെ ബാധയില്‍നിന്നും സ്വയം രക്ഷിച്ചെടുക്കുക അവര്‍ക്കത്ര പെട്ടെന്നു സാധിക്കില്ല. സമൂഹനോട്ടത്താല്‍ രക്തത്തിലലിഞ്ഞു ചേര്‍ന്ന വികാരങ്ങളെ (ഞാന്‍ ‘ഡര്‍ട്ടി’യാണെന്നു നിങ്ങള്‍ കരുതുന്നു എന്നു വിനായകന്‍ പറയുന്നുണ്ട്) അടിത്തട്ടു സമൂഹങ്ങള്‍ മറികടക്കുന്നതിന്റെ ആര്‍ജ്ജിത തന്ത്രങ്ങള്‍ നമുക്കു വിനായകനിലും കാണാനാവും. അയാള്‍ അടുത്ത ക്ഷണത്തില്‍ എങ്ങനെ പ്രതികരിക്കും എന്നു പ്രവചിക്കാനാവില്ല. ഭയത്തെയും അപകര്‍ഷതാബോധത്തെയും അയാള്‍ അതിജീവിക്കുന്നതു അതിധൈര്യം, പരുക്കന്‍ ഭാഷ, വെല്ലുവിളി, വെട്ടിത്തുറന്ന സംസാരം, എന്നിങ്ങനെ അധികമാര്‍ക്കും പറ്റാത്ത ശൈലി സ്വീകരിച്ചു പേടിപ്പിച്ചും പൊടുന്നനെ തുറന്നു ചിരിച്ചും കൊണ്ടായിരിക്കും. സമൂഹത്തോടു മുഴുവനുമുള്ള എതിര്‍പ്പായിട്ടായിരിക്കും അയാളിലെ അമര്‍ഷം പൊട്ടിത്തെറിക്കുന്നത്. അദ്ദേഹം മാധ്യമക്കാരോടു പറയുന്നത് എന്നെ ഇന്റര്‍വ്യു ചെയ്താല്‍ നിങ്ങളെനിക്കു പണം തരണമെന്നാണ്. തന്നെ അത്രയധികം സിനിമക്കാര്‍ കാശു തരാതെ പറ്റിച്ചതായും അയാള്‍ പറയുന്നുണ്ട്. സൂപ്പര്‍ സ്റ്റാറുകളുടെ പടം പൊട്ടിപ്പോകുന്നതിനെ പറ്റി പരിഹസിക്കുന്നു. ഫാന്‍സ് അസോസിയേഷനുകളെ യാതൊരു സങ്കോചവും കൂടാതെ പരസ്യമായി വാക്കുകൊണ്ട് രണ്ടായി വലിച്ചുകീറി. സിനിമയില്‍ ഇനിയെങ്കിലും തനിക്ക് കള്ളിമുണ്ടു വേഷങ്ങള്‍ക്കു പകരം, കൊള്ളാവുന്ന വേഷങ്ങള്‍ തരാന്‍ മാധ്യമക്കാര്‍ ശുപാര്‍ശ ചെയ്യാനും ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ വിനായകന്റെ പ്രകടനങ്ങളിലെല്ലാം താന്‍ ആ നിലയിലേക്കെത്താന്‍ വേണ്ടി വന്ന പ്രതിബന്ധങ്ങളെ തരണം ചെയ്തതില്‍, താന്‍ അനുഭവിച്ച ക്ലേശങ്ങളില്‍ നിന്നുണ്ടായ രോഷമുണ്ട്. അദ്ദേഹം സംസാരിക്കുന്നത് തന്നെ അം?ഗീകരിക്കാത്ത, എന്നിട്ടും അവരോട് എതിരിട്ടു തന്റെ കഴിവുകള്‍ തെളിയിച്ചു സാമൂഹികാം?ഗീകാരം നേടിയെടുത്ത ആണ്‍സമൂഹത്തോടാണ്. മാധ്യമപരിലാളനം വേണ്ടുവോളവും അതിലപ്പുറവും കിട്ടുന്നവരോട്, തന്റെ കഴിവിനെ ഇതേവരെ അര്‍ഹിക്കുന്നപോല ആദരിക്കാത്ത സിനിമാവ്യവസായ ലോകത്തോട്, പൊലിമയും ഫാന്‍സ് തന്ത്രങ്ങളും വഴി ദൈവങ്ങളായി വാഴുന്ന വെള്ളിത്തിരയിലെ ദൈവങ്ങളോട്, അങ്ങനെ ജാതിക്കോയ്മയും സമ്പത്തും അടക്കിവാഴുന്ന അധികാര ലോകത്തോട് അടിത്തട്ടിലുള്ളവന്റെ സംഘര്‍ഷത്തില്‍ നിന്നും നുരയുന്ന വാക്കുകളാണ് വിനായകന്റേത്. ഇങ്ങനെയൊരു ദിനം തനിക്കു മുന്നില്‍ വന്നു ചേരുമെന്നും തനിക്കിപ്പോഴും കൈലിമുണ്ടു മാത്രം തരുന്ന സവര്‍ണ്ണ സിനിമാ സൗന്ദര്യബോധത്തെ പരസ്യമായി താന്‍ ആക്ഷേപിക്കുമെന്നും അയാള്‍ മുന്‍കൂട്ടി കണ്ടതാകണം. അതായത് സിനിമാലോകത്തെ ആണ്‍ലോകത്തോടാണ് അദ്ദേഹം ഏറ്റുമുട്ടിയതും അവരെ മലര്‍ത്തിയടിക്കുന്ന വിധത്തില്‍ ഇപ്പോഴത്തെ പദവിയിലേക്കു ഉയര്‍ന്നതും. ഇതിനയാളെ തുണച്ചതാകട്ടെ തന്റെ വര്‍?