മുസ്‌ലിം വിരുദ്ധതയില്ലാതെ മോദിയില്ല

പഹ്‌ലെ ജബ് ഉന്‍കി സര്‍ക്കാര്‍ ഥി, ഉന്‍ഹോംനെ കഹാ ഥാ കി ദേശ് കി സമ്പതി പര്‍ പഹ്‌ലാ അധികാര്‍ മുസല്‍മാനോം കാ ഹെ. ഇസ് കാ മത്‌ലബ്, യെ സമ്പതി ഇക്കട്ടി കര്‍ക്കെ കിസ്‌കോ ബാട്ടേംഗെ? ജിന്‍കോ സ്യാദാ ബച്ചേം ഹെ, ഉന്‍കോ ബാട്ടേംഗെ, ഗുഡ്‌പേട്ടിയോം കൊ ബാട്ടേഗെ, ക്യാ അപ്‌നി മേഹനത് കീ കമായി കാ പൈസാ ഗുഡ്‌പേട്ടിയോ കൊ ദിയാ ജായേഗാ? ആപ്‌കോ മന്‍സൂര്‍ ഹെ യെ?

പണ്ട് (കോണ്‍ഗ്രസ്) അധികാരത്തിലിരുന്നപ്പോള്‍ അവര്‍ പറഞ്ഞു രാജ്യത്തിന്റെ സമ്പത്തിനുമേലുള്ള ആദ്യ അവകാശം മുസ്‌ലിങ്ങള്‍ക്കാണെന്ന്. എന്നുവെച്ചാല്‍, ഇക്കാണുന്ന സമ്പത്ത് ഒക്കെയും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് നല്‍കുമെന്നാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കുമെന്നാണ്. എന്താ, നിങ്ങള്‍ കഷ്ടപ്പെട്ട് നേടിയെടുക്കുന്ന പണം നുഴഞ്ഞു കയറ്റക്കാര്‍ക്ക് നല്‍കാന്‍ തയ്യാറാണോ?

മുകളില്‍ പറഞ്ഞ വരികള്‍ ഏപ്രില്‍ 21 ന് രാജസ്ഥാനിലെ ബാന്‍സ്‌വാഡയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ കേട്ടതാണ്. ടെലിവിഷനും പത്രങ്ങളും സോഷ്യല്‍ മീഡിയയും പ്രസംഗം വൈറലാക്കി. ഈ പ്രസംഗം ഇങ്ങനെ കുപ്രസിദ്ധമായതിന് കാരണം അത് നടത്തിയത് ഭരണഘടനയെ പിന്‍തുടര്‍ന്നുകൊള്ളാം എന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ നിയമിതനായ വ്യക്തിയാണെന്നതു കൊണ്ടാണ്. ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ നിലവാരം വെച്ച് നോക്കുമ്പോള്‍ പോലും ബാന്‍സ്‌വാഡാ പ്രസംഗം കേട്ടവരെയൊക്കെ അമ്പരപ്പിക്കും. ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് 2006ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ ഒരു പ്രസംഗമാണ്. ദേശീയ വികസന കൗണ്‍സില്‍ മുമ്പാകെ ഡിസംബര്‍ 9 ന് നടത്തിയ പ്രസംഗത്തില്‍ കൃഷി, ജലസേചനം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ മേഖലയിലെ വികസനം, പൊതു നിക്ഷേപം, ദളിത്-ആദിവാസി-പിന്നോക്ക സമുദായങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകളും കുട്ടികളും എന്നിവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്ന് സിംഗ് പറഞ്ഞു. അതിന്റെ തുടര്‍ച്ചയായി അദ്ദേഹം പറഞ്ഞു: ‘The component plans for scheduled castes and scheduled tribes will need to be revitalised. We will have to devise innovative plans to ensure that minorities, particularly the Muslim minority, are empowered to share equitably in the fruits of development, They must have the first claim on the resources.’ അതായത് ദളിത്-ആദിവാസി വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിങ്ങള്‍ എന്നിവര്‍ക്ക് വികസനത്തിന്റെ ഫലങ്ങള്‍ തുല്യമായി ലഭിക്കേണ്ടതുണ്ട്. അവര്‍ക്കാണ് രാജ്യത്തിന്റെ (വികസന) സ്രോതസ്സുകളില്‍ ആദ്യാവകാശം.

ഇപ്പറഞ്ഞതിന്റെ സന്ദര്‍ഭം പ്രധാനമാണ്. വലിയ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു കഴിഞ്ഞ ഇന്ത്യയില്‍ ആനുപാതികമായി നോക്കുമ്പോള്‍ ആ വളര്‍ച്ചയുടെ മുഖ്യ ഗുണഭോക്താക്കള്‍ പാരമ്പര്യമായി തന്നെ ധനികരായിരുന്നവരാണ് എന്ന കണ്ടെത്തലുണ്ട്. ജസ്റ്റിസ് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് മുസ്‌ലിം പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള പ്രഖ്യാപന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞിരിക്കുന്നു. സിംഗിന്റെ പ്രസംഗത്തിലെ താക്കോല്‍ വാചകം ഇതാണ് …are empowererd to share equitably in the fruits of development. രാജ്യത്തിന്റെ വികസനത്തിന്റെ ഫലങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കായിരിക്കണം വികസനത്തിനുമേലുള്ള പ്രഥമാവകാശം എന്ന വാചകം പിന്‍തുടരുന്നത് equity എന്ന സങ്കല്പത്തെയാണ്. അത് ഒരു രാഷ്ട്രീയ ആദര്‍ശമാണ്. ഗാന്ധിജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സര്‍ക്കാരിന്റെ ദൗത്യം സര്‍വ്വോദയമായിരിക്കെ അതിന്റെ പൂര്‍ണ്ണ സാക്ഷാത്ക്കാരം കൈവരിക്കപ്പെടുന്നത് അന്ത്യോദയത്തില്‍ കൂടിയായിരിക്കും. ഗാന്ധിജിയുടെ സാമ്പത്തിക വീക്ഷണത്തെ ഗണ്യമായി സ്വാധീനിച്ച ജോണ്‍ റസ്‌ക്കിന്റെ Un to this last എന്ന സങ്കല്പത്തെ വിനോബാ ഭാവേ വിശദീകരിച്ചത് അന്ത്യോദയം എന്ന വാക്കിനെ മുന്‍നിര്‍ത്തിയാണ്.

2005 ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് അന്ത്യോദയത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ മുസ്‌ലിം പ്രീണനമായി വ്യാഖ്യാനിക്കാന്‍ അന്നുതന്നെ ബിജെപിയെ പ്രേരിപ്പിച്ചതെങ്കില്‍ ഇന്ന് പ്രതിപക്ഷം ഉയര്‍ത്തുന്ന ജാതി സെന്‍സസും കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോവിലെ സമ്പദ്ഘടനയിലെ അസമത്വങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമാണ്. കൃത്യമായ കണക്കുകള്‍ ലഭ്യമാക്കിയശേഷം വേണ്ട നയപരിപാടികള്‍ ആവിഷ്‌ക്കരിക്കും എന്നാണ് കോണ്‍ഗ്രസ്സ് വാഗ്ദാന പത്രികയില്‍ പറയുന്നത്. ഇതിനെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ സമ്പത്തിന്റെ പുനഃവിന്യാസം എന്ന അര്‍ത്ഥത്തില്‍ പരാമര്‍ശിച്ചത്. അമേരിക്കയിലും മറ്റും inheritance tax പ്രയോഗത്തിലുണ്ടല്ലോ എന്ന് സാം പിത്രോഡ പറഞ്ഞത്. ഇന്ത്യയില്‍ പലതിനും ഇന്ന് കണക്കുകള്‍ ലഭ്യമല്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സെന്‍സസ് നടന്നിട്ടില്ല-2021 ല്‍ നടക്കേണ്ടതായിരുന്നു. മറ്റ് സാമ്പത്തിക കണക്കുകള്‍ ഒക്കെ സംശയത്തിന്റെ നിഴലിലാണ്. സര്‍ക്കാര്‍ അവകാശപ്പെടുന്നതല്ല സ്വതന്ത്ര സാമ്പത്തിക ഏജന്‍സികള്‍ പറയുന്ന സാമ്പത്തിക കണക്കുകള്‍. ബിജെപി ഡാറ്റയെ (data) ഭയക്കുന്നുണ്ടോ? ജനസംഖ്യയില്‍ ആര് എത്ര ശതമാനം എന്നത് അവര്‍ക്ക് അറിയേണ്ട. ജനസംഖ്യവളര്‍ച്ചാനിരക്കിനെക്കുറിച്ച്, പ്രത്യുല്പാദനശക്തിയുടെ തോതിനെക്കുറിച്ചുള്ള കണക്ക് അവര്‍ക്ക് വേണ്ട. സാമ്പത്തിക ഘടനയില്‍ ജനസംഖ്യാനുപാതികമായി ആര് എങ്ങനെ ധനവിനിയോഗം നടത്തുന്നു എന്നത് അവര്‍ക്ക് അറിയേണ്ട. കാരണം, കണക്കിലെ ഇന്ത്യ നല്‍കുന്ന ചിത്രം ഒട്ടും ശുഭകരമല്ല. അസമത്വം-സാമ്പത്തികം, രാഷ്ട്രീയം-അതിന്‍മൂലമുള്ള അനീതി വികൃതമാക്കിയിട്ടുള്ള ഒരു ഭൂപടം മുസ്‌ലിം പ്രീണനത്തിന്റെ ചരിത്രമല്ല നമ്മളോടു പറയുക. പകരം ഒരു ചെറിയ ന്യൂനപക്ഷം-മുഖ്യമായും ഹിന്ദു മേല്‍ജാതി-രാജ്യത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയ്യാളുന്ന ഒരു കഥയായിരിക്കും കണക്കുകള്‍ നമ്മളോടു പറയുക. ജാതി-വര്‍ഗ്ഗ അസമത്വത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു രാഷ്ട്രീയ ഭൂമികയിലാണ് ഇന്ത്യ ഇന്ന് നില്‍ക്കുന്നത്. അവകാശങ്ങള്‍ മറന്ന ഒരു ജനത ഒരു നേതാവിന്റെ അഭ്യുദയകാംക്ഷികള്‍ മാത്രമായി സ്റ്റേറ്റിന്റെ ഭിക്ഷയ്ക്കായി നില്‍ക്കുന്നു. 2024 ലെ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സന്ദര്‍ഭം ഇതുകൂടിയാണ്.

ബാന്‍സ്‌വാഡയുടെ തുടര്‍ച്ചയായിരുന്നു മോദിയുടെ പിന്നീട് അങ്ങോട്ടുള്ള ഓരോ പ്രസംഗവും. കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ കെട്ടുതാലി (മംഗല്‍സൂത്ര) പൊട്ടിച്ചെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. അയോദ്ധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്നും. ഈ പ്രസംഗങ്ങളുടെ തുടര്‍ച്ചയെന്നോണം മോദിയുടെ പ്രചാരണപ്രസംഗങ്ങളിലെ മുഖ്യ വിഷയം ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അപരവല്‍ക്കരണവും നിന്ദാവല്‍ക്കരണവുമായിരുന്നു. കോണ്‍ഗ്രസ്സിനെ മുസ്‌ലിങ്ങളുടെ മാത്രം പാര്‍ട്ടിയായും ഹിന്ദുവിരുദ്ധരുടെ പാര്‍ട്ടിയായും ചിത്രീകരിക്കുക-അത് തുടങ്ങിയിട്ട് ഇപ്പോള്‍ പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അതിനോട് ചേര്‍ത്തുവെച്ചുകൊണ്ടാണ് വിഭവവിനിയോഗത്തെക്കുറിച്ചും സമ്പദ്ഘടനയിലെ അസമത്വത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് മുസ്‌ലിം വിരുദ്ധസ്വഭാവം നല്‍കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത്. സാമ്പത്തിക അസമത്വം എന്നത് തീവ്ര ഇടതു അജണ്ടയും താലിപൊട്ടിക്കുന്നതുമായി ചിത്രീകരിക്കുന്നത് 800 മില്യണ്‍ (80 കോടി) ജനങ്ങള്‍ റേഷന്‍ അരി/ഗോതമ്പ് മൂലം കഴിഞ്ഞുകൂടുന്ന ഒരു രാജ്യത്താണ് എന്നത് നമ്മള്‍ ഓര്‍ക്കണം. അടുത്തയിടെയാണ് വിഖ്യാത സാമ്പത്തിക ചരിത്രകാരന്‍ തോമസ് പിക്കറ്റി ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ച് എഴുതുകയുണ്ടായത്. അമേരിക്കന്‍ ഡോളര്‍ പ്രകാരം 1991 ല്‍ ഒരു ശതകോടീശ്വരനാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കില്‍ 2011 ല്‍ അത് 52 ഉം 2022 ല്‍ 162 ഉം ആയി കൂടിയിട്ടുണ്ട്. ഇതിനോട് കൂട്ടിവായിക്കേണ്ട മറ്റൊരു കണക്കുണ്ട്. അത് ഇന്ത്യയിലെ ഏറ്റവും ധനികരായവരുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനേക്കാള്‍ മേലെയാണ് (സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഉത്ഭവത്തിന് ശേഷം). എന്നാല്‍ താഴേക്കിടയിലുള്ളവരുടെ വരുമാനക്കണക്കില്‍ കീഴ്ത്തട്ടിലുള്ള 50%) വരുമാനം ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനേക്കാള്‍ പിന്നിലാണ്. അതായത് ധനികരുടെ വരുമാന വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയേക്കാള്‍ കൂടുതലും ദരിദ്രരുടേത് ദേശീയ വളര്‍ച്ചാ നിരക്കിനേക്കാള്‍ പുറകിലുമാണ്. ഇതിനുപരിയായി സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈത്രീഷ് ഘട്ടക്ക് എടുത്തുകാണിക്കുന്ന ഒരു ഡാറ്റയുണ്ട്: ജിഎസ്ടി വരുമാനത്തില്‍ മൂന്നില്‍ രണ്ട് വരുന്നത് കീഴ്ത്തട്ടിലെ 50% ത്തിന്റെ പക്കലില്‍ നിന്നുമായിരിക്കെ സാമ്പത്തിക മുകള്‍ത്തട്ട് നല്‍കുന്നത് വെറും 3-4% മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ പ്രധാനമന്ത്രി അസുരവല്‍ക്കരിക്കുന്നത്. ഈ സാമ്പത്തിക അസമത്വത്തിന് ജാതിയും മതവുമുണ്ട്. അതുകൊണ്ടാണ് മന്‍മോഹന്‍സിംഗ് 2006ല്‍ ഇന്ത്യയിലെ സാമ്പത്തിക വികസനം equitable ആകേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിച്ചത്.

ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും മോദിക്ക് തന്റെ വികസിത ഭാരതമെന്ന കഥാപ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ സാധിക്കില്ല എന്ന് നമുക്കറിയാം. എന്നിരിക്കിലും ബിജെപിക്ക് 370 സീറ്റും എന്‍ഡിഎ 400 സീറ്റും എന്ന് ഗ്യാരണ്ടി പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയ മോദി എന്തുകൊണ്ടായിരിക്കും ഒന്നാമത്തെ പോളിംഗ് റൗണ്ട് കഴിഞ്ഞപ്പോഴേക്കും മുസ്‌ലിം വിരുദ്ധതയിലേക്ക് മടങ്ങിയത്?

മുസ്‌ലിം വിരുദ്ധതയില്ലാതെ മോദിയില്ല എന്നതാണ് വസ്തുത. വാസ്തവത്തില്‍ മോദി തന്റെ രാഷ്ട്രീയജീവിതത്തിന് എക്കാലവും കടപ്പെട്ടിരിക്കുന്നത് മുസ്‌ലിങ്ങളോടാണ്. ഗുജറാത്തില്‍ മാത്രം അത്യാവശ്യം അറിയപ്പെട്ടിരുന്ന ഒരു സാധാരണ ആര്‍എസ്എസ് പ്രചാരകന് ഹിന്ദുത്വ ഹൃദയസാമ്രാട്ടിന്റെ സിംഹാസനത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത് പ്രധാനമായും മോദി രാഷ്ട്രീയത്തിലെ മുസ്‌ലിം വിരുദ്ധത കാരണമാണ്. തന്റെ ഏറ്റവും വിശ്വസ്തരായ വോട്ടര്‍മാര്‍ തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ അടിസ്ഥാനം തന്റെ മുസ്ലിം വിരുദ്ധ രാഷ്ട്രീയമാണെന്ന് മോദി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടായിരിക്കണം ഓരോ തിരഞ്ഞെടുപ്പ് കാലത്തും അതേ രാഗം പാടാന്‍ മോദി ശ്രമിക്കുന്നത്. നമ്മള്‍ അതില്‍ കേള്‍ക്കുന്ന അപസ്വരങ്ങളും അപശ്രുതിയും തന്നെയാണ് മോദിയുടെ അനുവാചകര്‍ക്ക് അത് പ്രിയമുള്ളതാക്കുന്നത്. ഇതെഴുതുമ്പോള്‍ എന്റെ മുന്നില്‍ മറാഠി പത്രങ്ങളില്‍ ഇന്ന് വന്നിരിക്കുന്ന മുഴുപേജ് പരസ്യമുണ്ട്. നിങ്ങളുടെ വോട്ട് ആര്‍ക്ക്? നിങ്ങളുടെ വോട്ട് മൂലം ആഘോഷമുണ്ടാകേണ്ടത് ഇന്ത്യയിലോ പാക്കിസ്ഥാനിലോ? പാക്കിസ്ഥാന് പ്രിയപ്പെട്ടവര്‍ രാഹുല്‍ഗാന്ധി എന്ന് കുറച്ചുദിവസമായി മോദി തന്റെ ച്രചാരണപ്രസംഗങ്ങളില്‍ പറയുന്നുണ്ട്.

മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് പുതുജീവന്‍ ലഭിച്ചിരിക്കുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്. ഒന്ന് തിരകളില്ലാത്ത തിരഞ്ഞെടുപ്പാണിത്. 2014 ലെ പോലെ അഴിമതിയോ 2019 ലെപ്പോലെ ദേശസുരക്ഷയോ ഒന്നും തിരഞ്ഞെടുപ്പിലില്ല. മോദിയുടെ ഗ്യാരണ്ടികള്‍ക്ക് വിചാരിച്ച മാതിരി ഇളക്കമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടൊക്കെ തന്നെയാവണം ഭരണപക്ഷത്തിന്റെ പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നില്ല എന്ന അങ്കലാപ്പ് ബിജെപിയെ പിടികൂടിയിരിക്കുന്നത്. പ്രവര്‍ത്തകരെയുണര്‍ത്താന്‍ ധ്രുവീകരണത്തിന് മാത്രമേ കഴിയൂ എന്നവര്‍ കരുതുന്നു.

പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. 2014 ലേയും 2019 ലേയും തിരഞ്ഞെടുപ്പ് അജണ്ട തീരുമാനിച്ചത് മോദിയായിരുന്നു. 2024 ല്‍ മോദി സംസാരിക്കുന്നത് കോണ്‍ഗ്രസ്സിനെക്കുറിച്ചും കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോയെക്കുറിച്ചും രാഹുല്‍ഗാന്ധിയെക്കുറിച്ചുമാണ്. സംഘടനാപരമായി ഏറ്റവും മോശമായ അവസ്ഥയിലാണെങ്കിലും മുസ്‌ലിം ദളിത് പിന്നോക്ക ധ്രുവീകരണം ഇന്ത്യാസഖ്യത്തിന് അനുകൂലമായി രൂപം കൊണ്ടേക്കുമെന്ന ഭയം ബിജെപിയെ പിടികൂടിയിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പില്‍ ഭരണഘടന വലിയ ചര്‍ച്ചാ വിഷയമാണ്. അപ് കീ ബാര്‍ 400 പാര്‍ എന്ന മുദ്രാവാക്യം തന്നെ ഭരണഘടന തിരുത്താനാണ് എന്നും സംവരണം അട്ടിമറിക്കാനാണെന്നുമുള്ള ഇന്ത്യാസഖ്യത്തിന്റെ ആരോപണത്തിന് ജനത ചെവികൊടുക്കുന്നുണ്ട്. Print എന്ന വെബ്‌സൈറ്റ് നല്‍കിയ ഈ കണക്കുകള്‍ ശ്രദ്ധേയമാണ്. 16 മാര്‍ച്ച് മുതല്‍ 26 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ആറു റാലികളില്‍ 400 സീറ്റുകളെക്കുറിച്ച് മോദി പറഞ്ഞത് 56 വട്ടം. അടുത്ത പത്ത് ദിവസങ്ങളിലത് 17 റാലികളില്‍ 31 വട്ടമായി കുറഞ്ഞു. പിന്നത്തെ പത്തുദിവസങ്ങളില്‍ 22 റാലികളില്‍ 23 പ്രാവശ്യം മാത്രമാണ് പ്രധാനമന്ത്രി 400 സീറ്റുകള്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ 30 ന് മുമ്പുള്ള പത്ത് ദിവസങ്ങളിലെ 36 റാലികളില്‍ 400 സീറ്റ് പരാമര്‍ശിക്കപ്പെട്ടത് എട്ടു പ്രാവശ്യം മാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏകാധിപതികളെയോ ഏകാധിപത്യത്തെയോ ഇന്ത്യന്‍ ജനത ഇഷ്ടപ്പെടുന്നില്ല. വോട്ടാണ് തങ്ങളുടെ ആയുധമെന്ന് വ്യക്തമായി അവര്‍ തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയവുമായി അവരുടെ ബന്ധം വിനിമയപരമാണ്. ഭരണഘടന നല്‍കുന്നതാണ് തങ്ങളുടെ അവകാശങ്ങള്‍ എന്ന ബോധം വ്യാപകമായി ജാതിമത വര്‍ഗ്ഗ ഭേദമന്യേ ഇന്ത്യക്കാര്‍ക്ക് ഇന്നുണ്ട്. ആ ഭരണഘടന അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന് തോന്നിയാല്‍ അവര്‍ അതിനു തടയിടാന്‍ സാധ്യതയുണ്ട്. അത്തരം ഒരു ഉണര്‍വ് വോട്ടര്‍മാര്‍ക്കിടയിലുണ്ടോ എന്ന ഭയം ബിജെപിയെ പിടികൂടിയിട്ടുണ്ട്.

ഇതിലൊക്കെ ഉപരിയായി ജാതി സെന്‍സസും സാമ്പത്തിക അസമത്വവുമൊക്കെ മോദിയുടെ ഗ്യാരണ്ടികളെ നിഷ്പ്രഭമാക്കുമെന്ന് ബിജെപിക്ക് സംശയം തോന്നിയിട്ടുണ്ടാവണം. എത്ര വലിയ നേതാവിനും പത്തു കൊല്ലത്തെ ഭരണം സൃഷ്ടിക്കുന്ന ഭരണവിരുദ്ധ വികാരമോ മടുപ്പോ ഒക്കെ ജനങ്ങളില്‍ നിന്നും നേരിടേണ്ടി വരാം. ഹിന്ദി ഹൃദയഭൂമിയിലെ ലാഭാര്‍ത്ഥികള്‍ക്ക് പോലും പുനഃവിചിന്തനം ഉണ്ടായിക്കൂടെന്നില്ലല്ലോ. മുസ്ലിം വിരുദ്ധത അത്തരം ബിജെപി വിരുദ്ധ ധ്രുവീകരണത്തിന് തടയിടാന്‍ സഹായിക്കുമെന്ന് മോദി കരുതുന്നുണ്ട്. രാമക്ഷേത്രത്തെ ഇന്ന് ആരും എതിര്‍ക്കാത്തത് കൊണ്ട് അത് ധ്രുവീകരണത്തിന് ഹേതുവാകുന്നില്ല. പലതരം പ്രകോപനങ്ങള്‍ ഉണ്ടായിട്ടും മുസ്ലിം സമൂഹം നിശബ്ദരായി തുടരുന്നു. ബിജെപിയുടെ പസ്മണ്ടാ രാഷ്ട്രീയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ വേര് പിടിച്ചിട്ടില്ല. അപ്പോള്‍ പിന്നെ ചെയ്യാവുന്നത് കഴിയുന്നത്ര ഹിന്ദു ധ്രുവീകരണം നേടിയെടുക്കുകയാണ്. ജാതി സെന്‍സസിനെ മുന്‍നിര്‍ത്തി ഉണ്ടാകാനിടയുള്ള മണ്ഡല്‍ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവ് ഒഴിവാക്കുക, അതോടൊപ്പം പ്രാദേശിക തെരഞ്ഞെടുപ്പുകളായി പൊതു തെരഞ്ഞെടുപ്പ് മാറുന്നത് തടയിടുക എന്നീ ലക്ഷ്യങ്ങള്‍ മോദിയുടെ ക്യാമ്പയിന് പിന്നിലുണ്ടെന്ന് പറയാം.

വോട്ടിങ്ങിന്റെ രണ്ട് ഘട്ടങ്ങള്‍ കഴിയുമ്പോള്‍ മോദി പൊരുതുന്നത് പ്രാദേശിക രാഷ്ട്രീയത്തിന് എതിരെ കൂടിയാണ് എന്ന് വ്യക്തമാകുന്നുണ്ട്. കേരളത്തില്‍ അത് കണ്ടതാണ്; കര്‍ണാടകത്തിലെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ അഞ്ചു ഗ്യാരണ്ടികളായി സംസാര വിഷയം; മഹാരാഷ്ട്രയില്‍ പ്രാദേശിക രാഷ്ട്രീയമാണ് ഉദ്ധവ് താക്കറേയുടെയും ശരത് പവ്വാറിന്റെയും നേതൃത്വത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ബീഹാറിലും ഒഡീസിയിലും ബംഗാളിലും ഇതേ മാതൃകയിലാണ് പോരാട്ടങ്ങള്‍. മോദി vs. രാഹുല്‍ എന്നൊരു സമവാക്യം സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കാരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന നേതാവിന്റെ സാന്നിധ്യമുണ്ട്. സീതാറാം കേസരിയോ നരസിംഹറാവുവോ ഒന്നുമല്ല ഖാര്‍ഗേ. വലിയ തലയെടുപ്പുള്ള, ഹിന്ദിയില്‍ പ്രസംഗിക്കാന്‍ കഴിവുള്ള നേതാവാണ്. ഇതേ കാരണത്താല്‍ പലരും ഖാര്‍ഗേയില്‍ പ്രതിപക്ഷ നേതാവിനെ കാണുന്നുണ്ട്. മോദി ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു അവസ്ഥയാണിത്.

തന്റെ കൈപ്പിടിയിലൊതുങ്ങാത്ത ഒരു തെരഞ്ഞെടുപ്പായി മാറുന്നുണ്ടോ 2024 എന്ന സംശയം പ്രധാനമന്ത്രിയുടെ പ്രചാരണത്തില്‍ ഇന്ന് കാണാം. 400ല്‍ നിന്നും 300 സീറ്റെങ്കിലും നില നിര്‍ത്തി വിജയിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതിരോധത്തിലായിരിക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. മൂന്നാം ഘട്ടം മുതല്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് നീങ്ങുകയാണ്. വരും നാളുകളിലെ പ്രചാരണത്തിന്റെ രീതി നിര്‍ണായകമായിരിക്കും.

ഇത്രയേറെ നെഗറ്റീവായ ഒരു കാമ്പയിന്‍ പൊതു തിരഞ്ഞെടുപ്പില്‍ മോദി നടത്തിയിട്ടില്ല. 2014ലും 2019 ലും ഒരു aspirational ഇന്ത്യയെക്കുറിച്ചാണ് മോദി പ്രധാനമായും സംസാരിച്ചത്. സമ്പത്തും തൊഴിലും സുരക്ഷയും അഴിമതി രഹിത ഭരണവും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ മോദി ഉയര്‍ത്തിപ്പിടിച്ചത്. അതിനോട് പ്രതിരോധത്തില്‍ നിന്നു കൊണ്ട് പ്രതികരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഭാവിയെ പ്രത്യാശയോടെ കാണാന്‍ ശ്രമിച്ച പത്ത് കൊല്ലത്തെ യുപിഎ കാലം അതിനു കാരണമായിട്ടുണ്ട്. ജനത, പ്രത്യേകിച്ചും ചെറുപ്പക്കാര്‍, മോദി മാജിക്കില്‍ വീണു എന്നു പറയാം. 2024 ല്‍ മോദിയുടേത് നെഗറ്റീവ് കാമ്പയിനാണ്. കോണ്‍ഗ്രസ്സിനോട് പ്രതികരിക്കുകയാണ് മോദി. 2047ലെ വികസിത ഭാരതമൊന്നും കേള്‍ക്കാനില്ല. മുസ്ലിം പേടി എന്നൊരു രാഷ്ട്രീയ അജണ്ടയില്‍ തിരഞ്ഞെടുപ്പിനെ കൊണ്ട് കെട്ടിയിടാന്‍ ശ്രമിക്കുന്നുണ്ട് പ്രധാനമന്ത്രി. വികസനവും വെല്‍ഫെയറും സംഭാഷണത്തില്‍ നിന്നും കൊഴിഞ്ഞു പോവുകയാണ്. ഇതിന്റെ പ്രത്യാഘാതം കാത്തിരുന്നു കാണാം.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply