മോദിയെ തടുക്കണം; പക്ഷേ, ഇന്ത്യയെ എടുക്കണം.
യുക്തിവാദങ്ങളുടെ പ്രഹരത്താല്‍ ഒഴിപ്പിക്കാവുന്ന ദുര്‍ബലദേവതയല്ല മിത്തോളജി. കാടന്റെ കൊടും വിഡ്ഢിത്തം നിറഞ്ഞ മിത്തുകള്‍ ആധുനിക മനുഷ്യന്റെ വിപ്ലവശാസ്ത്രത്തെപ്പോലും സ്വാധീനിക്കുന്ന വിരോധാഭാസം കണ്‍മുമ്പില്‍ കണ്ടുകൊണ്ട്, ‘മിത്തുകള്‍ ഇതാ നശിക്കാറായി’ എന്ന വീരസ്യം വിളിച്ചുപറയുന്നത് മറ്റൊരു മിത്തുമാത്രമായി കലാശിക്കുകയേയുള്ളു – എം ഗോവിന്ദന്‍
അശോകന്‍: മാഷേ, ശബരിമല പ്രശ്‌നം പോലെ കത്തിക്കയറിയ മിത്ത് വിവാദം അതിവേഗം അടങ്ങിയല്ലോ?
എ പി: നന്നായി. വിശ്വാസത്തെ സമീപിക്കുമ്പോള്‍ ജാഗ്രത വേണമെന്ന മുഖ്യമന്ത്രിയുടെ താക്കീതോടെ വിവാദം കെട്ടടങ്ങി. വീണ്ടുവിചാരത്തോടെയുള്ള വര്‍ത്തമാനങ്ങള്‍ ഭരണമുഖത്തു നിന്ന് പുറപ്പെടാന്‍ വൈകുന്നതിന്റെ കെടുതികള്‍ സമീപകാല കേരളം വല്ലാതെ അനുഭവിക്കുന്നുണ്ട്. ശബരിമലയിലും അതാണല്ലോ സംഭവിച്ചത്.
അശോകന്‍: വിവാദത്തിനപ്പുറം മിത്തും മനുഷ്യനുമായുള്ള ബന്ധം സംവാദ വിധേയമാകേണ്ടതല്ലേ?
എ പി: തീര്‍ച്ചയായും. ആ വിഷയം ഞാന്‍ എഴുതാനും പറയാനും ഉദ്ദേശിച്ചിട്ടുണ്ട്. പക്ഷേ, വിവാദത്തിന്റെ കുത്തൊഴുക്ക് നിലച്ചിട്ടു വേണമല്ലോ, സംവാദത്തിന്റെ തോണിയിറക്കി ഓളമുണ്ടാക്കാന്‍!
അശോകന്‍: ശരിയാണ്. വെറുപ്പിന്റെ ഓളങ്ങളാണല്ലോ, വിവാദങ്ങളുടെ പൊതുസ്വഭാവം.
എ പി: അതെ; കൊലവിളിയും പോര്‍വിളിയും ആര്‍പ്പുവിളിയും മുഴങ്ങുന്ന അന്തരീക്ഷത്തില്‍ വസ്തുതാന്വേഷണത്തിന് പ്രസക്തിയില്ല. പറയുന്നവന്റെ ജാതിയും മതവും നോക്കി പ്രശ്നങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന സാമൂഹ്യരോഗത്തിനും സംവാദചികിത്സ ഏശുകയില്ല. ആരാണ് ശരിയെന്ന ഒറ്റച്ചോദ്യവും ഒറ്റവാക്കില്‍ ഉത്തരവുമല്ലാതെ, ആശയവിശകലനത്തില്‍ താല്പര്യമില്ലാത്ത കക്ഷിവികാരവും സംവാദവിരുദ്ധമാണ്.
അശോകന്‍: മാഷേ, ഈ വിഷയം മലയാളത്തില്‍ ആദ്യമായി ചര്‍ച്ചയ്ക്കു വെച്ചത് എം ഗോവിന്ദന്‍ ആണെന്ന് തോന്നുന്നു?
എ പി: അതിനുമുമ്പ് ആരും ഈ വിഷയത്തെ ആഴത്തില്‍ അവതരിപ്പിച്ചതായി അറിവില്ല. ലളിതമായ ഭാഷയില്‍ ഗൗരവമായി സമീപിക്കുന്ന പഠനമാണ് ഗോവിന്ദന്റെ ‘മിത്തും മനുഷ്യനും’ എന്ന പുസ്തകം.
അശോകന്‍: എന്താണ് മിത്ത്?
എ പി: നിഘണ്ടു നിര്‍ദ്ദേശിക്കുന്ന വാക്കര്‍ഥങ്ങളില്‍ മിത്തിന്റെ പൊരുളിനോട് അടുത്തു നില്‍ക്കുന്നത് ‘പുരാവൃത്തം’ തന്നെ. കെട്ടുകഥ, ഐതിഹ്യം തുടങ്ങിയ വാക്കുകള്‍ കൂടി നിഘണ്ടുവില്‍ കാണാമെങ്കിലും അവയൊക്കെ പ്രയോഗത്തില്‍ മിത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതായി കാണാം. ചരിത്രത്തോടൊപ്പം പല വഴിക്കായി കടന്നുവന്ന് ജനമനസ്സ് കയ്യടക്കിയ വിചിത്രശക്തികളാണ് മിത്തുകള്‍. ”എവിടെ മനുഷ്യനുണ്ടോ അവിടെയെല്ലാം അവന്റെ നിഴല്‍ പോലെ മിത്തുകളുമുണ്ട്” എന്ന് ഗോവിന്ദന്‍.
അശോകന്‍: മിത്തുകള്‍ പിറവിയെടുക്കുന്ന വഴികള്‍?
എ പി: .1 ചരിത്ര വസ്തുതകള്‍ പെരുപ്പിച്ച കഥകളായി മാറുമ്പോള്‍ മിത്തുകള്‍ ഉണ്ടാവാം. സ്പാര്‍ട്ടക്കസ് മുതല്‍ കായംകുളം കൊച്ചുണ്ണി വരെ അത്തരം മിത്തുകള്‍ എത്രയെത്ര!
2. പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള ദുരൂഹതയില്‍ നിന്നും മിത്തുകള്‍ രൂപപ്പെടാം. പ്രൊമിത്യൂസ് മുതല്‍ സൂര്യദേവന്‍ വരെ ഉദാഹരണങ്ങള്‍ അനവധി.
3. കവിഭാവനയില്‍ നിന്ന് മിത്തുകള്‍ രൂപപ്പെടാം. രാമായണത്തിലെ പുഷ്പകവിമാനം മുതല്‍ ചിലപ്പതികാരത്തിലെ കണ്ണകി വരെ എത്രയോ ഉദാഹരണങ്ങള്‍!
4. വേദഗ്രന്ഥങ്ങളിലെ ദിവ്യാത്ഭുതങ്ങളും മിത്തുകളുടെ ഗണത്തില്‍ പെടുത്താറുണ്ട്. പരശുരാമന്റെ മഴുവേറും യേശുദേവന്റെ ഉയിര്‍പ്പും പോലുള്ള ഉദാഹരണങ്ങള്‍.
അശോകന്‍: മിത്തുകള്‍ മതങ്ങളുടെ സൃഷ്ടിയാണോ?
എ പി: അല്ല; സംഘടിത മതങ്ങള്‍ സ്ഥാപിക്കപ്പെടുന്നതിനും എത്രയോ മുമ്പുതന്നെ മിത്തുകള്‍ പ്രചരിച്ചിരുന്നു. മതങ്ങള്‍ പക്ഷേ, മിത്തുകളെ എതിര്‍ത്തില്ല. പകരം മിത്തുകളെ വകതിരിച്ച് നല്ല മിത്തുകളെ മതങ്ങള്‍ സ്വീകരിച്ചു. പഴയ ഹീബ്രു മിത്തുകള്‍ ക്രിസ്തുമതത്തിലും ഇസ്ലാംമതത്തിലും ഇപ്പോഴും കാണാം. ക്രിസ്തുവിന്റെ ചിത്രം പോലും ഗ്രീക്കുകാരുടെ അപ്പോളോവിന്റെ രൂപത്തിലാണ് വരച്ചിരിക്കുന്നത്. വേദകാല മിത്തുകളും ദ്രാവിഡ മിത്തുകളും ഹിന്ദു മതത്തില്‍ കലര്‍ന്നിരിക്കുന്നു.
അശോകന്‍: മിത്തുകളെ യുക്തി കൊണ്ട് തകര്‍ക്കാവുന്നതല്ലേ?
എ പി: ഈ ചോദ്യത്തിന് ഗോവിന്ദന്റെ മറുപടി ഞാന്‍ വായിക്കാം: ”യുക്തിവാദങ്ങളുടെ പ്രഹരത്താല്‍ ഒഴിപ്പിക്കാവുന്ന ദുര്‍ബലദേവതയല്ല മിത്തോളജി. കാടന്റെ കൊടും വിഡ്ഢിത്തം നിറഞ്ഞ മിത്തുകള്‍ ആധുനിക മനുഷ്യന്റെ വിപ്ലവശാസ്ത്രത്തെപ്പോലും സ്വാധീനിക്കുന്ന വിരോധാഭാസം കണ്‍മുമ്പില്‍ കണ്ടുകൊണ്ട്, ‘മിത്തുകള്‍ ഇതാ നശിക്കാറായി’ എന്ന വീരസ്യം വിളിച്ചുപറയുന്നത് മറ്റൊരു മിത്തുമാത്രമായി കലാശിക്കുകയേയുള്ളു.” നോ കമന്റ്‌സ്!
അശോകന്‍: ചരിത്രമോ സത്യമോ അല്ലാത്ത പൊട്ടക്കഥകളല്ലേ മിത്തുകള്‍?
എ പി: അല്ല; മിത്തുകള്‍ ആവിര്‍ഭാവദശയില്‍ കഥകളേയല്ല; മറിച്ച് യാഥാര്‍ഥ്യങ്ങളാണ്. മനുഷ്യകര്‍മങ്ങളുടെ പ്രമാണവും ചരിത്രവുമാണ് മിത്തുകള്‍. മനുഷ്യപ്രവര്‍ത്തനത്തിന്റെപ്രേരകശക്തിയെന്ന നിലയില്‍ മിത്തുകള്‍ ചരിത്രപരമാണ്. ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍ബി രേഖപ്പെടുത്തിയതുപോലെ, മിത്തോളജിയില്‍ ചരിത്രവും ചരിത്രത്തില്‍ മിത്തോളജിയുമുണ്ട്.
അശോകന്‍: വ്യക്തികളുടെ മതവിശ്വാസത്തിന് മിത്തുകള്‍ ആവശ്യമുണ്ടോ?
എ പി: തീര്‍ച്ചയായും ഉണ്ട്. കാരണം വിശ്വാസം മതമായിത്തീരുമ്പോള്‍ അത് ജീവിക്കുന്നത് സാമൂഹ്യരൂപങ്ങളിലൂടെയാണ്. ഓരോ മതത്തിനും അതിന്റേതായ പ്രതീകങ്ങളും ബിംബങ്ങളും പ്രമാണങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ട്. ഇത്തരം ബിംബാവലിയാണ് മിത്തുകള്‍. അവയിലൂടെയാണ് ഒരാള്‍ മതവുമായി, ഈശ്വരനുമായി ഇടപെടുന്നത്. സര്‍വശക്തനും സര്‍വജ്ഞനും സര്‍വവ്യാപിയുമായ ഈശ്വരനെ സാധാരണക്കാര്‍ക്ക് സമീപിക്കാന്‍ ചില മിത്തുകള്‍ വേണം. ഓരോ മതവും അത്തരം മിത്തുകള്‍ ക്രമപ്പെടുത്തി വെച്ചിട്ടുണ്ട്.
അശോകന്‍: മതങ്ങള്‍ പരസ്പരം ഈ മിത്തുകളെ മാനിക്കുമോ?
എ പി: ഇല്ല; ഒരു മതക്കാരന് മറ്റൊരു മതക്കാരന്റെ പ്രതീകങ്ങളും കര്‍മങ്ങളും ദൈവനിന്ദയായി തോന്നുന്നു. അപരന്റെ ആചാരാനുഷ്ഠാനങ്ങളുടെ അടിത്തറയും വിവക്ഷയും മനസ്സിലാക്കാന്‍ പോലും അയാള്‍ ശ്രമിക്കുകയില്ല. അങ്ങനെ മനസ്സിലാവുന്ന വിധം അടുത്തു നില്‍ക്കുന്നത് അയാളുടെ മതസ്വത്വത്തെ ബാധിക്കും. മതാചാരങ്ങളില്‍ സാമൂഹ്യമായി പങ്കുചേരുന്നത് വിശ്വാസത്തില്‍ പങ്കുചേര്‍ക്കലായി കണക്കാക്കുകയും ചെയ്യും.
അശോകന്‍: മിത്തുകളെ വിമര്‍ശിക്കുന്നത് മതനിന്ദയാണോ?
എ പി: തീര്‍ച്ചയായും; വിശ്വാസമായി സ്വീകരിക്കപ്പെട്ട മിത്തുകളെ വിമര്‍ശിക്കുന്നത് മതനിന്ദ തന്നെയാണ്. ഒരു വിശ്വാസി സത്യമാണെന്ന് കരുതുന്ന മതബിംബം മിഥ്യയാണെന്ന് അയാളോട് പറയുന്നത് ആ വിശ്വാസത്തെ അനാദരിക്കുക തന്നെയാണല്ലോ. ഭക്തിയില്‍ യുക്തി തേടുന്നത് പാഴ്‌വേലയാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്!
അശോകന്‍: ഗണപതിയല്ലാത്ത ഒരുദാഹരണത്തിലൂടെ ഇക്കാര്യം വിശദമാക്കാമോ?
എ പി: ശരി; ഇസ്ലാമിലെ ഒരു ഉദാഹരണം പറയാം. എന്റെ അറിവില്‍ ദൈവസന്നിധിയിലേക്ക് ആകാശയാത്ര നടത്തിയ മൂന്ന് കവികള്‍ ലോകസാഹിത്യത്തില്‍ ഉണ്ട്. ഡാന്റെ അലിഗേറി(ഇറ്റാലിയന്‍), പൂന്താനം(മലയാളം), അല്ലാമാ ഇഖ്ബാല്‍ (പേര്‍ഷ്യന്‍) എന്നിവരാണത്. കേവലം കവിഭാവനയോ സാഹിത്യമിത്തോ ആണ് ഈ പരലോകയാത്രകളെന്ന് എത് സഹൃദയനും വിമര്‍ശിക്കാം. എന്നാല്‍ അതേ അത്ഭുതകര്‍മം (ആകാശയാത്ര) പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതത്തിലുണ്ടായി എന്ന വിശ്വാസത്തെ ചോദ്യം ചെയ്യാതെ മാനിക്കുകയാണ് ജനാധിപത്യ മര്യാദ.
അശോകന്‍: എന്നുവച്ചാല്‍, ജനാധിപത്യ രാജ്യത്ത് മതവിമര്‍ശനം പാടില്ലെന്നാണോ?
എ പി: ഒരിക്കലുമല്ല; ഏത് മതത്തിന്റെയും വിശ്വാസാചാരപ്രതീകങ്ങളെ സംവാദാത്മകമായി, ചോദ്യം ചെയ്യാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. യുക്തിവാദമോ ഭൗതികവാദമോ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യാം. എന്നാല്‍ അത് വിശ്വാസികളെ വേദനിപ്പിക്കുമെന്നുള്ള ബോധ്യത്തോടെ, ദൈവങ്ങളെ ചോദ്യം ചെയ്യാനുള്ള പ്രഖ്യാപിതമായ ആര്‍ജ്ജവത്തോടെ നടത്തുന്ന വിമര്‍ശനമാവണം. അല്ലാതെ, മതവിമര്‍ശനം നടത്തുകയും വേണം, വിശ്വാസികളെ പിണക്കാനും വയ്യ എന്ന നിലപാട് അസാധ്യമാണ്.
അശോകന്‍: അങ്ങനെ വരുമ്പോള്‍ ഒരു ബഹുസ്വര ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസങ്ങളുടെ മിത്തുകളോട് എങ്ങനെ പെരുമാറും?
എ പി: സര്‍വമത സമഭാവന എന്ന ഗാന്ധിയന്‍ മുറ സ്വീകരിക്കാം. എല്ലാ മതങ്ങളും സത്യമാണെങ്കിലും എല്ലാറ്റിലും തെറ്റുകളുണ്ട് എന്ന ബോധ്യമാണത്. ‘ഏകം സത്’ എന്ന വേദവാക്യവും ‘പലമത സാരവുമേക’മെന്ന ഗുരുവാക്യവും ഹൈന്ദവചിന്തയെ ഏകമാനവ ബോധത്തിലേക്ക് നയിക്കുന്നുണ്ട്. ഇസ്ലാമില്‍ സമാന ചിന്താപദ്ധതി ഉയര്‍ത്തിയ ചേകനൂര്‍ മൗലവിയുടെ സര്‍വമത സത്യവാദവും വിശ്വാസധാരകളുടെ ഏകത്വം പ്രഖ്യാപിക്കുന്നുണ്ട്. മറ്റു മതങ്ങളിലും സമാനമായ ആശയഗതികളുണ്ട്. എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് എന്ന ബോധമുണര്‍ത്തി എല്ലാ മതമിത്തുകളേയും ആദരിക്കുകയാണ് സമാധാനമാര്‍ഗം. അപ്പോഴും ആത്മീയമായ ലക്ഷ്യവും മാര്‍ഗവും മിഥ്യയാണെന്ന് വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാനും പാടില്ല. എന്റെ മിത്തുകള്‍ ശരിയെന്നും അപരന്റെ മിത്തുകള്‍ തെറ്റാണെന്നുമുള്ള പ്രചാരണങ്ങളാണ് സംഘര്‍ഷമുണ്ടാക്കുന്നത്.
അശോകന്‍: അങ്ങനെയെങ്കില്‍ മതസമൂഹങ്ങളിലെ അന്ധവിശ്വാസം എങ്ങനെ നിര്‍വചിക്കും?
എ പി: ഒരേയൊരു മാനദണ്ഡമാണ് വിശ്വാസത്തിന്റെ ശരിതെറ്റുകള്‍ നിര്‍ണയിക്കേണ്ടത്. ഏതെങ്കിലും വിശ്വാസം വ്യക്തികള്‍ക്കോ സമൂഹത്തിനോ പ്രകൃതിക്കോ വിനാശകരമാണെങ്കില്‍ അത് കുറ്റകരമായ അന്ധവിശ്വാസം. ആര്‍ക്കും ഉപദ്രവമില്ലാത്ത മറ്റെല്ലാ വിശ്വാസാചാരങ്ങളും ആദരണീയമായ പൗരാവകാശം.
അശോകന്‍: അപ്പോഴും മിത്തുകളെ ശാസ്ത്രപാഠങ്ങളില്‍ പഠിപ്പിക്കാമോ?
എ പി: പഠിപ്പിക്കാം. പ്ലാസ്റ്റിക് സര്‍ജറി പഠിപ്പിക്കുന്ന ഒരു ശാസ്ത്രപാഠത്തില്‍ ഗണപതി ഭഗവാന്റെ ചിത്രം കൊടുക്കുന്നു എന്ന് കരുതുക. പണ്ട് ദൈവങ്ങള്‍ക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം അത്ഭുതവിദ്യകള്‍ ആധുനികശാസ്ത്രം മനുഷ്യര്‍ക്കു കൂടി സാധ്യമാക്കിയിരിക്കുന്നു എന്നു പഠിപ്പിച്ചാല്‍, മിത്തുകളേയും ശാസ്ത്രത്തേയും ബന്ധിപ്പിച്ചുകൂടേ? കൂട്ടത്തില്‍ ഈ വിദ്യയുടെ ആദ്യചിന്തകള്‍ സുശ്രുതന്‍ എന്ന ഭാരതീയ മുനിയുടെ സംഭാവനയാണെന്നു കൂടി ഓര്‍മിപ്പിച്ചാല്‍ ഇന്ത്യയുടെ മഹത്വവും ഉണര്‍ത്തിക്കൂടേ?
അശോകന്‍: എന്നാലും ഇത്തരം മിത്തുകള്‍ പ്രധാനമന്ത്രി പോലും ശാസ്ത്രമായി അവതരിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയുമോ?
എ പി: കഴിയണം. മിത്തുകളില്‍ നിന്ന് മതവും ശാസ്ത്രവും വളര്‍ന്നുവന്ന പാഠങ്ങള്‍ അറിയുമ്പോഴാണ് ഫിലോസഫിയും സയന്‍സും വിജ്ഞാനമണ്ഡലത്തില്‍ ശത്രുക്കളല്ല, സഹോദരങ്ങളാണ് എന്ന തിരിച്ചറിവുണ്ടാവുക. വിമാനം എന്ന ആശയം കണ്ടുപിടിച്ചത് വാല്‍മീകിയാണ് എന്നും അത് ശാസ്ത്രീയ യാഥാര്‍ഥ്യമാക്കിയത് റൈറ്റ് സഹോദരന്മാരാണ് എന്നും പഠിപ്പിച്ചാല്‍ എന്താണ് തെറ്റ്?
അശോകന്‍: ഇത്തരം ചിന്തയൊക്കെ ‘ഹിന്ദുത്വ’ വാദമല്ലേ?
എ പി: ഞാന്‍ ഈ ആശയങ്ങളെ ‘ഭാരതീയവാദം’ എന്നു വിളിക്കുന്നു. ഹിന്ദുത്വവാദം ഇന്ത്യയില്‍ ഒരു ചര്‍ച്ചാ വിഷയമല്ലാത്ത കാലത്ത് മഹാപണ്ഡിതന്മാരായ പലരും ഈ വീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഈ വിവാദത്തില്‍ ഉന്നയിച്ചവര്‍ ‘ഇന്ത്യയെ കണ്ടെത്തല്‍’ വായിച്ചിരുന്നെങ്കില്‍ ഭാരതമാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുമായിരുന്നു. ഡോ: എസ് രാധാകൃഷ്ണനും ഹുമയൂണ്‍ കബീറുമൊക്കെ പല തരത്തില്‍ പുരാതന ഇന്ത്യയുടെ ശാസ്ത്ര ഗരിമ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
അശോകന്‍: കമ്മ്യൂണിസ്റ്റ് ആചാര്യന്‍ കെ. ദാമോദരനും ഇതേ വീക്ഷണമായിരുന്നില്ലേ?
എ പി: എന്താണ് സംശയം? ‘ഇന്ത്യയുടെ ആത്മാവ്’ മറിച്ചുനോക്കൂ: ”ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ സ്ഥാപകന്‍ ധന്വന്തരിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ വിവിധങ്ങളായ രോഗങ്ങളെപ്പറ്റിയും അവയുടെ ചികിത്സയെപ്പറ്റിയും വിസ്തരിച്ചു പ്രതിപാദിക്കുന്ന ചരകസംഹിതയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന വൈദ്യശാസ്ത്രഗ്രന്ഥം. ചരകന്‍ ജീവിച്ചിരുന്നത് ക്രി.മു. 6-ാം നൂറ്റാണ്ടിനും 4-ാം നൂറ്റാണ്ടിനും ഇടയിലാണ്. സുശ്രുതസംഹിതയില്‍ അംഗവിച്ഛേദനം, ഉദരഭേദനം, വയറു കീറി കുട്ടിയെ എടുക്കല്‍, കണ്ണുകീറി തിമിരം നീക്കല്‍ മുതലായ ശസ്ത്രക്രിയകളെപ്പറ്റിയും ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്..” ഇതേ കാര്യം പ്രധാനമന്ത്രി പറഞ്ഞാല്‍ എന്തിന് തിരുത്താന്‍ പോകണം? ഹിന്ദുത്വം ഉള്ളതുകൊണ്ട് ഇന്ത്യയെക്കുറിച്ച് മിണ്ടിക്കൂടാ എന്നാണോ?
അശോകന്‍: പുരാതന ഇന്ത്യയുടെ ശാസ്ത്രമേന്മയെക്കുറിച്ച് ഇ എം എസ്സിന്റെ നിലപാട് എന്തായിരുന്നു?
എ പി: ഇത്ര ആഴത്തിലല്ലെങ്കിലും നമ്മുടെ പൗരാണിക പാരമ്പര്യത്തെ പലേടത്തായി ഇ എം എസ്സും പ്രകീര്‍ത്തിച്ചത് കണ്ടിട്ടുണ്ട്. ആയുര്‍വേദം ശാസ്ത്രമല്ല എന്ന് ഇന്നും വാദിക്കുന്ന അലോപ്പതി ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പോയി ആയുര്‍വേദത്തിന്റെ ഗുണഗണങ്ങള്‍ വിസ്തരിച്ച് അദ്ദേഹം സംസാരിച്ചത് വായിച്ചിട്ടുണ്ട്.
അശോകന്‍: സഖാവ് എന്‍ ഇ ബാലറാമും ഇന്ത്യന്‍ പൈതൃകം വിശദമായി എഴുതിയിട്ടുണ്ടല്ലോ?
എ പി: ഉണ്ട്; ‘ഭാരതീയ പൈതൃകം’, ‘ഭാരതീയ സാംസ്‌ക്കാരിക പാരമ്പര്യം’ എന്നീ ഗഹനമായ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. പക്ഷേ ദര്‍ശനത്തില്‍ ഊന്നിയതുകൊണ്ടാവാം, ശാസ്ത്രനേട്ടങ്ങള്‍ അദ്ദേഹം വല്ലാതെ പരാമര്‍ശിച്ചുകാണുന്നില്ല.
അശോകന്‍: സ്ഥാനത്തും അസ്ഥാനത്തും ഭാരതീയപൈതൃകം വിളിച്ചുപറയുമ്പോഴും ഭാരതീയ സംസ്‌ക്കാരത്തിന് നിരക്കാത്ത എത്രയോ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നില്ലേ?
എ പി: ആര്‍ക്കാണ് ഇല്ലെന്ന് പറയാനാവുക? രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള വിദ്വേഷപ്രചാരണം, നിയമനിര്‍മാണം, ഭരണ നടപടികള്‍ തുടങ്ങിയ നീക്കങ്ങളെ ചെറുക്കേണ്ടിയിരിക്കുന്നു. ആള്‍ക്കൂട്ടക്കൊലകളോടും സാമുദായിക കലാപങ്ങളോടും സര്‍ക്കാരും ഭരണകക്ഷിയും സ്വീകരിക്കുന്ന നടപടികളും പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന്റെ സ്വത്ത് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതുന്ന നയങ്ങളോടും യോജിക്കാനാവില്ല.
അശോകന്‍: അങ്ങനെയെങ്കില്‍, മോദിയുടെ ദുര്‍ഭരണത്തെ ചെറുക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം പ്രയാേഗിക്കേണ്ടതല്ലേ?
എ പി: ഭരണകൂടത്തെ തിരുത്തുകയും വേണ്ടിവന്നാല്‍ തുരത്തുകയും ചെയ്യുക, പ്രതിപക്ഷധര്‍മം തന്നെയാണ്. പക്ഷേ, ദൈവങ്ങളെ മിത്താക്കി വിശ്വാസികളെ ആക്ഷേപിക്കുന്നതോടൊപ്പം ഭാരതീയ സംസ്‌കാരത്തിന്റെ മഹിമയെ നിഷേധിക്കുക കൂടി ചെയ്യുമ്പോള്‍, ആ വിവാദം ആര്‍ക്കാണ് ഗുണം ചെയ്യുക? സ്പീക്കര്‍ക്ക് അബദ്ധം പറ്റിയതാണെങ്കില്‍ നിമിഷങ്ങള്‍ക്കകം തിരുത്താമായിരുന്നല്ലോ. ദിവസങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ തിട്ടൂരം കിട്ടാന്‍ കാത്തിരിക്കണമായിരുന്നോ?
ഓര്‍ക്കുക:
മോദിയെ തടുക്കണം; പക്ഷേ, ഇന്ത്യയെ എടുക്കണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Ali
August 13, 2023 at 5:52 am
ചിന്തനീയമായ ലേഖനം. ആധുനിക ശാസ്ത്രവും തത്വ ശാസ്ത്രവും വൈരികളല്ല. നഹറു . ഇ.എം.എസ്, കെ. ദാമോദരൻ തുടങ്ങിയ പ്രതിഭകളുടെ അഭിപ്രായം സാന്ദർഭികമായി സൂചിപ്പിച്ചത് നന്നായി. കേവല യുക്തിവാദികളെ കണക്കിന് കളിയാക്കുന്ന സൂചനകൾ ഇഷ്ടപ്പെട്ടു. ഭരണഘടനാ പദവി വഹിക്കുന്ന മണ്ടൻ മാർ ഇന്ത്യയെ അറിയാത്തവരാകുന്നത് വിദ്യാഭ്യാസ നിലവാരത്തകർച്ചയെയല്ലേ പ്രകടമാക്കുന്നത് ?
Dr k gopinath
August 13, 2023 at 6:40 am
വിശദശാംശങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിലും ശ്രീ അഹമ്മദിന്റെ നിലപാടുകളിലെ അടിസ്ഥാന സമീപനത്തോട് യോജിപ്പാണ് .
.
ആധുനിക യൂറോപ്യൻ ശാസ്ത്രത്തേക്കാൾ ജന്തു / പ്രകൃതി വിരുദ്ധ മൂല്യങ്ങളും രീതിശാസ്ത്രവും പിന്തുടരുന്ന ജ്ഞാനസമ്പാദന മാർഗം വേറെ ഏതുണ്ട് ?
സ്വയം അന്ധവിശ്വാസത്തോടടുക്കുന്ന മിത്ത് കളല്ലേ ആധുനിക യൂറോപ്യൻ ശാസ്ത്രവും സാങ്കേതികവിദ്യയും .കമ്മ്യൂണിസംപോലെ !
ജനാധിപത്യവിരുദ്ധവും അടഞ്ഞതുമായ രണ്ടു വ്യവസ്ഥകൾ .
ഈ അഭിമുഖം പ്രസിദ്ധീകരിച്ച ക്രിട്ടിക്കിന് നന്ദി .