കള്ളിന്റെ അവകാശം കേര കര്‍ഷകര്‍ക്കാകണം
മദ്യവര്‍ജ്ജനമാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി വ്യാപകമായ രീതിയില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സര്‍ക്കാര്‍ അവകാശപ്പെടാറുണ്ട്. അതിനായി എക്‌സൈസ് വകുപ്പിനു കീഴില്‍ തന്നെ വിമുക്തി എന്ന സംവിധാനവും നിലവിലുണ്ട്. എന്നാല്‍ പ്രഖ്യാപിക്കുന്നത് മദ്യവര്‍ജ്ജനമാണെങ്കിലും സര്‍ക്കാര്‍ മിക്കപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ മറിച്ചാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മദ്യനയം പരിശോധിച്ചാലും അത് വ്യക്തമാണ്.
കേരളത്തില്‍ മദ്യപാനം കുറഞ്ഞുവരുന്നു എന്നതാണ് വാസ്തവം.അതിനു കാരണം സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനമൊന്നുമല്ല. രണ്ടുകാരണങ്ങളാണ് പ്രധാനമായും ചൂണ്ടികാട്ടപ്പെടുന്നത്. ഒന്ന് ലോകത്തൊരിടത്തും ഇല്ലാത്തപോലെ മദ്യത്തിന്റെ വിലകയറ്റം തന്നെ. നിയമവിധേയമായി വില്‍ക്കുന്ന ഒരു ഉള്‍പ്പന്നത്തിനു ഒരു ജനകീയ സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്ത രീതിയിലാണ് നികുതി വര്‍ദ്ധിപ്പിക്കുന്നത്. അതിന്റെ ഫലമായി തന്നെ മദ്യപാനികള്‍ കഴിക്കുന്ന മദ്യത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. ഇനിയും കൊവിഡ് നല്‍കിയ ആഘാതത്തില്‍ നിന്നു വിമുക്തരാകാത്തവര്‍ക്ക് അതിനു മുമ്പ് മദ്യപിച്ചിരുന്ന അളവില്‍ മദ്യപിക്കാനുള്ള സാഹചര്യമില്ല. മദ്യം ഒരു വിഭാഗത്തിന്റെ നിത്യോപയോഗ സാധനമാണെങ്കിലും മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടുമ്പോള്‍ ചെയ്യുന്ന പോലെ പ്രസ്താവനയിറക്കാനോ സമരം ചെയ്യാനോ സദാചാര പേടി മൂലം ആരും തയ്യാറാകുന്നില്ല. സര്‍ക്കാരിന് ഏറ്റവുമധികം പണമുണ്ടാക്കികൊടുക്കുന്ന മദ്യപാനികള്‍ക്ക് ഉപഭോക്താവിന്റെ അവകാശങ്ങള്‍ ഒന്നും ലഭിക്കുന്നുമില്ല. സ്വാഭാവികമായും മദ്യവില്‍പ്പന കുറയുമല്ലോ. വരുമാനത്തില്‍ വലിയ ഇടിവില്ലെന്നു മന്ത്രി പറയുന്നുണ്ട്. അതുപക്ഷെ വില്‍പ്പന കൂടിയിട്ടല്ല, വില വന്‍തോതില്‍ കൂടിയിട്ടാണ് എന്നതാണ് സത്യം. അതേസമയം വേണ്ടിവന്നാല്‍ വില കുറച്ചുവില്‍ക്കാനും കഴിയുമെന്നു തെളിയിച്ച. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തുക ഇളവുനല്‍കിയാണത്രെ ബീവറേജ് മദ്യം വിറ്റത്. വില്‍പ്പന കുറഞ്ഞപ്പോള്‍, മദ്യവര്‍ജ്ജനം ലക്ഷ്യമാക്കിയ സര്‍ക്കാര്‍ മാനേജര്‍മാരോട് വിശദീകരണം ചോദിച്ചു. അപ്പോള്‍ വില്‍പ്പന കൂട്ടാനായി വില കുറക്കുകയായിരുന്നു. . അതു ഫലം കാണുകയും ചെയ്തു. സര്‍ക്കാരിന്റെ വരുമാനമാര്‍ഗ്ഗങ്ങളില്‍ പ്രധാനം മദ്യമാകുന്നത് ലോകത്തുതന്നെ അത്യപൂര്‍വ്വമായിരിക്കും.
മദ്യവില്‍പ്പന കുറയുന്നതിന് രണ്ടാമത്തെ കാരണം ചെറുപ്പക്കാര്‍ക്ക് മദ്യത്തോട്് വലിയ ആസക്തിയില്ല എന്നതാണ്. ബീവറേജിലായാലും ബാറുകളിലായാലും യുവജനങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്. മധ്യവയസ്‌കരാണ് മഹാഭൂരിഭാഗവും. അതിനാല്‍ തന്നെ മദ്യവില്‍പ്പന ഇനിയും കുറഞ്ഞു വരും. പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന പോലെ ഇതിന് ഭീതിദമായ മറുവശമുണ്ട്. ് മ.യക്കുമരുന്ന കൂടുന്നു എന്നതുതന്നെ. കേരളത്തിലെ യുവജനങ്ങളില്‍ വലിയൊരു ഭാഗം മയക്കുമരുന്നിന് അടിമകളാണ്. ലഹരി കൂടുതലും മദ്യത്തേക്കാള്‍ ഉപയോഗിക്കാന്‍ സൗകര്യവും അതാണല്ലോ. മയക്കുമരുന്നു വേട്ടകളൊക്കെ ഇടക്കു നടക്കുന്നുണ്ടെങ്കിലും ഈ ഭീകരമായ യാഥാര്‍ത്ഥ്യത്തെ അതര്‍ഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന് സംശയമാണ്. വാസ്തവത്തില്‍ . നിയമവിരുദ്ധമായ മയക്കുമരുന്നിനേയും നിയമവിധേയമായ മദ്യത്തേയും ഒരുപോലെ കണ്ട് സര്‍ക്കാരും സന്നദ്ധ ംസഘടനകളും നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.. രണ്ടും രണ്ടായി തന്നെ വേണം അത്തരം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പുതിയ മദ്യനയം അനുസരിച്ച് ബാര്‍ ലൈസന്‍സിന് ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സിന് ഫീസ്. അത് 35 ആക്കി. മദ്യപാനം കുറഞ്ഞുവരുകയാണെന്നു ബോധ്യമായിട്ടും അതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു എപ്പോഴും പറയുമ്പോഴും ഈ ചാര്‍ജ്ജ് കൂട്ടിയതിന്റെ ഉദ്ദേശം എന്തായിരിക്കും? ഫീസ് കൂടുതല്‍ നല്‍കുന്ന ബാറുടമകള്‍ സ്വാഭാവികമായും വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയല്ലേ ചെയ്യുക? സംസ്ഥാനത്ത് കൂടുതല്‍ സ്പിരിട്ട് ഉല്‍്പ്പാദിപ്പിക്കാനും തീരുമാനമുണ്ട്. മറ്റു ഭാഗങ്ങളില്‍ നിന്നു സ്പിരിട്ടു കൊണ്ടുവരുന്നത് കുറച്ചിട്ടാണ് അത് ചെയ്യുന്നതെങ്കില്‍ നന്ന്. എന്നാല്‍ അക്കാര്യത്തില്‍ സംശയം വേണം. ഉദാഹരണമായി സര്‍ക്കാരിന്റെ സ്വന്തം മദ്യമായ ജവാന്‍ എന്ന ബ്രാന്റിന് ഒരു മുന്‍ഗണനയും ബീവറേജുകളും ബാറുകളും നല്‍കുന്നില്ല. പകരം പ്രോത്സാഹിക്കപ്പെടുന്നത് വലിയ വിലയുള്ള വിദേശനിര്‍മ്മിത ഇന്ത്യന്‍ മദ്യങ്ങളാണ്.
മദ്യനയത്തിലെ മറ്റൊരു പ്രഖ്യാപനം കള്ളിനെ കുറിച്ചാണ്. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാനാണ് തീരുമാനം. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളാ ടോഡി എന്ന പേരില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സത്യത്തില്‍ അടുത്ത കാലത്തായി നിരന്തരമായി കേള്‍ക്കുന്ന വാചകങ്ങളാണിവ. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? സംസ്ഥാനത്ത് ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ അളവും വിറ്റഴിക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അന്തരം അതിഭീമമാണെന്ന് അറിയാത്തവര്‍ ആരുമില്ല. വിറ്റഴിയുന്നതില്‍ ഭൂരിഭാഗവും കള്ളക്കള്ളാണെന്നര്‍ത്ഥം. അതുകൊണ്ടൊന്നും കള്ളുഷാപ്പുകള്‍ നവീകരിക്കാനോ വിദേശികളെ ആകര്‍ഷിക്കാനോ കഴിയില്ല. ഒന്നാമതായി കള്ളിനെ അബ്കാരികളുടെ പിടിയില്‍ നിന്നു മോചിപ്പിക്കണം. അതിനായി വെള്ളക്കാര്‍ രൂപം കൊടുത്ത് ഇപ്പോഴും തുടരുന്ന അബ്കാരി നിയമം മാറ്റിയെഴുതണം. കള്ളിന്റെ ഉടമാവകാശം തെങ്ങിന്റെ ഉടമകളായ കര്‍ഷകര്‍ക്കാകണം. ചെത്തുകാര്‍ക്ക് ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലിയാണ് നല്‍കേണ്ടത്. ഈ മേഖലയില്‍ നിന്ന് അബ്കാരികള്‍ എന്ന വിഭാഗത്തെ ഉന്മൂലനം ചെയ്യണം. കള്ളുഷാപ്പുകള്‍ കര്‍ഷകരുടെ മുന്‍കൈയിലുള്ള സഹകരണ മേഖലയിലാകണം. കൂടെ ലഹരിയൊട്ടുമില്ലാത്ത നീരയും വില്‍ക്കാം. വേണമെങ്കില്‍ ഇളനീരും. ഷാപ്പുകളില്‍ തന്നെ മികച്ച ഭക്ഷണവും കൊടുക്കുകയാണെങ്കില്‍, സ്ത്രീകള്‍ക്കടക്കം വരാന്‍ കഴിയുന്ന അന്തരീക്ഷമൊരുക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്കു മാത്രമല്ല, കേരളത്തിന്റെ സമ്പദ് ഘടനക്കും ഇഅതുണ്ടാക്കുന്ന നേട്ടം ചെറുതായിരിക്കില്ല. എന്നാല്‍ പ്രഖ്യാപനങ്ങല്ലാതെ ആ ദിശയില്‍ ഒരു ശ്രമവും നടക്കുന്നില്ല. കൊട്ടിഘോഷിച്ച് ആരംഭി്ച്ച നീര ഉല്‍പ്പാദനവും വിപണനവും വിജയിച്ചുമില്ല. പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പാദിപ്പിക്കുമെന്ന പ്രഖ്യാപനം ഇക്കുറിയുമുണ്ട്. പതിവുപോലെ അതും വെള്ളത്തില്‍ വരച്ച വര തന്നെയാകാം. അഥവാ നടപ്പാക്കുകയാണെങ്കില്‍ ആ മേഖലയിലും അബ്കാരികളെ ഒഴിവാക്കണം. കര്‍ഷകരായിരിക്കണം ഗുണഭോക്താക്കള്‍. കശുമാങ്ങയില്‍ നിന്നുള്ള ഫെനി ഉല്‍പ്പാദനത്തിനൊക്കെ കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്ന് വിദ്ഗ്ധര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. കശുമാങ്ങ, ചക്ക തുടങ്ങി എത്രയോ പഴവര്‍ഗ്ഗങ്ങള്‍ നാം പാഴാക്കുന്നു. The rights to toddy should belong to coconut farmers. For that, the Abkari Act should be scrapped..
കള്ളിനു മറ്റുമദ്യങ്ങളോളം ലഹരിയില്ലാത്തതിനാല്‍ അതുകൊണ്ടുള്ള ഭവിഷ്യത്തുകള്‍ താരേമ്യേന കുറവായിരിക്കും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കള്ളിന് വലിയ പ്രാധാന്യമാണ് ഉള്ളത്, അഥവാ ഉണ്ടാകേണ്ടത്. സഞ്ചാരികള്‍ ഓരോ നാട്ടിലെത്തുമ്പോഴും അവിടത്തെ ജീവിതരീതിയും സംസ്‌കാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ്. ഗൗരവമായി ലോകം ചുറ്റുന്നവരുടെ ലക്ഷ്യം തന്നെ അതാണ്. അതിലേറ്റവും പ്രധാനം ഭക്ഷണവും പാനീയവുമൊക്കെ തന്നെയാണ്. ഒരു നാട്ടിലെത്തുമ്പോള്‍ അവിടത്തെ ഭക്ഷണം കഴിക്കാനാണ് സഞ്ചാരികള്‍ ഇഷ്ടപ്പെടുക. അതുപോലെ തന്നെയാണ് മദ്യത്തിന്റെ കാര്യവും. സ്വന്തം നാടുകളില്‍ ലഭ്യമാകുന്ന മദ്യമല്ല, എത്തിപ്പെടുന്ന നാട്ടിലെ സ്വന്തം മദ്യമാണ് അവരില്‍ ബഹുഭൂരിഭാഗവും തിരഞ്ഞെടുക്കുക. അവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമല്ല നാം കൊടുക്കേണ്ടത്. കേരളത്തിന്റെ തനതു പാനീയമാണ്. പച്ചയായി പറഞ്ഞാല്‍ നമ്മുടെ സ്വന്തം കള്ളു തന്നെയാണ്. എന്നാല്‍ ഇപ്പോഴത്തെ കള്ളകള്ള് കൊടുത്താല്‍ ശരിയാകില്ല എന്നു മാത്രം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബാറുടമകളില്‍ നിന്ന് വന്‍തുക സംഭാവന വാങ്ങാത്ത പ്രസ്ഥാനങ്ങളൊന്നും കേരളത്തില്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. അതാണ് അടിക്കടിയുള്ള വിലകയറ്റത്തിലും മറ്റും കാണുന്നത്. വെള്ളക്കാര്‍ പോയിട്ടും അവരുണ്ടാക്കിയിട്ടുള്ള കാലഹരണപ്പെട്ട പല നിയമങ്ങളും ഇപ്പോഴും ഇവിടെ സജീവമാണ്. അതിലൊന്നാണ് അബ്കാരി നിയമം. ഏറ്റവും ചുരുങ്ങിയത് കള്ളിന്റെ മേഖലയില്‍ നിന്നെങ്കിലും അതൊഴിവാക്കി കര്‍ഷകരുടെ അവകാശം അംഗീകരിക്കണം. സ്വന്തം തെങ്ങ്ില്‍ നിന്നു ചെത്താന്‍ കര്‍ഷകന് അവകാശമില്ല എന്നത് വിചിത്രമായ ഒന്നല്ലേ? കഴിഞ്ഞില്ല, ചെത്തുവേല ഈ ജനാധിപത്യകാലത്തും കുലത്തൊഴിലായാണ് തുടരുന്നത്. ഒരാള്‍ക്ക് പറ്റാതായാല്‍ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ കൈമാറുന്നു. അതുമല്ലെങ്കില്‍ പണം വാങ്ങി മറ്റാര്‍ക്കെങ്കിലും വില്‍ക്കുന്നു. ഒരാള്‍ക്ക് ഏഴോ എട്ടോ തെങ്ങുകള്‍ ചെത്താനേ അവകാശമുള്ളു. പാലക്കാട്ടെ ചെത്തിനു പ്രസിദ്ധമായ ചില മേഖലകളില്‍ ്അക്കാര്യത്തില്‍ ഇളവുണ്ടത്രെ. വിദേശമദ്യത്തിനു പകരം കേരളത്തിന്റെ തനതു ലഹരി പാനീയമായി കള്ളിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഇക്കാര്യങ്ങള്‍ പൊളിച്ചെഴുതാനാണ് ആദ്യം തയ്യാറാകേണ്ടത്.
തീര്‍ച്ചയായും ഏതു മദ്യവും അപകടകരം തന്നെ. സ്ത്രീപക്ഷത്തുനിന്നു നോക്കിയാല്‍ അത് സാമൂഹ്യവിരുദ്ധവുമാണ്. അതിനാല്‍ വേണ്ടത് മദ്യവര്‍ജ്ജനം തന്നെ. മദ്യനിരോധനമെന്നെതാക്കെ സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന ആശയമാണ്. ലഹരിയില്ലാത്ത കാലം ചരിത്രത്തിലുണ്ടായിരുന്നോ ഇനിയുണ്ടാകുമോ എന്ന് സംശയമാണ്. യാഥാര്‍ത്ഥ്യബോധത്തോടെയാകണം മദ്യവര്‍ജ്ജനമെന്ന ലക്ഷ്യത്തിലേക്കുള്ള പടികള്‍ കയറാന്‍. അതേസമയം മയക്കുമരുന്നിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുക.ും വേണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in