ഗ്?ഗപരമായ സ്വത്വത്തെപ്പറ്റി തീക്ഷ്ണാനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത മൂല്യബോധമത്രേ. തന്റെ ദലിത് ശരീരം മറ്റേതൊരു ശരീരത്തോടും കട്ടയ്ക്കു നില്‍ക്കുന്നത്ര അഴകും കഴിവും ഇഴചേര്‍ന്നതാണെന്നു അയാള്‍ക്കു ഉത്തമ ബോധ്യമുണ്ട്. ഇവരൊക്കെ കഴിവുകൊണ്ടു മാത്രമല്ല, സമൂഹത്തെ ഭരിക്കുന്ന വെളുപ്പിന്റെ സൗന്ദര്യബോധവും അതിന്റെ സാംസ്‌ക്കാരിക മൂലധനവും കൊണ്ടാണ് പദവികളിലേക്കുയര്‍ന്നതെന്നും അതിന്റെ ഒരു ശതമാനം ആനുകുല്യം തനിക്കു തന്നാല്‍ തെളിയിക്കാം, തനിക്കെന്തുണ്ടെന്നും അദ്ദേഹം പറയുന്നതിലുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉറഞ്ഞു തുള്ളിയ പോലെ ഇത്രയൊക്കെ വെട്ടിത്തുറന്നു പറഞ്ഞ ഒരാള്‍ ‘മീ ടൂ’ വിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘എനിക്കറിയില്ലെന്ന്, എന്താണ് മീ ടൂ’ എന്നങ്ങോട്ടു എന്തുകൊണ്ട് മറുചോദ്യം തൊടുത്തു? അയാള്‍ അതിനു മറുപടി, ഒരുവിധം കൊടുത്തപ്പോള്‍ അടുത്ത ചോദ്യംകൊണ്ടുവെട്ടി. ‘ഇതൊന്നുമല്ല, ചോദിക്കുന്നതിനുത്തരം പറ, നിങ്ങളൊരു പെണ്ണുമായിട്ടെങ്ങനെ ശാരീരികബന്ധത്തിലേര്‍പ്പെടും? കല്യാണം കഴിക്കാത്ത ആരെങ്കിലും ഇക്കൂട്ടത്തില്‍ സെക്‌സ് ചെയ്തിട്ടുണ്ടോ, പെണ്‍കുട്ടിയുമായിട്ട്?’ ഞാന്‍ കണ്‍സെന്റ് ചോദിക്കും. ‘ഇതാണ് മീ ടൂ എങ്കില്‍ ഞാനിനിയും ചോദിക്കു’മെന്നു പറഞ്ഞു. അങ്ങനെ മീ ടൂ എന്ന മൂവ്‌മെന്റിന്റെ ആധുനിക പെണ്‍മുന്നേറ്റധൈര്യത്തെ ആണ്‍മസിലുകൊണ്ട് ശവമടക്കം നടത്തി, ഇരുസമ്മതപ്രകാരമുള്ള വേഴ്ചയിലേക്കു തിരിച്ചുവിട്ടുകൊണ്ട് അയാള്‍ കയ്യടിനേടി, മീ ടൂ എന്നാല്‍ കല്യാണം കഴിക്കാത്ത ആണിന്റെ സമ്മതം ചോദിക്കലും പെണ്ണിന്റെ സ്വയംവരവുമായി അവതരിപ്പിച്ചു. (സ്വയംവരം എന്ന പ്രയോഗം പ്രത്യേകം പരിശോധിക്കപ്പെടണം. ഒരു പ്രത്യേക കാലത്ത് പുരാണങ്ങളില്‍ കേട്ടിട്ടുള്ള നടപടി. അവിടെ മത്സരപരീക്ഷയുണ്ടാകാം. ക്ഷണിക്കപ്പെട്ട കുലീനരാകുമവര്‍. അല്ലാതെ രാജകുമാരി ഇഷ്ടപ്പെട്ട ഇടയകുമാരനെ സ്വയം തെരഞ്ഞെടുക്കുന്ന സ്വാതന്ത്ര്യപ്രഖ്യാപനമല്ല അത്. അതില്‍ തന്നെ വരിക്കപ്പെടുന്നയാള്‍ കുലസമ്മതനല്ലെങ്കില്‍ തടസ്സങ്ങളുണ്ടാകും. സ്വയംവരത്തെ സ്ത്രീവിമോചനമായി അലങ്കരിക്കുന്നവര്‍ കടുത്ത പാരമ്പര്യവാദികളാണ്. അവരാണ് പെണ്ണ് കുലത്തിനു ‘കളങ്ക’മുണ്ടാക്കി ഇറങ്ങിപ്പോയാല്‍ പിറകേ ചെന്നു വെട്ടുന്നത്.)

സ്ത്രീകളെപ്പറ്റിയുള്ള ചോദ്യം വന്നപ്പോള്‍ വിനായകന്റെ ശരീരത്തില്‍ നിന്നും വര്‍ഗപരമായ സ്വത്വബോധം പൊടുന്നനെ അപ്രത്യക്ഷമാകുന്നു. പകരം പുല്ലിംഗം തലനീട്ടുകയും ചെയ്തു. ഏതു സിനിമാ-മാധ്യമസംസ്‌ക്കാരത്തെയാണോ അയാള്‍ എതിര്‍ത്തത് അതിന്റെ ഭാ?ഗമായി അയാളും ഒന്നാന്തരം ആണായി എന്നുമാത്രമല്ല, എല്ലാ ആണുങ്ങള്‍ക്കും വേണ്ടിയുള്ള വ്യവസ്ഥയുടെ ഗുണ്ടയാകുകയും ചെയ്തു. കേരളത്തിലെ ആണ്‍മേധാവി പരസ്യമായി പറയാന്‍ മടിക്കുന്നതും എന്നാല്‍ ര?ഹസ്യമായി ന്യായീകരിക്കുന്നതുമായ വാദം വിനായകനിലൂടെ അദ്ദേഹത്തിലെ ദലിത് ശരീരത്തിന്റെ നിര്‍ഭയത്വത്തിലൂടെ നമ്മള്‍ ഇടിവെട്ടുപോലെ കേട്ടു. ‘നിങ്ങളിലാര് വിവാഹത്തിനു മുന്നേ ഇണചേര്‍ന്നിട്ടുണ്ട്, ഞാന്‍ പത്തു സ്ത്രീകളുമായി സെക്‌സ് ചെയ്തിട്ടുണ്ട്’ എന്നു പരസ്യമായി പറയാനുള്ള ഊറ്റം അടിത്തട്ടു ചുറ്റുപാടില്‍നിന്നും മുകളില്‍ ആകാശം, താഴെ ഭൂമി എന്ന അരക്ഷിതത്വത്തില്‍ നിന്നും കൈവരുന്നതാണ്. എന്നാല്‍ അടിത്തട്ടിലെ പുരുഷന്‍ അനുഭവിച്ച വിവേചനങ്ങള്‍ക്കപ്പുറത്തേക്കു വിനായകന് മുന്നേറാന്‍ അയാളുടെ ആണ്‍ശരീരം തടസ്സമായി നില്‍ക്കുന്നു. വിനായകന്‍ എന്ന ദലിത് പുരുഷന് സമൂഹം തന്നില്‍ അടിച്ചേല്‍പ്പിച്ച മര്‍ദ്ദിതാവസ്ഥയെ സ്വത്വപരമായ കരുത്തുകൊണ്ടു മറികടക്കാനും അതിലൂടെ സിനിമാവ്യവസായത്തിന്റെ സവര്‍ണ്ണവും മൂലധനബന്ധിതവുമായ മൂല്യങ്ങളെ പരിഹസിക്കാനും കഴിയുന്നുണ്ടെങ്കില്‍, തന്നിലെ ദലിത് വ്യക്തിത്വത്തെ ഇതേ മൂല്യങ്ങളില്‍ നിന്നും പൊട്ടിച്ചു പുറത്തെടുക്കാന്‍ അയാള്‍ക്കു പറ്റുന്നില്ല. കാരണം തന്റെ വര്‍ഗസമരത്തില്‍ വീട്ടിലെ സ്ത്രീയുടെ മോചനം ഉള്‍പ്പെട്ടിട്ടില്ല. ദലിത്പുരുഷന്റെ മോചനത്തോടെ അയാളിലെ വര്‍ഗസമരം അവസാനിക്കുന്നു. ആ സമരം അങ്ങനെ പാതിവഴിയില്‍ നിന്നു പോകാന്‍ കാരണം സമരത്തിന്റെ ലക്ഷ്യം നിലവില്‍ സിനിമ പേറുന്ന സവര്‍ണ്ണ ആണ്‍വ്യവസ്ഥയോടു പൊരുതി അതിനൊപ്പം സ്ഥാനം നേടുക എന്നതാണ്. സിനിമയിലെ ആണധികാരത്തില്‍ കൂടി പങ്കാളിയാകുക എന്നതാണത്. (മുകളിലേക്കു കയറി ഒപ്പമിരിക്കാനുള്ള വ്യഗ്രതയില്‍ തനിക്കു താഴെയുള്ളവരെ മുകളിലുള്ളവര്‍ക്കൊപ്പം ചേര്‍ന്നു അതേ നിലയില്‍ അധ:കൃതാവസ്ഥയില്‍ നിര്‍ത്തുക എന്നത് ചരിത്രത്തില്‍ നാം നിരന്തരം കാണുന്നുണ്ട്. ജാതിപീഡനത്തെ എതിര്‍ത്തവര്‍ തന്നെയാണ് സഹോദരന്‍ അയ്യപ്പന്‍ ദലിതുകള്‍ക്കൊപ്പം മിശ്രഭോജനം നടത്തിയപ്പോള്‍ അതിനെ തടയാനിറങ്ങിയതും അദ്ദേഹത്തെ ‘പുലയനയ്യപ്പന്‍’ എന്നാക്ഷേപിച്ചതും). താനെന്ന ആണിനെതിരെ നില്‍ക്കുന്ന മൂല്യങ്ങളെയാണ് അയാള്‍ അധിക്ഷേപിക്കുന്നത്. താരരാജാവും ഫാന്‍സുമെല്ലാം അതിന്റെ ചിഹ്നങ്ങളാണ്.

മലയാള സിനിമയില്‍ സ്ത്രീസുരക്ഷക്കായി ലൊക്കേഷനില്‍ നിയമസംവിധാനങ്ങള്‍ സ്ത്രീകളുടെ തന്നെ നിരന്തര മുറവിളിയാല്‍ കൊണ്ടുവരികയും എന്നിട്ടും, സിനിമാലോകത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അന്വേഷിക്കുന്ന ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇപ്പോഴും രഹസ്യമാക്കി വെയ്ക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് വിനായകന്‍, മീ ടൂ എന്നാല്‍ ഉഭയസമ്മതപ്രകാരമുള്ള ലൈം?ഗികവേഴ്ച എന്ന നിര്‍വ്വചനം അവതരിപ്പിക്കുന്നത്. ‘അവള്‍ എന്തിനു വഴങ്ങി? രണ്ടുകൈ ചേരാതെ ഒച്ച കേള്‍ക്കില്ല’ എന്നു ജഡ്ജിമാര്‍പോലും കുറ്റപ്പെടുത്തുന്ന അതേ ഭാഷയിലാണ് മീ ടൂ വിനെ വിനായകന്‍ നിര്‍വ്വചിച്ചത്. ഇത് മീ ടൂ മുവ്‌മെന്റിനെതിരെയുള്ള ആണ്‍ആധിപത്യത്തിന്റെ ആക്രോശമായിട്ടാണു കാണേണ്ടത്. ഇതേവരെ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ അലംഭാവത്തില്‍ നിന്നാണ് മീ ടൂ വിനെ ഇത്തരത്തില്‍ ചവിട്ടിക്കൂട്ടാനുള്ള ചങ്കൂറ്റമുണ്ടാകുന്നതും. ഭരണകൂടം പരുഷാധിപത്യപരമായതിന്റെ ഭിന്നഭിന്നങ്ങളായ തുടര്‍ച്ചയായി വേണം വിനായകനെയും മനസ്സിലാക്കാന്‍. കാരണം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വരുകയും അതനുസരിച്ചു നടപടികള്‍ എടുക്കുകയും ചെയ്തിരുന്നെങ്കില്‍, ഈ നടന്‍ ഇങ്ങനെ മീ ടൂ വിനെ അധിക്ഷേപിക്കില്ലായിരുന്നു. ആണ്‍ഭരണകൂടത്താല്‍ സമൂഹമാകെ ഉപ്പിലിട്ടപോലെ അലിഞ്ഞിരിക്കുന്നതിനാല്‍ എത്രയെളുപ്പത്തിലാണ് മീ ടൂ മാറി പകരം കണ്‍സെന്റ് എന്ന പദം ചര്‍ച്ചയാകുന്നത്!

യഥാര്‍ത്ഥത്തില്‍ വിനായകന്‍ ക്ഷമ പറയേണ്ടതു താന്‍ വിരല്‍ ചൂണ്ടിയ ഒരു പെണ്‍കുട്ടിയോടു മാത്രമല്ല, സിനിമാരം?ഗത്ത് വിവേചനം അനുഭവിച്ചതില്‍ നിന്നും ഉയിരെടുത്ത മീ ടൂ മൂവ്‌മെന്റിനോടും െൈലംഗികാധിനിവേശത്തിനു വിധേയരായ പെണ്‍സമൂഹത്തോട് ആകെയുമാണ്. ആ നടനില്‍ ആഹ്ലാദിക്കുന്ന, അംഗീകരിക്കുന്ന ആസ്വാദകലോകത്തിനു അദ്ദേഹം മൂലം വന്നു ചേര്‍ന്ന നാണക്കേടിലും അവരോടും ഖേദം അറിയിക്കണം. തന്നെയുമല്ല അത്യന്തം കപടസദാചാരത്തിലേക്കും സ്ത്രീവിരുദ്ധതയിലേക്കും കേരളത്തെ വലിച്ചിഴയ്ക്കുന്ന പാരമ്പര്യവാദികള്‍ക്കു അടിക്കാന്‍ വടി വെട്ടിക്കൊടുക്കുക കൂടിയാണ് വിനായകന്റെ വാക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ വിനായകനെ അധിക്ഷേപിച്ചുകൊണ്ടു വരുന്ന തെറിവിളികള്‍, സ്ത്രീസംരക്ഷണ പരുഷാധികാരികളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ സാഹചര്യമൊരുക്കി എന്നതിനു തെളിവാണ്. അങ്ങനെ പരോക്ഷമായി സ്ത്രീശരീരത്തിലേക്കുള്ള കടന്നുകയറ്റത്തില്‍ ഇരുകക്ഷികളും ഒറ്റക്കെട്ടായി മാറുന്നു. വിനായകന്‍ മീ ടൂ മൂവ്‌മെന്റിനെയും സ്ത്രീകളയെും അപമാനിച്ചു എന്നു കേസുകൊടുത്തിരിക്കുന്നത് ഒ.ബി.സി. മോര്‍ച്ചയാണെന്നറിയുന്നു. പെണ്‍ശരീരത്തിനു മേലുള്ള ആണ്‍വ്യവസ്ഥയുടെ രണ്ടു വിധത്തിലുള്ള അധികാരത്തെ -ഒന്ന് പ്രത്യക്ഷമായി പുരുഷന്മാരില്‍ നിന്നും അവളെ കാത്തുരക്ഷിക്കുന്നു എന്ന കാപട്യവും രണ്ടാമത് രഹസ്യമായി അവളില്‍ അധിനിവേശം നടത്തുന്നു എന്നതും-വ്യക്തമാക്കുന്നതായിരിക്കുന്നു വിനായകന്‍ സംഭവം.

‘ഞാന്‍ കലാകാരനല്ല, ജോലിക്കാരനാണ്, കൃത്യമായി ജോലി ചെയ്യുന്നു’ എന്നു വിനായകന്‍ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാല്‍ അയാള്‍ തന്നെ പറയുന്നു, കള്ളിമുണ്ടു വേഷങ്ങള്‍ മടുത്തു എന്നും. അപ്പോള്‍ പണത്തിനപ്പുറം തന്നെ പറ്റിയും സിനിമയെപ്പറ്റിയും മൂല്യബോധം ആ നടന്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. എന്നാല്‍ സിനിമയുടെ ആണ്‍ലോകത്ത് താന്‍ കൂലി കുറഞ്ഞ തുച്ഛവേഷക്കാരനാകാന്‍ തയ്യാറല്ല എന്ന നിഷേധമാണ് അതിന്റെ അന്തര്‍ധാര. ഈ നിഷേധത്തിന്റെ വലയത്തിലേക്കു തന്നെപ്പോലെ തന്നെ അധമാവസ്ഥയില്‍ തളയ്ക്കപ്പെട്ടിരിക്കുന്ന തന്റെ തൊഴിലിടത്തിലെ പെണ്‍സമൂഹത്തെ കൂടി ഉള്‍പ്പെടുത്തുക എന്നതാണ് സാമൂഹ്യവിമര്‍ശനബുദ്ധി സൂക്ഷിക്കുന്ന കലാകാരനെന്ന നിലയിലും ദലിത് വ്യക്തി എന്ന നിലയിലും വിനായകന്റെ ഉത്തരവാദിത്വം. ആണ്‍വ്യവസ്ഥയ്ക്കു വേണ്ടി ആജീവനാന്തം കള്ളിമുണ്ടില്‍ നിര്‍ത്തപ്പെട്ടവരും കൂലിക്കതീതമായ വേല ചെയ്യുന്നവരുമാണ് പെണ്‍സമൂഹം. ആണ്‍അധികാരവ്യവസ്ഥയിലെ ദലിതുകളാണവര്‍. അതുകൊണ്ട് ചരിത്രപരമായ മര്‍ദ്ദിതാവസ്ഥയുടെ സഹനവും ഭാരവും അമര്‍ഷവും ശരീരത്തില്‍ എരിയുന്ന വിനായകന് അവരോട് ഐക്യപ്പെടാന്‍ മറ്റാരെക്കാളും സാധ്യമാണ്. നിങ്ങളുടെ നിര്‍ഭയദൃഷ്ടിയും ശരീരഭാഷയും ആത്മവിശ്വാസവും, ഒറ്റക്കൈകൊണ്ട് തയ്യല്‍ മെഷിന്‍ എടുത്തു തോളത്തിട്ടുകൊണ്ടുള്ള ഉറച്ച കാല്‍വെയ്പുകളും ചരിത്രത്തില്‍ ദലിത് അവസ്ഥക്കു വിധേയരായി നിശ്ശബ്ദരാക്കപ്പെടുന്ന പെണ്‍സമൂഹത്തിനുള്ള സഹഭാവമായി മാറട്ടെ. അതാണ് വിനായകന്‍ എന്ന വ്യക്തിയെയും കലാകാരനെയും ആണ്‍ഭരണലോകത്തുനിന്നും മോചിപ്പിക്കുന്നതിനുള്ള വഴി. അതിന് ധൈര്യത്തോടൊപ്പം വിനായകന്‍ അറിവും ആര്‍ജ്ജിക്കേണ്ടതുണ്ട്. നാരായണഗുരുവും അംബേദ്ക്കറുമെല്ലാം ധൈര്യമാര്‍ജ്ജിച്ചതും വിട്ടുവീഴ്ചയില്ലാതെ കലഹിച്ചതും ചരിത്രത്തെപ്പറ്റി ആഴത്തില്‍ കരസ്ഥമാക്കിയ അറിവുകൊണ്ടാണ്. ‘വിദ്യകൊണ്ടു പ്രബുദ്ധരാകുക’ എന്നാല്‍ പാഠപുസ്തകങ്ങളും സമകാലികലോകവും അതിനെ താങ്ങുന്ന ഭരണകൂടവും ഉല്പാ?ദിപ്പിച്ചു വിതരണം ചെയ്യുന്ന സാമ്പ്രദായിക ബോധത്തെ ചോദ്യംചെയ്യുന്ന അറിവെന്നാണ്.

താന്റെ ബാല്യകൗമാരങ്ങളില്‍ തനിക്കു നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ സമൂഹമധ്യത്തില്‍ തുറന്നു പറഞ്ഞുകൊണ്ട് അമേരിക്കയിലെ കറുത്തവര്‍ഗക്കാരിയായ തരാന ബക് (Tarana Burke) എന്ന ദരിദ്രപെണ്ണ് നടത്തിയ ഒറ്റയാള്‍ സമരമാണ് ‘മീ ടൂ’ എന്ന പേരില്‍ ലോകമാകെ വ്യാപിച്ചതും തുടര്‍ന്നു പെണ്‍സുരക്ഷക്കായുള്ള പുതിയ നിയമനിര്‍മ്മാണങ്ങളിലേക്കു പല ആണ്‍ഭരണകൂട രാഷ്ട്രങ്ങളെയും ഉണര്‍ത്തിയതും. വിനായകന്റെ അതേ ചങ്കൂറ്റം ചരിത്രപരമായ പീഡനങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുക്കാനായതുകൊണ്ടാണ് ആണധികാരത്തിന്റെ അടപ്പു തെറിപ്പിക്കുന്ന പരസ്യപ്പെടുത്തലിലേക്കു ആ കറുത്ത വനിതയ്ക്കു ഉയരാനായത്. ഇവിടെയാകട്ടെ, മീ ടൂ പ്രത്യക്ഷപ്പെട്ടത് സാഹചര്യങ്ങളാല്‍ അവകാശബോധവും ബലവും വന്നുചേര്‍ന്ന സിനിമാരംഗത്തെ പെണ്ണുങ്ങളിലാണെന്നു മാത്രം. എന്നാല്‍ ഈ മുകള്‍ത്തട്ടില്‍ നിന്നും ഇത് താമസംവിനാ സമൂഹത്തിലാകെ ലിം?ഗവിവേചനത്തെപ്പറ്റി അവബോധമുണ്ടാക്കുന്നതും അടിത്തട്ടിലെ സ്ത്രീകളെ കൂടി ആത്മബോധമുള്ളവരാക്കി മാറ്റുന്നതുമാണ്. അതിനാല്‍ ജന്മംകൊണ്ടു സമാനലോക ദുരിതങ്ങളില്‍ എത്തപ്പെട്ട മീ ടൂ പ്രസ്ഥാന നായിക തരാന ബകിനോടും വിനായകന്‍ തന്റെ ക്ഷമാപണം നടത്തണം.

പ്രശ്‌നം കപടസദാചാരത്തിന്റേത് – ഹരികുമാര്‍

ഒരുത്തി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുനടന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് നടന്‍ വിനായകന്റെ വിവാദപരാമര്‍ശമുയര്‍ത്തിയ കോലാഹലങ്ങള്‍ സമാപിച്ചിട്ടില്ല. സംഭവത്തില്‍ വിനായകനും നവ്യാനായരും ഖേദം പ്രകടിപ്പിച്ചെങ്കിലും അതുയര്‍ത്തിയ പല ചോദ്യങ്ങളും മലയാളിയുടെ പ്രബുദ്ധമെന്നഹങ്കരിക്കുന്ന അവബോധത്തിനു നേരെ തന്നെയാണ്. വിനായകനു അനുകൂലമായും പ്രതികൂലമായും വാദഗതികള്‍ ഉയരുമ്പോള്‍ തന്നെ ഈ ചോദ്യങ്ങളോട് പ്രതികരിക്കാതെ നമ്മുടെ സാമൂഹ്യജീവിതത്തിനു മുന്നോട്ടുപോകാനാവില്ല.

ലൈംഗികതയോടുള്ള ശരാശരി മലയളിയുടെ നിലപാടുകള്‍ പരിശോധിക്കാതെ ഈ വിഷയത്തെ കുറിച്ച് അഭിപ്രായം പറയുന്നത് അപൂര്‍ണ്ണമായിരിക്കും. പല വിഷയങ്ങളിലും വളരെ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്നവരാണല്ലോ മലയാളികള്‍. എന്നാല്‍ ലൈംഗികതയുടെ വിഷയത്തില്‍ ലോകത്തുതന്നെ വളരെ പുറകിലാണ് നമ്മള്‍. ഒരുപക്ഷെ ഏറ്റവും പുതിയ തലമുറയെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയാരും ആണും പെണ്ണും ലിംഗഭേദമില്ലാതെ ഇടപഴുകുന്നത് സഹിക്കാവുന്നവരല്ല. ഒരു വശത്ത് അത്രമാത്രം വലിയ സദാചാരപോലീസാണ് നാം. മറുവശത്തോ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നതും ഇവിടെ തന്നെ. ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ 85 വയസുള്ള മുത്തശ്ശയെ വരെ പീഡിപ്പിക്കപ്പെടുന്നു. ഇതുരണ്ടും പരസ്പര ബന്ധിതമാണെന്നതാണ് നമ്മള്‍ മനസ്സിലാക്കാത്തത്. സ്വന്തം വീട്ടിടങ്ങളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും പൊതുയിടങ്ങളിലും യാത്രാവേളകളിലുമെല്ലാം പീഡനങ്ങള്‍ അരങ്ങേറുന്നു. രാഷ്ട്രീയനേതാക്കളും നടന്മാരും അധ്യാപകരും അടുത്ത ബന്ധുക്കളുമടക്കം പീഡനങ്ങളില്‍ പ്രതികളാകുന്നു. പെണ്‍വാണിഭം എന്ന പദംതന്നെ നമ്മുടെ സംഭാവനയാണല്ലോ. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പൊതുവഴികള്‍ പോലും അല്‍പ്പം ഇരുട്ടായാല്‍ സ്ത്രീക്ക് നിഷേധിക്കുന്നു. ഏതാനും ദശകങ്ങള്‍ക്കുമുമ്പുവരെ പൊതുവിലുള്ള ചിത്രം ഇതായിരുന്നില്ല. സെക്‌സിനെ പാപമായി കണ്ടിരുന്ന തലമുറകളായിരുന്നില്ല ഇവിടെ ഉണ്ടായിരുന്നത്. മിഷണറി വിദ്യാഭ്യാസത്തോടെയാണ് ആ ചിന്താരീതി വ്യാപകമാകുന്നത്. അതിന്റെ ഭാഗമായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍ എന്ന പരിഷ്‌കൃതസമൂഹത്തിന് യോജിക്കാത്ത വിദ്യാഭ്യാസം തന്നെ ഇവിടെ വ്യാപകമായത്. ഇന്നും അതിന് അറുതി വരുത്തിയിട്ടില്ല എന്നതാണ് ഖേദകരം. പാഠ്യപദ്ധതിയില്‍ സെക്സ് പഠനം ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിട്ടും അതിനുള്ള ശ്രമം കാണുന്നില്ല.

മറ്റു പലവിഷയങ്ങളിലും സജീവമായി ഇടപെട്ട ദേശീയപ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനവും ഫെമിനിസ്റ്റു പ്രസ്ഥാനവും വരെ ഇടപെടാതിരുന്ന ഒരു വിഷയമാണ് ലൈംഗികതയോടുള്ള നിലപാട്. എന്തിനേറെ, ലൈംഗികതയുമായി ബന്ധപ്പെടുത്തിയാല്‍ – അത് ഉഭയസമ്മതപ്രകാരമാണെങ്കിലും – ഒരാളുടെ സാമൂഹ്യജീവിതവും വ്യക്തിജീവിതവും തകര്‍ക്കാവുന്ന സാഹചര്യമാണല്ലോ ഇപ്പോഴും നിലനില്‍ക്കുന്നത്. സദാചാരപോലീസിന്റെ അതിക്രമങ്ങള്‍ക്ക് വിധേയരായവരില്‍ രാഷ്ട്രീയനേതാക്കളും ഉണ്ടല്ലോ. സോളാര്‍ കേസിനേയും എങ്ങനെയാണ് നമ്മള്‍ കൈകാര്യം ചെയ്തതെന്നതും മറക്കാറായിട്ടില്ലല്ലോ. അതോടൊപ്പം തന്നെ ലൈംഗികതയിലുള്ള സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശത്തെയാണ് കൂടുതല്‍ തടയുക എന്നതും വ്യക്തമാണ്. പുരുഷാധിപത്യസമൂഹത്തില്‍ അതും സ്വാഭാവികം, ലൈംഗികന്യൂനപക്ഷങ്ങളുടേയും മറ്റും ദുരിതങ്ങള്‍ ഏറ്റവും കൂടിയ പ്രദേശവും മറ്റൊന്നല്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തിലാണ് വിനായകന്റെ വിഷയവും പരിശോധിക്കേണ്ടത്. മുമ്പൊരിക്കല്‍ പൊതുപരിപാടിക്കു ക്ഷണിച്ച സ്ത്രീയോട് വിനായകന്‍ സംസാരിച്ച രീതി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നല്ലോ. തീര്‍ച്ചയായും വളരെ മോശമായ രീതിയിലായിരുന്നു അന്ന് വിനായകന്റെ വാക്കുകള്‍. അതിനാല്‍ തന്നെ ഇപ്പോഴത്തെ സംഭവത്തേയും അതിന്റെ തുടര്‍ച്ചയായി കാണുന്നവരെ കുറ്റപ്പെടുത്താനാവില്ല. വിനായകന്റെ ശരീരഭാഷയും സംസാരരീതിയുമൊന്നും മലയാളിയുടെ പൊതുബോധത്തിനു പുറത്തുമാണല്ലോ. ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിയുള്ള ചോദ്യം കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. അതിനെല്ലാം വിനായകന്‍ മാപ്പു പറയുകയും ചെയ്തു.

അതേസമയം വിനായകന്‍ പറഞ്ഞ വിഷയത്തിലെ കേന്ദ്രവിഷയം ലൈംഗികതക്കുള്ള കണ്‍സെന്റ് ചോദിക്കുന്നതായിരുന്നു. അതൊരു ഗൗരവപരമായ വിഷയവുമാണ്. മാന്യമായ രീതിയില്‍ ഒരാള്‍ക്ക് മറ്റൊരാളോട് ലൈംഗികത ആവശ്യപ്പെടാമോ എന്നതുതന്നെയാണ് ചോദ്യം. പ്രലോഭനത്തിന്റേയോ ഭീഷണിയുടേയോ അധികാരത്തിന്റേയോ ഘടകങ്ങളൊന്നുമില്ലെങ്കില്‍ അതിനുള്ള അവകാശം ഉണ്ടെന്നു തന്നെയാണ് ഒരു പരിഷ്‌കൃതസമൂഹത്തിനു പറയാനാകുക. തീര്‍ച്ചയായും അതു സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അവകാശം അതിലെ രണ്ടാമത്തെ വ്യക്തിക്കുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ മിക്കവാറും ചോദിക്കുന്നയാള്‍ പുരുഷനും കേള്‍ക്കുന്നയാള്‍ സ്ത്രീയുമാകുമെന്നതില്‍ സംശയമില്ല. കേള്‍ക്കുന്നയാള്‍ അത് നിരാകരിക്കുകയാണെങ്കില്‍ അവിടെയത് അവസാനിക്കണം. ഇത്തരത്തില്‍ 10 സ്ത്രീകളുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിനായകന്‍ പറഞ്ഞത്. അതാകട്ടെ പലവട്ടം ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറിയശേഷം മാധ്യമപ്രവര്‍ത്തകരുടെ നിരന്തരചോദ്യങ്ങള്‍ക്ക മററുപടിയെന്ന നിലയില്‍. ആ ഉത്തരത്തെ ന്യായീകരിക്കാനായിട്ടായിരുന്നു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി ഒരുദാഹരണം പോലെ വിനായകന്‍ വിശദീകരിച്ചത്. ഇത്രമാത്രം ആക്ഷേപിക്കപ്പെടാന്‍ മാത്രമുള്ള പാതകമാണോ വിനായകന്‍ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതേസമയം ലോകമാകെ കോളിളക്കമുണ്ടാക്കിയ മി ടൂ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ വിനായകന്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

തീര്‍ച്ചയായും ഈ വിഷയത്തിലെ മറ്റുഘടകങ്ങള്‍ പരിശോധിക്കാതെ വയ്യ. ലിംഗപരമായ പീഡനങ്ങളുമായി ഒരുപാട് സാമ്യമുള്ളവ തന്നെയാണ് ജാതീയവും വംശീയവും വര്‍ണപരവുമായ പീഡനങ്ങള്‍. വിനായകനുനേരെ നടന്ന സൈബര്‍ അക്രമങ്ങളില്‍ വലിയൊരു ഭാഗവും അതിന്റെ പ്രതിഫലനങ്ങളായിരുന്നു എന്നതില്‍ സംശയമില്ല. സമാനമായ പരാമര്‍ശങ്ങള്‍ മറ്റുപലരില്‍ നിന്നുണ്ടായിട്ടും ഇത്തരത്തിലുള്ള പ്രതികരണമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്ന ചോദ്യവും പ്രസക്തമാണ്. അതേസമയം പ്രബുദ്ധരെന്നു വിശ്വസിക്കപ്പെടുന്ന പലരുടേയും പ്രതികരണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ലൈംഗികതയെന്നാല്‍ മഹാപാപമാണെന്നു തന്നെയാണവര്‍ വിശ്വസിക്കുന്നതെന്നു അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. മാത്രമല്ല എത്രമാത്രം കപടമായ സദാചാരബോധത്തെ ആന്തരികവല്‍ക്കരിച്ചാണ് അവര്‍ പ്രബുദ്ധരെന്ന മുഖം മൂടി നിലനിര്‍ത്തുന്നതെന്നും. വിവാഹേതരലൈംഗികബന്ധങ്ങളെല്ലാം തെറ്റാണെന്നു തന്നെയാണ് ഇവര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്. അതിനേക്കാള്‍ അപകടകരമാണ് സ്ത്രീകള്‍ സ്വന്തമായി വിവേചനബോധവും സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവും ഉള്ളവരല്ലെന്നും പുരുഷനോട് തലയുയര്‍ത്തി നിന്ന് തീരുമാനം പറയാന്‍ കഴിവില്ലാത്തവരാണെന്നും അവരെന്നും ഇരകളാണെന്നുമുള്ള ഇവരുടെ ബോധവും. മാത്രമല്ല പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹമാണെന്ന അംഗീകരിക്കുമ്പോഴും അതിനുള്ളിലും തുല്ല്യതയിലൂന്നിയ സ്ത്രീ – പുരുഷ ബന്ധങ്ങള്‍ സാധ്യമാണെന്നും അത് സമത്വത്തിലൂന്നിയ സമൂഹസൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമാണെന്നും ഇവര്‍ മറക്കുന്നു. അതിനേക്കാള്‍ അപകടകരം ശാരീരിക ബന്ധത്തിലൂടെ സ്ത്രീകള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന കാലഹരണപ്പെട്ട ആശയമാണ് വീണ്ടുമിവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ്. നിലനില്‍ക്കുന്ന നിയമസംവിധാനത്തില്‍ പോലും പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സമ്മതത്തോടെ ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല എന്നു പറയുന്നുണ്ടെന്നതുപോലും വിസ്മരിച്ചാണ് വിനായകനുനേരെ ഇവര്‍ അക്രമണം നടത്തുന്നത്. അങ്ങനെയൊന്നു നടക്കില്ലെന്നും നടക്കുന്നതെല്ലാം ബലാല്‍സംഗമാണെന്നുമാണ് ഇവര്‍ പറഞ്ഞുവെക്കുന്നതെന്നു പറയാതിരിക്കാനാവില്ല. പുരുഷന്‍ ഉപയോഗിക്കുന്നവനും സ്ത്രീ ഉപയോഗിക്കപ്പെടുന്നവളുമെന്ന പൊതുബോധം തന്നെയാണ് നേരെ വിപരീതമെന്നു തോന്നുന്ന വ്യാഖ്യാനത്തിലൂടെ ഇവരും സമര്‍ത്ഥിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ തന്നെ ശക്തമായ കപട സദാചാര പോലീസിങ്ങിനെ ശക്തിപ്പെടുത്താനെ ഈ വാദഗതികള്‍ സഹായിക്കൂ. എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply