ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം

But you are a potential threat to our Government and us.

കവിത

അന്നൊരു വെള്ളിയാഴ്ചയായിരിക്കും
ശനിയും ഞായറും കോടതിയവധിയായിരിക്കും .
അല്ലെങ്കില്‍ തന്നെ
അതെന്നെയോ അവരെയോ ബാധിക്കാനിടയില്ല .

അവര്‍ വരുമ്പോള്‍ ,
ഞാന്‍ ജനലരുകില്‍ നില്ക്കുകയായിരിക്കും
ചെയര്‍മാന്‍ മാവോയുടെ പോയിട്ട്
മിനിമം ഇ.കെ.നായനാരുടെ പോലുമൊരു ചിത്രമില്ലാത്ത മുറി അവരെയമ്പരപ്പിച്ചേക്കാം .
തടിച്ച പുസ്തകങ്ങളൊന്നുമില്ലാത്ത അലമാരയില്‍ നിന്നും
കെ പി ഏ സിയുടെ പഴയ നാടകഗാനങ്ങളവര്‍ക്കു കിട്ടും
പെരുമാട്ടു കാളിയുടെ കഥ കൊണ്ടടയാളം വെച്ച
പൊന്നരിവാളമ്പിളിയിലെന്ന പാട്ടുള്ള പേജ്
അവര്‍ തുറന്നു നോക്കും .
അച്ചടി തെളിയാത്ത വരികളിലമ്മ പൂരിപ്പിച്ച
പാട്ടവരെയമ്പരപ്പിക്കും .

അവരിലെ പ്രധാനിയെന്നോട് ചോദിക്കും

നിങ്ങളെഴുതിയ പുസ്തകങ്ങള്‍ ?
ഇല്ല .
നിങ്ങളെഴുതിയ പാട്ടുകള്‍ ?
ഇല്ല .
നിങ്ങളുടെ പ്രസംഗങ്ങള്‍ ?
ഇല്ല .
നിങ്ങളുടെ കവിതകള്‍ ?
ഇല്ല .
നിങ്ങളുടെ സംഘം ?
ഇല്ല .

But you are a potential threat to our Government and us.

ഒന്നും മിണ്ടരുതെന്ന് വിചാരിക്കുമെങ്കിലുമിങ്ങനെ പറഞ്ഞുപോകും
ആരുടെ ഗവണ്‍മെന്റ്
ആരാണ് നിങ്ങള്‍
ജനങ്ങളെക്കുറിച്ച് പറയൂ.
അപ്പോള്‍ ഞാന്‍ വിറയ്ക്കുമായിരിക്കും.
മഴപെയ്യുമെന്നോര്‍ത്ത് മുല്ലയ്ക്ക് വെള്ളമൊഴിക്കാന്‍
മറന്നതോര്‍ത്ത് അവളെ വിളിക്കാനായും .

അവനെ ചേര്‍ത്ത് പിടിച്ചവള്‍ നില്ക്കും
അവരുടെ ആന്തരിക ഭാഷണം വ്യക്തമായി ഞാന്‍ കേള്‍ക്കും.
”അച്ഛനെയവരൊന്നും ചെയ്യില്ല ,തിരികെ വരും ‘
‘അച്ഛനിനി വരില്ല ,എനിക്കറിയാം ‘
ഇതുവരെ ഞാനിടാത്ത പുതിയ ചെരുപ്പെടുക്കാനവനോടും.
എന്നെയോര്‍ത്തോര്‍ത്തവള്‍ മുറിച്ച കൈത്തണ്ടയിലേക്കോ
അവളുടെ കണ്ണിലേക്കോ ഞാന്‍ നോക്കില്ല .

അവരെന്നെ വിലങ്ങു വെയ്ക്കില്ല .
മുന്നേ നടന്നയാള്‍ ബൂട്ടൂരാതെ വീട്ടില്‍ കയറിയത്
എനിക്കിഷ്ടമാകില്ല .
അപ്പൂപ്പന്റെ മനോഹരമായ കൈപ്പട കാണാന്‍
മകന്‍ തുറന്നിട്ട 1975 ലെ ഡയറിയില്‍
അയാള്‍ ബൂട്ടിട്ടു ചവുട്ടി നടക്കും .
(അപ്പോഴായിരിക്കുമവള്‍ ആദ്യമായി കരയുക )
പുതിയ ചെരുപ്പിട്ട് ഞാന്‍ ജീപ്പില്‍ കയറും .
അടഞ്ഞ ലെവല്‍ ക്രോസ്സിനിപ്പുറം ജീപ്പ് നിര്‍ത്തുമ്പോള്‍
ദില്ലിയിലേക്കുള്ള കേരള എക്‌സ്‌പ്രെസ്സ് കടന്നുപോകും .
ആ ട്രെയിനിലിരുന്ന് ദില്ലിയിലെവിടെയോയുള്ള
ഇരുണ്ട കെട്ടിടത്തിലെ
പത്താംനമ്പര്‍ ടോര്‍ച്ചര്‍ മുറിയെക്കുറിച്ച് ചിന്തിക്കുന്ന
പട്ടാളക്കാരനെയോര്‍ക്കും .

മേല്ലെപ്പോകുന്ന ട്രയിനിലെ കംപാര്‍ട്ട്‌മെന്റുകള്‍ക്കിടയിലൂടെ
അപ്പുറം കിടക്കുന്ന ഓട്ടോകളിലൊന്നില്‍
അമ്മയുണ്ടാകുമെന്നു ഞാന്‍ കരുതും .
അമ്മ കാണാതമ്മയെ കാണാമെന്നു കരുതും .
(ഒത്തിരി വര്‍ഷമായിട്ടും മാറാത്ത അമ്മയ്ക്കിഷ്ടമുള്ള സെന്റ് ജോര്ജ്ച കുട കയ്യില്‍ കാണും )
അച്ഛന്‍ അമ്മയ്‌ക്കെഴുതിക്കൊടുത്ത പാട്ടുള്ള പേജിലായിരിക്കുമോ ബൂട്ടിന്റെ പാട് പതിഞ്ഞിരിക്കുക .
ആവാനിടയില്ല
നീല മഷിക്കും ചുവന്ന മഷിക്കും വരച്ച
റോസാപ്പൂവുള്ള പേജ് .
ആവാനിടയില്ല .
ഒരിയ്ക്കലുമാവാനിടയില്ല .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply