യു എ പി എ :  സിപിഎം പ്രതിഷേധം തമാശയാകുന്നത്

ഇന്ന് എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 200ല്‍ പരം പേര്‍ക്കെതിരെയാണ് കേരളത്തില്‍ യുഎപിഎ ചുമത്തിയത്. ഇക്കാര്യത്തില്‍ ഇരുമുന്നണി സര്‍ക്കാരുകളും മത്സരിക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകകേസുകളില്‍ യുഎപിഎ ചുമത്തിയപ്പോളാണ് സിപിഎം അതിനെതിരെ രംഗത്തുവരുന്നത്. അപ്പോഴും അവര്‍ പറയുന്നത് നിയമം ദുരുപയോഗിക്കരുതെന്നാണ്. പിന്നീടാണ് അലനേയും താഹയേയും തുറുങ്കിലിട്ടത്.

കുറ്റമെന്താണെന്നുപോലുമറിയാതെ, യുഎപിഎ എന്ന ഭീകരനിയമം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന അലന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മാതാവ് സബിതാ ശേഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞ ഒരു വാചകം ഇതായിരുന്നു. കൊവിഡ് കാലത്തെ ഏറ്റവും വലിയ തമാശയാണ് യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിടടച്ച എല്ലാ രാഷ്ട്രീയതടവുകാരേയും വിട്ടയക്കുക എന്ന സിപിഎമ്മിന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പാര്‍ട്ടി 20 മുതല്‍ 26വരെ ആചരിക്കുന്ന പ്രതഷേധവാരത്തെ കുറിച്ചുള്ള പോസ്റ്ററിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. തീര്‍ച്ചയായും ഇതു തമാശതന്നെയാണ്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത്, ഏതോ ലഘുലേഖ കൈവസം വെച്ചു എന്നാരോപിച്ച് രണ്ടു വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുക, തങ്ങളുടെ നയമല്ല എന്നു പറയുന്ന യു എ പി എ അവരില്‍ ചാര്‍ത്തുക, എന്നിട്ടവരെ എന്‍ ഐ എക്ക് വി്ടടുകൊടുക്കുക. കൊവിഡ് കാലത്തും അവര്‍ തടവറയില്‍ തുടരുമ്പോള്‍ ഈ പ്രതിഷേധം തമാശയല്ലാതെയെന്താണ്?

അതേസമയം യുഎപിഎ എന്നത് തമാശയല്ല. രാജ്യം ഇന്നോളം കണ്ട ഭീകരനിയമങ്ങളില്‍ ഭീകരമാണത്. ജനകീയപ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ എന്നു ഉപയോഗിക്കുന്നത് ഭീകരനിയമങ്ങളാണല്ലോ. ജനകീയ സമരങ്ങളെ തീവ്രവാദമെന്നും രാജദ്രോഹമെന്നുമൊക്കെ ആരോപിച്ചാണ് ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുക. ഈ നിയമങ്ങളാകട്ടെ കാലത്തിനനുസരിച്ച് രൂപം മാറി കൂടുതല്‍ കൂടുതല്‍ രൂക്ഷമായി വരുകയാണ്. പോട്ടയും ടാഡയും അപ്ഫസയും കാപ്പയുമൊക്കെ യുഎപിഎയുടെ മുന്‍ഗാമികളാണ്. അപ്ഫസക്കെതിരെ മണിപ്പൂരില്‍ ഇറോം ഷര്‍മിള നടത്തിയ ഐതിഹാസിക സമരം മറക്കാറായിട്ടില്ലല്ലോ. കഴിഞ്ഞ ഒരു വര്‍ഷമായി കാശ്മീര്‍ ഇത്തരം നിയമങ്ങളുടെ തടവറയിലാണ്. ഗാന്ധിയന്‍ രീതിയില്‍ സമരങ്ങള്‍ നടത്തുന്നവരെപോലും മാവോയിസ്റ്റുകളെന്നും മുസ്ലിംതീവ്രവാദികളെന്നും മുദ്രയടിച്ചാണ് ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുന്നത്. ഇരകള്‍ മിക്കവാറും പാര്‍ശ്വവല്‍കൃതര്‍ തന്നെയെന്ന് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ. ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തു ചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവക്കുമേല്‍ ഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം. ഭരണകൂടത്തിന് രാജ്യസുരക്ഷയുടെ പേരില്‍ ഭരണഘടനക്കും മറ്റ് നിയമങ്ങള്‍ക്കും അതീതമായ അധികാരം നല്‍കുന്നു.

1967 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഈ നിയമം അതേവര്‍ഷം ഡിസംബര്‍ 30 ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഈ നിയമത്തില്‍ കൂടുതല്‍ കടുപ്പമേറിയ ഭേദഗതികള്‍ വരുത്തുകയുമുണ്ടായി. 1967ല്‍ പാസാക്കിയെങ്കിലും ഈ നിയമം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത് 2000ത്തിനു ശേഷമാണ്. വാസ്തവത്തില്‍ യുഎപിഎയുടെ ദുരുപയോഗമല്ല, ഉപയോഗം തന്നെ ദുരുപയോഗമാണ്. സര്‍ക്കാര്‍ നയങ്ങളെയും നടപടികളേയും വിമര്‍ശിക്കുന്ന ഏതൊരു വ്യക്തിയേയും സംഘടനയേയും ഭീകരരാക്കി അറസ്റ്റ് ചെയ്യുന്നതിനും പീഢിപ്പിക്കുന്നതിനും പോലീസിന് അമിതാധികാരങ്ങള്‍ നല്‍കുന്നു. ജാമ്യമില്ലാതെ ദീര്‍ഘകാലം വിചാരണത്തടവുകാരായി തടവിലിടാം. ഏറ്റവും വിചിത്രം കുറ്റാരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിയുടേതാകുന്നു എന്നതാണ്. ടാഡ, പോട്ട നിയമങ്ങളില്‍ ആ നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എ.യില്‍ അത്തരം ഒരു വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല. യു. എ.പി.എ പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കുന്നത് കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എ ആണ്.

ഇന്ന് എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 200ല്‍ പരം പേര്‍ക്കെതിരെയാണ് കേരളത്തില്‍ യുഎപിഎ ചുമത്തിയത്. ഇക്കാര്യത്തില്‍ ഇരുമുന്നണി സര്‍ക്കാരുകളും മത്സരിക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകകേസുകളില്‍ യുഎപിഎ ചുമത്തിയപ്പോളാണ് സിപിഎം അതിനെതിരെ രംഗത്തുവരുന്നത്. അപ്പോഴും അവര്‍ പറയുന്നത് നിയമം ദുരുപയോഗിക്കരുതെന്നാണ്. പിന്നീടാണ് അലനേയും താഹയേയും തുറുങ്കിലിട്ടത്. കേരളത്തില്‍ തന്നെ പല കേസുകളിലും പ്രതികള്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന് കുറ്റവാവലികളല്ല എന്നു തെളിഞ്ഞ് പുറത്തുവന്നിട്ടുണ്ട്. പാനായിക്കുളത്ത് രഹസ്യയോഗം ചേര്‍ന്ന് രാജ്യത്തിനെതിരെ കലാപം ചെയ്യാന്‍ ആഹ്വാനം ചെയ്തു എന്നാരോപിച്ച് 18 യുവാക്കള്‍, കണ്ണൂര്‍ നാറാത്ത് ടൗണിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ യോഗ പ്രാക്റ്റീസ് ചെയ്ത 21 പേര്‍ എന്നിവര്‍ ഉദാഹരണം. 10 വര്‍ഷത്തില്‍ പരം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന് നിരപരാധിയെന്നു തെളിഞ്ഞ് പുറത്തുവന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ബാഗ്ലൂരിലെ തടവാകട്ടെ പോയവാരം 10 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

അടുത്തയിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവനന എന്‍ ഐ ഐ ഭേദഗതിനിയമവും യു എ പി എ ഭേദഗതി നിയമവും അനുസരിച്ച് ആരേയും ഭീകരരായി പ്രഖ്യാപിക്കാനും സ്വത്തുകള്‍ കണ്ടുകെട്ടാനും കേന്ദ്രത്തിനു കഴിയും. അതിനുശേഷമാകട്ടെ ഇവയുടെ ഉപയോഗം വ്യാപകമായിരിക്കുന്നു. ഭീമ കോരഗോവ് സംഭവമായി ബന്ധപ്പെട്ടും അടുത്തുനടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ സമരവുമായി ബനധപ്പെട്ടും നിരവധി പേരെ തുറുങ്കിലിട്ടിരിക്കുകയാണ്. അവരില്‍ ചിന്തകരും എഴുത്തുകാരും അഭിഭാഷകരും മനുഷ്യാവകാശപ്രവര്‍ത്തകരും അംബേദ്കറൈറ്റുകളും മാധ്യമപ്രവര്‍ത്തകരമെല്ലാം ഉള്‍പ്പെടും. കൊവിഡ് കാലത്ത് രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രിം കോടതി പോലും പറഞ്ഞിട്ടുണ്ട്. എന്നാലതിനു പുല്ലുവിലപോലും കല്‍പ്പിക്കാതെ കൂടുതല്‍ കൂടുതല്‍ പേരെതുറുങ്കിലടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സിപിഎം പ്രതിഷേധം ന്യായമാണ്. എന്നാല്‍ തങ്ങളെതിര്‍ക്കുന്നു എന്നു പറയുന്ന ഒന്ന്, തങ്ങള്‍ ഭരിക്കുന്ന ഏകസംസ്ഥാനത്ത് ഉപയോഗിച്ചുകൊണ്ടുതന്നെ പ്രതിഷേധിക്കുന്നു എന്നു പറയുമ്പോള്‍ അതു തമാശയാകുന്നു എന്നു മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “യു എ പി എ :  സിപിഎം പ്രതിഷേധം തമാശയാകുന്നത്

  1. “അപ്ഫസക്കെതിരെ മണിപ്പൂരില്‍ ഇറോം ഷര്‍മിള നടത്തിയ ഐതിഹാസിക സമരം മറക്കാറായിട്ടില്ലല്ലോ.”

    അവസാനം ഇന്ത്യ നടത്തിയ തെരഞ്ഞെടുപ്പിൽ അവർ പങ്കാളിയായി ജനങ്ങൾ തൂത്തെറിഞ്ഞു. അതും കൂടി പറയൂ ……

    • തെരഞ്ഞെടുപ്പില്‍ ജയിക്കാത്തവര്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം തെറ്റാണോ..!!!

Leave a Reply