മദ്രസ നിരോധനത്തിന്റെ ഫാസിസ്റ്റ് രാഷ്ട്രീയം

മുസ്ലിം വിരുദ്ധതയും സംഘപരിവാറിന്റെ വംശവിച്ഛേദ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഭരണസംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ ക്രൂരമായ ഉദാഹരണവുമാണ് മദ്രസകളുടെ നേര്‍ക്കുള്ള ഈ കടന്നുകയറ്റം

ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട്, മദ്രസകള്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം മദ്രസകളെ നിരീക്ഷിക്കാനും പരിശോധനക്ക് വിധേയമാക്കാനുമുള്ള ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ സര്‍വ്വേ പദ്ധതി പ്രഖ്യാപനവും ഇപ്പോഴത്തെ ബാലാവകാശ കമ്മീഷന്റെ അസംബന്ധ നിര്‍ദ്ദേശവും മുസ്ലിം മത സ്വത്വത്തെ തന്നെ വിച്ഛേദിക്കാനുള്ള നിഗൂഢ കര്‍മ്മ പദ്ധതിയായി കാണേണ്ടിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഇതിനകം മദ്രസകളെക്കുറിച്ച് തീവ്രവാദത്തിന്റെ പേരില്‍ വ്യാജ ഉത്കണ്ഠ പടര്‍ത്തുകയും, സര്‍വ്വേ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്.

2023 മെയ് മാസത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത് മദ്രസകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത വിധം അടച്ചുപൂട്ടണമെന്നാണ്. ഉത്തര്‍പ്രദേശിന് സമാനമായി മദ്രസകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ സര്‍വ്വേ നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും പ്രഖ്യാപിക്കുകയുണ്ടായി. കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് എന്നാണ് ഇവരുടെ കപട ഭാഷ്യം. അസമില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ 664 മദ്രസകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഹൈന്ദവ തത്ത്വങ്ങള്‍ പഠിപ്പിക്കുന്ന 100 സര്‍ക്കാര്‍ നിയന്ത്രിത സംസ്‌കൃത പാഠശാലകളും 500 സ്വകാര്യ സംസ്‌കൃത പാഠശാലകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിരോധനം ഈ സ്ഥാപനങ്ങള്‍ക്കൊന്നും ബാധകമല്ല. ഈ പാഠശാലകള്‍ക്ക് പൊതു ഫണ്ട് പോലും വിനിയോഗിക്കുന്ന ഹിമന്ത ബിശ്വ ശര്‍മ മദ്രസകള്‍ക്ക് മാത്രമായി വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഈ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ബിജെപി ഭരിച്ചിരുന്ന കാലയളവില്‍ കര്‍ണാടകയും മദ്രസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു. കുട്ടികള്‍ക്ക് വേണ്ട വിദ്യാഭ്യാസം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് മദ്രസകളില്‍ നടക്കുന്നതെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും ബി ജെ പി. എം എല്‍ എയുമായ എം പി രേണുകാചാര്യ ആരോപിച്ചിരുന്നു. മദ്രസകള്‍ തീവ്രവാദികളെ വളര്‍ത്തുന്നുവെന്നാണ് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂര്‍ ആരോപിച്ചത്. നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണെങ്കില്‍ തീവ്രവാദികളെല്ലാം തന്നെമദ്രസയില്‍ പഠിച്ചവരാണെന്ന് മനസ്സിലാക്കാം എന്നാണവര്‍ പറഞ്ഞത്.

മുസ്ലിം വിരുദ്ധതയും സംഘപരിവാറിന്റെ വംശവിച്ഛേദ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഭരണസംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ ക്രൂരമായ ഉദാഹരണവുമാണ് മദ്രസകളുടെ നേര്‍ക്കുള്ള ഈ കടന്നുകയറ്റം. 2014 ലെ ഇലക്ഷന്‍ പ്രചരണ കാലത്ത് 1905ലെ ബംഗാള്‍ വിഭജനത്തെക്കുറിച്ചുള്ള പഠനവും സര്‍വ്വേയും പ്രചരിപ്പിച്ചതിന്റെ ഹിന്ദുത്വ ലക്ഷ്യം നാം കണ്ടതാണ്. കൊച്ചുകുട്ടികളുടെ മദ്രസകളെ മറ്റൊരു വംശീയ പോര്‍ക്കളമാക്കി മാറ്റാനുള്ള സംഘപരിവാര്‍ ഭരണകൂടശ്രമങ്ങളെ ചരിത്രപരമായി തന്നെ മനസ്സിലാക്കേണ്ടതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുസ്ലിം ജനവിഭാഗങ്ങളില്‍ ഭൂരിഭാഗത്തിന്റെയും സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണം അവര്‍ മദ്രസാ വിദ്യാഭ്യാസം നേടുന്നതുകൊണ്ടാണ് എന്നാണ് ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട ഒരു പൊതുബോധം.

മദ്രസകള്‍ മതമൗലികവാദികളുടെ നഴ്‌സറിയാണെന്നാണ് മറ്റൊരു വാദവും വ്യാപകമായ പ്രചരണവും. സെപ്റ്റംബര്‍ 11ന് ലോകസാമ്രാജ്യത്വത്തിന്റെ കൊടിമരമായ കെട്ടിടം (World Trade Centre) ആക്രമിക്കപ്പെട്ടതിനു ശേഷം ഈ വാദമുഖങ്ങള്‍ കൂടുതല്‍ വ്യാപകമായി ജനങ്ങള്‍ക്കിടയില്‍ വിന്യസിക്കപ്പെടുകയുണ്ടായി. പലപ്പോഴും ഭീകരതക്കെതിരെയുള്ള യുദ്ധം (War on Terror) എന്ന അമേരിക്കന്‍ മുദ്രാവാക്യത്തിന്റെ അടിത്തറ തന്നെ മദ്രസകള്‍ കേന്ദ്രീകരിച്ചുള്ള വസ്തുതാ വിരുദ്ധ അപരാധങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ഇന്ത്യന്‍ മുസ്ലിങ്ങളെ നേരിയതോതില്‍ പോലും വശീകരിക്കാനോ സ്വാധീനിക്കാനോ അല്‍- ഖ്വയ്ദക്ക് കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ, ഇന്ത്യന്‍ അധികാര രാഷ്ട്രീയ വര്‍ഗ്ഗം മദ്രസാ കേന്ദ്രീകരിച്ചുള്ള വംശീയ കെട്ടുകഥകളെ ഉപജീവിച്ചു പോന്നു.

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പോലും 2002ല്‍ മദ്രസകളെ കുറിച്ചുള്ള പ്രചരണങ്ങള്‍ അംഗീകരിച്ച് മേലൊപ്പു വെച്ചു എന്നതില്‍ അത്ഭുതപ്പെടാനില്ല. മദ്രസകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കശ്മലമായ മാനസികാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ 2006 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് (The Sachar Committee Report) അനുഭവസിദ്ധമായ തെളിവുകള്‍ നിരത്തി പൂര്‍ണമായും അസാധുവാക്കുന്നുണ്ട്. ദേശീയതലത്തില്‍ വെറും 3% മുസ്ലിം കുട്ടികള്‍ മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസ പ്രായത്തില്‍ മദ്രസകളില്‍ പഠിക്കുന്നുള്ളൂ എന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തി. അതുപോലെ മദ്രസകളും മക്താബുകളും കൃത്യമായി വേര്‍തിരിച്ച് രേഖപ്പെടുത്തി പഠന വിധേയമാക്കുകയുണ്ടായി. പള്ളികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അയല്‍പക്ക വിദ്യാലയങ്ങളായ മക്താബില്‍ പഠിക്കുന്ന കുട്ടികള്‍ മുഖ്യധാരാ വിദ്യാലയങ്ങളില്‍ നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം നേടുന്നവരാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്.

ഇന്ത്യന്‍ മുസ്ലിം ജനതയുടെ 6.3% മാത്രമാണ് ഈ രണ്ട് സ്ഥാപനങ്ങളിലും കൂടി പഠിക്കുന്നത് എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം കുട്ടികള്‍ ആധുനിക വിദ്യാഭ്യാസം നേടാന്‍ വളരെയേറെ അഭിലഷിക്കുന്നുവെന്നാണ് സച്ചാര്‍ കമ്മിറ്റിയുടെ സുപ്രധാനവും നിര്‍ണായകവുമായ നിരീക്ഷണം. തങ്ങളുടെ കുഞ്ഞുങ്ങളെ ഏറ്റവും മികച്ച സ്‌കൂളുകളിലും സ്ഥാപനങ്ങളിലും പ്രവേശിപ്പിച്ച് ആധുനിക വിദ്യാഭ്യാസം നല്‍കണമെന്ന് രക്ഷാകര്‍ത്താക്കള്‍ വളരെയേറെ ആഗ്രഹിക്കുന്നുവെന്നും, എന്നാല്‍ കടുത്ത ദാരിദ്ര്യം നിമിത്തമാണ് അവര്‍ക്ക് മികച്ച വിദ്യാഭ്യാസം അസാധ്യമാകുന്നത് എന്നും സച്ചാര്‍ കമ്മിറ്റി എടുത്തുപറയുന്നുണ്ട്. ദാരിദ്ര്യരേഖയുടെ ബന്ധനത്തില്‍ വരിഞ്ഞു മുറുകി നില്‍ക്കുന്ന ഈ ജനതയ്ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് സച്ചാര്‍ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഇതു നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിക്കൊണ്ടിരുന്നു. ഉത്തര്‍പ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ ഭരണകൂടങ്ങള്‍ ഈ നിരീക്ഷണങ്ങളെ അല്പം പോലും വിലമതിച്ചില്ല, എന്നുമാത്രമല്ല മുസ്ലീങ്ങളെ പ്രീതിപ്പെടുത്തുവാനുള്ള പ്രവര്‍ത്തനമാണെന്ന് ആക്ഷേപിച്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആഹ്വാനം ചെയ്തു.

ഇതൊക്കെയാണെങ്കിലും ഏറ്റവും ആശ്ചര്യകരമായ കാര്യം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ രാഷ്ട്രീയ-വംശീയ- പ്രാദേശിക-മതനിരപേക്ഷ ചര്‍ച്ചകളില്‍ നിന്നും പൂര്‍ണ്ണമായി അകന്നു നില്‍ക്കുകയും, മുസ്ലിം സമൂഹം നേരിടുന്ന ഭയാനകമായ വെല്ലുവിളികളെ മനസ്സിലാക്കാന്‍ ഇത്തരം വിഷയങ്ങള്‍ പഠന വിഷയമാക്കേണ്ടതാണെന്നുള്ള രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയുമായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യശാസ്ത്രപരമായ ആശയ സംഹിതകള്‍ക്കും പരസ്പരബന്ധമൊന്നുമില്ലെന്ന അരാഷ്ട്രീയ നിര്‍വചനമാണ് കമ്മിറ്റി മുന്നോട്ടുവച്ചത്. ഈ വ്യാഖ്യാനങ്ങള്‍ ഇന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ മദ്രസ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വേക്ക് വിധേയമാക്കണമെന്ന് പ്രഖ്യാപിക്കുന്ന സംഘപരിവാര്‍ ഭരണകൂടം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മതേതരത്വം, വംശീയത തുടങ്ങിയ ഗൗരവതരമായ കാര്യങ്ങള്‍ പരിഗണിക്കാതെ അപ്രായോഗികമായ സാങ്കല്പിക റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ് എന്ന് ഉയര്‍ത്തിക്കാട്ടി, മദ്രസ പ്രവര്‍ത്തനങ്ങളും മുസ്ലിം ക്ഷേമ പദ്ധതികളും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടപ്പാക്കാന്‍ പോകുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.

മദ്രസകളുടെ ചരിത്രം

മദ്രസകള്‍ക്ക് സുദീര്‍ഘമായ സങ്കീര്‍ണ ചരിത്രമുണ്ട്. ഒന്നാം സ്വാതന്ത്ര്യ കലാപത്തിനുശേഷം (post mutiny) ബ്രിട്ടീഷ് അധിനിവേശത്തിന്റെ ക്രൂരമായ പടയോട്ടങ്ങളില്‍ തങ്ങളുടെ അസ്തിത്വവും (identity) നിലനില്‍പ്പ് തന്നെയും അപകടത്തിലാകും എന്നതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം സ്വയം പ്രതിരോധത്തിന്റെ ഭാഗമായി മദ്രസകള്‍ സജീവമാക്കുന്നത്. മാത്രമല്ല കൊളോണിയല്‍ ഭരണകൂടം ക്രൈസ്തവ മൂല്യങ്ങള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുമെന്ന ഭയവും മദ്രസകളുടെ രൂപീകരണത്തിന് കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് രാജിന്റെ വിശ്വസ്തരായ പാദസേവകര്‍ (Loyal subjects for the British crown) ആക്കി തങ്ങളെ മാറ്റിയെടുക്കും എന്ന ചിന്തയില്‍ നിന്നാണ് മദ്രസകള്‍, പ്രത്യേകിച്ച് ദിയോബന്ത് (Deoband) സ്ഥാപനങ്ങള്‍ സ്റ്റേറ്റിന്റെ പിന്തുണയും സഹായവുമില്ലാതെ, ബാഹ്യ വ്യവഹാരങ്ങള്‍ക്ക് അടിമകളാകാതെ അതിജീവനം ഉറപ്പിച്ചു നിര്‍ത്തിയത്.

ബ്രിട്ടീഷ് രാജില്‍നിന്നുള്ള വിമോചനത്തിനും, സ്വയം ഭരണാധികാരം കൈവരിക്കുവാനും അതിശക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചു എന്ന് മാത്രമല്ല, വിഭജനത്തിനെതിരെ ധീരവും തീക്ഷ്ണവുമായ നിലപാടുകള്‍ മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കൊണ്ടു വരാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമായി.

മദ്രസകളും ആധുനികതയും എന്ന വിഷയത്തില്‍ (ബാലാവകാശവും പുരുഷാധിപത്യപരവുമായ പ്രശ്‌നങ്ങളെക്കുറിച്ച് സച്ചാര്‍ കമ്മിറ്റി സൂചിപ്പിക്കുന്നുണ്ട് ) ഇടപെടുകയാണെന്ന വ്യാജോക്തിയില്‍ സംഘപരിവാര്‍ സംസ്ഥാനങ്ങള്‍ മദ്രസ സര്‍വ്വേ എന്നപേരില്‍ ഇസ്ലാമോഫോബിയ ആയുധമാക്കി അവയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയാണ്. ഹിന്ദുത്വ ഫാസിസത്തിന്റെ ഭീതിപ്പെടുത്തുന്ന വ്യവഹാരങ്ങളിലൂടെ നുണകളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ച് ന്യൂനപക്ഷ വിരുദ്ധ സാമൂഹ്യ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മദ്രസ പ്രവര്‍ത്തനങ്ങളിലുള്ള ഇടപെടലുകള്‍ എന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ആര്‍എസ്എസിന്റെ ‘കാച് ദം യംഗ് ‘ പദ്ധതി

‘Catch them young, watch them grow’ എന്നതാണ് ആര്‍എസ്എസിന്റെ ആദര്‍ശസൂക്തം. മദ്രസകള്‍ തീവ്രവാദത്തിന്റെ പരിപാലന കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ മുതല്‍ പാഠപുസ്തകങ്ങള്‍ വരെ ഉപയോഗിച്ചാണ് കുട്ടികളെ തീവ്ര ഹിന്ദുത്വത്തിലേക്ക് ആകര്‍ഷിക്കുന്നത്. അതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ അധികാര കേന്ദ്രങ്ങളില്‍ വര്‍ഗീയവാദികളെയും തീവ്ര ദേശീയവാദികളെയും കൃത്യമായി പ്രതിഷ്ഠിച്ചിട്ടുണ്ട്.

ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പ്രസിഡന്റായിരുന്ന വ്യക്തിയും ഇപ്പോള്‍ ദേശീയ കാര്യ നിര്‍വാഹക സമിതി അംഗവും നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനുമായ ഗോവിന്ദ് പ്രസാദ് ശര്‍മ പറയുന്നത് അവരുടെ പുതിയ ചരിത്ര ‘കണ്ടുപിടുത്തങ്ങള്‍’ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നാണ്. വംശീയത പഠിപ്പിക്കാന്‍ പ്രത്യേക പാഠ്യപദ്ധതികള്‍ ഭരണകൂടം തന്നെ ആവിഷ്‌കരിക്കുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ”ഒരു പശു എഴുതുന്ന കത്ത് ‘ എന്ന പാഠം പഠിക്കാനുണ്ട്. ”Indianise, Nationalise and Spiritualise’ എന്ന മുദ്രാവാക്യമാണ് ആര്‍ എസ് എസ് നേതൃത്വത്തില്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 12,363 സ്‌കൂളുകളും 12,001 ഏകാധ്യാപക സ്‌കൂളുകളും ആയിരക്കണക്കിന് സാംസ്‌കാരിക കേന്ദ്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്.

തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണങ്ങള്‍ക്ക് പകരം, ഇതിഹാസങ്ങളെയും, പ്രാചീന ചരിത്ര ധാരണകളെയും മുസ്ലിം വിരുദ്ധമായി തിരുത്തിയെഴുതി അതിലൂടെ സവര്‍ണ്ണ ഹൈന്ദവ സാംസ്‌കാരിക മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള എല്ലാ വിധത്തിലുമുള്ള ശ്രമങ്ങളും രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണെന്ന് വിഖ്യാത ചരിത്രപണ്ഡിത റോമിലാ ഥാപ്പര്‍ മുന്നറിയിപ്പ് തരുന്നുണ്ട്.

വിദ്യാഭ്യാസ രംഗത്ത് ആര്‍ എസ് എസിന്റെ പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് പ്രധാനമന്ത്രിയുടെയും മാനവവിഭവശേഷി വകുപ്പിന്റെയും ഓഫീസുകളില്‍ വെച്ചാണെന്ന് ശിക്ഷ ബചാവോ ആന്ദോളന്‍ സമിതി സെക്രട്ടറി അതുല്‍ കോത്താരി വെളിപ്പെടുത്തുകയുണ്ടായി. ഗുജറാത്തിലും പഞ്ചാബിലും ആര്‍ എസ് എസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലേക്ക് നിയമവിരുദ്ധമായി അസമില്‍ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത 2016ല്‍ ഔട്ട്ലുക്ക് മാഗസിനില്‍ നേഹ ദീക്ഷിത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസമിലെ വിവിധ ഗോത്രങ്ങളിലെ 31 പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന ഭീതിദമായ സംഭവം നേഹ അതില്‍ വിശദീകരിക്കുന്നുണ്ട്. ഈ കുട്ടിക്കടത്ത് പ്രസിദ്ധീകരിച്ചതിന് ദിവസങ്ങള്‍ക്കകം തന്നെ ഔട്ട്ലുക്ക് ചീഫ് എഡിറ്റര്‍ കൃഷ്ണ പ്രസാദിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. ഇംഗ്ലീഷ് വായിക്കാനറിയാത്ത രക്ഷിതാക്കളെ സമ്മതപത്രത്തില്‍ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചിട്ടാണത്രേ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുട്ടികളെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയത്.നേഹ ദീക്ഷിതിന് അഭിമുഖം കൊടുത്ത രക്ഷിതാക്കള്‍ പറഞ്ഞത് ഒരു വര്‍ഷമായി അവരുടെ മക്കളെ കണ്ടിട്ടേയില്ലെന്നാണത്രേ.

ശിശു മന്ദിര്‍, ഭാരത് കല്യാണ്‍ പ്രതിസ്ഥാന്‍, സേവാ ഭാരതി, ഭാരതീയ ജന സേവാ സംസ്ഥാന്‍, വനവാസി കല്യാണ്‍ ആശ്രം, ശ്രീരാമ വിദ്യാ കേന്ദ്ര എന്നിങ്ങനെ വിവിധ പേരുകളില്‍ 32 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുള്ള വലിയ വിദ്യാഭ്യാസ സംവിധാനമായി ഇന്ന് ആര്‍എസ്എസിന്റെ വിദ്യാഭാരതി പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു.

ഗ്രാമ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂളുകള്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി ”സ്‌ക്രോള്‍ ഡോട്ട് ഇന്‍” വാര്‍ത്താ പോര്‍ട്ടല്‍ വെളിപ്പെടുത്തിയിരുന്നു. ഹരിയാനയിലെ സംസ്ഥാന മോറല്‍ ടീച്ചിംഗ് സിലബസ് തയ്യാറാക്കിയത് ആര്‍ എസ് എസ് പോഷക സംഘടനയായ ഭാരതീയ ശിക്ഷാ നിധി ആയോഗ് ചെയര്‍മാന്‍ ദിനാനത് ഭദ്രയാണ്. അദ്ദേഹം തന്നെയാണ് രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ മേഖലയും ”ഇന്ത്യന്‍” ആക്കണമെന്ന് നരേന്ദ്രമോദിയോട് ഉപദേശിച്ചതും. ചരിത്രപുസ്തകത്തില്‍ മുസ്ലിം – ഹിന്ദു യുദ്ധങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ആ ക്ലാസില്‍ ഇരിക്കുന്ന വിവിധ മതസ്ഥരായ കുട്ടികളുടെ മാനസികാവസ്ഥ നാം മനസ്സിലാക്കേണ്ടതുണ്ട്. ആര്‍ എസ് എസ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. പക്ഷേ, അധ്യാപന രീതിയും അവതരണവും സംഘപരിവാര്‍ അജന്‍ഡയനുസരിച്ചാണത്രേ.

ഒരേ തരം സ്വത്വങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഇന്ത്യന്‍ സാരോപദേശകഥകളെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എങ്ങനെയാണ് വായിച്ചെടുക്കേണ്ടത്? ഇന്ത്യന്‍ കുട്ടിക്കാലം ആരാണ് നിശ്ചയിക്കുന്നത്? ഇന്ത്യയിലെ ഭൂരിഭാഗം കുട്ടികളുടെ ജീവിതം കാച്ചിയ പാല്‍ കുടിക്കുന്നതും, അമ്പിളിമാമനും നെയ്പ്പായസവും നിറഞ്ഞതല്ല, അത് മീനിന്റെ മണവും, ഇറച്ചിയുടെ ചൂരും കലര്‍ന്നതായിരിക്കും. കുട്ടികളുടെ ജീവിതങ്ങള്‍ അത്ര ലളിതമല്ല. ഇന്ത്യന്‍ ജീവിതങ്ങള്‍ എത്രത്തോളം വിഭിന്നമാണോ അത്ര തന്നെ വൈജാത്യവും ബഹുസ്വരവും സങ്കീര്‍ണ്ണവുമാണ് ഇന്ത്യന്‍ ബാല്യവും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികള്‍ക്കിടയില്‍ അതിവേഗം നിര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നതാണ് അപരവിദ്വേഷമെന്ന് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണ സീരിയലുകളെ കുറിച്ചുള്ള പഠനത്തില്‍ റൊമില ഥാപ്പര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഘപരിവാര്‍ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും എം എസ് ഗോള്‍വാള്‍ക്കറുടെ ഉപദേശങ്ങള്‍ അടങ്ങിയ പുസ്തകമാണ് ഗൈഡായി നല്‍കുന്നതത്രേ. ഉത്തരാഖണ്ഡിലും ഗുജറാത്തിലും ആറുമുതല്‍ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ ഭഗവത്ഗീത ഉള്‍പ്പെടുത്തി. പഠനഭാരം കുറയ്ക്കാനെന്ന പേരില്‍, പുരോഗമന ആശയങ്ങളും മുഗള്‍ ഭരണകാലവും ഉള്‍പ്പെടുന്ന പാഠഭാഗങ്ങള്‍ എന്‍സിഇആര്‍ടി ഒഴിവാക്കി.

ഹിന്ദു നവോത്ഥാന നായകനായിരുന്ന രാജാറാം മോഹന്‍ റോയി ഉള്‍പ്പെടെ പല പ്രമുഖരും മദ്രസകളിലൂടെ പഠിച്ചു വളര്‍ന്നവരാണ്. എന്നിട്ട് അവരാരും ദേശവിരുദ്ധരായിട്ടില്ല. വര്‍ഗീയതയും തീവ്രവാദവും വംശീയതയും പോറ്റി വളര്‍ത്തുന്നതിനെതിരെ നടപടിയെടുക്കുകയാണെങ്കില്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ആയുധം നല്‍കുന്ന ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഒരു ദളിത് കുടുംബത്തിലെ രണ്ടു വയസ്സുകാരന്‍ ബാംഗ്ലൂരിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ക്ഷേത്രം അധികാരികള്‍ 23,000 രൂപ പിഴയടപ്പിച്ചതു പോലെ കുട്ടികളോടുള്ള ജാതി ഭീകരതകള്‍ പോലും അന്വേഷിക്കാന്‍ തയ്യാറല്ലാത്ത സര്‍ക്കാരാണ് മദ്രസകളുടെ പ്രവര്‍ത്തനം വിലയിരുത്താനും അടച്ചുപൂട്ടാനും ശ്രമിക്കുന്നത്.

ആസൂത്രിതമായി കുട്ടികളുടെ മനസ്സിലേക്ക് വംശീയ ബോധവും തീവ്രദേശീയതയും വെറുപ്പിന്റെ പാഠങ്ങളും കുത്തിയിറക്കുന്ന സംഘപരിവാര്‍ വിദ്യാഭ്യാസ സംവിധാനങ്ങളെയാണൊ അതോ ഒരുതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും നാളിതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മദ്രസകളെയാണോ സമഗ്രമായ നിരീക്ഷണങ്ങള്‍ക്കും സര്‍വ്വേയ്ക്കും വിധേയമാക്കേണ്ടത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപരമായ ചോദ്യം..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply