യാഥാര്‍ത്ഥ്യങ്ങള്‍ ഉറക്കെ പറയേണ്ട കൊറോണകാലം
വന്‍കിട കച്ചവട സ്ഥാപനങ്ങള്‍, മാളുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരം, വഴിവാണിഭം, ഹോട്ടലുകള്‍, ബസുകള്‍, ഓട്ടോകള്‍, മറ്റുവാഹനങ്ങള്‍, സിനിമ, സമാന്തരവിദ്യാഭ്യാസം, പരസ്യം, ആരാധനാലയങ്ങള്‍, പൊതുപരിപാടികള്‍, ആഭ്യന്തരടൂറിസം, നിര്‍മ്മാണമേഖല, മറ്റു സേവനമേഖലകള്‍, ആഘോഷങ്ങള്‍, വിവാഹം തുടങ്ങി ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളെല്ലാം അടയുകയാണ്. സത്യത്തില്‍ നോട്ടുനിരോധനവും ജിഎസ്ടിയും മുതലാരംഭിച്ച് ആരംഭത്തില്‍ പറഞ്ഞ പ്രകൃതി ദുരന്തങ്ങളില്‍ കൂടികടന്നുപോയ കേരളം നേരിടുന്ന പ്രതിസന്ധിയുടെ തുടര്‍ച്ച തന്നെയാണിത്. ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യം പറയാനുമില്ല.
ഒന്നുറപ്പ്. ദുരന്തങ്ങളിലൂടെയാണ് കുറച്ചുകാലമായി കേരളത്തിന്റെ പ്രയാണം. പ്രളയവും ഒക്കിയും നിപയും ഡങ്കിപനി, എലിപനി, കുരങ്ങുപനി, പക്ഷിപനി തുടങ്ങിയ പലവിധ പനികളെല്ലാം കഴിഞ്ഞ് ഇപ്പോഴിതാ കോവിഡ് 19. നിയന്ത്രണാതീതമെന്നൊക്കെ പറയാവുന്ന രീതിയില്‍ അതു വ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഏറ്റവും ഭയപ്പെടേണ്ടത് നമ്മള്‍ തന്നെയാണ്. ഓന്നാമത് പ്രവാസത്തെ ആശ്രയിച്ചു നില്‍ക്കുന്ന പ്രദേശമാണ് കേരളം എന്നതുതന്നെ. കൊറോണ ബാധിച്ച മിക്ക രാജ്യങ്ങളിലും മലയാളികള്‍ നിരവധിയാണ്. ചൈനയില്‍ എളുപ്പം ഡോക്ടറാവാനാണ് നാം പ്രധാനമായും പോകുന്നതെങ്കില്‍ രോഗം ബാധിച്ച പല യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴില്‍ ചെയ്യുന്നവരും പഠിക്കുന്നവരും ലക്ഷകണക്കിനു മലയാളികളാണ്. ഗള്‍ഫിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇതെല്ലാം മതിയല്ലോ രോഗസാധ്യതക്ക്. കഴിഞ്ഞില്ല. നമ്മുടെ ഏറ്റവും വലിയ നേട്ടമെന്നു പറയുന്ന ശരാശരി ആയുസ് വര്‍ദ്ധന ഇക്കാര്യത്തില്‍ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. 60 വയസ്സിനു താഴെയുള്ളവരില്‍ കൊറോണ മൂലമുള്ള മരണസാധ്യത 2-3 ശതമാനമാണെങ്കില്‍ വൃദ്ധരില്‍ അത് 15 ശതമാനത്തോളം വരും. അതൊരു വലിയ ആശങ്ക തന്നെയാണ്.
മറ്റു പലതിലുമെന്ന പോലെ, പ്രാഥമിക ആരോഗ്യമേഖലയിലെ കുറെ നേട്ടങ്ങളെ ചൂണ്ടികാട്ടി പൊതുവില്‍ അഹങ്കരിക്കുന്നവരാണല്ലോ നമ്മള്‍. എന്നാല്‍ അതോടൊപ്പം നമ്മള്‍ പലപ്പോഴും അഭിമുഖീകരിക്കാന്‍ മടിക്കുന്ന ഒന്നാണ് ആധുനികകാലത്തിന്റെ സംഭാവനകള്‍ എന്നു പറയപ്പെടുന്ന പല ജീവിതചര്യ രോഗങ്ങളിലും നമ്മള്‍ മുന്നിലാണെന്നത്. ഷുഗര്‍, പ്രഷര്‍, കരള്‍, വൃക്ക, കൊളസ്‌ട്രോള്‍, ഹൃദയസ്തംഭനം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളെല്ലാം രാജ്യത്തുതന്നെ വളരെ മുന്നിലാണ് നമ്മള്‍. ഇതില്‍ പലതും കൊറോണ വൈറസിന് അനുകൂലമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റൊന്നു കൂടി. ആരോഗ്യമേഖലയിലെ നേട്ടങ്ങളെ കുറിച്ചു പറയുമ്പോള്‍ മറ്റൊരു കാര്യവും സൗകര്യപൂര്‍വ്വം നമ്മള്‍ മറക്കുന്നു. മുകളില്‍ പറഞ്ഞ പല പനിയും വന്ന് കൂടുതല്‍ ജീവഹാനി ഉണ്ടാകുന്ന പ്രദേശവും മറ്റൊന്നല്ല എന്നത്. അതേസമയം ആശങ്ക അല്‍പ്പം കൂടിയോ എന്ന സംശയവും ഉന്നയിക്കുന്നവരുണ്ട്. മാളും ബീച്ചുമെല്ലാം അടച്ചിടണമെന്ന തിരുവനന്തപുരം കളക്ടറുടെ പ്രസ്താവനയെ മുഖ്യമന്ത്രിതന്നെ തിരുത്തിയല്ലോ.
ഒരുപക്ഷെ ഇപ്പറഞ്ഞതിനേക്കാള്‍ വലിയ ദുരന്തം മറ്റൊന്നാണ്. അതു നമ്മുടെ അവകാശവാദങ്ങളും അധികാരികളെ സ്തുതിക്കലുമാണ്. ഭരണാധികാരികളെ സ്തുതിക്കല്‍ ജനാധിപത്യത്തില്‍ ഒട്ടും ആശാസ്യമല്ല. മറിച്ച് ഉത്തരവാദിത്തബോധത്തോടെയുള്ള വിമര്‍ശനമാണ് അനിവാര്യം. മന്ത്രി പത്രസമ്മേളനം നടത്തി ഇമേജ് വര്‍ദ്ധിപ്പിക്കുന്നു എന്ന രീതിയിലുള്ള വിമര്‍ശനമല്ല ഉദ്ദേശിച്ചത്. ഗൗരവമായ വിമര്‍ശനമുന്നയിക്കുന്നവരെപോലും അക്രമിക്കുകയും രാജഭരണ ത്തില്‍ രാജാവിനെന്നപോലെ ഭരണാധികാരികളെ സ്തുതിക്കുന്നതും സ്വയം സമാനതകളില്ലാത്ത ജനതയാണ് നമ്മളെന്ന് അഹങ്കരിക്കുന്നതുമാണ് ഉദ്ദേശിക്കുന്നത്. 500 പേര്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത പ്രളയത്തെ നാം അതിജീവിച്ചു എന്നഹങ്കരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. അന്നു വിമര്‍ശനങ്ങളുന്നയിച്ചരെല്ലാം അപഹസിക്കപ്പെട്ടു. ഇപ്പോഴിതാ വീടുനഷ്ടപ്പെട്ടവര്‍ക്ക് 10000 രൂപ പോലും ലഭിക്കാത്തതിന്റേയും ദുരിതാശ്വാസനിധിയില്‍ നിന്നും പണം തട്ടിയെടുക്കുന്നതിന്റേയും കഥകളല്ലേ പുറത്തു വരുന്നത്? നിപയിലുണ്ടായ ജീവഹാനി ലോകനിലവാരത്തേക്കാള്‍ കുറഞ്ഞതൊന്നുമായിരുന്നില്ലല്ലോ. എന്തിനേറെ, ഇപ്പോള്‍ കോറോണയെ നേരിടുന്നതില്‍ നമ്പര്‍ വണ്‍ എന്നൊക്കെ അഹങ്കരിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളും ഇതുപോലെ പോരടിക്കുകയാണെന്നു മറക്കുന്നു. ഇത്തരം അവകാശവാദങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളെയും വീഴ്ചകളേയും മറച്ചുവെക്കാനും രോഗവ്യാപനം കൂടാനുമാണ് സഹായിക്കുക. അതോടൊപ്പം രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ആയുര്‍വേദവും ഹോമിയോയയുമെല്ലാം ഉപയോഗിക്കാമെന്നു പറഞ്ഞ ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ അടക്കമുള്ളവരുടെ പ്രസ്താവനകള്‍ ആധുനിക കാലത്തെ അന്ധവിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്.
കൊറോണ വിഷയത്തിലും എത്രയോ വീഴ്ചകള്‍ വന്നുകഴിഞ്ഞു. സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ഫെബ്രുവരി 26ലെ കേന്ദ്രനിര്‍ദ്ദേശം നടപ്പാക്കാന്‍ വൈകിയതുമുതല്‍ രോഗബാധിതനായ യുകെക്കാരന്‍ വിമാനം കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതുവരെ വീഴ്ചകള്‍ നിരവധി. നിര്‍ണ്ണായകമായിരുന്ന ഘട്ടത്തില്‍ പരിശോധനയില്‍ വന്ന വീഴ്ചയാണ് സംസ്ഥാനത്തെ രോഗബാധക്ക് പ്രധാന കാരണമായത്. പരിശോധിച്ച് വിട്ടയച്ചയാള്‍ക്ക് രോഗബാധ വന്നതും കെ എസ് ആര്‍ ടി സിയില്‍ വിദേശികള്‍ യാത്ര ചെയ്തതും ആറ്റുകാല്‍ പൊങ്കാലക്ക് അനുമതി നല്‍കിയതും ഇറ്റാലിയന്‍ ഭാഷ അറിയുന്ന ദ്വാഭാഷിയായ ഒരാളെ കണ്ടെത്താന്‍ വൈകിയതും നിരീക്ഷണത്തിലുള്ള പലരും ചാടിപോകുന്നതുമൊക്കെ ചെറിയ വീഴ്ചകളല്ല. അതെല്ലാം പറയുന്നവരെ ശത്രുക്കളായല്ല കാണേണ്ടത്. അവരെല്ലാം സര്‍ക്കാരിനെ തകര്‍ക്കാന്‍ വരുന്നവരാണെന്ന ധാരണയാണ് സൃഷ്ടിക്കുന്നത്. അതിനെതിരെയാണ് വ്യക്തിപൂജയുമായി സൈബര്‍ കൂട്ടം രംഗത്തിറങ്ങുന്നത്. ഈ ആരാധകര്‍ വിഷയത്തെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത് എന്നതാണ് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ മനസ്സിലാക്കേണ്ടത്.
ഇപ്പറഞ്ഞതിനെല്ലാം അര്‍ത്ഥം ആരോഗ്യവകുപ്പ് സക്രിയമായി രംഗത്തില്ല എന്നല്ല. തീര്‍ച്ചയായും ഉണ്ട്. പ്രളയകാലത്ത് നമ്മുടെ സേനയായിരുന്നു മത്സ്യത്തൊഴിലാളികളെങ്കില്‍ ഇന്നത് ആരോഗ്യപ്രവര്‍ത്തകരാണ്. തീര്‍ച്ചയായും മന്ത്രി അവര്‍ക്കുമുന്നില്‍ നിന്ന് പട നയിക്കുന്നുമുണ്ട്. ആഭ്യന്തരവും ഉന്നതവിദ്യാഭ്യാസവും പോലെയല്ല ആരോഗ്യവകുപ്പ് എന്നതും ശരിതന്നെ. സമൂഹത്തിനായി സ്വയം ഐസലോറ്റെഡ് ആകാന്‍ തയ്യാരാകുന്നവരേയും അഭിനന്ദിക്കണം. അപ്പോഴും ആവര്‍ത്തിക്കട്ടെ, വിമര്‍ശനങ്ങളോട് മുഖം തിരിക്കുകയല്ല ചെയ്യേണ്ടത്. തമാശ മറ്റൊന്നാണ്. ക്രിയാത്മക വിമര്‍ശനമുന്നയിക്കുന്നവര്‍ക്കുനേരെ ചാടിവീഴുന്നത് പ്രധാനമായും സിപിഎം പ്രവര്‍ത്തകരും അനുഭാവികളും തന്നെ. എന്നാല്‍ അവരാണ് പൊതുപരിപാടികള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ ശേഷവും തൃശൂരും തിരുവനന്തപുരത്തും സമ്മേളനം നടത്തിയതും തിരുവനന്തപുരത്ത് 6000 അംഗങ്ങളുള്ള സഹകരണബാങ്കില്‍ തെരഞ്ഞെടുപ്പു നടത്തിയതും. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് രണ്ടും മൂന്നും മണിക്കൂറുകള്‍ക്കുശേഷം ഇതെല്ലാം നിര്‍ത്തിവെച്ചത്. മറ്റൊരു വാദം ഇതൊന്നും പറയേണ്ട സമയമല്ല ഇതെന്നതാണ്. ഒരാളോട് ഒരു കാര്യം പറയണമെങ്കില്‍ അതു ചെകിടത്തടിച്ച പറയണമെന്നാണ് എം എന്‍ വിജയന്‍ പറഞ്ഞിട്ടുള്ളത്. വിമര്‍ശനങ്ങള്‍ പറയേണ്ടത് സംഭവം നടക്കുമ്പോഴാണ്. അതാകട്ടെ തിരുത്താനുമാണ്. വിമര്‍ശിക്കുമ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കെടുക്കുന്നുണ്ടല്ലോ. കമ്യൂണിറ്റി സ്‌പ്രെഡിംഗ് എന്ന ആശങ്ക ഏറെയുള്ള ഘട്ടത്തിലേക്കാണ് ഇനി കേരളം പോകാന്‍ സാധ്യത. അപ്പോഴേക്കും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാകാനാണ് സാധ്യത. പിന്നെ രാഷ്ട്രീയം പറയരുതെന്ന വാദം. കക്ഷിരാഷ്ട്രീയം പറയാതിരിക്കാം. പക്ഷെ രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങിനെ? എങ്കില്‍ ഈ സമയത്തുതന്നെ ടി പി ചന്ദ്രശേഖരന്‍ കൊലകേസ് പ്രതിക്ക് ജാമ്യം നല്‍കിയതിനേയും സര്‍വ്വകലാശാലയില്‍ അനധികൃതനിയമനം എന്ന വാര്‍ത്തയേയും ബിജെപി പ്രവര്‍ത്തകില്‍ നിന്ന് തോക്കുപിടിച്ചെടുത്തതിനേയും കുറിച്ച് മിണ്ടാതിരിക്കേണ്ടിവരില്ലേ?
കൊവിഡ് 19 കൂടുതല്‍ ബാധിക്കാനിടയുള്ള പ്രദേശം എന്നു തുടക്കത്തില്‍ പറഞ്ഞത് രോഗബാധയെ കുറിച്ചു മാത്രമല്ല. അതുണ്ടാക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങളെ കുറിച്ചു കൂടിയാണ്. ഉല്‍പ്പാദനമേഖലകളാകെ മുരടിച്ച കേരളത്തിന്റെ സമ്പദ് ഘടനയെ നിലനിര്‍ത്തുന്നത് പ്രധാനമായും പ്രവാസവും ടൂറിസവും മദ്യവും ഭാഗ്യക്കുറിയുമാണല്ലോ. അതില്‍ ആദ്യ രണ്ടും നേരിടുന്ന പ്രതിസന്ധി ചെറുതല്ല. അതു തിരിച്ചറിഞ്ഞിട്ടാണല്ലോ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടും സര്‍ക്കാര്‍ തയ്യാറാകാത്തത്. ഇപ്പോള്‍ തന്നെ നിരന്തരമായി ഖജനാവിനു നിയന്ത്രണമേര്‍പ്പെടുത്തുന്ന അവസ്ഥയിലാണല്ലോ കേരളം. അതു കൂടുതല്‍ രൂക്ഷമാകാനാണ് പോകുന്നത്. മറുവശത്ത് ലക്ഷകണക്കിനു സാധാരണക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കൃത്യവരുമാനമുള്ള ചെറിയൊരു ശതമാനമൊഴികെ – അവരും വൈകാതെ പ്രതിസന്ധിയിലാകാം – മറ്റെല്ലാവരും ദരിദ്രവല്‍ക്കരിക്കപ്പെടാനാണ് സാധ്യത. വന്‍കിട കച്ചവട സ്ഥാപനങ്ങള്‍, മാളുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരം, വഴിവാണിഭം, ഹോട്ടലുകള്‍, ബസുകള്‍, ഓട്ടോകള്‍, മറ്റുവാഹനങ്ങള്‍, സിനിമ, സമാന്തരവിദ്യാഭ്യാസം, പരസ്യം, ആരാധനാലയങ്ങള്‍, പൊതുപരിപാടികള്‍, ആഭ്യന്തരടൂറിസം, നിര്‍മ്മാണമേഖല, മറ്റു സേവനമേഖലകള്‍, ആഘോഷങ്ങള്‍, വിവാഹം തുടങ്ങി ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളെല്ലാം അടയുകയാണ്. സത്യത്തില്‍ നോട്ടുനിരോധനവും ജിഎസ്ടിയും മുതലാരംഭിച്ച് ആരംഭത്തില്‍ പറഞ്ഞ പ്രകൃതി ദുരന്തങ്ങളില്‍ കൂടികടന്നുപോയ കേരളം നേരിടുന്ന പ്രതിസന്ധിയുടെ തുടര്‍ച്ച തന്നെയാണിത്. ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യം പറയാനുമില്ല. എന്നാല്‍ മുഖ്യമന്ത്രിയോ സംസ്ഥാനത്തിന്റെ പൊതുവരുമാനം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഏറെ പറയുന്ന ധനമന്ത്രിയോ പ്രതിപക്ഷമോ ഈ വിഷയത്തെ കുറിച്ച് കാര്യമായി പറഞ്ഞുകാണുന്നില്ല. ആ വിഷയത്തെ കൂടി അഭിമുഖീകരിക്കുമ്പോഴാണ് ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ ജനകീയ ഭരണകൂടമാകുകയുള്ളു എന്നോര്‍ക്കേണ്ട സമയം കൂടിയാണിത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in