ഈ തെരഞ്ഞെടുപ്പുകാലം ഓര്‍മ്മിക്കപ്പെടുക വര്‍ഗ്ഗീയപ്രചാരണങ്ങളുടെ പേരില്‍
എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെയാണ് മോശപ്പെട്ട അവസ്ഥയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തെ എത്തിച്ചതെന്ന വിമര്‍ശനം തള്ളിക്കളയാവുന്നതല്ല. തീര്‍ച്ചയായും യുഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ചതാണെന്ന അഭിപ്രായമില്ല. ജനാധിപത്യസംവിധാനത്തില്‍ കുടുംബത്തില്‍ നിന്നുള്ള പിന്‍ഗാമി എന്ന സമീപനം തന്നെ അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍ കേന്ദ്രനേതൃത്വത്തില്‍ തന്നെ അത്തരം രീതി നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്ന് അതു പ്രതീക്ഷിക്കാനാവില്ല. മറുവശത്ത് സിപിഎം ചെയ്തത് അതിനേക്കാള്‍ എത്രയോ വലിയ തെറ്റായിരുന്നു.
കേരളത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിലും കാണാത്ത രീതിയിലുള്ള വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണമാണ് തൃക്കാക്കരയില്‍ നടന്നത്. വാസ്തവത്തില്‍ ഇത്രമാത്രം പ്രാധാന്യം ഈ തെരഞ്ഞെടുപ്പിനുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. തെരഞ്ഞെടുപ്പുഫലം എന്തായാലും കേരളരാഷ്ട്രീയത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. തീര്‍ച്ചയായും സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയാണെങ്കില്‍ യുഡിഎഫിനും കോണ്‍ഗ്രസ്സിനും തിരിച്ചടിയായിരിക്കും. പക്ഷെ അതും കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. എന്നിട്ടും ഇരുമുന്നണികളും വന്‍പ്രാധാന്യമാണ് ഈ തെരഞ്ഞെടുപ്പിനു നല്‍കിയത്. മുഴുവന്‍ ശക്തിയും കേന്ദ്രീകരിച്ചാണ് പ്രചാരണങ്ങള്‍ നടത്തിയത്. എന്നാല്‍ എന്തായിരുന്നു ഈ പ്രചാരണത്തിന്റെ ബാക്കിപത്രം? ഭാവിയില്‍ ഇക്കാലം കേരള രാഷ്ട്രീയ ചരിത്രത്തില്‍ എങ്ങനെയാണ് രേഖപ്പെടുത്തുക? തീര്‍ച്ചയായും അത് ഉശിരന്‍ രാഷ്ട്രീയപോരാട്ടത്തിന്റെ പേരിലാകില്ല, മറിച്ച് വര്‍ഗ്ഗീയ – സാമുദായിക വികാരങ്ങള്‍ പരമാവധി ഇളക്കിവിട്ട കാലം എന്നായിരിക്കും എന്നതാണ് നിര്‍ഭാഗ്യകരം.
തൃക്കാക്കര തെരഞ്ഞെടുപ്പിന് അമിതപ്രാധാന്യം നല്‍കാന്‍ യുഡിഎഫിനും എല്‍ഡിഎഫിനും എന്‍ഡിഎക്കുമെല്ലാം അവരുടെ കാരണങ്ങളുണ്ടാകും. യുഡിഎഫിനും കോണ്‍ഗ്രസ്സിനുമത് സിറ്റിംഗ് സീറ്റാണ്. രാജ്യം മുഴുവന്‍ രൂക്ഷമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഒരു ചെറിയ വിജയംപോലും കോണ്‍ഗ്രസ്സിനു പ്രധാനമാണ്. പിണറായി സര്‍ക്കാരിനു രണ്ടാമൂഴം ലഭിച്ച ഞെട്ടലില്‍ നിന്ന് വിമുക്തമാകാത്ത കോണ്‍ഗ്രസ്സിനു ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അതു താങ്ങാനാവുന്നതല്ല. പ്രതിപക്ഷനേതാവ് വി ഡി സതീശനാകട്ടെ അത് വ്യക്തിപരമായ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. നിരവധി സീനിയര്‍ നേതാക്കളെ മറികടന്ന് പ്രതിപക്ഷനേതാവെന്ന സ്ഥാനത്തെത്തിയ അദ്ദേഹത്തിന് രാഷ്ട്രീയ നിലനില്‍പ്പിന് ഈ വിജയം അനിവാര്യമാണ്. ഉമ തോമാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും അദ്ദേഹം തന്നെ. ഉപതെരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള പ്രചാരണം നടത്തിയെങ്കിലും യുഡിഎഫിലേയോ കോണ്‍ഗ്രസ്സിലേയോ സീനിയര്‍ നേതാക്കള്‍ കൂടുതല്‍ സമയമൊന്നും മണ്ഡലത്തില്‍ ചിലവഴിച്ചിട്ടില്ല എന്നത് വസ്തുതയാണ്. തൃക്കാക്കരയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ്സില്‍ നിരവധിയാണെന്ന് പകല്‍പോലെ വ്യക്തമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എല്‍ഡിഎഫിലേക്കുവന്നാല്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഏറ്റവും മികച്ച രീതിയില്‍ തന്നെയായിരുന്നു അവരുടെ പ്രകടനം. മുഖ്യമന്ത്രിയടക്കമുള്ള സീനിയര്‍ നേതാക്കളെല്ലാം ഒരുപാട് സമയം മണ്ഡലത്തില്‍ ചിലവഴിച്ചു. തുടര്‍ഭരണം യാദൃച്ഛികമായിരുന്നില്ല എന്നും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഭരണത്തെ ജനം അംഗീകരിക്കുന്നു എന്നു തെളിയിക്കലാണ് അവരുടെ ലക്ഷ്യം. അതോടെ തങ്ങളുടെ സ്ഥാനം സുരക്ഷിതമായെന്ന് അവര്‍ക്കറിയാം. പിണറായിക്കാകട്ടെ ഭരണത്തിലും പാര്‍ട്ടിയിലും തന്റെ സ്ഥാനം സംശയലേശമന്യേ അരക്കിട്ടുറപ്പിക്കാനുള്ള അവസരം കൂടിയാണിത്. സര്‍ക്കാരിന്റെ വികസനനിലപാടുകളെ ജനം അംഗീകരിക്കുന്നു എന്നവകാശപ്പെടാനും കെ റെയിലടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാനും ഈ വിജയം സഹായകരമായിരിക്കും. അഥവാ വിജയിച്ചില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം വന്‍തോതില്‍ കുറയുന്നതും അവര്‍ വിജയമനായിതന്നെ കണക്കാക്കുമെന്നുറപ്പ്. മറുവശത്ത് എന്‍ഡിഎക്കുള്ളത് ഒ്റ്റലക്ഷ്യം മാത്രം. കഴിഞ്ഞ തവണ കുറഞ്ഞ വോട്ടുവിഹിതം കൂട്ടുക. ഒപ്പം കൃസ്ത്യന്‍ വിഭാഗങ്ങളിലേക്ക് ഇറങ്ങി്‌ചെല്ലുക. സമകാലീന സംഭവങ്ങളിലൂടേയും പി സി ജോര്‍ജ്ജിലൂടെയുമെല്ലാം അതിനു കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. കേന്ദ്രനേതൃത്വത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കെ സുരേന്ദ്രന് അത് അനിവാര്യമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അതനുസരിച്ച് കൃത്യമായ രാഷ്ട്രീയം പറഞ്ഞുള്ള പ്രചാരണമാണ് തൃക്കാക്കരയില്‍ നടന്നതെന്ന് പറയാനാകില്ല. തുടക്കത്തില്‍ വികസനത്തെ മുന്‍നിര്‍ത്തിയാണ് പ്രചാരണമാരംഭിച്ചത്. കേരളത്തിന്റെ പൊതുവായ വികസനപ്രശ്‌നങ്ങളും മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും സജീവചര്‍ച്ചയായി തുടങ്ങിയതായിരുന്നു. കെ റെയിലിനെ കേന്ദ്രമാക്കിയായിരിക്കും പ്രചാരണം നടത്തുക എന്ന് ഒരു ഘട്ടത്തില്‍ ഇരുമുന്നണികളും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാ വിഷയം പുറകോട്ടുപോകുകയായിരുന്നു. വികസനവിഷയം ശക്തമായി ഉന്നയിച്ച ഇടതുമുന്നണിതന്നെയാണ് തന്ത്രപൂര്‍വ്വം ആദ്യം പുറകോട്ടടിച്ചത്. എന്തായാലും തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വേയുടെ പേരില്‍ കല്ലിടല്‍ എന്ന ഏറെ പ്രതിഷേധമുയര്‍ത്തിയ പരിപാടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. മറുവശത്ത് മണ്ഡലത്തിലെയും കൊച്ചിയിലേയും വികസനവിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പല പ്രധാന പദ്ധതികളും നടപ്പാക്കിയത് തങ്ങളുടെ കാലത്താണെന്ന് സ്ഥാപിക്കാന്‍ യുഡിഎഫിനാകുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍ എല്‍ഡിഎഫ് വികസനത്തെ കുറിച്ചുള്ള പൊതുവായ കാര്യങ്ങളില്‍ ഒതുങ്ങുകയായിരുന്നു. പിന്നാലെ യുഡിഎഫും. പിന്നീടാണ് അനഭിലഷണീയമായ ചര്‍ച്ചകളിലേക്ക് തൃക്കാക്കര രാഷ്ട്രീയം നീങ്ങിയത്.
എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെയാണ് മോശപ്പെട്ട അവസ്ഥയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തെ എത്തിച്ചതെന്ന വിമര്‍ശനം തള്ളിക്കളയാവുന്നതല്ല. തീര്‍ച്ചയായും യുഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ചതാണെന്ന അഭിപ്രായമില്ല. ജനാധിപത്യസംവിധാനത്തില്‍ കുടുംബത്തില്‍ നിന്നുള്ള പിന്‍ഗാമി എന്ന സമീപനം തന്നെ അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍ കേന്ദ്രനേതൃത്വത്തില്‍ തന്നെ അത്തരം രീതി നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്ന് അതു പ്രതീക്ഷിക്കാനാവില്ല. മറുവശത്ത് സിപിഎം ചെയ്തത് അതിനേക്കാള്‍ എത്രയോ വലിയ തെറ്റായിരുന്നു. അരുണ്‍ കുമാറായിരിക്കും സ്ഥാനാര്‍ത്ഥി എന്നു ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. എങ്കില്‍ മികച്ച ഒരു രാഷ്ട്രീയപോരാട്ടത്തിനു സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പിന്നീടു നടന്ന അട്ടിമറിയാണ് കാര്യങ്ങളെ തെറ്റായ വഴിയിലൂടെ തിരിച്ചുവിടുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ജോ ജോസഫ് സഭയുടെ നോമിനിയല്ല എന്നു പറഞ്ഞാല്‍ കേരളത്തില്‍ സാമാന്യരാഷ്ട്രീയബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ അടുത്ത കാലത്തായി ശക്തിപ്പെടുന്ന വളരെ മോശപ്പെട്ട ഒരു വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ സ്വാധീനമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സിപിഎമ്മിനെ എത്തിച്ചതെന്നത് വ്യക്തം. ആ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് പി സി ജോര്‍ജ്ജ്. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജീഹാദും മരുന്നുകള്‍ നല്‍കി വന്ധീകരണവും തുടങ്ങി അടുത്ത കാലത്ത് സംസ്ഥാനത്തുയര്‍ന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങളെല്ലാം ഈ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇരുമുന്നണി സംവിധാനങ്ങള മറികടന്ന് കോരളത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഇതുവരേയും കഴിയാത്ത സംഘപരിവാര്‍ ന്യൂനപക്ഷങ്ങളിലൊരു വിഭാഗത്തിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് അതിനായുള്ള ശ്രമത്തിലാണ്. അതിലൊരുവിഭാഗം വീണു എന്നുതന്നെയാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്ന സൂചന. മറ്റു സംസ്ഥാനങ്ങളിലെല്ലാം മതേതരത്വത്തെ തകര്‍ക്കുന്ന സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയ നിലപാടെടുക്കുന്ന സഭകളിലൊരു ഭാഗം കേരളത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിനെ ഒരു രാഷ്ട്രീയശക്തിയാക്കി മാറ്റാനുള്ള നീക്കവും കാണുന്നു. അടുത്തകാലം വരെ ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന പി സി ജോര്‍ജ്ജിനെ മാത്രമല്ല, പല പുരോഹിതന്മാരെപോലും ഈ ദിശയില്‍ കൊണ്ടുവരാന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കായി. ്‌വരുടെ പ്രതിനിധിയായി ജോര്‍ജ്ജ് തന്നെ തൃക്കാക്കരയില്‍ മത്സരിക്കാനിറങ്ങുമോ എന്ന ആശങ്കയാണ്, അതിനെ മറികടന്ന് ജോ ജോസഫിനെപോലൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.
ഈ തീരുമാനത്തോടെയാണ് തൃക്കാക്കര പ്രചാരണരംഗം മാറിയത്. സ്ഥാനാര്‍ത്ഥികള്‍ മത – സമുദായ നേതാക്കളുടെ തിണ്ണഞെരങ്ങുന്ന കാഴ്ചയും വര്‍ഗ്ഗീയ – സാമുദായിക താല്‍്പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രസ്താവനകളുമൊക്കെ സജീവമാകുന്നത് അങ്ങനെയാണ്. ജോര്‍ജ്ജിന്റെ വിവാദപ്രസംഗത്തിനും വാളേന്തിയ പെണ്‍കുട്ടികളുടെ പ്രകടനത്തിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പ്രകോപന മുദ്രാവാക്യങ്ങള്‍ക്കൊക്കെ കേരളം സാക്ഷ്യം വഹിച്ചത് തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു. അങ്ങനെയാണ് ആരുജയിച്ചാലും തോറ്റാലും വര്‍ഗ്ഗീയവികാരങ്ങള്‍ ഇളക്കിവിട്ട ഒന്നായി ഈ തെരഞ്ഞെടുപ്പുകാലം ഓര്‍ക്കപ്പെടുമെന്നു സൂചിപ്പിച്ചത്. അതേസമയം അതായിരിക്കും തെരഞ്ഞെടുപ്പുഫലത്തെ നിര്‍ണ്ണയിക്കുക എന്നു പറയാനാകില്ല. കാരണം രണ്ടായിരത്തി പതിനാറില്‍ പോലും സഭ എതിര്‍ത്ത സ്ഥാനാര്‍ത്ഥി പി ടി തോമസിനു, സഭക്ക് അനഭിമതനല്ലാത്ത സെബാസ്റ്റിയന്‍ പോളിനെ മറികടന്ന് വോട്ടുനല്‍കിയവരാണ് തൃക്കാക്കരക്കാര്‍. സെബാല്റ്റിയന്‍ പോള്‍ തന്നെ ഇക്കാര്യം പറയുകയുണ്ടായി. കഴിഞ്ഞ തവണയും അതുതന്നെ ആവര്‍ത്തിച്ചു. അതിനാല്‍ തന്നെ വര്‍ഗ്ഗീയ പ്രചാരണങ്ങളില്‍ കൂടുങ്ങാതെ, കൃത്യമായ രാഷ്ട്രീയ നിലപാടോടെ തൃക്കാക്കരക്കാര്‍ വോട്ടുചെയ്യുമെന്നുതന്നെ പ്രതീക്ഷിക്കാം. ആര്‍ക്കു വേണെമെങ്കിലുമാകട്ടെ, അത് രാഷ്ട്രീയനിലപാടോടെയായിരിക്കണം. വര്‍ഗ്ഗീയ പരിഗണനയോടെ ആകരുത്. അത്തരമൊരു നിലപാടിലേക്ക് തൃക്കാക്കരക്കാര്‍ ഉയരുമെന്നുതന്നെ പ്രതീക്ഷിക്കാം. അപ്പോഴും ഇത്തരമൊരു പ്രചാരണം വരും കാല തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകാതിരിക്കാന്‍ മതേതര ജനാധിപത്യ ശക്തികള്‍ തീരുമാനിക്കേണ്ടതുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in