വിഴിഞ്ഞം അദാനി തുറമുഖ വിരുദ്ധ സമരം ശക്തമാകുന്നു

സംസ്ഥാന തല ഐക്യദാര്‍ഢ്യ സമിതി രൂപീകരണ സമ്മേളനം ജൂലായ് 3, ഞായറാഴ്ച രാവിലെ 10.30 മണിക്ക് കലൂര്‍ ലൂമന്‍ സെന്ററില്‍.. (ദേശാഭിമാനിക്ക് എതിര്‍ വശമുള്ള റോഡ്, കലൂര്‍, എറണാകുളം)

വിഴിഞ്ഞത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അദാനി തുറമുഖ പദ്ധതി വരുത്തി വയ്ക്കുന്ന സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വിപത്തുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കുക, കടലേറ്റത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കെല്ലാം ആനുപാതികമായി നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുക, പരമ്പരാഗത മീന്‍പിടുത്തക്കാരുടെ തൊഴിലിടങ്ങളായ കടപ്പുറങ്ങള്‍ വീണ്ടെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുക എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടും മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെയും കര്‍ഷകരുടെയും മറ്റു സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന ജനകീയ സമരം തിരുവനന്തപുരത്ത് ശക്തമായിക്കൊണ്ടിരിക്കുകയാണ്. 2015 ഡിസംബറില്‍ അദാനി തുറമുഖ നിര്‍മ്മാണം ആരംഭിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞത്തിന് വടക്കുള്ള തിരുവനന്തപുരം ജില്ലയിലെ പനത്തുറ മുതല്‍ വേളി വരെയുള്ള തീര പ്രദേശങ്ങളിലെ കടല്‍ത്തീര ശോഷണം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയും നൂറു കണക്കിന് വീടുകള്‍ കടലേറ്റത്തില്‍ തകരുകയും ചെയ്തിരുന്നു. അവര്‍ ഇന്നും അഭയാര്‍ത്ഥികളെ പോലെ സ്‌കൂളുകളിലും ഗൊഡൌണുകളിലുമായി കഴിയുകയാണ്. കടല്‍ത്തീരം ഇല്ലാതായതോടെ ഈ മേഖലയില്‍ മീന്‍പിടുത്തവും അസാധ്യമായി മാറുകയാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതി തീരദേശ ജനതയുടെ ജീവിതത്തിനും ജീവ സന്ധാരണത്തിനും വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കാര്യം ഇപ്പോള്‍ പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. അദാനി തുറമുഖത്തിന്റെ പുലിമുട്ട് നീളുന്നതിനനുസരിച്ച് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലെ പ്രവേശന കവാടത്തില്‍ കടല്‍ത്തിരമാലകളുടെ വലിയ തിരയടി ഉണ്ടാകുന്നത് വള്ളക്കാര്‍ക്ക് വലിയ അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇങ്ങനെയുള്ള അപകടത്തില്‍ മൂന്ന് മീന്‍പിടുത്തക്കാര്‍ മരിക്കുകയും നിരവധി വള്ളങ്ങള്‍ തകരുകയും ചെയ്തിരുന്നു. മത്സ്യമേഖലക്ക് മാത്രമല്ല, വിനോദ സഞ്ചാര മേഖലയ്ക്കും ഈ പദ്ധതി വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. കോവളത്തും ശംഖുമുഖത്തും വലിയ തീരശോഷണം ഉണ്ടായിക്കഴിഞ്ഞു. അതിനാല്‍ വിനോദസഞ്ചാരികള്‍ വരാത്ത അവസ്ഥയാണുള്ളത്. വരും വര്‍ഷങ്ങളില്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകാനാണ് സാധ്യത. ഇതെല്ലാം സംഭവിക്കുമ്പോഴും, നമ്മുടെ ഭരണാധികാരികള്‍ അദാനിയുടെ വാണിജ്യ തുറമുഖ നിര്‍മ്മാണമാണ് ഈ നാശനഷ്ടങ്ങള്‍ക്ക് കാരണമെന്ന് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. പകരം അദാനിക്ക് കൂടുതല്‍ കടല്‍ മേഖലയും കടല്‍ത്തീരങ്ങളും ഭൂമിയും സൌജന്യമായി നല്‍കുന്ന നടപടികളിലാണ് ഗവണ്മെന്റ് ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഈ പദ്ധതിക്ക് വേണ്ടി പാറക്കല്ലുകള്‍ ഖനനം ചെയ്‌തെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് അദാനിക്ക് നിരവധി ക്വാറികള്‍ അനുവദിച്ചിരിക്കുന്നതും ഇതോടൊപ്പം നാം തിരിച്ചറിയേണ്ട മറ്റൊരു കാര്യമാണ്. ഇത് കേരളത്തില്‍ കൂടുതല്‍ പ്രളയത്തിനും കൃഷി നാശങ്ങള്‍ക്കും ഇടയാക്കും. അങ്ങനെ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും അവരുടെ തൊഴിലിനും വാസത്തിനും വലിയ ഭീഷണിയായി അദാനിയുടെ ഈ തുറമുഖ പദ്ധതി മാറിക്കൊണ്ടിരിക്കുന്നു. മലകള്‍ ഇല്ലാതാക്കി കടലില്‍ കല്ലിടുന്ന ഈ പദ്ധതി നമ്മുടെ കാലാവസ്ഥയെയും പരിസ്ഥിതിയെയും കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. കേരള സര്‍ക്കാരും അദാനിയും 2015 ആഗസ്റ്റ് 17-ല്‍ ഒപ്പു വച്ച വിഴിഞ്ഞം പോര്‍ട്ട് കരാര്‍ വ്യവസ്ഥകള്‍ പഠന വിധേയമാക്കിയ സി.എ.ജി വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അന്നതിനെ വിശേഷിപ്പിച്ചിരുന്നു. ഇതേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും ഒടുവില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് യാതൊന്നും നടന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കരാര്‍ പ്രകാരം 2019-ല്‍ ഈ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ 2022 മെയ് വരെ ഡ്രഡ്ജിംഗിന്റെ 40 ശതമാനവും 3.1 കി.മീ നീളം വരുന്ന പുലിമുട്ടിന് ആവശ്യമായ പാറക്കല്ലുകള്‍ കടലില്‍ നിക്ഷേപിക്കുന്നതിന്റെ 30 ശതമാനവും മാത്രമാണ് നാളിതുവരെ പൂര്‍ത്തിയായിട്ടുള്ളത്. നിര്‍മ്മാണ പ്രവൃത്തികള്‍ കൂടുന്നതനുസരിച്ച് നാശ നഷ്ടങ്ങളും കെടുതികളും വലിയ തോതില്‍ കൂടിവരികയാണെന്നു മാത്രമല്ല തീരദേശ ജനതയ്ക്കും പരിസ്ഥിതിക്കും, പശ്ചിമഘട്ട പരിസ്ഥിതിക്കും, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതക്കും ഭീഷണിയാണ് ഈ പദ്ധതിയെന്ന് വ്യക്തമാവുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ശംഖുമുഖം കേന്ദ്രമാക്കി വിവിധ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളും, കര്‍ഷക സംഘടനകളും, പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരും ഒത്തു ചേര്‍ന്ന് അദാനി തുറമുഖ പദ്ധതിക്കെതിരെ ഒരു സംയുക്ത സമര സമിതി രൂപീകരിക്കുന്നത്. 2022 ജൂണ്‍ 5 മുതല്‍ ശംഖുമുഖം തീരത്തിനടുത്ത് എയര്‍പോര്‍ട്ട് ഗേറ്റിന് മുന്നിലുള്ള സമര പന്തലില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹ സമരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും ഈ സമരത്തിന് അത്യന്താപേക്ഷിതമാണ്.

അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് പദ്ധതി നിര്‍ത്തി വച്ചില്ലെങ്കില്‍ വലിയ തരത്തിലുള്ള ദുരന്തങ്ങള്‍ക്ക് നാമിനിയും സാക്ഷിയാകേണ്ടി വരും എന്നത് ഉറപ്പാണ്. ഈ അവസ്ഥയില്‍ സമരം ചെയ്യുന്ന തീരദേശ ജനതയ്ക്കും മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കും പിന്തുണ നല്‍കുകയും സമരം ശക്തിപ്പെടുത്താന്‍ ആവശ്യമായ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും സക്രിയമായ ഇടപെടലുകളും നടത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും രാഷ്ട്രീയമായ ഉത്തരവാദിത്വമാണ്. അതുകൊണ്ടു തന്നെ വിഴിഞ്ഞത്ത് അദാനി തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിന് സംസ്ഥാന തലത്തില്‍ തന്നെ ഒരു ഐക്യദാര്‍ഢ്യ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക പ്രവര്‍ത്തകരെയും സംഘടനകളെയും സമരവുമായി കൂട്ടി യോജിപ്പിച്ചു മുന്നോട്ടു പോകുന്ന കാര്യം വിശദമായി ആലോചിക്കുന്നതിനുമായി ഈ വരുന്ന ജൂലൈ 03നു രാവിലെ 10. 30നു എറണാകുളം കലൂരിലുള്ള ലൂമെന്‍ സെന്ററില്‍ വിഴിഞ്ഞം അദാനി തുറമുഖ വിരുദ്ധ സമരം: സംസ്ഥാന തല ഐക്യദാര്‍ഢ്യ സമിതി രൂപീകരണ സമ്മേളനം ചേരുന്ന വിവരം നിങ്ങളെ പ്രത്യേകം അറിയിക്കട്ടെ.

വിഴിഞ്ഞം അദാനി തുറമുഖ വിരുദ്ധ സംയുക്ത സമര സമിതിക്കു വേണ്ടി

ജാക്‌സണ്‍ പൊള്ളയില്‍, ചെയര്‍പേഴ്‌സണ്‍

സീറ്റ ദാസന്‍, കണ്‍വീനര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് 7025831585, 9809477058

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply