
വോട്ടധികാര്‍ യാത്രയുടെ ചരിത്രപ്രാധാന്യം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
വോട്ടുകള്ളന്‍മാര്‍ അധികാരം വിട്ടൊഴിയുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ബിഹാറില്‍ രാഹുല്‍ഗാന്ധി നയിച്ച വോട്ടധികാര്‍ യാത്രയില്‍ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് കാണാനായത്. പാറ്റ്നയില്‍ നടന്ന അതിന്റെ സമാപന സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രാഹുല്‍ഗാന്ധിയും തേജസ്വി യാദവും ദീപാങ്കര്‍ ഭട്ടാചാര്യയും അടക്കമുള്ള സമുന്നതരായിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത പരിപാടികളില്‍ വലിയ ജനമുന്നേറ്റമുണ്ടായി. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിനകത്ത്, സാധാരണക്കാരായ വോട്ടര്‍മാരെ ഇല്ലാതാക്കി വ്യാജവോട്ടര്‍മാരെ തിരുകിക്കയറ്റുന്ന ഒരു പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു എന്ന അതീവ ഗുരുതരമായ ആരോപണങ്ങള്‍ ബലപ്പെട്ട് നില്‍ക്കുന്ന സമയത്താണ് ഈ യാത്ര നടക്കുന്നത്. ഈ യാത്രയുടെ സന്ദേശം വളരെ വ്യക്തമായിരുന്നു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടാല്‍ പിന്നീട് അവര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത് അവരുടെ റേഷന്‍കാര്‍ഡ് ആയിരിക്കും, ഭൂമിയായിരിക്കും, ജോലിയായിരിക്കും. അവര്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനുള്ള എല്ലാ സാധ്യതകളും അവസാനിപ്പിച്ചുകൊണ്ട് അവരെ രാജ്യത്തെ പൗരന്‍മാരല്ലാതാക്കി മാറ്റുന്ന ഗുരുതരമായ ഗൂഢാലോചന ഈ രാജ്യത്ത് നടക്കുന്നു എന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. ഇത് ചിരിച്ചുതള്ളിക്കളയാവുന്ന ഒരു സംഗതിയല്ല. ബിജെപിയും സഖ്യകക്ഷികളും അങ്ങനെ തള്ളിക്കളയാന്‍ ശ്രമിക്കുമ്പോഴും വസ്തുതകള്‍ വസ്തുതകളായി നമ്മുടെ മുന്നിലുണ്ട്. കര്‍ണാടകയില്‍ നടന്ന വോട്ട്തട്ടിപ്പ് സംബന്ധിച്ച് രാഹുല്‍ഗാന്ധി വളരെ കൃത്യമായി നടത്തിയ നിരീക്ഷണങ്ങളെ ഇന്നുവരെ തള്ളിക്കളയാനോ ചോദ്യംചെയ്യാനോ തിരഞ്ഞെടുപ്പ് കമ്മീഷന് പോലും സാധിച്ചിട്ടില്ല. കര്‍ണാടകയിലെ അസംബ്ലി മണ്ഡലമായ മഹാദേവപുരയില്‍ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറികളെക്കുറിച്ചാണ് അന്ന് അദ്ദേഹം പറഞ്ഞത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ബിഹാര്‍ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവ്യൂ എന്ന് പറയുന്ന (എസ്ഐആര്‍), വോട്ടര്‍പട്ടിക നിശ്ചയിക്കുന്ന തീവ്രപ്രക്രിയ നടക്കുന്ന സമയത്ത്, 65 ലക്ഷം ആളുകളാണ് പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ഈ 65 ലക്ഷം ആളുകള്‍ ആരാണ,് അഥവാ ആരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്? ആര്‍ക്കാണ് വോട്ടവകാശം നഷ്ടപ്പെട്ടത് എന്നതിനെക്കുറിച്ച് സുപ്രിംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നല്‍കിയ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഓരോ മണ്ഡലത്തെ സംബന്ധിച്ച് രേഖകള്‍ പരിശോധിച്ച് തയ്യാറാക്കിയ ഒരു റിപോര്‍ട്ട് കഴിഞ്ഞ ദിവസം ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിരുന്നു. വളരെ പ്രഗല്ഭനായിട്ടുള്ള സാമൂഹ്യശാസ്ത്രജ്ഞന്‍ സെഫോളജിസ്റ്റ് ആയിട്ടുള്ള യോഗേന്ദ്ര യാദവിന്റെ സഹായത്തോടുകൂടി നടത്തിയ ഈ പരിശോധന കൃത്യമായിട്ടുള്ള ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതീവഗുരുതരമായിട്ടുള്ള ക്രമക്കേടുകളാണ് അതിലൂടെ വ്യക്തമാവുന്നത്. ചില മണ്ഡലങ്ങളിലെ, ചില ബൂത്തുകളില്‍ ആളുകളെ പുറത്താക്കുന്ന രീതി വളരെ രസകരമാണ്. പ്രത്യേകിച്ച് മുസ്ലിം ഭൂരിപക്ഷമുള്ള ഗോപാല്‍ ഗഞ്ച് തുടങ്ങിയ ചില പ്രദേശങ്ങളിലാണ് ഇത് വ്യാപകമായി സംഭവിച്ചിരിക്കുന്നത്. പല ആളുകളും മരിച്ചുപോയി എന്നു പറഞ്ഞാണ് ഒഴിവാക്കിയിരിക്കുന്നത്. മരിച്ചുപോയി എന്ന് പറഞ്ഞ ബൂത്തുകളില്‍, 180 പേര്‍ മരിച്ചതായി കാണിക്കുന്നുണ്ടെങ്കില്‍ അതിലെ 145 പേരും ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരാണ്. മാത്രമല്ല ഇങ്ങനെ മരിച്ചു എന്ന് പറയുന്ന ആളുകളില്‍ അധികംപേരും യുവാക്കളുമാണ്, സ്ത്രീകളുമാണ്. ന്യൂനപക്ഷങ്ങളെ, സ്ത്രീകളെ ഒക്കെത്തന്നെ കൃത്യമായി വോട്ടര്‍പട്ടികയില്‍നിന്ന് നീക്കംചെയ്തതിന്റെ നിരവധി സൂചനകള്‍ ഹിന്ദു പത്രത്തില്‍ വന്ന റിപോര്‍ട്ടില്‍ കാണാന്‍ കഴിയുന്നു. വളരെ കൃത്യമായി ബിജെപിവിരുദ്ധ സമീപനം എടുക്കാന്‍ ഇടയുള്ള ആളുകളെയാണ് പുറത്താക്കിയിട്ടുള്ളത് എന്ന വസ്തുത ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ആളുകള്‍ പലരും ഇപ്പോള്‍ വോട്ടവകാശം തിരിച്ചുപിടിക്കാനുള്ള അപേക്ഷ കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ സുപ്രിംകോടതിയോട് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത് ഈ ലിസ്റ്റ് പുറത്തിറക്കി കഴിഞ്ഞാലും പിന്നീട് വോട്ടെടുപ്പ് നടക്കുന്ന ദിവസംവരെ അത് തിരുത്താനും ശക്തിപ്പെടുത്താനുമുള്ള തീരുമാനങ്ങളെടുത്തിട്ടുണ്ട് എന്നാണ്. അതുകൊണ്ട് ആര്‍ക്കും വോട്ട് നഷ്ടപ്പെടില്ല എന്നാണ്. എന്തുകൊണ്ട് അങ്ങനെ പറയേണ്ടി വന്നു? ഈ സപ്തംബര്‍ ഒന്നൊടുകൂടി ഇത് അവസാനിപ്പിക്കും എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന് ഇങ്ങനെ പറയേണ്ടി വന്നത് എന്തുകൊണ്ട്? കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വന്നപ്പോള്‍, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തങ്ങളുടെ മുന്നില്‍ തെളിവുകളില്ല, വസ്തുതകളില്ല എന്ന് ഇലക്ഷന്‍ കമ്മീഷന് ബോധ്യമായപ്പോഴാണ് അവര്‍ പതുക്കെ നിലപാടുകള്‍ മാറ്റാന്‍ തുടങ്ങിയത്. സുപ്രിംകോടതി അതിശക്തമായ നിലപാടെടുത്തടോടെ, കോടതിയുടെ മുന്നില്‍ മറുപടി പറയാന്‍ സാധിക്കാത്ത അവസ്ഥ വന്നു. അതുകൊണ്ട് ഈ രാഷ്ട്രീയ സംഭവവികാസം യഥാര്‍ത്ഥത്തില്‍ ബിഹാറില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വലിയ രാഷ്ട്രീയതരംഗം സൃഷ്ടിച്ചിട്ടുണ്ട.് രാഷ്ട്രീയമായിട്ടുള്ള ഒരു സുനാമിയുടെ പൊട്ടിപ്പുറപ്പാടാണ് യഥാര്‍ത്ഥത്തില്‍ ഈ വോട്ടധികാര്‍ യാത്രയുടെ വിജയത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്.
കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലായാലും ലോക്സഭാ തിരഞ്ഞെടുപ്പിലായാലുമെല്ലാംതന്നെ ഇത്തരത്തിലുള്ള അട്ടിമറികളും വ്യാപകമായ വോട്ട്കൊള്ളയുമെല്ലാം നടത്തിയതിന്റെ ബലത്തിലാണ് ബിജെപി അധികാരത്തിലിരിക്കുന്നത് എന്ന തോന്നല്‍ വ്യാപകമായിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അത് ഭാവിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് അവരെ എത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ഇത്തരത്തിലുള്ള രാഷ്ട്രീയമാറ്റം, ഒരു വലിയ ജനജാഗ്രതയുടെ മുന്നേറ്റം നമ്മള്‍ കാണുന്നത് 70കളുടെ മധ്യത്തില്‍, 74-75 കാലത്താണ്, അടിയന്തരാവസ്ഥയ്ക്ക് തൊട്ടു മുമ്പാണ്. അത് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരേയായിരുന്നു. അധികാരകേന്ദ്രീകരണത്തിനെതിരായി ഗുജറാത്തിലും ബിഹാറിലും ‘നവനിര്‍മ്മാണം’ എന്ന പേരില്‍ ഒരു പ്രസ്ഥാനം ജയപ്രകാശ് നാരായണന്‍ ആരംഭിച്ച കാലത്താണത്. ജെ പിയുടെ പ്രസ്ഥാനം ശക്തമായ ഒരു ജനകീയ മുന്നേറ്റമായി വന്ന ഘട്ടത്തിലാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥയെ തുടര്‍ന്ന് രാഷ്ട്രീയനേതാക്കളെയെല്ലാം ജയിലിലടച്ചു. പക്ഷേ, അതിനെ തുടര്‍ന്ന് 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സഞ്ജയ്ഗാന്ധിയും ഇന്ദിരാഗാന്ധിയും തോറ്റുപോയി. കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്തായി. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ആ ജനകീയ പ്രക്ഷോഭം ഇത്തരത്തിലുള്ള ചില വിഷയങ്ങളുടെ അടിസ്ഥാനത്തില്‍, ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ നിര്‍ദാക്ഷിണ്യം ഇല്ലായ്മ ചെയ്യുന്ന അമിതാധികാരപ്രയോഗ പ്രവണതകള്‍ക്കെതിരായിട്ടുള്ള സമരം എന്ന നിലയിലാണ് ആരംഭിച്ചത്. അത്തരത്തിലുള്ള അമിതാധികാര പ്രവണതകളാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത്.
ഇലക്ഷന്‍ കമ്മീഷനെപോലുള്ള സംവിധാനങ്ങളെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കിക്കൊണ്ട് ജനങ്ങളെ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന,് അധികാര രാഷ്ട്രീയത്തില്‍നിന്ന് പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത.് ജനങ്ങള്‍ നമുക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ പുറത്താക്കിക്കളയാം എന്നാണ് അവര്‍ കരുതുന്നത്. സാധാരണ രീതിയില്‍ ജനങ്ങള്‍ അധികാരികളെ പുറത്താക്കലാണ് പതിവ്. പക്ഷേ, അധികാരികള്‍ ജനങ്ങളെ പുറത്താക്കിക്കളയാം എന്ന മട്ടിലുള്ള ഒരു പുതിയ രാഷ്ട്രീയം ഇന്ത്യയില്‍ ആവിര്‍ഭവിക്കുകയാണ് എന്ന തോന്നലാണ് ഇത് ഉണ്ടാക്കുന്നത്. അപ്പോള്‍ സ്വാഭാവികമായിട്ടും ജനങ്ങള്‍ ഇതിനെതിരായിട്ടുള്ള പ്രതിഷേധത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് ബിജെപിയുടെ രാഷ്ട്രീയമായിട്ടുള്ള തകര്‍ച്ചയിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
75 മുതല്‍ 77 വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവസ്ഥ നോക്കിയാല്‍ ഇന്ന് നരേന്ദ്രമോദി ഇരിക്കുന്നതിനേക്കാള്‍ എത്രയോ ശക്തമായ നിലയിലാണ് ഇന്ദിരാഗാന്ധി ഇരുന്നിരുന്നത്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സമയമാണത്. ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അവര്‍ അമിതാധികാര പ്രവണതയിലേക്ക് വീണുപോയത്. സ്വന്തം കുടുംബത്തിനകത്ത് സഞ്ജയ്ഗാന്ധിയെപ്പോലെയുള്ള ആളുകള്‍ ആ പ്രവണതകള്‍ ശക്തിപ്പെടുത്തി. രാജ്യത്ത് വലിയ പ്രശ്നങ്ങളുണ്ടായി. ആ ഒരു അന്തരീക്ഷമാണ് ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് അവര്‍ക്ക് തിരിച്ചുവരാന്‍ പറ്റിയെങ്കില്‍പോലും കോണ്‍ഗ്രസിന്റെ അധികാര കുത്തക അന്ന് തകര്‍ന്നുവീണു.
ഇപ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ബിജെപി അത്തരത്തിലുള്ള ഒരു അധികാര കുത്തക സ്ഥാപിക്കുകയും ആര്‍എസ്എസ് ഇന്ത്യന്‍ രാഷ്ട്രീയത്തെ പൂര്‍ണമായും പിടിച്ചുകുലുക്കുകയും കൈയടക്കുകയും ചെയ്യുന്ന ഒരു അവസ്ഥ വന്നിട്ടുണ്ട്. അതിന്റെ ഫലമായി രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം വളരെ അസ്വസ്ഥജനകമായ ഒരു അന്തരീക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്. അത് പലതരത്തില്‍ പ്രതിഫലിക്കുന്നത് നമുക്ക് കാണാന്‍ കഴിയുന്നുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വോട്ടവകാശം നിഷേധിക്കുന്ന പ്രവണത അത്തരത്തില്‍ ഒന്നാണ്. വോട്ടവകാശം നിഷേധിക്കുക എന്നു പറഞ്ഞാല്‍ പൗരാവകാശം നിഷേധിക്കുക എന്നാണ്. പൗരത്വം നിഷേധിക്കുക എന്നാണ്. അതുകൊണ്ട് രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളും വളരെ ജാഗ്രതയോടുകൂടി അതിന് എതിരായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് വളരെ കൃത്യമായി കണ്ടെത്താന്‍ കഴിയുന്നതാണ്. ഒരു പൗരന്റെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കം ആരു നടത്തിയാലും കൃത്യമായി രേഖകള്‍ വച്ചുകൊണ്ട് അത് തടയാന്‍ സാധിക്കുന്ന ഒരു അന്തരീക്ഷം ഇന്നും ഈ രാജ്യത്തുണ്ട്.
അതുകൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍, പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വളരെ ജാഗ്രതയോടു കൂടി ഇനിയുള്ള തിരഞ്ഞെടുപ്പുകളിലേക്ക് പോവും എന്ന് ഉറപ്പാണ്. അത് ബംഗാളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിലായാലും അസമില്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പിലായാലും അടുത്തവര്‍ഷം കേരളത്തില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിലായാലും തമിഴ്നാട്ടില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിലായാലുമൊക്കെത്തന്നെ ‘ജനജാഗ്രത’ ശക്തമായിട്ടുള്ള ഒരു രാഷ്ട്രീയായുധമായി പ്രയോഗിക്കപ്പെടും.
അത് ബിജെപിയെപ്പോലുള്ള രാഷ്ട്രീയകക്ഷികളുടെ രാഷ്ട്രീയാടിത്തറ തന്നെ തകര്‍ക്കുന്നതാണ്. കാരണം, അധികാരം ജനങ്ങളില്‍ നിന്നാണ് കിട്ടുന്നത്. തങ്ങള്‍ക്ക് കിട്ടിയ അധികാരം ഏതോ സ്വര്‍ഗ ലോകത്തുനിന്ന് കിട്ടിയതാണ് എന്നും ജനങ്ങള്‍ അടിമകളാണ് എന്നുമുള്ള സമീപനം അവരെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്. അത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് ഇന്നത്തെ ഭരണകൂടത്തെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് കൃത്യമായി ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടുന്നതില്‍ ജനജാഗ്രതാ യാത്രകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ ദിശാമാറ്റത്തിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
(കടപ്പാട് മറുവാക്ക്)