ഏകീകൃത സിവില്‍കോഡ് ഹിന്ദുത്വ അജണ്ട തന്നെ

ആംആദ്മി പാര്‍ട്ടി അടക്കമുള്ള ഇപ്പോള്‍ ഏക സിവില്‍കോഡ് വാദമുയര്‍ത്തുന്നത് സംഘ്പരിവാറിന് ഹിന്ദുത്വ ഭരണഘടനയെ ഇന്ത്യന്‍ഭരണഘടനായി അംഗീകരിക്കാനുള്ള സാമൂഹ്യ സാഹചര്യമൊരുക്കാന്‍ വേണ്ടി മാത്രമാണ്. പല സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസും ഇടതുപക്ഷപാര്‍ട്ടികളും അടക്കം പല മതേതര പാര്‍ട്ടികളും വേണ്ടത്ര രാഷ്ട്രീയ വ്യക്തതയില്ലാതെ അപകടകരമായ നിലപാടുകള്‍ സ്വീകരിക്കുന്നു. സവര്‍ണ്ണ സംവരണം നടപ്പാക്കാന്‍ ബി.ജെ.പിയെക്കാള്‍ ശക്തമായി സിപിഎം വാദിച്ചത് അത്തരം ഒരപകടമാണ്. യു.എ.പി.എ പോലെ കൃത്യമായി ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുഗുണമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നിയമ നിര്‍മാണം കോണ്‍ഗ്രസ് നടത്തിയതും രാഷ്ട്രീയ വ്യക്തതക്കുറവ്‌കൊണ്ടാണ്. ഇതെല്ലാം രാജ്യത്തെ അപകട മുനനമ്പിലെത്തിച്ചിരിക്കുന്നു.

ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക കമ്മീഷനെ നിയമിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നു. ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് കമ്മിഷന്‍ രൂപീകരിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. ഉത്തരഖണ്ഡ് സര്‍ക്കാര്‍ നേരത്തേ തന്നെ ഇത്തരത്തില്‍ ഒരു സമിതിയെ നിശ്ചയിക്കുകയും പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായ രൂപീകരണം ലഭ്യമാക്കാന്‍ വെബ്‌സൈറ്റും തുറന്നിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, ജമ്മു -കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് റദ്ദാക്കല്‍, ഏക സിവില്‍കോഡ്, സവര്‍ണ്ണ സംവരണം തുടങ്ങിയവ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത നയങ്ങളാണ്. ഇതില്‍ ആദ്യത്തെ മൂന്ന് അജന്‍ഡകള്‍ അവര്‍ നടപ്പാക്കിയിരിക്കുന്നു. അതിന് രാജ്യത്തെ മതേതര നിലപാടുള്ള പാര്‍ട്ടികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പല പാര്‍ട്ടികളുടെയും പരസ്യ പിന്തുണയോ രഹസ്യ പിന്തുണയോ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യ താത്പര്യം എന്ന പേരിട്ട് വിളിക്കുന്ന ഹിന്ദുത്വ പൊതുബോധത്തിന്റെ പേരിലാണ് സംഘ്പരിവാറിന്റെ ഇത്തരം വംശീയ ലാക്കോടെയുള്ള നയങ്ങളെ രാജ്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും പിന്തുണക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ ബലത്തില്‍ ഏക സിവില്‍കോഡും അനായാസം നടപ്പാക്കാനാവും എന്നാകും ബി.ജെ.പി കരുതുന്നത്. ഏതായാലും അരവിന്ദ് കെജ്രിവാള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കമാരംഭിച്ച ഉടനെ ഏക സിവില്‍കോഡ് വാദവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

