
തദ്ദേശഫലത്തിന്റെ രാഷ്ട്രീയം
ഏറെക്കുറെ മുഴുവന്‍ മലയാളികളുടേയും പ്രതീക്ഷകള്‍ക്കപ്പുറമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുഫലങ്ങള്‍ എന്നതില്‍ സംശയമില്ല. എന്തൊക്കെ രാഷ്ട്രീയ സംഭവവികാസങ്ങളുണ്ടെങ്കിലും ഏറെക്കുറെ എല്ലാ കാലത്തും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇടതുപക്ഷത്തിനാണ് കൂടുതല്‍ സീറ്റു ലഭിക്കാറുള്ളത്. 2010ലായിരുന്നു അടുത്തകാലത്ത് യുഡിഎഫിന് ആധിപത്യം ലഭിച്ചത്. ഇക്കുറി യുഡിഎഫ് നില മെച്ചപ്പെടുത്താമെന്നല്ലാതെ ഇത്തരത്തിലൊരു വിജയം നേടുമെന്ന് അവരുടെ നേതാക്കള്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. മറുവശത്ത് ഇടതുപക്ഷത്തിനു നഷ്ടം വന്ന വോട്ടുകളില്‍ ഒരു ഭാഗം ബിജെപി നേടിയെടുത്തു എന്നതും ഗൗരവപരമായി തന്നെ കാണേണ്ടതാണ്.
ജനങ്ങളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്താണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണം കിട്ടി നാലരവര്‍ഷം വരെ നീട്ടിവെച്ച് അവസാനം ക്ഷേമപെന്‍ഷനും സ്ത്രീകള്‍ക്ക് സഹായവും മറ്റ് ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചാല്‍ ജനം തങ്ങള്‍ക്ക് വോട്ടുചെയ്യുമെന്ന ധാരണ അണ്ടര്‍ എസ്റ്റിമേറ്റല്ലാതെ മറ്റെന്ത്? രാജ്യത്ത് പലയിടത്തും അത്തരത്തില്‍ ചെയ്യുന്ന പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കുന്നവരാണ് പൊതുവില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. പ്രത്യേകിച്ച് ഇടതുപക്ഷക്കാര്‍. അവര്‍ തന്നെയാണ് ഇവിടെ അതുതന്നെ ആവര്‍ത്തിച്ചത്. ക്ഷേമപദ്ധതികള്‍ മാത്രമല്ല സര്‍ക്കാര്‍ സ്വാഭാവികമായും ചെയ്യേണ്ടതായ ഉത്തരവാദിത്തങ്ങളേയും തങ്ങളുടെ ഔദാര്യമായിട്ടാണ് അവതരിപ്പിച്ചത്. ഉദാഹരണം വയനാട് ദുരന്തത്തില്‍ എല്ലാ നഷ്ടപ്പെട്ടവര്‍ക്ക് ജനങ്ങളില്‍ നിന്ന് പണം പിരിച്ച് വീടുകള്‍ നിര്‍മ്മിക്കുന്ന പ്രക്രിയ. കൊവിഡ് കാലത്തെ, പ്രളയകാലത്തെയെല്ലാം പ്രവര്‍ത്തനങ്ങള്‍. ഇവയെല്ലാം എങ്ങനെയാണ് സര്‍ക്കാരിന്റെ ഔദാര്യമാകുന്നത്. സര്‍ക്കാരിന്റെ പോലുമല്ല, പാര്‍ട്ടിയുടെ ഔദാര്യമായിട്ടാണ് പലപ്പോഴും അവതരിപ്പിക്കുന്നത്. അതാണല്ലോ എല്ലാം വാങ്ങി ശാപ്പാടടിച്ച് തങ്ങള്‍ക്ക് പണിതന്നു എന്ന് എം എം മണി തുറന്നു പറഞ്ഞത്. മറ്റു പല നേതാക്കളുടേയും മനസിലിരുപ്പാണ് മണിയുടെ വാക്കുകളിലൂടെ പുറത്തുവന്നത് എന്നതാണ് വസ്തുത.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അതുപോലെ തന്നെയാണ് കാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെല്ലാം തങ്ങളുടേതാണെന്ന അവകാശവാദങ്ങള്‍. ഉദാഹരണ പ്രാഥമിക വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍. (ഉന്നതമമേഖലകളെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. ഉന്നതവിദ്യാഭ്യാസത്തിനും ചികിത്സക്കും നാടുവിടേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.) ഇത്തരത്തിലള്ള അണ്ടര്‍ എസ്റ്റിമേറ്റുകള്‍ക്കുള്ള മറുപടിയാണ് ജനം നല്‍കിയത്. കഴിഞ്ഞില്ല. തെരഞ്ഞെടുപ്പടുത്തപ്പോള്‍ മറ്റെല്ലാ പ്രശ്നങ്ങളും മാറ്റിവെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ക്രിമിനല്‍ കേസ് മാത്രമാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്നമെന്നു വരുത്താനും സിപിഎം ശ്രമിച്ചു. അതാകട്ടെ തങ്ങള്‍ക്കൊപ്പമുള്ള അത്തരത്തിലുള്ളവരെ സംരക്ഷിച്ച്. കുറ്റവാളികള്‍ക്കെതിരെ നിയമനടപടി എടുക്കണം, പക്ഷെ ഇത്തരം സംഭവങ്ങള്‍ നിരന്തര ചര്‍ച്ചാവിഷയമാക്കിയാല്‍ വോട്ടുകിട്ടുമെന്ന ചിന്തയും ജനങ്ങളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നതായിരുന്നു.
ചരിത്രത്തിലുണ്ടാകാത്ത രീതിയില്‍ തുടര്‍ഭണം ലഭിച്ച ശേഷം മന്ത്രിമാരുടേയും പാര്‍ട്ടിനേതാക്കളുടേയും ജനങ്ങളോടുള്ള മനോഭാവം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. സത്യത്തില്‍ രണ്ടാം പിണറായി ഭരണം കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടുല്ല. മാത്രമല്ല ആഭ്യന്തരമടക്കം പല വകുപ്പുകളും നിരന്തരമായി വിവാദങ്ങള്‍ക്ക് വിധേയമാകുകയായിരുന്നു. സഹകരണ മേഖലമുതല്‍ ശബരിമല വരെ നീണ്ട തട്ടിപ്പും അഴിമതിയും അനര്‍ഹരായ സ്വന്തക്കാരെ ജോലികളില്‍ തിരുകി കയറ്റലും മറ്റും കാര്യമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. നിത്യോപയോഗ സാധനങ്ങളുടെ വിലകയറി. ക്ഷേമപദ്ധതികളെ കുറിച്ച് പറയുമ്പോള്‍ മറുവശത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷരപ്പ് പോലും മുടങ്ങി. ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പല മേഖലകളിലും നികുതി കൂട്ടി. പണമില്ലെന്നു പറഞ്ഞ് ആശാ പ്രവര്‍ത്തകരെ മാസങ്ങളോളം തെരുവില്‍ കിടത്തുകയും ആക്ഷേപിക്കുകയും ചെയ്തപ്പോഴും പല മേഖലകളിലും ആഡംബരവും ധൂര്‍ത്തും പൊടിപൊടിക്കുകയായിരുന്നു. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് മാത്രമല്ല ഗുണ്ടകളും തല്ലിച്ചതച്ചു. ജനകീയ സമരങ്ങളേയും നേരിട്ടത് അങ്ങനെതന്നെ. സ്വാഭാവികമായും ഭരണവിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പില്‍ അലയടിച്ചു എന്നു തന്നെ വേണം പറയാന്‍.
അടുത്തകാലത്തായി സിപിഎം എത്തിചേര്‍ന്നിട്ടുള്ള അപകടകരമായ രാഷ്ട്രീയനിലപാടാകട്ടെ അവര്‍ക്ക് തിരിച്ചടിയും ബിജെപിക്ക് ഗുണകരവുമാകുകയാണ് ഉണ്ടായിട്ടുള്ളത്. നാലുവോട്ടുമാത്രമുള്ള സംഘടന എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്ന ജമായത്ത് എന്ന സംഘടനയും അവര്‍ക്കൊപ്പം നിന്ന് യുഡിഎഫും കേരളത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനാണ് കുറെകാലമായി സിപിഎം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുവേളയില്‍ അത് ശക്തമായി. ഒരു വശത്ത് ഇതുപറയുമ്പോള്‍ മറുവശത്ത് ഹിന്ദുത്വ ഫാസിസത്തോടും സംഘപരിവാറിനോടും കേന്ദ്രസര്‍ക്കാരിനോടും മൃദുസമീപനം സ്വീകരിക്കുന്നതും ജനം കണ്ടു. പി എം ശ്രീ തന്നെ ഉദാഹരണം. മറുവശത്ത് കരുവന്നൂരൊക്കെ ഇ ഡി മറന്നിരിക്കുന്നു. ശബരിമല വിഷയത്തില്‍ സമരം ചെയ്യാന്‍ ബിജെപിയും മറന്നു. ഇതെല്ലാം അന്തര്‍ധാരയായി കാണുന്നവരുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട അയ്യപ്പസംഗമം എന്തിനായിരുന്ന? ഇല്ലാത്ത മുസ്ലിം രാഷ്ട്രവാദവും ഉള്ള ഹിന്ദുരാഷ്ട്രവാദവും ഒരുപോലെയാണെന്ന വാദം ആരെയാണ് സഹായിക്കുക എന്നത് വ്യക്തമാണ്. പക്ഷെ അത് ബോധപൂര്‍വ്വം ഉന്നയിക്കുകയായിരുന്നു സിപിഎം ചെയ്തത്്. ന്യൂനപക്ഷവോട്ടുകള്‍ പ്രതീക്ഷിക്കാനാവില്ല, അതിനാല്‍ ഇത്തരത്തിലുള്ള പ്രചാരണത്തിലൂടെ ഇസ്ലാമോഫോബിയ വളര്‍ത്തുകയായിരുന്നു ലക്ഷ്യം. അതുവഴി ബിജെപിക്കു പോയതോ പോകാനിടയുള്ളതോ ആയ വോട്ടുകള്‍ നേടിയെടുക്കുക. അതായത് ന്യൂനപക്ഷ വര്‍ഗ്ഗീയതയെന്നാരോപിച്ച് ഭൂരിപക്ഷ സമുദായ വോട്ടുകള്‍ നേടാന്‍ ബിജെപിയുമായി മത്സരിക്കുകയായിരുന്നു സിപിഎം. എന്നാല്‍ സംഭവിച്ചതെന്താണ്? അത്തരത്തിലുള്ള പ്രചാരണം ഗുണം ചെയ്തത് ബിജെപിക്കാണെന്നതാണ് വാസ്തവം. പച്ചയായ വര്‍ഗ്ഗീയതയും മുസ്ലിം വിരുദ്ധതയും പറയുന്ന വെള്ളാപ്പള്ളിയെ ചേര്‍ത്തുനിര്‍ത്തി. അയാളിപ്പോഴും സര്‍ക്കാരിന്റെ നവോത്ഥാന നായകന്‍.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു സംശയവുമില്ല…. ബിജെപി സംസ്ഥാനത്തുടനീളം ഭയപ്പെടുത്തുന്ന രീതിയിലുള്ള സാന്നിധ്യം ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുന്നു. മുമ്പുതന്നെ മാനസികമായും സാംസ്‌കാരികമായും കേരളം സംഘിവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇസ്ലാമോഫോബിയയില്‍ വളരെ മുന്നിലുമാണ് നമ്മള്‍. എന്നാല്‍ ഇവിടത്തെ മുന്നണി സംവിധാനത്തിന്റെ പ്രത്യേകത മൂലം അതൊന്നും സീറ്റാക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. അക്കാലം മാറാന്‍ പോകുകയാണ് എന്നാണ് ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചന. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്ത വാര്‍ത്ത ഇന്നത്തെ ഏറ്റവും പ്രധാന ദേശീയ വാര്‍ത്തയാണ്. പ്രധാനമന്ത്രിയടക്കം അഭിനന്ദന പ്രസ്താവനയമായി രംഗത്തുവന്നിരിക്കുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വലിയ തോതില്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്കായി എന്നത് വരാന്‍പോകുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഈ മാറ്റത്തില്‍ ഇടതുപക്ഷത്തിനും അന്തര്‍ധാരയുണ്ടോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല കാരണം ഇരുകൂട്ടരും മുഖ്യശത്രുക്കളായി കാണുന്നത് ഒരേ കൂട്ടരെയാണ് എന്നതുതന്നെ. ഈ നിലക്കുപോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ഏതാനും സീറ്റുനേടുമെന്നുറപ്പ്. തുടര്‍ന്നുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ബിജെപി ആഗ്രഹിക്കുന്ന പോലെയായാലും അത്ഭുതപ്പെടാനില്ല. അതിനു തടയിടാന്‍ ജനാധിപത്യ മതേതരവാദികള്‍ക്കാകുമോ, അതിനു നേതൃത്വം നല്‍കാന്‍ പ്രതിപക്ഷത്തിനാകുമോ എന്നതാണ് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയരുന്ന രാഷ്ട്രീയ ചോദ്യം. അതിനുള്ള മറുപടിയിലാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
