പാലക്കാട് ത്രികോണ മത്സരമില്ല
ബി.ജെ.പി ജയസാദ്ധ്യത കണക്കിലെടുത്ത് സിപിഎം കേഡര്‍ വോട്ടുകള്‍ യു.ഡി.എഫിലേക്ക് എത്തുന്നു എന്നതാണ് യു.ഡി.എഫിന്റെ വിജയകാരണമെന്നും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താകുന്നതെന്നുമാണ് തെരെഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്ത് എല്‍.ഡി.എഫ് നേതാക്കള്‍ പറയാറുള്ളത്. ഇത്തവണ സ്ഥാനാര്‍ത്ഥി പി. സരിനും കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലനും ഈ വ്യാഖ്യാനം ആവര്‍ത്തിക്കുകയും ഇക്കുറി ഇടത് വോട്ടുകള്‍ യു,ഡി.എഫിലേക്ക് പോകില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് വസ്തുതാപരമല്ല എന്നാണ് കണക്കുകളിലൂടെ മനസ്സിലാക്കാനാവുന്നത്.
കേരളത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലത്തിലും ഉപതെരെഞ്ഞെടുപ്പു നടക്കുമ്പോള്‍ ഇതില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നതും ലൈംലൈറ്റില്‍ നില്‍ക്കുന്നതും പാലക്കാട് മണ്ഡലം തന്നെയാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി സ്ഥാനം ഒഴിഞ്ഞ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു എന്നതിനാല്‍ ഏറെ ദേശീയ പ്രാധാന്യം ലഭിക്കേണ്ടത് വയനാടിനാണ്. പക്ഷേ ചര്‍ച്ച മുഴുവന്‍ പാലക്കാട് കറങ്ങുകയാണ്.
കേരളത്തില്‍ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി വിജയത്തിന് ശ്രമിക്കുകയും നിരന്തരപം പരാജയമടയുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. 2016 ല്‍ നേമത്ത് അവര്‍ വിജയിച്ചു എങ്കിലും 2021 ല്‍ പരാജയപ്പെട്ടു. എന്നാല്‍ 2024 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ തൃശൂരില്‍ നേടിയ വിജയം ബി.ജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. എന്നു മാത്രമല്ല കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളെ അവലോകനം ചെയ്താല്‍ 11 മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും 17 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമാണ് അവരെത്തിയത്. ഇത് ബി.ജെ.പിയെ സംബന്ധിച്ചടത്തോളും അവരുടെ സര്‍വ്വകാല നേട്ടമാണ്.
പാലക്കാട് രണ്ടാം സ്ഥാനത്ത് ബി.ജെപി വന്ന ആ 17 ല്‍ ഒന്നാണ്. അതായത് പാലക്കാട് ബി.ജെ.പിയ്ക്ക് വിജയിക്കാനായാല്‍ കേരളത്തിലെ 28 മണ്ഡലങ്ങളില്‍ വിജയിക്കാനാവുന്ന ശക്തിയായി തങ്ങള്‍ മാറി എന്ന് അവര്‍ക്ക് വ്യാഖ്യാനിക്കാം. ഏതാനും മാസങ്ങള്‍ക്കപ്പുറം നടക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും അവര്‍ക്ക് അത് പ്രചരണ മുന്‍തൂക്കം നല്‍കും. അധികാര സാധ്യതയില്ലാത്തിനാല്‍ ബി.ജെ.പിയിലേക്ക് ചാടാതെ മാറി നടക്കുന്ന പ്രച്ഛന്ന സംഘ്പരിവാര്‍ നിലപാടുകാര്‍ക്ക് മറനീക്കി പുറത്തുവരാനും ഇത് വഴിവെയ്ക്കും.
2021 ലെ പാലക്കാട് നിയമസഭ തെരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഉദ്വേഗം നിറഞ്ഞതായിരുന്നു. ഒരു ഘട്ടത്തില്‍ എണ്ണായിരത്തിലെറെ വോട്ടിന് മുന്നില്‍ നിന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍ അവസാനമാകുമ്പോള്‍ ഷാഫി പറമ്പിലിനോട് 3859 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് ഈ തെരെഞ്ഞെടുപ്പ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഒരു ഉപതെരെഞ്ഞെടുപ്പ് നടക്കുമ്പോള്‍ സാധാരണഗതിയില്‍ ചര്‍ച്ചയായുക നിലവിലുള്ള സര്‍ക്കാരുകളുടെ ഭരണത്തിന്റെ വിലയിരുത്തലുകളാണ്. പ്രത്യേകിച്ചും ബി.ജെ.പി സ്വാധീനമുള്ള മണ്ഡലമെന്ന നിലയില്‍ 11 വര്‍ഷത്തെ കേന്ദ്ര ഭരണവും സംസ്ഥാന നിയമസഭയിലേക്കുള്ള ഉപതെരെഞ്ഞെടുപ്പ് എന്ന നിലയില്‍ 8 വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഇവിടെ ചര്‍ച്ചയാകേണ്ടതാണ്. എന്നാല്‍ മീഡിയകളില്‍ നിന്ന് അത്തരം ഒരു ചര്‍ച്ചയ്ക്ക് പകരം പാര്‍ട്ടികളിലെ പടല പിണക്കങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഉദ്ഭവിക്കുന്നത്. ക്രിത്രമമായി വിഷയങ്ങളെ ഉത്പാദിപ്പിക്കാന്‍ ആസൂത്രിതതമായ നീക്കങ്ങളും ഇവിടെ നടക്കുന്നു. 2024 ലെ തൃശൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ കണ്ടതും ഇതാണ്.
തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് ആണ്. സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലെന്റെ പേര് വന്ന സമയത്ത് തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ച പി.സരിന്‍ പാര്‍ട്ടിയെ വെല്ലു വിളിക്കുകയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രംഗ പ്രവേശം ചെയ്യുകയും ചെയ്തു. എല്ലാ തെരെഞ്ഞെടുപ്പിലും സാധാരണ കണ്ടുവരാറുള്ള കോണ്‍ഗ്രസിലെ പടല പിണക്കങ്ങള്‍ പാലക്കാടും ഉണ്ട്..
കേന്ദ്ര കേരള സര്‍ക്കാരുകളെ വിലയിരുത്തുന്നതിന് പകരം എട്ട് വര്‍ഷമായി പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന്റെ പടല പിണക്കങ്ങളും നേതാക്കളുടെ സൌന്ദര്യപിണക്കങ്ങളുമാണ് തെരെഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നും പാലക്കാട് ഇത്തവണ ത്രികോണ മത്സരമാണെന്നും മീഡിയകള്‍ നരേറ്റു ചെയ്യുന്നു. കേരളത്തിലെ പ്രമുഖമായ ഒരു ദൃശ് മാധഅയമത്തില്‍ നിന്ന് വിരമിച്ച് ഇടതുപക്ഷത്തിന്റെ മുഖ്യ പ്രചാരകനായി പാലക്കാട് തമ്പടിച്ച ഒരു വ്യക്തിയുടെ നേതൃത്വത്തിലുള്ള വലിയ പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഈ പ്രചരണങ്ങളെല്ലാമെന്ന് അടിത്തട്ടിലൂടെ സഞ്ചരിച്ചാല്‍ വ്യക്തമാകും.
പാലക്കാട് ത്രികോണ മത്സരമാണോ നടക്കുന്നത്.
പാലക്കാട് നഗരസഭ, പിരായിരി, മാത്തൂര്‍, കണ്ണാടി എന്നീ ഗ്രാമ പഞ്ചായത്തുകളാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. ഇതില്‍ പാലക്കാട് നഗരസഭ ബി.ജെ.പി ശക്തി കേന്ദ്രമാണ്. ബി.ജെ.പി – കോണഗ്രസ് മത്സരമാണ് ഇവിടെ. പിരായിരി യൂ.ഡി.എഫിന് വലിയ മുന്‍ തൂക്കമുള്ള പഞ്ചായത്താണ്. ഇവിടെ ബി.ജെ.പിയും എഷ.ഡി.എഫും തമ്മില്‍ വലിയ വോട്ട് വ്യത്യാസമില്ലാതെ രണ്ടും മൂന്നും സ്ഥാനത്താണ്. എന്നാല്‍ മാത്തൂര്‍ കണ്ണാടി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് മുന്‍ തൂക്കമുണ്ടെങ്കിലും യു.ഡി.എഫ് അടുത്തു തന്നെയുണ്ട്. ഇവിടെ ബി.ജെ.പി ഏറെ പുറകിലാണ്. മാത്തൂരിലെയും കണ്ണാടിയിലെയും ബി.ജെ.പിയുമായുള്ള വലിയ വോട്ട് വ്യത്യാസവും പിരായിരിയിലെ മുന്‍തൂക്കവുമാണ് യു.ഡി.എഫ് വിജയം ഉറപ്പിക്കുന്ന ഘടകം.
ലോക്‌സഭാ നിയമസഭ തദ്ദേശ തെരെഞ്ഞെടുപ്പ് എന്നീ 3 വ്യത്യസ്ത തെരെഞ്ഞെടുപ്പുകള്‍ പരിശോധിച്ചാലും വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ യു.ഡി.എഫ് – ബി.ജെ.പി- എല്‍.ഡി.എഫ് എന്നിവരുടെ വോട്ട് നില സ്ഥായി നില്‍ക്കുന്നുണ്ട്. 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് 54,079 (38.06% )വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന് 50,220(35.34% ) വോട്ടും ലഭിച്ചപ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.പി പ്രമോദിന് 36,433 (25.64%) വോട്ടുമാത്രമേ ലഭിച്ചുള്ളൂ. 2016 മുതലുള്ള തെരെഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി രണ്ടാം സ്ഥാനത്താണ് പാലക്കാട്.
ബി.ജെ.പി ജയസാദ്ധ്യത കണക്കിലെടുത്ത് സിപിഎം കേഡര്‍ വോട്ടുകള്‍ യു.ഡി.എഫിലേക്ക് എത്തുന്നു എന്നതാണ് യു.ഡി.എഫിന്റെ വിജയകാരണമെന്നും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താകുന്നതെന്നുമാണ് തെരെഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്ത് എല്‍.ഡി.എഫ് നേതാക്കള്‍ പറയാറുള്ളത്. ഇത്തവണ സ്ഥാനാര്‍ത്ഥി പി. സരിനും കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലനും ഈ വ്യാഖ്യാനം ആവര്‍ത്തിക്കുകയും ഇക്കുറി ഇടത് വോട്ടുകള്‍ യു,ഡി.എഫിലേക്ക് പോകില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് വസ്തുതാപരമല്ല എന്നാണ് കണക്കുകളിലൂടെ മനസ്സിലാക്കാനാവുന്നത്.
2024 ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പാലക്കാട് മണ്ദലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനായിരുന്നു. ബി.ജെ.പിയ്ക്ക് വിജയ സാദ്ധ്യതയില്ലാഞ്ഞിട്ടും പോളിറ്റ് ബ്യൂറോ അംഗം തന്നെ സ്ഥാനാര്‍ത്ഥിയായിട്ടും പാലക്കാട് നിയമസഭാ മണ്ഡലം പരിധിയില്‍ ഇടത് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന് 52779 (40.45%) വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന് 43072 (33.01%) വോട്ടും ലഭിച്ചപ്പോള്‍ എ.വിജയരാഘവന് നേടാനായത് 34640 (26.54%) വോട്ട് മാത്രമാണ്. 2021 നിയമസഭയില്‍ ലഭിച്ച വോട്ടിനെക്കാള്‍ എണ്ണത്തില്‍ കുറവാണ് 2024 ല്‍ ലഭിച്ചത്. ക്രോസ് വോട്ടാണ് 2021 ല്‍ നടന്നതെങ്കില്‍ ഇങ്ങനെയാകില്ല ഫലം.
തദ്ദേശ സ്ഥാപനം തിരിച്ച് എല്‍.ഡിഫ് 2021 ലും 2024 ലും നേടിയ വോട്ടുകള്‍ പിരശോധിച്ചാലും അത് വ്യക്തമാകും. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 2024 ല്‍ 16356 വോട്ടാണ് എല്‍.ഡി.എഫ് നേടിയത്. എന്നാല്‍ 2021 ല്‍ 16455 വോട്ട് (99 വോട്ട് അധികം). പിരായിരി പഞ്ചായത്തില്‍ 2024 ല്‍ 6207 വോട്ട് നേടിയപ്പോള്‍ 2021 ല്‍ 6616 വോട്ട് നേടിയിരുന്നു (409 വോട്ട് അധികം). മാത്തൂര്‍ പഞ്ചായത്തിലാകട്ടെ 2024 ല്‍ 6195 വോട്ടാണ് നേടിയച്. 2021 ല്‍ 6475 (280 വോട്ട് അധികം) നേടിയിരുന്നു. കണ്ണാടി പഞ്ചായത്തില്‍ 2024 ല്‍ 5882 വോട്ട് നേടിയപ്പോള്‍ 2021 ല്‍ 6078 (196 വോട്ട് അധികം) നേടിയിരുന്നു. അതായത് 2021 നിയമസഭയെ അപേക്ഷിച്ച് ക്രോസ് വോട്ടിംഗ് വേണ്ടാത്ത പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ എല്ലാ മേഖലകളിലും ഇടതുപക്ഷത്തിന് വോട്ട് കുറയുകയാണ് ചെയ്തത്.
2011ലെ മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞതിനു ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും UDF ന് ശരാശരി 38-42% വോട്ട് ഉണ്ട്. (2011 : 42.41%, 2016 : 41.77%, 2021 : 38.06%, 2024 : 39.71%) എന്നാല്‍ അവസാന 3 തിരഞ്ഞെടുപ്പുകളില്‍ LDF ന് കിട്ടിയത് 25-28% മാത്രം (2016: 28.06%, 2021 : 25.64%, 2024 : 26.06%).. എന്നാല്‍ BJP ക്കാവട്ടെ 30-35% വോട്ട് ഉണ്ട് (2016- 29.07%, 2021-35.34%, 2024- 32.4%)….
2021 ല്‍ മെട്രോമാന്‍ എന്ന നിലയില്‍ ഇ..ശ്രീധരന്റെ കരിഷ്മയും ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും ബി,ജെ.പിയ്ക്ക് അന്‍പതിനായിരത്തിലേറെ വോട്ട് നേടാന്‍ സഹായിച്ചു. എന്നാല്‍ പോലും ബി.ജെ.പിയുടെ സംഘടനാ പിന്‍ബലം അതിന്ന് പിന്നില്‍ വ്യക്തമായുണ്ട്. 2011 ന് ശേഷം നടന്ന എല്ലാ തെരെഞ്ഞെടുപ്പിലും ബി.ജെ.പി പടിപടിപടിയായി വോട്ട് വിഹിതം ഉയര്‍ത്തുന്നത് കാണാം. വിജയ സാധ്യതയില്ലാത്തപ്പോഴും 2024 ലോക്‌സഭയില്‍ അവര്‍ക്ക് ലഭിച്ച വോട്ടാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ അടിസ്ഥാന വോട്ട് എന്നു വേണം അനുമാനിക്കാന്‍.
സംഘടനാശേഷിയും പ്രാദേശിക നേതാക്കളുടെ സ്വാധീനവും അളക്കുന്ന ഒന്നാണല്ലോ തദ്ദേശ തെരെഞ്ഞെടുപ്പ്. 2020 ലെ തദ്ദേശ തെരെഞ്ഞെടുപ്പ് അവലോകനം ചെയ്താലും യു.ഡി.എഫിന് 54000 ത്തിലധികം വോട്ടുണ്ട്. ബി.ജെ.പി നാല്‍പതിനായിരം വോട്ട് നേടുന്നുണ്ട്. പാലക്കാട് നഗര ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിയ്ക്ക് കഴിയുന്നുമുണ്ട്. ഇതെല്ലാം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം എന്ന് വ്യക്തമാകുന്നതാണ്. ഇടതുപക്ഷമാകട്ടെ തങ്ങളുടെ പരമാപരാഗത വോട്ടുകള്‍ നഷ്ടമാകുന്നത് മറച്ചു പിടിയ്ക്കാന്‍ കോണ്‍ഗ്രസിലെ സ്ഥിരമായുള്ള സൌന്ദര്യ പിണക്കങ്ങളെ പെരുപ്പിച്ച് കാണിച്ച് വ്യാഖ്യാനിക്കാന്‍ നോക്കുകയാണ്.
പാലക്കാട് ഉപതെരെഞ്ഞെടുപ്പില്‍ ത്രികോണ മത്സരമേയില്ല. ബി.ജെ.പി യു.ഡി.എഫ് മത്സരമാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ ചേര്‍ത്തി തങ്ങളുടെ ചോര്‍ച്ച മറയ്ക്കാം എന്ന ഇടതു തന്ത്രം എന്തെങ്കിലും കാരണവശാല്‍ ഫലം കണ്ടാല്‍ സംഭവിക്കുക ബി.ജെ.പി വിജയം ആയിരിക്കും. നിലവിലെ സംഘടനാ ശേഷി കൊണ്ട് ഇടതുപക്ഷത്തിന് പാലക്കാട് വിജയിക്കാനകില്ല.
പാലക്കാട് ഭരണത്തെ സംഭന്ധിച്ചോ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയോ ചര്‍ച്ച ചെയ്യാതിരിക്കുക എന്ന രീതിയാണ് ബി.ജെ.പിയും എഷ.ഡി.എഫും സ്വീകിരിച്ചിരിക്കുന്നത്. ബി.ജെ.പിയ്ക്ക് തൃശൂര്‍ മോഡലില്‍ വിജയിച്ച് കയറാമെന്നാണ് കണക്കു കൂട്ടലെങ്കില്‍ ഇടതുപക്ഷത്തിന് തങ്ങളുടെ വോട്ടെണ്ണം കുറയുന്നത് മറയ്ക്കാം എന്നതുമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പടല പിടണക്കം കോണ്‍ഗ്രസില്‍ മാത്രമല്ല പാലക്കാടുള്ളത്. സിപിഎം ആഭ്യന്തരമായി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കാലുമാറ്റക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയതിലും രാഷ്ട്രീയം പറയാനാകത്തതിലും ആശയങ്ങളില്‍ നിന്ന് പിറകോട്ട് പോകുന്നതിലും ഇടത് വിശ്വാസികള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. ബി.ജെ.പിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. സിപിഎമ്മും ബി.ജെ.പിയും കേഡര്‍ ഇരുമ്പുമറകൊണ്ട് സംഘടനാ പ്രശ്‌നങ്ങളെ അടിച്ചമര്‍ത്തുന്നതിനാല്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരെപ്പോലെ പരസ്യമായി പ്രതികരിക്കാനാവില്ല. അതുകൊണ്ട് മാത്രം അകത്ത് സമാധനമാണ് എന്ന് പറയാനാവില്ല.
പാലക്കാട് ഏതെങ്കിലും പാര്‍ട്ടികളിലെ സംഘടനാ പ്രശ്‌നങ്ങളല്ല ചര്‍ച്ചയാകേണ്ടത്. വാളയാറിലെ പെണ്കുഞ്ഞുങ്ങളുടെ നീതിയാണ് പാലക്കാട് ചര്‍ച്ചയാക്കേണ്ടത്. ദുസ്സഹമായ വിലക്കയറ്റം സൃഷ്ടിച്ച് ജീവിതം പ്രയാസത്തിലാക്കിയ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നയങ്ങളാണ്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും അട്ടിമറിക്കുന്ന സംഘ്പരിവാറിന്റെ രാഷ്ട്രീയ താത്പര്യങ്ങളാണ് ചര്‍ച്ചയാക്കേണ്ടത്. വിദ്വേഷ രാഷ്ട്രീയത്തെയും ഫാസിസ സമീപനങ്ങളെയും ചര്‍ച്ചയാക്കണം.
ക്ഷേമ പെന്‍ഷനുകള്‍ കുടിശിഖയാക്കുകയും ഭരണ ധൂര്‍ത്ത് തുടരുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെ കഴിവുകെട്ട ധനകാര്യ മാനേജ്‌മെന്റ് പാലക്കാട് വിഷയമായി വരണം. നിരപരാധികളെ വേട്ടയാടുന്നതും വംശീയ വാദികളെ സംരക്ഷിക്കുന്നതുമായ പോലീസ് നയവും പാലക്കാട് ഉയര്‍ന്നു വരണം. പക്ഷേ മീഡിയകള്‍ അത്തരത്തിലല്ല പാലക്കാട് ഉപതെരെഞ്ഞെടുപ്പിനെ ചര്‍ച്ചയാക്കുന്നത്.
പാലക്കാട് ത്രികോണ മത്സരമല്ല. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള മത്സരമാണ്. കേരള രാഷ്ട്രീയത്തിലെ സംഘ്പരിവാര്‍ വളര്‍ച്ചയും തളര്‍ച്ചയും പാലക്കാട് ഫലത്തെകൂടി ആശ്രയിച്ചിരിക്കും. പാര്‍ട്ടി വോട്ട് ചോരുന്നതല്ല പാലക്കാട്ടെ പ്രശ്‌നം. കേരളത്തിന്റെ മതേതര സ്വഭാവത്തെ വീണ്ടെടുക്കാനുള്ള അവസരമാണിത്. പാലക്കാട് ത്രികോണ മത്സരമേയല്ല. കണക്കിലും കാര്യത്തിലും പാലക്കാട് മതനിരപേക്ഷതയുടെ ഉരകല്ലാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in