ബുള്‍ഡോസ് ചെയ്യപ്പെടുന്ന ഇന്ത്യയിലെ മുസ്ലിം ജീവിതവും ജനാധിപത്യ സമൂഹത്തിന്റെ ഭയാനക നിശബ്ദതയും.

വീട് പൊളിച്ചത് ജാവേദിന്റേത് മാത്രമല്ല. കാണ്‍പൂരില്‍ പ്രതിഷേധത്തിന് നേത്വം നല്‍കി എന്നാരോപിച്ച് സഫര്‍ ഹാഷ്മി എന്ന പൊതു പ്രവര്‍ത്തകന്റെ വീടും തകര്‍ത്തു. ജഹാംഗിര്‍ പുരിയിലും ഷഹിന്‍ബാഗിലും ഡല്‍ഹി അധികാരികള്‍ തകര്‍ക്കുന്നത് പൌരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ വീടുകളാണ്. ഇപ്പോള്‍ ജാവേദ് മുഹമ്മദിനെതിരെ എന്‍.എസ്.എ ചുമത്തിയിട്ടുണ്ട്. 29ലധികം ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുള്ളത്. അലഹബാദില്‍ നിന്ന് മാത്രം 68 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. രാജ്യത്താകമാനം സമാനമായി ആയിരക്കണക്കിന് പേര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നു.

ലോക സമൂഹത്തിന് മുന്നില്‍ ഇന്ത്യ പ്രതിരോധത്തിലായ സന്ദര്‍ഭമാണ് ബി.ജെ.പി വക്താക്കളായ നുപൂര്‍ ശര്‍മയും നവീന്‍ ജിണ്ഡാലും നടത്തിയ പ്രവാചക നിന്ദ നടത്തിയതിനെ തുടര്‍ന്നുണ്ടായ സന്ദര്‍ഭം. ഇന്ത്യയില്‍ സംഘ്പരിവാര്‍ മുസ്ലിങ്ങള്‍ക്ക് നേരേ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതും വംശീയാക്രമണം നടത്തുന്നതും പതിറ്റാണ്ടുകളായുള്ള പതിവാണ്. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് വംശയഹത്യയടക്കം അസംഖ്യം വംശീയാക്രമണങ്ങളും മുസ്ലിങ്ങളുടെ നേരേ അഴിച്ചു വിട്ടാണ് അവരുടെ രാഷ്ട്രീയ ശക്തി വളര്‍ത്തിയത്. ഭക്ഷണത്തിന്റെ പേരിലും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും മുസ്ലിങ്ങള്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കോടതികളും പോലീസ് സംവിധാനങ്ങളും നോക്കി നില്‍ക്കെ ഭരണകൂട പിന്‍ബലത്തിലാണ് പരസ്യമായാണ് ഇത്തരം ആക്രമണങ്ങള്‍ അവര്‍ സംഘടിപ്പിക്കാറുള്ളത്. ഒറ്റപ്പെട്ട ദുര്‍ബലമായ ചിലത് ഒഴികെ അപ്പോഴൊന്നും ആഗോള സമൂഹം പ്രതികരിച്ചു കണ്ടിട്ടില്ല.

നൂപുര്‍ ശര്‍മയുടെയും നവീന്‍ ജിന്‍ഡാലിന്റെയും വിദ്വേഷ പരാമര്‍ശങ്ങള്‍ പക്ഷേ ആഗോള തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ രൂപപ്പെടുന്നതിന് കാരണമായി. ഇന്ത്യയിലെ ആഭ്യന്തര പ്രശ്‌നമായി മാത്രമാണ് മുസ്ലിങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട സംഘ്പരിവാര്‍ അതിക്രമങ്ങളെ ലോക സമൂഹം കണ്ടിരുന്നത്. എന്നാല്‍ പ്രവാചക നിന്ദ ലോകത്താകമാനമുള്ള മുസ്ലിം സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തിലെ ആഭ്യന്തര പ്രശ്‌നം എന്നതിലപ്പുറം അന്താരാഷ്ട്ര മാനങ്ങളുള്ള കാര്യമായി മാറിയത് അതിനാലാണ്. പ്രതിരോധത്തിലായി ബി.ജെ.പി കൈകഴുകി രക്ഷപ്പെടാനാണ് നോക്കുന്നത്. ഹീനമായ വംശീയവും നിന്ദാപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ പേരിന് ഏതോ കേസ് രജിസ്റ്റര്‍ ചെയ്തു എന്നതൊഴിച്ചാല്‍ അതിനപ്പുറം യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ സ്വീകിരക്കുന്നില്ല.

ഇത് രാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതിന് കാരണമായി. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ മതേതര-ജനാധിപത്യ പാര്‍ട്ടികളായ പ്രതിപക്ഷ പാര്‍ട്ടികളൊന്നും സംഘ്പരിവാറിനെ രാഷ്ട്രീയമായോ ആശയപരമായോ നേരിടാനുള്ള ത്രാണിയോ രാഷ്ട്രീയ ബോധ്യമോ പ്രകടിപ്പിക്കുന്നില്ല. ഇതെല്ലാം മുസ്ലിം സമൂഹത്തില്‍ കടുത്ത ആശങ്കയും അമര്‍ഷവും ഉണ്ടാകുന്നതിന് കാരണമാണ്. ഈ സാഹചര്യത്തിലാണ് ജൂണ്‍ 10 വെള്ളിയാഴ്ച രാജ്യത്ത് നിരവധിയിടങ്ങളില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം മുസ്ലിങ്ങള്‍ പ്രതിഷേധ റാലികള്‍ നടത്തിയത്. ഏതെങ്കിലും സംഘടകളുടെ ബാവറിലോ നേതൃത്വത്തിലോ ഒന്നുമല്ല ഈ പ്രതിഷേധങ്ങള്‍ നടന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റാഞ്ചി, കാണ്‍പൂര്‍ , സഹ്‌റാന്‍പൂര്‍. അലഹബാദ്, മീററ്റ്, ഹൌറ, തുടങ്ങിയ ചിലയിടങ്ങളില്‍ റാലിക്ക് നേരേ പ്രകോപനങ്ങളും കല്ലേറുമുണ്ടായി. റാഞ്ചിയില്‍ പോലീസ് വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പലയിടങ്ങളിലും പോലീസ് ഏകപക്ഷീയമായി റാലികള്‍ക്കു നേരേ ഗ്രനേഡും ലാത്തിയും പ്രയോഗിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശ്, ഹരിയാന അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും പോലീസ് സ്റ്റേഷനുകളിലിട്ട് അതി ഭീകരമായ മര്‍ദ്ദനങ്ങള്‍ അഴിച്ചു വിടുകയുമുണ്ടായി. നിരവധി പേര്‍ക്കെതിരെ രാജ്യദ്രോഹമടക്കം ആരോപിച്ച് കടുത്ത കേസുകളും ചാര്‍ജ്ജ് ചെയ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് സര്‍ക്കാരാകട്ടെ നിയമവിരുദ്ധവും അത്യന്തം മനുഷ്യവിരുദ്ധവുമായ നിലപാടാണ് പ്രതിഷേധങ്ങള്‍ക്ക് നേരെ കൈക്കൊണ്ടത്. ജനാധിപത്യ പ്രതിഷേധങ്ങളെ നേരിടാന്‍ ഗ്യാങ്സ്റ്റര്‍ ആക്ട് എന്ന ഭീകര നിയമമാണ് യു.പി സര്‍ക്കാര്‍ പ്രയോഗിച്ചത്. സായുധ മാഫിയാ ഗ്യാങ്ങുകളെ നേരിടാന്‍ 1986 ല്‍ വീര്‍ബഹാദുര്‍ സിംങ് സര്‍ക്കാര്‍ കൊണ്ടു വന്ന ഗ്യാങ്സ്റ്റര്‍ നിയമം (Uttar Pradesh Gangsters and Anti-Social Activities (Prevention) Act, 1986) 2015 ല്‍ അഖിലേഷ് സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയോടെ ഭരണകൂടത്തിന് അമിതാധാകാരം നല്‍കുന്ന ഒരു നിയമമാണ്. ഏതെങ്കിലും ഗ്യാങ്ങിലെ അംഗമാണ് കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ അവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും പിടികിട്ടാ പുള്ളിയാണെങ്കില്‍ സ്ഥാവര വസ്തുക്കള്‍ തകര്‍ക്കാനും ജില്ലാ ഭരണകൂടത്തിന് ഈ നിയമം അധികാരംനല്‍കുന്നു.

യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ 2017 മുതല്‍ ഈ നിയമത്തെ ജനാധിപത്യ സമരങ്ങളെ നേരിടാനുള്ള ടൂളാക്കിയാണ് ഉപയോഗിക്കുന്നത്. പൌരത്വ പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്ത 274 പേരുടെ സ്വത്തുക്കള്‍ യു.പി സര്‍ക്കാര്‍ കണ്ടുകെട്ടിയത് ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ്. 2022 ഫെബ്രുവരിയില്‍ സുപ്രിം കോടതി ഈ കണ്ടുകെട്ടലുകള്‍ റദ്ദാക്കുകയും ജനകീയ സമരങ്ങളുടെ നേരേ ഗ്യാങ്സ്റ്റര്‍ ആക്ട് പ്രയോഗിക്കരുതെന്ന് പരാമര്‍ശിക്കുകയും ചെയ്തതാണ്. അതെല്ലാം കാറ്റില്‍ പറത്തിയാണ് ജൂണ്‍ 10 ന് നടന്ന പ്രക്ഷോഭങ്ങളെ യോഗി സര്‍ക്കാര്‍ നേരിട്ടത്.

കാണ്‍പൂരിലും സഹറന്‍പൂരിലും അലഹബാദിലും ലക്‌നോവിലും അടക്കം വിവധ പ്രദേശങ്ങളിലേയി രണ്ടായിരത്തിലധികം പോരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മിക്കവരുടെ പേരിലും ഗ്യാങ്സ്റ്റര്‍ ആക്ട് ചുമത്തി. അലഹബാദില്‍ (പ്രയാഗ്രാജ്) പ്രകടനം സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി എന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി അംഗമായ ജാവേദ് മുഹമ്മദിനെ ജൂണ്‍ 10 ന് രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെ വീണ്ടും വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ പര്‍വീന്‍ ഫാത്തിമയെയും 19 വയസുകാരിയായ മകള്‍ സുമയ്യ പാത്തിമയെയും കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 2.30 ന് വീണ്ടുമെത്തി ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ കൌണ്‍സിലറും ഫ്രട്ടേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറിയുമായ അഫ്രീന്‍ ഫാത്തിമയെ കസ്റ്റഡിയിലെടുക്കാന്‍ വീണ്ടുമെത്തി. പക്ഷേ വീട്ടില്‍ കയറാനാവാതെ പോലീസ് തിരിച്ച് മടങ്ങി. കസ്റ്റഡിയിലെടുത്തവരെ എവിടേക്കു കൊണ്ടു പോയി എന്ന് 36 മണിക്കോറോളം വ്യക്തമാക്കിയരുന്നില്ല.

ജൂണ്‍ 11 ന് രാവിലെ ജാവേദ് മുഹമ്മദിന്റെ വീട്ടില്‍ ജൂണ്‍ 10 എന്ന തീയതി വെച്ച് പ്രയാഗ്രാജ് ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ നോട്ടീസ് പതിപ്പിച്ചു. ജൂണ്‍ 12 ന് രാവിലെ 11 മണിക്ക് എല്ലാവരും വീട് ഒഴിഞ്ഞുപോകണമെന്നും ജാവേദ് മുഹമ്മദിന്റെ പേരിലുള്ള വീട് അനധികൃത നിര്‍മ്മാണമായതിനാല്‍ പൊളിച്ച് നീക്കുമെന്നാണ് നോട്ടിസിലുണ്ടായിരുന്നത്. പ്രയാഗ് രാജ് എസ്.എസ്.പി അജ് ശര്‍മയാകട്ടെ അലഹബാദിലെ പ്രതിഷേധ പ്രകടനങ്ങളുടെ മാസ്റ്റര്‍ മൈന്റാണ് ജാവേദ് അഹമ്മദെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയായ അദ്ദേഹത്തിന്റെ മകളും ഗൂഢാലോചനകളില്‍ പങ്കാളിയാണെന്നും ഡല്‍ഹി പോലീസിനും വിവരങ്ങള്‍ കൈമാറുമെന്നും മീഡിയകളടെ മുമ്പില്‍ പറഞ്ഞത്.  ജൂണ്‍ 11 ശനിയാഴ്ച ഉച്ചയോടെ പ്രയാഗ് രാജ് ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹത്തോടെയും മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിലും ജാവേദ് മുഹമ്മദിന്റെ വീട് സമ്പൂര്‍ണ്ണമായി പൊളിച്ച് നീക്കി. അനധികൃത നിര്‍മ്മാണത്തിന് നേരത്തേ നല്‍കിയ നോട്ടീസ് പ്രകാരമാണ് പൊളിച്ച് നീക്കിയത് എന്നാണ് ഇപ്പോള്‍ പോലീസും ജില്ലാ ഭരണകൂടവും പറയുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പൊളിച്ച വീട് യഥാര്‍ത്ഥത്തില്‍ ജാവേദിന്റെ വീടല്ല. അദ്ദേഹത്തിന്റെ ഭാര്യ പര്‍വീന്‍ ഫാത്തിമയ്ക്ക് പൈതൃക സ്വത്തായി ലഭിച്ചതാണ്. പതിറ്റാണ്ടുകളായി മുനിസിപ്പാലിറ്റിയില്‍ കരം അടയ്ക്കുന്നതുമാണ്. ആരുടെ പേരിലുള്ള വീടാണ് എന്ന സാങ്കേതിക കാര്യം പോലും പരിശോധിക്കാതെയും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും കോടതി അവധി ദിവസം നോക്കിയും വീട് തകര്‍ത്തത് വ്യക്തമായും ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജാവേദ് മുഹമ്മദിനോടും മകള്‍ അപ്രീന്‍ ഫാത്തിമയോടും ഭരണകൂടത്തിന്റെ പ്രതികാര നടപടയിയാണ്.

വീട് പൊളിച്ചത് ജാവേദിന്റേത് മാത്രമല്ല. കാണ്‍പൂരില്‍ പ്രതിഷേധത്തിന് നേത്വം നല്‍കി എന്നാരോപിച്ച് സഫര്‍ ഹാഷ്മി എന്ന പൊതു പ്രവര്‍ത്തകന്റെ വീടും തകര്‍ത്തു. ജഹാംഗിര്‍ പുരിയിലും ഷഹിന്‍ബാഗിലും ഡല്‍ഹി അധികാരികള്‍ തകര്‍ക്കുന്നത് പൌരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ വീടുകളാണ്. ഇപ്പോള്‍ ജാവേദ് മുഹമ്മദിനെതിരെ എന്‍.എസ്.എ ചുമത്തിയിട്ടുണ്ട്. 29ലധികം ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുള്ളത്. അലഹബാദില്‍ നിന്ന് മാത്രം 68 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. രാജ്യത്താകമാനം സമാനമായി ആയിരക്കണക്കിന് പേര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നു.

വളരെ ആസൂത്രിതമായി ജനാധിപത്യത്തെ നിശബ്ദമാക്കാനും മുസ്ലിങ്ങളെ വംശഹത്യ ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ രാജ്യത്തെ എല്ലാ പ്രതികരണങ്ങളും അവസാനിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. കാര്യങ്ങള്‍ ഇത്ര ഗുരുതരമായിട്ടും ഒറ്റപ്പെട്ട ചില ശബ്ദങ്ങളൊഴിച്ച് പ്രതിപക്ഷ പാര്‍ട്ടികളോ പൌര സമൂഹമോ രംഗത്തില്ല എന്നതാണ് ഭരണകൂട ഭീകരതയെക്കാള്‍ ഭയാനകം. മതേതര-ജനാധിപത്യ പാര്‍ട്ടികളെന്നു വിശേഷിപ്പക്കപ്പെട്ടവരുടെ ഭരണകാലത്തുണ്ടാക്കിയ ഡ്രക്കോണിയന്‍ നിയമങ്ങളാണ് സംഘ്പരിവാര്‍ ഇപ്പോള്‍ എടുത്തുപയോഗിക്കുന്നതെന്നതും കാണാതിരുന്നിട്ട് കാര്യമില്ല. യു.പി സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഗ്യാങ്സ്റ്റര്‍ ആക്ടും രാജ്യമെങ്ങും ഉപോയോഗിക്കുന്ന യു.എ.പി.എ യും എല്ലാം നമ്മുടെ മു്‌നനിലെ അനുഭവങ്ങളാണ്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നിഷ്‌ക്രിയമായി നില്‍ക്കുമ്പോള്‍ തന്നെയാണ് നാസി ജര്‍മ്മനിയിലെ ക്രിസ്റ്റല്‍നാറ്റ്ചിനെ (Kristallnacht) നെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മുസ്ലിം ഭവനങ്ങളെ ബുള്‍ഡോസ,് ചെയ്യുന്നത്. ഇപ്പോഴനുഭവപ്പെടുന്ന നിശബ്ദത അതി ഭയാനകവും രാജ്യത്തിന്റെ ഭാവിയെ അത്യന്തം അപകടപ്പെടുത്തുന്നതുമാണ്. .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply