ജനസംഖ്യാ കമ്മീഷന്‍ ഒരു രാഷ്ട്രീയ തീരുമാനമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി തന്റെ സര്‍ക്കാര്‍ ഒരു ‘ഡെമോഗ്രാഫിക് കമ്മീഷന്‍’ രൂപീകരിക്കുന്നതിനെക്കുറിച്ച് പറയുകയുണ്ടായി. രാജ്യത്തിന്റെ ജനസംഖ്യ മാറ്റിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇന്ത്യ ഒരു വലിയ വിപത്ത് നേരിടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ ഗൂഢാലോചനയെ, വിപത്തിനെ സമയബന്ധിതമായി നേരിടുക എന്നതായിരിക്കും ജനസംഖ്യാ കമ്മീഷന്റെ ചുമതല എന്ന് തന്റെ ചെങ്കോട്ട പ്രസംഗത്തില്‍ അദ്ദേഹം വിശദീകരിച്ചു.

എന്താണീ ജനസംഖ്യാ അട്ടിമറി? പ്രസംഗത്തില്‍ പ്രധാനമന്ത്രി അത് വ്യക്തമാക്കിയില്ല. എന്നാല്‍ സമാനമായ ആലോചനകള്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനവും അതിന്റെ നേതാക്കളും പൊതുജനമധ്യേ പങ്കുവെച്ചിട്ടുള്ളതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനവും പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ നടപടികളും പരിശോധിച്ചാല്‍ മനസ്സിലാകുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്.

ഒന്ന്, വലിയ തോതില്‍ ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്നും അവിടുത്തുകാര്‍ കയറുന്നുണ്ട്. രണ്ട്, ഇവര്‍ ഇന്ത്യയിലെത്തി തദ്ദേശീയരുടെ ഭൂമിയും തൊഴിലുമൊക്കെ തട്ടിയെടുക്കുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വസര്‍മ്മ ഇക്കാര്യം നിരന്തരം പറയുന്നുണ്ട്. മൂന്ന്, ഇവരില്‍ ഭൂരിപക്ഷം മുസ്‌ലിങ്ങളാണ്. നാല്, ഈ ‘നുഴഞ്ഞുകയറ്റക്കാര്‍’ പട്ടിണിമൂലമോ തൊഴില്‍രാഹിത്യം മൂലമോ രാഷ്ട്രീയകാരണങ്ങളാലോ അല്ല ഇന്ത്യയില്‍ അനധികൃതമായി പ്രവേശിക്കുന്നത്. മറിച്ച് ഒരു മതരാഷ്ട്രീയാടിസ്ഥാനത്തിലുള്ള ഗൂഢാലോചനയുടെ ഭായിട്ടാണ്. അഞ്ച്, അനധികൃതമായി പ്രവേശിക്കുകയും റേഷന്‍കാര്‍ഡ്, ആധാര്‍ തുടങ്ങിയവ കൈക്കലാക്കുകയും ചെയ്യുന്നവര്‍ പൗരത്വം നേടാന്‍ ശ്രമിക്കുകയും (ആധാര്‍ പൗരത്വ രേഖയല്ല) ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും തന്മൂലം രാഷ്ട്രനിര്‍മ്മാണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ആറ്, ദീര്‍ഘകാലത്തില്‍ ഇവര്‍ ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയെത്തന്നെ അട്ടിമറിക്കുന്നു. (അസം പ്രക്ഷോഭത്തിന്റെ അടിസ്ഥാനം തന്നെ ഈ വാദമായിരുന്നു. 1980 കളില്‍ ബംഗാളി വിരുദ്ധതയ്ക്ക് അതായത് ഭാഷയ്ക്ക് മുന്‍ഗണന നല്കിയെങ്കില്‍ ബിജെപി ഭരണത്തിന്‍ കീഴില്‍ മുസ്‌ലിം വിരുദ്ധതയായിരിക്കുന്നു അസം സ്വത്വരാഷ്ട്രീയത്തിന്റെ മുഖമുദ്ര). മേല്‍പ്പറഞ്ഞ നിലപാടുകെള പിന്‍പറ്റിയാണ് പ്രധാനമന്ത്രി ജനസംഖ്യാ കമ്മീഷന്‍ പ്രഖ്യാപിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു.

ജനസംഖ്യാ കമ്മീഷന്‍ ഒരു രാഷ്ട്രീയ തീരുമാനമാണ്. അവസാനത്തെ സെന്‍സസ് നടന്നത് 2011 ലാണ്; 2021 ലെ സെന്‍സസ് ഇതുവരേയും നടന്നിട്ടില്ല ഇക്കൊല്ലം തുടങ്ങുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും. കാനേഷുമാരി കണക്കുകളാണ് സാധാരണ ജനസംഖ്യാ അനുപാതത്തിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടുന്ന അടിസ്ഥാന രേഖ. അതില്ലാത്തപക്ഷം പ്രധാനമന്ത്രിയടക്കമുള്ളവരുടെ ആശങ്ക ഏത് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് നമുക്കറിയില്ല. മതാടിസ്ഥാനത്തിലുള്ള ഫെര്‍ട്ടിലിറ്റി റേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ പലപ്പോഴും കാലഗണന പരാമര്‍ശിച്ചുകൊണ്ടല്ല ചര്‍ച്ച ചെയ്യപ്പെടാറ്. അതാവശ്യമാണ്. അല്ലെങ്കില്‍ നമ്മളെത്തുന്ന നിഗമനങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കും. ജനസംഖ്യാ വര്‍ദ്ധനവും അതിന്റെ മതാടിസ്ഥാനത്തിലുള്ള കണക്കുകളും എന്തുമാവട്ടെ, മനുഷ്യരെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്ന ബോധമുണ്ടാവുക പ്രധാനമാണ്. ആ മനുഷ്യരാകട്ടെ ചരിത്രത്തിന്റേയും അവരുടേതല്ലാത്ത രാഷ്ട്രീയ പ്രക്രിയകളുടേയും ഭൂമിശാസ്ത്രത്തിന്റേയും ഭാരം പേറുന്നവരാണ് എന്ന ഓര്‍മ്മയും അതിനനുസൃതമായ നൈതിക ബോധവും ആവശ്യമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആഗോളതാപനവും നദിയൊഴുക്കുകളിലെ മാറ്റങ്ങളും കൊളോണിയല്‍ കാലത്തുണ്ടായ വിഭവകൊള്ളയും അതിനുശേഷവും നിലനിന്നുപോരുന്ന വിഭവചൂഷണവും രാഷ്ട്രീയ പാപ്പരത്തവും യുദ്ധവുമൊക്കെക്കൊണ്ട് നിരാലംബരാക്കിയ ഒരു ജനതയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേത്. 1947 ലെ വിഭജനം മനുഷ്യര്‍ ചരിത്രാതീതകാലം മുതല്‍ക്കേ സഞ്ചരിച്ചുപോന്ന ജനപഥങ്ങളേയും നാട്ടുവഴികളേയുമൊക്കെ ദേശരാഷ്ട്ര അതിര്‍ത്തികളുടെ തടവുകാരാക്കി. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും പുതിയ അതിര്‍ത്തികള്‍ രൂപപ്പെട്ടു. വിഭജനകാലത്ത് അരുംകൊലകള്‍ക്കിടയിലൂടെ മനുഷ്യര്‍ മതാടിസ്ഥാനത്തില്‍ അറവുമാടുകളെപ്പോലെ കൈമാറ്റം ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തു. ബട്‌വാരാ (മുറിച്ചുമാറ്റല്‍) എന്ന് പഞ്ചാബ് ഓര്‍മ്മിക്കുന്ന വിഭജനമായിരുന്നില്ല കിഴക്കന്‍ മേഖലയില്‍ ഉണ്ടായത്. രണ്ടിടത്തും മനുഷ്യര്‍ തങ്ങള്‍ക്ക് എന്നെങ്കിലും തിരിച്ചുപോകാന്‍ കഴിയുമെന്ന് കരുതുകയോ ആശിക്കുകയോ ചെയ്തിരുന്നുവെങ്കിലും സര്‍ക്കാര്‍ നടപടികള്‍ രണ്ടിടത്തും വേറെവേറെ രീതിയിലായിരുന്നു. പടിഞ്ഞാറുണ്ടായ മുറിച്ചുമാറ്റല്‍ ഏതാണ്ട് അന്തിമമായ അതിര്‍ത്തി തീര്‍പ്പായി കരുതപ്പെട്ടു. ഒറ്റയടിക്ക് ലക്ഷക്കണക്കിനു മനുഷ്യരുടെ കൈമാറ്റമാണ് അവിടെ നടന്നത്. പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ‘enemy property’ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഭജനത്തിന് ശേഷം അതിര്‍ത്തി കടന്നുപോയ മുസ്ലിങ്ങളുടെ ഭൂമിയും വസ്തുവകകളുമൊക്കെ നല്‍കപ്പെട്ടു. ദില്ലിയില്‍ എമ്പാടും ഇത്തരം കോളനികളുണ്ട് – കരോള്‍ബാഗ് ഒരുദാഹരണം. അവിടെ അവര്‍ തങ്ങളുടെ ജന്മനാടിന്റെ ഓര്‍മ്മയില്‍ കോളനികള്‍ സൃഷ്ടിച്ചു. കടകള്‍ക്ക് പേരുകള്‍ നല്‍കി. (നഗരത്തില്‍ എമ്പാടും കാണാവുന്നതാണ് പെഷാവര്‍ സ്വീറ്റ്‌സ്, പിണ്ടി റസ്റ്റോറന്റ്, സിന്ധി നംകീന്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍.) അവര്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ കയറി. ഇന്ന് ധനികരാണ് അവരില്‍ പലരും. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ മറവിയിലേക്ക് വീഴുമ്പോള്‍ അവരുടെ ഓര്‍മ്മസ്ഥലികള്‍ സമയസീമ ലംഘിച്ച് പിന്നോട്ട് നടക്കുന്നു. ദില്ലിയിലെ പട്ടേല്‍ നഗറില്‍ താമസിച്ചിരുന്ന പിന്നീട് ധനികനായ ഒരാള്‍ വാര്‍ദ്ധക്യത്തില്‍ ഓര്‍മ്മ നശിച്ചപ്പോള്‍ വീടുവിട്ടറങ്ങി നഗരത്തിന്റെ തിരക്കുനിറഞ്ഞ വഴികളില്‍ തന്റെ ഒട്ടകത്തെത്തേടി നടക്കുമായിരുന്നു. വിഭജനത്തിന് മുമ്പ് പാക്കിസ്ഥാനിലെ മരുപ്രദേശത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന അയാളുടെ കുടുംബം ഒട്ടകങ്ങളെ പോറ്റിയിരുന്നു.

സ്വാതന്ത്ര്യാനന്തര കാലത്ത് അവര്‍ പലരും തങ്ങളുടെ പലായനകാലത്ത് കണ്ട രക്തച്ചൊരിച്ചില്‍ മറന്ന് പുതിയ ജീവിതം കെട്ടിപ്പടുക്കാനാണ് ശ്രദ്ധിച്ചത്. അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തും മനുഷ്യര്‍ തങ്ങളുടെ ചീത്തക്കാലത്തെ മറക്കാന്‍ ശ്രമിക്കുകയും തങ്ങളുടെ പഴയ അയല്‍വാസികളേയും വീട്ടുകാരേയും സുഹൃത്തുക്കളേയുമൊക്കെ ഏതോ പ്രാചീന മനുഷ്യസാഹോദര്യത്തിന്റെ ഭൂമികയില്‍ കണ്ടുമുട്ടാറുണ്ട്. മറ്റ് ചിലര്‍ മൗനത്തിലേക്ക് പിന്‍വാങ്ങി. ബട്‌വാരയുടെ ക്രൂരതകള്‍ കാണാത്ത മനുഷ്യന്‍ ഇന്ന് പൊരുത്തപ്പെടലിന്റെ, reconciliation ന്റെ ആ പാത ഉപേക്ഷിച്ച് മുറിവുകള്‍ വീണ്ടും മാന്തി പുണ്ണാക്കാന്‍ ശ്രമിക്കുന്നു. വിഭജനം പത്രത്തലക്കെട്ട് മാത്രമായി അറിഞ്ഞ ഒരു ജനതയോടെ Partition Day Horrors വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആചരിക്കാന്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടീഷന്റെ ഹൊറര്‍സ് ഓര്‍മ്മിച്ചുകൊള്ളുക- never again, എന്ന് യൂറോപ്പ് നാസി കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതുപോലെ. വിഭജനത്തിന്റെ ഓര്‍മ്മയെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടത് മനുഷ്യരെ വിഘടിപ്പിക്കാനല്ല ഓര്‍മ്മിപ്പിക്കാനായിരിക്കണം.

കിഴക്കന്‍ അതിര്‍ത്തിയില്‍ റിഹാബിലിറ്റേഷന്‍ നടപടികള്‍ താരതമ്യേന കുറവായിരുന്നു. ജോയ ചാറ്റര്‍ജി എന്ന ചരിത്രകാരിയുടെ പ്രബന്ധം ഉദ്ധരിച്ചുകൊണ്ട്‌ നീരാജ ഗോപാല്‍ ജയാല്‍ തന്റെ Citizenship and its Discontents എന്ന പുസ്തകത്തില്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും ഹിന്ദു അഭയാര്‍ത്ഥിപ്രവാഹമുണ്ടാകുമെന്ന് ഭാരത സര്‍ക്കാര്‍ വിശ്വസിച്ചിരുന്നില്ല എന്ന് എഴുതുന്നുണ്ട്. 25 ലക്ഷം പേരെങ്കിലും 1951 ല്‍ അതിര്‍ത്തികടന്നെത്തുകയുണ്ടായി. തുടക്കത്തില്‍ വന്നവര്‍ക്ക് ഭൂമിയും വസ്തുക്കളുമൊക്കെ ലഭിച്ചു. എന്നാല്‍ ആ അഭയാര്‍ത്ഥിപ്രവാഹം 1971 വരെ തുടര്‍ന്നുകൊണ്ടേയിരുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എന്നപോലെ ഒറ്റയടിക്ക് മനുഷ്യര്‍ വരികയായിരുന്നില്ല. പകരം ചെറുകൂട്ടങ്ങളായാണ് കിഴക്കന്‍ അതിര്‍ത്തികളില്‍ നിന്നും മനുഷ്യരെത്തിയത്. ’65 ലെ യുദ്ധകാലത്തും ’71 ലെ യുദ്ധകാലത്തും മനുഷ്യര്‍ ഇവിടെ അഭയം തേടി. പട്ടാള ഭരണവും ഇസ്ലാമിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ചയുമൊക്കെ പട്ടിണിയും തൊഴിലില്ലായ്മയും വരള്‍ച്ചയുമൊക്കെ താരതമ്യേന മെച്ചപ്പെട്ട ജീവിതാവസരങ്ങള്‍ നല്‍കിപ്പോന്ന ഇന്ത്യയിലേക്ക് വരാന്‍ കിഴക്കന്‍ പ്രദേശത്തെ മനുഷ്യരെ പ്രേരിപ്പിച്ചു. നദീവാസികളാവട്ടെ ബ്രഹ്മപുത്രയുടെ ജനവാസം കുറഞ്ഞ മേല്‍തീരങ്ങളിലേക്ക് കുടിയേറി. എക്കലടിഞ്ഞ് സൃഷ്ടിക്കപ്പെട്ട ഛാറുകളില്‍ (Chars) – നദികളിലെ ദ്വീപുകള്‍ – അവര്‍ കൃഷിയിറക്കി ഗ്രാമങ്ങളുണ്ടാക്കി. കൂച്ഛ് ബിഹാര്‍ മുതല്‍ ഗൗഹാത്തിക്കും മേലെ നെല്ലിയിലുമൊക്കെ അങ്ങനെ മുസ്‌ലിം വിശ്വാസികളുടെ കുടിയേറ്റമുണ്ടായി. മൂന്നും നാലും അഞ്ചും പതിറ്റാണ്ടുകള്‍ ജീവിച്ച അവര്‍ പൗരത്വം നേടുകയും ചെയ്തു. ഇതിനെ രാഷ്ട്രീയായുധമാക്കിയാണ് അറുപതുകള്‍ മുതല്‍ക്ക് അസമില്‍ സ്വത്വരാഷ്ട്രീയം വളര്‍ന്നത്. അസം പ്രക്ഷോഭം ‘വരത്തര്‍ക്ക്’ എതിരെയായിരുന്നല്ലോ. അതിന്റെ ഭീകരമുഖമായിരുന്നു 1983 ലെ നെല്ലി കൂട്ടക്കൊല. ഒറ്റരാത്രിയാണ് മൂവായിരത്തോളം മനുഷ്യര്‍- കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍ മുഖ്യമായും- കൊല്ലപ്പെട്ടത്. അവര്‍ ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളായിരുന്നു.

1980 കള്‍ക്ക് ശേഷം അസം രാഷ്ട്രീയം തരുണ്‍ ഗോഗോയുടെ കീഴില്‍ മറ്റൊരു രാഷ്ട്രീയത്തിലേക്ക് തിരിച്ചു. സാമ്പത്തിക വളര്‍ച്ചയും മറ്റുമായി ലക്ഷ്യം. ഇന്ന് ബിജെപി ഭരണത്തില്‍ ഗോഗോയുടെ വലംകൈയ്യായിരുന്ന പുത്തന്‍കൂറ്റ് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ സര്‍മ്മ ഘടികാരസൂചികള്‍ പിന്നോട്ട് തിരിച്ചുവെച്ചിരിക്കുന്നു. സുപ്രീം കോടതി ഉത്തരവുകള്‍ ലംഘിച്ചുകൊണ്ട് ബുള്‍ഡോസറുകള്‍ കുടിയേറ്റ പ്രദേശങ്ങളില്‍ വീടുകള്‍ ഇടിച്ചുനിരത്തുന്നു. സര്‍ക്കാര്‍ ഭൂമി, അസമിന്റെ സത്രഭൂമി ഇവ അനധികൃത കുടിയേറ്റക്കാരില്‍നിന്നു തിരിച്ചുപിടിക്കുകയാണ് എന്ന് ശര്‍മ്മയുടെ ഭാഷ്യം. അതിന്റെ രാഷ്ട്രീയം വ്യക്തം.

ഒരര്‍ത്ഥത്തില്‍ NRC യുടെ തുടര്‍ച്ചയാണിത്. അസമില്‍ നിന്നായിരുന്നല്ലോ തുടക്കം. അവിടെ നടന്ന എന്‍ആര്‍സി ഇരുപതുലക്ഷം ‘വിദേശി’കളെ കണ്ടെത്തുകയുണ്ടായി. (കോടതി ഉത്തരവു പ്രകാരം അസമില്‍ മാത്രം എന്‍ ആര്‍ സി നടത്തുകയുണ്ടായി.) എന്നാല്‍ അവരില്‍ ബഹുഭൂരിപക്ഷം ഹിന്ദുക്കളാണ് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സര്‍ക്കാര്‍ ആ എന്‍ആര്‍എസ് തള്ളിയത് എന്ന് വര്‍ത്തമാനമുണ്ടായിരുന്നു.

ഇന്ന് എന്‍ആര്‍സി പുതിയ രൂപത്തില്‍ വന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ (SIR: ഇലക്ഷന്‍ റോള്‍ ശുദ്ധീകരണം) ‘അധിനിവേശക്കാരെ’ പിടിക്കാനാണല്ലോ. മനുഷ്യരുടെ കൈയ്യില്‍ ഉണ്ടാകാനിടയില്ലാത്ത രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് കമ്മീഷന്‍ ബിഹാറില്‍ തുടക്കമിട്ട പരിപാടി ഒരു രാഷ്ട്രീയ നടപടി കൂടിയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

വോട്ടവകാശം പൗരത്വത്തിന്റെ ആണിക്കല്ലാണ്. അത് നിഷേധിക്കല്‍ പൗരത്വം റദ്ദാക്കുന്നതിന് സമാനമാണ്. അധാര്‍മ്മികമാണത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് വ്യവസ്ഥിതിയുടെ മൂലാധാരത്തെ തന്നെ മറിച്ചിടാന്‍ പോന്ന നടപടിയാണ് രാഷ്ട്രീയ പ്രേരിതമായ വോട്ട് നിഷേധം. ബീഹാറില്‍ നിന്നും ബംഗാളിലേക്ക് കമ്മീഷന്‍ തിരിയുമെന്ന് പറയപ്പെടുന്നത്. അസമില്‍ അത് സൃഷ്ടിക്കാന്‍ പോകുന്ന വിടവുകള്‍ എന്താവുമെന്ന് ആര്‍ക്കറിയാം.

ഇതിനൊക്കെ പുറമെ ഒന്നുമേ പറയാതെ പോലീസ് സംവിധാനം ‘ബംഗ്ലാദേശി’കളെ പിടിക്കാന്‍ നടക്കുന്നുണ്ട്. ദില്ലിയിലും നോയ്ഡയിലും ഗുഡ്ഗാവിലും ബാംഗ്ലൂരിലും ചപ്പുചവറുകള്‍ കുന്നുകൂടിയപ്പോഴാണ് ഇക്കാര്യം പലരുമറിഞ്ഞത്. വീട്ടുജോലിക്കാര്‍ പൊടുന്നനെ അപ്രത്യക്ഷമായപ്പോള്‍ വീട്ടമ്മമാര്‍ കലപിലകൂട്ടി. അപ്പോഴാണ് ബംഗ്ലാ സംസാരിക്കുന്ന മനുഷ്യര്‍ക്കെതിരെയുള്ള വേട്ടയെക്കുറിച്ച് മാധ്യമങ്ങള്‍ അറിയുന്നത്. ജനഗണമനയുടെ ഭാഷ ബംഗ്ലാദേശിന്റേതാണ് എന്ന് ദില്ലി പോലീസ് രേഖാമൂലം ബംഗ്ലാ സദനെ അറിയിക്കുകയും ചെയ്തതോടെയാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

മുസ്‌ലിം വിരുദ്ധതയുടെ പുതിയ പേരുമാത്രമാണ് ഈ ബംഗാളിപ്പേടി. ഒടിയയാണോ അസമീസ് ആണോ ബംഗാളിയാണോ എന്ന് തിരിച്ചറിയാത്ത പോലീസുകാരനും ഇപ്പോള്‍ ‘ബംഗ്ലാദേശി’യെ കണ്ടുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നഗരങ്ങളിലെ ഏറ്റവും താഴേക്കിടയിലെ തൊഴിലാളി വിഭാഗമാണ് ഇവര്‍. ശുചീകരണ മേഖലയിലും കെട്ടിട നിര്‍മ്മാണ മേഖലയിലും അടുക്കള മേഖലയിലും ഇവര്‍ തൊഴിലെടുക്കുന്നു. ഭൂരിപക്ഷവും വടക്കന്‍ ബംഗാളിലെ മുസ്‌ലിം സാന്നിധ്യം ധാരാളമുള്ള ജില്ലകളില്‍ നിന്നാണ്. ഒരു പുഴയ്ക്കപ്പുറമുള്ള ബംഗ്ലാദേശില്‍ നിന്നും പണ്ടും പണിക്കാര്‍ റിക്ഷ വലിക്കാനും മറ്റും പദ്മയുടെ ഇന്ത്യന്‍ കരയിലുള്ള മാള്‍ഡയില്‍ വരാറുണ്ടായിരുന്നു. അവര്‍ ബംഗാള്‍ അതിര് കഴിഞ്ഞും വന്നിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബംഗ്ലാദേശിയുടെ അപരവല്‍ക്കരണം ഇന്ന് ഇന്ത്യക്ക് ഡാക്കയില്‍ സുഹൃത്തുക്കളെയില്ലാതാക്കിയിരിക്കുന്നു. അതിന്റെ നയതന്ത്ര പ്രത്യാഘാതം ആദ്യം അറിഞ്ഞത് ഷേക്ക് ഹസീനയാണ്. ഗുസ്‌പേട്ടികള്‍ (നുഴഞ്ഞുകയറ്റക്കാര്‍) എന്ന് ഭരണകര്‍ത്താക്കള്‍ വിളിക്കുമ്പോള്‍ ബംഗ്ലാദേശി നമ്മളോട് എന്തിന് സൗഹാര്‍ദ്ദം പുലര്‍ത്തണം? ഹിമന്ത സര്‍മ്മയും അമിത് ഷാ കൂട്ടരും സൃഷ്ടിച്ചിരിക്കുന്ന പുതിയ fault lines അത്ര പെട്ടെന്ന് ഇല്ലാതാകില്ല എന്ന് ഓര്‍ക്കണം.

പണ്ടൊരിന്ത്യയുണ്ടായിരുന്നു. അതിര്‍ത്തികള്‍ക്കപ്പുറത്ത് മാനവികതയെക്കുറിച്ച് ചിന്തിച്ചിരുന്ന ഭരണാധികാരികള്‍ അവിടെയുണ്ടായിരുന്നു. അഭയാര്‍ത്ഥികള്‍ മനുഷ്യരാണെന്നും അവര്‍ക്ക് കുടികിടപ്പ് നല്‍കുന്നത് മനുഷ്യത്വപരമായ ഭരണ നടപടിയാണെന്നും അവര്‍ ചിന്തിച്ചിരുന്നു. അവരുടെ ചിന്തയും പ്രവൃത്തിയും തമ്മില്‍ വൈരുദ്ധ്യങ്ങളുമുണ്ടായിരുന്നു. എങ്കിലും ഇവിടെ അഫ്ഗാനിക്കും നേപ്പാൡക്കും ഈഴത്തമിഴനും റോഹിംഗ്യനും ചക്മക്കും ബംഗാളിക്കും മതാടിസ്ഥാനത്തിലല്ലാതെ അഭയം ലഭിച്ചിരുന്നു. ഇന്ന് ലോകമെമ്പാടും അഭയാര്‍ത്ഥി അനഭിമതനാണ്. ഇന്ത്യയില്‍ പ്രകടമായിത്തന്നെ അത് മതവുമായി കൂടിക്കലര്‍ത്തിയിരിക്കുന്നു. പ്രാദേശികവാദം എന്നതിനെക്കാള്‍ മതസ്വത്വമാണ് ഇന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥിയെ ക്രിമിനലായിക്കാണുന്ന രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നത്. ജിബനാനന്ദ ദാസിന്റെ നാട്ടില്‍ നിന്നും വരുന്ന ബനലതാ സെന്നും സുരഞ്ജനയും സുചേതനയും എന്തിന് ബാരിസാലില്‍ നിന്നുമെത്തിയ ജീബനാനന്ദ ദാസുപോലും ഇന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുമ്പില്‍ ഗുസ്‌പേട്ടികളാകാം ക്രിമിനലുകളാകാം- അവരുടെ മതം ഒരു പക്ഷേ അവരെ രക്ഷിച്ചേക്കും. പൂര്‍ണ്ണഗര്‍ഭിണികളെപ്പോലും കുടുംബത്തില്‍ നിന്നും വേര്‍തിരിച്ച് അതിര്‍ത്തിയില്‍ കൊണ്ടു തള്ളുന്ന ഭരണസംവിധാനത്തെ എന്തുപേരിട്ട് വിളിക്കണം, SIR?

(കടപ്പാട് പാഠഭേദം)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply