കൊല്ലണം, ആ പട്ടികളെ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

ഡെല്‍ഹിയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് എവിടെയെങ്കിലും കൂട്ടിലടക്കാനുള്ള സുപ്രിം കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ തെരുവുനായ്ക്കളെ വലിയ തോതില്‍ തല്ലിക്കൊല്ലാനാരംഭിച്ച വേളയില്‍ ഈ വിഷയത്തെ സൈദ്ധാന്തികമായും പ്രായോഗികമായും വിശകലനം ചെയ്ത് ഡോ കെ ഗോപിനാഥന്‍ എഴുത്ത് മാസികയിലെഴുതിയ ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.

ഭയചകിതനായ ഒരാളെ ഞാന്‍ ഒരിക്കലും കൈവിടില്ല. എന്നില്‍ അര്‍പ്പിക്കപ്പെട്ട ഒരുവനെയോ എന്റെ സംരക്ഷണം തേടുന്നവനെയോ മുറിവേറ്റവനേയോ അഗതിയേയോ സ്വരക്ഷക്ക് പ്രാപ്തിയില്ലാത്തവനെയോ എന്റെ അവസാന ശ്വാസംവരെയും അത്തരത്തിലുള്ള ഒരാളെ ഞാന്‍ ഉപേക്ഷിക്കില്ല (യുധിഷ്ഠിരന്‍ – മഹാ പ്രസ്ഥാന പര്‍വ്വം, മഹാഭാരതം പുസ്തകം 17.3)

ആഴ്ചകളായി പത്ര-ദൃശ്യമാധ്യമങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു ആക്രോശമാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകം. നമുക്കിടയില്‍ അപൂര്‍വമായി മാത്രം കാണാറുള്ള പൊതുസമ്മതിയാണ് ഈ കൊലവിളിയിലൂടെ പ്രകടമാകുന്നത്. മനുഷ്യരുമായി ഏറ്റവും നന്നായി ഇണങ്ങിയ ഒരു മൃഗത്തെ കൊന്നൊടുക്കാനാണ് എല്ലാവരും വീറോടെ വാദിക്കുന്നത്. (മൃഗസ്‌നേഹികള്‍ എന്ന് ആക്ഷേപിക്കപ്പെടുന്ന ഒരു ചെറുവിഭാഗത്തിന്റെ ക്ഷീണിച്ച പ്രതിരോധം ഒഴിവാക്കിയാല്‍). ‘കൊല്ലണം, ആ പട്ടികളെ’ എന്നത് ഒരു മനോഭാവമാണ്. അതിനു പുറകില്‍ പ്രവര്‍ത്തനക്ഷമമാകുന്ന അബോധപ്രേരണകള്‍ എന്തെല്ലാമാവാം? ”പട്ടികളാ’യി പരിഗണിക്കപ്പെടുന്ന മനുഷ്യവിഭാഗങ്ങളും ഇതര ജീവിവര്‍ഗ്ഗങ്ങളുമടങ്ങുന്ന സര്‍വ ചരാചരങ്ങളോടുമുള്ള ഒരു നാഗരികതയുടെ മനോഭാവം ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ‘കൊല്ലണം, ആ പട്ടികളെ’ എന്ന പൊതുസമ്മതി സാധ്യമാക്കുന്ന മനോനിലകള്‍ ഏതൊക്കെ ദിശകളിലേക്കായിരിക്കും നമ്മുടെ ആലോചനകളെ നയിക്കുക?

”പണ്ടുപണ്ട്, ഓന്തുകള്‍ക്കും മുമ്പ്, ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ട് ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി അസ്തമയത്തിലാറാടി നിന്ന ഒരു താഴവരയിലെത്തി. പച്ചപിടിച്ച താഴ്‌വര. വലിയ ബിന്ദു അവിടെനിന്നു തന്റെ മുമ്പില്‍ നീണ്ടുകിടക്കുന്ന അനന്തപഥങ്ങളിലേക്ക് നോക്കി. ചെറിയ ബിന്ദു പറഞ്ഞു: ”എനിക്ക് പോകണം’ നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു. മറക്കില്ല, അനുജത്തി പറഞ്ഞു. മറക്കും, ഏട്ടത്തി പറഞ്ഞു. അനുജത്തി നടന്നകന്നു. നിന്നിടത്തുനിന്ന് ഏട്ടത്തി വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. ചേച്ചി പറഞ്ഞതുപോലെതന്നെ സംഭവിച്ചു. അനുജത്തി ചേച്ചിയെ മറന്നു. താഴ്‌വരയിറങ്ങി, അനന്തപഥങ്ങളിലു ടെയുള്ള പ്രയാണങ്ങള്‍ക്കൊടുവില്‍ അവള്‍ ഇതാ. ഇവിടെയെത്തി. അവള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഈ യുഗത്തിന് ഭൗമശാസ്ത്രജ്ഞര്‍ ഇട്ടിരിക്കുന്ന പേരാണ് ആന്ത്രോപോസീന്‍ (anthropocene), ഭൗമചരിത്രത്തിലെ ഒരു പുതിയ ഘട്ടം. ഭൂമിയുടെ ഗതിവിഗതികളെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കെല്പുള്ള ഭൗമശക്തിയായി മനുഷ്യന്‍ മാറിയ കാലം. അനന്തമായ താഴ്‌വാരങ്ങളും, അന്തമില്ലാത്ത കയങ്ങളും താണ്ടിയുള്ള പരിണാമത്തിനൊടുവില്‍ ചെറിയ ജീവബിന്ദു അതിന്റെ മരണവുമായി മുഖാമുഖം നില്‍ക്കുന്നു. വഴിമാറിയുള്ള അലച്ചിലുകള്‍ക്കൊടുവില്‍ സ്വന്തം മരണത്തില്‍ത്തന്നെ എത്തിപ്പെട്ട ഈഡിപ്പസിനെപോലെ മണ്ണില്‍, ആഴത്തിലും പരപ്പിലും, വേരുകള്‍ പടര്‍ത്തി അമര്‍ന്നിരിക്കുന്ന; പ്രത്യേകിച്ച് എവിടേയ്ക്കും പുരോഗമിക്കാത്ത ചേച്ചിയുടെ പിന്‍മുറക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. അനിയത്തി നീയെന്നെ മറന്നു. അതു കേള്‍ക്കാനാവാത്ത വിധം രണ്ടുപേര്‍ക്കുമിടയില്‍ ഒരു വിള്ളലായി കാലം.

തങ്ങളും മൃഗങ്ങളാണ്. പ്രകൃതിയുടെ തുടര്‍ച്ചയാണ് എന്നത് മറന്ന് അനിയത്തിയുടെ പിന്‍മുറക്കാര്‍ പ്രയാണം തുടര്‍ന്നു. കൊന്നും ചത്തും പുരോഗമിച്ചു. വികസിച്ചു. പരിണാമ പാച്ചിലിലുടനീളം ആധാരശ്രുതിയായി കൊല്ലണം, ആ പട്ടികളെ എന്ന വായ്ത്താരി മുഴങ്ങിയിരുന്നു. എതിരെ വരുന്ന എന്തിനും നേരെ അവര്‍ അലറി. ഫ പട്ടി. അവയെല്ലാം നീചവും ക്ഷുദ്ര വുമായിരുന്നു. നശിപ്പിക്കപ്പെടേണ്ടവ. കൊന്നും വെന്നും മുന്നേറി. ഈ അതീതയുക്തിയില്‍ എല്ലാവരും ഐക്യപ്പെട്ടു. ഭരിക്കുന്നവരും വിപ്ലവകാരികളും. മതങ്ങളും സെക്കുലര്‍ പ്രത്യയശാസ്ത്രങ്ങളും. യേശുവിനുനേരെ ആഞ്ഞടുത്ത യഹൂദരും പറഞ്ഞു: ”കൊല്ലണം, ആ… കുരിശുയുദ്ധങ്ങളില്‍ ഇരുവിഭാഗങ്ങളും പരസ്പരം ആക്രോശിച്ചു: ”കൊല്ലണം, ആ പട്ടികളെ.’ സ്ത്രീകള്‍, ദളിതര്‍, അശരണര്‍, ഭിന്നലൈംഗികര്‍, ന്യൂനപക്ഷങ്ങള്‍, പ്രതിവിപ്ലവകാരിക…. പട്ടികളാക്കപ്പെട്ട മനുഷ്യവിഭാഗങ്ങളുടെ നിര നീണ്ടതാണ്. തെരുവുപട്ടികളും തെരുവില്‍ തള്ളപ്പെട്ടവരാണ്. ”തെരുവില്‍ ഒരു നായ ഇല്ല. തെരുവിലാക്കപ്പെട്ട നായയാണുള്ളത്.” ഡോ. നാരായണന്‍ സാക്ഷ്യപ്പെടുത്തുന്നു. ആഘോഷിക്കപ്പെടുന്ന നേട്ടങ്ങള്‍ക്കും, സംസ്‌കാരങ്ങള്‍ക്കും സമാന്തരമായി നിഷ്ഠൂരതകളുടേയും നൃശംസതകളുടേതുമായ ഒരു ചരിത്രമുണ്ട്. മനുഷ്യരല്ലാത്ത (അധികാരത്തിന് പുറത്തുള്ള) എല്ലാ ‘പട്ടി’കളുടെയും ചോരയില്‍ കുതിര്‍ന്ന ചരിത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കൊന്നു തന്നെയാണ് മനുഷ്യന്‍ എന്നും മുന്നേറിയിട്ടുള്ളത്. സഹമൃഗജാതികളെ, മരങ്ങളെ, പുഴകളെ, കുന്നുകളെ, വായുവിനെ, വെള്ളത്തെ, പ്രകൃതിയെ… എല്ലാറ്റിനേയും നാം കൊന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും. സമത്വസുന്ദരമായ സോഷ്യലിസ്റ്റ് സമൂഹ നിര്‍മ്മാണവും ലക്ഷക്കണക്കിന് ‘പട്ടികളെ’യാണ് കൊന്നൊടുക്കിയത്. അധികാരത്തിനെതിരെ കുരച്ച എല്ലാ ‘പട്ടികളും’ നിഷ്‌കരുണം അമര്‍ച്ച ചെയ്യപ്പെട്ടു. 1984ലെ ദല്‍ഹി. 2002ലെ ഗുജറാത്ത്….. സഭ്യമായി വിളിച്ചു പറയാവുന്ന ഏറ്റവും വലിയ അസഭ്യം ഇന്നും ‘ഫ പട്ടീ’ എന്നുതന്നെ. എന്നിട്ടും പോകാത്ത പട്ടികളെ കൂട്ടത്തോടെ കൊന്ന് വംശനാശം ഉറപ്പുവരുത്തി. ഹിറ്റ്‌ലര്‍ ചെയ്തതുപോലെ പോള്‍പോട്ട് ചെയ്തതുപോലെ അമേരിക്ക റെഡ് ഇന്ത്യന്‍സിനോട് ചെയ്തതുപോലെ പട്ടിയെപോലെ തല്ലിക്കൊന്നു എല്ലാത്തിനേയും. നേരത്തെ സൂചിപ്പിച്ച മറവിരോഗം മൂര്‍ദ്ധന്യത്തിലെത്തിയ ചരിത്രനിമിഷങ്ങള്‍. വെറുതെയല്ല, വിസ്മൃതിയില്‍ ഒരു മൃതി, മരണം ഭാഷ ഒളിച്ചുവെച്ചത്. മറവി മരണമാണ്. അത് കൊലപാതകങ്ങളിലേക്ക് നയിക്കുന്നതാണ്. മനുഷ്യനും മൃഗം തന്നെ, പ്രകൃതി തന്നെ എന്ന മറവിയും.

തിരുത്ത് സാധ്യമല്ലാത്ത അളവില്‍ കുമിഞ്ഞുകൂടിയ നമ്മുടെ തെറ്റുകള്‍ / മാലിന്യങ്ങള്‍ ഭൂമിയില്‍ മനുഷ്യന്റെ, ജീവജാലങ്ങളുടെ വാഴ്‌വ് അസാധ്യമാക്കുന്ന ഘട്ടത്തെയാണ് ആന്ത്രോപോസീന്‍ അടയാളപ്പെടുത്തുന്നത്. ”നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ദാര്‍ശനികമാണ്. ഈ നാഗരികത ഇതിനകം തന്നെ മൃതിയടഞ്ഞിരിക്കുന്നു എന്ന അറിവ് (റോയ്‌സ്‌ക്രാന്റണ്‍), വിനയത്തോടെ ഈ അറിവിനോട് രാജിയാകുക മാത്രമാണ് നമുക്കിനി ചെയ്യാനാവുക. അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഈ കാലത്തില്‍ ജീവിക്കുകയെന്നാല്‍ എങ്ങനെ മരിക്കണം എന്ന് പഠിക്കലാണ്. മരിച്ചു കഴിഞ്ഞ മനുഷ്യന്‍, അപ്പോഴും അലറുകയാണ്. ‘കൊല്ലണം ആ പട്ടികളെ’ തനിക്കെതിരെ നിന്ന പട്ടികളെയെല്ലാം കൊന്നൊടുക്കി കെട്ടിപ്പൊക്കിയ നാഗരികതകളെല്ലാം സ്വന്തം വിനാശത്തിലേക്കാണ് സഞ്ചരിച്ചിട്ടുള്ളതെന്നത് ചരിത്രസാക്ഷ്യമാണ്. എലികള്‍ക്കും, പാമ്പുകള്‍ക്കും മറ്റു സൂക്ഷ്മ – സ്ഥൂല ജീവികള്‍ക്കും ആവാസമായി ഒടുങ്ങിയവയാണ് എല്ലാ കോട്ടകളും കൊത്തളങ്ങളും. ധര്‍മ്മവും നീതിയും ചതിയും മാറി മാറി പ്രയോഗിച്ച് ‘പട്ടികളെയും’ കൊന്നൊടുക്കി നേടിയ വിജയത്തിലും പാണ്ഡവരെ കാത്തിരുന്നത് മഹാപ്രളയമാണ്. സര്‍വ്വനാശം. വിജയികളും പരാജിതരും ആ കുത്തൊഴുക്കില്‍ ഒഴുകിയില്ലാതായി. കണങ്കാലിലേറ്റ വേടന്റെ അമ്പിലാണ് ഭഗവാന്റെ അടിതെറ്റിയത്. ഏത് അവതാര പുരുഷനും, നാഗരിക തക്കുമുണ്ട് മരണം ഒളിച്ചു പാര്‍ക്കുന്ന ഒരു അക്കിലസ് ഹീല്‍. തന്റെ മൃഗീയതയുടെ (മൃഗീയതയുടെതന്നെ), പ്രാകൃതിക സ്വത്വത്തിന്റെ മറവിയിലാണ് മനുഷ്യന്റെ മരണം ഒളിച്ചു പാര്‍ക്കുന്നത്.

സുന്ദര നഗരമായ ദ്വാരകയെ പ്രളയജലം വിഴുങ്ങുന്ന, അകം പിളര്‍ക്കുന്ന കാഴ്ചയും കണ്ടാണ് പാണ്ഡവര്‍ പാഞ്ചാലി സമേതരായി മഹാപ്രസ്ഥാനമാരംഭിക്കുന്നത്. നഷ്ടസാമ്രാജ്യങ്ങളുപേക്ഷിച്ച് യാത്രയാരംഭിച്ച അവരുമായി ഒരു തെരുവുനായ ചങ്ങാത്തത്തിലായി. സഹജസ്വഭാവത്തിന്റെ പ്രേരണയില്‍ അതും അവരെ പിന്തുടര്‍ന്നു. സ്വര്‍ഗ്ഗ-നരകങ്ങള്‍ അതിന്റെ ലക്ഷ്യങ്ങളായിരുന്നില്ലെങ്കില്‍ കൂടി. മോക്ഷമാര്‍ഗത്തില്‍ ആദ്യം തളര്‍ന്നുവീണത് ദ്രൗപദിയായിരുന്നു. പിന്നീട് സഹദേവനും നകുലനും നാലാമതായി അര്‍ജുനന്‍. എന്തുകൊണ്ട് ദ്രൗപദി ആദ്യം? ജ്ഞാനിയായ ജ്യേഷ്ഠന്‍ യുധിഷ്ഠിരനോട് ഭീമന്‍ തിരക്കുന്നു. മറുപടി. പക്ഷപാതം എന്ന പാപം. അര്‍ജുനനോടുള്ള അവളുടെ പക്ഷപാതമാണ് അവളുടെ പതനത്തിന് കാരണം. അതുല്യജ്ഞാനിയാണെന്നും, സൃഷ്ടികളില്‍ ഏറ്റവും സുന്ദരന്‍ താനാണെന്നുമുള്ള സഹദേവ നകുലാദികളുടെ തണ്ടും പൊങ്ങച്ചവുമാണ് അവരെ വീഴ്ത്തിയത്. ഭൂമിയിലെ ഏറ്റവും കരുത്തന്‍ താനാണെന്ന അഹങ്കാരമാണ് അര്‍ജുനന്റെ വീഴ്ചയ്ക്ക് കാരണം. യുധിഷ്ഠിരനും ഭീമനും നായയും യാത്ര തുടര്‍ന്നു. ഭീമനെ തളര്‍ച്ച ബാധിച്ചു തുടങ്ങി. ആസന്ന മൃത്യുവിന്റെ ഈറന്‍ സ്പര്‍ശമറിഞ്ഞ ഭീമന്‍ വിഷാദിയായി. എന്തുകൊണ്ട് ഞാന്‍? എന്റെ പാപമെന്താണ്? ഉപഭോഗാസക്തി, യുധിഷ്ഠിരന്‍ വ്യക്തമാക്കി. ഭക്ഷണത്തോടുള്ള അത്യാര്‍ത്തിയില്‍ സഹജീവികളുടെ വിശപ്പിനെക്കുറിച്ച് നീ ചിന്തിച്ചതേയില്ല. ഭീമാ അതാണ് നിന്റെ പാപം. മനുഷ്യനോടുള്ള പക്ഷപാതം, ബുദ്ധിയിലും ശക്തിയിലും ഏറ്റവും കേമനാണെന്ന അഹങ്കാരം. ഹാ മനുഷ്യന്‍! എത്ര സുന്ദരമായ പദം എന്ന ആത്മരതി. ഇതര ജീവജാലങ്ങളും നമുക്കിടയിലെ തന്നെ ബഹുഭൂരിപക്ഷം ദരിദ്ര നാരായണന്മാരുമായും ഭക്ഷണം, വിഭവങ്ങള്‍ പങ്കിടാതിരിക്കല്‍ – ഇതൊക്കെയാണ് മനുഷ്യപതനത്തിന്റെ കാരണങ്ങള്‍. യുധിഷ്ഠിരനും നായയും ബാക്കിയായി. ഹിമാലയത്തിലെ മഹാമേരു പര്‍വതത്തില്‍ നിന്നാണ് സ്വര്‍ഗാരോഹണം. അദ്ദേഹം ലക്ഷ്യത്തിലേക്ക് നടന്നു. നാല് സഹോദരങ്ങളുടെയും പ്രിയപത്‌നിയുടെയും വിയോഗത്തിലെ വിഷാദം പങ്കിട്ടും, സാന്ത്വന സ്പര്‍ശമായും നായ ഒപ്പമുണ്ട്. യുധിഷ്ഠിരനു മുമ്പില്‍ രഥവുമായി ഇന്ദ്രന്‍ വന്നു നിന്നു. ഇനിയും കാല്‍നടയുടെ ആവശ്യമില്ല. എന്റെ രഥമേറിയാലും. നമുക്ക് രണ്ടുപേര്‍ക്കും ഒന്നിച്ചു സ്വര്‍ഗത്തിലേക്ക് യാത്രയാവാം. യുധിഷ്ഠിരന്റെ മറുപടി ഇതായിരുന്നു. ”എന്റെ സഹോദരങ്ങള്‍ക്കും ദ്രൗപദിക്കുമില്ലാത്ത സ്വര്‍ഗം എനിക്കും വേണ്ട’. അവരെല്ലാം എപ്പോഴേ സ്വര്‍ഗത്തിലെത്തിയതായി ഇന്ദ്രന്‍ അറിയിക്കുന്നു. ”എങ്കില്‍, ഈ വഴി യാതയിലുടനീളം ഒന്നിനും വേണ്ടിയല്ലാതെ എന്റെ സുഖദുഃഖങ്ങളില്‍ അനുഗമിച്ച ഈ തെരുവുനായ എനിക്കു മുമ്പു രഥത്തില്‍ കയറട്ടെ’ യുധിഷ്ഠിരന്‍ പറഞ്ഞു. തന്റെ രഥത്തില്‍ നായകള്‍ക്ക് പ്രവേശനമില്ലെന്നറിയിച്ച ഇന്ദ്രനോട് യുധിഷ്ഠിരന്‍ ഇപ്രകാരം പറഞ്ഞു: ‘ഈ നായ എന്റെ ചങ്ങാതിയാണ്. ഇതിനെ ചതിക്കുന്നത്, ഉപേക്ഷിക്കുന്നത് മഹാപാപമാണ്.” ”സ്വന്തം സന്തോഷം മാത്രം പരിഗണിച്ചാല്‍ മതി, നായയെ ഉപേക്ഷിച്ച് അങ്ങ് രഥമേറണം. അത് തെരുവിലേക്കുതന്നെ തിരിച്ചുപൊയ്‌ക്കൊള്ളും.” എന്ന് നിര്‍ബന്ധിച്ച ഇന്ദ്രനോട് യുധിഷ്ഠിരന്റെ മറുപടി ഇങ്ങനെ ”ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ സ്വാര്‍ത്ഥസുഖത്തിനായി, സഹജീവിയും ചങ്ങാതിയുമായ നായയെ എനിക്ക് ഉപേക്ഷിക്കാനാവില്ല. ഈ പാവം ജീവിയെ ചതിച്ച് ലഭിക്കുന്ന ഏത് സ്വര്‍ഗവും എനിക്ക് സ്വസ്ഥമായ ഇടമാവില്ല.” സഹജീവിയോടുള്ള പ്രതിജ്ഞാബദ്ധതയില്‍ തൃപ്തനായ യമന്‍ നായവേഷം മാറ്റി, തത്സ്വരൂപത്തില്‍ യുധിഷ്ഠിരനെ സ്വര്‍ഗത്തിലേക്ക് യാത്രയാക്കി എന്നാണ് കഥ.

മനുഷ്യനുമായി ഏറ്റവുമാദ്യം ഇണങ്ങിയ മനുഷ്യേതര മൃഗമാണ് പട്ടി. നാല്‍പതിനായിരം കൊല്ലങ്ങള്‍ക്കുമുമ്പ് യൂറോപ്യയിലെ കുറ്റിയറ്റുപോയ ഒരു ചെന്നായ് വംശത്തില്‍നിന്ന് ഡൊമസ്റ്റിക്കേഷന്‍ വഴി പരിണമിച്ചതാണ്. മനുഷ്യരുടെ പെരുമാറ്റങ്ങളുമായി സവിശേഷമായ സമരസപ്പെടലിന് ഇത് അവസരമൊരുക്കി. പിന്നീടങ്ങോട്ട്, ഇക്കാലമത്രയും മനുഷ്യരുടെ ദൈനം ദിന ജീവിതത്തില്‍ സന്തതസഹചാരിയായി, സഹായിയായി, നിഴലുപോലെ ഈ ജീവിയുമുണ്ട്. വേട്ടയാടാന്‍, കന്നുകാലി കൂട്ടങ്ങളെ മേയ്ക്കാന്‍, ഭാരവണ്ടി വലിക്കാന്‍, ശത്രുക്കള്‍ക്കെതിരെ പോരാടാന്‍, ഏകാന്തതയില്‍ കൂട്ടിരിക്കാന്‍, കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കാന്‍. അങ്ങനെ പലവിധത്തില്‍ ഈ ജീവി മനുഷ്യന് ഉപകാരിയായിട്ടുണ്ട്. ഉപാധികളില്ലാത്ത സ്‌നേഹമാണ് നായ മനുഷ്യന് നല്‍കുന്നത്. കള്ളനെയും കൊലപാതകിയേയും മണത്ത് പിടിക്കാന്‍ പൊലീസിന് കൂട്ടായി, വിനാശകാരികളായ ബോംബുകളുടെ സാന്നിധ്യം മണത്തറിയാന്‍, മിലിട്ടറി ഇന്റലിജന്‍സിന്റെ അവിഭാജ്യഘടകമായി, അംഗവൈകല്യമുള്ളവര്‍ക്ക് സഹായിയായി, പല ജനവിഭാഗങ്ങള്‍ക്കും ഭക്ഷണമായി.. അങ്ങനെ ഏതെല്ലാം റോളുകളില്‍ മനുഷ്യാശ്രിതനായ ഈ ജീവി മനുഷ്യനൊപ്പമുണ്ട്. സഹസ്രാബ്ദങ്ങളായി. അങ്ങനെയാണ് പട്ടി മനുഷ്യന്റെ ഏറ്റവും നല്ല ചങ്ങാതിയായത്. വളര്‍ത്തു പട്ടിയും, ചെന്നായും കുറുക്കനുമടങ്ങുന്ന കനിസ് ഫാമിലിയാറിസില്‍ (Canis Familiaris) പെടുന്നതാണ് പട്ടിയും. ഇവ ഒരേസമയം ഇര പിടിയരും തോട്ടി വേലക്കാരുമാണ്. വേണ്ടത്ര ചത്ത/മാംസം ലഭ്യമല്ലാതെ വരുമ്പോള്‍ അവ ഇര പിടിയരായി മാറുമെന്നത് അതിന്റെ സിദ്ധപ്രകൃതിയാണ്. മനുഷ്യരുമായുള്ള സഹവാസം അതിന്റെ ശീലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ വന്യഭാവം മയപ്പെടുന്നുണ്ട്. ഈ ബന്ധം മുറിയുമ്പോള്‍, മനുഷ്യസമൂഹങ്ങളില്‍ നിന്ന് ഒറ്റപ്പെടുമ്പോള്‍, പുറന്തള്ളപ്പെടുമ്പോള്‍ നായ്ക്കള്‍ അവയുടെ ചെന്നായ് ഭാവങ്ങളിലേക്ക് മടങ്ങിപ്പോകാനിടയുണ്ട്.

കഴിഞ്ഞ കുറെ കാലത്തിനുള്ളിലായി മലയാളികളുടെ ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങള്‍, സസ്യേതര വിഭവങ്ങള്‍ക്കുണ്ടായിട്ടുള്ള മേല്‍ക്കൈ, പട്ടികളുടെ ആഹാരക്രമത്തിലും സ്വഭാവങ്ങളിലും സാരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നാം നല്‍കുന്നതും, നമ്മുടെ ഉച്ഛിഷ്ടവും തിന്നാണല്ലോ അവ വളരുന്നത്. പ്രത്യേകിച്ചും സമ്പന്ന മധ്യവര്‍ഗ്ഗങ്ങളുടെയും, പൊതുവിലുള്ള ഉപഭോഗാസക്തിയുടെയും ഫലമായി കുമിഞ്ഞുകൂടുന്ന എച്ചില്‍ ഒരു സാമൂഹ്യപ്രശ്‌നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതുമുഴുവന്‍ തള്ളുന്നത് തെരുവോരങ്ങളിലും, കടല്‍ – പുഴയോരങ്ങളിലും, പാടത്തും പറമ്പുകളിലുമാണ്. ഭക്ഷണം സുലഭമായ തെരുവോരങ്ങളാണ് തെരുവുപട്ടികളെ സൃഷ്ടിക്കുന്നത്, അവയുടെ പെരുപ്പത്തിന് സാഹചര്യമൊരുക്കുന്നത്. കീടനാശിനികളും, കൃത്രിമ രാസപദാര്‍ത്ഥങ്ങളും മാംസവും സുലഭമായിരിക്കുന്ന നമ്മുടെ ഭക്ഷണത്തിന്റെ ബാക്കി തിന്നുന്ന പട്ടികളുടെ സ്വഭാവഘടനയില്‍, ഇവയെല്ലാം ചേര്‍ന്ന് വരുത്തുന്ന മാറ്റങ്ങള്‍ പഠിക്കപ്പെടേണ്ടതുണ്ട്. മനുഷ്യന്റെ ഭാവപ്രകൃതിയില്‍ ഈ പുതിയ ഭക്ഷണക്രമം കൊണ്ടുവരുന്ന സൂക്ഷ്മവ്യതിയാനങ്ങളും പഠിക്കപ്പെടേണ്ടതുതന്നെ. അന്നമാണല്ലോ ജീവിയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. മാലിന്യ നിര്‍മ്മാര്‍ജനത്തിന്, ശാസ്ത്രീയ-നൈതിക മാനദണ്ഡങ്ങളൊന്നുമില്ലാതെ, പരിസരങ്ങളെ മാലിന്യകൂമ്പാരങ്ങളാക്കി മാറ്റി. ബോംബെ നഗരത്തില്‍ മാത്രം 500 ടണ്‍ മാലിന്യമാണ്, ശേഖരിക്കപ്പെടാതെ ദിവസംതോറും കുമിഞ്ഞുകൂടുന്നതെന്നാണ് കണക്ക്. ഈ തെരുവുപട്ടികളും, കാക്കകളും, എലികളും, പെരുച്ചാഴികളും കൂടി നമ്മുടെ തെരുവുകളില്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ മാലിന്യ പ്രശ്‌നം എത്രയോ മടങ്ങ് രൂക്ഷമായിരിക്കും.

കൊല്ലുന്നത്, എന്തിനും ഏതിനും പരിഹാരമായി കാണുന്ന ഒരു ജനത അടിസ്ഥാനപരമായി രോഗാതുരമാണ്. ജീര്‍ണമാണ്. ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും വധശിക്ഷ തങ്ങളുടെ നീതിന്യായവ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത് വൈകിയുണ്ടായ ഈ തിരിച്ചറിവില്‍ നിന്നാണ്. ”ഭൂമിയിലുള്ള ജീവികളെ മുഴുവന്‍ കൊന്നൊടുക്കി മനുഷ്യന് മാത്രമായി സുഖ മായി ജീവിക്കാമെന്ന ചിന്തയാണ് മാറേണ്ടത്. ഗാന്ധിജിക്കും അതുപോലെയുള്ള വിവേകികള്‍ക്കും അത് അറിയാമായിരുന്നു. ബോധത്തിലുണ്ടാവുന്ന അത്തരം ഉണര്‍വുകളാണ് ഗൗതമനെ ബുദ്ധനാക്കുന്നത്. പുല്ലും പുഴുവും പട്ടിയും പൂച്ചയും അടക്കം സര്‍വചരാചരങ്ങളും അവരുടെ ചിന്തയ്ക്ക് വിഷയങ്ങളായിരുന്നു.

പ്രപഞ്ചസങ്കല്പനത്തെ സംബന്ധിച്ച് ആധുനികതയുടെ കാഴ്ചപ്പാടിലുണ്ടായ മൗലികമായ വ്യതിയാനമാണ് മനുഷ്യനെ കേന്ദ്രത്തില്‍ നിര്‍ത്തി, ഇതരജീവിവര്‍ഗങ്ങളെയെല്ലാം അരികുവല്‍ക്കരിച്ചത്. സ്വന്തം ഭാഗധേയം സ്വയം നിര്‍ണ്ണയിക്കാനാവുമെന്ന ആത്മവിശ്വാസമാണ് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടിയെ നയിച്ചത്. താനൊഴികെ മറ്റെല്ലാം തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവ. കര്‍ത്തൃത്വശേഷി മനുഷ്യനുമാത്രം ലഭിച്ച അനുഗ്രഹം. ധിഷണയും അതിന്റെ ഉപപിറപ്പായ സ്വതന്ത്ര ഇച്ഛയും നമുക്കു മാത്രമുള്ള സിദ്ധികള്‍. പരിധികളും, ഇടപെടലുകളുമില്ലാതെ ആപേക്ഷികമല്ലാതെ സ്വതന്ത്രചിന്തയെ സ്വന്തം വാഴ്‌വിന്റെ ആസ്പദമായി തെറ്റിദ്ധരിച്ചു. പ്രകൃതിയും അതിലെ പ്രതിഭാസങ്ങളും ഇതരജീവജാലാദികളും ജഡപദാര്‍ത്ഥത്തിന്റെ യാന്ത്രിക സ്വരൂപങ്ങള്‍ മാത്രം. വെറും ‘പട്ടികള്‍’. അവയെ സ്വന്തം ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക മാത്രം. കാപ്പിറ്റലിസ്റ്റ് പ്രത്യയശാസ്ത്രം ഉല്പാദിപ്പിച്ച ഈ ബോധമണ്ഡലത്തിലാണ് ആധുനികത നിലയുറപ്പിച്ചത്. പ്രകൃതിയും ഇതര ജീവിവര്‍ഗ്ഗങ്ങളുമായി നൈതികതയിലൂന്നിയ ബന്ധമെന്ന പേഗന്‍ സങ്കല്പനം പഴഞ്ചനും പിന്തിരിപ്പനുമായി. ഇതരജ്ഞാനോല്പാദന പദ്ധതികളും മാതൃകകളും അസാധുവായി. ഇതര ജീവികളെയെല്ലാം അവക്ക് ആത്മാവില്ലാത്തതിനാല്‍, ഭക്ഷണത്തിനും വിനോദത്തിനുമായി നിഷ്‌കരുണം, പാപചിന്തയില്ലാതെ കൊന്നൊടുക്കുകയുമാവാം. ഇതേ യുക്തിയാണ് സാമൂഹ്യജീവിതത്തിലെ പട്ടികളാക്കപ്പെട്ട മനുഷ്യവിഭാഗങ്ങളോടുള്ള സമീപനത്തിലും പ്രയോഗിക്കപ്പെട്ടത്. സര്‍വചരാചരങ്ങളുമടങ്ങുന്ന ഒരു ശൃംഖലയ്ക്കകത്ത് മാത്രം സാധ്യമാകുന്നതാണ് മനുഷ്യന്റെ ഉണ്മ എന്ന വസ്തുത മറന്നുകൊണ്ടുള്ള വാഴ്‌വ്.

പരിസര പ്രകൃതിയില്‍നിന്ന് സ്വയം ഇങ്ങനെ അടര്‍ന്നു മാറിയ മനുഷ്യവ്യക്തിയുടെ ധ്യാനാത്മകതയില്‍ സംഭവിക്കുന്ന വെളിപാടുകളായി ചിന്തയെ കാല്പനികവല്‍ക്കരിച്ചത് ബൂര്‍ഷ്വാ മോഡേണിറ്റിയാണ്. പ്രകൃതിദുരന്തങ്ങള്‍ എന്നതിലുപരി ഇവയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ദാര്‍ശനിക മാനങ്ങള്‍ തിരയുകയാണ് അമിതാവ് ഘോഷ് തന്റെ പുതിയ പുസ്തകത്തില്‍. ചിന്ത യെന്നത് അപ്പുറത്തു നില്‍ക്കുന്ന വസ്തുവിനെക്കുറിച്ച് ഇപ്പുറത്തിരിക്കുന്ന മനുഷ്യവ്യക്തിയുടെ ഒരു സ്വച്ഛന്ദ വ്യവഹാരമല്ലാതാവുന്നു. ഇതരസത്തകളില്‍ നാം ചിന്തിക്കപ്പെടുക കൂടിയാണ്. സ്റ്റാനിസ്ലാവ് ലെമ്മിന്റെ സൊളാരിസുപോലെ നമ്മുടെ ഭൂമിയും മനോവ്യാപാരങ്ങളിലിടപെടുന്ന, അതിനെ മാറ്റിമറിക്കുന്ന ഒരു ഗൃഹമാണെന്ന് വരുമോ? ഘോഷ് തന്റെ കൗതുകം പങ്കുവെക്കുകയാണ്. ചേച്ചിയെ മറന്നുള്ള യാത്രയിലെന്നോ നഷ്ടപ്പെട്ട പ്രകൃതിയിലെ മനുഷ്യേതര സത്തകളുമായുള്ള വിനിമയത്തിന്റെ ലിങ്ക് പുനഃസ്ഥാപിക്കപ്പെടുകയാണോ?

‘കൊല്ലണം, ആ പട്ടികളെ.’ ഇന്നലെയും ഒരു വീട്ടമ്മയെ, ഒരു കുഞ്ഞിനെ കടിച്ചുകീറി കൊന്നു. ദശലക്ഷക്കണക്കിന് ജീവജാലങ്ങളെയും, ഇതരമൃഗങ്ങളെയും വംശനാശം വരുത്തിയ ഒരു മൃഗമാണ് പരാതിപ്പെടുന്നത്. അളവുകോലുകള്‍ ഏതു വെച്ചളന്നാലും മനുഷ്യനോളം അക്രമവാസനയുള്ള, കൊലപാതകിയും ഫാസിസ്റ്റുമായ ഒരു ദുഷ്ടജന്തു ഭൂമിയില്‍ പിറന്നിട്ടില്ല. സ്വന്തം എച്ചില്‍പോലും കൈകാര്യം ചെയ്യാനറിയാത്ത ഒരു ജീവി! ശരിയാണ് ഈ ജീവിയെ നിലയ്ക്കുനിര്‍ത്താന്‍ വന്ധ്യംകരണം മതിയാകാതെ വരും. മാലിന്യനിര്‍മാര്‍ജ്ജനവും മതിയാവില്ല. അതിനെയെല്ലാം അതിജീവിച്ച് (പട്ടിയെപോലെ) പെറ്റുപെരുകി, ഭൂമിക്ക് താങ്ങാവുന്നതിലുമധികമായി; ഈ ഗൃഹത്തിനെ ഇഞ്ചോടിഞ്ച് കോളണിയാക്കി മാറ്റി, അന്യഗൃഹങ്ങളിലേക്ക് വ്യാപിക്കാനിരിക്കുന്ന ഈ ഇരുകാലിയെ നിയന്ത്രിക്കാന്‍ വഴിയെന്താണ്? ‘കൊല്ലണം, ആ പട്ടികളെ !

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജലത്തില്‍ കാളകൂടവിഷങ്ങള്‍ കലക്കിയും, അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പമ്പുചെയ്തും, വനങ്ങളും നദീതടങ്ങളും ഇല്ലായ്മ ചെയ്തും ഭൂമിയിലെ മനുഷ്യന്റെ തോന്നി(യ)വാസം തുടരാമെന്ന് വ്യാമോഹത്തിന് അടിസ്ഥാനമില്ല. ജിയോഫിസിസിസ്റ്റ് ഡേവിഡ് ആര്‍ച്ചറുടെ 2009ലെ പുസ്തകത്തിന്റെ പേര് ശ്രദ്ധേയമാണ്. The Long Thaw; How Humans are Changing the Next 100000 Years of Earth’s Climate. അതുകൊണ്ട് നമുക്ക് അല്പം ക്ഷമിക്കാം. വന്ധ്യംകരണം കൊണ്ടും തീരാത്ത പട്ടിപ്രശ്‌നം കാലാവസ്ഥാ വ്യതിയാനം ശാശ്വതമായി പരിഹരിച്ചുതരും. മനുഷ്യരും, തെരുവുപട്ടികളും, ഗോമാതാവും, പന്നിയും, പാമ്പും ചേമ്പും, വര്‍ഗീയവാദിയും സെക്കുലറിസ്റ്റും, മുതലാളിത്തവും സോഷ്യലിസവും ഫാസിസവും ജനാധിപത്യവും, ഫെമിനിസ്റ്റും പുരുഷമേധാവിയും, പരിസ്ഥിതിവാദിയും വികസനവാദിയും….. എല്ലാത്തിനേയും അത് ഒരു മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. യഥാര്‍ത്ഥ സ്ഥിതി സമത്വം. ആധുനികാനന്തര മഹാപ്രസ്ഥാനം. പാണ്ഡവരുടേതുപോലെ ഭൂഖണ്ഡപ്രദക്ഷിണമോ ഹിമാലയാരോഹണമോ കൂടാതെ പൊടുന്നനെ ഉടലോടെ സ്വര്‍ഗത്തിലേക്ക്. ഉറങ്ങി ഉണരും പോലെ ശാന്തമായ സംഘസമാധി. എങ്ങാനും കൗശലക്കാരിയായ ഒരു തെരുവുപട്ടി അതിജീവിച്ചാല്‍ അതിന് കടിക്കാന്‍ ഭൂമിയില്‍ ഒരു മനുഷ്യന്‍ പോലും ബാക്കിയുണ്ടായെന്ന് വരില്ല. ഇത്തരം പ്രതിസന്ധികളിലാണല്ലോ സാധാരണയായി ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകാറുള്ളത്. അതുകൊണ്ട് ആശിക്കാന്‍ വകയുണ്ട്. ഈ പ്രളയത്തിലും ദൈവം നോഹയുടെ പെട്ടകം പോലെ ഒന്ന് അയച്ചേക്കാം. എല്ലാ ജീവികളുടെയും ഒരു സ്‌പെസിമെനുമായി അത് പ്രളയപയോധിയില്‍, അതിന്റെ കലിയടങ്ങുന്നതും കാത്ത് അലയുന്നുണ്ടാവും. എങ്കില്‍ അക്കൂട്ടത്തിലൊരു പട്ടിയും കാണുമല്ലോ. അതുകൊണ്ട് മനുഷ്യന് ആശ്വസിക്കാം. ചുറ്റിനും പ്രളയജലം ആര്‍ത്തലക്കുമ്പോഴും ആ പെട്ടകത്തിനകത്തും നമുക്ക് തല്ലിക്കൊല്ലാന്‍ ഒരു പട്ടിയുണ്ടാകുമല്ലോ. അപ്പോഴും നമുക്ക് ആക്രോശിക്കാമല്ലോ. ‘കൊല്ലണം, ആ പട്ടിയെ’

കടപ്പാട്:

ഒ.വി.വിജയന്‍ – വസാക്കിന്റെ ഇതിഹാസം
മേതില്‍ രാധാകൃഷ്ണന്‍ – മഹാഭാരതം
ഡോ. എം.കെ. നാരായണന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് അഭിമുഖം)
അമിതാവ് ഘോഷ് – ബി ഗ്രേറ്റ് ഡീറേന്‍ജ്‌മെന്റ്
തെരുവില്‍ തള്ളപ്പെട്ട പട്ടികള്‍
റോയി സ്‌കാന്‍ന്റണ്‍ (വെബ്‌സൈറ്റ്)
റോയ് സ്‌കാന്‍ന്റണ്‍ – ലേണിംഗ് ടു ഡൈ ഇന്‍ ദ ആന്ത്രോപോസീന്‍ റിഫ്‌ളക്ഷന്‍സ് ഓണ്‍ ദ എന്‍ഡ് ഓഫ് സിവിലൈസേഷന്‍

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply