അവനും അവളും തമ്മില്‍

സനല്‍ ഹരിദാസ്, കൃപ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘തിയോഡോറിയന്‍ ഫ്യൂചര്‍ ഷോക്ക്’ എന്ന Amazon Kindle പുസ്തകത്തിന് എഴുതിയ അവതാരിക

”..love really is a unique trust placed in chance. It takes us into key areas of the experience of what is difference and, essentially, leads to the idea that you can experience the world from the perspective of difference. In this respect it has universal implications: it is an individual experience of potential universality…’

(Alain Badiou, In Praise of Love)

പ്രണയത്തിന്റെ സായൂജ്യം/പാരമ്യം എന്നത് പ്രണയത്തിലൂടെ അവനവനെ/അവളവളെ മറികടന്ന് രണ്ടായിരിക്കുക എന്ന അവസ്ഥവിട്ട്, രണ്ടുപേരും പരസ്പരം ലയിച്ച് ‘ഒന്നാ’യിത്തീരുക എന്നതാണ്. ഈ കാല്പനികലക്ഷ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബാദ്യു പറയുന്നത് ഇങ്ങിനെയാണ്: ”…what kind of world does one see when one experiences it from the point of view of two and not one? What is the world like when it is experienced, developed and lived from the point of view of difference and not identity? That is what I believe love to be….”

സ്‌പൈക് ജോണ്‍സിന്റെ ‘ഹെര്‍’ പ്രണയത്തില്‍നിന്ന് ഒരാള്‍, അല്ല, ഒരു പുരുഷന്‍ എന്താഗ്രഹിക്കുന്നു, അല്ലെങ്കില്‍ പ്രണയം എന്നത് പുരുഷന് എന്താണ് എന്നതിനെക്കുറിച്ചാണ്. ഹെര്‍ (അവള്‍) എന്ന പേരു തന്നെ സൂചിപ്പിക്കുന്നത് പുരുഷന്റെ വിശേഷണമോ വേര്‍തിരിച്ചറിവോ ‘ആണ്’ അത് എന്നാണ്.

സനലും കൃപയും എഴുതിയ ചിത്രത്തിന്റെ പഠനക്കുറിപ്പുകളില്‍ സൂചിപ്പിക്കുന്നതുപോലെ സ്വന്തമാക്കുക, തിരിച്ചറിയപ്പെടുക, തൃപ്തമാക്കുക തുടങ്ങിയ ആകാംക്ഷകള്‍ ആധുനിക പ്രണയസങ്കല്പത്തിനും അനുഭവത്തിനും അതിന്മേല്‍ ചുറ്റിയും പറ്റിയും പണിതുയര്‍ത്തിയിട്ടുള്ള കാല്പനികഭാവനകള്‍ക്കും ഉപഭോഗലോകവ്യവസ്ഥയ്ക്കും ഉണ്ട്. കാലാകാലങ്ങളായി സ്വാഭാവികവും ശാശ്വതവുമാക്കപ്പെട്ടിട്ടുള്ള ഈ സംഘര്‍ഷഭൂമികയില്‍, ‘പരിണാമത്തിന്റെ കടമ്പകള്‍ കടക്കാത്ത’ അതുകൊണ്ടുതന്നെ കാലത്തിന്റെ കളങ്കങ്ങളില്ലാത്ത, ‘പരിപൂര്‍ണ’വും ഉത്തമവുമായ ഒരു പകരത്തിന് പുരുഷനിലെ, ആ കുറവിനെ പൂര്‍ണമാകാനുള്ള ആസക്തിയെ, അവന്റെ ഇണവേട്ടാസക്തിയെ തൃപ്തിപ്പെടുത്താനാവുമോ എന്നതാണ് ഈ ചിത്രത്തിന്റെ ‘കാതല്‍.’

ഒറ്റയാവലില്‍നിന്നും, ഒറ്റപ്പെടലില്‍നിന്നുമുള്ള മുക്തിയാണ് പ്രണയത്തിലൂടെ മനുഷ്യന്‍/പുരുഷന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അതിലൂടെ സാധ്യമായേക്കാവുന്ന ഏകത/ഐക്യം എന്നത് സ്വന്തമാക്കലും കീഴടക്കലും ആയിട്ടുമാത്രമേ അവന് ആവിഷ്‌ക്കരിക്കാനാവുന്നുള്ളൂ എന്നതാണ് മുതലാളിത്ത ആധുനിക മനുഷ്യന്റെ സംഘര്‍ഷം.രണ്ടില്‍നിന്ന് ഒന്നാവലിലേക്കും/ഒന്നിലേക്കും, അവിടുന്ന് തിരിച്ചുമുള്ള വ്യര്‍ഥമായ കറക്കമായി പ്രണയം മാറുന്നു.

പ്രണയം ആത്യന്തികമായി അപരവുമായുള്ള ഒരു വിനിമയമായതിനാല്‍ തന്നെ വേര്‍പിരിവ്/വിഭജനം അതിന് അനിവാര്യമാണ്. പക്ഷെ ഒന്നാവാനും തന്നില്‍നിന്ന് വേറിട്ടും വ്യത്യസ്തവുമായി നില്‍ക്കുന്നതിനെ തന്നില്‍ ലയിപ്പിച്ച് ഒന്നാക്കുവാനുമാണ് പ്രണയം യത്‌നിക്കുന്നത്. ഒന്നാവുന്നതോടെ, അതായത് പരിപൂര്‍ണമായി അപരത്തെ കീഴടക്കുന്നതോടെ പ്രണയവും ആ പ്രക്രിയയില്‍ ലയിച്ചില്ലാതാവുന്നു. പ്രണയം ആത്മരതിയായി മാറുന്നു.

പ്രണയത്തിന് ഒരു മാധ്യമം ആവശ്യമുണ്ട് – ഭാഷയിലൂടെയാണ് അത് സ്വയം തിരിച്ചറിയുന്നതും പ്രകാശിപ്പിക്കുന്നതും ഒടുവില്‍ ഒടുങ്ങുന്നതും; ഇവിടെ പ്രണയത്തിനും മനുഷ്യബന്ധങ്ങള്‍ക്കും നഷ്ടപ്പെട്ടുപോയ ആ പ്രണയഭാഷ നല്‍കുന്നവരാണ് തിയഡോറും സമാന്തയും. മനുഷ്യര്‍ക്കും ഇണകള്‍ക്കുമിടയിലെ ഭാഷാപരമായ ആ വിടവ് നികത്തുന്നവരാണ് ഇരുവരും. തിയോഡോര്‍ മറ്റുള്ളവര്‍ക്കായി കത്തുകള്‍ എഴുതുന്നതുന്നതിലൂടെ അത് സാധിക്കുമ്പോള്‍, സമാന്ത ചെയ്യുന്നത് അതേ വിടവുനികത്തല്‍ അവളുടെ പറച്ചിലുകളിലൂടെ അയാള്‍ക്ക് സമ്മാനിക്കുകയാണ്. താന്‍ മറ്റുള്ളവര്‍ക്കായി ചെയ്യുന്നത്, അഥവാ മറ്റുള്ളവര്‍ക്കായി ‘സ്‌നേഹഭാഷ’ ഉപയോഗിക്കാന്‍ തിയഡോറിനു കഴിയുമ്പോഴും, അവനവനായി അതുപയോഗിക്കാന്‍ അയാള്‍ അശക്തനാണ്. മറ്റുള്ളവരുടെ പ്രണയവിടവുകള്‍ ഭാഷയിലൂടെ നികത്തുന്ന, ശരീരിയും അശരീരിയുമായ രണ്ടു നിര്‍വാഹകരൂപങ്ങളുടെ പ്രണയകഥയാണ് ഹെര്‍.

എഴുതപ്പെട്ടതും പറയപ്പെടുന്നതും ആയ ഭാഷയിലൂടെ മറ്റുള്ളവര്‍ക്കായി പ്രണയം കെട്ടിപ്പടുക്കുന്നവര്‍ മാത്രമായിരിക്കും ഭാഷയെ ഒരു ഭാഷയോ ശുദ്ധമാധ്യമമോ മാത്രമായി തിരിച്ചറിയുന്നത്. പ്രണയം ഒരു ഭാഷാസാധ്യതയോ ഭാഷാപ്രകടനമോ മാത്രമായതിനാല്‍ അവര്‍ ഭാഷയുടെ അതിരുകളിലാണ് ജീവിക്കുന്നത്. അതിനാല്‍ അവര്‍ക്ക് ആ ഇടപാടില്‍ സ്വയം ലയിച്ചില്ലാതാവാനോ ‘ഒന്നായിത്തീര്‍ന്ന്’ അഭിരമിക്കാനോ ആവുന്നില്ല. രണ്ടായി തുടരുമ്പോള്‍ മാത്രമേ ആസക്തിക്ക് ഒരു ലക്ഷ്യം/ രതിദിശ ഉള്ളൂ. ഒന്നായാല്‍ പിന്നെ അതില്ല എന്നതാണ് ഒന്നാവലിന്റെ ദുരന്തം. ‘പ്രണയം ഒരുമിപ്പിക്കുമ്പോള്‍ രതി വിഭജിക്കുന്നു’ എന്ന് ലക്കാന്‍/ബാദ്യു. അങ്ങിനെ നോക്കുമ്പോള്‍ രണ്ട് എതിര്‍ ദിശകളിലൊഴുകുന്ന ആസക്തിധാരകള്‍, ഒന്ന് മറ്റൊന്നിനെ ഉദ്ദീപിപ്പിച്ചുകൊണ്ടും തോല്പിച്ചുകൊണ്ടുമിരിക്കുന്നു. പ്രണയം അമൂര്‍ത്തതയുടെ പൂര്‍ണ്ണതയിലും പാരമ്യത്തിലും ഭാവനയില്‍ മാത്രം ജീവിക്കുമ്പോള്‍, രതി മൂര്‍ത്തതയുടെ പരിമിതികള്‍ക്കത്താണ് ജ്വലിച്ചൊടുങ്ങുന്നത്, അത് ശരീരബദ്ധവും അനുഭവപരവുമാണ്.

ഒരു പക്ഷെ പ്രണയവും രതിയും തമ്മിലുള്ള ഈ വൈരുദ്ധ്യങ്ങളാണ് തിയോഡോറിനെ കുഴക്കുന്നത്. മറ്റുള്ളവര്‍ക്കിടയിലെ വിടവുകളെ വാക്കുകള്‍ കൊണ്ട് സ്‌നേഹനിര്‍ഭരമാക്കുന്ന തിയോഡോറിന്റെ അഭിലാഷങ്ങള്‍ വാക്കുകളുടെ തന്നെ പരിമിതികളില്‍ തട്ടി വീഴുന്നു; ശരീരത്തിന്റെ മൂര്‍ത്തതയില്‍ അതിനെ അറിയാനോ അനുഭവിക്കാനോ ആവിഷ്‌ക്കരിക്കാനോ കഴിയാതെ അയാള്‍ വാക്കുകളിലേക്ക് പിന്മടങ്ങുന്നു. സമാന്ത വഴി സാധ്യമാകുന്ന അയാളുടെ പുസ്തകമായിരിക്കും അയാള്‍ക്ക് ആ ബന്ധത്തില്‍നിന്ന് ലഭിക്കുന്ന മൂര്‍ത്തമായ ഏക ഫലം.

അയാളുടെ ജീവിതത്തില്‍ ഉള്ളതും പിന്നീട് കടന്നുവരുന്നതുമായ മറ്റു മൂന്നു സ്ത്രീകളും അയാള്‍ക്ക് സമാന്തയെപ്പോലെ വാങ്മയത്തിന്റെ ലഹരിയോ നിര്‍വൃതിയോ നല്‍കുന്നില്ല. കുട്ടിക്കാലം മുതലറിയുന്ന, വിവാഹമോചനം നേടുന്ന മുന്‍ഭാര്യ കാതറീന്‍ അയാളുടെ യഥാര്‍ഥവികാരങ്ങളെ നേരിടാനുള്ള കഴിവില്ലായ്മയെ ചൂണ്ടിക്കാട്ടുന്നുണ്ട് (അവര്‍ തമ്മിലുള്ള വിവാഹത്തെ/ സ്‌നേഹബന്ധത്തെക്കുറിച്ച് തിയഡോര്‍ തന്നെ ഒരു സന്ദര്‍ഭത്തില്‍ ഇങ്ങിനെ പറയുന്നുണ്ട്: ‘പരസ്പരം അകലാതെ വളരാനും മറ്റേയാളെ ഭയപ്പെടുത്താതെ മാറാനും ആകില്ല എന്നതാണ് ഏറ്റവും കഠിനം’. അതിനു മറുപടിയായി സമാന്ത പറയുന്നത്, ‘ഭൂതകാലം എന്നത് ഒരാള്‍ അവനവനോട് പറയുന്ന കഥ മാത്രമാണ്’ എന്നാണ്; പിന്നെയും വാക്കുകളിലേക്കും പറച്ചിലിലേക്കും തന്നെയാണ് അവര്‍ തിരിച്ചെത്തുന്നത്). അയാള്‍ ഡേറ്റ് ചെയ്യുന്ന സ്ത്രീയുടെ, അവര്‍ കണ്ട മറ്റ് പുരുഷന്മാരെക്കുറിച്ചുള്ള പരാമര്‍ശം തിയഡോറിനെ വികര്‍ഷിക്കുന്നു. സമാന്ത അയയ്ക്കുന്ന ഇസബെല്ലയുമായും അയാള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല. സമാന്തയുടെ ശബ്ദവും (വാക്കുകളും) ആ സ്ത്രീയുടെ ശരീരവും തമ്മിലുള്ള വിഭജനം/വിഘടനം അയാളെ വികര്‍ഷിക്കുന്നു.

അയാളുടെ ആത്മമിത്രമായ ആമിയും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്., ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പിന്മാറ്റം ഒടുവില്‍ രണ്ടു പേരെയും ഒരുപോലെ നിസ്സഹായരാക്കുകയും അതിലൂടെ ഒന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷെ അവര്‍ പരസ്പരം യഥാര്‍ഥജീവിതത്തില്‍ തന്നെ പ്രണയം കണ്ടെത്തിയേക്കാം എന്നുള്ള സൂചനയിലാണ് ചിത്രം അവസാനിക്കുന്നത്. രണ്ടു പേരും ഒരു അംബരചുംബിയായ കെട്ടിടത്തിന്റെ മുകളില്‍ തോളുരുമ്മിക്കൊണ്ട് വിസ്തൃതമായ നഗരത്തെ നോക്കിയിരിക്കുന്ന ദൃശ്യമാണത്. അതിനു തൊട്ടുമുമ്പ് തിയഡോര്‍ തന്റെ ഭാര്യയ്‌ക്കെഴുതുന്ന കത്തില്‍ (ആദ്യമായി അയാള്‍ അയാള്‍ക്കുവേണ്ടിത്തന്നെ എഴുതുന്ന ഒന്ന്) അവനവനെക്കുറിച്ചുള്ള തിരിച്ചറിവിന്റെ ലാഞ്ചനയുണ്ട് എന്നതും അയാളുടെ മന:സ്ഥിതിയില്‍ വന്ന മാറ്റത്തിന്റെ സൂചനയാകാം.

ഒരര്‍ഥത്തില്‍ എല്ലാ പ്രണയികളും ആഗ്രഹിക്കുന്നത് തന്നിലേക്ക്, തന്നിലേക്കുമാത്രം കേന്ദ്രീകരിക്കപ്പെടുന്ന, മറ്റേയാളുടെ ശ്രദ്ധയാണ്. അങ്ങിനെ നോക്കുമ്പോള്‍ ഏറ്റവും ‘ഉദാത്തമായ’ ഒരു പ്രണയിനിയാണ് സമാന്ത. അവളെ അവകാശപ്പെടാന്‍ ആരുമില്ല, അവള്‍ക്ക് ഒളിക്കാനോ തിരിച്ചുപോകാനോ ആഘോഷിക്കാനോ മുഗ്ദയാകാനോ ഉള്ള ഭൂതകാലമില്ല. സമാന്ത ശുദ്ധ’വര്‍ത്തമാനം’ (രണ്ട് അര്‍ഥത്തിലും) ആണ്. അയാളുടെ സ്ത്രീസങ്കല്പത്തിന്റെ/പ്രതീക്ഷകളുടെ അവതാരമാണവള്‍. സമാന്തയെ സംബന്ധിച്ചിടത്തോളം തിയോഡോര്‍ എന്നത് അവളുടെ, അതുവരെയുള്ള ലോകവുമായുള്ള ഡിജിറ്റല്‍ ഇടപാടുകളുടെയും പെരുമാറ്റങ്ങളുടെയും ആകത്തുകയാണ്; അല്ലെങ്കില്‍ അയാളുടെ അതുവരെയുള്ള ബാഹ്യലോകൌന്മുഖ്യങ്ങളുടെ സത്താണ്; അതുകൊണ്ടുതന്നെ അവള്‍ അയാളെത്തന്നെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായിത്തീരുന്നു; ഈ പരിപൂര്‍ണതയും പരിണാമത്തിന്റെയോ അനുഭവങ്ങളുടെയോ കടമ്പകളില്ലാത്ത കളങ്കങ്ങളില്ലായ്മയും തന്നെയാണ് അയാളെ അസ്വസ്ഥനാക്കുന്നതും. ഭാര്യ കാതറീന്‍ വിവാഹമോചനത്തിനായി അയാളെ കണ്ടുമുട്ടുമ്പോള്‍ പറയുന്നത് അയാളുടെ ആഗ്രഹത്തിനൊത്ത്/പ്രതീക്ഷകള്‍ക്കൊത്ത് അവള്‍ പെരുമാറുന്നില്ല എന്നതാണ് അയാളുടെ പ്രശ്‌നം എന്നാണ്. അയാളുടെ വിര്‍ച്വല്‍ പ്രണയിനിയായ സമാന്ത അതിനു നേരെ വിപരീതമാണ്. അയാള്‍ ആഗ്രഹിക്കുന്നതെല്ലാം അവള്‍ക്കാകാന്‍ കഴിയും. അയാളുടെ മനോനിലകള്‍ക്കനുസരിച്ച് ഓരോ നിമിഷവും പെരുമാറാനാകും. അയാളുടെ അഭിലാഷങ്ങള്‍ക്കും രുചിശീലങ്ങള്‍ക്കും പെരുമാറ്റരീതികള്‍ക്കും അനുസരിച്ച് നിരന്തരം സ്വയം രൂപപ്പെടുത്താനും പ്രതികരണങ്ങള്‍ ചിട്ടപ്പെടുത്താനും കഴിയുന്ന ഈ പ്രോഗ്രാമിന് സാധിക്കാത്തത് ഒരു ശരീരമാവുക/ശാരീരികസാന്നിദ്ധ്യമാവുക എന്നതുമാത്രമാണ്.

അങ്ങിനെ ഇവര്‍ രണ്ടുപേരുടെയും അല്ലെങ്കില്‍ ശാരീരികവും വിര്‍ച്വലും ആയ പ്രണയിനികള്‍/പ്രണയങ്ങള്‍ രണ്ടും അയാളെ നിരസിക്കുകയോ പുറന്തള്ളുകയോ ചെയ്യുമ്പോഴാണ് അയാള്‍ പ്രണയത്തെയും അവനവനെയും തിരിച്ചറിയുന്നത്; പ്രണയം ഒന്നായിത്തീരല്‍ അല്ലെന്നും അപരത്തിന്റെ അനന്യമായ അന്യതയെ അംഗീകരിക്കലുമാണെന്നും അയാളറിയുന്നു.

മനുഷ്യബന്ധങ്ങളില്‍ ഏറ്റവും തീവ്രമെന്നു കരുതപ്പെടുന്ന പ്രണയപ്രക്രിയയിലേര്‍പ്പെടുന്ന സ്വത്വങ്ങള്‍ക്ക് അല്ലെങ്കില്‍ ഊര്‍ജ്ജരൂപങ്ങള്‍ക്ക് സംഭവിക്കുന്ന ആന്തരികവും ബാഹ്യവും അതിനു രണ്ടിനുമിടയ്ക്കും ഉള്ളതായ ചില ഹര്‍ഷ-സംഘര്‍ഷങ്ങള്‍, അവിടെ സംഭവിക്കുന്ന ഊറിക്കൂടലുകള്‍-അലിഞ്ഞില്ലാതവലുകള്‍ വേലിയേറ്റങ്ങള്‍-ഇറക്കങ്ങള്‍ എന്നിവയെയൊക്കെക്കുറിച്ചാണ് സനലും കൃപയും എഴുതിയ ഈ കുറിപ്പുകള്‍. സാമ്പ്രദായികമായ രീതിയിലുള്ള ഒരു സിനിമാനിരൂപണമല്ല ഇത്. സാങ്കേതികമോ രൂപ/ആഖ്യാനഘടനാപരമോ ആയ മേഖലകളിലേക്കല്ല ഈ അന്വേഷണങ്ങള്‍, മറിച്ച് ഈ ചിത്രം അവതരിപ്പിക്കുന്ന ആശയങ്ങളും ചിന്തകളും തുറന്നിടുന്ന ദിശകളിലേക്കുള്ള ചില പര്യവേഷണങ്ങളാണിവ. ഒരു ചിത്രത്തിന്റെ ഗുട്ടന്‍സ് പിടിച്ചെടുക്കുക എന്നതല്ല, മറിച്ച് ചിത്രം തുറന്നിടുന്ന ചിന്താസാധ്യതകള്‍ പരതി പുതിയ പലവിധ ഗുട്ടന്‍സുകളിലേക്കും സഞ്ചരിക്കുക എന്നതാണ് ഇത്തരം എഴുത്തിന്റെ രീതി. അതുകൊണ്ടുതന്നെ ഇനിയും പലരീതിയില്‍ പലദിശകളിലേക്കും കാണികള്‍ക്കും ഇതിന്റെ വായനക്കാര്‍ക്കും കൊണ്ടുപോകാവുന്ന ഒന്നും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply