തെരുവുനായ വിവാദം വീണ്ടും….
പേ വിഷബാധയുള്ള നായ്ക്കളെ കൊല്ലണമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കേരളത്തിലെ എല്ലാ തെരുവുനായ്ക്കളേയും കൊല്ലണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനായി എല്ലാ നിയമങ്ങളും ലംഘിക്കാനും അവര്‍ ആഹ്വാനം ചെയ്യുന്നു.
വൃദ്ധയായ വീട്ടമ്മയെ കടിച്ചുകീറി കൊന്ന സംഭവത്തോടെ തെരുവുനായ പ്രശ്‌നം വീണ്ടും സജീവമായിരിക്കുകയാണ്. കടിച്ചുകൊല്ലുക മാത്രമല്ല, മാംസം തിന്നുക കൂടി ചെയ്തിരിക്കുന്നു എന്നതാണ് സംഭവത്തെ ഭീതിജനകമാക്കുന്നത്. തീര്‍ച്ചയായും ഇതിനൊരറുതി വരുത്തിയേ പറ്റൂ. പക്ഷെ അതെങ്ങിനെ എന്ന വിഷയത്തിലാണ് രൂക്ഷമായ ഭിന്നത പ്രകടമായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ വീടിനു പുറത്തിറങ്ങവേയാണ് അമ്പതോളംവരുന്ന തെരുവുനായ് കൂട്ടം ശിലുവമ്മയെ ആക്രമിച്ചത്. പ്രാഥമിക കൃത്യത്തിനായാണ് അവര്‍ പുറത്തിറങ്ങിയതെന്നതാണ് വസ്തുത. ശൗചാലയങ്ങളെ കുറിച്ചുള്ള പരസ്യം കേരളത്തിലെ ടിവി ചാനലുകളില്‍ കാണിക്കേണ്ടതില്ല എന്നും ഇവിടെ വേണ്ടത്ര ശൗചാലയങ്ങള്‍ ഉണ്ടെന്നും വാദിക്കുന്നവരുടെ കണ്ണുകള്‍ ഇനിയെങ്കിലും തുറക്കുമെന്നു കരുതാം. വാസ്തവത്തില്‍ മരണപ്പെട്ട ഈ സ്ത്രീയുടെ വീട്ടിലും ശൗചാലയത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. എന്നാല്‍ ്തു നിര്‍മ്മിക്കാനുള്ള സ്ഥലമില്ല. ജിഷയുടെ മരണത്തോടെ ദളിത് സമൂഹം നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ പുറത്തുവന്നപോലെതന്നെയാണ് ഇവിടേയും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞില്ല. ചിക്കനും ബീഫുമടക്കമുള്ള മാലിന്യങ്ങള്‍ എല്ലാവരും കൊണ്ടുതള്ളുന്നത് കടലോരത്താണ്. അവ തിന്നാണ് ഈ നായ്ക്കളുടെ ജീവിതം. സ്വാഭാവികമായും അവര്‍ക്ക് മനുഷ്യമാംസവും ഹരമാകും. തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രത്തിനടുത്ത് ഏറെ നായ്ക്കള്‍ അലഞ്ഞുനടക്കുന്നുണ്ടെങ്കിലും അവയൊന്നും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. അവിടെ മാംസാഹാരം കിട്ടാത്തതാണ് അതിനു കാരണം. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചാണ് നായ്ക്കളെ മുഴുവന്‍ കൊന്നൊടുക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവര്‍ തങ്ങളുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത്. കൂട്ടക്കൊലക്കെതിരെ സംസാരിക്കുന്നവരെല്ലാം പേവിഷബാധക്കുള്ള മരുന്നപല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ ഏജന്റുമാരാണെന്നു ആക്ഷേപിക്കുകവഴി കാര്യങ്ങള്‍ എളുപ്പമാകുമല്ലോ. തെരുവുനായ്ക്കളെ മുഴഉവന്‍ കൊന്നൊടുക്കിയതോടെ എലികള്‍ പെരുകിയതാണ് സൂറത്തിലെ പ്ലേഗ് ബാധക്ക് കാരണമായതെന്നതും നാം മറക്കുന്നു.
പേ വിഷബാധയുള്ള നായ്ക്കളെ കൊല്ലണമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കേരളത്തിലെ എല്ലാ തെരുവുനായ്ക്കളേയും കൊല്ലണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനായി എല്ലാ നിയമങ്ങളും ലംഘിക്കാനും അവര്‍ ആഹ്വാനം ചെയ്യുന്നു. നായ്ക്കള്‍ അക്രമാസക്തമാകുന്നത് മുഖ്യമായും ഭക്ഷണം കിട്ടാത്തതിനാലാണെന്ന് ആര്‍ക്കാണറിയാത്തത്. വീടുകളില്‍ വളര്‍ത്തുന്ന വിദേശ നായ്ക്കള്‍ക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. അതിന്റെ പകുതി പരിഗണന നാടന്‍ നായ്ക്കള്‍ക്കു നല്‍കിയാല്‍ പ്രശ്‌നം മിക്കവാറും പരിഹരിക്കപ്പെടും. നാടന്‍നായ്ക്കളെ പരിപാലിക്കാന്‍ ചെലവിടുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിദേശനായ്ക്കളെ തീറ്റിപ്പോറ്റാന്‍ വേണ്ടിവരുന്നത്. സത്യത്തില്‍ അവക്കുള്ള കഴിവുകളെല്ലാം നാടന്‍ നായ്ക്കള്‍ക്കുമുണ്ട്. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. പലരും വീടുകളിലുള്ള നായ്ക്കളെ തെരുവിലേക്ക് നട തള്ളുകയാണ്. ഒപ്പം മാലിന്യങ്ങളും തെരുവിലേക്ക് തള്ളുന്നു. അപ്പോള്‍ പിന്നെ നായ്ക്കള്‍ പെരുകാതിരിക്കുന്നതെങ്ങിനെ? അക്രമികളാകാതിരിക്കുന്നതെങ്ങിനെ?
അടുത്തയിടെ എറണാകുളം ജില്ലാ പഞ്ചായത്ത് വ്യത്യസ്ഥമായ നിലപാട് സ്വീകരിച്ചിരുന്നു. ജില്ലയില്‍ മള്‍ട്ടി സ്‌പെഷാലിറ്റി മൃഗാശുപത്രി ആരംഭിക്കുമെന്ന പ്രഖ്യാപനമംായിരുന്നു അതിലൊന്ന്. തെരുവ് നായ്ക്കളെ പിടിക്കുന്നതിനും വന്ധ്യംകരിക്കുന്നതിനും പരിശീലന കേന്ദ്രങ്ങളാരംഭിക്കും. പഞ്ചായത്തുകള്‍ നായ്ക്കളെ പിടികൂടാന്‍ സന്നദ്ധരായ ആളുകളെയും ഡോക്ടര്‍മാരെയും നിര്‍ദ്ദേശിച്ചാല്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിനുള്ള ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും. തെരുവ് നായ്ക്കളെ പരിപാലിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു പുറമേ അവര്‍ക്കാവശ്യമായ സാമഗ്രികളും ലഭ്യമാക്കും. ഇതൊക്കെയാണ് വിവേകപൂര്‍വ്വമായ നിലപാട്. അല്ലാതെ നായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തുവരുന്നവരെ ആക്ഷേപിക്കലല്ല.
അതേസമയം എല്ലാ നായക്കളേയും വന്ധ്യംകരണത്തിനു വിധേയമാക്കുന്നതും ശരിയാണോ എന്ന ചോദ്യവുമുണ്ട്. നമ്മുടെ നാടന്‍നായ്ക്കള്‍ വംശനാശം നേരിടുകയായിരിക്കും അതിന്റെ അവസാനഫലം. പിന്നീട് വിദേശ ഇനങ്ങള്‍ മാത്രമായി നായ്‌വര്‍ഗം ചുരുങ്ങും. ഇതോടെ നാടന്‍തനിമ ഇല്ലാതാകുന്ന അവസ്ഥയാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. നാടന്‍ വിത്തുകള്‍ ഇല്ലാതായപോലെ തന്നെ. നായ്പിടിത്തക്കാരുടെ കൊലക്കയറിന് ഇരയാകുന്ന നാടന്‍ നായ്ക്കള്‍ക്ക് ഇപ്പോഴത്തെ നിയമം വധത്തില്‍ നിന്നുളള രക്ഷയാണ്. അതേസമയം ഇവയെ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നതിനുളള നീക്കത്തിന് പിന്നില്‍ വിദേശനായ ലോബി ചരടുവലിക്കുന്നതായി ജന്തുസ്‌നേഹികള്‍ പറയുന്നു. (നായ സ്‌നേഹികളെല്ലാം പേ വിഷ മരുന്നു കമ്പനിക്കാരാണെങ്കില്‍ ഇങ്ങനേയും വാദിക്കാമല്ലോ..) വിദേശ നായ്ക്കള്‍ക്കായി എ.സി. മുറികള്‍ വരെ നീക്കിവക്കുന്നവരുണ്ട്. നാടന്‍ നായ്ക്കള്‍ക്ക് അന്തരീക്ഷത്തിലെ ചൂടിനെ പ്രതിരോധിക്കാനുളള കഴിവു കൂടുമെന്നതു മനസിലാക്കാതെ വിദേശികളെ ഇറക്കുമതി ചെയ്യുന്നത് മരുന്നുലോബികള്‍ക്കും ഹരമാണ്. വിദേശനായ്ക്കള്‍ക്കായി വന്‍തോതിലാണ് മരുന്നുവില്‍പ്പന. നാടന്‍നായ്ക്കളെ പരിപാലിക്കാന്‍ ചെലവിടുന്നതിന്റെ നാലും അഞ്ചും ഇരട്ടിയാണ് വിദേശനായ്ക്കളെ തീറ്റിപ്പോറ്റാന്‍ വേണ്ടിവരുന്നത്. ഡോഗ് ഷോകള്‍ സംഘടിപ്പിക്കുന്നതിനു പുറകിലും മരുന്നുലോബിയുടെ രഹസ്യഅജന്‍ഡയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം നാടന്‍ നായ അഞ്ചു ചതുരശ്ര കി.മീറ്റര്‍ വരെ കറങ്ങി നടക്കുമ്പോള്‍ വിദേശനായ വീടിന്റെ മതിലിനപ്പുറം ശൗര്യം കാട്ടുകയില്ലെന്ന് വ്യക്തമാണ്. സേനയില്‍ പോലും ഏറെ കൊട്ടിഘോഷിച്ച് വിദേശിനായ്ക്കളെ കൊണ്ടുവരുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലെ കാരവന്‍ഹണ്ട്, തമിഴ്‌നാട്, കര്‍ണാടക മേഖലകളിലെ കോംബ്, അലംഗു, രാജപാളയം മുതലായവയ്ക്ക് ആവശ്യമായ പരിശീലനം നല്‍കിയാല്‍ വിദേശഇനങ്ങളേക്കാള്‍ മികവു കാട്ടുമെന്ന് നായപരിശീലകര്‍ സമ്മതിക്കുന്നു. എന്നാല്‍ മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും നമുക്കുപ്രിയം വിദേശം തന്നെ.
വാല്‍ക്കഷ്ണം : മനുഷ്യജീവനു വിലയുണ്ട്. അത് സംരക്ഷിക്കണം. അതിനെതിരായി വരുന്നവയെ നിയന്ത്രിക്കണം എന്നതില്‍ ആര്‍ക്കും സംശയമില്ല. അതെങ്ങിനെ എന്നതിലാണ് അഭിപ്രാഭ ഭിന്നത്. അതേസമയം നമ്മുടെ പൊതുബോധത്തിലെ ഇരട്ടത്താപ്പ് നോക്കുക. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 500ഓളം പേരെയാണ് ആനകള്‍ കൊന്നുകളഞ്ഞിട്ടുള്ളത്. എന്നാല്‍ അവയെ കൊല്ലണമെന്ന് എന്താണ് ആരും ആവശ്യപ്പെടാത്തത്? ആനകള എഴുന്നള്ളിക്കുന്ന ആഘോഷങ്ങള്‍ അവസാനിപ്പിക്കണെന്നാവശ്യപ്പെടുന്നവര്‍ എത്ര സംഘടിതമായാണ് അക്രമിക്കപ്പെടുന്നത്… ഈ ഇരട്ടത്താപ്പിനെന്താണ് വിശദീകരണം..?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in