ഖുതുബുദ്ധീന്‍ അന്‍സാരിയില്‍ നിന്ന് മുസ്‌കനില്‍ എത്തിയ സമുദായം

സമരത്തില്‍ മുഴക്കുന്ന മുദ്രാവാക്യത്തിലെ മതമെത്ര മതേതരമെത്ര എന്ന ലിബറലുകളുടെ ശങ്ക അസ്ഥാനത്താണെന്നും ഫാഷിസ്റ്റുകള്‍ക്കെതിരെ ആര് പ്രതിരോധം തീര്‍ത്താലും ഐക്യപ്പെടുക എന്നതാണ് പ്രധാനമെന്നും ഓര്‍മപ്പെടുത്തുന്നു. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ മാപ്പ് സാക്ഷിത്തത്തിന്റെ ഭാഷയല്ല വേണ്ടത് സമരോല്‍സുകതയുടെ പുതിയ പാഠങ്ങളാണ്.

വിയറ്റ്‌നാം യുദ്ധ പശ്ചാത്തലത്തില്‍പകര്‍ത്തിയ നഗ്‌നയായി ഓടുന്ന ഒരു ബാലികയുടെ ചിത്രം പുലിസ്റ്റര്‍ അവാര്‍ഡ് നേടിയിരുന്നു. യുദ്ധത്തിന്റെ ഭീകരതയെ ലോകത്തിന് കാണിച്ച് കൊടുത്ത പ്രസ്തുത ചിത്രം ഇന്നും യുദ്ധവിരുദ്ധ സന്ദേശത്തിന്റെ പ്രദര്‍ശനങ്ങളിലെ മുഖ്യ ചിത്രമാണ്.യുദ്ധത്തിലൂടെ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ ഒരു നേര്‍ചിത്രം ലോകത്തിന് സമ്മാനിക്കാന്‍ ആ ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞിരുന്നു.പ്രസ്തുത ചിത്രത്തിന് സമാനമായ ഒരു ഫോട്ടോ ഇന്ത്യാ മഹാരാജ്യത്തില്‍ നിന്നും പകര്‍ത്തിട്ടുണ്ട്. ലോകം നടുക്കത്തോടെ കണ്ട ആ ചിത്രം പകര്‍ത്തിയത് ഗുജറാത്ത് മുസ്ലിം വംശഹത്യാ സന്ദര്‍ഭര്‍ത്തിലായിരുന്നു. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന മുസ്ലിം വംശഹത്യാ പശ്ചാത്തലത്തിലായിരുന്നു ആ ചിത്രം എടുത്തത്. ഖുതുബുദ്ധീന്‍ അന്‍സാരി എന്ന ചെറുപ്പക്കാരന്‍ തന്റെ ജീവന് വേണ്ടി കേഴുന്ന അതിദയനീയമായ കാഴ്ചയായിരുന്നു അത്. മരണം മുന്നില്‍ കണ്ട് ജീവന് വേണ്ടി കേഴുന്ന ഒരു മനുഷ്യന്റെ ഏറ്റവും നിസ്സഹായമായ അവസ്ഥയാണ് പ്രസ്തുത ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. പുലിസ്റ്റര്‍ അവാര്‍ഡ് നേടിയില്ലെങ്കിലും ഒരു ജനതയെ ഉന്‍മൂലനം നടത്തുന്നതിന്റെ ഭീകരതയും ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ആ ഫോട്ടോയിലൂടെ ലോകം അനുഭവിച്ചറിഞ്ഞു. ഇന്ത്യാ മഹാരാജ്യം സ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ട് പിന്നിട്ടപ്പോള്‍ ഒരു ജനതയും സമുദായവും എത്തിപ്പെട്ട അവസ്തയുടെ നേര്‍സാക്ഷ്യമായിരുന്നു അത്. അഥവാ ഖുതുബുദ്ധീന്‍ അന്‍സാരി എന്ന മുസ്ലിം ചെറുപ്പക്കാരന് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ആരുടെയോ ദയാവായ്പ് വേണമെന്നര്‍ഥം. ഇത്തരത്തില്‍ ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കണമെങ്കില്‍ കൈകൂപ്പി നിന്ന് കേണപേക്ഷിക്കുന്ന ഒരു ജനതയുടെ നേര്‍ചിത്രമാണ് ഒരര്‍ഥത്തില്‍ ഖുതുബുദ്ധീന്‍ അന്‍സാരിയിലൂടെ ലോകം അറിഞ്ഞത്. സ്വാതന്ത്ര്യം ലഭിച്ച് അഞ്ചരപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം ഒരു സമുദായത്തിന് നല്‍കിയ പരിരക്ഷയുടെ ബാക്കിപത്രം. നാം നേടിയെടുത്ത സ്വാതന്ത്ര്യം ഒരു സമുദായത്തെ ഇത്രയും ദയനീയമായി അടിച്ചമര്‍ത്തലിന് വിധേയമാക്കാനാണൊ എന്ന ചോദ്യം ഇപ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. അതിക്രമങ്ങളും കൂട്ടക്കൊലകകളും കൊണ്ട് ഒരു സമുദായത്തെ ഉന്‍മൂലനം ചെയ്യാന്‍ ഹിന്ദുത്വ ഭീകരത വളര്‍ന്ന് വന്ന ഒരു സന്ദര്‍ഭത്തില്‍ നമ്മുടെ ഭരണ ഘടനയും നിയമങ്ങളും തോറ്റ് പോയി. വൈവിധ്യങ്ങളെ അദരിക്കുന്ന ഉദാത്തമായ ഭരണഘടനയുള്ള ഒരു രാജ്യവും ഇവിടുത്തെ സെക്യുലര്‍ എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുംഅമ്പേ പരാചയപ്പെട്ടു എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് ഇന്ത്യയിലെ മുസല്‍മാന്റെ ജീവിതം ഇതാണ് എന്ന് വരച്ച് കാട്ടുന്നതായിരുന്നു പ്രസ്തുത ചിത്രം. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഇഹ്‌സാന്‍ ജിഫ്രി എന്ന എം.പിയെ വരെ സ്വന്തം വീട്ടില്‍ പച്ചക്ക് ചുട്ട് ചാമ്പലാക്കിയ മുസ്ലിം വംശഹത്യാ പദ്ധതിയായിരുന്നു’ അത്. ഹിന്ദുത്വ ഫാഷിസം നമ്മുടെ ഭരണഘടനാ നിര്‍മാണ സഭയിലെ ഒരു അംഗത്തെ പച്ചക്ക് തീ കൊളുത്തി കൊല്ലുമ്പോള്‍ സാധാരണക്കാരനായ ഒരു ഖുതുബുദ്ധീന്‍ അന്‍സാരി എന്ന മുസ്ലിമായ ചെറുപ്പക്കാരന് എന്ത് ചെയ്യാനാവും. ജീവന് വേണ്ടിയാജിക്കുകയല്ലാതെ മറ്റെന്താണ് ആ ചെറുപ്പക്കാരന് ചെയ്യാന്‍ കഴിയുക. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കേതാരമായ ഒരു നാട് വംശീയതയുടെ വളക്കൂറുള്ള മണ്ണായി പരിണമിക്കുന്ന ഒരു ദയനീയ കാഴ്ചയ്ക്കാണ് നാം സാക്ഷിയായത്. ഇവിടുത്തെ സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍മാത്രം വിശ്വാസമര്‍പ്പിച്ച ഒരു ജനത എത്തിപ്പെട്ട അതി ദയനീയ കാഴ്ചയായിരുന്നു ഗുജറാത്ത് വംശഹത്യ. ജീവന് വേണ്ടി യാജിക്കുന്ന ഒരു സമുദായമായി മാറുന്നതില്‍ ആ സമുദായവും ഒരര്‍ഥത്തില്‍ പങ്കാളികളാണ്. ആരെങ്കിലും തങ്ങളെ രക്ഷിക്കുമെന്ന മൗഡ്യ സ്വര്‍ഗ്ഗത്തിലായിരുന്നു സത്യത്തില്‍ സമുദായ നേതൃത്വം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചരിത്രം പിന്നെയും മുന്നോട്ട് പോയി നാം ഇപ്പോള്‍ രണ്ടായിരത്തി ഇരുപത്തി രണ്ടില്‍ എത്തിയിരിക്കുന്നു. ഗുജറാത്ത് വംശഹത്യക്ക് ശേഷം രണ്ട് പതിറ്റാണ്ട് പിന്നിട്ട ഇന്ത്യയില്‍ നാം മറ്റൊരു ചിത്രം കാണുന്നു. അത് മുസ്‌കാന്‍ എന്ന ധീരയായ ഒരു പെണ്‍കുട്ടിയുടേതാണ്. ജയ്ശ്രീറാം അലര്‍ച്ചകളുമായി തന്റെ നേരം ആക്രോശം നടത്തിയ സംഘ്പരിവാര്‍ കലാപകാരികള്‍ക്കെതിരെ ഒറ്റക്ക് നിന്ന് തക്ബീര്‍ മുഴക്കി പ്രതിരോധം തീര്‍ത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രം. അഥവാ രണ്ട് പതിറ്റാണ്ട്മുമ്പ് ജീവന് വേണ്ടി യാചിച്ച ഖുതുബുദ്ധീന്‍ അന്‍സാരിയില്‍ നിന്ന് മുസ്‌കാനിലേക്ക് ഒരു സമുദായം വളര്‍ന്നിരിക്കുന്നു എന്നര്‍ഥം. തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലുമുണ്ടെന്നമയക്കത്തില്‍ നിന്ന് ഒരു സമുദായം മെല്ലെ ഉണരാന്‍ ശ്രമിച്ചതിന്റെ ഒരു ചിത്രമായിരുന്നു മുസ്‌കാനിലൂടെ ലോകം അറിഞ്ഞത്. ഇന്ത്യയിലെ നവ ഫാസിസം അതിന്റെ എല്ലാ ധ്യംഷ്ടങ്ങളോടുംകൂടി രഥചക്രം ഉരുട്ടി മുന്നോട്ട് പോവുമ്പോള്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫാഷിസത്തിന് കീഴൊതുങ്ങി മൗനികകളായി തീരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഇവിടെയാണ് മുക്‌സാന്‍ എന്ന പെണ്‍കുട്ടിയുടെ ധീരോദാത്തമായ പ്രതിഷേധം കൊണ്ട് വലിയ ഒരു പ്രതിരോധം തീര്‍ത്തത്. ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ് അവര്‍ ആരാണെന്ന് സ്വയം തിരിച്ചറിയുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിലേക്ക് ഈ സമുദായം കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി വളര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. സി.എ.എ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയിലെ ജനസമൂഹത്തിന് ഇന്ധനമായി തീര്‍ന്നത് ആയിഷ റന എന്ന പെണ്‍കുട്ടി ഇത്തരത്തില്‍ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ കൈ വിരല്‍ ചൂണ്ടിയപ്പോഴായിരുന്നു.ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഇത്തരത്തിലുള്ള ചൂണ്ടു വിരലുകള്‍ ഉയര്‍ന്ന് വരുമ്പോള്‍ അതില്‍ മതം ആരോപിച്ച് മാറി നില്‍ക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധ്യമല്ല. ഒന്നുകില്‍ അവരോടൊപ്പം അല്ലെങ്കില്‍ അവരുടെ പിന്നില്‍ അണിനിരന്ന്‌കൊണ്ട് മാത്രമെ ഫാസിസ്റ്റ് വിരുദ്ധ പോരാടങ്ങള്‍ക്ക് ശക്തി പകരാന്‍ കഴിയുകയുള്ളൂ എന്ന് തിരിച്ചറിയുക.ഇന്ത്യയിലെ നവ ഫാഷിസത്തെ എതിരിടാന്‍ ആയിഷ റനമാരും മുക്‌സാന്‍മാരും മുന്നോട്ട് വന്ന് പുതിയചരിത്രം തീര്‍ക്കുകയാണ്. പെണ്‍കുട്ടികള്‍ മുന്നില്‍ നിന്ന് നയിക്കുന്ന പുതിയ പോരാട്ടത്തിന് തുടക്കമായി എന്നത് ചരിത്രത്തിന്റെ മറ്റൊരു കാവ്യനീതിയായിരിക്കും.ഇരട്ട അപരത്വം പേറുന്ന മുസ്ലിം സ്ത്രീ മുന്നില്‍ നിന്ന് നയിക്കണമെന്ന് ചരിത്രം ആവശ്യപ്പെടുന്ന മറ്റൊരു നിയോഗമായിരിക്കാം.സമരം വിജയിച്ചാലും പരാചയപ്പെട്ടാലും ഫാഷിസത്തിനെതിരായ ചെറുത്ത് നില്‍പുകള്‍ ഉയര്‍ന്ന് വരിക എന്നുള്ളതാണ് പ്രധാനം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ നടക്കുന്നമുസ്ലിം വംശഹത്യയെ കുറിച്ച് പഠനം നടത്തിയ Genocide watch എന്ന സംഘടന നടത്തിയ നിഗമനങ്ങള്‍ പാര്‍ലമെറ്റില്‍ പോലും ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത ഒരു സന്ദര്‍ഭത്തില്‍ ഒന്നല്ല ഒരായിരം മുസ്‌കാന്‍മാന്‍ ഉയര്‍ന്ന് വരും. അത്തരത്തില്‍ പ്രതിരോധത്തിന്റെ ചൂണ്ടു വിരലുമായി പെണ്‍കുട്ടികള്‍ തെരുവിലിറങ്ങുമ്പോള്‍സ്ത്രീകള്‍ സമരം ചെയ്യാന്‍ പാടില്ല എന്ന ഫത്വകയുമായി പുരോഹിതന്മാര്‍ രംഗപ്രവേശം ചെയ്യരുത്. വല്ല പുരോഹിതനും ഫത്വകള്‍പുറപ്പെടുവിക്കുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് നിങ്ങളുടെ ഫത്വകള്‍ക്ക് കാത്ത് നിന്ന് സമരം നടത്താന്‍ മനസ്സില്ല എന്ന്തന്നെയാണ്.സമരത്തില്‍ മുഴക്കുന്ന മുദ്രാവാക്യത്തിലെ മതമെത്ര മതേതരമെത്ര എന്ന ലിബറലുകളുടെ ശങ്ക അസ്ഥാനത്താണെന്നും ഫാഷിസ്റ്റുകള്‍ക്കെതിരെ ആര് പ്രതിരോധം തീര്‍ത്താലും ഐക്യപ്പെടുകഎന്നതാണ് പ്രധാനമെന്നും ഓര്‍മപ്പെടുത്തുന്നു. ഇന്ത്യയില്‍ മുസല്‍മാന്റെ ജീവിതം സന്തോഷകരമാണെന്നും അതിനാല്‍ ഭരണകൂടത്തിനെതിരെ സമരം വേണ്ടതില്ല എന്നുമുള്ളകൊട്ടാരം പണ്ഡിതരുടെ ജല്‍പനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്ന് അവരെയും ഓര്‍മപ്പെടുത്തുക.ആത്മാഭിമാനത്തോടെ ജീവിക്കാന്‍ മാപ്പ് സാക്ഷിത്തത്തിന്റെ ഭാഷയല്ല വേണ്ടത് സമരോല്‍സുകതയുടെ പുതിയ പാഠങ്ങളാണ്. ഒരു ജനത സ്വത്വം തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ പുതിയ ചിത്രം വരക്കുമ്പോള്‍പിന്തുണക്കുന്നതിന് പകരം പിന്നില്‍ നിന്ന് കുത്തുന്ന സമീപനം സമുദായഅതിന്റെയും രാജ്യത്തിന്റെയും തകര്‍ച്ചക്ക് കാരണമായിതീരും. അതിനാല്‍ സമുദായത്തോട് കാലവും ചരിത്രവും ആവശ്യപ്പെടുന്നത് ഖുതുബുദ്ധീന്‍ അന്‍സാരിമാരെ സൃഷ്ടിക്കാനല്ല മറിച്ച് മുസ്‌ക്കാന്‍മാരുടെപിറവിയെ സ്വപ്നം കാണാനാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply