
ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തെ താഴെയിറക്കലാകണം ലക്ഷ്യം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
രാജ്യത്ത് സംഘപരിവാര്‍ തങ്ങളുടെ കോര്‍പ്പറേറ്റ് ചങ്ങാത്ത ഫാഷിസ്റ്റ് പ്രൊജക്ടുമായി ശക്തിയായി മുമ്പോട്ടുപോകുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യയിലൊരു സംസ്ഥാനത്ത് ഒരു ഇടതുപക്ഷ പാര്‍ട്ടി ഏറ്റവും എതിര്‍ക്കപ്പെടേണ്ടുന്ന പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണവുമായി രംഗത്ത് വരുന്നതായി നാം ഇപ്പോള്‍ കാണുന്നത്. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക മത മൗലികവാദ- മതരാഷ്ട്ര വാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രയോഗങ്ങളുമാണ് ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണം എന്ന വാദമാണ് ഇതിന് അനുബന്ധമായി നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്. കേരള സി പി ഐ എം ന്റെ നേതാക്കള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരടങ്ങുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ വരെ വരിയായി നിന്ന് ഉച്ചത്തില്‍ ഈ വാദങ്ങള്‍ നിരന്തരമായി ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ സംസ്ഥാനത്ത് (മാത്രം) ഈ വാദങ്ങള്‍ ശക്തിപ്പെട്ടതായി കാണാം.രാജ്യത്തുള്ള തങ്ങളുടെ ശത്രുക്കളുടെ ലിസ്റ്റ് മുന്‍ഗണനാക്രമത്തില്‍ പ്രഖ്യാപിച്ച് ഒരു ഹിന്ദു ഫാഷിസ്റ്റ് ഭരണകൂടം സ്ഥാപിക്കാനായി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാറിനെ ഇസ്ലാമിക മതമൗലികവാദ സംഘടനകളുമായി സമീകരിച്ച് അവതരിപ്പിക്കാനുള്ള അതിരറ്റ തിടുക്കം ഇത്തരം പ്രചാരണങ്ങളില്‍ ഏറിയും കുറഞ്ഞും കാണാം. ഒരു ആദര്‍ശാത്മക മതേതരനിലപാടിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രയോഗത്തിന്റെ സാധുത എന്നാണ് ഇതിനുള്ള ന്യായീകരണമായി പറയപ്പെടുന്നത്.
2026 ല്‍ നടക്കാനിരിക്കുന്ന കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒരു മൂന്നാമൂഴം നേടിയെടുക്കാനായുള്ള ഏറ്റവും ഫലപ്രദമായി മാര്‍ഗം ഈ ദിശയിലുള്ള പ്രചാരണം ആണെന്ന് പ്രചാരകര്‍ ആത്മാര്‍ത്ഥമായി ധരിച്ചിട്ടുണ്ട് എന്നു വേണം അവരുടെ വാദങ്ങളെ വിശകലനം ചെയ്താല്‍ നിരീക്ഷിക്കാന്‍ കഴിയുക. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചാല്‍ മാത്രം മൂന്നാമൂഴം ലഭിക്കില്ലെന്ന് ഉള്ളില്‍ തീര്‍ച്ചയുള്ളതുപോലെയാണ് ഈ പ്രചാരണങ്ങളുടെ പോക്ക്.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ഫലം കൂടി വന്നതോടെ നേരത്തെ ആരംഭിച്ച ഈ വാദം പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തുകയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മുതല്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വരെ ഒരേ ഈണത്തിലും താളത്തിലും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ/ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസും പരസ്യമായി തയ്യാറായതോടെ ഈ പ്രചാരകര്‍ കൂടുതല്‍ ഔത്സുക്യത്തോടെ പ്രചാരണം ഏറ്റെടുത്തതായി കാണുന്നു. അവിശ്വസനീയമായ വിധം മുന്നേറുന്ന ഈ സമീപനം യഥാര്‍ത്ഥത്തില്‍ ഇടതു ജനാധിപത്യ മുന്നണിയുടെ ഫാഷിസ്റ്റ് വിരുദ്ധ സമീപനത്തിന് അനുസരിച്ചുള്ളതാണോ എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ ഭരണകൂടത്തെ നവഫാഷിസ്റ്റ് പ്രവണതകള്‍ കാണിക്കുന്ന ഭരണകൂടമായാണ് സി പി ഐ എം ന്റെ മധുര പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുള്ളത്. ഫാഷിസ്റ്റ് എന്നോ നവഫാഷിസ്റ്റ് എന്നോ ഇന്ത്യന്‍ ഭരണകൂടത്തെ വിശേഷിപ്പിക്കുന്നത് ശരിയായ വിലയിരുത്തല്‍ ആയിരിക്കില്ലെന്ന് അത് സൂക്ഷ്മപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥ കാലഘട്ടത്തെ അര്‍ദ്ധഫാഷിസ്റ്റ് വാഴ്ചയായാണ് സി പി ഐ എം വിശേഷിപ്പിച്ചിരുന്നത് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. അന്ന് അടിയന്തരാവസ്ഥക്കെതിരായുള്ള സമരത്തില്‍ ആര്‍ എസ് എസ് കാരായി തന്നെ തുടര്‍ന്നുകൊണ്ട് പ്രവര്‍ത്തനം നടത്തിയ ഹിന്ദുരാഷ്ട്രവാദികളടങ്ങിയ ജനതാപാര്‍ട്ടിയുമായി സി പി ഐ എം സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നണിയിലും അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭസമരങ്ങളിലും. ജനസംഘം പ്രവര്‍ത്തകര്‍ ആ രാഷ്ട്രീയപാര്‍ടി പിരിച്ചുവിട്ടാണ് ജനതാപാര്‍ടിയിലേക്ക് മാര്‍ഗം കൂടിയിരുന്നതെങ്കിലും അവരുടെ കോര്‍ സംഘടനയായ ആര്‍ എസ് എസ് സ്വമേധയാ പിരിച്ചുവിട്ടിരുന്നില്ല.നിരോധിക്കപ്പെട്ടിരുന്നതുകൊണ്ട് രഹസ്യമായി അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം നടത്തേണ്ടിവന്നു എന്നു മാത്രം. അതിനാല്‍ തന്നെ പൂര്‍വ്വാശ്രമത്തില്‍ ജനസംഘക്കാരായിരുന്നവര്‍ അവരുടെ ഹിന്ദുരാഷ്ട്രവാദം മുറുകെപിടിച്ചുകൊണ്ട് തന്നെ പ്രവര്‍ത്തനവുമായി മുമ്പോട്ടു പോകുകയാണുണ്ടായത്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ തീവ്രവലതുപക്ഷ ഫാഷിസ്റ്റ് സംഘടനയായ ആര്‍ എസ് എസുമായി കൈകോര്‍ക്കുന്നത് മാര്‍ക്‌സിസ്റ്റുകള്‍ക്ക് ചേര്‍ന്ന സമീപനമല്ലെന്നും അത് ഭാവിയില്‍ അപകടം വരുത്തിവെക്കുന്ന നടപടിയായിരിക്കുമെന്നുമുള്ള അന്നത്തെ പാര്‍ടി ജനറല്‍ സെക്രട്ടറി സഖാവ് സുന്ദരയ്യയുടെ അഭിപ്രായം തള്ളിക്കളഞ്ഞാണ് പാര്‍ടി ഇത്തരം സഹകരണം അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ചുനിന്നത്. അപ്പോള്‍ അര്‍ദ്ധഫാഷിസ്റ്റ് വാഴ്ചക്കെതിരെ അതിനെ എതിര്‍ക്കുന്ന ഹിന്ദുരാഷ്ട്രവാദികള്‍ അടങ്ങിയ പ്രസ്ഥാനം ഉള്‍പ്പെടെ എല്ലാ വിഭാഗവുമായും കൈകോര്‍ത്തത് അക്കാലത്ത് അനിവാര്യമായ കാര്യം തന്നെ ആയിരുന്നു എന്നാണ് സി പി ഐ എം അന്നും ഇന്നും കാണുന്നത്.പക്ഷേ ഇപ്പോള്‍ ഫാഷിസ്റ്റ് പ്രവണതകള്‍ കാണിക്കുന്ന സംഘപരിവാര്‍ വാഴ്ചക്കെതിരെ ഇസ്ലാമികരാഷ്ട്രവാദികളെ ഒരു തരത്തിലും അടുപ്പിക്കരുതെന്നാണ് സി പി ഐ എം ന്റെ കേരള ഘടകം വാദിക്കുന്നത്. ഹിന്ദുത്വ ഭരണകൂടത്തിന്റെ സമീപനങ്ങള്‍ക്കെതിരായ സമരങ്ങളിലായാലും തിരഞ്ഞടുപ്പിലായാലും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അടിയന്തരാവസ്ഥയുടെ കാലത്തുപോലും എടുക്കാത്ത കറകളഞ്ഞ മതേതരത്വമെന്ന് വിളിക്കപ്പെടുന്ന നിലപാട് നവഫാഷിസ്റ്റ് പ്രവണതകള്‍ കാണിക്കുന്ന ഭരണകൂടം നിലനില്‍ക്കുന്ന ഇക്കാലത്ത് സി പി ഐ എം കേരളത്തില്‍ എടുക്കുന്നത് മതേതരത്വത്തോടുള്ള പ്രതിബദ്ധതകൊണ്ടാണെന്ന് കരുതുക വയ്യ. മുമ്പ് തിരഞ്ഞെടുപ്പുകളില്‍ പലതവണ കിട്ടിയിരുന്ന പിന്തുണ ഇപ്പോള്‍ കിട്ടാതെ വന്നതിന്റെ ഫലമായി പിടികൂടിയ ‘കിട്ടാമുന്തിരി പുളിക്കും’സ്വഭാവമായും ഇതിനെ വിലയിരുത്തുക വയ്യ. ഇവ രണ്ടും ഘടകങ്ങളായി ഉണ്ടാകാമെങ്കിലും പ്രധാന കാര്യം അതിലുമപ്പുറമുള്ള ചില മൗലികമായ സമീപനങ്ങളാണെന്ന് കാണേണ്ടി വരും.ഒരു ഹിന്ദുത്വ ഫാക്ടര്‍ സി പി ഐ എം ന്റെ രാഷ്ട്രീയ-സംഘടനാ ശരീരത്തില്‍ പ്രബലമായി പ്രവര്‍ത്തനക്ഷമമായിക്കൊണ്ടിരിക്കുന്നു എന്ന വിമര്‍ശനം ഇതിനകം തന്നെ വന്നിട്ടുണ്ട്. ആര്‍ എസ് എസു മായി നിരവധി കായികമായ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുള്ള കക്ഷിരാഷ്ട്രീയ ഭൂതകാലം ഉള്ള കേരളത്തിലെ പാര്‍ടിക്ക് അത്തരമൊരു കറ ഉണ്ടാകുമോ എന്ന സംശയം തീര്‍ച്ചയായും വരാം. അത്തരം സംഘര്‍ഷാത്മകമായ അവസ്ഥയെ ഇരുകൂട്ടരും മറികടന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന വാസ്തവം ഇവിടെ പരിഗണിക്കേണ്ടിയിരിക്കുന്നു. അത്തരം അനാക്രമണ സന്ധികള്‍ ഇത്തരമൊരു കാലത്തിന് യോജിച്ചതാണെന്നും അതനിവാര്യമാണെന്നും അതൊരു താത്കാലികമായ അടവ് മാത്രമാണെന്നും വിശ്വസിക്കുന്നവര്‍ പാര്‍ടി അണികളിലും സഹയാത്രികരിലും ഉണ്ട്. പക്ഷേ ഈ അനാക്രമണ സന്ധിയുടെ കാലത്തെ സംസ്ഥാനത്ത് തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ പ്രയോഗങ്ങള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിക്കുകയാണ് സംഘപരിവാര്‍. ഗവര്‍ണര്‍ മുതല്‍ വെള്ളാപ്പള്ളി വരെ അത്തരം പ്രൊജക്ടിന്റെ ഉപകരണങ്ങളായി തീരുന്നതാണ് നാം കാണുന്നത്.
കോണ്‍ഗ്രസിനോടുള്ള സകാരണവും ശാസ്ത്രീയാടിസ്ഥാനത്തിലുമുള്ള വിയോജിപ്പുകളെന്നതിനപ്പുറം കോണ്‍ഗ്രസ് വിരോധത്തിലധിഷ്ഠിതമായ സമീപനം ഏറിയും കുറഞ്ഞും സി പി ഐ എം പല കാലങ്ങളിലായി കൈക്കൊണ്ടിട്ടുണ്ട്. നെഹ്‌റുവിനെ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ഏറ്റവും ശക്തനായ രാഷ്ട്രീയവക്താവ് എന്ന് വിശേഷിപ്പിക്കുന്ന അവസരത്തില്‍ ഇ എം എസ് വ്യക്തമാക്കുന്ന ഒരു കാര്യം പ്രധാനപ്പെട്ടതാണ്. ബൂര്‍ഷ്വാസിയുടെ വക്താവ് എന്ന വിശേഷണം ഒരു ശകാരപദമോ അധിക്ഷേപമോ അല്ലെന്നും അത് ശാസ്ത്രീയമായ വര്‍ഗീകരണസ്വാഭാവമാര്‍ന്ന പരാമര്‍ശം മാത്രമാണെന്നും ഇ എം എസ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനേയും ഭരണകൂടത്തേയും മാറ്റിപ്രതിഷ്ഠിക്കേണ്ടത് അതിനേക്കാള്‍ പുരോഗമനാത്മകവും വികസിതവും ആധുനികവുമായ കാഴ്ചപ്പാടുള്ള ഒരു സര്‍ക്കാരിനാലും ഭരണകൂടത്താലുമേ ആകാവൂ എന്നതാണ് അതിലെ രാഷ്ട്രീയ അടവുപരമായ സന്ദേശം. അത്തരമൊരു ശാസ്ത്രീയമായ നിലപാടിന്റെ അടിത്തറ എല്ലാ കാലത്തും കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ സി പി ഐ എം ന് മുറുകെ പിടിക്കാന്‍ കഴിഞ്ഞുവോ എന്ന കാര്യം സംശയാസ്പദമാണ്. തീവ്ര വലതപക്ഷസ്വഭാവം പുലര്‍ത്തുന്നതും ജാതിശ്രേണീബദ്ധമായ ഭൂരിപക്ഷമതത്തിന്റെ സാമാന്യബോധത്തിന്റെ പിന്‍ബലം നൂറ്റാണ്ടുകളായി ലഭിക്കുന്നതുമായ ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടന ഇതേ കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിക്കാന്‍ ജാഗ്രതയോടെ പ്രതിപക്ഷനിരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന വസ്തുതയെ പരിഗണിക്കാന്‍ എല്ലാ അവസരത്തിലും സി പി ഐ എം ന് കഴിഞ്ഞുവോ? ഇല്ലെന്ന് പറയേണ്ടി വരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആ പാര്‍ടി വിവിധ അവസരങ്ങളില്‍ സ്വീകരിച്ച അടവുനയങ്ങളെ വിശകലനം ചെയ്യുമ്പോള്‍.സങ്കീര്‍ണമായ രാഷ്ട്രീയ വൈരുദ്ധ്യാവസ്ഥയെ സര്‍ഗാത്മകമായി മറികടക്കാന്‍ കഴിയായ്മ കാരണം പലതരം വ്യതിയാനങ്ങള്‍ക്ക് അത് ഇടയാക്കി എന്ന് വേണം വിലയിരുത്താന്‍. സംഘപരിവാര്‍ ഇത്തരമോരോ ഘട്ടത്തിലും തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ മെയ്വഴക്കത്തോടെ ഇടപെട്ട് നേട്ടമുണ്ടാക്കിയതായി കാണാം. അടിയന്തരാവസ്ഥക്കാലവും അതിനപവാദമായിരുന്നില്ല.ഇപ്പോഴും അത് തുടരുന്നു.
കോണ്‍ഗ്രസിലെ പുരോഗമനപക്ഷത്തെ ഇടതുപക്ഷവുമായി സഹകരിപ്പിക്കത്തക്ക രീതിയില്‍ പുറത്തെത്തിക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ അടവുനയങ്ങള്‍ പ്രയോഗിക്കാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് പൊതുവില്‍ കഴിഞ്ഞില്ല. ഹിന്ദുത്വഫാഷിസ്റ്റ് രാഷ്ട്രീയകക്ഷി ഭരണത്തിലേറി ഒരു ദശകം പിന്നിട്ട ഈ അവസരത്തില്‍പോലും അതിനായി മുഴുവന്‍ ഊര്‍ജത്തോടേയും പൂര്‍ണമനസ്സോടേയും രാഷ്ട്രീയ സാംസ്‌കാരിക പ്രയോഗങ്ങള്‍ വികസിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ ന്യൂനപക്ഷ മതസാമുദായിക രാഷ്ട്രീയ പാര്‍ടികളും ദളിത് പ്രസ്ഥാനങ്ങളും ഒരൊറ്റ സ്വരത്തില്‍ ഇടതുപക്ഷത്തോട് ഐക്യപ്പെടാന്‍ വിമുഖത കാട്ടുന്നതും സമൂര്‍ത്ത സാഹചര്യത്തിനനുസരിച്ചുള്ള നയസമീപനങ്ങളും തന്ത്രങ്ങളും സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയാതെ പോകുന്നത് കൊണ്ടാണ്.ഇത്തരമൊരു അവസ്ഥ സംജാതമാക്കുന്നതില്‍ കേരള സാഹചര്യത്തെ മുഖ്യമായെടുത്തുള്ള സി പി ഐ എം ന്റെ അടവുനയങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇരയാക്കപ്പെടുന്ന മുസ്ലിം,ദളിത് വിഭാഗങ്ങളുടെ കര്‍തൃത്വം ഉയര്‍ത്തിപ്പിടിക്കുന്ന മുന്നേറ്റങ്ങളെ വിഭാഗീയതയായി കാണുന്ന സമീപനമാണ് സി പി ഐ എം പൊതുവില്‍ സ്വീകരിച്ച് കാണുന്നത്. ‘ഇന്ത്യ’മുന്നണിയുടെ രൂപീകരണം തൊട്ടുള്ള പാര്‍ടിയുടെ നിലപാടുകളിലെ സെക്ടേറിയന്‍ നിലപാടുബാധയുടെ കാരണവും മറ്റൊന്നല്ല.ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും ഒരുപോലെ ആപത്ത് തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങള്‍ മുഴക്കി , ഹിന്ദുത്വഫാഷിസ്റ്റ് പ്രയോഗങ്ങള്‍ ഭരണകൂടത്തിന്റെ മുന്‍കൈയില്‍ നടക്കുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയിലെ മൂര്‍ത്ത വൈരുദ്ധ്യങ്ങളെ കേരള സി പി ഐ എം കേവലം മതവര്‍ഗീയതയുടെ പ്രശ്‌നം മാത്രമാക്കി ന്യൂനീകരിച്ചു.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളുമുപരി വര്‍ത്തമാനകാലത്തെ ഏറ്റവും പ്രധാന കടമ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തെ താഴെയിറക്കുക എന്നതാണ്. നവഫാഷിസത്തിന്റെ പ്രവണതകള്‍ കാണിക്കുക മാത്രമേ ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നുള്ളൂ എങ്കില്‍ പോലും അതങ്ങനെ ആകേണ്ടതാണ്.ആ ലക്ഷ്യം നേടുന്നതിന് ഫാഷിസ്റ്റ് വിരുദ്ധരായ എല്ലാവരേയും ഐക്യപ്പെടുത്തിയേ മതിയാകൂ. അര്‍ദ്ധഫാഷിസ്റ്റ് വാഴ്ച എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെ അമിതാധികാര-സ്വേച്ഛാധിപത്യവാഴ്ചക്കെതിരെ അത്തരമൊരു ഐക്യം അനിവാര്യമായിരുന്നു എന്ന യുക്തി അനുസരിച്ച് തന്നെ വിലയിരുത്തിയാല്‍ അതിന്റെ പതിന്മടങ്ങ് അനിവാര്യമാണ് ഹിന്ദുത്വ നവഫാഷിസത്തിന്റെ പ്രവണതകള്‍ കാണിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയുള്ള വിശാലമായ ഐക്യമുന്നണി.ഇതില്‍ കാണിക്കുന്ന ഏതൊരു ചെറിയ വീഴ്ചയും പോരായ്മയും പരിമിതിയും ഇടതുപക്ഷത്തിന്റെ വലിയ പിന്നോട്ടടികള്‍ക്ക് കാരണമാകുമെന്നുറപ്പാണ്.ഇടതു ജനാധിപത്യശക്തികള്‍ അകക്കാമ്പായി പ്രവര്‍ത്തനക്ഷമമാകുന്ന ഒരു ‘ഇന്ത്യ’മുന്നണി തന്നെയാണ് ഈ കാലത്തിന്റെ ഏറ്റവും അടിയന്തിരമായ ആവശ്യം. അതിന് ഇ എം എസ് ചൂണ്ടിക്കാട്ടിയ പോലുള്ള ശാസ്ത്രീയ കാഴ്ചപ്പാടോടുകൂടിയ വിമര്‍ശം കാത്തുസൂക്ഷിച്ചും അന്ധമായ വിരോധസ്വഭാവം നിര്‍മൂലനം ചെയ്തും ഇടതുപക്ഷം, പ്രത്യേകിച്ച് സി പി ഐ എം സ്വയംവിമര്‍ശനപരമായി പുതുക്കി മാറേണ്ടതുണ്ട്.
2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് സി പി ഐ എം കേരള ഘടകം ‘സമ്പൂര്‍ണ മതേതരത്വം’എന്ന മുദ്രാവാക്യം വീണ്ടും പുല്‍കിയിരിക്കുന്നതായി കാണുന്നത്. അതിനുമുമ്പത്തെ ദശകങ്ങളെടുത്താല്‍ ഇക്കാര്യത്തില്‍ ചെറിയ ഇടവേളകള്‍ ഉണ്ടായിരുന്നു എന്ന് കാണാം. മുമ്പ് ചില അവസരങ്ങളില്‍ , തിരഞ്ഞെടുപ്പ് കാലഘട്ടത്തിലും അല്ലാത്ത സമയത്തും പാര്‍ട്ടി ഇതേ പോലെ കറകളഞ്ഞ 916 മതേതരത്വത്തിനു വേണ്ടി സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്. അക്കാലങ്ങളില്‍ അതിന്റെ ആനുകൂല്യം ലഭിച്ചിട്ടുമുണ്ട്. ഭരണഘടന അനുവദിക്കുന്ന രീതിയില്‍ ജനസംഖ്യക്ക് ആനുപാതികമായി അധികാരത്തിലേയും സര്‍ക്കാര്‍ സര്‍വ്വീസിലേയും പ്രാതിനിധ്യം, വിദ്യാഭ്യാസ അവകാശം, മതന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലിം മത-സാംസ്‌ക്കാരിക സ്വത്വത്തിന് ന്യായമായും ലഭിക്കേണ്ടുന്ന ജനാധിപത്യപരമായി അവകാശപ്പെട്ട അംഗീകാരങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭപ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ മുസ്ലിം സംഘടനകളില്‍ ഭൂരിപക്ഷത്തില്‍ നിന്നും ഉണ്ടായത് എന്ന് കാണാം. സംഘപരിവാറിന്റെ വംശീയ ആക്രമണത്തേയും വിദ്വേഷ രാഷ്ട്രീയത്തേയും എതിര്‍ത്തുകൊണ്ടുള്ള പ്രതിരോധ സമരങ്ങളും വ്യത്യസ്ത മുസ്ലിം സാമുദായിക പാര്‍ടികളും സംഘടനകളും നടത്തിയിട്ടുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രീയ സാമൂഹിക ക്രമത്തില്‍ നടത്താവുന്ന പ്രക്ഷോഭങ്ങളായാണ് അവയെ കാണാനാവുക.
മതരാഷ്ട്രവാദത്തോടുള്ള സമരം കേവലമായി നടത്തുന്നത് ഇന്ത്യയുടെ സമകാലിക പശ്ചാത്തലത്തില്‍ ഇസ്ലാമോഫോബിക് ആയി മാറാതിരിക്കാന്‍ ഇടതുപക്ഷം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാലേ ആ പോരാട്ടം തന്നെ വിജയിക്കുകയുള്ളൂ. ആര്‍ എസ് എസ് ഒരു മതരാഷ്ട്രവാദ സംഘടന മാത്രമല്ല. ഹിന്ദുരാഷ്ട്രസ്ഥാപനപ്രക്രിയ എന്നത് കേവലമായ മതരാഷ്ട്രവാദ പ്രവര്‍ത്തനം മാത്രമായി കാണാനും മാര്‍ക്‌സിസ്റ്റ് വിശകലനത്തിന് കഴിയില്ല. തങ്ങള്‍ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച, മതവിഭാഗമല്ലാത്ത കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാവരുടേയും നിര്‍മാര്‍ജനത്തോടെ മാത്രം സാധ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള ഫാഷിസ്റ്റ് പ്രൊജക്ട് ആണത്.അത്തരമൊരു ഫാഷിസ്റ്റ് പ്രൊജക്ട് ഒരു മുസ്ലിം സംഘടനയും മുമ്പോട്ട് വച്ച് അതിനു ചേര്‍ന്ന അസഹിഷ്ണതയോടേയും അപരവിദ്വേഷത്തോടേയും പ്രവര്‍ത്തിക്കുന്നതായി കാണാനാവില്ല. മതവുമായി ബന്ധപ്പെട്ട ഒരോന്നിനേയും സൂക്ഷ്മമായി വിശകലനം ചെയ്ത് നിലപാട് സ്വീകരിക്കേണ്ടതിനു പകരം എല്ലാറ്റിനേയും ഒരുപോലെ എതിര്‍ക്കുന്നത് എന്തോ വീറുറ്റ മതേതര പ്രവര്‍ത്തനമാണെന്ന് ഇടതുപക്ഷം ധരിക്കാന്‍ പാടുണ്ടോ എന്നത് സ്വയംവിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ട്.അത് മേതതര ഹീറോയിസംആണെന്ന് ധരിച്ചുവശാകാന്‍ അണികളെ പ്രേരിപ്പിക്കുന്ന തരം പ്രയോഗങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് ചേര്‍ന്നതല്ല. ന്യൂനപക്ഷ മതരാഷ്ട്രവാദികളുടെ രാഷ്ട്രസിദ്ധാന്തത്തിനെതിരെയുള്ള ആശയസമരം ഒരു തരത്തിലും കൈയൊഴിയാതെ തന്നെ ഹിന്ദുത്വഫാഷിസ്റ്റ് പ്രൊജക്ടിനെതിരെ അവരുമായി ആകാവുന്നിടത്തോളം ഐക്യപ്പെടുക എന്നതായിരിക്കണം ഇടതുപക്ഷനയം.
ഇടതുസംഘടനകളുടേയും ഇടതുപക്ഷത്തോട് അനുഭാവം കാണിക്കുന്ന വ്യക്തികളുടേയും പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനായി ഉചിതമായ രീതിയില്‍ നിയമനിര്‍മ്മാണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തയുണ്ട്. നഗര നക്‌സല്‍ എന്ന പേരില്‍ വേട്ടയാടുന്നതിനു പുറമേ ഇടതുസംഘടനകളെ തന്നെ ഉന്‍മൂലനം ചെയ്യാനായി പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണാം. തങ്ങളുടെ ഹിന്ദുരാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ഫലപ്രദമായി ഇടപെടാന്‍ വിശ്വാസ്യതയും ബൗദ്ധികശേഷിയും ഉള്ള വിഭാഗം ഇടതുപക്ഷമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ആണ് മാവോയിസ്റ്റ് ഉന്‍മൂലനത്തിനുശേഷം ഇടതുസ്‌പെക്ട്രത്തെ തന്നെ ഇല്ലാതാക്കാനുള്ള പദ്ധതി രൂപം കൊള്ളുന്നത്. മാര്‍ക്‌സിസ്റ്റ് ആശയശാസ്ത്രത്തിന്റെ നിയമവിധേയരീതിയിലുള്ള പ്രചാരണം പോലും അസാധ്യമായി വരുന്ന സന്ദര്‍ഭമാവും അതുണ്ടാക്കുക. അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു ഇടതുപക്ഷ പാര്‍ട്ടിയുടെ വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒന്നാമത്തെ കടമ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ എല്ലാവരേയും അണിനിരത്തി പോരാട്ടം ശക്തമാക്കുക എന്നതാണ്. കമ്യൂണിസ്റ്റുകളുടെ രണ്ടാമത്തെ കടമയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ പോരാടുക എന്നതാണ് . അവരുടെ മൂന്നാമത്തെ കടമയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ പോരാടുക എന്നതുതന്നെയാണ്. അതു കഴിഞ്ഞേ മറ്റു ആശയസമരങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. ഇസ്ലാം മതരാഷ്ട്രപ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള സമരം യഥാര്‍ത്ഥത്തില്‍ അത്തരം പ്രസ്ഥാനങ്ങളെ നിലനിര്‍ത്താന്‍ അവസരമുണ്ടാക്കുന്ന രാഷ്ട്രീയാവസ്ഥക്കെതിരായുള്ള സമരം തന്നെയാണ്. ആ ഹിന്ദുത്വരാഷ്ട്രീയാവസ്ഥക്കെതിരെ അത്തരമൊരു അന്തിമസമരത്തിന് തയ്യാറെടുക്കാനുള്ള വിമുഖതയാണ് കേരളത്തില്‍ ഇസ്ലാമോഫോബിയക്ക് മതേതരവിഭാഗത്തിനകത്ത് സ്വീകാര്യത ഉണ്ടാക്കുന്ന തരത്തില്‍ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനക്കെതിരേയും മീഡിയവണ്‍ ചാനലിനെതിരേയും തങ്ങളുടെ ഊര്‍ജ്ജം കളയാന്‍ സി പി ഐഎം നെ പ്രേരിപ്പിക്കുന്നത് എന്ന് കരുതേണ്ടിവരും.സ്വയം വിമര്‍ശനപരമായി പുതുക്കിക്കൊണ്ട് ജനങ്ങളെ സമീപിച്ച് കേരളത്തില്‍ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യതപോലുമാണ് ഇത്തരമൊരു ക്യാമ്പയിനിലൂടെ സി പി ഐ എം ഇല്ലാതാക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ന്യൂനപക്ഷ വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം എന്ന ഓമനപ്പേരിലാണ് ഇത്തരമൊരു ഫോബിയ കേരളത്തില്‍ പ്രയോഗിക്കപ്പെട്ടത്. 1980 കള്‍ മുതല്‍ ആരംഭിച്ച അതിന്റെ നാള്‍വഴികളെക്കുറിച്ച് Mappila and Comrades: A Century of Communist – Muslim relations in Kerala എന്ന പുസ്തകത്തില്‍ മാധ്യമപ്രര്‍ത്തകനായ എന്‍ പി ചെക്കുട്ടി വിശദമായി പ്രതിപാദിക്കുന്നുണ്ട്. അടിയന്തിരാവസ്ഥക്കാലത്തടക്കം ത്യാഗവും പീഡനവും സഹിച്ച് കൂടെ നിന്നിരുന്ന അഖിലേന്ത്യാ മുസ്ലിം ലീഗിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതിന്റെ പിന്നിലെ രാഷ്ട്രീയം ഡോ ടി ടി ശ്രീകുമാര്‍ അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തില്‍ എടുത്തു പറഞ്ഞത് ഇതിനോട് ചേര്‍ത്ത് പറയാവുന്നതാണ്. ശുദ്ധമതേതരമുന്നണി എന്ന രീതിയില്‍ അന്നുയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പുതിയ പതിപ്പാണ് ഇന്ന് ഉയര്‍ത്താന്‍ ശ്രമിക്കുന്ന 916 മതേതരനിലപാട് എന്നത്. രണ്ടും ആദര്‍ശത്തിന്റെ മറവില്‍ ഹിന്ദുവോട്ട് ബാങ്ക് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യുന്ന ഭൂരിപക്ഷ ധ്രൂവീകരണ പരിപാടിയാണെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല.ഇസ്ലാമോഫോബിയ നവഫാഷിസ്റ്റ് രാഷ്ട്രീയ ഘട്ടത്തിലെ പ്രധാന വികാരമായി മാറിയ ദേശീയ സാഹചര്യത്തില്‍ ന്യൂനപക്ഷ മതരാഷ്ട്രവാദം, ന്യൂനപക്ഷ വര്‍ഗീയത എന്നിവയെ വളരെ സൂക്ഷ്മതയോടെയും രാഷ്ട്രീയ ജാഗ്രതയോടെയും വിശകലനം ചെയ്യേണ്ടതുണ്ട് മാര്‍ക്‌സിസ്റ്റുകള്‍. അവയെ അവസരവാദപരമായി ഉപയോഗിക്കുന്നത് ഹിന്ദുത്വരാഷ്ട്രീയ പദ്ധതിയെ സഹായിക്കുന്ന തരത്തിലാകരുത് എന്ന നിഷ്‌കര്‍ഷ മറ്റാര്‍ക്കില്ലെങ്കിലും മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ പ്രയോഗത്തിന്റെ വക്താക്കള്‍ക്ക് അനിവാര്യമാണ്. ആസന്നമായ ഫാഷിസ്റ്റ് ഭീഷണിയുടെ നിര്‍ണായക സമയത്ത് വ്യാജമായ സമീകരണ യുക്തികള്‍ കൊണ്ട് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയായിരിക്കും.
വി.എ ബാലകൃഷ്ണൻ
July 27, 2025 at 5:06 am
വി.കെ ബാബുവിൻ്റെ നിരീക്ഷണം വളരെ ശ്രദ്ധേയമാണ് . തങ്ങൾ പിന്തുടരുന്ന പാർലമെൻ്ററി അവസരവാദ രാഷ്ട്രീയത്തിന് അനുസരിച്ചാണിന്ന് കേരളത്തിൽ CPM അതിൻ്റെ രാഷ്ട്രീയ പ്രയോഗങ്ങൾ വികസിപ്പിക്കുന്നത്. അതാകട്ടെ കേവല യുക്തിവാദ നിലപാടിൽ നിന്നു കൊണ്ടാണ് താനും.
കോർപ്പറേറ്റ് നവ ഹിന്ദുത്വ ഫാസിസം നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യ സാംസ്കാരിക വ്യവഹാര മണ്ഡലങ്ങളിൽ അതി സുഷ്മതലങ്ങളിൽ പോലും പടർന്നു കയറിക്കൊണ്ട് മനു വാദ ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിനുള്ള പാത സുഗമമാക്കുമ്പോൾ അതിന്നെതിരായ വിശാല ജനാധിപത്യ മൂവ്മെൻറ് വികസിപ്പിക്കുക എന്ന അടിസ്ഥാന മാർക്സിസ്റ്റ് നിലപാട് കയ്യൊഴിയുകയാണ് എന്നു മാത്രമല്ല അത്തരം സാധ്യതകളിൽ വിള്ളൽ സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്.
കോൺഗ്രസ്സ് മുക്ത ഇന്ത്യ എന്ന മുദ്രാവാക്യം RSS ഉയർത്തുമ്പോൾ കേരളം കോൺഗ്രസ്സ് മുക്തമാക്കാൻ CPM കിണഞ്ഞു പരിശ്രമിക്കുന്നു. കോൺഗ്രസ്സ് മുക്തം എന്നാൽ പ്രതിപക്ഷ മുക്തമായ സ്വേഛാധികാര വാഴ്ച സ്വപ്നം കാണുകയാണ് RSS ‘
മൂന്നു കോടി ജനസംഖ്യയുള്ള കേരളത്തിൽ 6000ത്തിലധികം ശാഖകൾ RSSനുണ്ട് മാത്രമല്ല ,ഒരു ഐഡിയോളജി എന്ന നിലയിൽ വളരെ ആഴത്തിൽ ഹിന്ദുത്വ പൊതുബോധം പിടിമുറുക്കിയിട്ടുമുണ്ട് എന്നതിന് പ്രത്യക്ഷമായ നിരവധി ഉദാഹരണങ്ങളുമുണ്ട്.
എന്തായാലും തീവ്ര വലതുപക്ഷത്തിന് അതിവേഗം മുന്നേറാനുള്ള വഴി വെട്ടുന്ന നിലപാടുകൾ തന്നെയാണ് CPM സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.