തുറുങ്കില്‍ കിടക്കുന്ന ഇവര്‍ വിദേശികളല്ല, മലയാളികളാണ്

ഓര്‍മിക്കുക ഭീമകോരേഗാവ് പരിപാടിയില്‍ പങ്കെടുക്കുകയോ അതുമായി നേരിട്ട് യാതൊരു ബന്ധവുമോ ഇല്ലാത്ത ഒരാളാണ് റോണാ വില്‍സണ്‍ എന്നിട്ടും വ്യാജമായി നിര്‍മിച്ച ഒരു ഇ മെയിലിന്റെ പേരില്‍ ജനാധിപത്യവും ഭരണഘടനയും മൗലിക അവകാശങ്ങളും നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഈ രാജ്യത്ത് ഒരു തെറ്റും ചെയ്യാത്ത ആ മനുഷ്യന്‍ തടവറയില്‍ അടയ്ക്കപ്പെട്ടു. അങ്ങനെ എത്രയോ പേര്‍….

“”ഒരുമണിക്കൂര്‍ കഴിഞ്ഞു കാണും കൈകാലുകളിലെ ചങ്ങലയോടെ അദ്ദേഹം കിടക്കുന്ന മുറിയിലേയ്ക്ക് എന്നെ വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെ കണ്ട കാഴ്ച ജീവിതകാലം മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. ശത്രുക്കള്‍ക്ക് പോലും ഇത്തരമൊരു ഗതി വരുത്തരുതേ എന്നാണ് പ്രാര്‍ഥന. അദ്ദേഹം പൂര്‍ണ നഗ്‌നനായി ഒരു ഭിത്തിയോട് ചേര്‍ന്ന് കിടക്കുന്നു. വായ, മുഖം, നെഞ്ച്, മുതുക് ഇങ്ങനെ ദേഹമാസകലം രക്തം കട്ടപിടിച്ചു കിടക്കുന്നു. പിശാചുക്കള്‍ കടിച്ചു കീറിയതുപോലെ ദേഹമാസകലം രക്തം പുരണ്ടിരിക്കുന്നു. എത്രപേര്‍ ചേര്‍ന്നായിരിക്കും ഇത്ര ക്രൂരമായി മര്‍ദ്ദിച്ചിരിക്കുക? മര്‍ദ്ദനത്തിന് ഉപയോഗിച്ചത് എന്തായിരിക്കും? ഒന്നുമറിഞ്ഞുകൂടാ. കൈയില്‍ ലാത്തികളും ഇരുമ്പുവടികളുമായി പലരും ചുറ്റും നിന്നിരുന്നു.””
രാജീവ് ഗാന്ധി വധം മറയ്ക്കപ്പെട്ട എന്റെ സത്യങ്ങള്‍ – നളിനി മുരുകന്‍ (പേജ് 114).

ഇന്ത്യയിലെ തടവറകളില്‍ പ്രതികളായി പിടിക്കപ്പെടുന്നവരുടെ അന്നും ഇന്നുമുള്ള അവസ്ഥയാണ് രാജീവ് ഗാന്ധിവധക്കേസില്‍ പിടിക്കപ്പെട്ട നളിനിയുടെ വാക്കുകളില്‍ നിന്ന് വെളിവാകുന്നത്. സാധാരണ മനുഷ്യര്‍ പ്രത്യേകിച്ചും യാതൊരു രാഷ്ട്രീയ പിന്‍ബലവും ഇല്ലാത്തവരുടെ അവസ്ഥ ഊഹിക്കാവുന്നതിലുമപ്പുറമാണ്. കേരളത്തിന് പുറത്തു തടവില്‍ കഴിയുന്ന മലയാളി തടവുകാര്‍ ഇന്ന് നമ്മുടെ സ്മൃതിപഥങ്ങളില്‍ ഒരിക്കല്‍ പോലും വിരുന്ന് വരാത്തവരാണ്. രാഷ്ട്രീയമായി അവരുടെ ശരി തെറ്റുകളെ നമുക്ക് വിചാരണ നടത്തി വിധിച്ചാല്‍ പോലും ഒരു തടവുകാരന് ലഭിക്കേണ്ടുന്ന നീതി അവര്‍ക്കു ലഭിക്കുന്നില്ല എന്നതാണ് സത്യം. തീവ്രവാദമുദ്രയും കൂടെ മുസ്ലിം ആയാല്‍ പറയുകയും വേണ്ട. 2016 ഒക്‌റ്റോബര്‍ 31ന് ഭോപ്പാല്‍ ജയിലില്‍ തടവുകാരായിരുന്നവര്‍ കൊല്ലപ്പെട്ടത് നമുക്കേവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിചാരണ തീരുന്ന ഘട്ടത്തിലാണ് അവരെ കൊല്ലുന്നത്. ബന്ധുക്കളും വക്കീലന്‍മാരും പറയുന്നത് കേസ് ജയിക്കുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ഏറെക്കുറെ പരാജയപ്പെട്ടിരുന്നുവെന്നുമാണ്. എന്തായാലും കോടതിക്ക് പുറത്തുവച്ച് കൊന്നുകൊണ്ടു പോലീസ് ‘നീതി’ നടപ്പാക്കി. അതേ ജയിലില്‍ തന്നെയാണ് മൂന്ന് മലയാളി സിമി തടവുകാരായ ഷിബിലി, ശാദുലി, അന്‍സാര്‍ എന്നിവര്‍ കഴിയുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് ഗുജറാത്തിലെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റും, മോദിയുടെ വലംകൈയുമായ വന്‍സാര കേരളം സന്ദര്‍ശിക്കുന്നത്. അല്പ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ചു അറസ്റ്റും തുടങ്ങി. സിമി എന്ന് കേള്‍ക്കുമ്പോള്‍ ഭീകരത എന്നൊക്കെ സമീകരിക്കുന്ന കേരളത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ വിഴുങ്ങുന്ന പത്രങ്ങള്‍ പിന്നീട് ഒരു സത്യവും അന്വേഷിച്ചതുമില്ല. സിമി നിരോധിച്ചത് 2001ല്‍ ആണെങ്കിലും 2008ലാണ് സിമിക്കാര്‍ക്ക് ‘ ഭീകര പ്രവര്‍ത്തനം ‘നടത്താനുള്ള ആഗ്രഹം’ ഉദിച്ചത്. (ഹോ ! എന്തൊരു ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പ്). സംഘടനയിലാകട്ടെ ഭരണഘടന അനുസരിച്ച് 30 വയസുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ പിന്നീട് പിടികൂടുന്നവര്‍ അതായത് മുപ്പത് കഴിഞ്ഞവര്‍ ചെയ്യുന്ന എല്ലാ ചെയ്തികള്‍ക്കും സിമി എന്ന സംഘടന എങ്ങനെ ഉത്തരവാദികളാകും എന്ന ചോദ്യത്തിന് ഉത്തരമില്ല. എന്നാല്‍ ഇതിനോട് ചേര്‍ത്ത് വച്ച് വായിക്കേണ്ട മറ്റൊരു സംഗതിയാണ് ജസ്റ്റിസ് ഗീത മിത്തല്‍ സിമി നിരോധിക്കപ്പെടേണ്ട ഒരു സംഘടന അല്ല എന്ന് വിധി പുറപ്പെടുവിച്ചു ഒറ്റ ദിവസത്തിനുള്ളില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഒരു ഉത്തരവിലൂടെ വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്തത്. ഇത്രയും പറഞ്ഞത് ഒരു സംഘടനയെ ഭീകര പ്രവര്‍ത്തനമാക്കാന്‍ ആഭ്യന്തരവകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരോ ചില പോലീസുകാരോ മാത്രം വിചാരിച്ചാല്‍ സാധിക്കാവുന്ന ഒരു കാര്യം മാത്രമാണ്. അതുകൊണ്ടുതന്നെ ഭീകരരെ ഭരണകൂടത്തിന് സൃഷ്ടിക്കാന്‍ ഒരു പ്രായസവുമില്ല. അഭ്യസ്തവിദ്യരും എഞ്ചിനീയര്‍മാരുമായ (ഷിബിലി, ശാദുലി ഒരാള്‍ ബിടെക്കും മറ്റെയാള്‍ ഡിപ്ലോമായും) രണ്ടു യുവാക്കള്‍ പന്ത്രണ്ടു വര്‍ഷമായി തടവറയിലാണ്.

അറസ്റ്റിലായ എന്‍ജിനീയര്‍മാര്‍

ഈരാറ്റുപേട്ടയിലെ ഷിബിലി, ശാദുലി എന്നീ സഹോദരങ്ങള്‍ക്കൊപ്പം ആലുവയിലെ അന്‍സാര്‍, സത്താര്‍ എന്നിവരും സിമി കേസുകളിലെ പ്രതികള്‍ ആണ്. അഹമ്മദാബാദ് സ്‌ഫോടന കേസ്, ഹൂബ്ലി ഗൂഢാലോചന, വാഗമണ്‍ ഗൂഢാലോചന, ഇന്‍ഡോര്‍ ഗൂഢാലോചന, പാനായിക്കുളം ഗൂഢാലോചന എന്നീ കേസുകള്‍ ആണ് ഷിബിലി, ശാദുലി, സത്താര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയത്. ഇതില്‍ ഹൂബ്ലി, പാനായിക്കുളം കേസുകളില്‍ വെറുതെ വിട്ടപ്പോള്‍ ഇന്‍ഡോര്‍ കേസില്‍ ജീവപര്യന്തവും വാഗമണ്‍ കേസില്‍ എട്ടര വര്‍ഷവും ശിക്ഷിച്ചു. ഷിബിലിയെ മധ്യപ്രദേശിലെ നരസിംഹ് ഗഡില്‍ രണ്ട് ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തു. ഒപ്പം മുംബൈ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടന കേസില്‍ ഉള്‍പ്പെടുത്തുകയും എന്നാല്‍ ഹേമന്ദ് കര്‍ക്കരെയുടെ പുനഃരന്വേഷണത്തില്‍ വിടുതല്‍ നല്‍കി.

ഇതൊന്നും പോരാഞ്ഞിട്ട് ജയില്‍ ചാടാനായി ഒരു തുരങ്ക0 ഉണ്ടാക്കി എന്ന് ആരോപിച്ചുകൊണ്ട് ഏകദേശം ആറു വര്‍ഷം മുന്‍പ് ഒരു കേസില്‍ കൂടി ഉള്‍പ്പെടുത്തി. കടുത്ത രീതിയില്‍ സുരക്ഷാ സംവിധാനങ്ങളുള്ള അഹമ്മദാബാദ് സബര്‍മതി ജയിലില്‍ വച്ചാണ് എന്നോര്‍ക്കണം. ആ കേസിലെ വിചാരണപോലും ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രസ്തുത കേസില്‍ ശിബിലി, ശാദുലി, അന്‍സാര്‍ എന്നിവര്‍ പ്രതികളാണ്. അങ്ങനെ വരുമ്പോള്‍ ഒരേ സമയം വിചാരണ തടവുകാരും ശിക്ഷാ തടവുകാരും ആണ് ഇപ്പോള്‍. ഇന്നത്തെ സാഹചര്യത്തില്‍ കേസ് എപ്പോള്‍ വിളിക്കുമെന്നോ തുടങ്ങുമെന്നോ ഒന്നും പറയാന്‍ കഴിയില്ല. എല്ലാവര്‍ക്കും യുഎപിഎ ചാര്‍ത്തിയിട്ടുള്ളതിനാല്‍ പരോളും അസാധ്യം ആണ്. ഈ വര്‍ഷം രണ്ടര മാസം നീണ്ട നിരാഹാര സമരം ഭോപ്പാലില്‍ നടന്നപ്പോള്‍ അത് ഈ ലോകം അറിഞ്ഞില്ല. ആവശ്യപ്പെട്ടത് തടവില്‍ക്കിടക്കുന്ന ഒരു വ്യക്തിക്ക് കിട്ടേണ്ട അടിസ്ഥാന നീതി മാത്രം. ആഹാരം പോലും മുഴുവന്‍ അനുവദിക്കുന്നില്ല. അനുവദിക്കപ്പെട്ട ചപ്പാത്തി ചോദിച്ചാല്‍ അതിന് മുന്നോട്ട് വയ്ക്കുന്ന നിബന്ധന ‘ വന്ദേമാതരം’ മുഴക്കണം എന്നാണ്. പ്രാഥമികാവശ്യങ്ങള്‍ മുതല്‍ എല്ലാ കാര്യത്തിനും ഒരു ദിവസം ഒരു ബക്കറ്റ് വെള്ളം മാത്രമാണ് അനുവദിക്കുന്നത്. മുഴുവന്‍ നേരവും ലോക്കപ്പില്‍ അടയ്ക്കുന്നത് കാരണം സൂര്യ പ്രകാശം ലഭിക്കാത്തതിനാല്‍ ത്വക്ക് രോഗം ബാധിച്ചതും പിന്നീട് കോടതിയുടെയും മറ്റും ഇടപെടല്‍ കാരണം ഒരു മണിക്കൂര്‍ പുറത്തിറക്കുകയും പിന്നീട് അത് രണ്ട് മണിക്കൂറായി വര്‍ധിപ്പിക്കുകയും ചെയ്തു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പിടിക്കപ്പെടുമ്പോള്‍ ഏറ്റ മര്‍ദ്ദനങ്ങളുടെ രീതികള്‍ കേട്ടപ്പോള്‍ ഞാന്‍ ഗോണ്ടാനാമോ തടവറ ഓര്‍ത്തുപോയി. ‘ കസേരയില്‍ ഇരുത്തി ചോദ്യം ചെയ്യുമ്പോള്‍ പെട്ടെന്ന് നെഞ്ചില്‍ ചവിട്ടി വീഴ്ത്തുന്നു. വീഴുന്ന സ്ഥലത്തു പിന്നില്‍ വലിയ പാത്രത്തില്‍ വെള്ളം വച്ചിട്ടുണ്ട്. തല ചവിട്ടി വെള്ളത്തില്‍ മുക്കി പിടിക്കുന്നു. ‘അന്‍സാറിന്റെയും സത്താറിന്റെയും പിതാവായ അബ്ദുല്‍ റസാഖ് ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ വച്ച് പറഞ്ഞതാണ്. അറസ്റ്റിലായ വിവരം അറിഞ്ഞപ്പോള്‍ കാണാന്‍ ശ്രമിച്ചതിന്റെ പ്രയാസങ്ങള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ചിലര്‍ പറഞ്ഞു യു പിയില്‍ ആണെന്ന്. അവിടെ എത്തിയപ്പോള്‍ അറിയുന്നു അല്ല എം പിയില്‍ ആണെന്ന്,പിന്നെ പറയുന്നു ഗുജറാത്തില്‍. അങ്ങനെ ഞങ്ങള്‍ ആദ്യം കുറെ നാള്‍ മക്കള്‍ ഏത് ജയിലില്‍ ആയെന്ന് കണ്ടെത്താനാവാതെ അലഞ്ഞു. ഒരിക്കല്‍ ജയിലില്‍ കാണാന്‍ പോയപ്പോള്‍ പറഞ്ഞു ഇനി വരുമ്പോള്‍ കുറച്ചു കൂടുതല്‍ വസ്ത്രങ്ങള്‍ കൊണ്ടുവരണം ഞങ്ങള്‍ക്കല്ല ഇവിടെ പിടിക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടുംബത്തില്‍ നിന്നോ മറ്റോ ഒരാള്‍ പോലും വരാതെ അന്ന് ഇട്ട വസ്ത്രം തന്നെ ഇപ്പോഴും ഉപയോഗിക്കുന്ന ആദിവാസികളായ യുവാക്കള്‍ ഉണ്ട് അവര്‍ക്കു വേണ്ടിയാണ്. ‘ തന്റെ മക്കള്‍ക്ക് നീതി തേടിയുള്ള യാത്രയില്‍ ഉത്തരേന്ത്യയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ കഷ്ടിച്ചു രണ്ടു വര്‍ഷം മുന്‍പ് ഹൃദ്രോഗിയായ അബ്ദുല്‍ റസാഖ് എന്ന ആ വൃദ്ധ പിതാവ് കുഴഞ്ഞു വീണു മരിച്ചത് മറ്റൊരു വിങ്ങലായി ബാക്കി നില്‍ക്കുന്നു.

എസ്.എഫ് .ഐ.കാരനായിരുന്ന മാവോയിസ്റ്റ്

പത്തനംതിട്ടക്കാരനായ ഒരു മുന്‍ എസ് എഫ് ഐക്കാരനാണ് അനൂപ് മാത്യു ജോര്‍ജ്. പക്ഷേ, ‘മാവോയിസ്റ്റ് നേതാവ് ‘ എന്ന് പറഞ്ഞാല്‍ ആരെങ്കിലും അറിയുമോ? അങ്ങനെ ഒരു മാവോയിസ്റ്റ് നേതാവിനെ നമ്മള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പലര്‍ക്കും അജ്ഞാതമാണ്. പക്ഷേ, മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന ‘മാവോയിസ്റ്റ് ഭീകരന്‍’ ആണ് അദ്ദേഹം. അതുവരെ കേസ് ഒന്നും ഇല്ലാതിരുന്നു എന്ന് പറയുന്ന അനൂപിനെ പിടികൂടപ്പെട്ടപ്പോള്‍ പതിനഞ്ചിലധികം കേസുകള്‍ കേരളത്തില്‍ മാത്രം ചാര്‍ത്തപ്പെട്ടു. തമിഴ്നാട്ടില്‍ വേറെ. ഒരു കേസ് ഒഴികെ ബാക്കിയെല്ലാത്തിനും ജാമ്യം കിട്ടി. പക്ഷേ, ഇപ്പോഴും കോയമ്പത്തൂര്‍ ജയിലിലെ തടവുകാരനാണ് അനൂപ്. ഇനി എന്ന് വിചാരണ തുടങ്ങും എന്ന് അറിയില്ല. ആറ് വര്‍ഷം ഇപ്പോള്‍ തന്നെ കഴിഞ്ഞു. വൃദ്ധയായ അധ്യാപക മാതാവിനാകട്ടെ കോടതി വ്യവഹാരങ്ങള്‍ ഒന്നും അറിയില്ല. ഇടയ്ക്കിടെ സഹോദരങ്ങളില്‍ ചിലര്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിക്കും. കോണ്‍ഗ്രസും സിപിഎമ്മും പിന്നെ ബിജെപിയും കഴിഞ്ഞാല്‍ രാഷ്ട്രീയ ചിന്ത പാടില്ല എന്ന അലിഖിത നിയമം നില നില്‍ക്കുന്ന നാടാണ് ഇവിടം. കേരളത്തേക്കാളും സാക്ഷരതയില്‍ പിന്നില്‍ നില്‍ക്കുന്ന നാട്ടില്‍പോലും ബദല്‍ രാഷ്ട്രീയത്തെപ്പറ്റിയുള്ള ചിന്തകള്‍ ഉയര്‍ന്നു വരികയും രാഷ്ട്രീയമായി സ്വാഗതം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ മൂന്ന് കക്ഷികള്‍ക്കപ്പുറം ഉള്ള ആരായാലും അവരെല്ലാം ‘തീവ്രവാദികള്‍’ ആണ്. ‘ പരിസ്ഥിതി പ്രശ്‌നം ഉയര്‍ത്തുന്നവരും മുസ്ലിം – ദളിത് സ്വത്വവാദ രാഷ്ട്രീയം ഉയര്‍ത്തുവരെയും സ്റ്റേറ്റ് ഈ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ‘ അനൂപിന്റെ കാര്യത്തിലെ പൊതു സമൂഹത്തിന്റെ നിശ്ശബ്ദതയുടെ കാരണവും അത് തന്നെയാണ്. കേരളത്തില്‍ ഇത്തരം രീതിയില്‍ തീവ്രവാദികളെ സ്റ്റേറ്റ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല.

പ്ലസ്ടുകാരനായ ‘ബോംബ് നിര്‍മാണ വിദഗ്ധന്‍’

പരപ്പനങ്ങാടിക്കാരന്‍ സക്കരിയ പ്ലസ് ടു വിദ്യാഭ്യാസം മാത്രം ഉള്ള കൗമാരക്കാരന്‍. ജീവിതം കൂട്ടിമുട്ടിക്കാന്‍ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്നു. ഒരു സുപ്രഭാതത്തില്‍ പരപ്പനങ്ങാടിയിലെ ജനങ്ങള്‍ കേള്‍ക്കുന്നത് ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് ആവശ്യമായ ഇലക്ട്രോണിക് ചിപ്പുകള്‍ നിര്‍മ്മിച്ച് നല്‍കിയത് സക്കരിയ ആണത്രേ. ‘ഞങ്ങളുടെ അങ്ങാടിയില്‍ നിന്ന് ഒരാളെ കുറച്ചു പേര് തട്ടിക്കൊണ്ടു പോയെന്ന് വാര്‍ത്ത കേട്ടാണ് ഞാന്‍ പോയത്.’ പത്രപ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുള്ള തുടരുന്നു. ‘എന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതിനു ശേഷം ഞാന്‍ ടാറ്റ സുമോയില്‍ ഇരുന്നവരോട് എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ഇത് സ്‌ഫോടനക്കേസിലെ പ്രതിയാണ്’ എന്നാണു പറഞ്ഞത്. വൈകിട്ട് വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞാന്‍ മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ച് മേധാവിയെ നേരിട്ട് വിളിച്ചു. അദ്ദേഹം പറഞ്ഞത് ‘എനിക്കൊന്നും അറിയില്ല, കര്‍ണാടക പോലീസ് സഹായം ആവശ്യപ്പെട്ടു, ഞാന്‍ കൊടുത്തു’. എന്നാല്‍ കുടുബാംഗമായ ഷുഹൈബ് കോണിയത് പരപ്പന അഗ്രഹാര ജയിലില്‍ കാണാന്‍ പോയപ്പോള്‍ സക്കരിയ പറഞ്ഞു ‘പോലീസിനുവേണ്ടി ചാരപ്പണി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ വിട്ടയക്കാം എന്ന് ‘. പോലീസിന്റെ വാഗ്ദാനത്തിന് വഴങ്ങാത്ത സക്കരിയയുടെ ജയില്‍ ജീവിതത്തിന് ഇപ്പോള്‍ പന്ത്രണ്ടു വയസ്സ് കഴിഞ്ഞിരിക്കുന്നു. പോലീസ് സാക്ഷികളായ നിസാമുദീനും ഹരിദാസും കോടതിയില്‍ പറഞ്ഞത് തങ്ങളെ കബളിപ്പിച്ചുകൊണ്ടാണ് പോലീസ് മൊഴിയില്‍ ഒപ്പിടുവിച്ചത് എന്നാണ്. പന്ത്രണ്ട് വര്‍ഷത്തിനിടയ്ക്ക് മൂന്ന് തവണ മാത്രമാണ് സക്കരിയയ്ക്ക് പരോള്‍ കിട്ടിയത്. അതും പത്തു ദിവസം പോലും തികച്ചില്ല എന്നത് മറ്റൊരു സത്യം. ഒരു തവണ പരോളിന് വന്നത് സഹോദരന്റെ വിവാഹത്തിന്; പിന്നെ വന്നത് അതേ സഹോദരന്റെ മരണത്തിന്. വൃദ്ധമാതാവായ ബിയ്യുമ്മയുടെ രോഗാവസ്ഥ കലശലായപ്പോഴാണ് പിന്നീട് ഒരു തവണ വന്നത്. എല്ലാം കണ്ടും അനുഭവിച്ചും തകര്‍ന്ന ബിയ്യുമ്മ ഇപ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടക്കുകയാണ്.

സ്വന്തം ലേഖകന്‍ തടവറയിലാണ്

‘ അറിയില്ലേ യുപി ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചു കഴിഞ്ഞു ‘ – ഉത്തര്‍പ്രദേശിലെ ഒരു അഭിഭാഷക സുഹൃത്തിനോട് അവിടത്തെ ഭീകരാവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരിക്കല്‍ പറഞ്ഞ മറുപടിയാണ്. ഹദ്രാസ് എന്ന സ്ഥല നാമം കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നത് മാനഭംഗത്തിനിരയായി പിടഞ്ഞു മരിച്ച പെണ്‍കുട്ടിയെ ആണ്. എന്നാല്‍ കേരളം മലയാളിയായ പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത് ശ്രവിച്ചത് ഒരു തീവ്രവാദിയായിട്ടാണ്. കേരളം എന്ന ഇസ്ലാമോഫോബിയ കൊടികുത്തി വാഴുന്ന സ്ഥലത്ത് ഒരു ബ്രാന്‍ഡ് നെയിം തലയില്‍ വീണു കഴിഞ്ഞാല്‍ പിന്നെ രക്ഷപെടാന്‍ കഴിയില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കാപ്പന്‍. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ ടാഗ് കൂട്ടിക്കെട്ടിയാല്‍ പിന്നെ നീതി വേണ്ട എന്നത് ഏത് ജനാധിപത്യവ്യവസ്ഥയില്‍, ഏത് നീതിന്യായ വ്യവസ്ഥയില്‍ ആണുള്ളത് ? രാഷ്ട്രീയമായി ആ സംഘടനയോടുള്ള വിയോജിപ്പ് നമുക്ക് മനസിലാക്കാം. എന്നാല്‍ ദല്‍ഹി പത്രപ്രവര്‍ത്തക യൂണിയന്റെ നേതാവ് കൂടിയായ സിദ്ദീഖ് കാപ്പന് നീതി പാടില്ല എന്ന് വ്യാപകമായ രീതിയില്‍ ശബ്ദം ഉയരുമ്പോള്‍ നമ്മുടെ പൊതുസമൂഹം എന്ന് പറയുന്ന ഇടങ്ങളില്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ബോധം ആധിപത്യം ഉറപ്പിച്ചു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്. കുറ്റം ചെയ്തവര്‍ക്ക് നിയമത്തില്‍ ലഭിക്കേണ്ട സ്വാഭാവിക നീതി പോലും കിട്ടാത്ത ഈ നാട്ടില്‍ കുറ്റം ചെയ്യാത്തവരുടെ അവസ്ഥ പറയുകയും വേണ്ട.

സിദ്ദീഖ് കാപ്പന്‍ എന്റെ സുഹൃത്താണ്. സാധാരണ ഒരു മാധ്യമപ്രവര്‍ത്തകന്റെ ദൈനംദിന പ്രശ്‌നങ്ങളും വേവലാതികളും പേറി ജീവിക്കുന്ന ഒരു മനുഷ്യന്‍. ജീവിതപ്പാച്ചിലിനിടയിലും കൃത്യമായ രാഷ്ട്രീയ ബോധം ഉയര്‍ത്തിപ്പിടിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണ് തടവറയും യു എ പി എ യും കിട്ടിയത്. ഹദ്രാസിലെ പെണ്‍കുട്ടിയുടെ ദാരുണ മരണം ഒരു ‘ചാരുകസേര ജേര്‍ണലിസത്തിന്റെ’ മാതൃകയില്‍ ലേഖനം എഴുതി നിര്‍വൃതികൊള്ളാമായിരുന്നിട്ടും അതിനു തുനിയാതെ നേരിട്ട് സംഭവസ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. പക്ഷേ, അതിനു അദ്ദേഹത്തിനു നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. പത്രപ്രവര്‍ത്തനം അത്ര മനോഹരമായ ഒരു ജോലി അല്ല എന്ന് ഓരോ വര്‍ഷം പൂട്ടിക്കൊണ്ടിരിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ എണ്ണം മാത്രം നോക്കിയാല്‍ മതി. മുഖ്യധാരാ മാധ്യമങ്ങള്‍ മുതല്‍ പലതും ഇന്ന് വളരെ പ്രതിസന്ധിയില്‍ ആണ്. ഇത് സൂചിപ്പിക്കാന്‍ കാരണം നൂറ്റി എഴുപത് കിലോമീറ്റര്‍ ദൂരം സ്വന്തമായി വണ്ടി പിടിച്ചു പോകാനോ അല്ലെങ്കില്‍ അങ്ങനെ വാഹന സൗകര്യം ഉള്ളതോ ആയ ഒരു മാധ്യമസ്ഥാപനത്തിലെ ജോലിക്കാരന്‍ ആയിരുന്നില്ല സിദ്ദീഖ് കാപ്പന്‍. അദ്ദേഹം ജോലി ചെയ്തിരുന്ന ‘അഴിമുഖം’ എന്ന വെബ് പോര്‍ട്ടല്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ അത്ര വലിയ ഒരു മാധ്യമസ്ഥാപനവും അല്ല. ‘കാമ്പസ് ഫ്രണ്ട് ‘ എന്ന വിദ്യാര്‍ഥി സംഘടനയുടെ നേതാക്കള്‍ പോയ വാഹനത്തില്‍ ഒപ്പം പോയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കുറ്റമായി മാറുമെന്ന് ഒരിക്കലും കരുതിക്കാണില്ല. മുന്‍പ് സൂചിപ്പിച്ചതുപോലെ കടുത്ത ഇസ്ലാം പേടി നിലനില്‍ക്കുന്ന ഒരു സംസ്ഥാനമായ കേരളത്തില്‍ സിദ്ദീഖ് കാപ്പന്‍ എന്ന ദല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയന്‍ ഭാരവാഹിക്ക് വേണ്ടി കേരളത്തില്‍ നിന്ന് ചുരുക്കം ചില ദൃശ്യമാധ്യമങ്ങളും പത്രങ്ങളും ഇടപെട്ടതല്ലാതെ അങ്ങനെ വലിയൊരു ശബ്ദം ഉണ്ടായില്ല. കാപ്പന്റെ മേല്‍ പതിപ്പിച്ച ‘ പോപ്പുലര്‍ ഫ്രണ്ട് ചാപ്പ’ സംഘ്പരിവാറിനേക്കാള്‍ വേഗത്തില്‍ പൊതുസമൂഹം എന്ന് വിളിക്കുന്ന ഹിന്ദുത്വ ബോധ മനസ്സുകള്‍ ആര്‍ത്തു വിളിച്ചു, പത്ര പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ മെഴുകുതിരി കത്തിച്ച കേരളം മലയാളിയായ ഒരു പത്രപ്രവര്‍ത്തകന്റെ തടവിനെ മൗനം കൊണ്ട് പിന്തുണച്ചു. മുന്‍പ് ‘ തേജസ് എന്ന പത്രത്തിന്റെ ദല്‍ഹി ലേഖകന്‍ ആയി ജോലി ചെയ്ത സിദ്ദീഖ് പിന്നീട് ആ സ്ഥാപനം അടച്ചുപൂട്ടിയപ്പോള്‍ ‘തത്സമയം’ എന്ന പത്രത്തില്‍ ജോലിക്ക് കയറി അതും പൂട്ടിയപ്പോഴാണ് അഴിമുഖം എന്ന വെബ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ടറായത്. രാഷ്ട്രീയമായ കാരണങ്ങള്‍കൊണ്ട് നമുക്ക് വിയോജിക്കാവുന്ന പലതും ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ എഴുത്തിലോ നിലപാടിലോ കാണാം. അത് സാധാരണമാണ്. പക്ഷേ, ഈ രാജ്യത്തു നിലവിലിരിക്കുന്ന നിയമങ്ങളെ അട്ടിമറിക്കുന്ന ഒരു പ്രവര്‍ത്തിയും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല എന്ന് നാം പ്രത്യേകം ഓര്‍മ്മിക്കണം. തൊഴില്‍ ചെയ്യാന്‍ പോകുന്ന വേളയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ജനാധിപത്യം, ഫോര്‍ത്ത് എസ്റ്റേറ്റ് എന്നൊക്കെ വാ കീറി നിലവിളിക്കുന്നവര്‍ കുറ്റകരമായ നിശബ്ദത പാലിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നിലവാരത്തിലേക്ക് താണു. പിടിക്കപ്പെടുമ്പോള്‍ നിസാര കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വൈകുന്നേരം ആയപ്പോള്‍ ഹദ്രാസില്‍ കലാപം സൃഷ്ടിക്കാന്‍ വന്ന വലിയ ഭീകരനാക്കി മാറ്റി യുഎപിഎ ചുമത്തി. രാജ്യ തലസ്ഥാനത്തിരുന്നുകൊണ്ട് ഇന്ത്യയിലെ അന്യായ തടവുകളെയും ഭീകര നിയമങ്ങളെയും കുറിച്ച് എഴുതിയിരുന്ന ആ മനുഷ്യന്‍ അതേ ഭീകര നിയമത്താല്‍ ബന്ധിതനായി തുറുങ്കില്‍ അടയ്ക്കപ്പെട്ടു. വിടാനിരുന്ന സിദ്ദീഖ് കാപ്പനെ പിന്നീട് ഭീകര നിയമം ചാര്‍ത്തി ജയിലില്‍ അടച്ചതിന് പിന്നില്‍ തൊഴില്‍ മേഖലയിലെ സംഘടനയുടെ ചേരിപ്പോര് മുതല്‍ പലതും പിന്നാമ്പുറത്തു മുഴങ്ങുന്നു. എങ്കിലും ആ യുവാവിന്റെ മോചനം അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നു എന്നതാണ് വാസ്തവം. ഇതിനിടയില്‍ ഒരു തവണ രോഗിണിയായ മാതാവിനെ കാണാനുള്ള അനുമതി കോടതി കൊടുത്തു. ഏകദേശം എട്ടു മാസം കഴിഞ്ഞു എങ്കിലും ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ക്ക് ഒരു ഫലവും ഇതുവരെയും ഉണ്ടായില്ല. ഇതിനിടയില്‍ മകനെ കാണാതെ സിദ്ദീഖിന്റെ ഉമ്മ എന്നന്നേക്കുമായി യാത്രയായി. കേസ് നടത്തുന്നത് ജേര്‍ണലിസ്റ്റ് യൂണിയന്‍ ആണ്. ഇതിനിടയില്‍ കീഴ്ക്കോടതിയില്‍ കലാപം സൃഷ്ടിക്കാന്‍ വന്നുവെന്ന കേസ് ഒഴിവാക്കി. കേരളത്തിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് വളരെയധികം പ്രചാരണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായി പിണറായി വിജയന്‍ യോഗി ആദിത്യനാഥിന് കത്തയച്ചു. കോവിഡ് രോഗം ബാധിച്ച കാപ്പനെ ചികില്‍സിക്കാനായി പരമോന്നത കോടതിയുടെ ഇടപെടല്‍ തന്നെ വേണ്ടി വന്നു. അവിടെയും പല കള്ളക്കളികള്‍ യു പി സര്‍ക്കാര്‍ നടത്തി. എന്തായാലു0 ഭാഗ്യം കൊണ്ട് ആ മനുഷ്യന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു (ഭാഗ്യം എന്ന് തന്നെ പറയണ0 കാരണം ഇന്ത്യയില്‍ ജനാധിപത്യത്തിനോ നിയമവാഴ്ചക്കോ പ്രസക്തി ഉണ്ടായിരുന്നു എങ്കില്‍ ഒരു പത്രപ്രവര്‍ത്തകന് തടവില്‍ കിടക്കേണ്ടി വരില്ലായിരുന്നു). പിടിച്ചപ്പോള്‍ ‘ബീഫ് കഴിക്കാറുണ്ടോ ?’ എന്ന് ചോദിച്ചുകൊണ്ട് മര്‍ദ്ദിച്ച പോലീസ് പിന്നീട് പറഞ്ഞത് ഏതെങ്കിലും ഒരു ഇടതുപക്ഷ എംപിയുടെ പേര് പറഞ്ഞാല്‍ വിടാം എന്നായിരുന്നു. മൂന്ന് കുട്ടികളുമായി കാപ്പന്റെ ഭാര്യ റൈഹാനത് ഇപ്പോഴും കണ്ണീരോടെ തന്റെ ഭര്‍ത്താവിന്റെ മോചനത്തിനായി കാത്തിരിക്കുന്നു.

‘നഗരത്തിലെ തടവുകാരന്‍’

ഒരു കാലഘട്ടത്തില്‍ ആര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത ‘മൂന്നാം മുന്നണി’ എന്ന സംഗതി കേരളീയരുടെ മുന്നില്‍ വയ്ക്കുന്ന താടി വളര്‍ത്തി തൊപ്പി ധരിച്ച ഒരു യുവ മുസ്ലിയാര്‍. ആര്‍.എസ്.എസ്. ബോംബാക്രമണത്തില്‍ ഒരു കാല്‍ അറ്റുപോയിട്ടും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ നിന്ന് പതറിയില്ല. ഫാഷിസത്തിന്റെ വളര്‍ച്ച അദ്ദേഹത്തെ പള്ളിയിലെ മിനാറില്‍ നിന്ന് തെരുവിലേക്ക് നയിച്ചു. പാറശാല മുതല്‍ കാസര്‍ഗോഡ് വരെ അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഇളകിയാടിയത് ഇവിടെ മാത്രമല്ല കേന്ദ്രത്തിലെ ഫാഷിസ്റ്റുകള്‍ വരെ. അബ്ദുല്‍ നാസര്‍ മദനി എന്ന ഇസ്ലാമിക പണ്ഡിതനെ ഇരുമുന്നണികളെക്കാളും വേഗത്തില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്തു. ‘പീഡിതന് മോചനം അവര്‍ണന് അധികാരം’ എന്ന മുദ്രാവാക്യം കേരളത്തിലെ ചിതറിത്തെറിച്ച ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പോലും ആവേശമായി. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം കത്തി നില്‍ക്കുന്ന സമയം. ഇന്ന് സിപിഎം പാളയത്തില്‍ ചേക്കേറിയ കേളു ഏട്ടന്‍ സ്മാരക പഠന കേന്ദ്രത്തിന്റെ അധ്യക്ഷനായ കെ.ടി. കുഞ്ഞിക്കണ്ണന്‍, പിന്നെ കെ. അജിത എന്നിവരോടൊപ്പം കാസര്‍ഗോഡ് നിന്ന് ഒരു യാത്ര ആരംഭിക്കാന്‍ തീരുമാനിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നു. കലൂരിലെ വീട്ടില്‍ നിന്ന് പ്രകോപനപരമായി പ്രസംഗിച്ചതിനു കസ്റ്റഡിയിലെടുത്തതിനുശേഷം കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ എത്തിച്ച മദനി പിന്നീട് ഒന്‍പതര കൊല്ലത്തിനു ശേഷം ആണ് കേരളം കാണുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്ത് ജയിലില്‍ അടച്ചു. ഐ എസ് എസില്‍ നിന്നും പി ഡി പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് എത്തിയപ്പോഴേക്കും മദനി എന്ന രാഷ്ട്രീയക്കാരന്റെ മറ്റൊരു പുനര്‍ജന്മം ആയിരുന്നു. രാത്രിയും പകലും മുഖം മറച്ചും അല്ലാതെയും എല്ലാ പ്രധാന കക്ഷികളും അദ്ദേഹത്തിന്റെ മുന്നില്‍ വോട്ടിനായി യാചിച്ചു നിന്നു. പക്ഷേ, മോചിപ്പിക്കാനായി ഉയര്‍ത്തിയ ശബ്ദങ്ങളില്‍ കേരളത്തിന്റെ മുഖ്യധാരകള്‍ പങ്ക് പറ്റാതെ ‘മാറി നിന്ന് തീവ്രവാദ കളങ്കമേശാതെ അഗ്‌നിശുദ്ധി വരുത്തി’ സ്വന്തം ശുദ്ധത തെളിയിച്ചുകൊണ്ടേയിരുന്നു. പതിവ് പോലെ മുസ്ലിം യുവാക്കളെ വര്‍ഷങ്ങള്‍ തടവറയിലാക്കിയതിനുശേഷം നിരപരാധി എന്ന് വിധിച്ചുകൊണ്ട് പുറത്തുവിടുന്നതിന്റെ ആദ്യപതിപ്പ് നാം കാണുന്നത് മദനിയില്‍ ആയിരുന്നിരിക്കണം. അന്തരിച്ച പ്രശസ്ത മനുഷ്യവകാശ – പത്രപ്രവര്‍ത്തകന്‍ മുകുന്ദന്‍ സി. മേനോന്‍ ഇതെഴുതുന്ന ആളോട് നേരിട്ട് പറഞ്ഞത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ ഒരു പ്രതിഷേധ പ്രകടനവും ഉണ്ടായില്ല എന്നാണു. കാരണം ‘ഭീകരന്‍’ എന്ന മുദ്രകുത്തി ഒരു മുസ്ലീമിനെ പിടിച്ചാല്‍ പിന്നെ അതിന്റെ ശരി തെറ്റുകള്‍ എന്താണ് എന്ന് അന്വേഷിക്കാന്‍ പോലും ഭയപ്പെടുന്ന അഥവാ നികൃഷ്ടമായി നോക്കിക്കാണുന്ന ഒരു മുസ്ലിം വിരുദ്ധ സമൂഹം ആണ് കേരളത്തിലേത്. ആദ്യം 58 പേര് മരിച്ച കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ തമിഴ്നാട് സര്‍ക്കാരിന്റെ പീഡനം ഏറ്റുവാങ്ങിയ മദനി മോചിതനായി രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പ് തന്നെ ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ അദ്ദേഹത്തെ കുടുക്കി അകത്താക്കി. മൂന്നു വര്‍ഷം പരപ്പന അഗ്രഹാര ജയിലില്‍ കിടന്ന അദ്ദേഹത്തിന് പേരില് ജാമ്യത്തില്‍ ആണെങ്കിലും ആറ് വര്‍ഷത്തിലേറെയായി ‘നഗരത്തിലെ തടവുകാരനായി’ കഴിയുന്നു. നേരത്തെ ആര്‍ എസ് എസ് സൈദ്ധാന്തികനായ പി പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പേരില്‍ മറ്റൊരു കേസ് കൂടി ചുമത്തി.

നിരവധി രോഗങ്ങള്‍ മദനിയെ വേട്ടയാടുന്നു. ഒരു കണ്ണിന്റെ കാഴ്ച പരിപൂര്‍ണ്ണമായി നശിച്ചു. മറ്റേക്കണ്ണിന്റെ കാഴ്ച ഇപ്പോള്‍ ഭാഗികമാണ്. പലപ്പോഴും രോഗം മൂര്‍ച്ഛിക്കുകയും കുറയുകയും ചെയ്യുന്നത് സാധാരണമായിരിക്കുകയാണ്. പലതവണ ജയിലിലും അല്ലാതെയും അദ്ദേഹത്തെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എങ്ങനെയൊക്കെയോ അദ്ദേഹം ജീവിക്കുന്നു എന്നാണു തോന്നിയിട്ടുള്ളത്; ഒരുപക്ഷേ, അദ്ദേഹത്തിന്റെ മനോബലം കൊണ്ടായിരിക്കണം. കാരണം അത്രമാത്രം ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തിന്റെ ജീവന്‍. ആരോഗ്യം പരിപൂര്‍ണമായി തകര്‍ന്നിട്ടും ചികിത്സയ്ക്കായി നാട്ടില്‍ വരാന്‍ ഇതുവരെയും അനുമതി കൊടുത്തിട്ടില്ല. മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കപ്പെടുമ്പോള്‍ മലപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന പാക് കപ്പലുകള്‍, കത്തുന്ന ബസുകള്‍…. ഇത്തരം ഇന്റലിജന്‍സ് കഥകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല.

തടവറയിലേക്ക് പുഞ്ചിരിയോടെ

ഇ.ഡി. ഉദ്യോഗസ്ഥരുടെ നടുവില്‍ നിന്ന് പുഞ്ചിരിച്ചുകൊണ്ട് നടന്നുപോകുന്ന റൗഫിന്റെ ചിത്രം ദൃശ്യമാധ്യമങ്ങളില്‍ കാണുന്ന എതിരാളികള്‍ക്കുള്ള ഏറ്റവും മികച്ച മറുപടിയാണ് ആ നിറപുഞ്ചിരി. ഡല്‍ഹിയില്‍ വച്ചാണ് ഞാന്‍ ആദ്യമായി റൗഫ് ഷെരിഫിനെ പരിചയപ്പെടുന്നത്. ഊര്‍ജസ്വലനും ആവേശഭരിതനുമായ ഒരു ചെറുപ്പക്കാരന്‍. രാജ്യത്തെ സംഭവവികാസങ്ങളെ പഠന ഗവേഷണ കൗതുകത്തോടു കൂടി നിരീക്ഷിക്കുന്ന ഒരു വിദ്യാര്‍ഥി നേതാവ്. കൊല്ലത്തെ അഞ്ചല്‍ എന്ന സ്ഥലത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച റൗഫ് ഒരു കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

വളരെ കഷ്ടപ്പാടും വേദനകളും നിറഞ്ഞ ഒരു സാഹചര്യത്തില്‍ നിന്ന് നന്നായി പഠിച്ചുകൊണ്ട് ഉയര്‍ന്നു വന്ന ഒരു യുവാവാണ് റൗഫ്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠന കാലത്തു തന്നെ അദ്ദേഹം പഠിക്കുന്ന സ്ഥലത്തു പ്രസ്തുത മേഖലയിലെ സംഘപരിവാര്‍ സംഘടന പ്രശനങ്ങള്‍ ഉണ്ടാക്കിയിരുന്നു. പഠനം പൂര്‍ത്തിയാക്കി തന്റെ സുഹൃത്തിന്റെ ഗള്‍ഫിലെ ഒരു സ്ഥാപനത്തില്‍ താല്‍ക്കാലികമായ തസ്തികയില്‍ അക്കൗണ്ടന്റായി സേവനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ കഴിവും പ്രാപ്തിയും മനസിലാക്കിയ മറ്റൊരാള്‍ അദ്ദേഹത്തെ ബിസിനസ് മേഖലയിലേക്ക് ക്ഷണിക്കുകയും അങ്ങനെ റൈയ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയില്‍ ജന. മാനേജരായിട്ടാണ് റൗഫ് ജോലി ചെയ്തിരുന്നത്. മൊബൈല്‍ ഫോണിന്റെ ആക്‌സസറീസ് ആണ് കമ്പനിയുടെ പ്രധാന വിപണി. സ്വാഭാവികമായും ചൈനയില്‍ നിന്നാണ് ഇതെല്ലാം വരുന്നത്. കൊറോണ വ്യാപിച്ചപ്പോള്‍ ചൈനയിലുള്ള വ്യാപാര ബന്ധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം മാസ്‌കിന്റെ ബിസിനസ് ആരംഭിച്ചു. ഗള്‍ഫ് മേഖലയില്‍ വ്യാപാരം ചെയ്തു. വീടിന്റെ കടുത്ത ദാരിദ്യ്രാവസ്ഥയും കടവും എല്ലാം മാറി. സ്വന്തമായി സ്ഥലവും വാങ്ങി വീടിന്റെ പണിയും ആരംഭിച്ചു. പക്ഷേ, അറസ്റ്റോടുകൂടി എല്ലാം തകിടം മറിഞ്ഞു. സ്വര്‍ണക്കടത്തോ മറ്റോ നടത്തി ആരാധകരെ സൃഷ്ടിച്ച ഒരു കള്ളക്കടത്തുകാരനല്ല റൗഫ്. മറിച്ച് പ്രാരാബ്ധങ്ങളുടെ നടുവില്‍ പഠിച്ചു വളര്‍ന്നുകൊണ്ട് കഷ്ടപ്പെട്ട് ജോലി നേടിയ ഒരു വ്യക്തി ആയിരുന്നു. റൗഫിന് ആദ്യമായി നോട്ടീസ് അയയ്ക്കുന്നത് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലാണ്. അതും ഇ മെയിലായി. കാമ്പസ് ഫ്രണ്ടിന്റെ ഔദ്യോഗിക മെയില്‍ ഐഡിയില്‍ എല്ലാ കാര്യത്തിനും കൃത്യമായ മറുപടി അയച്ചിരുന്നു. കോവിഡ് കാലമായതിനാല്‍ സമയം നീട്ടി ചോദിച്ചു. അത് അനുവദിക്കുകയും ചെയ്തു. പിന്നീട് മാതാവിന് കോവിഡ് വന്നതിനാല്‍ പ്രൈമറി കോണ്ടാക്റ്റുള്ള ആളായതിനാല്‍ റൗഫിന് ഒരിടത്തും പോകാന്‍ കഴിഞ്ഞില്ല. ഇതെല്ലാം കാണിച്ചുകൊണ്ട് ഇ.ഡി.ക്കു കത്ത് അയച്ചെങ്കിലും മറുപടി വന്നില്ല. അപ്പോഴേക്കും വിസാ കാലാവധി തീരാന്‍ സമയമായി. ഇതും ഇ.ഡി.ക്കു നേരത്തെ അയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു. വിസ പുതുക്കാന്‍ ഒമാനിലേക്കു പോയില്ലെങ്കില്‍ ജോലി തന്നെ നഷ്ടപ്പെടും എന്ന അവസ്ഥയിലാണ് തിരിച്ചു പോകാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇ.ഡി. വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങാന്‍ ശ്രമിച്ചതും ഒപ്പം സഹോദരനെ യുഎപിഎ ചുമത്തും എന്നൊക്കെ പറഞ്ഞത് മറക്കരുത്. വാദങ്ങള്‍ പൊളിഞ്ഞു വീണതുകൊണ്ടാണ് കോടതി ജാമ്യം കൊടുത്തത്. എന്നാല്‍ പുറത്തിറങ്ങും എന്ന് മനസ്സിലായ ഉടനെ യു പിയിലെ ഹദ്രാസില്‍ സിദ്ദീഖ് കാപ്പനൊപ്പം പോയവര്‍ക്ക് പണം നല്‍കി എന്ന കുറ്റം ചുമത്തി കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടു പോയി. യുഎപിഎ ചുമത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ പ്രധാനമായും ഈ കേസില്‍ റൗഫിനെ ഉള്‍പ്പെടുത്താന്‍ തുടക്കമിട്ടത് യു പി പൊലീസാണ്. ആദ്യം ലക്‌നൗ പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഹാജാരാകണം എന്ന് പറഞ്ഞു. അതിനു ശേഷമാണ് ഇ.ഡി.യുടെ വേട്ടയാടല്‍ തുടങ്ങുന്നത്. കൃത്യമായ ഒരു ഗൂഢാലോചന ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്. കോഴിക്കോട് സ്വദേശിയായ ഫാത്തിമ ബത്തൂലിനെ വിവാഹം കഴിച്ചു കഴിഞ്ഞ് ഏതാനും നാളുകള്‍ കഴിഞ്ഞപ്പോഴാണ് അറസ്റ്റ് നടന്നത്. റൗഫ് ആകട്ടെ തനിക്കു ജനിച്ച കുഞ്ഞിനെപോലും കാണാന്‍ ഭാഗ്യമില്ലാതെ ഇന്നും ജയിലില്‍ കഴിയുന്നു.

തുറുങ്കിലടയ്ക്കപ്പെട്ട ഭാഷാ ശാസ്ത്രജ്ഞന്‍

പ്രൊഫ. ഹാനി ബാബു എന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ഭീമ കോരേഗാവ് സംഭവത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോഴാണ് കേരളീയ സമൂഹം ആ പേര് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ ഹൈദരാബാദിലും ഡല്‍ഹിയിലും സര്‍വകലാശാലകളിലെ അക്കാദമിക് സെമിനാറുകളില്‍ മാത്രമല്ല കീഴാള മുസ്ലിം ഇടങ്ങളിലും അദ്ദേഹം പരിചിതനാണ്. ഹൈദ്രാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജസ് മുതല്‍ ജര്‍മനിയില്‍ വരെ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. ഇഫ്‌ളുവില്‍ (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ്) പഠിപ്പിക്കാന്‍ തുടങ്ങിയ കാലഘട്ടം മുതല്‍ ഒരു അധ്യാപകന്‍ എന്ന നിലയില്‍ മാത്രമല്ല തന്നെപ്പോലൊരു മുസ്ലീമിന് തൊഴില്‍ കിട്ടാന്‍ കാരണമായ സംവരണ വിഷയം വളരെ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ച ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. പിന്നീട് ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകനായപ്പോള്‍ ഇതിനെ സംബന്ധിച്ച് സമിതികള്‍ രൂപീകരിക്കുകയും അധ്യാപക വിദ്യാര്‍ഥി സംവരണം അട്ടിമറിക്കുന്ന മുഴുവന്‍ കാര്യങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്തു. വിവരാവകാശ പ്രകാരം ശേഖരിച്ച അറിവുകള്‍ സവര്‍ണ്ണ ലോബിയുടെ അഴിമതികളും ദളിത് – മുസ്ലിം സംവരണം ഇല്ലായ്മ ചെയ്യുന്ന കളികളും വെളിച്ചത്തായി. എന്തിനേറെ അദ്ദേഹ0 കണ്ടെത്തിയ വിവരങ്ങള്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ആയി. അതിനുശേഷം അധികൃതര്‍ക്ക് സംവരണ വിഷയത്തില്‍ കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല, ഇത്രയും മതിയല്ലോ ഇന്ത്യയെ പോലുള്ള ഒരു ‘ബ്രാഹ്മണ രാഷ്ട്രത്തില്‍’ കുറ്റവാളി ആകാന്‍. പക്ഷേ, ഭരണകൂടത്തിന്റെ പകയുടെ കഥ അതുകൊണ്ടൊന്നും തീര്‍ന്നില്ല. ദല്‍ഹി സര്‍വകലാശാലയിലെ തന്നെ അധ്യാപകനായിരുന്ന ഡോ. ജി.എന്‍. സായിബാബയെ നാഗ്പൂര്‍ ജയിലില്‍ യുഎപിഎ പ്രകാരം തടവിലിട്ടപ്പോള്‍ (തൊണ്ണൂറു ശതമാനം അംഗപരിമിതനായ ശിക്ഷ തടവുകാരനായ അദ്ദേഹത്തിന്റെ ജീവനും അപകടത്തിലാണ്). മോചന സമിതിയിലെ സജീവ അംഗമായിരുന്നു ഹാനി ബാബു. 2019 സെപ്റ്റംബര്‍ 10 ന് രാവിലെ സ്വന്തം വസതി പൂനെ പോലീസ് യു പി പോലീസിന്റെ അകമ്പടിയോടുകൂടി റെയ്ഡ് നടത്തുന്നു; അതും സേര്‍ച്ച് വാറന്റ് ഇല്ലാതെ. ലാപ്ടോപ്പ് ഫോണ്‍ പുസ്തകങ്ങള്‍ എന്തിനേറെ പഠിപ്പിക്കാന്‍ തയ്യാറാക്കിയ ക്ലാസ് നോട്ട്‌സ് വരെ ‘തെളിവുകളായ ഭീകര വസ്തുക്കളായി പിടിച്ചെടുത്തു.’ 2020 ജൂലൈ 24 ആയപ്പോഴേക്കും മുംബൈയില്‍ വിളിപ്പിച്ചു. മറ്റ് ആക്റ്റിവിസ്റ്റുകള്‍ക്കെതിരെ തെളിവ് നല്‍കാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. തീര്‍ന്നില്ല, ലാപ്ടോപ്പിലെ ഹിഡന്‍ ഫയല്‍ എവിടെയാണ് എന്ന ചോദ്യവും ഉണ്ടായിരുന്നു. 29 ആയപ്പോഴേക്കും അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തതായി അറിയിപ്പ് വരുന്നു. അതിനുശേഷം പിന്നെയും റെയ്ഡ് നടത്തി ചില പെന്‍ഡ്രൈവുകളും കടലാസുകളും എടുത്തുകൊണ്ടുപോയി. അദ്ദേഹത്തിന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളും ദല്‍ഹി മിറാന്‍ഡ ഹൗസില്‍ അധ്യാപികയും ഭാര്യയുമായ ഡോ. ജെന്നി റൊവീനയും കടന്നുപോയ മാനസികപീഡനങ്ങള്‍ ചില്ലറയല്ല. ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ ആണ് പോലീസിന്റെ പെരുമാറ്റം. ഒരു അംബേദ്കറൈറ്റ് ആയ ഹാനിയെ മാവോയിസ്റ്റാക്കി മുദ്രകുത്തി യുഎപിഎ പ്രകാരം അകത്തു തള്ളി. അറിയപ്പെടുന്ന ഭാഷാശാസ്ത്രജ്ഞനായ ഒരു മലയാളിയായ മനുഷ്യന്‍ ജയിലില്‍ ആയി ഒരു വര്‍ഷം തികയുന്ന വേളയില്‍ കേരളത്തിലെ ഒരു സാസ്‌കാരിക നായകരും ശബ്ദിച്ചില്ല എന്നതും മറ്റൊരു സത്യം.

രാഷ്ട്രീയ തടവുകാരുടെ പോരാളി

റോണാ വിത്സണ്‍ എന്ന കൊല്ലം സ്വദേശി. വര്‍ഷങ്ങള്‍ക്കുമുന്‍പ് ആദ്യമായി ഞാന്‍ കാണുന്നത് ജെ എന്‍ യുവിലെ ഗംഗ ധാബയില്‍ വച്ചാണ്. സുദീര്‍ഘമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുമ്പോഴും റോണയുടെ മിതമാര്‍ന്ന സംസാരവും പതിഞ്ഞ സ്വരത്തിനും വ്യത്യാസമില്ലാത്തതുപോലെ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് ഉറപ്പുള്ളതായി അനുഭവപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങള്‍ക്ക് പിന്നിലുള്ള ഇന്ത്യന്‍സേനയുടെ ഇടപെടല്‍, കശ്മീര്‍ അങ്ങനെ നിരവധി കാര്യങ്ങള്‍ സംസാരിക്കുമ്പോഴും ഭരണകൂട ഭീകരതയുടെ വിവിധ വശങ്ങള്‍ അദ്ദേഹം സരളമായി വിവരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ പോണ്ടിച്ചേരി സര്‍വകലാശാലയിലും ജെ എന്‍ യൂവിലും പഠിച്ചതിനെക്കാളേറെ അദ്ദേഹം നേരിട്ടറിഞ്ഞത് ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് പോലുള്ള സ്ഥലങ്ങളിലെ ആദിവാസി, ദളിത് വിഭാഗത്തിലെ മനുഷ്യരുടെ തകര്‍ന്ന ജീവിതങ്ങളായിരുന്നു. അനുഭവങ്ങളും നേര്‍സാക്ഷ്യങ്ങളുമാണല്ലോ ഒരു വ്യക്തിയുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യഘടകങ്ങള്‍. അധ്യാപനും ഗവേഷകനും ആയി തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് ഇന്നും ദുരൂഹമായി നിലകൊള്ളുന്ന പാര്‍ലമെന്റ് ആക്രമണം ഉണ്ടാകുന്നതും അന്തരിച്ച സര്‍വകലാശാല അധ്യാപകനായ എസ് എ ആര്‍ ഗിലാനി പ്രതിയാക്കപ്പെടുന്നതും. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നതില്‍ ഡിഫന്‍സ് കമ്മിറ്റിയില്‍ പ്രധാന പങ്ക് വഹിച്ചത് റോണയായിരുന്നു. അന്നുതന്നെ ഭരണകൂടം അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കിയിരുന്നു. കശ്മീരിലെ ഇന്ത്യന്‍ സേനയുടെ അതിക്രമങ്ങള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇവിടെയെല്ലാം നടന്ന സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ റോണാ വിത്സണ്‍ വലിയ പങ്ക് വഹിച്ചിരുന്നു. പാര്‍ലമെന്റാക്രമണത്തില്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെട്ട എസ് എ ആര്‍ ഗിലാനിയുടെ ജയില്‍ വാസത്തിനു ശേഷം രൂപീകരിക്കപ്പെട്ട സിആര്‍ പിപിയുടെ (കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്) പി ആര്‍ ഒ എന്ന നിലയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മറ്റൊരു വഴിത്തിരിവിലെത്തുകയായിരുന്നു. ഭരണകൂടം ഭീകര നിയമം ചാര്‍ത്തി തീവ്രവാദികളാക്കി മുദ്രകുത്തി തടവറയില്‍ തള്ളിയവരുടെ നീതിക്കായി അദ്ദേഹം പോരാടി. ഗോണ്ടാനാമോ തടവറകളെപ്പോലും നാണിപ്പിക്കുന്ന ഉത്തരേന്ത്യയിലെ ജയിലുകളില്‍ ആദിവാസി, മുസ്ലിം, ദളിതുതടവുകാരുടെ കേസുകള്‍ നടത്തുന്നതില്‍ സമിതി ബദ്ധശ്രദ്ധരായി. എന്നാല്‍ അന്നുമുതല്‍ ഭരണകൂടം മറ്റൊരു യുദ്ധമുഖം അതിനെതിരായി തുറക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ അത് റോണക്കെതിരേകൂടിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യയിലെ ഒരു പോലീസ് സ്റ്റേഷനിലോ കോടതിയിലോ ഒരു കേസ് പോലും ഇല്ലാതിരുന്ന ആ മനുഷ്യന്‍ ഒരു സുപ്രഭാതത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ ആയുധവും പണവും ചോദിച്ചുകൊണ്ട് ഇ മെയില്‍ അയച്ച കഥ നമ്മളെ വിശ്വസിപ്പിക്കാന്‍ പരിവാറും മോദി മീഡിയയും ഇനിയും ഒരുപാട് വിയര്‍ക്കേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ ഇമെയിലുകള്‍ കൃത്യമായി സൃഷ്ടിച്ചെടുത്തതാണെന്നു അമേരിക്കയിലെ ഗവേഷണ സ്ഥാപനം അഴ്‌സണല്‍ കണ്ടെത്തിയതിന് പിന്നാലെ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ അഡ്വ. സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ കമ്പ്യൂട്ടറും അതുപോലെ ഹാക്ക് ചെയ്യപ്പെട്ടു എന്നാണു കണ്ടെത്തിയത്. 2016 മുതല്‍ തന്നെ റോണയുടെ കമ്പ്യൂട്ടറില്‍ കടന്നു കയറാന്‍ ശ്രമിച്ചു എന്നാണ് പ്രസ്തുത സ്ഥാപനം പറയുന്നത്. അങ്ങനെയെങ്കില്‍ ആലോചിക്കുക റോണാ വിത്സണ്‍ എന്ന പൊതുപ്രവര്‍ത്തകനെ എത്രയോ മുന്‍പേ സംഘപരിവാര്‍ ലക്ഷ്യമിട്ടു എന്ന്. ഭീമകോരേഗാവ് കേസിലെ ആദ്യ ഇരയാണ് റോണ. ഏകദേശം മൂന്ന് വര്‍ഷമായി അദ്ദേഹം മുംബൈ തലോജയിലെ തടവറയിലാണ്. പോലീസിനാകട്ടെ തുടക്കത്തില്‍ തന്നെ പാളിയിരുന്നു. റോണയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്തു എന്ന് പറയുന്ന കത്തിന്റെ കാര്യം പറഞ്ഞില്ല. കാരണം പോലീസ് പത്രസമ്മേളനം നടത്തി കാര്യം പറയുമ്പോള്‍ പത്രക്കാര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് കൂടുതല്‍ കുഴപ്പത്തില്‍ ചാടാതിരിക്കാന്‍ പോലീസ് അത് മുക്കിയത്. അടിമുടി കെട്ടിച്ചമയ്ക്കപ്പെട്ട കേസാണ് ഭീമ കോരേഗാവ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓര്‍മിക്കുക ഭീമകോരേഗാവ് പരിപാടിയില്‍ പങ്കെടുക്കുകയോ അതുമായി നേരിട്ട് യാതൊരു ബന്ധവുമോ ഇല്ലാത്ത ഒരാളാണ് റോണാ വില്‍സണ്‍ എന്നിട്ടും വ്യാജമായി നിര്‍മിച്ച ഒരു ഇ മെയിലിന്റെ പേരില്‍ ജനാധിപത്യവും ഭരണഘടനയും മൗലിക അവകാശങ്ങളും നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഈ രാജ്യത്ത് ഒരു തെറ്റും ചെയ്യാത്ത ആ മനുഷ്യന്‍ തടവറയില്‍ അടയ്ക്കപ്പെട്ടു.

സംഘടനാ പ്രവര്‍ത്തകര്‍ ഭീകരരായി നിരോധിക്കപ്പെട്ട കാലത്ത് ഒളിവില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോയ പഴയ കാല കമ്യൂണിസ്റ്റ് നേതാക്കളുടെ ചരിത്രം നമുക്കറിയാം. എന്നാല്‍ രാജ്യത്ത് നിലവിലിരിക്കുന്ന നിയമങ്ങള്‍ക്കു ബാധകമായി രജിസ്റ്റര്‍ ചെയ്ത് 20ലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ അന്‍ഷാദും ഫിറോസും ഒരു സുപ്രഭാതത്തില്‍ ഏറ്റവും വലിയ ഭീകരരായി. ‘ഞങ്ങളുടെ പ്രവര്‍ത്തകരില്‍ കഴിവും ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവരേയും മറ്റു സംസ്ഥാനങ്ങളില്‍ സംഘടന കെട്ടിപ്പടുക്കാനുള്ള ദൗത്യവുമായി അയയ്ക്കാറുണ്ട് ‘ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് സി പി ബഷീര്‍ പറഞ്ഞു. സംഘടന രൂപീകരിച്ചിട്ട് ഇത്ര നാളായിട്ടും അനുവര്‍ത്തിച്ചു പോരുന്ന രീതി വച്ച് നോക്കുമ്പോള്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിക്കപ്പെടുന്നത്. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളെ കൊല്ലാന്‍ പോയി എന്ന പേരില്‍ പിടിക്കപ്പെടുന്നത്. വീട്ടില്‍ നിന്ന് പോയവരെക്കുറിച്ചു ഒരു വിവരവുമില്ല എന്ന് കാണിച്ചുകൊണ്ട് ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയാണ് ഒരു പക്ഷേ, രണ്ടുപേരെയും ജീവനോടെ എങ്കിലും കാണാന്‍ കഴിഞ്ഞത്. ഫെബ്രുവരി 11 നു ബീഹാറില്‍ നിന്ന് മുംബൈക്ക് പോകാന്‍ ട്രെയിനില്‍ കയറിയതാണ് എന്നാല്‍ പിന്നീട് ഫോണില്‍ വിളിച്ചു കിട്ടാതിരുന്നപ്പോഴാണ് കുടുംബങ്ങള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത് ഫെബ്രുവരി 16 ന്. അപ്പോഴേക്കും ഉടനടി യുപിയിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിജിപി പ്രശാന്ത് കുമാര്‍ തിടുക്കത്തില്‍ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി. വസന്ത പഞ്ചമി നാളില്‍ ഭീകരാക്രമണം നടത്താന്‍ വന്ന രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ പിടികൂടിയെന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തെന്നും പറഞ്ഞു, എന്നാല്‍ ബീഹാര്‍ യു പി അതിര്‍ത്തിയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ച് യു പി പോലീസ് തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം കടുത്ത മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നുവെന്നും കുറ്റ0 സമ്മതിപ്പിക്കാന്‍ നാക്ക് മണിക്കൂറുകളോളം കൊടില്‍ കൊണ്ട് വലിച്ചു നീട്ടി പിടിക്കുകയും ചെയ്തുവെന്ന കാര്യങ്ങള്‍ മുഴുവന്‍ അഭിഭാഷകനോട് തുറന്നു പറഞ്ഞു.

ഇന്ത്യയില്‍ ഇന്ന് എല്ലാതരത്തിലുംജീവിതം ദുസ്സഹമായിരിക്കുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തി നില്‍ക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ നിയമ വിലക്കുകള്‍, എതിര്‍ത്തുകൊണ്ട് സമരം ചെയ്യുന്നവരെ അവഹേളിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘി സൈബര്‍ സ്‌ക്വാഡുകള്‍, ശമനമില്ലാത്ത ഹിന്ദുത്വ ആള്‍ക്കൂട്ട കൊലകള്‍, മറ്റൊരു ഭാഗത്തു അനുദിനം രാജ്യരക്ഷ – രാജ്യസ്‌നേഹം എന്നീ പേരുകള്‍ പറഞ്ഞുകൊണ്ട് പുതിയ ഭീകര നിയമങ്ങള്‍ നിര്‍മ്മിച്ചും കര്‍ക്കശമാക്കിയും ഭരണകൂടത്തെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുന്നവരെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. തടവറയോ മരണമോ തെരഞ്ഞെടുക്കാന്‍; ചിന്തിക്കുന്ന പൗരസമൂഹം നിര്‍ബന്ധിതമായിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ഫാഷിസ്റ്റുകള്‍ ഭരിക്കുന്ന നാട്ടില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാന്‍ സാധ്യതയുള്ള കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്. തെറ്റുകളൊന്നും ചെയ്യാത്ത മലയാളി പൊതുപ്രവര്‍ത്തകര്‍ക്കുമേല്‍ തെളിവുകള്‍ എന്ന പേരില്‍ നുണയുടെ ചീട്ടുകൊട്ടാരം പടുത്തുയര്‍ത്തി അന്യസംസ്ഥാനത്ത് തടവറയില്‍ അടച്ചിരിക്കുകയാണ്. ഇനിയും മൗനമായിരിക്കുന്ന മലയാളി സമൂഹം അവര്‍ക്കു വേണ്ടി ശബ്ദിച്ചില്ലെങ്കില്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ ദംഷ്ട്രകള്‍ നമ്മളെ തേടി വരുമ്പോള്‍ നമുക്ക് വേണ്ടി ശബ്ദിക്കാന്‍ മലയാള മണ്ണില്‍ ആരും ഉണ്ടാവില്ല.

(കടപ്പാട് – പ്രസാധകന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply