തിരുനിഴല്‍മാല നവോത്ഥാനത്തിന്റെ പ്രാരംഭമോ ?

വിഷ്ണുവിനെ ബാധിച്ച പാപങ്ങള്‍ ശമിപ്പിക്കുന്ന ചടങ്ങുകളും അതിലെ മലയരയരുടെ സ്ഥാനവും പരാമര്‍ശിതമാവുന്ന തിരുനിഴല്‍മാല ബ്രാഹ്മണാധിപത്യത്തിനും ജാതിചിന്തയ്ക്കും എതിരായ സാഹിത്യമായാണ് ഡോ. ടി.ടി. ശ്രീകുമാര്‍ വിലയിരുത്തുന്നത്. എന്നാല്‍ ആറന്മുളയപ്പന്റെ പാപങ്ങള്‍ നീക്കുന്ന നിഴലേറ്റ് എന്ന ചടങ്ങ് നിര്‍വഹിക്കുന്നതിലൂടെ മലയരയന്മാര്‍ അയിത്തമില്ലാത്തവരാകുന്നില്ല. ബ്രാഹ്മണാധിപത്യത്തിനും ജാതിചിന്തയ്ക്കും എതിരാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം ബ്രാഹ്മണ്യ വാഴ്ത്തുകളും പൗരാണിക ലോകവീക്ഷണവും തിരുനിഴല്‍മാലയില്‍ കടന്നു വരുന്നത്? യഥാര്‍ത്ഥത്തില്‍ മലയരയരെ പൂജയില്‍ പങ്കെടുപ്പിക്കുന്നതിലൂടെ അവരെ ‘ അരികുവല്‍ക്കരിച്ച് ഉള്‍ച്ചേര്‍ക്കുക ‘ എന്ന
ശ്രേണീകൃതസാമൂഹ്യവല്‍ക്കരണ പ്രക്രിയക്കാണ് ബ്രാഹ്മണര്‍ രൂപം കൊടുത്തത്.

ഡോ. ടി.ടി ശ്രീകുമാറിന്റെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘ഇത്രകാലം കേട്ടതല്ല നവോത്ഥാനത്തിന്റെ പ്രാരംഭം ‘ എന്ന ലേഖനത്തില്‍ തിരുനിഴല്‍മാല എന്ന കൃതിയെ കേരളീയ നവോത്ഥാനത്തിന്റെ പൂര്‍വചരിത്രത്തില്‍ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. തിരുനിഴല്‍മാല ജാതി വിരുദ്ധധാരയില്‍ ഉള്‍പ്പെടുന്ന ഒരു കീഴാള ദളിത്പക്ഷ കൃതിയാണെന്നും ഡോ. ടി.ടി. ശ്രീകുമാര്‍ പ്രസ്തുത ലേഖനത്തില്‍ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ തിരുനിഴല്‍മാലക്ക് ലേഖനത്തില്‍ സൂചിപ്പിക്കുന്നത് പോലെ ഒരു ദളിത് പക്ഷവും ജാതിവിരുദ്ധതയും നവോത്ഥാനത്തിന്റെ പൂര്‍വമാതൃക എന്നവകാശപ്പെടാനുള്ള മൂല്യ മണ്ഡലവുമാണോ ഉള്ളതെന്ന് പരിശോധിക്കേണ്ട വിഷയമാണ്.

കേരളം സൃഷ്ടിച്ച പരശുരാമന്‍

വരുണനോട് അനുവാദം വാങ്ങി മണിമുറം എടുത്തെറിഞ്ഞ് പരശുരാമന്‍ നേടിയ പ്രദേശമാണ് കേരളം എന്നാണ് തിരുനിഴല്‍മാല പറയുന്നത്.

”’….. ഇമ്മലനാട്ടിന്‍ ചെല്‍വമെപ്പെടിയെന്നുമേടം
യെന്മനമറിന്തവണ്ണം എളുപ്പമായുരപ്പനെന്നും
മുരെണെഴുന്തവം പൊലിന്ത മുനിവര്‍കോന്‍ പരെചുരാമന്‍
വരുണനോടിരന്നുകൊണ്ടു മണിമുറമെടുത്തെറിന്തു
പരവയെത്തരണിയാക്കിപ്പടത്തനെന്‍ പിന്നെയന്നേ…. ‘

പ്രമുഖമായ കേരളോല്‍പ്പത്തി കഥകളിലെ മഴുവെറിഞ്ഞ പരശുരാമനെയല്ല തിരുനിഴല്‍മാല അവതരിപ്പിക്കുന്നത്. പരശു (മഴു)വിന് പകരം മുറം എറിഞ്ഞ് കേരളം സൃഷ്ടിച്ച പരശുരാമനെയാണ് തിരുനിഴല്‍മാല അവതരിപ്പിക്കുന്നത്. മുറം എറിഞ്ഞ ആളാണെങ്കിലും പേര് പരശുരാമന്‍ എന്ന് തന്നെയാണ് തിരുനിഴല്‍മാല പരാമര്‍ശിക്കുന്നത്. കീഴാളപക്ഷമെന്നും ദളിത് പക്ഷമെന്നും അവതരിപ്പിക്കുന്ന ഈ കൃതി ബ്രാഹ്മണ്യ മേല്‍ക്കോയ്മ പറഞ്ഞുറപ്പിച്ച കേരളോല്‍പ്പത്തി കഥകള്‍ തന്നെയാണ് പിന്‍തുടരുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച് ബ്രാഹ്മണര്‍ക്കായി ദാനം നല്‍കിയ പരശുരാമന്റെ നിഴല്‍ തിരുനിഴല്‍മാലയില്‍ വീണു കിടക്കുന്നുണ്ട്. പരശുരാമ മിത്തിലൂടെ ദളിത് ജനവിഭാഗങ്ങളെ കീഴൊതുക്കുകയും ബ്രാഹ്മണ്യവാഴ്ചയെ സമൂഹത്തെ കൊണ്ട് അംഗീകരിപ്പിക്കുകയുമായിരുന്നു. അതേ മിത്ത് തന്നെയാണ് തിരുനിഴല്‍മാലയിലും കാണുന്നത്. കീഴാളരുടെ ഭൂമിയുടെ മേലുള്ള അവകാശത്തെ നിരസിക്കുകയും ബ്രാഹ്മണര്‍ക്ക് സവിശേഷ അധികാരം നല്‍കുകയും ചെയ്യുന്ന പരശുരാമ മിത്ത് ഉള്ളടങ്ങിയ ഒരു കൃതി എങ്ങനെയാണ് ജാതി വിരുദ്ധ കൃതിയാവുക? ശ്രേണീകൃതമായ ജാതിവ്യവസ്ഥയുടെ നീതികരണയുക്തിയാണ് പരശുരാമന്‍ സൃഷ്ടിച്ച കേരളം എന്ന കഥ. ഈ കഥ ഉള്ളടങ്ങിയ തിരുനിഴല്‍മാല ജാതിവിരുദ്ധ കൃതിയാവുക എന്നത് ചരിത്ര ധാരണക്ക് നിരക്കുന്ന ഒന്നല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പൗരാണിക ബ്രാഹ്മണവീക്ഷണവും തിരുനിഴല്‍മാലയും

ഓംകാരത്തില്‍ നിന്നുത്ഭവിച്ച് നാലു വേദങ്ങള്‍ക്കും ആധാരമായി നില്‍ക്കുന്ന പൂമകള്‍ മണാളനും അഖിലനാഥനുമായ മഹാവിഷ്ണുവിന്റെ നാഭിയിലിരുന്ന് നാന്മുഖനായ ബ്രഹ്മാവ് പ്രപഞ്ചം സൃഷ്ടിച്ചു എന്നാണ് തിരുനിഴല്‍മാല പറയുന്നത്. കൂടാതെ മിക്കവാറും പുരാണങ്ങള്‍ പങ്കുവെയ്ക്കുന്ന സപ്തസാഗര സങ്കല്പം, സപ്തദ്വീപ സങ്കല്പം, ജംബു ദ്വീപസങ്കല്പം, ഭാരതഖണ്ഡ സങ്കല്പം മുതലായ പൗരാണിക പ്രപഞ്ച ധാരണകളാണ് തിരുനിഴല്‍മാലയും പിന്‍പറ്റുന്നത്. ഭൂമിയെ പറ്റിയും പ്രകൃതിയെ പറ്റിയുമുള്ള പൗരാണിക ബ്രാഹ്മണ ലോകവീക്ഷണമാണ് തിരുനിഴല്‍ മാലയും പിന്തുടരുന്നത് എന്ന് വ്യക്തം. നാല് അകഞ്ചേരികളെ പറ്റി വര്‍ണിക്കുമ്പോള്‍, നെടുംപുറെയാറിനെ കവി ‘വേദികര്‍ ‘ വാഴുന്ന ഇടം എന്നാണ് വാഴ്ത്തുന്നത്. നാരങ്ങാനത്തിനെ ‘നാന്മറ മൊഴിയുമേടം’ എന്നും തിരുനിഴല്‍മാല പുകഴ്ത്തുന്നു. ഒരു പ്രദേശത്തെ പറ്റി പറയുമ്പോള്‍ ആ പ്രദേശം വൈദിക ബ്രാഹ്മണ്യത്തിന്റെ ഇടമായി വാഴ്ത്തുന്ന കവിക്ക് കീഴാളപക്ഷമാണുള്ളതെന്ന് വിചാരിക്കുന്നത് വസ്തുതാ വിരുദ്ധമാണ്. ഒരു പ്രദേശത്തെ വൈദിക ബ്രാഹ്മണരുടെ മാത്രം ഇടമായി തോന്നുന്ന കവിയുടെ കാഴ്ച അത്ര നിഷ്‌കളങ്കമല്ല. ഇത്തരം കാവ്യവചസുകള്‍ ബ്രാഹ്മണ്യത്തിന്റെ അപാദാനമല്ലാതെ മറ്റൊന്നല്ല. ഇന്ദ്രലോകത്തെ പോലും മൂടുന്ന വിധത്തിലുള്ള ബ്രാഹ്മണ ഗൃഹങ്ങളില്‍ നിന്നും ഉയരുന്ന ഹോമധൂപത്തെ കീര്‍ത്തിക്കുന്ന തിരുനിഴല്‍മാലയുടെ കര്‍ത്താവ് ബ്രാഹ്മണ്യത്തിന്റെ വക്താവാണെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. പൗരാണികമായ ബ്രാഹ്മണവീക്ഷണം സംവഹിക്കുന്ന തിരുനിഴല്‍മാലയെ ദളിതാവബോധത്തിന്റെ ചരിത്ര ശാഖിയില്‍ അടയാളപ്പെടുത്താനേ സാധ്യമല്ല.

ജാതിയുടെ നിഴലേറ്റ്

വിഷ്ണുവിനെ ബാധിച്ച പാപങ്ങള്‍ ശമിപ്പിക്കുന്ന ചടങ്ങുകളും അതിലെ മലയരയരുടെ സ്ഥാനവും പരാമര്‍ശിതമാവുന്ന തിരുനിഴല്‍മാല ബ്രാഹ്മണാധിപത്യത്തിനും ജാതിചിന്തയ്ക്കും എതിരായ സാഹിത്യമായാണ് ഡോ. ടി.ടി. ശ്രീകുമാര്‍ വിലയിരുത്തുന്നത്. എന്നാല്‍ ആറന്മുളയപ്പന്റെ പാപങ്ങള്‍ നീക്കുന്ന നിഴലേറ്റ് എന്ന ചടങ്ങ് നിര്‍വഹിക്കുന്നതിലൂടെ മലയരയന്മാര്‍ അയിത്തമില്ലാത്തവരാകുന്നില്ല. ബ്രാഹ്മണാധിപത്യത്തിനും ജാതിചിന്തയ്ക്കും എതിരാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം ബ്രാഹ്മണ്യ വാഴ്ത്തുകളും പൗരാണിക ലോകവീക്ഷണവും തിരുനിഴല്‍മാലയില്‍ കടന്നു വരുന്നത്? യഥാര്‍ത്ഥത്തില്‍ മലയരയരെ പൂജയില്‍ പങ്കെടുപ്പിക്കുന്നതിലൂടെ അവരെ ‘ അരികുവല്‍ക്കരിച്ച് ഉള്‍ച്ചേര്‍ക്കുക ‘ എന്ന
ശ്രേണീകൃതസാമൂഹ്യവല്‍ക്കരണ പ്രക്രിയക്കാണ് ബ്രാഹ്മണര്‍ രൂപം കൊടുത്തത്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഒക്കെത്തന്നെ കീഴാളജാതി വിഭാഗങ്ങളെ പങ്കെടുപ്പിക്കുന്ന നിരവധി അനുഷ്ഠാനങ്ങളുണ്ട്. അതുകൊണ്ട് അവയൊന്നും തന്നെ ജാതിവിരുദ്ധതയുടെ ആശയം ഉള്‍ക്കൊണ്ടവയാണെന്ന് കരുതുവാന്‍ പ്രയാസമാണ്. ചില ലഘുവായ അവകാശങ്ങള്‍ നല്‍കി ബ്രാഹ്മണ്യ മേല്‍ക്കോയ്മക്ക് കീഴില്‍ കീഴാള ജാതികളെ അടക്കി നിര്‍ത്താനുള്ള ബ്രാഹ്മണ്യത്തിന്റെ ജാത്യധികാരപരമായ ഒരു തന്ത്രം മാത്രമാണ് വര്‍ഷത്തിലൊരിക്കലോ മറ്റോ അരങ്ങേറുന്ന നിഴലേറ്റ് മുതലായ അനുഷ്ഠാനങ്ങള്‍. ബ്രാഹ്മണ്യത്തിനും ജാതി വ്യവസ്ഥയ്ക്കും എതിരായി ദളിത കീഴാളജന വിഭാഗങ്ങളുടെ സമരമാര്‍ഗങ്ങളെ കീഴൊതുക്കാനുള്ള ബ്രാഹ്മണ്യത്തിന്റെ അടവുനയം മാത്രമാണ് കീഴാളരെ പൂജയില്‍ പങ്കെടുപ്പിക്കുന്നത്. അതില്‍ വിപ്ലവകാരമായി ഒന്നും ഇല്ലെന്ന് മാത്രമല്ല, സമ്പൂര്‍ണമായി വിപ്ലവ ശൂന്യവുമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നിഴലേറ്റില്‍ തൂവലുഴിയുമ്പോള്‍ ആറന്മുളയപ്പനെ അംഗീകരിക്കാത്തവരെ മുഴുവന്‍ ശപിക്കുന്നതിന് കാരണം എന്താണ്? ആറന്മുളയപ്പന്റെ പാപം ഇല്ലാതാക്കുന്നവര്‍ അടിസ്ഥാനപരമായി ബ്രാഹ്മണ്യത്തിന്റെ ദൈവഭാവനയെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. തിരുനിഴലിന്റെ കര്‍ത്താവ് ദൈവങ്ങളെ ഉള്‍പ്പെടെ നര്‍മത്തിന്റെ സ്വരത്തില്‍ പരിഹസിക്കുമ്പോഴും ആത്യന്തികമായി ബ്രാഹ്മണ്യത്തിന്റെ ദൈവഭാവനകളെ ദൃഡീകരിക്കുകയാണ്. ഓരോ ദിവസത്തെയും നിഴലേറ്റ് ചടങ്ങ് അവസാനിക്കുന്നത് തന്നെ ‘ ….പംകെ ചത്തരുണിമാര്‍വില്‍ പള്ളിക്കൊണ്ടരുളിനാനേ ‘ എന്ന പ്രാര്‍ത്ഥനയോടെയാണ്. ലക്ഷ്മിദേവിയുടെ മാറില്‍ പള്ളികൊള്ളുന്നതായി സങ്കല്പിച്ച് അവസാനിപ്പിക്കുന്ന നിഴലേറ്റ് എന്ന ചടങ്ങ് ആത്യന്തികമായി ബ്രാഹ്മണ്യത്തിന്റെ ഉള്‍ച്ചേര്‍ക്കലിന് വിധേയമാണെന്ന കാര്യവും കാണാതിരുന്നു കൂടാ. ബ്രാഹ്മണ്യത്തിന്റെ ദൈവഭാവനകളെ ചോദ്യം ചെയ്യുന്ന ഉള്ളടക്കമല്ല തിരുനിഴല്‍മാലക്കുള്ളത്. നര്‍മസ്വരത്തില്‍ പരിഹസിച്ചാല്‍ അത് ബ്രാഹ്മണ്യ വിമര്‍ശമാവില്ല. നിഴലേറ്റ് എന്ന ചടങ്ങിലൂടെ ബ്രാഹ്മണ്യത്തിന്റെ ചടങ്ങുകള്‍ക്കും ദൈവഭാവനകള്‍ക്കും അധ:സ്ഥിതരുടെ ഇടയില്‍ പ്രചാരം നല്‍കുവാനേ സാധിച്ചിട്ടുള്ളു.

സാഹോദര്യവും തിരുനിഴല്‍മാലയും

‘പൊതുവഴി നടക്കാന്‍ അനുവദിക്കാത്ത കര്‍ക്കശമായ ഒരു ജാതി വ്യവസ്ഥയിലേക്ക് നീങ്ങുന്ന പരമ്പരാഗത കേരളത്തെ മനുഷ്യ സാഹോദര്യത്തിന്റെ ഒരു പ്രതീകം കൊണ്ട് കവി നേരിടുകയാണെന്ന് കരുതാവുന്ന ഒരു കൃതി കൂടിയാണ് തിരുനിഴല്‍മാല’ എന്ന് ടി.ടി. ശ്രീകുമാര്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്രയധികം സാഹോദര്യത്തെ വിലമതിക്കുന്ന തിരുനിഴല്‍മാല എന്ത്‌കൊണ്ടാണ് ബ്രാഹ്മണരെ സവിശേഷ പദവിയുള്ളവരായും, അവര്‍ വസിക്കുന്ന ഇടങ്ങള്‍ നാന്മറ പൊഴിയുന്ന ഇടങ്ങളായും കരുതുന്നത്. തുല്യത എന്ന സങ്കല്പപത്തിലാണ് സാഹോദര്യം അന്തര്‍ലീനമായിരിക്കുന്നത്. ബ്രാഹ്മണര്‍ക്ക് സവിശേഷപദവി കല്പിക്കുന്നതിലൂടെ ഈ തുല്യതയെയാണ് കവി നിരസിച്ചിരിക്കുന്നത്. ബ്രാഹ്മണരും നായരും വാര്യരും പറയരും ഒരുപോലെ ആഘോഷത്തില്‍ പങ്കുകൊണ്ടാല്‍ സാഹോദര്യമാവില്ല. അതിന് തുല്യത പുലരണം. ബ്രാഹ്മണന് സവിശേഷപദവി കല്പിക്കുന്ന സമൂഹത്തില്‍ എല്ലാവരും ആഘോഷത്തില്‍ പങ്കുകൊള്ളുമെങ്കിലും ഓരോരുത്തരും നില്‍ക്കേണ്ട സ്ഥാനങ്ങള്‍ അയിത്തത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഹ്മണ്യ കല്പിതമാണ് .

തിരുനിഴല്‍മാലയും ദളിതത്വവും

തിരുനിഴല്‍മാലയുടെ കര്‍ത്താവ് ദളിതനായിരിക്കാം എന്ന വി.ബി. ശിവകുമാറിന്റെ നിരീക്ഷണത്തെ ടി.ടി. ശ്രീകുമാറും പിന്‍പറ്റുന്നുണ്ട്. കാവ്യാവസാനത്തില്‍ ‘ഗോവിന്നന്‍ ചൊല്‍ തിരുനിഴല്‍മാല’ എന്ന സൂചിപ്പിക്കുന്നുണ്ട്. കാവ്യ കര്‍ത്താവ് ഒരു ദളിതനാണെന്ന് വിചാരിക്കാന്‍ ഇത് മാത്രമാണോ ന്യായം? മഹാഭാരതം എഴുതിയത് വ്യാസനാണെന്നും, വ്യാസന്‍ മുക്കുവസ്ത്രീയില്‍ ജനിച്ചതിനാല്‍ മഹാഭാരതത്തിന് ദളിത് പക്ഷമുണ്ട് എന്ന് സമര്‍ത്ഥിക്കുന്നത് പോലെയാണ് തിരുനിഴല്‍ മാലയുടെ കര്‍ത്തൃത്വം ദളിതരില്‍ ആരോപിക്കുന്നത്. ഏതെങ്കിലും തരത്തില്‍ വൈജ്ഞാനികവും സാഹിത്യാത്മകവുമായ ശേഷിക്കുറവ് ദളിതര്‍ക്കുണ്ടെന്ന വാദത്തെയല്ല ഇവിടെ അവതരിപ്പിക്കുന്നത്. മറിച്ച് ദളിത് കര്‍ത്തൃത്വത്തിലൂടെ ബ്രാഹ്മണ്യാശയങ്ങള്‍ അവതരിപ്പിക്കുന്ന സിദ്ധാന്തപക്ഷം എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് വാദിക്കുന്നത്. ബ്രാഹ്മണ്യവിരുദ്ധതയുടെയും ജാതിവിരുദ്ധതയുടെയും ദളിതാവബോധം ഉള്‍ക്കൊള്ളുന്ന ഒന്നല്ല തിരുനിഴല്‍ മാലയുടെ ഉള്ളടക്കം എന്നാണ് ആ കാവ്യത്തിലൂടെ കടന്ന് പോയാല്‍ ബോധ്യമാവുക.

ഇങ്ങനെ നോക്കിയാല്‍ ബ്രാഹ്മണാധീശത്വത്തിനും ജാതിവിരുദ്ധതയ്ക്കും എതിരായ നവോത്ഥാനത്തിന്റെ പ്രാരംഭമായി തിരുനിഴല്‍മാലയെ വിലയിരുത്തുക ചരിത്രവിരുദ്ധമാണ്. ഡോ. ടി.ടി.ശ്രീകുമാര്‍ വാദിക്കുന്നത് പോലെ നൈതിക ബോധത്തിന്റെയും സാമൂഹികവിചാരത്തിന്റെയും പക്ഷത്തല്ല തിരുനിഴല്‍മാല നിലകൊള്ളുന്നത്. മറിച്ച് നവോത്ഥാനത്തിന്റെയും ദളിത് ചരിത്രാവബോധത്തിന്റെയും എതിര്‍പക്ഷത്താണ് തിരുനിഴല്‍മാലയിലെ ആശയങ്ങള്‍ സംപൂര്‍ത്തി തേടുന്നത്. ബ്രാഹ്മണ്യാശയങ്ങളുടെ വിളനിലമായ ഒരു ഗ്രന്ഥം നവോത്ഥാനത്തിന്റെയും ദളിത്ചിന്തയുടെയും പക്ഷത്താണെന്ന വാദം ചരിത്രമെഴുത്തിന്റെ നീതിയെ പരിഹസിക്കുകയാണ് ചെയ്യുന്നത് എന്ന് പറയാതെ വയ്യ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply