ഊരാളുങ്കല്‍ – മിത്തും യാഥാര്‍ത്ഥ്യവും
വാഗ്ഭടാനന്ദന്‍ ഒരു കാലത്തും ഒരു സഹകരണ കോര്‍പ്പറേറ്റ് ഉടമയായി സ്വയം അവരോധിക്കാനല്ല ഈ സൊസൈറ്റി ആരംഭിച്ചത്. കേരളത്തിലെമ്പാടും നടന്ന ജാത്യാനാചാരങ്ങള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായാണ് വാഗ്ഭടാനന്ദന്‍ ഈ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആരംഭിക്കുന്നത്. തിരുവിതാംകൂറിലും മലബാറിലുമടക്കം ഇത്തരം ജാത്യാനാചരങ്ങള്‍ക്കും അനീതിക്കുമെതിരെ സൊസൈറ്റി രൂപീകരണത്തിനു ശേഷവും അദ്ദേഹം പോരാടിക്കൊണ്ടിരുന്നിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.
കേരളത്തിലെ ഏറ്റവും മൂലധനാടിത്തറയുള്ള സഹകരണ സ്ഥാപനം എന്നു വിശേഷിപ്പിക്കാവുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പിണറായി വിജയന്‍ പ്രകാശനം ചെയ്ത കേരള ഗ്രന്ഥശാലാ സഹകരണ സംഘം പ്രകാശനം ചെയ്ത മനോജ് കെ പുതിയ വിളയുടെ ഊരാളുങ്കല്‍ കഥകളും കാര്യങ്ങളും എന്ന പുസ്തകം കാണാനിടയായി. 209 പേജുകളും 29 അധ്യായങ്ങളുമുള്ള പുസ്തകം വായിച്ചാല്‍ നമുക്ക് മനസ്സിലാവുക സാമൂഹ്യ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഒരു പ്രസ്ഥാനം അതില്ലാത്ത കോര്‍പ്പറേറ്റ് കൊള്ളയുടെ രാഷ്ട്രീയത്താല്‍ നയിക്കപ്പെടുമ്പോള്‍ അതിന്റെ തിളക്കമെന്നത് സാമൂഹ്യസേവനത്തിന്റെ ബഹുവര്‍ണ്ണങ്ങള്‍ക്കു പകരം കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന നിയോണ്‍ വെളിച്ചം മാത്രമായിരിക്കും എന്നതാണ്.
സൊസൈറ്റിയുടെ ഉദ്ഭവത്തെപ്പറ്റി പ്രതിപാദിക്കുന്ന അധ്യായങ്ങളിലൊന്നില്‍ (നവോത്ഥാനത്തിന്റെ ആത്മബോധം) വാഗ്ഭടാനന്ദന്റെ സാമ്പത്തിക വീക്ഷണം (‘നാലണ സൂക്ഷിക്കുന്നവന്‍ മറ്റൊരാളെ പട്ടിണി കിടത്തുന്നു. അനവധി ധനം സൂക്ഷിക്കുന്നവന്‍ അനവധി ജനങ്ങളെ പട്ടിണി കിടത്തുന്നു. അങ്ങനെ മനുഷ്യരുടെ പൊതുവായ ആവശ്യത്തിനുള്ള ധനം സ്വന്തമായി കൂട്ടി വെക്കുവാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല, അവകാശമില്ല . പ്രകൃതി ദേവത മനുഷ്യന് അത്യന്താപേക്ഷിതമായ വായുവും വെളിച്ചവും വെള്ളവും ഇവിടെ തുല്യാവകാശത്തോടു കൂടിയാണ് നല്‍കിയിരിക്കുന്നത്’) ഉദ്ധരിച്ചു കൊണ്ടു ഈ സാമ്പത്തിക ദര്‍ശനത്തിന്റെ പ്രായോഗിക വിജയമാണ് ഊരാളുങ്കല്‍ തൊഴില്‍ക്കരാര്‍ സംഘം എന്നു വിലയിരുത്തുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു പക്ഷേ ഈ തൊഴില്‍ക്കരാര്‍ സംഘം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായി മാറിത്തീരുമ്പോഴേക്കും മൂലധന സമാഹരണത്തിന്റെ ഒരു വലിയ സ്രോതസ്സായി മാറിത്തീരുകയായിരുന്നു എന്ന് പറയാതെ പറയുന്നുണ്ട് ഈ പുസ്തകം.
വാഗ്ഭടാനന്ദന്റെ വിയോഗത്തിനു ശേഷം ഏതാണ്ട് 1960 കള്‍ ആകുമ്പോഴേക്ക് തന്നെ സൊസൈറ്റി അതിന്റെ നവോത്ഥാന മൂല്യങ്ങളില്‍ നിന്നും സാമൂഹ്യപ്രതിബദ്ധതയില്‍ നിന്നും പുറകോട്ടു പോയതായി ഈ പുസ്തകത്തില്‍ അറിയാതെ പറഞ്ഞു പോകുന്നുണ്ട് മനോജ്. കാല്‍ രൂപ വച്ച് ഓരോ ദിവസം സമാഹരിച്ച് വച്ച് മെമ്പര്‍ഷിപ്പെടുക്കാന്‍ ശ്രമിച്ച എട്ടു സ്ത്രീകള്‍ക്ക് സ്ത്രീ ആയതിന്റെ പേരില്‍ മെമ്പര്‍ഷിപ്പ് നിഷേധിക്കപ്പെട്ട കഥ . പുസ്തകം പറയുന്നത് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാകേണ്ടി വന്നു എട്ടു സ്ത്രീകള്‍ക്ക് സൊസൈറ്റിയില്‍ മെമ്പര്‍ഷിപ്പ് അനുവദിച്ചു കിട്ടാന്‍. ആ നാട്ടിലെ മഹിളാ പ്രസിഡന്റായിരുന്ന മാതുവമ്മയുടെ ഇടപെടലും വേണ്ടി വന്നു ഇത്തരം ഒരു തീരുമാനമെടുക്കാന്‍. തുടര്‍ന്ന് ഈ പുസ്തകം വായിക്കുമ്പോള്‍ ആധുനിക ULCC യുടെ അപാര നിര്‍മ്മാണ നിര്‍മ്മിതികളുടെ താളുകള്‍., ദേശീയപാതാ നിര്‍മ്മാണം, G20 നിര്‍മാണം, പാലങ്ങള്‍, മതിലുകള്‍, കലുങ്കുകള്‍ … ഒരു വേള നമ്മള്‍ L & T കണ്‍സ്ട്രക്ഷന്റെയോ KK ബില്‍ഡേഴ്‌സിന്റെയോ വാര്‍ഷിക റിപ്പോര്‍ട്ടാണോ വായിക്കുന്നത് എന്ന് തോന്നിപ്പോകും .
2011 മെയ് 19നു പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ശീര്‍ഷകം സ്വര്‍ഗത്തിന്റെ മോഡല്‍ തരൂ, ഞങ്ങള്‍ പണിയാം എന്ന സാങ്കേതിക മികവിന്റെ ULCC യെ ആണ് ഓര്‍മ്മിപ്പിച്ചത്. ഈ ശതാബ്ദി വര്‍ഷത്തില്‍ പോലും അതിന്റെ രൂപീകരണ കാലത്തെ സാമൂഹ്യ ഉത്തരവാദിത്വം എന്ന മഹത്തായ കടമയെ മറച്ചു വച്ച് ആധുനിക സാങ്കേതിക വികാസത്തിന്റെ ലാഭലക്ഷ്യങ്ങളിലെ വിജയം മാത്രം ഉയര്‍ത്തിക്കാട്ടുക വഴി സംഘം അതിന്റെ സ്ഥാപിത ലക്ഷ്യത്തില്‍ നിന്ന് എത്ര മാത്രം വഴി മാറി നടന്നു എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച മഹത്തായ സ്ഥാപനം എന്ന വാദമുയര്‍ത്തിയാണ് കേരളം ഭരിക്കുന്നവര്‍ ഊരാളുങ്കലിനെതിരായ പല ആരോപണങ്ങളെയും പ്രാഥമികമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഡോ: തോമസ് ഐസക്കിന്റെയും കെ.ടി കുഞ്ഞിക്കണ്ണന്റെയും മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ച 207 പേജുള്ള മുന്നേറ്റം എന്ന പുസ്തകം വായിച്ചാല്‍ അതില്‍ തികച്ചും ഒരു പേജു തികക്കാന്‍ പോലുമുള്ള സാമൂഹ്യ ക്ഷേമ പദ്ധതികള്‍ സൊസൈറ്റിയുടെ വര്‍ത്തമാന കാല ഇടപെടലുകളിലൂടെ നടന്നിട്ടില്ല എന്ന് മനസ്സിലാവും.
വാഗ്ഭടാനന്ദന്റെ പ്രതിരോധമുയര്‍ത്തി ഊരാളുങ്കല്‍ സൊസൈറ്റിയുടെ വര്‍ത്തമാനത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍ വാഗ്ഭടാനന്ദന്‍ ആരായിരുന്ന, ഏത് സാഹചര്യത്തിലായിരുന്നു ഈ സൊസൈറ്റി രൂപീകരണത്തിന് വാഗ്ഭടാനന്ദന്‍ പ്രേരിപ്പിക്കപ്പെട്ടത്, വാഗ്ഭടാനന്ദന്റെ അതേ ഉദ്ദേശലക്ഷ്യത്തിലൂടെയാണോ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഇന്ന് പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിച്ചേ മതിയാവൂ. വാഗ്ഭടാനന്ദന്‍ ഒരു കാലത്തും ഒരു സഹകരണ കോര്‍പ്പറേറ്റ് ഉടമയായി സ്വയം അവരോധിക്കാനല്ല ഈ സൊസൈറ്റി ആരംഭിച്ചത്. കേരളത്തിലെമ്പാടും നടന്ന ജാത്യാനാചാരങ്ങള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായാണ് വാഗ്ഭടാനന്ദന്‍ ഈ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആരംഭിക്കുന്നത്. തിരുവിതാംകൂറിലും മലബാറിലുമടക്കം ഇത്തരം ജാത്യാനാചരങ്ങള്‍ക്കും അനീതിക്കുമെതിരെ സൊസൈറ്റി രൂപീകരണത്തിനു ശേഷവും അദ്ദേഹം പോരാടിക്കൊണ്ടിരുന്നിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.
കേരളത്തിലെ 32 ബ്രാഹ്മണഗ്രാമങ്ങളില്‍ തിരിച്ചറിയാനിരിക്കുന്ന ഒരു ബ്രാഹ്മണ ഗ്രാമം കാരക്കാടാണ് (ULCC യുടെ ആസ്ഥാനം) എന്ന് അനുമാനിക്കാവുന്ന ചരിത്രത്തെളിവുകള്‍ ലഭ്യമാണ് എന്ന് ULCC പുറത്തിറക്കിയ മുന്നേറ്റം എന്ന പുസ്തകത്തില്‍ സൂചനയുണ്ട്. അതുകൊണ്ടു തന്നെ ജാതിവിവേചനത്തിന്റെ കാര്യത്തില്‍ ഈ പ്രദേശം പരിസരദേശങ്ങളില്‍ നിന്നും സമാനതകളില്ലാത്ത വിധം വ്യത്യസ്തവുമായിരിക്കാം . ഈ കടുത്ത ജാത്യാസമത്വം നിലനിന്നിരുന്ന പ്രദേശത്ത് ടിപ്പുസുല്‍ത്താനു ശേഷം സാമൂഹ്യ ജീവിതത്തില്‍ പരിവര്‍ത്തനമുണ്ടാക്കിയത് ബ്രിട്ടീഷുകാരാണ് . അതിന്റെ തുടര്‍ച്ചയായി വേണം വാഗ്ഭടാനന്ദന്റെ ശിഷ്യന്മാര്‍ കൂലിവേലക്കാരുടെ സഹകരണ സംഘം എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് എന്നതാണ് ചരിത്രം.
1800 കളുടെ അവസാന പാദത്തില്‍ ഈ പ്രദേശത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച നെയ്ത്തുശാലയും പിന്നീട് 1872 ല്‍ മിഷനറിമാരുടെ നേതൃത്വത്തില്‍ ചോമ്പാലയിലെ പാതിരിക്കുന്നില്‍ അനാഥശാല പണിത് ജാതി – മത ഭേദമന്യേ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയതും ആ പ്രദേശത്തിന്റെ സാമൂഹ്യ പുരോഗതിയെ നിര്‍ണായകമായി സ്വാധീനിച്ച ഘടകങ്ങളായിരുന്നു . ഇതിന്റെ തുടര്‍ച്ചയായുള്ള സാമൂഹ്യ നേട്ടം ലക്ഷ്യം വച്ചു തന്നെയാണ് ഉല്‍പതിഷ്ണുക്കളായ 11 പിന്നോക്ക ഹിന്ദു വിഭാഗത്തിലെ യുവാക്കളെ ഐക്യപ്പെടുത്തി വാഗ്ഭടാനന്ദന്‍ ULCC യുടെ പ്രാഥമിക രൂപമായ ഊരാളുങ്കല്‍ പ്രവൃത്തിക്കാരുടെ ഐക്യ സംഘം (ക്ലിപ്തം) എന്ന പേരില്‍ ആരംഭിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ വര്‍ത്തമാനകാലത്ത് അതിന്റെ പ്രാരംഭ കാലത്തെ സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ കയ്യൊഴിഞ്ഞ് ഇന്ത്യയിലെ സുപ്രീം കോടതിയെക്കൊണ്ടു പോലും 300 % അധികക്കൊള്ള നടത്തുന്ന (കൊള്ള) സംഘം എന്ന വിളിപ്പേരിലേക്ക് എത്തിച്ചു നിര്‍ത്തിയിരിക്കുന്നു എന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് .
1936 ല്‍ ഫറോക്കിലെ ഓട് ഫാക്ടറിയില്‍ ഒരു ഹരിജന്‍ തൊഴിലാളിയെ ഫാക്ടറിയുടമ തെങ്ങോട് പിടിച്ചുകെട്ടി മര്‍ദിച്ചു കൊന്നതിനെതിരെ വാഗ്ഭടാനന്ദന്‍ നടത്തിയ ഇടപെടലുകള്‍, ഈ അക്രമത്തിനെതിരെ 10 ദിവസത്തെ നിരാഹാര സമരം നടത്തിയ കമ്യൂണിസ്റ്റ് നേതാവ് കെ.പി ഗോപാലന്‍ ഓര്‍മ്മിക്കുന്നതിങ്ങനെയാണ് – ‘ഫറോക്കിനെ പ്രകമ്പനം കൊള്ളിച്ച ഒരു സംഭവമായിരുന്നു അത്. നിരാഹാരവ്രതത്തെ അനുകൂലിച്ചും തൊഴിലാളികളുടെ അവകാശത്തെ പിന്താങ്ങിയും വാഗ്ഭടാനന്ദ ഗുരുദേവന്‍ അന്ന് ഫറോക്കില്‍ വച്ച് നടത്തിയ ഉജ്വല പ്രസംഗങ്ങള്‍ ഞാന്‍ ഇന്നും ഓര്‍ക്കുകയാണ്. അദ്ദേഹം നല്‍കിയ നാരങ്ങാ നീര്‍ കുടിച്ചാണ് ഞാന്‍ ഉപവാസം അവസാനിപ്പിച്ചത് ‘ – വാഗ്ഭടാനന്ദനെ സംബന്ധിച്ചിടത്തോളം ഇത്തരം സാമൂഹ്യ ഇടപെടലുകളുടെ ഭാഗവും തുടര്‍ച്ചയും തന്നെയായിരുന്നു സൊസൈറ്റി പ്രവര്‍ത്തനവും നിര്‍ഭാഗ്യവശാല്‍ ഇന്ന് തീവെട്ടിക്കൊള്ളയുടെ പ്രത്യയശാസ്ത്രമാണ് ആധുനിക ULCC യെ നയിക്കുന്നത് എന്നതാണ് സങ്കടകരം.
കോര്‍പ്പറേറ്റ് കൊള്ളയുടെ സമവാക്യം തന്നെയാണ് ULCC യെ ഇന്ന് നയിക്കുന്നത് എന്നതിന് എത്രയേറെ തെളിവുകളും നിത്യേന നമ്മളറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഏറ്റവും തീവ്രമായ കോര്‍പ്പറേറ്റ് കൊള്ളയുടെ രീതിശാസ്ത്രം പിന്തുടരുന്നതുകൊണ്ട് മാത്രമാണ് ULCC ക്ക് അവരുടെ കോര്‍പ്പറേറ്റ് ഓഫീസിനു മുന്നിലൂടെ പോകുന്ന ദേശീയ പാത അഴിയൂര്‍ റീച്ചിന്റെ ടെന്റര്‍ നഷ്ടപ്പെട്ടു പോയത്. വളരെ പരിഹാസ്യമായ കാര്യം ഈ ജാള്യത മറക്കാന്‍ മനോജ് കെ പുതിയവിള ഊരാളുങ്കല്‍ കഥകളും കാര്യങ്ങളും എന്ന പുസ്തകത്തിലൂടെ നടത്തുന്ന കസര്‍ത്തുകളാണ്. ഈ ടെന്ററിനു ശേഷം സൊസൈറ്റി നേടിയെടുത്ത NH 66 ലെ 39 കി.മീ തലപ്പാടി റീച്ചിന്റെ പേരില്‍ നടത്തുന്ന പ്രശംസ സത്യം പറഞ്ഞാല്‍ അറപ്പുളവാക്കുന്നതാണ്. അദാനി ഗ്രൂപ്പ്, ഹൈദരാബാദിലെ മേഘ ഗ്രൂപ്പ് , KNR ഗ്രൂപ്പ് തുടങ്ങിയ വമ്പന്‍ കമ്പനികളോട് മത്സരിച്ചാണ് ഊരാളുങ്കല്‍ ഈ ടെന്റര്‍ കരസ്ഥമാക്കിയത് എന്ന് പറഞ്ഞിടത്ത് എഴുത്തു നിര്‍ത്തിയിരുന്നെങ്കില്‍ മിതത്വമാകുമായിരുന്നു. തുടര്‍ന്നദ്ദേഹം പറയുന്നതു കേള്‍ക്കുമ്പോള്‍ ഇത്രയധികം സ്തുതിപാഠകരും മുഖസ്തുതിക്കാരും കൂടി ULCC യുടെ തകര്‍ച്ചക്കുത്തരവാദിയാണ് എന്ന് മനസ്സിലാവും. പുസ്തകം പറയുന്നത്, തലപ്പാടി റീച്ച് ഇത്രയും കുറഞ്ഞ തുകയില്‍ ഏറ്റെടുത്തിട്ടും ഏറ്റവും ഗുണമേന്മയില്‍ നിര്‍വ്വഹിക്കുന്നതും സമൂഹ ബദ്ധതയുള്ള തൊഴിലാളികളുടെ സഹകരണ സംഘം ആയതു കൊണ്ടാണ് എന്നാണ്. സൊസൈറ്റി കരാറില്‍ ഇടപെട്ടതുകൊണ്ട് സമൂഹത്തിനുണ്ടായ നേട്ടത്തെ അനുസ്മരിച്ച് കൊണ്ട് സ്വകാര്യ കരാറുകാരില്‍ നിന്നും സൊസൈറ്റിക്കുള്ള മഹത്വത്തെ നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് .
കേരളത്തില്‍ മൂന്നും നാലും ഇരട്ടി തുക ക്വാട്ട് ചെയ്താലും ചില പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ നിര്‍മാണ പ്രവൃത്തി അനുവദിച്ചു കിട്ടും പോലെ എളുപ്പമല്ല NHAl പോലുള്ള ദേശീയ കരാര്‍ നേടിയെടുക്കല്‍ എന്നത് അദാനി കണ്‍സ്ട്രക്ഷനേക്കാള്‍ അധികം തുകക്ക് കരാര്‍ പ്രവൃത്തി ക്വാട്ട് ചെയ്താല്‍ തങ്ങള്‍ക്കനുവദിച്ചു കിട്ടില്ല എന്ന അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ സൊസൈറ്റിയാണ് ആധുനിക കാലത്തെ ULCC. അദാനി കണ്‍സ്ട്രക്ഷന്‍ കമ്പനി അവരുടെ ലാഭവും അവരുടെ ഉപകരാറുകാരായ ഗുജറാത്തിലെ വാഗാഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലാഭവും എല്ലാ നിര്‍മ്മാണോപകരണങ്ങളും ഗുജറാത്തില്‍ നിന്ന് കേരളം വരെ എത്തിക്കാനുള്ള ചെലവും എല്ലാം കണക്കാക്കി സമര്‍പ്പിച്ച തുകയേക്കാള്‍ കൂടുതലായിരുന്നു ULCC അവരുടെ കോര്‍പ്പറേറ്റ് ഓഫീസിനു മുമ്പിലൂടെയുള്ള ദേശീയ പാത നിര്‍മ്മാണത്തിന് സമര്‍പ്പിച്ച കരാര്‍ തുക. തുടക്കത്തില്‍ സൂചിപ്പിച്ച ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ശീര്‍ഷകം സൂചിപ്പിക്കും പോലെ സ്വര്‍ഗം പണിയുന്നവര്‍ തന്നെയാണിന്ന് ULCC. ഈ ദേശീയപാതാ കരാറിന്റെ കാര്യത്തിലടക്കം കണ്ടപോലെ അടിത്തട്ടു മനുഷ്യരെ സാമൂഹ്യസുരക്ഷിതത്വത്തിന് വിനിയോഗിക്കേണ്ട പൊതുപണം കൊണ്ട് ആര്‍ക്കൊക്കെയോ സ്വര്‍ഗം പണിയാന്‍ ശേഷിയുള്ളവര്‍.
ഇന്ന് ULCC ക്കെതിരായ ഏതെങ്കിലും ആരോപണത്തെ വാഗ്ഭടാനന്ദനെയുയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് സംഘത്തിനുണ്ടായിരുന്ന സാമൂഹികാവബോധത്തെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.. സൊസൈറ്റിയുടെ 1938 – 39 വര്‍ഷത്തെ ലാഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത (ഓര്‍മ്മിക്കുക അന്ന് ഒരു വര്‍ഷം 3000 രൂപയുടെ നിര്‍മാണ പ്രവര്‍ത്തി പോലും സംഘത്തിന് ലഭ്യമായിരുന്നില്ല ) പൊതുയോഗ തീരുമാനം നോക്കൂ. ‘ 1938-39 കൊല്ലത്തെ ലാഭത്തില്‍ നിന്ന് 1940 ജൂലൈ 18 ന് കൂടിയ പൊതുയോഗതീര്‍പ്പ് പ്രകാരം നീക്കിവെച്ച 12 ക 10 ണയും മുന്‍ കൊല്ലത്തെ ലാഭത്തില്‍ നിന്ന് പൊതുനന്മാഫണ്ടിലേക്ക് നീക്കിവെച്ച 21 ക 10 ണ യും കൂടി ആകെ 34 ക 4 അണയില്‍ പാലേരി രാഘവന്‍ എന്ന കുട്ടിക്ക് 1 കൊല്ലത്തേക്കുള്ള ഫീസ് വക 27 കയും പറമ്പത്ത് രാഘവന്‍ എന്ന കുട്ടിക്കും, അക്കരാല്‍ ഗോവിന്ദന്‍, കുമാരന്‍ എന്നീ കുട്ടികള്‍ക്കും ബാക്കിയുള്ള സംഖ്യ പുസ്തകങ്ങള്‍ വാങ്ങേണ്ട അവശ്യത്തിലേക്ക് സമമായി ഭാഗിച്ച് കൊടുപ്പാനും തീര്‍ച്ചപ്പെടുത്തി’
അതിനു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സംഘത്തിന്റെ റജിസ്‌ടേഷന്‍ നിര്‍ത്തലാക്കാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ 1928 ജനുവരി 22 നു ചേര്‍ന്ന സംഘം പൊതുയോഗം എത്ര മാത്രം പ്രതിസന്ധിയിലൂടെ കടന്നു പോയ ഒരു കാലത്താണ് ഇത്രയും സാമൂഹ്യ ഉത്തരവാദിത്വം സംഘം ഏറ്റെടുത്തിരുന്നത് എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യും . പ്രമേയത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ – ‘ഈ സംഘം 1925 ല്‍ തുടങ്ങിയെങ്കിലും 1926 മെയ് മാസം വരെ യാതൊരു കരാര്‍ പ്രവര്‍ത്തിയും കിട്ടിയിരുന്നില്ല. അതിനു ശേഷം 925 കയുടെ കരാര്‍ പ്രവൃത്തി കിട്ടുകയും അത് മേലധികാരികള്‍ക്ക് തൃപ്തിയാകും വണ്ണം ചെയ്തിട്ടുമുണ്ട്. സംഘം റജിസ്ട്ര് ദുര്‍ബലപ്പെടുത്തന്നതാകയാല്‍ ഞങ്ങള്‍ക്ക് വലിയ ആശാഭംഗത്തിന് ഇടവരുന്നതാണ്. അതുകൊണ്ട് ഡിസ്ട്രിക്റ്റ് ബാങ്കില്‍ നിന്നും മറ്റും കരാര്‍ പ്രവര്‍ത്തികള്‍ തിരിയിച്ചു ഞങ്ങളുടെ സംഘം നിലനിര്‍ത്തി പോരുവാന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ അവര്‍കളോട് അപേക്ഷ ചെയ്യുവാന്‍ തീര്‍ച്ചപ്പെടുത്തി’.
നമ്മളോര്‍മ്മിക്കേണ്ടത് നിലനില്‍പ്പിനുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരം സാമൂഹ്യ ഉത്തരവാദിത്വങ്ങളാണ് തങ്ങളുടെ ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞ പ്രവര്‍ത്തികളായിരുന്നു സംഘം അന്ന് നിര്‍വഹിച്ചുകൊണ്ടിരുന്നത് എന്നാണ്. 1943 മുതല്‍ 48 വരെ അഞ്ചു വര്‍ഷക്കാലം നഷ്ടത്തിലായിരുന്ന കമ്പനി അതിന്റെ നിലനില്‍പ്പിനായുള്ള കരുതലിനപ്പുറം സാമൂഹ്യക്ഷേമത്തിനു വേണ്ടി സ്വയം നിലനിന്ന ചരിത്രം, ഇന്ന് അറനൂറും എണ്ണൂറും കോടി മുടക്കി സൈബര്‍ പാര്‍ക്കുകളുണ്ടാക്കി ലാഭം കൊയ്യുന്ന നിക്ഷേപകരായ ഊരാളുങ്കലിന്റെ വര്‍ത്തമാനകാലത്ത് അവര്‍ക്കു പോലും ഒരു അശ്ളീലമായി തോന്നുന്നുണ്ടാവും. നാമമാത്രമായിരുന്ന ലാഭം ലഭിച്ചിരുന്ന മുപ്പതുകളുടെ അവസാനം സൊസൈറ്റിക്കുണ്ടായിരുന്ന സാമൂഹ്യ പ്രതിബദ്ധതയെവിടെ ഇന്ന് ശതകോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുമ്പോള്‍, സൊസൈറ്റി കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയെവിടെ?
നേരത്തെ പരാമര്‍ശിച്ച ULCC പ്രസിദ്ധീകരിച്ച തോമസ് ഐസക് മേല്‍നോട്ടം വഹിച്ച മുന്നേറ്റം എന്ന 207 പേജുള്ള പുസ്തകത്തില്‍ ഒരു പേജ് തികച്ചു പറയാനുള്ള സാമൂഹ്യ ക്ഷേമ പ്രവത്തനങ്ങള്‍ പുതിയ ULCC ചെയ്തിട്ടില്ല . അസുഖം, വിവാഹം, വിദ്യാഭ്യാസം എന്നിവക്ക് മുന്‍ഗണന നല്‍കുന്ന ULCC ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, 8ാം ക്ലാസിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സ്‌കോളര്‍ഷിപ്പിന് യോഗ്യരാക്കാന്‍ സഹായിക്കുന്ന (?) വാഗ്ഭടാനന്ദ എഡ്യൂ ഫണ്ട്, സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം കൊടുക്കുന്ന സെന്റര്‍ ഫോര്‍ സിവില്‍ സര്‍വീസസ് ഇത് മൂന്നുമാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന മൂന്ന് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ അതിജീവനത്തിനായ് സഹായം തേടി നിലവിളിച്ച സംഘത്തിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തികളെയും കോര്‍പ്പറേറ്റ് കരാര്‍ കമ്പനികളുടെ മൂന്നിരട്ടി തുകക്ക് കരാ റേറ്റെടുത്ത് നടപ്പാക്കുന്നു എന്ന് സുപ്രീം കോടതിക്കു പോലും പറയേണ്ടി വന്ന പുതിയ ULCC യുടെ സന്നദ്ധ പ്രവര്‍ത്തനത്തേയും ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും .
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേരളത്തിന്റെ പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്ത് നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയൊന്നും അവകാശപ്പെടാനില്ലാത്ത ടാറ്റ പോലും കേരളത്തില്‍ കാസര്‍ഗോഡ് 60 കോടി രൂപ ചെവവഴിച്ച് ഒരു കോവിഡ് ആശുപത്രി നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്കുള്ള സാമൂഹ്യ പ്രതിബദ്ധത നമുക്ക് കാട്ടിത്തന്നു. യാതൊരു ടെന്ററുകളുമില്ലാതെ RCC നവീകരണത്തിന്റെ 600 കോടിയുടെ പദ്ധതി മുതല്‍ നിയമസഭാ സമുച്ചയ നവീകരണം മുതല്‍ പ്രതിവര്‍ഷം പതിനായിരക്കണക്കിന് കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം സ്വന്തം രാഷ്ട്രീയ സ്വാധീനം കൊണ്ട് കയ്യടക്കുന്ന സൊസൈറ്റി ഏതെങ്കിലും കോവിഡ് ആശുപത്രിക്ക് 10 വെന്റിലേറ്റര്‍ വാങ്ങിക്കൊടുത്തതായോ ഏതെങ്കിലും ആശുപത്രിക്ക് ഒരു ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കിക്കൊടുത്തതായോ നമ്മള്‍ കേട്ടിട്ടില്ല .
കോവിഡ് കാലത്തെ ULCC സാന്നിദ്ധ്യം മനോജ് കെ പുതിയ വിള ഗവേഷണം നടത്തി കണ്ടെത്തിയത് താഴെ പറയും പ്രകാരം ഉദ്ധരിക്കാം 1. വൈദ്യസഹായം ഓണ്‍ ലൈനില്‍ ലഭ്യമാക്കാന്‍ ഒരു സോഫ്റ്റ് വേര്‍ നിര്‍മ്മിച്ചു (അതാരൊക്കെ ഉപയോഗിച്ചു എന്നറിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ e Sanjeevani പോലുള്ള അപ്‌ളിക്കേഷനുകളായിരുന്നു വ്യാപകമായി അന്ന് ഉപയോഗിച്ചു പോന്നത്) 2. കോവിഡ് കാലത്ത് രാജ്യമാകെ ഓക്‌സിജന്‍ ദൗര്‍ലഭ്യം ഉണ്ടായപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. (ഇനിയാണ് തമാശ ) കോഴിക്കോട് PK സ്റ്റീല്‍സില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 13 കിലോ ലിറ്റര്‍ ശേഷിയുള്ള (ഓര്‍മ്മിക്കണം , സര്‍ക്കാര്‍ ഏറ്റെടുത്ത ) പ്ലാന്റ് ഒരു ലോറിയില്‍ കയറ്റി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു കൊടുത്തതാണത്രേ ULCC യുടെ മഹത്തായ കോവിഡ് കാല സന്നദ്ധ പ്രവര്‍ത്തനം ഊരാളുങ്കല്‍ സ്ഥാപിതമായ കാലത്തെ അതിന്റെ കാഴ്ചപ്പാടില്‍ നിന്ന് മുന്നോട്ടാണോ പിറകോട്ടാണോ സൊസൈറ്റി നടന്നു തീര്‍ത്തത് എന്ന് വെറുതെ ആലോചിച്ചു നോക്കുന്നത് നല്ലതായിരിക്കും .
കേരളം ഈ അടുത്ത കാലത്ത് നേരിട്ട മറ്റൊരു ദുരന്തമായിരുന്നു പ്രളയം. അതില്‍ നവോത്ഥാന പാരമ്പര്യമൊന്നുമില്ലാത്ത കോര്‍പ്പറേറ്റുകള്‍, കേരളത്തിന്റെ കമ്പനികളല്ലാതിരുന്നിട്ടു കൂടി എന്തുമാത്രം സഹായങ്ങള്‍ നല്‍കി എന്നു വായിക്കുമ്പോഴാണ് സാമൂഹ്യ പുരോഗതിയും അതിനാവശ്യമായ ഇടപെടലുകളും മുഖ്യലക്ഷ്യമായി പ്രഖ്യാപിച്ച ഊരാളുങ്കലിന്റെ ഇടപെടല്‍ എത്രമാത്രം ദുര്‍ബലമാണ് എന്ന് തിരിച്ചറിയുന്നത്. കേരളം നേരിട്ട പ്രളയത്തിന് കൈത്താങ്ങായി HDFC വാഗ്ദാനം ചെയ്ത (സ്‌കൂള്‍ – ആശുപത്രി പുനര്‍നിര്‍മാണത്തിന് ) 15 കോടി, ആലപ്പുഴയില്‍ തെലുങ്കാന കേന്ദ്രമായ രാമോജി ഗ്രൂപ്പ് 7 കോടി ചെലവില്‍ നിര്‍മിച്ച് നല്‍കുന്ന 120 വീടുകള്‍, ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് കല്‍പ്പറ്റ നഗരത്തില്‍ 6 കോടി രൂപ വിലമതിക്കുന്ന ഒരേക്കര്‍ ഭൂമി വീടു നഷ്ടപ്പെട്ടവര്‍ക്ക് കൈമാറിയത് , മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വയനാട് പുത്തക്കൊല്ലി എസ്റ്റേറ്റില്‍ രണ്ടു കോടി വിലമതിക്കുന്ന ഏഴേക്കര്‍ ഭൂമി കൈമാറിയത്. മഹീന്ദ്ര & മഹീന്ദ്രയടക്കം അസംഖ്യം കോര്‍പ്പറേറ്റുകള്‍ അന്ന് നല്‍കിയ സഹായങ്ങള്‍. ഓര്‍മ്മിക്കുക ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യ പാതി മുതല്‍ ലോകത്ത് ഫോര്‍ഡ് ഫൗണ്ടേഷനടക്കം തുടക്കമിട്ട കോര്‍പ്പറേറ്റ് സാമൂഹ്യ സപ്പോര്‍ട്ടിന്റെ അയലത്തുപോലും ആയിരക്കണക്കിന് കോടിയുടെ ആസ്തിയുള്ള സൈബര്‍ പാര്‍ക്കിനു മാത്രം 600 കോടി നിക്ഷേപമുള്ള ഊരാളുങ്കല്‍ സൊസൈറ്റി ഇല്ലായിരുന്നു എന്ന് നമ്മളോര്‍മ്മിക്കണം. അന്ന് പ്രളയകാലത്ത് കുറച്ചു ദിവസം ഊരാളുങ്കല്‍ അവരുടെ കുറച്ച് തൊഴിലാളികളെയും ഉപകരണങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുത്തത് ഓര്‍മ്മിച്ചു കൊണ്ടു തന്നെ പറയട്ടെ. ദയവായി ആധുനിക ULCC ക്കെതിരായ ആരോപണങ്ങളെ വാഗ്ഭടാനന്ദനെ ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കാതിരിക്കുക.
പൊതുമേഖലയുടെ ഗുണമേന്മയില്ലായ്മക്കും സ്വകാര്യ മേഖലയുടെ ചൂഷണത്തിനുമെതിരെ ചെലവു കുറഞ്ഞ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പാക്കുക എന്നതു കൂടിയാണല്ലോ സഹകരണ സംഘങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യം. നേരത്തെ പരാമര്‍ശിച്ച കണ്ണൂര്‍ ജില്ലാ കോടതിയുടെ നിര്‍മ്മാണ പ്രവര്‍ത്തിയിലെ 300% അധിക തുകയും സുപ്രീം കോടതി പരാമര്‍ശവും ദേശീയപാതാ അഴിയൂര്‍ റീച്ചും വ്യക്തമാക്കുന്നത് ആധുനിക കാലത്തെ ഊരാളുങ്കല്‍ സൊസൈറ്റി ചെലവു കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉറപ്പുവരുത്താന്‍ പര്യാപ്തമല്ല എന്നതു തന്നെയാണ്’. 300 % അധിക തുകക്ക് കരാറുകള്‍ നേടിയെടുക്കുന്നു എന്ന് സുപ്രീം കോടതി പരാമര്‍ശത്തിനെതിരെ ഊരാളുങ്കലിന്റെ വാദം ULCC എന്നത് 87 % സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിയാണ് എന്നതാണ്. എല്ലാ സഹകരണ സംഘങ്ങളുടേയും B ക്ലാസ് ഓഹരിയുടമ സര്‍ക്കാരാണെന്നും ഇത് മൂന്ന് വര്‍ഷത്തിനപ്പുറം തിരിച്ചടക്കേണ്ട സര്‍ക്കാര്‍ സഹായമാണെന്നും അറിയാതെയല്ല ULCC ഈ വാദം ഉന്നയിച്ചത്. അതുകൊണ്ടാവും ഏഷ്യാനെറ്റിന്റെ ഒരു മുഖാമുഖത്തില്‍ നുണ പറയാനറിയാത്ത നിലവിലുള്ള പ്രസിഡണ്ട് പാലേരി രമേശന് ഈ ചോദ്യത്തില്‍ നിന്ന് നിഷ്‌കളങ്കമായി ഒഴിഞ്ഞു മാറേണ്ടി വന്നത്. സര്‍ക്കാര്‍ കമ്പനിയായാലും സഹകരണ സ്ഥാപനമായാലും 300 % പൊതുപണം കൊള്ളയടിക്കുക എന്നതിനര്‍ത്ഥം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നീക്കിയിരിപ്പിനെ കൊള്ളയടിക്കുക എന്നതു തന്നെയാണ് .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in