കീഴാളവായനയുടെ ലക്ഷ്യം നീതിനിഷേധങ്ങള്‍ തകര്‍ക്കലാവണം
ഡാര്‍വിനും ശാസ്ത്രവും തലകുത്തിനിന്ന് പരിശ്രമിച്ചിട്ടും ഇന്നും മണ്ണും മനുഷ്യരേയും മറ്റു ജീവജാലങ്ങളേയും ഉണ്ടാക്കിയത് ദൈവമാണെന്ന് കരുതാനാണ് നമുക്കിഷ്ടം .ആരാണ് പരിണാമ സിദ്ധാന്തത്തിന്റെ പിതാവെന്ന ചോദ്യത്തിന് ഡാര്‍വിനെന്ന് ഉത്തരമെഴുതിയിട്ട് ‘ദൈവമേ ഈ ഉത്തരം ശരിയാവണേ’ എന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് നമ്മളില്‍ പലരും .
രാമായണത്തിന് സീതയുടെ പക്ഷത്തുനിന്നും ശൂര്‍പ്പണഖയുടെ പക്ഷത്തുനിന്നും ശംബുകന്റെ പക്ഷത്തുനിന്നും വായന സാധ്യമാണെന്ന സാറാ ജോസഫടക്കമുള്ളവരുടെ നിലപാടിന് ഒരു വിയോജനകുറിപ്പ്
രാമായണത്തെ രാവണനിലൂടെയും സീതയിലൂടെയും ശൂര്‍പ്പണഖയിലൂടെയും രാമനിലൂടെയും ഒക്കെ വായിക്കുമ്പോഴും മറക്കാതെ മനസ്സില്‍ കരുതണം
അവരൊക്കെ വാല്മീകിയുടെ ഭാവനാലോകത്തെ ശുദ്ധ സങ്കല്പങ്ങള്‍ മാത്രമാണ് .അവര്‍ ദേവന്മാരോ അസുരന്മാരോ ,ദൈവങ്ങളോ ഒന്നുമായിരുന്നില്ല .അതുകൊണ്ട് ജയ് ശ്രീരാം എന്ന് വിളിക്കാന്‍ ആള്‍കൂട്ടം നിര്‍ബന്ധിക്കുമ്പോള്‍ ,വിസമ്മതിച്ചാല്‍ തെരുവില്‍ അവര്‍ ആളുകളെ തല്ലിക്കൊല്ലുന്നത് സാംസ്‌കാരിക നീതിയായല്ല മറിച്ച് സാംസ്‌കാരിക ആഭാസവും ക്രിമിനല്‍ കുറ്റവുമായി വേണം പൊതുസമൂഹവും ഭരണകൂടവും നീതിപീഠവും കാണേണ്ടത് .
ഏതൊരു പുസ്തകത്തിന്റെയും കീഴാള പരിപ്രേക്ഷ്യത്തിലുള്ള വായനകള്‍ സാധ്യമാണ് .അത് കാലഘട്ടം ആവശ്യപ്പെടുന്നതുമാണ് .എന്നാല്‍ രാമായണത്തെ രാവണനിലൂടെയും ശൂര്‍പ്പണഖയിലൂടെയും വായിച്ചിട്ട് രാവണനും ശൂര്‍പ്പണഖയും ഇന്ത്യയില്‍ ജനിച്ചു ജീവിച്ചു മരിച്ച മഹാന്മാരായ അസുരന്മാര്‍ ആയിരുന്നുവെന്ന് സ്ഥാപിക്കലല്ല അത്തരം വായനകളുടെ ആത്യന്തിക ലക്ഷ്യം .അസുരന്‍ ഒരു യാഥാര്‍ഥ്യം ആണെന്ന് സമ്മതിച്ചാല്‍ ദേവന്മാരും ഒരു യാഥാര്‍ഥ്യം ആയി മാറും .അത്തരം വായനകള്‍ വര്‍ത്തമാന ലോകത്തിലെ അധികാര വ്യവസ്ഥകളെ ,അതിലൂടെ അധീശ വര്‍ഗ്ഗങ്ങള്‍ (ജാതികള്‍ )(Class is enclosed caste)മുന്നോട്ടു വയ്ക്കുന്ന മൂല്യബോധങ്ങളെ പരോക്ഷമായി സാധൂകരിക്കുകയാണ് ചെയ്യുന്നതെന്ന വലിയ തത്വത്തെ നാം തിരിച്ചറിയണം .നിലവിലുള്ള ജനാധിപത്യ മതേതര ഇന്ത്യന്‍ സമൂഹത്തിനകത്ത് നിന്നുകൊണ്ട് സവര്‍ണ്ണ സമൂഹങ്ങള്‍ ഇന്നും മടികൂടാതെ പുലര്‍ത്തുന്ന ജാതി അയിത്തങ്ങളേയും അസ്പൃശ്യതകളേയും അധികാര നിഷേധങ്ങളേയും അവകാശ നിഷേധങ്ങളേയും വിഭവ നിഷേധങ്ങളേയും പ്രശ്‌നവല്‍ക്കരിക്കാനും അവയെ പറ്റി കീഴാള ജനതകളിലേക്ക് കൂടുതല്‍ കൂടുതല്‍ ആഴത്തിലുള്ള അറിവുകള്‍ ഉണ്ടാക്കാനും , അവരനുഭവിക്കുന്ന നീതി നിഷേധങ്ങളെപറ്റിയുള്ള അവബോധം നിര്‍മ്മിക്കാനും ആയിരിക്കണം കൃതികളുടെ കീഴാള വായനകള്‍ ലക്ഷ്യമിടേണ്ടത് .അല്ലാതെ രാമനും രാവണനും ദൈവങ്ങളോ മനുഷ്യരോ എന്ന് സ്ഥാപിക്കലല്ല അത്തരം വായനകളുടെ കീഴാള ലക്ഷ്യം .
ഡാര്‍വിനും ശാസ്ത്രവും തലകുത്തിനിന്ന് പരിശ്രമിച്ചിട്ടും ഇന്നും മണ്ണും മനുഷ്യരേയും മറ്റു ജീവജാലങ്ങളേയും ഉണ്ടാക്കിയത് ദൈവമാണെന്ന് കരുതാനാണ് നമുക്കിഷ്ടം .ആരാണ് പരിണാമ സിദ്ധാന്തത്തിന്റെ പിതാവെന്ന ചോദ്യത്തിന് ഡാര്‍വിനെന്ന് ഉത്തരമെഴുതിയിട്ട് ‘ദൈവമേ ഈ ഉത്തരം ശരിയാവണേ’ എന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് നമ്മളില്‍ പലരും .
ലോകത്തെല്ലായിടത്തും ഈ ഒരു വൈരുധ്യം നിലനില്‍ക്കുന്നുണ്ട് .ഈ വൈരുധ്യമാണ് വലതുപക്ഷ തീവ്രവാദത്തിന്റെ വളക്കൂറ് .എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തുന്ന മട്ടിലുള്ള സവര്‍ണ്ണ സംഘിബോധം പുലര്‍ത്തുന്ന ഇടതുപക്ഷ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ ഞാന്‍ കണ്ടിട്ടുണ്ട് .ജാതിയും മതവും ഒക്കെ കഴിഞ്ഞിട്ടേ ഉള്ളൂ രാഷ്ട്രീയം ,കല്യാണം കഴിച്ചാല്‍ അത് സ്വന്തം ജാതിയില്‍ നിന്നും മതത്തില്‍ നിന്നുമേ ഉണ്ടാകൂ എന്ന് പരസ്യമായി പറയുന്നവരെ എത്രവേണമെങ്കിലും കാണിച്ചുതരാം .ഇടതുപക്ഷക്കാരന്‍ ആണെങ്കില്‍ ജാതിയും മതവും നോക്കി കല്യാണം കഴിക്കണം എന്നര്‍ത്ഥത്തില്‍ അല്ല ഞാനിത് പറയുന്നത് മറിച്ച് ഒരാശയം എന്ന നിലയില്‍ പോലും ജാതിവിരുദ്ധതയും മതേതരബോധവും മിക്ക ഇടതുപക്ഷക്കാരിലും ഇല്ലായെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചത് .
ഡാര്‍വിന്‍ തോറ്റിടത്ത് ബൈബിളും ഖുര്‍ആനും രാമായണവും വിജയിക്കുമ്പോള്‍ ,ശാസ്ത്രീയ കമ്യൂണിസത്തേക്കാളും തൊഴിലാളി സര്‍വ്വാധിപത്യത്തേക്കാളും തനിക്ക് നല്ലത് ബ്രാഹ്മണ മേധാവിത്വവും സവര്‍ണ്ണ അധീശത്വവും ആണെന്ന് സവര്‍ണ്ണ കമ്യൂണിസ്റ്റ് കരുതുന്നതിനെ എങ്ങനെ തെറ്റാണെന്ന് പറയാന്‍ കഴിയും .ജാതിബദ്ധ സമൂഹത്തിനകത്ത് ജീവിച്ചുകൊണ്ട് ജാതിയുടെ സവിശേഷ അധികാരങ്ങളും അവശതകളും അനുഭവിക്കുന്ന ആളുകള്‍ ഒരേ മനസോടെ ജാതിരഹിത വര്‍ഗ്ഗരഹിത സമൂഹത്തിനായി കൈകോര്‍ക്കുമെന്നുള്ളത് ശുദ്ധ വിഡ്ഢിത്തമാണ് .
ജാതിയുടെ സവിശേഷമായ അധികാരങ്ങളും അവകാശങ്ങളും അനുഭവിക്കുന്നവര്‍ അതൊക്കെ തങ്ങളുടെ അടിമകള്‍ക്കായി വേണ്ടെന്ന് വയ്ക്കുമെന്നുള്ളതൊക്കെ മാവേലി തിരിച്ചുവരുമെന്ന് കരുതുന്നതുപോലുള്ള ഒരു ഭാവന മാത്രമാണ് .ജാതിയേയും ജാതിയുടെ സവിശേഷമായ പ്രശ്‌നങ്ങളേയും അഭിസംബോധന ചെയ്യാതെ ഇടതുപക്ഷത്തിന് മുന്‍പോട്ടു പോകാന്‍ കഴിയില്ല .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Shansing
August 30, 2019 at 9:57 am
മണ്ണും മനുഷ്യനും ജീവജാലകങ്ങളും ദൈവമാണ് ഉണ്ടാക്കിയത് എന്ന് ഇഷ്ടപ്പെടുക മാത്രമല്ല അങ്ങനെ ആത്മാർത്ഥ മായും വിശ്വസികുകയും ചെയുന്നു ഈ പരിസരത്ത് നിന്നു മാണ് ഇതിനെ ദൈവത്തിന്റെ നിർമിതിയിൽ പെട്ട ജാതിയെയും അതിന്റെ ഭിഭാതസകത്തെയും ചർച്ച ചെയ്യുന്നതും പലരും സമരത്തിൽ എത്തിയതും. വിവിധ തരത്തിലുള്ള കിഴാള ജാതി സമരങ്ങൾ എങ്ങനെ അതല്ലാതെ പോകുന്നു എന്നതും ഇത് പരിശോധിച്ചാൽ മനസിലാകും ആശയവാദ അടിത്തറയിൽ നിന്ന് നടത്തുന്ന ജാതി വിരുദ്ധ സമരങ്ങൾ ഇന്നത്തെ മറ്റ് സമരങ്ങളെ പോലെ ഫല സൂന്യ മായി മാറിക്കൊണ്ടിരിക്കുകയാണ് സവർണ കമ്യൂണിസ്റ് ബോധവും കേവല കിഴാള ബോധവും ഒന്നായി തിരുന്നത് ഇതുകൊണ്ടാണ്. ജനാധിപത്യം പൂത്തുലഞ്ഞു നിൽക്കുന്ന ഈ കാലത്താണ് സവർണ സംഘങ്ങൾ ദളിത് പിന്നോക്ക ന്യുന പക്ഷങ്ങളെയും നിർബാധം കൊന്ന് തള്ളികൊണ്ടിരിക്കുന്നത് അപ്പോ നമുക്ക് ഇവിടെ ജനാതിപത്യം ചർച്ച ചെയാം