ബിജെപി വക്താവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരകട്ടെ ഏക സിവില്‍കോഡിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയമ കമ്മീഷനോട് 2016 ല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2018ല്‍ കമ്മീഷന്‍ രാജ്യത്ത് അനുകൂല സാഹചര്യമല്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നീക്കം ദ്രുതഗതിയില്‍ ഒരു പക്ഷേ 2024 ലെ തെരെഞ്ഞെടുപ്പിന് മുമ്പ് ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തുനിയുമെന്ന വ്യക്തമായ സൂചനകളാണ് നല്‍കുന്നത്.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് യുപി ഉപമുഖ്യമന്ത്രിയുടെ ഈ പ്രസ്താവന എന്നതും ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്തു മാത്രമല്ല രാജ്യവ്യാപകമായി ഈ നിയമം അതിവേഗം നടപ്പാക്കുന്നത് ആലോചനയിലാണെന്നും കേശവപ്രസാദ് മൗര്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയും ഇപ്പോള്‍ സമാനമായ പ്രസ്താവനയിറക്കിയിട്ടുണ്ട്. ഏക സിവില്‍കോഡ് ഒരു മികച്ച നീക്കമാണെന്നാണ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിമാചലില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്ന കാര്യം തന്റെ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും നടപ്പിലാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അസം മുഖ്യമന്ത്രിയും ഇതു പോലത്തെ പ്രഖ്യാപനം തന്നെയാണ് നടത്തിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിലും ഏക സിവില്‍ കോഡിനായുള്ള ചര്‍ച്ചകള്‍ സജീവമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതിനിടെ ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ്, മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് കത്തയച്ചിട്ടുണ്ട്. ബിജെപി പ്രകടന പത്രികയുടെ പ്രധാനഭാഗമാണ് ഏക സിവില്‍ കോഡ് എന്നതിനാല്‍ അക്കാര്യം ഉടന്‍ തന്നെ നടപ്പിലാകുമെന്നാണ് മധ്യപ്രദേശില്‍ 2022 നവംബര്‍ 15ന് നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമക്കിയിരിക്കുന്നത്. ”സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങി… മിക്ക വിഷയങ്ങളും പരിഹരിച്ചു ഇനി ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള സമയമാണ്’ എന്നാണ് അമിത് ഷാ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ‘ഒരു പൈലറ്റ് പദ്ധതിയായി ആദ്യം ഉത്തരാഖണ്ഡില്‍ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ‘എല്ലാം സമയത്തിന് നടക്കുമെന്നും പാര്‍ട്ടി തീരുമാനത്തിന് ഒപ്പം പ്രവര്‍ത്തകരും നേതാക്കളും നില്‍ക്കണമെന്നുമാണ് അമിത് ഷാ യോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര ഭരണത്തില്‍ മൂന്നാം ഊഴം ലക്ഷ്യമിട്ടുള്ള കൃത്യമായ ‘അജണ്ട’യാണ് ബി.ജെ.പി സര്‍ക്കാറുകള്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ നേരിട്ടുമാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം രാജ്യത്ത് പൊതുനിയമത്തിന് കീഴിലാണ് വരിക. ഈ വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം പിന്നെ ഉണ്ടാകുകയുമില്ല.

ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ ലോകഭൂപടത്തില്‍ മാറ്റുരച്ചു നിര്‍ത്തുന്നത്, ഇവിടുത്തെ ബഹുസ്വരതക്കുള്ളില്‍ നിലനില്‍ക്കുന്ന ഐക്യവും പരസ്പരാശ്രിതത്വവുമാണ് . ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ അനുവര്‍ത്തിക്കേണ്ട വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ഊന്നിപ്പറയുന്നുണ്ട്. അതിന് വിഘാതം നില്‍ക്കുന്ന ഏതൊരു ചുവടുമാറ്റത്തെയും തിരിച്ചറിയേണ്ടതുണ്ടെന്നാണ് അതിന്റെ സൂചന. അങ്ങനെ സംഭവിക്കുമ്പോള്‍ ബഹുസ്വരത എന്ന സൗന്ദര്യ സങ്കല്‍പം തകര്‍ന്നടിയുകയും വിവിധ മത-ജാതികള്‍ക്കിടയിലെ സ്പര്‍ധ വര്‍ധിക്കുകയും ”ഇന്ത്യ” എന്ന സങ്കല്‍പം തന്നെ ഇല്ലാതാകും. അതുകൊണ്ട് തന്നെയാണ് ഭരണഘടനാ അസംബ്ലിയില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം രാജ്യത്ത് ഏക സിവില്‍കോഡ് വേണ്ടതില്ല എന്ന തീരുമാനത്തിലെത്തുകയും ആര്‍ട്ടിക്കിള്‍ 44 ല്‍ ഏക സിവില്‍കോഡിനെപ്പറ്റി പരാമര്‍ശം നടത്തി അവസാനിപ്പിച്ചത്

യൂറോപ്യന്‍ മാതൃകയില്‍ ഇന്ത്യയിലും ഒരേ വ്യക്തി നിയമം എന്നത് യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് ആശയമാണ്. വിവിധങ്ങളായ മത വിശ്വാസവും വ്യത്യസ്ത ജീവിത ശൈലികളും ആചാരങ്ങളും ഇടകലര്‍ന്ന ഇന്ത്യയില്‍ അത്തരം ഒരു സിവില്‍കോഡ് സാദ്ധ്യമല്ല എന്നതാണ് വാസ്തവം. . പ്രശസ്ത നിയമജ്ഞനും നിയമ മന്ത്രിയുമായിരുന്ന അശോക് കുമാര്‍ സെന്‍ 1963 ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ഇപ്പോഴും പ്രസക്തമാണ്: ‘ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് പറയട്ടെ, വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍ അതാത് സമുദായത്തില്‍നിന്നാണ് ഉയര്‍ന്നു വരേണ്ടത്. ന്യൂനപക്ഷ സമുദായങ്ങളുടെ ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുക എന്നത് ഇന്ത്യാ ഗവര്‍മെന്റിന്റെ നയമല്ല. (South Asian Politics & Religion Donalds Smith Page 145).

മതവിശ്വാസവും വ്യക്തിനിയമവും മൗലികാവകാശമായി ഭരണഘടന പ്രഖ്യാപിക്കുന്നിടത്തോളം മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളെ തങ്ങളുദ്ദേശിക്കുന്ന വിധം ദുര്‍വ്യാഖ്യാനിച്ചാലും ഒരു സര്‍ക്കാരിനും അത് നടപ്പാക്കാന്‍ കഴിയില്ല. 185 പേജുള്ള നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ഒരു നിരീക്ഷണം ഇങ്ങനെയാണ്. ‘ഭരണഘടന പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ഖണ്ഡിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിര്‍ത്തുകയാണ് നല്ലത്. രാജ്യത്തിന്റെ ബഹുസ്വരതയെ നിഷേധിക്കുന്നതാകരുത് മതനിരപേക്ഷത. ഏകീകൃത രാഷ്ട്രം എല്ലാ കാര്യത്തിലും ഒരുപോലെയാകണമെന്നില്ല. മാത്രവുമല്ല ലോകത്തെ മറ്റു രാജ്യങ്ങള്‍പോലും വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും നിയമങ്ങളിലെ വ്യത്യസ്തതകളെ വിവേചനമായി കാണാന്‍ പാടില്ലെന്നും പകരം വ്യത്യസ്തതകളെ ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ കരുത്തായി കാണുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഭരണഘടനാ താത്പര്യങ്ങളോ മതേതരത്വ നിലപാടുകളോ അല്ല എന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഏകീകൃത സിവില്‍ കോഡ് എന്നത് രാജ്യത്തെ സംഘ്പരിവാര്‍ ഉദ്ദേശിക്കുന്ന ഏക ശിലാ സംസ്‌കാരത്തിലേക്ക് കൊണ്ടു വരുന്ന ഒന്ന് എന്നത് മാത്രമാണ്.

സിവില്‍ നിയമങ്ങളെ എത്രമാത്രം വിവേചനങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് ബി.ജെ.പി സര്‍ക്കാര്‍ തെളിയിച്ച ഒന്നാണ് മുസ്ലിം വനിതാ (വിവാഹ സംരക്ഷണ അവകാശ) ബില്‍ 2017 എന്ന പേരില്‍ പാസ്സാക്കിയെടുത്ത മുത്തലാഖ് ബില്‍. ബില്ലിലെ വ്യവസ്ഥയനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്ന പ്രതിയെ പൊലീസിന് വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും കുറ്റം തെളിഞ്ഞാല്‍ മുന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. മുത്തലാഖ് ചെല്ലുന്നത് ജാമ്യമില്ലാ കുറ്റമാണ്. ഇസ്ലാമിക നിയമമനുസരിച്ച് തന്നെ പരിഷ്‌കരിക്കാവുന്ന സിവില്‍ പ്രശ്‌നത്തെ ക്രിമനല്‍ നിയമമാക്കി മാറ്റുകയാണ് ഇവിടെ ചെയ്തത്. മുസ്ലിങ്ങള്‍ മാത്രം കുറ്റക്കാരാക്കാവുന്ന ഒരു ക്രിമനിനല്‍ നിയമം കൊണ്ടുവന്നിരിക്കുന്നും. ഭാര്യയെ കാരണമില്ലാതെ ഉപേക്ഷിക്കുന്ന മറ്റ് മത് വിഭാഗങ്ങളില്‍പെട്ട പുരുഷന്‍മാര്‍ നിലവിലെ സിവില്‍ നിയമ വ്യവഹാരങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ ക്രിമിനല്‍ നിയമം മുസ്ലിങ്ങള്‍ക്ക് മാത്രം ബാധമാകുന്നു. ഏകീകൃത ക്രിമനല്‍ നിയമം എന്ന സങ്കല്‍പത്തെ അട്ടി മറിക്കുകയും മുസ്ലിം വിരുദ്ധ ക്രിമിനല്‍ നിയമം വരുകയും ചെയ്യുന്നു.

സംഘ്പരിവാറിന്റെ ലക്ഷ്യം ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടു വരുകയല്ല മറിച്ച് മുസ്ലിം വിരുദ്ധ നിയമങ്ങള്‍ കൊണ്ടു വരുകയും സവര്‍ണ്ണ വംശീയത നിലനില്‍ക്കാനാവാശ്യമായ സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുകയും മാത്രമാണ്. നിലവിലെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ തന്നെ പക്ഷപാതപരമായാണ് നടപ്പാക്കുന്നത്. ദലിത്-ആദിവാസി വിഭാഗങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, മുസ്ലിങ്ങള്‍ തുടങ്ങിയ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ജനതയും രാജ്യത്തെ നിയമ നിര്‍വ്വഹണങ്ങളില്‍ പച്ചയായ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ്.

വിവാഹ നിയമങ്ങള്‍, ദായധന നിയമങ്ങള്‍ തുടങ്ങി വൈവിധ്യമായ സിവില്‍ ക്രമങ്ങളാണ് വിവധ മത സമുദായ പ്രദേശ വിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യയിലുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളുടെ രീതിയല്ല മറ്റൊരു ജന വിഭാഗത്തിന്റേത്. മുസ്ലിം വ്യക്തിനിയമ രീതിയല്ല ക്രൈസ്തവരുടേത്. ആദിവാസി വിഭാഗങ്ങളില്‍ തന്നെ നൂറ് കണക്കിന് വ്യക്തി നിയമ രീതികളുണ്ട്. ദലിത് വിഭാഗങ്ങളില്‍ വേറിട്ട രീതികളുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കുക എന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകും. ഏതെങ്കിലും വിഭാഗങ്ങളിലെ വ്യക്തിനിയമ രീതികളില്‍ പച്ചയായ മനുഷ്യാവകാശ ലംഘനമോ സ്ത്രീവിരുദ്ധതയോ ഒക്കെ വരുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍ അതാത് വിഭാഗങ്ങള്‍ തന്നെ വിചാരിച്ചാല്‍ സാധിക്കും. അതിനനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്,

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡ് എന്നാല്‍ സവര്‍ണ്ണ ഹിന്ദുത്വ കോഡായിരിക്കും എന്നറിയാന്‍ വല്ലാതെ ഗവേഷണം നടത്തുകയൊന്നും വേണ്ട. ഏക സിവില്‍കോഡിന് വേണ്ടി ശക്തമായി ഒരുകാലത്ത് വാദിച്ചിരുന്ന സിപിഐ(എം) അടക്കം വിവിധ പാര്‍ട്ടികളും പൌരസമൂഹവും ഇപ്പോള്‍ അത്തരം വാദം ഉയര്‍ത്താത്തത് ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ട് കൂടിയാണ്. ഭരണഘടനയെ കൊല ചെയ്യാന്‍ അനുയോജ്യ സന്ദര്‍ഭം കാത്തിരിക്കുകയാണ് ഹിന്ദുത്വ വാദികള്‍. ആഗസ്റ്റ് മാസത്തില്‍ വാരണാസിയില്‍ നടന്ന ധരംസംസദില്‍ ഹിന്ദുത്വ ഭരണഘടന രചന പൂര്‍ത്തിയായി എന്ന പ്രഖ്യാപനം നടന്നത് തമാശയായി എടുക്കാന്‍ കഴിയുന്ന കാര്യമല്ല.

ആംആദ്മി പാര്‍ട്ടി അടക്കമുള്ള ഇപ്പോള്‍ ഏക സിവില്‍കോഡ് വാദമുയര്‍ത്തുന്നത് സംഘ്പരിവാറിന് ഹിന്ദുത്വ ഭരണഘടനയെ ഇന്ത്യന്‍ഭരണഘടനായി അംഗീകരിക്കാനുള്ള സാമൂഹ്യ സാഹചര്യമൊരുക്കാന്‍ വേണ്ടി മാത്രമാണ്. പല സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസും ഇടതുപക്ഷപാര്‍ട്ടികളും അടക്കം പല മതേതര പാര്‍ട്ടികളും വേണ്ടത്ര രാഷ്ട്രീയ വ്യക്തതയില്ലാതെ അപകടകരമായ നിലപാടുകള്‍ സ്വീകരിക്കുന്നു. സവര്‍ണ്ണ സംവരണം നടപ്പാക്കാന്‍ ബി.ജെ.പിയെക്കാള്‍ ശക്തമായി സിപിഎം വാദിച്ചത് അത്തരം ഒരപകടമാണ്. യു.എ.പി.എ പോലെ കൃത്യമായി ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുഗുണമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നിയമ നിര്‍മാണം കോണ്‍ഗ്രസ് നടത്തിയതും രാഷ്ട്രീയ വ്യക്തതക്കുറവ്‌കൊണ്ടാണ്. ഇതെല്ലാം രാജ്യത്തെ അപകട മുനനമ്പിലെത്തിച്ചിരിക്കുന്നു.

പൌരത്വ നിയമം പാസ്സാക്കിയതുപോലെ ഏകസിവില്‍കോഡും അതിവേഗം പാസ്സാക്കുക എന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. താത്കാലിക വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം വിശാല മതേതര നിലപാട് സ്വീകരിക്കാന്‍ രാജ്യത്തെ പൌരസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുകയാണ് വേണ്ടത്. വരാനിരിക്കുന്ന ഏക സിവില്‍കോഡ് എന്നത് രാജ്യത്തെ സിവില്‍ നിയമങ്ങളിലെ അസമത്വം പരിഹരിക്കാനോ വിവേചനം ഇല്ലാതാക്കാനോ ഉള്ള ഒന്നല്ല. ഹിന്ദുത്വ രാഷ്ടത്തിനായുള്ള ചുവന്ന പരവതാനിയാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply