ശുചിമുറികളില്‍ പോലും ബ്രാഹ്മണ്യം കൊടികുത്തിവാഴുന്ന ‘പ്രബുദ്ധ’കേരളം
ഇന്ത്യയില്‍ തന്നെ ജാതിവിരുദ്ധസമരങ്ങളുടേയും നവോത്ഥാന പോരാട്ടങ്ങളുടേയും വലിയ ചരിത്രങ്ങളാണല്ലോ കേരളത്തിനുള്ളത്. അതാകട്ടെ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നായിരുന്നു എന്നതാണ് ഏറ്റവും പ്രധാനം. കേരളം വലിയ സാമൂഹ്യപുരോഗതി നേടി എന്ന അവകാശവാദത്തിന്റെ അടിത്തറ ആ പോരാട്ടങ്ങളായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടായില്ല.
‘പ്രബുദ്ധകേരള’ത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നഹങ്കരിക്കുന്ന തൃശൂര്‍ നഗരത്തില്‍ കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന കുറ്റുമുക്ക് ശിവക്ഷേത്രത്തിലെ ക്ഷേത്രകുളത്തിനടുത്തെ ശുചിമുറിയാണല്ലോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായത്. മൂന്നു ശുചിമുറികള്‍ കാണുമ്പോള്‍ പലരും വിചാരിക്കാന്‍ സാധ്യത ഒന്നു പുരുഷന്മാര്‍ക്കും ഒന്ന് സ്ത്രീകള്‍ക്കും ഒന്ന് ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍ക്കുമായിരിക്കും എന്നാണല്ലോ. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. ഒന്നു ബ്രാഹ്മണര്‍ക്കാണ്. കേരളത്തില്‍ കക്കൂസില്‍ പോലും അയിത്തം നിലനില്‍ക്കുന്നു എന്നതിന്റെ ഉച്ചത്തിലുള്ള പ്രഖ്യാപനം.
ഇന്ത്യയില്‍ തന്നെ ജാതിവിരുദ്ധസമരങ്ങളുടേയും നവോത്ഥാന പോരാട്ടങ്ങളുടേയും വലിയ ചരിത്രങ്ങളാണല്ലോ കേരളത്തിനുള്ളത്. അതാകട്ടെ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നായിരുന്നു എന്നതാണ് ഏറ്റവും പ്രധാനം. കേരളം വലിയ സാമൂഹ്യപുരോഗതി നേടി എന്ന അവകാശവാദത്തിന്റെ അടിത്തറ ആ പോരാട്ടങ്ങളായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടായില്ല. ആ പോരാട്ടങ്ങള്‍ സൃഷ്ടിച്ച സാമൂഹ്യവേലിയേറ്റങ്ങളെ മൂലധനമാക്കിയ പ്രസ്ഥാനങ്ങള്‍ പിന്നീട് ആ ധാരയെ മുന്നോട്ടുകൊണ്ടുപോയില്ല. വില്ലുവണ്ടിസമരത്തിനും മാറുമറക്കല്‍ പ്രക്ഷോഭത്തിനും ക്ഷേത്രപ്രവേശനവിളംബരത്തിനും മിശ്രഭോജനത്തിനും വഴിനടക്കല്‍ പോരാട്ടങ്ങള്‍ക്കും അരുവിപ്പുറം പ്രതിഷ്ഠക്കുമൊക്കെ കാലത്തിനനുസൃതമായ തുടര്‍ച്ചയുണ്ടാകാതിരുന്നത് അതുകൊണ്ടാണ്. അതിനാലാണ് ക്ഷേത്രങ്ങളില്‍ ഇപ്പോഴും മറ്റു മതസ്ഥര്‍ക്ക് പ്രവേശനമില്ലാത്തതും പൂജാദികര്‍മ്മങ്ങളിലും ക്ഷേത്രകലകളിലും മറ്റും അവര്‍ണ്ണര്‍ക്കും സ്ത്രീകള്‍ക്കും കാര്യമായ പങ്കാളിത്തമില്ലാത്തതും സ്ത്രീകള്‍ക്ക് ശബരിമലയിലടക്കം പ്രവേശനമില്ലാത്തതും നവോത്ഥാനത്തിന്റെ നേരവകാശികള്‍ എന്നവകാശപ്പെടുന്നവര്‍ പോലും അതിനെ പിന്തുണക്കുന്നതും പ്രണയമില്ലാതെ കാര്യമായി മിശ്രവിവാഹങ്ങള്‍ നടക്കാത്തതും പേരില്‍ ജാതിവാലുകള്‍ കൂടിവരുന്നതും പുലയന്‍ മജിസ്‌ട്രേട്ടായാല്‍ പോലുള്ള പഴഞ്ചൊല്ലുകള്‍ നിലനില്‍ക്കുന്നതും ജാതിവിരുദ്ധരെന്നു സ്വയം അഭിമാനിക്കുന്നവര്‍ പോലും എസ് സി/എസ് ടി ഒഴികെ എന്നു പരസ്യം കൊടുക്കുന്നതും കേരളീയതയെന്നാല്‍ സവര്‍ണ്ണതയാണെന്ന് നിരവധി ചിഹ്നങ്ങളിലൂടെയും ആഘോഷങ്ങലിലൂടേയും നിരന്തരമായി സ്ഥാപിക്കുന്നതും. ദളിതര്‍ കോളനികളില്‍ അരികുവല്‍ക്കരിക്കപ്പെടുന്നതും ജാതി, മത വിവാഹബ്യൂറോകള്‍ നിലനില്‍ക്കുന്നതും ഹാദിയമാരും കെവിന്‍മാരും വിനായകന്മാരും മധുമാരും ജിഷമാരുമൊക്കെ ഉണ്ടാകുന്നതും….. ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാനാകും. അതിലേക്കാണ് കുറ്റുമുക്കിലെ ഈ ശുചിമുറിയും സ്ഥാനം പിടിക്കുന്നത്.
നവോത്ഥാനത്തിന്റേയും സാമൂഹ്യനീതിയുടേയും രാഷ്ട്രീയത്തെ വഴിയിലുപേക്ഷിച്ച് കക്ഷിരാഷ്ട്രീയത്തിലും വര്‍ഗ്ഗരാഷ്ട്രീയത്തിലും ഊന്നിയുള്ള സാമൂഹ്യപ്രവര്‍ത്തനമാണ് കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥക്ക് പ്രധാന കാരണമായത്. നേടിയെന്നു നമ്മള്‍ കരുതിയ സാമൂഹ്യനേട്ടങ്ങളെയെല്ലാം വേലിയിറക്കങ്ങള്‍ തിരിച്ചുകൊണ്ടുപോയി കഴിഞ്ഞു. ഇപ്പോഴും ഇന്ത്യയിലെ മറ്റനവധി ഭാഗങ്ങളിലെന്നപോലെ ഇവിടേയും മുന്‍കൈ നേടിയിരിക്കുന്നത് ഭരണഘടനാമൂല്യങ്ങളല്ല, മനുസ്മൃതി മൂല്യങ്ങളാണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ ശുചിമുറികള്‍. ഇക്കാര്യത്തില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും അപവാദമല്ല. ഈ ശുചിമുറികള്‍ നിലനില്‍ക്കുന്ന കുറ്റുമുക്കു ക്ഷേത്രസമിതിയില്‍ പ്രധാന പാര്‍ട്ടികളുടെയെല്ലാം പങ്കാളിത്തമുണ്ടെന്നാണറിവ്. സിപിഎം നേതാവും തൃശ്ശൂര്‍ കോര്‍പറേഷനിലെ ചേറൂര്‍ വാര്‍ഡ് അംഗവുമായ പ്രേമകുമാരനാണ് കുറ്റുമുക്ക് മഹാദേവക്ഷേത്ര ദേവസ്വം സെക്രട്ടറി. ഒരഭിപ്രായഭിന്നതയുമില്ലാതെ, വളരെ ഐക്യത്തോടെയാണത്രെ അവര്‍ ക്ഷേത്രഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിന്റെ വികസിതരൂപം തന്നെയാണ് കേരളത്തിന്റെ സാമൂഹ്യ – രാഷ്ട്രീയ ജീവിതത്തിലും കാണുന്നത്. പരസ്പരം കടിപിടി കൂടുന്നു എന്നു വിശ്വസിക്കപ്പെടുന്നവരെല്ലാം ഇത്തരം അടിസ്ഥാനപ്രശ്‌നങ്ങളില്‍ ഭിന്നതയില്ലാത്തവരാണ്. ഇന്നും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ അടിത്തറയായി നിലനില്‍ക്കുന്ന ഈ മനുസ്മൃതി മൂല്യങ്ങളെ തകര്‍ക്കാന്ാവുമോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കേരളത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in