ദലിത് ക്രൈസ്തവസംവരണം ആവശ്യകതയും പ്രസക്തിയും

ദലിതരുടെ പൊതു ഐക്യത്തിന്റെ സാധ്യതയെ വിഭജിക്കുന്നതില്‍ സവര്‍ണ പള്ളികളും ജാതിഹിന്ദുക്കളും ഐക്യപ്പെട്ട് നീങ്ങുന്നതായി നമുക്കുകാണാന്‍ കഴിയും. ന്യൂനപക്ഷ അവകാശത്തില്‍ നിന്നും ദലിത് ക്രൈസ്തവര്‍ക്ക് ലഭിക്കേണ്ടുന്ന ജനസംഖ്യാനുപാതികമായ അവകാശത്തെ ചോദ്യം ചെയ്യാതിരിക്കുവാന്‍ നിലവിലെ എസ്.സി. ലിസ്റ്റില്‍ നിന്നും പട്ടികജാതി സംവരണം ആവശ്യപ്പെടുന്നവരാണ് സവര്‍ണ്ണപള്ളി ഭാരവാഹികള്‍. അതേമസയം മറുവശത്ത് ദേശീയമായി അധികാരികളുമായി ചേര്‍ന്ന് ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രമിക്കുകയും അതിനുവേണ്ടി ജനപ്രതിനിധികളെ ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് മുന്നിലുള്ളത്. ഇവിടെ രണ്ടുവശത്തും നില്‍ക്കുന്ന സവര്‍ണര്‍ അവരുടെ സമ്പത്തും അധികാരവും ഭംഗിയായി വിനിയോഗിക്കുമ്പോള്‍, രണ്ടുവശത്തും നില്‍ക്കുന്ന ദലിതര്‍ തമ്മിലടിച്ച് ചോരവീഴ്ത്തുന്നവരായിത്തീരുകയാണ് ചെയ്തുവന്നിരുന്നത്.

ദലിത് ക്രൈസ്തവ സംവരണവും അവകാശങ്ങളും സംബന്ധിച്ച് ഇന്നും പൂര്‍ണതയിലെത്താത്ത സാമൂഹ്യസാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ ജനസമൂഹത്തിന്റെ അംഗസംഖ്യയും ജീവിതനിലവാരവും പരിശോധിക്കുന്ന സെന്‍സസ് റിപ്പോര്‍ട്ടുകള്‍ നമുക്ക് ലഭ്യമല്ല. പഞ്ചായത്ത് രാജ് പഠനങ്ങളില്‍ ദലിത് ക്രൈസ്തവരെ പ്രത്യേകമായി ഉള്‍പ്പെടുത്തുന്നതിന് ശ്രമങ്ങളൊന്നും നടന്നിട്ടില്ല. മറ്റുപിന്നോക്ക സമൂഹ (OBC, OEC, OX) ത്തിനുള്ളിലാണ് ഈ ജനതയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൈമണ്‍ ജോണിന്റെ അഭിപ്രായത്തില്‍ ഇരുപത്തഞ്ചു ലക്ഷം അംഗങ്ങള്‍ക്കുമേല്‍ കേരളത്തില്‍ പ്രതിനിധീകരിക്കുന്ന ഒരു ജനതയാണ് ദലിത് ക്രൈസ്തവര്‍. എട്ടുശതമാനത്തിനും പത്തുശതമാനത്തിനും ഇടയില്‍ വരുന്ന ദലിത് സമൂഹമാണ് ഇവര്‍.

മാതാരോഹണത്തിന്റെ ചരിത്രം

ദലിത്-പിന്നോക്ക ജനസമൂഹങ്ങള്‍ അവരെ അടിമകളാക്കി വച്ചിരുന്ന ചാര്‍വര്‍ണ്യഹൈന്ദവമതത്തില്‍ നിന്നും പുറത്തുകടക്കുന്നതിനും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും ഇന്ത്യയിലുടനീളം ശ്രമിച്ചിരുന്നു. ഇതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഇന്നത്തെ ദലിതരും-പിന്നോക്ക വിഭാഗങ്ങളും ഇവിടുത്തെ തദ്ദേശജനതയായിരുന്നു എന്ന പ്രത്യേകതയാണ് അതിനുപിന്നിലുള്ളത്. ഡോ. സ്റ്റീഫന്‍ വട്ടപ്പാറയുടെ സി.എം.എസ്. സഭാചരിത്രം എന്നകൃതിയില്‍ പരാമര്‍ശിക്കുന്നതുപോലെ ഇവര്‍ ചേരമര്‍ ജനതയായിരുന്നു. ഡോ. ബി.ആര്‍. അംബേദ്കര്‍ ദേശീയമായി ഈ ജനതയെ വിളിക്കുന്നത് ചേരര്‍, പാണ്ഡ്യര്‍, നാഗര്‍, കിരര്‍, കേരര്‍, ശാക്യര്‍, നിഷാദര്‍, രാക്ഷസര്‍ എന്നിങ്ങനെ നിരവധി പേരുകളിലാണ്. ജാതിവ്യവസ്ഥ രൂപംകൊണ്ടിട്ടില്ലാത്തതും അടിമത്തം നിലവില്‍ വരാതിരുന്നതുമായ സമാനജനതയുടെ ജനാധിപത്യകാലഘട്ടമായിരുന്നു ഇത് എന്ന് വിലയിരുത്തുന്നു. ഈ ജനത നിര്‍മിച്ചതും വികസിപ്പിച്ചെടുത്തതുമായ കാര്‍ഷിക, സാംസ്‌കാരിക, ജനാധിപത്യ, ആത്മീയ, ഭൗതിക സംഭാവനകളെ തട്ടിത്തെറിപ്പിക്കുകയും നിലംപരിശാക്കുകയുമായിരുന്നു ബ്രാഹ്മണ്യം അഥവാ ചാതുര്‍വര്‍ണ്യം. ഇത് വ്യക്തമാക്കുന്നത് ദലിതര്‍ ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നുമില്ല എന്നാണ്.

ചാതുര്‍വര്‍ണ്യവും ബ്രാഹ്മണ്യവും ഉയര്‍ത്തിക്കൊണ്ടുവന്ന മനുഷ്യവിരുദ്ധ നിയമങ്ങള്‍, മനുസ്മൃതിയിലൂടെയും, ചാണക്യനിലൂടെയും ദശാവതാരങ്ങളിലൂടെയും ഈ മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളെ കശാപ്പു ചെയ്യുകയായിരുന്നു. ഈ കശാപ്പ് ഇന്നും തുടരുന്നുണ്ട്. എന്നാല്‍ ഈ മണ്ണിന്റെ ഉടമകള്‍ക്ക് അത് നോക്കി നില്‍ക്കുവാന്‍ കഴിയുമായിരുന്നില്ല. അവര്‍ ബ്രാഹ്മണ്യത്തോട് നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടു. ദൈവം, വിജ്ഞാനം, സമ്പത്ത്, ആയുധം, വസ്ത്രധാരണം ഇവയില്‍ നിന്നെല്ലാം തദ്ദേശീയരെ വിലക്കി. തദ്ദേശിയര്‍ ഒരുവിഭാഗം വനാന്തരങ്ങളിലേക്കും ഒരുവിഭാഗം വിദൂരപ്രദേശങ്ങളിലേക്കും ഒരുവിഭാഗം ജാതിഹിന്ദുക്കളുടെ അടിമകളായും, ചണ്ഡാളന്മാരും, പഞ്ചമന്മാരുമായും മാറിത്തീരേണ്ടിവന്നു. ഒരുവിഭാഗം ശൂദ്രവിഭാഗമായിത്തീര്‍ന്നു. ഇതേഘട്ടത്തിലെല്ലാം ജാതിഹൈന്ദവീയതയോടും, ബ്രാഹ്മണ്യത്തോടും, നിരന്തരം കലാപം നടത്തുകയും, സ്വന്തം സംസ്‌കാരത്തെ ഉള്ളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ജനതതിയായി ഈ പിന്നോക്ക, ദലിത്, ഗോത്ര, ആവാന്തര വിഭാഗങ്ങള്‍ കാലത്തിനെതിരെ സഞ്ചരിച്ചുകൊണ്ടിരുന്നു.

ചാര്‍വാകന്‍, ബുദ്ധന്‍, തിരുവള്ളുവര്‍, തുടങ്ങിയ ഒരുപിടി തദ്ദേശീയര്‍ നഷ്ടപ്പെട്ട ജനതയെ തിരിച്ചെടുക്കാന്‍ ശ്രമിച്ചുവെങ്കിലും ബ്രാഹ്മണ്യം അതിനെയും പരാജയപ്പെടുത്തുന്നതില്‍ വിജയിച്ചു. അവര്‍ ലക്ഷക്കണക്കിന് ബുദ്ധമതഗ്രന്ഥങ്ങളും, ബുദ്ധഭിക്ഷു/ഭിക്ഷണിമാരായ തദ്ദേശജനതയെയും കൊന്നൊടുക്കി. ഹ്യുയാന്‍ സാങ് എന്ന ബുദ്ധഭിക്ഷുവായ ചൈനാക്കാരന്‍ ഉള്‍പ്പെടെയുള്ള ഇതരദേശങ്ങളില്‍ നിന്നെത്തിയ പണ്ഡിതരിലൂടെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട ആ വിശാലജനാധിപത്യ ആശയങ്ങള്‍ കുറേയെങ്കിലും തിരിച്ചുകിട്ടിയിട്ടുള്ളത്.

തുടര്‍ന്ന് ഭക്തിപ്രസ്ഥാനം എന്നു വിളിക്കുന്ന ജനകീയ ആത്മീയ ഗാനങ്ങളുടെ കാലഘട്ടത്തിലും ബ്രാഹ്മണ്യത്തിനെതിരെയുള്ള അടിസ്ഥാനജനതകളുടെ വിയോജിപ്പും, വിമര്‍ശനവും, പരിഹാസവും, കാണാവുന്നതാണ്. ശരീരം മുഴുവന്‍ ചാരംപൂശിയാല്‍ പുണ്യം ലഭിക്കുമെങ്കില്‍ ചാരത്തില്‍ക്കിടക്കുന്ന പട്ടികള്‍ക്കായിരിക്കും ആദ്യം പുണ്യം കിട്ടുക, അയിത്തം മാറിപുണ്യം കിട്ടുവാന്‍ എപ്പോഴും മുങ്ങിക്കയറുന്ന ബ്രാഹ്മണനെക്കാള്‍ വേഗത്തില്‍ പുണ്യം ലഭിക്കുക തോട്ടില്‍ നിന്നും കയറാതെ കിടക്കുന്ന പോത്തുകള്‍ക്കായിരിക്കും എന്നീ നിലയിലുള്ള വിമര്‍ശനവും പരിഹാസവും കബീറിനെപ്പോലുള്ളവര്‍ ഉയര്‍ത്തിവിട്ടിട്ടുണ്ട്. എന്നാല്‍ ഈ ബ്രാഹ്മണ്യം രാഷ്ട്രീയാധികാരത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് ഒരിക്കല്‍പോലും ഇവരെ പരാജയപ്പെടുത്തുവാന്‍ ശൂദ്രര്‍ക്കും, തൊട്ടുകൂടാത്തവര്‍ക്കും കഴിഞ്ഞിരുന്നില്ല. അതേസമയം സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനത്തിനായുള്ള സാധ്യതകളെ ഉപയോഗിക്കുവാനുള്ള ശ്രമം ഈ അയിത്തജനസമൂഹം കൈവിട്ടുകളഞ്ഞിരുന്നുമില്ല. സിക്കുമതത്തിലേക്കും മറ്റുമുള്ള പ്രവേശനം വളരെ മുമ്പുതന്നെ ഇന്ത്യയില്‍ നടന്നു. ആധുനിക ഇന്ത്യയുടെ തുടക്കത്തില്‍ പ്രത്യേകിച്ചും കൊളോണിയല്‍ ഇന്ത്യയുടെ കാലഘട്ടത്തിലാണ് ജാതിഹിന്ദുമതത്തോട് തുറന്ന് കലഹിക്കാനുള്ള അവസരം അയിത്തജനതകള്‍ക്ക് വീണ്ടും തുറന്ന് കിട്ടിയത്. പ്രധാനമായും രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും അവരുടെ സേവകരായി ബ്രാഹ്മണ്യം തന്ത്രപരമായി നിലയുറപ്പിക്കുകയും ചെയ്ത ഘട്ടമായിരുന്നു ഇത്.

ഹൈന്ദവീയതയിലെ ജാതിവ്യവസ്ഥയില്‍ തങ്ങള്‍ക്കും നഷ്ടപ്പെട്ടുപോയ ജനാധിപത്യവും സാതന്ത്ര്യവും തിരികെപിടിക്കുന്നതിന് വേണ്ടി ഒരു വലിയ ജനസമൂഹം ക്രിസ്തുമതത്തിലേക്ക് പ്രവേശിക്കുന്നത് ഈ കാലഘട്ടത്തിലാണ്. വാല്മീകി പ്രസ്ഥാനം, രവിദാസിപ്രസ്ഥാനം തുടങ്ങിയ നിരവധി സ്വതന്ത്രപ്രസ്ഥാനങ്ങളും ഇക്കാലഘട്ടത്തിലുണ്ടായിരുന്നു. ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ അഞ്ചുലക്ഷം അയിത്തജാതിക്കാര്‍ അവരുടെ പഴയ മതമായ ബുദ്ധമതത്തിലേക്ക് 1956ല്‍ മടങ്ങിപ്പോയി. തമിഴ്നാട്ടില്‍ പണ്ഡിറ്റ് അയോത്തി ദോസരുടെ മുന്‍കയ്യില്‍ സ്വന്തം മതമായ ബുദ്ധമതത്തിലേക്കുള്ള മടങ്ങിപ്പോക്കും, ഒപ്പം ക്രിസ്തുമതത്തില്‍ പ്രവേശിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യപ്രഖ്യാപനവും നടന്നു. കേരളത്തില്‍ ഹാബേല്‍ പിതാവും, വേദമാണിക്യവും ഈയര്‍ത്ഥത്തില്‍ പ്രധാനികളായി മാറുകയും ചെയ്തു.

ശ്രീനാരായണഗുരു ജാതിഹൈന്ദവീയതയോടു കലഹിച്ചുകൊണ്ട് ഈഴവശിവനെ പ്രതിഷ്ഠിക്കുന്നു എന്ന് ബ്രാഹ്മണ്യത്തോട് പ്രഖ്യാപിച്ചു. തനിക്കു സന്യാസി പദവി നല്‍കിയത് ഇംഗ്ലീഷുകാരാണെന്നും ശ്രീരാമാണല്ലൊ ശൂദ്രസന്യാസിയായ ശംഭൂകന്റെ ശിരസ്സ് അറുത്തത് എന്നും. പറയാനും മടികാണിച്ചില്ല. തമിഴ്നാട്ടില്‍ ഇ.വി. രാമസ്വാമി പെരിയാറുടെ മുന്‍കയ്യില്‍ ബുദ്ധമതസമ്മേളനങ്ങള്‍ നടന്നു. ഈഴവരില്‍ നിന്ന് ഒരുവിഭാഗം ക്രിസ്തുമതത്തിലേക്കും, സിക്കുമതത്തിലേക്കും പ്രവേശിച്ചു. ഇങ്ങനെ ദേശീയമായി ബഹുജനങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം മതപ്രവേശങ്ങളിലൂടെ രൂപംകൊണ്ടു. ഇന്ത്യയിലുടനീളം ദലിതരും പിന്നോക്കവിഭാഗങ്ങളും ഇസ്ലാം മതത്തിലേക്കും പ്രവേശിക്കുകയുണ്ടായി.

കോണ്‍ഗ്രസ്-ഹിന്ദുമഹാസഭ അച്ചുതണ്ട്

കോണ്‍ഗ്രസ് ഹിന്ദുമഹാസഭ അച്ചുതണ്ടിനെ സംബന്ധിച്ചിടത്തോളം അയിത്ത വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ എതിര്‍ക്കുക എന്നത് ആവശ്യമായിരുന്നു. വിദ്യാഭ്യാസം, സമ്പത്ത്, ആത്മീയ സ്വാതന്ത്ര്യം ഇവയിലേക്ക് പ്രവേശിക്കുന്ന അയിത്തജാതിക്കാര്‍ അടുത്തഘട്ടത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്കും പ്രവേശിക്കും എന്ന ബോധം അവരെ അങ്കലാപ്പിലാക്കുകയും മഹാത്മാഗാന്ധിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ഹിന്ദുമഹാസഭ എന്ന പ്രസ്ഥാനം അയിത്തജാതികള്‍ക്കെതിരെ ചരിത്രത്തിലെക്കാലവും നടത്തിയിട്ടുള്ള അതിക്രമം തുടരുകയുമായിരുന്നു. സ്വതന്ത്രഇന്ത്യയിലെ സംവരണാവകാശത്തില്‍ നിന്നും ഈ ജനതകളെ ഒഴിവാക്കുക എന്ന ജനാധിപത്യഅവകാശ ലംഘനത്തിലേക്ക് ഇവര്‍ എത്തിച്ചേരുകയായിരുന്നു. ഡോ. ബി.ആര്‍. അംബേദ്കറുടെ ബുദ്ധമത സ്വീകരണവും അതിന്റെ ഭാവിയും ഹിന്ദുബ്രാഹ്മണരെ ഒരു ചെറിയ സമൂഹമാക്കിച്ചുരുക്കും എന്ന് അവര്‍ ഭയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ 341, 342 ഖണ്ഡികകളില്‍ സംവരണത്തെ പരാമര്‍ശിക്കുന്ന ഭാഗങ്ങളില്‍ മതങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാതിരിക്കുകയും, അയിത്തം അനുഭവിച്ച ജാതികള്‍/അവയുടെ അവാന്തരവിഭാഗങ്ങള്‍/തനത് സംസ്‌കാരമുള്ളവര്‍ എന്നിവരെ കണ്ടെത്തുകയും അതാത് സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ അവരെ പട്ടികജാതി/വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം എന്ന് വ്യക്തമായും എഴുതിച്ചേര്‍ക്കാനും ഡോ. ബി.ആര്‍. അംബേദ്കര്‍ക്ക് സാധിച്ചു.

ഡോ. ബി.ആര്‍ അംബേദ്കറെ സംബന്ധിച്ചിടത്തോളം വ്യക്തമായ ലക്ഷ്യങ്ങളോടുകൂടിയാണ് അദ്ദേഹം അയിത്ത ജാതികള്‍ക്ക് പ്രാധാന്യം നല്‍കുകയും മതങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്തത്. ഒന്ന്: ജാതിഹൈന്ദവമതത്തെ ഒരു ചെറിയ മതമാക്കി അഥവാ ബ്രാഹ്മണ്യത്തിന്റേത് മാത്രമാക്കി മാറ്റുകയും അതിന്റെ മനുഷ്യവിരുദ്ധ യഥാര്‍ത്ഥമുഖം ലോകത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്തു എന്നതായിരുന്നു. രണ്ട്: സിക്ക്, ബുദ്ധ, ക്രൈസ്തവ, ഇസ്ലാം മതങ്ങളിലൊക്കെയും കൈവശപ്പെടുത്തിയിരിക്കുന്ന ബ്രാഹ്മണ്യത്തെ പരാജയപ്പെടുത്തുവാനും ഏതുമതത്തില്‍പ്പെട്ട അയിത്ത ജാതികള്‍ക്കും സംവരണം ആവശ്യമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ ഊന്നുകയും ചെയ്തു. മൂന്ന്: എല്ലാ മതങ്ങള്‍ക്കുള്ളിലും ജാതി വ്യവസ്ഥ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. നാല്: ഏതുമതത്തില്‍പ്പെട്ടവരെങ്കിലും അയിത്തജനത ഐക്യപ്പെടേണ്ടതുണ്ട്, അവര്‍ ഈ മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളായിരുന്നു എന്ന ചരിത്രപരമായ യാഥാര്‍ത്ഥ്യം പ്രചരിപ്പിക്കുകയും കാരണം അവരെ ഒരു പൊതുപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അവരിലെ ഐക്യം സുസജ്ജമാക്കാം എന്ന് കണ്ടെത്തുകയും ചെയ്തു. അഞ്ച്: അത്തരത്തില്‍ ഐക്യപ്പെട്ടാല്‍ മാത്രമേ ജാതിനിര്‍മ്മൂലന-സാമൂഹ്യജനാധിപത്യ പ്രക്രിയയിലേക്ക് ഈ ജനതയ്ക്ക് ശക്തമായി ഐക്യപ്പെടാനാവുൂ എന്ന വിലയിരുത്തുകയും ചെയ്തു.

എന്നാല്‍ ഇതു മുന്‍കൂട്ടി കണ്ട കോണ്‍ഗ്രസ്-ഹിന്ദുമഹാസഭാ അച്ചുതണ്ട് ഗാന്ധിജിയെ മുന്നില്‍നിര്‍ത്തിക്കൊണ്ട് അംബേദ്കറിന്റെ നിലപാടുകളെ തകര്‍ത്തെറിയുകയായിരുന്നു. അവര്‍ ദേശീയതലത്തില്‍ നിരവധി തന്ത്രങ്ങള്‍ ഇതിലേക്കായി മെനയുകയും ചെയ്തു. ക്രൈസ്തവ സഭാശ്രേഷ്ഠന്മാരെ പങ്കെടുപ്പിച്ച് ക്രിസ്തുമതത്തില്‍ ജാതിതിരിവുകളില്ല എന്ന് പരസ്യമായി പ്രഖ്യാപിപ്പിച്ചു. ജോണ്‍ജോസഫ് പാമ്പാടി, സ്റ്റീഫന്‍ തിരുമേനി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയവരുടെ നിലപാടുകളെ ദേശീയതലത്തില്‍ വഞ്ചിക്കുന്നതിന്, അഥവാ ഇന്ത്യയിലെ ക്രൈസ്തവമതത്തിലെ ജാതി തിരിവുകളെ മൂടിവെയ്ക്കുന്നതില്‍ അവര്‍ വിജയിച്ചു. പട്ടികജാതി/വര്‍ഗങ്ങളുടെ സെന്‍സസ് റിപ്പോര്‍ട്ടുകളില്‍ നിന്നും നിരവധി അയിത്തസമൂഹങ്ങളെ ഒഴിവാക്കുവാന്‍ ഹിന്ദുമഹാസഭയ്ക്കു കഴിഞ്ഞു. തെങ്ങുകയറ്റക്കാര്‍, കൊല്ലപ്പണിക്കാര്‍, ബാര്‍ബര്‍ സമൂഹം, കമ്മാളന്മാര്‍, ഗുജ്ജാറുകള്‍ തുടങ്ങി നിരവധി ജാതിസമൂഹങ്ങളെ പട്ടികജാതി ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതില്‍ ഇവര്‍ വിജയിച്ചു. നാടോടികള്‍, മിശ്രവിവാഹിതര്‍, തൊഴില്‍പരമായി നാടുവിട്ടവര്‍, കുടികിടപ്പുകാര്‍, മതസ്വാതന്ത്ര്യം പ്രഖ്യാപിച്ച നിരവധി ചെറുവിഭാഗങ്ങള്‍ (ദ്രാവിഡ മതപ്രസ്ഥാനങ്ങള്‍ ജഞഉട പോലുള്ളവ ഇന്ത്യയില്‍ ഉടനീളവും രൂപപ്പെട്ടിരുന്നു.) തുടങ്ങിയവയെ സംവരണപട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാനും ഇവര്‍ ശ്രദ്ധിച്ചു. പല അയിത്തജാതിവിഭാഗങ്ങളെയും പിന്നോക്ക ജാതികളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പട്ടികജാതി സമൂഹത്തിന്റെ ജനസംഖ്യയെ വെട്ടിക്കുറച്ച് കൂട്ടായ്മയെ ചുരുക്കിക്കൊണ്ടുവന്നു. ഒരു വലിയ വോട്ടുബാങ്കായോ, ശക്തമായ സമുദായക്കൂട്ടായ്മയായോ അയിത്തജനതമാറിത്തീരരുത് എന്നതായിരുന്നു ഇതിനുപിന്നിലെ ഹിന്ദുമഹാസഭ -കോണ്‍ഗ്രസ് താല്പര്യം. മാത്രവുമല്ല പിന്നോക്ക വിഭാഗങ്ങളെ ആദിവാസി-ദലിതര്‍ക്കെതിരെ അണിനിരത്തുവാനുള്ള ശ്രമങ്ങളും നടന്നുവന്നു.

പ്രസിഡന്‍ഷ്യല്‍ ഉത്തരവ് എന്ന ചതി

1950 ഓഗസ്റ്റ് 10-ന് കൊണ്ടുവന്ന പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ പാരഗ്രാഫ് 3-ല്‍ ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്ക് മാത്രം പട്ടികജാതി സംവരണം എന്ന് ഉള്‍പ്പെടുത്തിക്കൊണ്ട് ജാതിഹിന്ദുമതത്തിലേയ്ക്ക് അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം മാത്രമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്. അങ്ങനെ ഭരണഘടന ഉറപ്പുനല്‍കുന്ന ജാതികള്‍ക്കു ഈ സംവരണത്തില്‍ ഹിന്ദുമതത്തില്‍പ്പെട്ട ജാതികള്‍ക്കു മാത്രമെന്ന് ചുരുക്കിക്കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസും-ഹിന്ദുമഹാസഭയും വിജയിച്ചു. ഈ ഓര്‍ഡറിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചു. എന്നാല്‍ ഭരണഘടനയിലെ ഈ ഉത്തരവ് തിരുത്താന്‍ അന്നും ഇന്നും ഇവര്‍തല്പരരായിട്ടില്ല. അതേസമയം ദീര്‍ഘകാലത്തെ നിയമയുദ്ധത്തിന് ശേഷം 1956-ല്‍ സിക്കുമതത്തിലെ ദലിതര്‍ക്കും, 1980-ല്‍ ബുദ്ധമതത്തിലെ ദലിതര്‍ക്കും പട്ടികജാതി സംവരണം നല്‍കുന്നതിന് പ്രസ്തുത പ്രസിഡന്‍ഷ്യല്‍ പാരഗ്രാഫ് 3-ല്‍ ഭേദഗതികള്‍ വരുത്തിയതായി കാണാം. എന്നാല്‍ പാര്‍ലമെന്റില്‍ വോയ്സ് വോട്ടിംഗിലൂടെയോ, സിമ്പിള്‍ മെജോരിറ്റിയിലൂടെയോ ലഭ്യമാക്കാവുന്ന ഈ ഭേദഗതി ദലിത് ക്രൈസ്തവ സംവരണ അവകാശത്തിലെത്തുമ്പോള്‍ നാളിതുവരെ സഫലമാവാതെ തുടരുന്നു. ഇങ്ങനെയൊരു ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ടാണ് 1956-ല്‍ ഹിന്ദുമതത്തില്‍ നിന്നും ബുദ്ധമതത്തിലേക്ക് ഡോ. ബി.ആര്‍. അംബേദ്കറിന്റെ മുന്‍കയ്യില്‍ മതസ്വീകരണം നടന്നത്. എന്നാല്‍ രണ്ടുവഴികള്‍ തുറന്നിട്ടുകൊണ്ടാണ് ഹിന്ദുമതത്തില്‍ നിന്നുള്ള സ്വാതന്ത്ര പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഒന്ന്, മുമ്പ് സൂചിപ്പിച്ച ഭരണഘടനയുടെ 341-ാം ഖണ്ഡികയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള സംവരണം ജാതികള്‍ക്കാണ്, മതങ്ങള്‍ക്കല്ല എന്ന ഉറപ്പ്. രണ്ടാമത്, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നല്‍കാവുന്ന സംവരണഅവകാശത്തെ സംബന്ധിച്ചുള്ള ഭരണഘടനാ ഉറപ്പ്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഗവണ്‍മെന്റ് നവബുദ്ധമതക്കാര്‍ക്ക് പട്ടികവിഭാഗ സംവരണം നല്കിവന്നിരുന്നു. തമിഴ്നാട്ടില്‍ ദലിത് ക്രൈസ്തവര്‍ക്ക് ഉയര്‍ന്ന തോത് സംവരണം നല്‍കിത്തുടങ്ങി. എന്നാല്‍ കേരളം ഭരിച്ചവര്‍ ദീര്‍ഘകാലത്തിന് ശേഷം വി.ഡി. ജോണ്‍ സാറിന്റെ ശ്രമത്തിനുശേഷം ഈ ജനതയെ വഞ്ചിക്കുകയും ഒരു ശതമാനം സംവരണത്തില്‍ തളച്ചിടുകയും സംസ്ഥാനസര്‍ക്കാരിന്റെ ഭരണഘടനാ അവകാശം പോലും നിഷേധിക്കുകയും ചെയ്തുവന്നു. സംസ്ഥാന സര്‍ക്കാറിന്റെ വിവേചനാധികാരം ഇക്കാര്യത്തില്‍ ദലിത് ക്രൈസ്തവര്‍ക്ക് അനുകൂലമായി ഉണ്ടായില്ല.

സമാനജാതിജനത എന്ന യഥാര്‍ത്ഥ്യം

ദേശീയതലത്തില്‍ ഉടനീളം സമാനജാതിജനതയാണ് ദലിതര്‍. അവര്‍ അനുഭവിക്കുന്ന ജാതീയ പീഢനങ്ങള്‍ക്കും, ദാരിദ്ര്യത്തിനും ഭൂരാഹിത്യത്തിനും സാമ്പത്തിക പ്രതിസന്ധികള്‍ക്കും, സഭകള്‍ക്കുള്ളില്‍ അനുഭവിക്കുന്ന ജാതിപീഢനങ്ങള്‍ക്കും എല്ലാം സമാനമുഖമാണുള്ളത്. ഹൈന്ദവസവര്‍ണതയുടെ തനിപ്പകര്‍പ്പുകളാണ് ക്രൈസ്തവ സവര്‍ണതയിലും കാണാന്‍ കഴിയുക. പതിനയ്യായിരത്തോളം പട്ടികജാതി കോളനികളും ആറായിരത്തോളം പട്ടികവര്‍ഗ കോളനികളും ഇന്ന് കേരളത്തിലുണ്ട്. ഇതിന് സമാനമായ അവസ്ഥയിലാണ് ദലിത് ക്രൈസ്തവരും. അതിന്റെ വ്യക്തമായ ചിത്രം ചെങ്ങറ ഭൂമിസമരത്തില്‍ നമുക്ക് കണ്ടെത്താനാവും. അവിടെ സമരത്തില്‍ പങ്കെടുക്കുന്ന ഭൂരഹിതരില്‍ അറുപതു ശതമാനവും ദലിത് ക്രൈസ്തവരാണ് എന്ന വസ്തുത ഈ ജനതയുടെ സാമൂഹ്യയാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണ്. പാലാ നിയോജമകണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കോളനികള്‍ ഉള്ളത് എന്നുള്ള ചില നിരീക്ഷണങ്ങള്‍ ഇന്ന് പുറത്ത് വന്നിട്ടുണ്ട്. പട്ടികജാതിക്കാരും, ദലിത് ക്രൈസ്തവരും, ഗോത്രവിഭാഗങ്ങളുമടങ്ങുന്ന ഈ കോളനിവാസികള്‍ ക്രൈസ്ത സവര്‍ണരുടെയും പള്ളികളുടെയും അടിമകളായിത്തീരുന്നു എന്നത് സമാനജാതിജനത എന്നതിന്റെ സൂചകങ്ങളാണ്. ഹൈറേഞ്ചുകളില്‍ കുടിയേറ്റക്കാരുടെ ഒപ്പം നിലകൊണ്ടിട്ടും ജാതിസവര്‍ണതയുടെ ഇടപെടലുകളാല്‍ ഭൂരഹിതരായിത്തീര്‍ന്നവരാണ് ബഹുഭൂരിപക്ഷം ക്രൈസ്തവദലിതരും പട്ടികജാതി സമൂഹങ്ങളും.

ഇങ്ങനെയൊരു സാമൂഹ്യാവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് വളരെ മുമ്പുതന്നെ രാഷ്ട്രീയമായി ഇടപെടല്‍ നടത്തുന്നതിന് ദലിത് ക്രൈസ്തവ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നതാണ് ചരിത്രം. ലൂക്കോസ് കെ. നീലം പേരൂരിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ പ്രസക്തമാണ്. മഹാത്മ അയ്യന്‍കാളിയുടെ കൂടെ മത്തായി ആശാനും, സവര്‍ണ പള്ളികള്‍ക്കെതിരെ പ്രക്ഷോഭമുണ്ടാക്കിയ ജോണ്‍ ജോസഫ് പാമ്പാടിയും, സ്റ്റീഫന്‍ തിരുമേനിയും, പൊയ്കയില്‍ അപ്പച്ചനും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്ന കെ.വി. പത്രോസും, സംവരണത്തിനായി നിലയുറപ്പിച്ച വി.ഡി. ജോണ്‍ സാറും പ്രതിനിധീകരിച്ച ദലിത് ക്രൈസ്തവ ജനത സമാനജാതിജനത എന്ന നിലയില്‍ ഒരേസമയം ജാതിവ്യവസ്ഥയോടും സവര്‍ണകേന്ദ്രീകൃത രാഷ്ട്രീയാധികാരത്തോടും സമരം ചെയ്യുകയും ദലിതഐക്യം എന്ന ആശയത്തിന്റെ വ്യാപ്തി വികസിപ്പിക്കുകയും ചെയ്തുവന്നിരുന്നവരാണ്.

സവര്‍ണ്ണപ്പള്ളി-സവര്‍ണ അമ്പല അച്ചുതണ്ട്

ദലിതരുടെ പൊതു ഐക്യത്തിന്റെ സാധ്യതയെ വിഭജിക്കുന്നതില്‍ സവര്‍ണ പള്ളികളും ജാതിഹിന്ദുക്കളും ഐക്യപ്പെട്ട് നീങ്ങുന്നതായി നമുക്കുകാണാന്‍ കഴിയും. ന്യൂനപക്ഷ അവകാശത്തില്‍ നിന്നും ദലിത് ക്രൈസ്തവര്‍ക്ക് ലഭിക്കേണ്ടുന്ന ജനസംഖ്യാനുപാതികമായ അവകാശത്തെ ചോദ്യം ചെയ്യാതിരിക്കുവാന്‍ നിലവിലെ എസ്.സി. ലിസ്റ്റില്‍ നിന്നും പട്ടികജാതി സംവരണം ആവശ്യപ്പെടുന്നവരാണ് സവര്‍ണ്ണപള്ളി ഭാരവാഹികള്‍. അതേമസയം മറുവശത്ത് ദേശീയമായി അധികാരികളുമായി ചേര്‍ന്ന് ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രമിക്കുകയും അതിനുവേണ്ടി ജനപ്രതിനിധികളെ ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് മുന്നിലുള്ളത്. ഇവിടെ രണ്ടുവശത്തും നില്‍ക്കുന്ന സവര്‍ണര്‍ അവരുടെ സമ്പത്തും അധികാരവും ഭംഗിയായി വിനിയോഗിക്കുമ്പോള്‍, രണ്ടുവശത്തും നില്‍ക്കുന്ന ദലിതര്‍ തമ്മിലടിച്ച് ചോരവീഴ്ത്തുന്നവരായിത്തീരുകയാണ് ചെയ്തുവന്നിരുന്നത്. ദലിതരുടെ വോട്ടുകൊണ്ട് ഒരു ജനപ്രതിനിധിയെപ്പോലും അയക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ ജനത മറുവശത്ത് സവര്‍ണരുടെ പ്രതിനിധികളെ പാര്‍ലമെന്റിലും നിയമസഭയിലും അയയ്ക്കുകയും അവരുടെ മുന്നില്‍ ഭിക്ഷയ്ക്കുവേണ്ടി കൈനീട്ടുകയും ചെയ്തുവരുന്നു. പട്ടികജാതി-സമുദായ സംഘടനകളും, ദലിത് ക്രൈസ്തവ-സമുദായ സംഘടനകളും ഇതില്‍ നിന്നും ഭിന്നമല്ലാത്ത അവസ്ഥയാണ് തുടരുന്നത്. ബി.സി.സി.എഫ് പ്രസ്ഥാനത്തിനു ശേഷം സംഭവിച്ച ഈ ധ്രുവീകരണത്തിന് ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

എസ്.സി. സ്റ്റാറ്റസും, 50% സംവരണവും

ഷെഡ്യൂള്‍ഡ് കാസ്റ്റ് സംവരണമാണ് ദലിത് ക്രൈസ്തവര്‍ക്ക് ആവശ്യം എന്നു പറയന്നതിന് പ്രാധാനകാരണം ഇവര്‍ മുന്‍ അയിത്തജാതിജനതയായിരുന്നു എന്നതുകൊണ്ടുതന്നെയാണ്. ജാതിപീഢനങ്ങളില്‍ നിന്നും അസ്ട്രോസിറ്റീസ് അടക്കമുള്ള നിയമങ്ങള്‍ ഉപയോഗിച്ച് മോചനം നേടുന്നതിനും (കെവിന്റെ കൊലപാതകം ജാതിഅധിഷ്ഠിത ദുരഭിമാനക്കൊലപാതകമാണെന്ന് 2018ല്‍ ബോധ്യമായിക്കഴിഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി, തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റില്‍ മത്സരിക്കല്‍ തുടങ്ങിയവലഭിക്കുന്നതിനും പട്ടികജാതി സംവരണം ലഭിച്ചാല്‍ മാത്രമേ പ്രയോജനമുള്ളൂ. ആദ്യഘട്ടങ്ങളില്‍ വെറും സംവരണം ദലിത് ക്രൈസ്തവര്‍ക്കു നല്കുക എന്നു പറഞ്ഞിരുന്ന ഇടതുപക്ഷപാര്‍ട്ടികള്‍ ഇന്ന് പട്ടികജാതിസംവരണം നല്‍കുക എന്നു തിരുത്തിയിട്ടുണ്ട്.

സംവരണ തോത് 50 ശതമാനത്തിനു മുകളില്‍ ആവരുത് എന്ന സുപ്രീംകോടതി വിധിയെ മുന്നില്‍വെച്ചുകൊണ്ട് ചില പട്ടികജാതി സംഘടനകള്‍ നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തരുത് എന്ന് വാശിപിടിക്കുന്നുണ്ട്. അവര്‍ കോടതികളെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ആശങ്ക യാഥാര്‍ത്ഥ്യങ്ങള്‍ക്കു വിരുദ്ധമായതാണ്. ഇന്ത്യയിലുടനീളം പരിശോധിച്ചാല്‍ ക്രൈസ്തവരുടെ ആകെ എണ്ണം 2.5% മാത്രമാണ്. ഇതില്‍ തന്നെ ആദിവാസികളും, സവര്‍ണ ക്രൈസ്തവരും ഒഴിവാക്കി നിര്‍ത്തിയാല്‍ 1% മാത്രമാണ് ദലിത് ക്രൈസ്തവര്‍. ഒരു ശതമാനം സംവരണം ആവശ്യമായി ചില കണക്കുകള്‍ പറയുന്നത് 6% എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് സംസ്ഥാന സര്‍ക്കാരിന്റെ റിസര്‍വേഷന്റെ തോതിനെക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. കാരണം 14% വരുന്ന പട്ടികജാതിക്കാര്‍ക്ക് 8% സംവരണമാണ് ഇന്ന് ലഭിക്കുന്നത്. അതിലേക്ക് 6% ദലിത് ക്രൈസ്തവരെ ഉള്‍പ്പെടുത്തുമ്പോള്‍ സംഭവിച്ചേക്കാവുന്ന കുറവ് അവരെ സംബന്ധിച്ചിടത്തോളം ആശങ്കയുണര്‍ത്തുന്നതാണ്. എന്നാല്‍ ഈ ആശങ്കയില്‍ത്തന്നെ ചില കപടതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒന്ന്: ഇത്രയും ക്രൈസ്തവ ദലിതര്‍ മതംമാറിഹിന്ദുക്കളൊ ബുദ്ധമതക്കാരൊ ആയാല്‍ ഇവര്‍ക്ക് സംവരണം ലഭിക്കുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ല.

ഭരണഘടനാനുസൃതമായി സംവരണം 50% ത്തില്‍ കൂടരുത് എന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ജുഡീഷ്യറിയിലും, ലെജിസ്ലേറ്റീവിലും, എക്സിക്യൂട്ടീവിലും നമ്മള്‍ ജയിപ്പിച്ചുവിടുന്ന സവര്‍ണ്ണവിഭാഗങ്ങളാണ് നമുക്കെതിരെ ഇത്തരം ജനവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടേയിരിക്കുന്നത്. ഇവരുടെ കൈകളിലെ പാവകളാണ് ഇന്ന് ദലിതരും ദരിദ്രരും. ഇവര്‍ ഉയര്‍ത്തിവിടുന്ന ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്. പ്രത്യേക ലിസ്റ്റ് മാതിയാകയില്ലെ, പട്ടികജാതി പാരമ്പര്യം സൂക്ഷിക്കുന്നുണ്ടോ, അമ്പതുശതമാനത്തില്‍ കവിയുകയില്ലെ എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ബാക്കി അമ്പതു ശതമാനത്തില്‍ ഇരുപതു ശതമാനം പോലുമില്ലാത്ത വരേണ്യര്‍ നാളിതുവരെ അധികാരമുറപ്പിച്ചിരിക്കുന്നു. അതിനെ ചോദ്യം ചെയ്യരുത് എന്നാണ് ഇവര്‍ പറയുന്നതിന്റെ കാതല്‍. മാത്രവുമല്ല, കേന്ദ്രം ഭരിച്ചവര്‍ 2018-ല്‍ സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ 10% സംവരണം യാതൊരു മാനദണ്ഡവും പാലിക്കാതെ മുന്നോക്കവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പുതിയ നിയമഭേദഗതിയും സംഭവിച്ചിട്ടുണ്ട്. മെരിറ്റിനെ ഒഴിവാക്കിക്കൊണ്ടും, സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനെ ഒഴിവാക്കിക്കൊണ്ടും, ഒഴിവുകള്‍ നികത്താതെയും, സംവരണതത്വം പാലിക്കാതെയും മറ്റും നടത്തിവരുന്ന നിരവധി നാടകങ്ങള്‍ വേറെയുണ്ട്. കോമണ്‍പൂളിംഗ്, കട്ടോഫ് മാര്‍ക്ക്, കോമണ്‍ എന്‍ട്രന്‍സ് ശതമാനം അശാസ്ത്രീയ റോസ്റ്റര്‍ സംവിധാനം എന്നിങ്ങനെ നിരവധി ചതിക്കുഴികള്‍ വേറെയുമുണ്ട്. കാര്യങ്ങള്‍ വ്യക്തമാണ് ദലിത് ക്രൈസ്തവരുടെ പ്രശ്നത്തില്‍ മാത്രമാണ് തടസ്സം. ഇന്ന് ഇന്ത്യയില്‍ മുന്നോക്കരിലെ പിന്നോക്കര്‍ക്കു കൂടിയും സംവരണം അനുവദനീയമായിക്കഴിഞ്ഞു.

ഇത്തരം ചതികള്‍ക്കിടയിലാണ് ദലിതര്‍ തമ്മില്‍ നടത്തുന്ന അനാവശ്യവാദപ്രതിവാദം. ആദ്യം സംവരണതോത് ഉയര്‍ത്തുക, പിന്നെയാകാം ഉള്‍പ്പെടുത്തല്‍, അദ്യം ഉള്‍പ്പെടുത്തുക പിന്നെയാകാം തോത് ഉയര്‍ത്തല്‍ എന്നിങ്ങനെയുള്ള അനാവശ്യവാദമുഖങ്ങള്‍ പ്രശ്നത്തില്‍ ഫലപ്രാപ്തിയില്‍ നിന്നും അതിനെ പുറകോട്ടടിക്കുക മാത്രമാണ് ചെയ്യുക. ഈ രണ്ടുകാര്യങ്ങളും ഒന്നിച്ചു സംഭവിക്കേണ്ടതുണ്ട് എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. എന്നാല്‍ പ്രശ്നത്തിന്റെ സങ്കീര്‍ണതയെ മനസിലാക്കിക്കൊണ്ടും, ദലിത ജനതകളുടെ അവസ്ഥയെ പഠിച്ചുകൊണ്ടും എസ്.സി. സംവരണത്തിന്റെ തോത് ഉയര്‍ത്തുകയാണ് ഇതിന് അനിവാര്യമായ പരിഹാരമാര്‍ഗ്ഗം. കേരളത്തില്‍ സംസ്ഥാനസര്‍ക്കാരിന് ആനുപാതികമായി സംവരണത്തിന്റെ തോത് ഉയര്‍ത്താന്‍ അതുകൊണ്ട് കഴിയും. അങ്ങിനെയൊരു നീക്കത്തിന് കേരളത്തിലെ പട്ടികജാതി സംഘടനക്കാര്‍ക്കും താല്പര്യമില്ല എന്നതാണ് മറ്റൊരു സത്യം. ദേശീയതലത്തിലും സംവരണതോത് വര്‍ദ്ധിക്കും. അത് സ്വകാര്യമേഖലയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഇതിന് താല്പര്യമില്ലാത്ത സമുദായ-ജാതി സംഘടനകളാണ് ഇന്ന് ഏറെയുള്ളത്. കാരണം, അവര്‍, ഭരിക്കുന്ന പാര്‍ട്ടികളുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയരാണ്. അവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയാധികാരത്തില്‍ പങ്കാളിയാവുക എന്നതില്‍ അവര്‍ക്ക് താല്പര്യമില്ല. പട്ടികവിഭാഗങ്ങളും മതാരോഹിതരായ ദലിത് ക്രൈസ്തവരും ഐക്യപ്പെട്ട് ഒരു വോട്ടുബാങ്കാവുക എന്ന പ്രായോഗിക പദ്ധതിയോട് മുഖം തിരിക്കുന്നവരാണ് ജനത്തെ നയിക്കുന്നവരില്‍ ഭൂരിപക്ഷവും. മറ്റുള്ളവരുടെ ഭരണത്തില്‍ ഇവര്‍ക്ക് കുറച്ചുവിഹിതം ലഭിക്കുക എന്നതുമാത്രമാണ് ലക്ഷ്യം. അതുകൊണ്ടാണ് ഇവര്‍ സമാനജനതയോട് മാത്രം എക്കാലവും യുദ്ധം പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ ദലിത് ജനമണ്ഡലം ചുരുങ്ങിച്ചുരുങ്ങി ഹിന്ദുജാതിവാദികളായി സ്വ്വയം പരിഹസിക്കപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ ദലിത് പ്രശ്നം ഏതെങ്കിലും ഒരു മതത്തിനുള്ളിലേക്ക് ചുരുങ്ങിക്കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ല. ദലിത് പ്രശ്നം എന്നത് ദേശീയ പ്രശ്നമാണ്. അത് ഒരു രാഷ്ട്രീയപ്രശ്നമാണ്. ഡോ. ബി.ആര്‍. അംബേദ്കര്‍ പറയുന്നതുപോലെ സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ട ഒരുജനതയുടെ പ്രശ്നമാണ് അത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി പരിഹരിക്കപ്പെടേണ്ടുന്ന ഒരു വഴിയാണ് അതിനുള്ളത്.

ദേശീയമായ ചുവടുകള്‍

ഡോ. ഇളയപെരുമാള്‍ തലവനായിരുന്ന ദേശീയ പട്ടികജാതി-വര്‍ഗ കമ്മീഷന്‍, കാക്കാ കലേക്കര്‍ കമ്മീഷന്‍, മണ്ഡല്‍ കമ്മീഷന്‍, ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ തുടങ്ങിയ ബഹുവിധമായ കമ്മീഷനുകള്‍, കേന്ദ്രസര്‍ക്കാരിനോട് ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്കാം എന്ന് നിര്‍ദേശിച്ചുകൊണ്ട് ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലിലാണ് ഈ ശുപാര്‍ശ. 1950-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ ഖണ്ഡിക 3-ന്റെ ഭേദഗതി മാത്രമാണ് ഇവിടെ ആവശ്യമായിട്ടുള്ളത്.

ദലിത് ക്രൈസ്തവ പ്രശ്നം സ്വന്തം ജനതയുടെ പ്രശ്നമാണ്. സ്വന്തം സഹോദരന്മാരുടെ പ്രശ്നമാണ്. രാഷ്ട്രീയമായ തിരിച്ചറിവിലേക്കും, ദേശീയമായ ഐക്യത്തിലേക്കും ദലിതരെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ഇനി നടക്കേണ്ടത്. ദലിതര്‍ക്കുമുന്നില്‍ മതങ്ങളും കക്ഷിരാഷ്ട്രീയക്കാരും തീര്‍ത്ത അതിര്‍ത്തികള്‍ ഭേദിച്ച് നഷ്ടപ്പെട്ട ദേശീയാധികാരത്തിലേക്ക്, വാഗ്ദത്ത ഭൂമിയിലേക്കുള്ള പ്രയാണത്തിന് കൈകള്‍ കോര്‍ക്കേണ്ടതുണ്ട്. സംവരണം എന്ന ജനാധിപത്യ അവകാശത്തിനായും സ്വയാധികാരത്തിലേക്കുള്ള പ്രയാണത്തിനായും കൈകള്‍ കോര്‍ക്കാം.

(സി.എം.എസ്. സഭാ ജേര്‍ണര്‍, 2011)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply