അയിത്തം : കേരളത്തില്‍ ഇതിനപ്പുറവും നടക്കും

വാസ്തവത്തില്‍ കേരളത്തെ കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ? സമാനമായ എത്രയോ സംഭവങ്ങള്‍ ദിനംപ്രതി ഇവിടെ നടക്കുന്നു എന്നതല്ലേ വസ്തുത?

‘ഇത് കേരളമാണ്, ഇവിടെയിങ്ങെയൊക്കെ നടക്കുമോ, കേരളത്തില്‍ പോലും ഇങ്ങനെയാണെങ്കില്‍ മറ്റിടങ്ങളില്‍ എന്തായിരിക്കും അവസ്ഥ’…. അനഭിലഷണീയമായ ഓരോ സംഭവമുണ്ടാകുമ്പോഴും നാം നിരന്തരം കേള്‍ക്കുന്ന വാചകങ്ങളാണിവ. കൂടെ മറ്റൊന്നുകൂടി കേള്‍ക്കാം. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണിവ. കഴിഞ്ഞ ദിവസവും ഇതേ വാചകങ്ങള്‍ കേരളം കേട്ടു. പയ്യന്നൂരിലെ ഒരു ക്ഷേത്രത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ നേരിട്ട അയിത്തത്തിനു സമാനമായ അനുഭവവുമായി ബന്ധപ്പെട്ടാണത്. സാക്ഷാല്‍ മുഖ്യമന്ത്രി പോലും ഇതാവര്‍ത്തിച്ചു. കേരളം മറ്റു സംസ്ഥാനങ്ങളെ പോലെയല്ല, അയിത്തത്തെയെല്ലാം അതിജീവിച്ചു, ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെ മൂന്നു ദുരഭിമാന ജാതി കൊലകളെങ്കിലും നടന്ന സംസ്ഥാനാണ് കേരളം എന്നതെങ്കിലും അദ്ദേഹം ഓര്‍ക്കണമായിരുന്നു. തിക്താനുഭവം നേരിട്ട മന്ത്രി രാധാകൃഷ്ണനും സമാനരീതിയില്‍ സംസാരിക്കുന്നതുകേട്ടു. ഇത് ജാതികേരളം തന്നെയാണെന്നും അതിന്റെ ഭാഗമാണ് മന്ത്രിയായിട്ടുപോലും തനിക്ക് ഈ അനുഭവമുണ്ടായതെന്നുമാണ് അദ്ദേഹം മനസ്സിലാക്കേണ്ടത്.

വാസ്തവത്തില്‍ കേരളത്തെ കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ? സമാനമായ എത്രയോ സംഭവങ്ങള്‍ ദിനംപ്രതി ഇവിടെ നടക്കുന്നു എന്നതല്ലേ വസ്തുത? പോയവാരത്തില്‍ തന്നെ തിരുനെല്ലി ക്ഷേത്രത്തില്‍ നടന്ന ആദിവാസി വിവാഹത്തിന്റെ വീഡിയോ നമ്മള്‍ കണ്ടതാണ്. വിവാഹമാല വധൂവരന്മാര്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് പൂജാരി ചെയ്യുന്നത്. അതിനുതൊട്ടുമുമ്പല്ലേ ശബരിമലയില്‍ ഉണ്ണിയപ്പമുണ്ടാക്കാനുള്ള കരാര്‍ നേടിയ പട്ടികജാതിക്കാരനായ വ്യക്തിക്ക് മര്‍ദ്ദനമേറ്റത്? നവോത്ഥാനത്തില്‍ നമ്മേക്കാള്‍ പുറകിലായ തമിഴ്‌നാട്ടില്‍ പോലും ദളിതര്‍ക്കും സ്ത്രീകള്‍ക്കും പൂജാരിയാകാനുള്ള അവസരമുള്ളപ്പോള്‍ കേരളത്തില്‍ അത് സാധ്യമാണോ? ദളിത് കലാകാരന്മാര്‍ക്ക് ക്ഷേത്രത്തിനകത്ത് കലാരൂപങ്ങളാവിഷ്‌കരിക്കാനുള്ള അവസരങ്ങള്‍ കിട്ടുന്നുണ്ടോ? സാക്ഷാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ കല്ലൂര്‍ ബാബുവെന്ന ഇലത്താള കലാകാരനെ പഞ്ചവാദ്യ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് അടുത്തയിടെയാണ്. തന്ത്രിയുടെ വാക്കാണ് അവസാനത്തേത് എന്നു പറഞ്ഞ് ദേവസ്വം അധികൃതര്‍ അതിനെ ന്യായീകരിക്കുകയായിരുന്നു. ഈ വിഷയത്തിലും സമാനമായ ന്യായീകരണങ്ങള്‍ പുറത്തുവരുന്നുണ്ട്. അതേസമയം ഈ വര്‍ഷവും ശബരിമലയിലെ മേല്‍ശാന്തി മലയാള പുരുഷ ബ്രാഹ്മണന്‍ തന്നെ വേണം എന്നാണല്ലോ ഇതേ രാധാകൃഷ്ണന്‍ തന്നെ ഭരിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനം? മഹത്തായ മതേതര ആഘോഷം എന്നൊക്കെ വിശേഷിപ്പിക്കുന്ന പ്രസിദ്ധമായ തൃശൂര്‍ പൂരത്തിലെ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്ര സമിതികളിലും ്അയിത്തമിേല്ലേ? അവിടെ സവര്‍ണരല്ലാത്ത ആരെങ്കിലുമുണ്ടോ ?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തില്‍ പ്രകടമായ രീതിയില്‍ അയിത്തമില്ലെന്നു പലരും വാദിക്കാറുണ്ട്. എന്നാല്‍ ഇപ്പറഞ്ഞതെല്ലാം പ്രകടമായ അയിത്തമല്ലാതെ മറ്റെന്താണ്? പരോക്ഷമായ അയിത്തമാകട്ടെ ഒരുപാടുണ്ട്. സ്വജാതീയ വിവാഹങ്ങളും അതിനുള്ള പരസ്യങ്ങളും മാട്രിമോണിയല്‍ സ്ഥാപനങ്ങളുമെല്ലാം മറ്റെന്താണ്? ജനറല്‍ സീറ്റുകളില്‍ കെ രാധാകൃഷ്ണനേയും കൊടിക്കുന്നില്‍ സുരേഷിനെയും പോലുള്ള ഉന്നത നേതാക്കളെപോലും മത്സരിപ്പിക്കാത്തതോ? ഏറ്റവും സീനിയറായിട്ടും രാധാകൃഷ്ണനോട് വകുപ്പുവിഭജനത്തില്‍ അയിത്തം കല്‍പ്പിച്ചില്ല എന്നു പറയാനാകുമോ? പേരിനു പുറകിലെ സവര്‍ണ്ണ വാലുകള്‍ തിരി്ച്ചുവരുന്നതും സവര്‍ണ്ണ ജാതിപേരുകളിലുള്ള ഭക്ഷ്യവസ്തുക്കളാല്‍ മാര്‍ക്കറ്റ് നിറയുന്നതും കലോത്സവമടക്കമുള്ള പരിപാടികള്‍ക്ക് ബ്രാഹ്മണര്‍ തന്നെ ഭക്ഷണമുണ്ടാക്കണമെന്ന അലിഖിതനിയമവും ദളിത് വിരുദ്ദവും സ്ത്രീവിരുദ്ധവുമായി സംഭാഷണശൈലികളുമൊക്കെ മറ്റുദാഹരണങ്ങള്‍. മാത്രമല്ല, നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്ന പലതും ഇവിടെ ഉണ്ടായതുമില്ല. മിശ്രഭോജനത്തിന്റെ തുടര്‍ച്ചയായി മിശ്രവിവാഹങ്ങളോ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ തുടര്‍ച്ചയായി ക്ഷേത്രത്തിനകത്തെ ആചാരങ്ങളിലും പൂജകളിലും കലാരൂപങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമോ ലഭിച്ചോ? എല്ലാ ജാതി മത വിഭാഗങ്ങളുടെ മുന്നിലും എല്ലാ ആരാധനാലയങ്ങളും തുറന്നോ? ശബരിമലയിലടക്കമുള്ള ആാധനാലയങ്ങളില്‍ പല രീതിയിലും നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കറുതിവന്നോ?

ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി കേള്‍ക്കുന്ന മറ്റൊരു പ്രചാരണത്തിന്റെ സത്യാവസ്ഥയും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിന്റെ നവോത്ഥാനപ്രക്രിയയുടെ പിതൃത്വം തങ്ങള്‍ക്കാണെന്ന കമ്യൂണിസ്റ്റുകാരുടെ ്അവകാശവാദമാണത്. രാധാകൃഷ്ണന്റെ അനുഭവത്തെ തുടര്‍ന്നും അതുകേട്ടു. സത്യമെന്താണ്? ചാന്നാര്‍ ലഹളയിലോ അരുവിപ്പുറം പ്രതിഷ്ടയിലോ വില്ലുവണ്ടിസമരത്തിലോ മിശ്രഭോജനത്തിലോ ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടങ്ങളിലോ വിദ്യാഭ്യാസാവകാശത്തിനായി നടന്ന പോരാട്ടങ്ങളിലോ അക്കാലങ്ങളില്‍ രൂപീകരിച്ചിട്ടുപോലുമില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തു പങ്കാണുള്ളത്? നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ വളരെ അനായാസമായി തങ്ങളുടെ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുകയാണവര്‍ ചെയതത്. അതാകട്ടെ നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തെയും തുടര്‍ച്ചയേയും തകര്‍ത്ത്, കേവല സാമ്പത്തികവാദത്തിലും വര്‍ഗ്ഗരാഷ്ട്രീയത്തിലും ഊന്നിയായിരുന്നു. അതാണ് കേരളത്തിന്റെ പിന്നീടുള്ള പുറകോട്ടുപോക്കിന് പ്രധാന കാരണമായത്. ഇപ്പോള്‍ രാധാകൃഷ്ണനു ഈ അനുഭവം നടന്ന പയ്യന്നൂര്‍ ഏറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണല്ലോ. ഇപ്പോഴത് സിപിഎമ്മിന്റെ ഏറ്റവും ശക്മമായ കോട്ടയാണ്. പാര്‍ട്ടിയറിയാതെ ഇലപോലും അനങ്ങാത്ത പ്രദേശം. പ്രസ്തുക്ഷേത്രം ഭരിക്കുന്നതും ദേവസ്വം ഭരിക്കുന്നതും സ്ഥലം എംഎല്‍എയുമൊക്കെ അവര്‍ തന്നെ അതേവേദിയില്‍ വെച്ചുതന്നെ രാധാകൃഷ്ണന്‍ ഈ അനുഭവം പറഞ്ഞിട്ടും ഇതുവരേയംു ആര്‍ക്കെതിരേയും നടപടിയെടുത്തിട്ടില്ല എന്നോര്‍ക്കണം. ഇപ്പോള്‍ അദ്ദേഹം തന്നെ പറയുന്നു നടപടിയൊന്നും വേണ്ട എന്ന്. അതായത് അയിത്തമെന്ന കുറ്റകൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടരുതെന്ന്. അപ്പോള്‍ രാധാകൃഷ്ണനെ നയിക്കുന്ന വികാരമെന്താണെന്നതും ചര്‍ച്ച ചെയ്യേണ്ടതല്ലേ? അതുതന്നെയാണ് യഥാര്‍ത്ഥ പ്രശ്‌നം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെ പല ദളിത് പ്രവര്‍ത്തകരും മുന്നോട്ടുവെക്കുന്ന ഒരു പ്രധാനവിഷയം കൂടി ചര്‍ച്ച ചെയ്യേണ്ടതാണെന്നു തോന്നുന്നു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടതാണത്. എല്ലാകാലത്തും ഹിന്ദുമതത്തിന്റെ അടിത്തറയായിരുന്ന ചാതുര്‍വര്‍ണ്യത്തിനു പുറത്തായിരുന്ന ദളിതരും ആദിവാസികളുമടക്കമുള്ള ജനവിഭാഗങ്ങളെ, അതിക്രൂരവും ജനാധിപത്യവിരുദ്ധവുമായ ജാതിവ്യവസ്ഥ നിലനിര്‍ത്തിതന്നെ, അതിന്റെ ഭാഗമാക്കുകയാണ് ക്ഷേത്രപ്രവേശന വിളംബരം ചെയ്തത് എന്നതാണത്. കേരളത്തില്‍ മതപരിവര്‍ത്തനം ശക്തമായപ്പോള്‍ അതിനു തടയിടാന്‍ കൂടിയായിരുന്നു ഈ നടപടി എന്നുമവര്‍ ചൂണ്ടികാട്ടുന്നു. അതിലൂടെ ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് തങ്ങളുടെ ആരാധനാ സമ്പ്രദായങ്ങളും ദേവീ ദേവന്മാരും മാത്രമല്ല, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെട്ടു. മറുവശത്ത് തുല്ല്യതയോ മനുഷ്യരെന്ന പരിഗണനയോ ലഭിച്ചതുമില്ല. നിങ്ങള്‍ ബ്രാഹ്മണരുടെ ആരാധനാലയങ്ങളില്‍ പോകുന്നിടത്തോളം കാലം അവര്‍ നിങ്ങളെ ഭരിക്കുമെന്ന് അംബേദ്കര്‍ പറഞ്ഞത് അതുകൊണ്ടായിരുന്നു. ”തീയ്യര്‍ അടക്കമുള്ള പിന്നോക്ക ജാതിക്കാര്‍ തങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെന്നു കരുതുന്നത്, ഒരടിമ കാലപ്പഴക്കം കൊണ്ട് തന്റെ കാലിലെ ചങ്ങല കാലിന്റെ ഭാഗമാണെന്നു കരുതുന്നതു പോലെയാണെന്നു സഹോദരന്‍ അയ്യപ്പനും പറഞ്ഞിട്ടുണ്ട്.. ജനസംഖ്യയില്‍ ന്യൂനപക്ഷം മാത്രമായിരു്‌നന ഒരു വിഭാഗത്തെ ഭൂരിപക്ഷമാക്കിമാറ്റിയെടുക്കാനുള്ള പദ്ധതിയായിരുന്നു ക്ഷേത്രപ്രവേശനമെന്നും നിരീക്ഷിക്കുന്നവരുണ്ട്.

തീര്‍ച്ചയായും ആരാധനാലയങ്ങളിലടക്കം ഏതു മേഖലയിലും പ്രത്യക്ഷമായും പരോക്ഷമായും നിലനില്‍ക്കുന്ന അയിത്തത്തിനെതിരെ ശബ്ദിക്കുമ്പോഴും ഈ ഒരു രാഷ്ട്രീയ പ്രശ്‌നം കൂടി ചര്‍ച്ച ചെയ്യണമെന്നാണ് തിരുനെല്ലിയിലുംു പയ്യന്നൂരിലും മറ്റു പലയിടങ്ങളിലും നടന്ന ഈ സംഭവങ്ങള്‍ നല്‍കുന്ന സൂചന. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ അതേറെ പ്രസക്തമാണ് താനും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply