ജനാധിപത്യത്തിന്റെ വസന്തത്തിലാണ് ഇടിമുഴക്കമുണ്ടാകേണ്ടത്.

കേരളമടക്കം പലയിടത്തും ഇന്ന് നിലവിലുള്ള മനുഷ്യാവകാശ ബോധത്തില്‍ നക്സലൈറ്റ് പ്രസ്ഥാനം ഉയര്‍ത്തിവിട്ട രാഷ്ട്രീയ ചിന്തകള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. വ്യവസ്ഥാപിത ഇടതുപക്ഷം അതിനാല്‍ തന്നെ ഇവരെ ഇന്നും ഏറ്റവും ഭയക്കുന്നു. മാര്‍ക്‌സിസ്റ്റ് ചിന്തയില്‍ ഒരിക്കലും സ്ഥാനം പിടിക്കാതിരുന്ന ദലിത്, ആദിവാസി, ലിംഗ, പരിസ്ഥിതി വിഷയങ്ങള്‍ സജീവചര്‍ച്ചയാക്കുന്നതിലും പോരാട്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും നക്‌സലൈറ്റുകള്‍ക്കും മുന്‍നക്‌സലൈറ്റുകള്‍ക്കും വലിയ പങ്കുണ്ട്. കലാ – സാഹിത്യ – സാംസ്‌കാരികരംഗത്തും അതിന്റെ അലയൊലികള്‍ ഇപ്പോഴും കേള്‍ക്കാം.

കൊവിഡ് കാലത്തുപോലും മാവോയിസ്റ്റാരോപിത വേട്ടയില്‍ നിന്നു പിന്തിരിയാത്ത കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളാണല്ലോ ഇന്ത്യയില്‍ നിലവിലുള്ളത്. മാവോയിസ്റ്റ് പ്രസ്ഥാനത്തെ ഭരണകൂടങ്ങള്‍ എന്തുമാത്രം ഭയപ്പെടുന്നു എന്നതിനുള്ള തെളിവാണിത്. ആ പേടി അവര്‍ നടത്തുന്ന അക്രമങ്ങളെ മാത്രമല്ല, തങ്ങളുടെ ചൂഷണാധിഷ്ഠിത രാഷ്ട്രീയം തകരുമോ എന്നതു കൂടിയാണ്. അതോടൊപ്പം മാവോയിസത്തിന്റെ പേരു പറഞ്ഞ് മറ്റു പലപ്രശ്‌നങ്ങളും മറച്ചുവെക്കാം, വലിയ ഫണ്ട് അടിച്ചെടുക്കാം, രാഷ്ട്രീയ എതിരാളികളെ ചാപ്പ കുത്തി നിശബ്ദരാക്കാം, തുറുങ്കിലടക്കാം തുടങ്ങിയ പല നേട്ടങ്ങളും ഇതിലൂടെ സര്‍ക്കാരിനു ലഭിക്കുമെന്നതും യാഥാര്‍ത്ഥ്യമാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ് നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ 51-ാം വാര്‍ഷികം കടന്നുവരുന്നത്. സിപിഐയില്‍ നിന്നും സിപിഎമ്മും സിപിഎമ്മില്‍ നിന്നു നക്‌സലൈറ്റുകളും ഉണ്ടായതിനു സമാനമാണ് നക്‌സലൈറ്റുകളില്‍ നിന്നു മാവോയിസ്റ്റുകളും രൂപം കൊണ്ടത്. ഓരോ രൂപീകരണത്തിലും ആരോപിച്ചിക്കുക മാതൃസംഘടന തിരുത്തല്‍വാദികളായി എന്നാണ്. കൂടാതെ ആഗോള കമ്യൂണിസ്റ്റ് രാഷ്ട്രീയവും ഇതിലെല്ലാം പങ്കുവഹിച്ചിട്ടുണ്ട്. 1964ല്‍ സിപിഐ തിരുത്തല്‍വാദികളായി എന്നാരോപിച്ചായിരുന്നു സിപിഎം രൂപം കൊണ്ടത്. അന്ന് സിപീഎം ചൈനീസ് വിപ്ലവ മോഡല്‍ പ്രവര്‍ത്തനമായിരിക്കും തുടരുക എന്നാണ് അന്ന് കരുതപ്പെട്ടിരുന്നത്. എന്നാല്‍ 1967ലെ പൊതു തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതോടെ നിരവധി പ്രവര്‍ത്തകര്‍ നിരാശരായി. പശ്ചിമ ബംഗാളിലും പഞ്ചാബിലും ആന്ധ്രായിലുമാണ് ഈ ആശയക്കാര്‍ പ്രബലമായത്. അവര്‍ 1967 നവംബറില്‍ അവര്‍ കല്‍ക്കട്ടയില്‍ യോഗം ചേരുകയും അഖിലേന്ത്യ കമ്മ്യൂണിസ്റ് വിപ്ലവകാരികളുടെ ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു. കേരളത്തില്‍ നിന്ന് കുന്നിക്കല്‍ നാരായണനും, ഫിലിപ്പ് എം പ്രസാദും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. ബംഗാളിലെ ഈ റിബല്‍ വിഭാഗമാണ് 1967ലെ മെയ് ജൂണ്‍ മാസങ്ങളില്‍ നക്സല്‍ ബാരി പ്രദേശത്തു കര്‍ഷക കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് പ്രായോഗികമായി രംഗത്തിറങ്ങിയത്. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റഎ ഇടിമുഴക്കം. അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു 1969ല്‍ സിപിഐ.എം.എല്‍ രൂപീകൃതമായത്.

എണ്ണത്തില്‍ ശക്തമായിരുന്നില്ലെങ്കിലും നക്‌സലൈറ്റ് രാഷ്ട്രീയത്തിന് രാജ്യത്തിന്റെ പല ഭാഗത്തും വന്‍സ്വീകാര്യത ലഭിച്ചു. പ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ പല ജന്മികളേയും ഉന്മൂലനം ചെയ്തിരുന്നു. അടിയന്തരാവസ്ഥയെ പ്രതിരോധിക്കുന്നതിലും അതില്‍ അക്രമിക്കപെട്ടവരിലും ഈ വിഭാഗത്തിന്റെ പങ്ക് വലുതായിരുന്നു. മാര്‍ക്സിസ്റ് പാര്‍ട്ടിയെ മറികടന്നുപോലും അവര്‍ക്ക് വലിയൊരു സ്വീകാര്യത കേരളത്തിലും ബംഗാളിലും ലഭിച്ചു. സംഘടനാപരമായി വലിയ പിന്‍ബലം ഇല്ലെങ്കിലും മാധ്യമങ്ങളുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും മറ്റും പിന്തുണ ലഭിക്കുകയും അവര്‍ വലിയൊരു ശബ്ദമായി മാറുകയും ചെയ്യുകയായിരുന്നു. കേരളത്തില്‍ കരുണാകരന്റെ രാജിക്കുപോലും കാരണമായത് അടിയന്തരാവസ്തയില്‍ നടന്ന നക്സലൈറ്റ് വേട്ടയായിരുന്നല്ലോ. അതെ കാലത്ത് ജനശത്രുക്കളെ ജനകീയ കോടതികളിലൂടെ വിചാരണ ചെയ്യാനാരംഭിച്ചതും ഏറെ പിന്തുണ നേടി.

രൂപം കൊണ്ടമുതല്‍തന്നെ പിളര്‍പ്പുകളും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കൂടപ്പിറപ്പായിരുന്നു. പ്രസ്ഥാനം ഛിന്നഭിന്നമായി. പലരും പാര്‍ലിമെന്ററി പാത സ്വാകരിച്ചു. അപ്പോഴും അധികാരത്തിലെത്താതിരുന്നതിനാലാവാം ജീര്‍ണ്ണിച്ച അവസ്ഥയിലേക്ക് ഒരു ഗ്രൂപ്പും എത്തിയെന്നു പറയാനാവില്ല. അതേസമയം സിപിഐയില്‍ നിന്നും സിപിഎമ്മും അതില്‍ നിന്ന് സിപിഐഎഎല്ലും ഉണ്ടായപോലെ അതില്‍ നിന്ന് മാവോയിസ്റ്റുകളും രൂപം കൊണ്ടു. ഛത്തിസ്ഘഡ് കേന്ദ്രമായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സായുധസമരത്തിലധിഷ്ഠിതമായി അവര്‍ സമാന്തരഭരണം നടത്തുകയാണ്. പ്രതേകിച്ച് ആദിവാസി മേഖലയില്‍. ഇവരെ വേട്ടയാടുക എന്ന പ്രക്രിയയില്‍ എല്ലാ ജനാധിപത്യമര്യാദകളും വലിച്ചെറിഞ്ഞിരിക്കുകയാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍.

അതേസമയം കേരളമടക്കം പലയിടത്തും ഇന്ന് നിലവിലുള്ള മനുഷ്യാവകാശ ബോധത്തില്‍ നക്സലൈറ്റ് പ്രസ്ഥാനം ഉയര്‍ത്തിവിട്ട രാഷ്ട്രീയ ചിന്തകള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. വ്യവസ്ഥാപിത ഇടതുപക്ഷം അതിനാല്‍ തന്നെ ഇവരെ ഇന്നും ഏറ്റവും ഭയക്കുന്നു. മാര്‍ക്‌സിസ്റ്റ് ചിന്തയില്‍ ഒരിക്കലും സ്ഥാനം പിടിക്കാതിരുന്ന ദലിത്, ആദിവാസി, ലിംഗ, പരിസ്ഥിതി വിഷയങ്ങള്‍ സജീവചര്‍ച്ചയാക്കുന്നതിലും പോരാട്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും നക്‌സലൈറ്റുകള്‍ക്കും മുന്‍നക്‌സലൈറ്റുകള്‍ക്കും വലിയ പങ്കുണ്ട്. കലാ – സാഹിത്യ – സാംസ്‌കാരികരംഗത്തും അതിന്റെ അലയൊലികള്‍ ഇപ്പോഴും കേള്‍ക്കാം.

അതേസമയം നക്സലൈറ്റുകളുടെയും മാവോയിസ്റ്റുകളുടേയും പാത ശരിയാണെന്നോ അവര്‍ വിപ്ലവം തോക്കിന്‍കുഴലിലൂടെ വരുത്തുമെന്നോ ഇന്ന് കാര്യമായാരും വിശ്വസിക്കുന്നില്ല. തോക്കിന്‍ കുഴലിലൂടെ ലഭിക്കുന്ന അധികാരം നിലനിര്‍ത്താന്‍ തോക്കിന്‍ കുഴല്‍ തന്നെ വേണ്ടിവരുമെന്നതാണ് ലോകചരിത്രം. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം ജനങ്ങള്‍ പോരാടിയത് ജനാധിപത്യത്തിനു വേണ്ടിയായിരുന്നു. ഒരുപാട് ജീര്‍ണ്ണതകളുണ്ടെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കിലും ജനാധിപത്യത്തിന്റെ പാതയിലൂടേയേ ഇനിയും ലോകത്തൊരു മാറ്റം പ്രതീക്ഷിക്കാനാവൂ. അത്തരമൊരു ജനാധിപത്യത്തില്‍ മാവോയിസ്റ്റുകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടും. ഭരണകൂടം അതംഗീകരിക്കാന്‍ വൈകുമായിരിക്കാം. എന്നാല്‍ ജനമത് അംഗീകരിക്കുമെന്നതിനു തെളിവാണ് കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടകള്‍ക്കെതിരെ പൊതു സമൂഹത്തില്‍ നിന്നും ഭരണപക്ഷ സംഘടനകളില്‍ നിന്നുപോലും ഉയര്‍ന്ന എതിര്‍പ്പ്. മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ചുകൊന്ന പോലീസിന് വീരോചിത സ്വീകരണമല്ല ലഭിച്ചത്. മറിച്ച് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുകയായിരുന്നു. ഈ യാഥാര്‍ത്ഥ്യം തിരിച്ചരിയാനാണ് ഈ വേളയില്‍ ഇനിയും സായുധസമരം കിനാവുകാണുന്നവര്‍ തയ്യാറാകേണ്ടത്. തങ്ങളുയര്‍ത്തിപിടിക്കുന്ന മൂല്യങ്ങളുമായി, എന്നാല്‍ സായുധസമരമുപേക്ഷിച്ച് ജനാധിപത്യസംവിധാനത്തിലിടപെടാനാണ് അവര്‍ തയ്യാറാകേണ്ടത്. അത് ജനാധിപത്യത്തിന്റെ തന്നെ മേന്മ വര്‍ദ്ധിപ്പിക്കും. അതിനായി ഏകപാര്‍ട്ടി ഭരണം എന്ന ലക്ഷ്യം ഉപേക്ഷിക്കേണ്ടിവരുമെന്നത് വേറെ കാര്യം. അങ്ങനെ ജനാധിപത്യത്തിന്റെ വസന്തത്തില്‍ ഇടിമുഴക്കമുണ്ടാക്കാനാണ് ഇനിയുള്ള കാലം നക്‌സലൈറ്റ് – മോവോയിസ്റ്റുകള്‍ ശ്രമിക്കേണ്ടത്. അതിനുള്ള ആര്‍ജ്ജവം അവര്‍ കാണിക്കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ഭരണകൂട ഭീകരത തുടരുകയും ജനാധിപത്യം കൂടുതല്‍ പ്രതിസന്ധിയിലാകുകയുമാണ് ഉണ്ടാകുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply