കോടതികള്‍ പോലും മനുസ്മൃതിസൂക്തങ്ങള്‍ ഉദ്ധരിക്കുന്ന കാലം

വലിയ ക്രിമിനല്‍ കുറ്റങ്ങളില്‍ കുറ്റവാളികളാക്കപ്പെട്ടവര്‍ തെളിവുകളില്ലെന്ന പേരില്‍ പെട്ടെന്നു കുറ്റവിമുക്തരാക്കപ്പെടുമ്പോള്‍, മനുഷ്യാവകാശത്തിനും പൗരാവകാശത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കവികളും അഭിഭാഷകരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും ഊപ്പ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കപ്പെട്ട് ജാമ്യം പോലും നല്‍കാതെ തടവിലടയ്ക്കപ്പെടുകയാണ്. അവര്‍ ദളിതുകള്‍ക്കും ന്യൂനപക്ഷജനവിഭാഗങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കും വേണ്ടി ശബ്ദിക്കുന്നുവെന്നതിന്റെ പേരിലാണ് ശിക്ഷാവിധികള്‍ക്കു വിധേയമാകുന്നത്.

ബാബരി മസ്ജിദിന്റെ കേസില്‍ എന്താണ് സംഭവിച്ചതെന്ന് ആലോചിച്ചു നോക്കൂ. വ്യാപകമായ പരസ്യപ്രചാരണങ്ങള്‍ക്കു ശേഷം ബാബറി മസ്ജിദ് തകര്‍ക്കുന്നു. അന്നത്തെ കോടതി ഉത്തരവിനു വിരുദ്ധമായി സര്‍ക്കാര്‍ സംവിധാനം പള്ളി പൊളിക്കുന്നതു നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നു. ബാബറി മസ്ജിദ് പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്നു പറഞ്ഞ സുപ്രീം കോടതി തന്നെ അതു പൊളിച്ചവരുടെ ആവശ്യം നിറവേറ്റുന്ന രീതിയില്‍ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലം രാമക്ഷേത്രനിര്‍മ്മാണത്തിനായി വിട്ടു കൊടുക്കാന്‍ വിധി പ്രസ്താവിക്കുന്നു. ഇപ്പോള്‍, അതു പൊളിച്ചതിനു ഗൂഢാലോചന നടന്നതിനു തെളിവില്ലെന്ന പേരില്‍ എല്ലാം പ്രതികളേയും കുറ്റവിമുക്തരാക്കുന്നു. ഇത് എന്തു ധര്‍മ്മവും നീതിയുമാണ്? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ധര്‍മ്മവും നീതിയും ഇതാണോ? അല്ല. ഇത് അംബേദ്കര്‍ അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ക്കനുസരിച്ചുള്ള വിധികളല്ല. ഇത് ബ്രാഹ്ണ്യനീതിയാണ്. മനുസ്മൃതിയുടെ നീതിയാണ്. ബ്രാഹ്മണന്റെ ഹിതമാണ് നടപ്പിലാക്കേണ്ടതെന്നും അവര്‍ ശിക്ഷിക്കപ്പെടേണ്ടവരല്ലെന്നും കരുതുന്ന മനുസ്മൃതിയുടെ നീതിയാണിത്. മനുസ്മൃതിയെ സാധാരണമെന്നോണം സ്വീകരിക്കേണ്ട സ്ഥിതി സൃഷ്ടിക്കാനുള്ള ശ്രമമാണിത്. ഹിന്ദുരാഷ്ട്രത്തിന്റെ നിര്‍മ്മാണമാണിത്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ വിധി വരുന്നത്. 1992 ഡിസംബര്‍ 6ന് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടു. രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്ന് രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള പൂജിച്ച രാമശിലകളുമായി അവിടെ എത്തിച്ചേര്‍ന്ന കര്‍സേവകരാണ് പള്ളി തകര്‍ത്തത്. ഇതിനു മുമ്പേ എല്‍. കെ. അദ്വാനി എന്ന നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയിലുടനീളം പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന സന്ദേശം പ്രചരിപ്പിച്ചിരുന്നു. ആ രഥയാത്ര കടന്നുപോയ പ്രദേശങ്ങളിലെല്ലാം വര്‍ഗീയകലാപങ്ങളുണ്ടായി. ചോരച്ചാലുകള്‍ ഒഴുകി. പള്ളിയുടെ താഴികക്കുടങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്ന സമയത്ത് അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും അടക്കമുള്ള നേതാക്കള്‍ അവിടെ സന്നിഹിതരായിരുന്നു. മസ്ജിദ് തകര്‍ന്നയുടനെ അത്യധികമായ ആഹ്ലാദത്താല്‍ മുരളീ മനോഹര്‍ ജോഷിയുടെ പുറത്തേറി വിജയചിഹ്നം കാണിക്കുന്ന ഉമാഭാരതിയുടെ ചിത്രങ്ങള്‍ എത്രയോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കര്‍സേവകര്‍ പള്ളി പൊളിക്കുന്നതിന്റേയും ആഹ്ലാദത്താല്‍ നൃത്തം ചെയ്യുന്നതിന്റേയും ദൃശ്യങ്ങള്‍ ലോകമെമ്പാടും പ്രക്ഷേപണം ചെയ്യപ്പെട്ടതാണ്. ഇവയൊന്നും ലക്നൗവിലെ സി.ബി.ഐ പ്രത്യേക കോടതിക്ക് ഇരുപത്തിയെട്ടു വര്‍ഷത്തെ പരിശോധനകള്‍ക്കു ശേഷം തെളിവാകുന്നില്ല. വര്‍ഷങ്ങളെടുത്ത് ലിബര്‍ഹാന്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടും അതിനു തെളിവാകുന്നില്ല. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ കുറിച്ച് വിധി പറഞ്ഞ സുപ്രീം കോടതി ബഞ്ച് പള്ളി പൊളിച്ചവര്‍ കുറ്റക്കാരാണെന്നു നിരീക്ഷിക്കുകയുണ്ടായി. അതും സി.ബി.ഐ പ്രത്യേക കോടതിക്ക് തെളിവാകുന്നില്ല.

ഇതോടൊപ്പം, നമ്മുടെ രാജ്യത്ത് ആരാണ് അറസ്റ്റു ചെയ്യപ്പെടുന്നതെന്നും ശിക്ഷിക്കപ്പെടുന്നതെന്നും കൂടി പരിശോധിക്കുക. വലിയ ക്രിമിനല്‍ കുറ്റങ്ങളില്‍ കുറ്റവാളികളാക്കപ്പെട്ടവര്‍ തെളിവുകളില്ലെന്ന പേരില്‍ പെട്ടെന്നു കുറ്റവിമുക്തരാക്കപ്പെടുമ്പോള്‍, മനുഷ്യാവകാശത്തിനും പൗരാവകാശത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കവികളും അഭിഭാഷകരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും ഊപ്പ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കപ്പെട്ട് ജാമ്യം പോലും നല്‍കാതെ തടവിലടയ്ക്കപ്പെടുകയാണ്. അവര്‍ ദളിതുകള്‍ക്കും ന്യൂനപക്ഷജനവിഭാഗങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കും വേണ്ടി ശബ്ദിക്കുന്നുവെന്നതിന്റെ പേരിലാണ് ശിക്ഷാവിധികള്‍ക്കു വിധേയമാകുന്നത്. അതേ സമയം ബോംബു സ്ഫോടനക്കേസിലെ പ്രതികളും രാഷ്ട്രപിതാവിനെ കൊന്നവരെ പൂജിക്കുന്നവരും അംബേദ്കറെയും നവോത്ഥാനനായകന്മാരേയും അപമാനിക്കുന്നവരും വലിയ കുറ്റവാളികളും ശിക്ഷകളില്‍ നിന്നും മുക്തരായി ഭരണസഭകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നു. ദളിത് സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തുന്ന ബ്രാഹ്മണ്യവാദികളേയും മനുവാദികളേയും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളായ പോലീസും കോടതിയും ചേര്‍ന്നു രക്ഷപ്പെടുത്തുന്നു. ബ്രാഹ്മണര്‍ കൊല ചെയ്യില്ലെന്നും ബലാത്സംഗം ചെയ്യില്ലെന്നും മറ്റും വിധിക്കുന്ന ജഡ്ജിമാരെ കുറിച്ചു നാം പത്രങ്ങളില്‍ വായിക്കുന്നു. കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു പോലും വിട്ടു നല്‍കാതെ പോലീസ് തന്നെ കത്തിച്ചു കളയുന്നു. കൊല ചെയ്യപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള പ്രതിപക്ഷനേതാക്കന്മാരുടെ ശ്രമങ്ങളെ പോലും പോലീസിനെ ഉപയോഗിച്ചു തടയുന്നു. കോടതി മനുസ്മൃതിയില്‍ നിന്നും നേരിട്ട് ഉദ്ധരിക്കുന്ന പ്രകരണങ്ങള്‍ വരെ സൃഷ്ടിക്കപ്പെടുന്നു.

നമ്മുടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ നിന്നും ഭരണഘടനാപരമായ മൂല്യങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ബ്രാഹ്മണ്യമതത്തിന്റെ മൂല്യങ്ങളെ പകരം പ്രതിഷ്ഠിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് രാജ്യമെമ്പാടും നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയും ജനാധിപത്യമൂല്യങ്ങളും ചവിട്ടി മെതിക്കപ്പെടുകയാണ്. ഭരിക്കുന്ന കക്ഷിയില്‍ പെട്ടവര്‍ക്കും ബ്രാഹ്മണ്യവാദികള്‍ക്കും എന്തും ചെയ്യാമെന്നും അവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനങ്ങില്ലെന്നും ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവര്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യപ്പെടുമെന്നതും രാജ്യത്തിന്റെ വ്യവസ്ഥയായിരിക്കുന്നു. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണിത്. നമ്മുടെ ഓരോരുത്തരുടേയും കാലിന്നടിയില്‍ നിന്നുള്ള മണ്ണ് ഒലിച്ചു പോകാന്‍ തുടങ്ങിയിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള അവസാനത്തെ അവസരത്തിനായി നാം കാത്തിരുന്നുകൂടാ. ഇപ്പോള്‍ തുടങ്ങുക!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply