വില്‍ക്കുന്നത് എല്‍ ഐ സിയെയല്ല, രാജ്യത്തെയാണ്
എല്‍ഐസിയില്‍ സര്‍ക്കാരിന്റെ മുതല്‍മുടക്ക് വെറും അഞ്ചുകോടി രൂപമാത്രമാണ്. ഇതില്‍ ഏറ്റവും രസകരമായ വസ്തുത ഓഹരി വില്‍ക്കാന്‍ തീരുമാനമെടുക്കുന്നതിന്റെ തലേദിവസത്തെ എല്‍ഐസിയുടെ വരുമാനം 1228 കോടി രൂപയാണ്. ഇത് സര്‍വകാല റെക്കോഡാണ്. ഈ മേഖലയില്‍ 23 സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിച്ചിട്ടുപോലും കഴിഞ്ഞ മാസം എല്‍ഐസിയുടെ മാര്‍ക്കറ്റ് ഷെയര്‍ പ്രിമിയം വരുമാനത്തില്‍ 76 ശതമാനവും പോളിസി എണ്ണങ്ങളുടെ കാര്യത്തില്‍ 72 ശതമാനവും ആണ്.
എല്‍ഐസിയുടെ ഓഹരി വില്‍ക്കുന്നത് സാധാരണ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതുപോലെയല്ല. കാരണം, ഇതിലൂടെ ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരെ ഗവണ്‍മെന്റ് വഞ്ചിക്കുകയാണ്.
എല്‍ഐസിയുടെ പരിരക്ഷ ഇന്ത്യയില്‍ 40 കോടി ജനങ്ങള്‍ക്ക് കിട്ടുന്നുണ്ട്. ഇന്‍ഷുറന്‍സ് വ്യവസായത്തിനുതന്നെ മാതൃകയായ, 64 വര്‍ഷമായി ലോകജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ അക്ഷയഖനിയുടെ ഓഹരിവില്‍പ്പനയിലൂടെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇളകുമെന്നതില്‍ സംശയമില്ല. ഈ വില്‍പ്പനയിലൂടെ ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരെ ഗവണ്‍മെന്റ് വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഈ പൊന്‍മുട്ട ഇടുന്ന താറാവിനെ വില്‍ക്കുന്നത് ആരുടെ സ്വാര്‍ഥതാല്‍പര്യത്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ഇതുകൊണ്ട് സര്‍ക്കാരിന് എന്ത് പ്രയോജനമെന്നും മനസ്സിലാകുന്നില്ല.
എല്‍ഐസിയില്‍ സര്‍ക്കാരിന്റെ മുതല്‍മുടക്ക് വെറും അഞ്ചുകോടി രൂപമാത്രമാണ്. ഇതില്‍ ഏറ്റവും രസകരമായ വസ്തുത ഓഹരി വില്‍ക്കാന്‍ തീരുമാനമെടുക്കുന്നതിന്റെ തലേദിവസത്തെ എല്‍ഐസിയുടെ വരുമാനം 1228 കോടി രൂപയാണ്. ഇത് സര്‍വകാല റെക്കോഡാണ്. ഈ മേഖലയില്‍ 23 സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിച്ചിട്ടുപോലും കഴിഞ്ഞ മാസം എല്‍ഐസിയുടെ മാര്‍ക്കറ്റ് ഷെയര്‍ പ്രിമിയം വരുമാനത്തില്‍ 76 ശതമാനവും പോളിസി എണ്ണങ്ങളുടെ കാര്യത്തില്‍ 72 ശതമാനവും ആണ്.
40 കോടി ജനങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതോടൊപ്പം രാജ്യത്തിന്റെ പശ്ചാത്തലവികസനത്തിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതും എല്‍ഐസിയാണ്. പീപ്പിള്‍സ് മണി ഫോര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ എന്നതാണ് എല്‍ഐസിയുടെ അടിസ്ഥാന മുദ്രാവാക്യംതന്നെ. ജനങ്ങളുടെ പണം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കുന്നു. ഇതിന്റെ ഭാഗമായി സെന്‍ട്രല്‍ ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ക്ക് എല്‍ഐസി നല്‍കിയത് 10,34,828 കോടി രൂപയാണ്. സ്റ്റേറ്റ് ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും മറ്റുമായി 8,44,251 കോടി രൂപയും സോഷ്യല്‍ സെക്യൂരിറ്റി സെക്ടറില്‍ 2,61,027 കോടിയും ഹൗസിങ് മേഖലയില്‍ 54,285 കോടിയും റോഡ്, തുറമുഖം, പാലം, റെയില്‍വേ വികസനം എന്നിവയ്ക്കായി 65,620 കോടിയും വൈദ്യുതി ആവശ്യത്തിനായി 1,08,154 കോടിയും ജലസേചനം, സ്വീവറേജിനുമായി 1500 കോടി രൂപയും നല്കിയിട്ടുണ്ട്. പുതുതായി റെയില്‍വേ വികസനത്തിന് വെറും 7.1 ശതമാനം പലിശനിരക്കില്‍ 20 വര്‍ഷ കാലാവധിയോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ 70,000 കോടി രൂപയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
ഇങ്ങനെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ധനസ്ഥാപനമായ എല്‍ഐസി 29,84,331 കോടി രൂപ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കൂടാതെ 12-ാം പഞ്ചവത്സരപദ്ധതികള്‍ക്ക് 14,23,055 കോടിയാണ് നല്കിയത്. 13-ാം പഞ്ചവത്സരപദ്ധതികള്‍ക്ക് 7,01,483 കോടി നല്കിയിട്ടുണ്ട്. ഇതെല്ലാംതന്നെ ജനങ്ങളുടെ പൈസ എങ്ങനെ രാജ്യവികസനത്തിന് ഉപയോഗിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. പകരംവയ്ക്കാന്‍ ഇന്ന് ഇന്ത്യയില്‍ മറ്റൊരു ധനസ്ഥാപനവും ഇല്ലെന്നിരിക്കെ ഇതിന്റെ ഓഹരി വില്‍ക്കുന്നത് രാജ്യത്തെ വില്‍ക്കുന്നതിന് തുല്യമല്ലേ. 40 കോടി ജനങ്ങളെ വഞ്ചിക്കുകയല്ലേ.
അഞ്ചുകോടി മുതല്‍മുടക്കി ഇന്ന് 100 കോടി ആസ്തി കാണിക്കുന്ന എല്‍ഐസിയുടെ യഥാര്‍ഥ ആസ്തി 31.5 ലക്ഷം കോടിയും ലൈഫ് ഫണ്ട് 28.5 ലക്ഷം കോടി രൂപയുമാണ്. കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കിയത് കഴിഞ്ഞ വര്‍ഷംമാത്രം 2418.94 കോടിയാണ്. ഒമ്പതു വര്‍ഷത്തിനിടയില്‍ 10,000 കോടിയില്‍ അധികം ഡിവിഡന്റായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുമുണ്ട്. ലാഭവിഹിതത്തിന്റെ 95 ശതമാനം പോളിസി എടുത്തവര്‍ക്ക് ബോണസായി നല്കുന്നു. അഞ്ചുശതമാനം കേന്ദ്ര സര്‍ക്കാരിന് ഡിവിഡന്റായി നല്കുന്നു. ഇങ്ങനെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും രാഷ്ട്ര പുനര്‍നിര്‍മാണത്തിനും എല്‍ഐസി വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഈ വില്‍പ്പന രാജ്യതാല്‍പ്പര്യത്തിന് എതിരാണ്. അതുകൊണ്ടുതന്നെ ജീവനക്കാരുടെയോ ഏജന്റുമാരുടെയോ പ്രശ്‌നമല്ല. മറിച്ച് പോളിസി ഉപയോക്താക്കളായ 40 കോടി ജനങ്ങളുടെയും ഇനി ഉപയോക്താക്കളാകാനുള്ള നിരവധി യുവജനങ്ങളുടെയും പ്രശ്‌നമാണ്. എല്‍ഐസിയുടെ ഓഹരി വിറ്റാല്‍ സര്‍ക്കാരിന് ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം നിലയ്ക്കുന്നതോടൊപ്പം പോളിസി ഉപയോക്താക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സോവറിന്‍ ഗ്യാരന്റിയും നഷ്ടമാകും. അതുകൊണ്ടാണ് ഇന്ത്യയുടെ ജനങ്ങളുടെ പ്രശ്‌നമാണെന്ന് പറഞ്ഞത്.
ലോകത്തുതന്നെ കഴിഞ്ഞ 15 വര്‍ഷമായി ക്ലെയിം സെറ്റില്‍മെന്റില്‍ എല്‍ഐസി ഒന്നാം സ്ഥാനത്താണ്. 99.35 മുതല്‍ 99.99 വരെയാണ് ക്ലെയിം – സെറ്റില്‍മെന്റിന്റെ അനുപാതം. എല്‍ഐസിയുടെ ഓഹരി വിറ്റാല്‍ ഈ അനുപാതം വര്‍ധിക്കും. വ്യക്തമായി പറഞ്ഞാല്‍ പോളിസി എടുത്ത പലര്‍ക്കും ക്ലെയിം യഥാസമയം കിട്ടാത്ത അവസ്ഥയാകും. ഇത് സാമ്പത്തികരംഗം താറുമാറാക്കും. ഏതൊരു രാജ്യത്തെയും തകര്‍ക്കണമെങ്കില്‍ യുദ്ധമൊന്നും ആവശ്യമില്ല. ഈ പുതിയ കാലത്ത് ആ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സ് തകര്‍ത്താല്‍ രാജ്യം താനെ തകര്‍ന്നോളും. ഇന്ത്യന്‍ സാമ്പത്തികരംഗത്ത് ഇത്രയധികം സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും തുടര്‍ന്നും പ്രതീക്ഷിക്കുന്നതും ഇന്ത്യന്‍ ജനതയുടെ പൊതുസമ്പത്തായ എല്‍ഐസിയെ സംരക്ഷിക്കേണ്ടതും അതിലൂടെ ഇന്ത്യന്‍ സാമ്പത്തികരംഗം തകരാതെ സൂക്ഷിക്കേണ്ടതും രാജ്യസ്‌നേഹികളായ എല്ലാവരുടെയും കടമയാണ്.
ലേഖകന്‍ എല്‍ഐസിഎഒ ജനറല്‍ സെക്രട്ടറിയാണ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in