ഗവര്‍ണര്‍ പദവി ജനാധിപത്യത്തിനും ഫെഡറലിസത്തിനുമെതിര്

ജനാധിപത്യത്തിനും ഫെഡറലിസത്തിനും വിരുദ്ധമായ ഒരു പദവിയുടെ പേരിലാണ് ഈ രാഷ്ട്രീയകളികള്‍ നടക്കുന്നതെന്നതാണ് കൗതുകകരം. അത്തരമൊരു പദവി അവസാനിപ്പിക്കാനുള്ള നീക്കം ഇനിയെങ്കിലും തുടങ്ങണം. അത്തരമൊരു ലക്ഷ്യമൊന്നും പ്രതിപക്ഷത്തിനില്ല. കോണ്‍ഗ്രസ്സും ഗവര്‍ണര്‍ പദവി എത്രയോ തവണ ദുരുപയോഗം ചെയ്തിരിക്കുന്നു. ഗവര്‍ണറുടെ ഈ നിലപാടുകളോടേ അവര്‍ക്ക് എതിര്‍പ്പുള്ളു. അപ്പോഴും ഇന്നത്തെ സാഹചര്യത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന പ്രമേയം രാജ്യത്തെ ഒരു നിയമസഭ ചര്‍ച്ച ചെയ്യുന്നത് ഗുണകരമാണ്.

കേരളനിയമസഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ച സംഭവങ്ങളോടെ എന്തിനാണ് ഗവര്‍ണ്ണര്‍ പദവി എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്. ഒരു ജനാധിപത്യ – ഫെഡറല്‍ സംവിധാനത്തില്‍ അത്തരമൊരു പദവിക്ക് ഒരു പ്രസക്തിയുമില്ല എന്നതാണ് വസ്തുത. പരോക്ഷമായി അതംഗീകരിക്കുന്നതിനാലാണ് ഭരണകക്ഷി എന്നും അവര്‍ക്ക് അനിവാര്യമല്ലാത്ത മുതിര്‍ന്ന നേതാക്കള്‍ക്ക് ഗവര്‍ണ്ണര്‍ പദവി ഒതുക്കുന്നത്.
കോളനി ഭരണ കാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാര്‍ട്ടേര്‍ഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരെയാണ് ഗവര്‍ണ്ണര്‍ എന്നു വിളിച്ചിരുന്നത്. കേന്ദ്രഗവണ്‍മെന്റില്‍ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങള്‍ സംസ്ഥാന തലത്തില്‍ കൈയ്യാളുന്നതിന് ഇന്ത്യന്‍ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവര്‍ണ്ണര്‍ എന്നാണ് വെപ്പ്. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഭരണനിര്‍വ്വഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും നാമമാത്ര ഭരണത്തലവനായി ഗവര്‍ണ്ണറെ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന ഭരണത്തിലെ എല്ലാ നടപടികളും ഗവര്‍ണ്ണറുടെ പേരിലാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണകാര്യങ്ങളില്‍ ഗവര്‍ണറെ സഹായിക്കുന്നു എന്നാണ് വിശേഷിപ്പിക്കുന്നത്. നടക്കുന്നത് അങ്ങനെയല്ലെങ്കിലും. കേവലം ആലങ്കാരികപദവി മാത്രമാണിത്.
ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഭരിക്കേണ്ടത്. അല്ലാത്ത എന്തും രാജഭരണത്തിന്റെ അവശിഷ്ടം മാത്രമായേ കാണാനാകൂ. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന, പാര്‍ട്ടിക്കുപോലും വേണ്ടാതാകുന്നവരെയാണ് തികച്ചും ജനാധിപത്യവിരുദ്ധമായി ഗവര്‍ണ്ണരാക്കുന്നത്്. ആരു ഭരിച്ചാലും അതങ്ങനെ തന്നെ. ഇന്ത്യയെപോലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരിടത്ത് അത് ഒഴിവാക്കപ്പെടേണ്ടതാണ്. ജനാധിപത്യത്തിന്റെ പരമിതികള്‍ തിരിച്ചറിഞ്ഞ്, തിരുത്തി മുന്നോട്ടുപോകാനാണ് നാം ശ്രമിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ നാം പുറകോട്ടാണ് നടക്കുന്നത്. മാത്രമല്ല, ഫെഡറലിസം എന്നു പേരിനെങ്കിലും വിളിക്കപ്പെടുന്ന നമ്മുടെ ഭരണസംവിധാനത്തിനും ഒട്ടും അനുയോജ്യമല്ല, മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന ഈ പദവി. സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കോ സര്‍ക്കാരിനോ ആ തെരഞ്ഞെടുപ്പില്‍ ഒരു റോളുമില്ല. മാത്രമല്ല ഇന്ത്യയില്‍ എത്രയോ തവണ തെരഞ്ഞെടുക്കപ്പെട്ട ജനാധിപതയസര്‍ക്കാരുകളെ പിരിച്ചുവിടുന്നതില്‍ ഗവര്‍ണ്ണമാര്‍ പങ്കു വഹിച്ചിട്ടുണ്ട്. ഇനിയും അതാവര്‍ത്തിക്കുമെന്നുറപ്പ്.
സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കാനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനും മറ്റുമായി എന്തിനീ പദവി എന്ന ചോദ്യം, കേരളത്തിലെ സമീപകാല സംഭവവികാസങ്ങളോടെ കൂടുതല്‍ ശക്തമാകുകയാണ്. തീര്‍ച്ചയായും ഈ വിഷയം സങ്കീര്‍ണ്ണമാണ്. സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കാന്‍ മാത്രം എന്തിനീ ഗവര്‍ണ്ണര്‍ എന്ന ചോദ്യം ഉന്നയിക്കുമ്പോള്‍, ഈ ഗവര്‍ണ്ണര്‍ അങ്ങനെയല്ലല്ലോ ചെയ്യുന്നത് എന്ന മറുചോദ്യം ഉന്നയിക്കുന്നവരുണ്ട്. പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാരില്‍ നിന്നു വ്യത്യസ്ഥമായ നിലപാടെടുത്ത ഗവര്‍ണര്‍ അതു പരസ്യമായി പറയുകയും നിയമസഭാപ്രമേയത്തെ തള്ളിപ്പറയുകയും ചെയ്തില്ലേ എന്നാണവരുടെ ചോദ്യം. കേട്ടാല്‍ ശരിയെന്നു തോന്നുന്ന ചോദ്യം. പക്ഷെ അവിടെയാണ് ജനാധിപത്യത്തിനും ഫെഡറലിസത്തിനും വിരുദ്ധമായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് അതിനുള്ള അധികാരമുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത്. അതിനാല്‍ തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം ഒന്നേയുള്ളു. അധികാരം പ്രയോഗിച്ചാല്‍ ജനാധിപത്യ – ഫെഡറലിസ്റ്റ് വിരുദ്ധമാകുന്ന, അല്ലെങ്കില്‍ കേവലം റബ്ബര്‍ സ്റ്റാമ്പാകുന്ന ഈ പദവി അവസാനിപ്പിക്കുക. നിലവില്‍ ജനാധിപത്യ സംവിധാനത്തെ മറികടന്നെന്നു പറയാവുന്ന അധികാരമുള്ളത് ജുഡീഷ്യറിക്കാണല്ലോ. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഏതെങ്കിലും ചീഫ് ജസ്റ്റീസ് വായിച്ചു കൊടുക്കട്ടെ എന്നു വെക്കുന്നതാണുചിതം. നയപ്രഖ്യാപനവും മറ്റും മുഖ്യമന്ത്രിതന്നെ അവതരിപ്പിക്കട്ടെ.
ഭരണപക്ഷവും പ്രതിപക്ഷവും ഗവര്‍ണ്ണറും തമ്മില്‍ നടന്ന ഒരു കളിയായേ കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെ വിലയിരുത്താനാവൂ. മൂന്നുകൂട്ടരും ഒരുപോലെ വിജയം അവകാശപ്പെടുന്ന കാഴ്ച. വിയോജിപ്പുള്ള ഭാഗം വായിക്കാതിരിക്കുന്ന പതിവുരീതിയില്‍ നിന്നു വ്യത്യസ്ഥമായി വിയോജിപ്പ് അതിശക്തിയായി അവതരിപ്പിച്ചുകൊണ്ടുതന്നെ ഭരണപക്ഷത്തുനിന്ന് കൈയടി നേടി എന്ന് ഗവര്‍ണര്‍ക്ക് ആശ്വസിക്കാം. പൗരത്വ നിയമ ഭേദഗതിക്കെതിരായ ശക്തമായ വിമര്‍ശനം ഗവര്‍ണ്ണറെ കൊണ്ട് വായിപ്പിക്കാനായി എന്നത് സര്‍ക്കാരിന് നേട്ടമായി. പ്രതിഷേധം അതി ശക്തമാക്കി ഗവര്‍ണറേയും സര്‍ക്കാരിനേയും ഒരുപോലെ പ്രതിരോധത്തിലാക്കിയെന്നതും ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തമ്മില്‍ അവിശുദ്ധമായി ധാരണയിലെത്തിയെന്ന് ആരോപണമുന്നയിക്കാനായെന്നതും പ്രതിപക്ഷത്തിനും നേട്ടമായി. ഇനിയും നടക്കാന്‍ പോകുന്നതും ഈ കളിയുടെ തുടര്‍ച്ച തന്നെയായിരിക്കും. ഗവര്‍ണ്ണറെ തിരിച്ചുവിളിക്കാനാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കാന്‍ ഇനിയൊരിക്കലും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ക്കുറപ്പിക്കാം. ഗവര്‍ണര്‍, വിമര്‍ശനങ്ങളുടെ തീവ്രത കുറക്കുമെന്ന് സര്‍ക്കാരും കരുതുന്നു. പ്രമേയം അവതരിപ്പിക്കാനായില്ലെങ്കിലും ദേശീയവാര്‍ത്തയാക്കാനും മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മില്‍ ധാരണ എന്നു പ്രചരിപ്പിക്കാനും അവസരം കിട്ടുമെന്ന് പ്രതിപക്ഷവും കരുതുന്നു. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ ആരാണ് മുന്നിലെന്ന മത്സരമാണ് യുഡിഎഫും എല്‍ഡിഎഫും നടത്തുന്നതെങ്കില്‍ ഗവര്‍ണ്ണറിലൂടെ എന്തെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്നതാണ് ബിജെപിയുടെ നോട്ടം.
തുടക്കത്തില്‍ പറഞ്ഞപോലെ ജനാധിപത്യത്തിനും ഫെഡറലിസത്തിനും വിരുദ്ധമായ ഒരു പദവിയുടെ പേരിലാണ് ഈ രാഷ്ട്രീയകളികള്‍ നടക്കുന്നതെന്നതാണ് കൗതുകകരം. അത്തരമൊരു പദവി അവസാനിപ്പിക്കാനുള്ള നീക്കം ഇനിയെങ്കിലും തുടങ്ങണം. അത്തരമൊരു ലക്ഷ്യമൊന്നും പ്രതിപക്ഷത്തിനില്ല. കോണ്‍ഗ്രസ്സും ഗവര്‍ണര്‍ പദവി എത്രയോ തവണ ദുരുപയോഗം ചെയ്തിരിക്കുന്നു. ഗവര്‍ണറുടെ ഈ നിലപാടുകളോടേ അവര്‍ക്ക് എതിര്‍പ്പുള്ളു. അപ്പോഴും ഇന്നത്തെ സാഹചര്യത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന പ്രമേയം രാജ്യത്തെ ഒരു നിയമസഭ ചര്‍ച്ച ചെയ്യുന്നത് ഗുണകരമാണ്. താമസിയാതെ അത് ഈ പദവിയുടെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചയായി വികസിക്കും. വധശിക്ഷ, യുഎപിഎ തുടങ്ങി നിരവധി വിഷയങ്ങളില്‍ തങ്ങളുടെ നയമല്ല എന്നു പറയുന്ന സിപിഎമ്മും ഗവര്‍ണര്‍ പദവി അനാവശ്യമാണെന്നു എത്രയോ തവണ പറഞ്ഞിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ ഇതൊരു സുവര്‍ണാവസരമായാണ് അവരും കാണേണ്ടത്. എന്നാല്‍ ആ ദിശയിലേക്ക് ഉയരാനുള്ള ജനാധിപത്യ വബോധം നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ ഈ സംഭവവികാസങ്ങള്‍ ചായക്കോപ്പിലെ കൊടുങ്കാറ്റായി അവശേഷിക്കാനാണ് സാധ്യത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply