വിലാപത്തിന്റെ ശരീരഭാഷയല്ല, പോരാട്ടത്തിന്റെ ശരീരഭാഷയാണ് ഇപ്പോഴാവശ്യം മിസ്റ്റര്‍ ഐസക്
രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ പ്രാദേശികപ്രസ്ഥാനങ്ങള്‍ ശക്തമാണ്. പലയിടത്തും ഭരണത്തിലുമാണ്. അതിനാല്‍ തന്നെ അവിടങ്ങളില്‍ അത്രയെളുപ്പത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ കേന്ദ്രത്തിനാവില്ല. ആദ്യം സ്വന്തം സംസ്ഥാനത്തിനു വേണ്ടി ശക്തമായ നിലപാടെടുക്കുകയും രണ്ടാമതായി മാത്രം ഇന്ത്യയെ കുറിച്ചു പറയുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ അവിടങ്ങളിലുണ്ട്. ഇവിടെയതില്ല.
കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പറയുന്നത് മറ്റാരുമല്ല, ധനമന്ത്രി തോമസ് ഐസക് തന്നെ. ഐസക്ക് പറഞ്ഞാലുമില്ലെങ്കിലും ഓരോ മലയാളിയും അതു മനസ്സിലാക്കുന്നുണ്ട്. ട്രഷറി ബാന്‍ ഏതെങ്കിലും രീതിയില്‍ ബാധിക്കാത്തവര്‍ സംസ്ഥാനത്ത് വിരളമാണ്. അതേസമയം ഈ വിഷയത്തെ കേവലം സാമ്പത്തികമായി കാണാനാണോ ഐസക് ശ്രമിക്കുന്നത് എന്നു തോന്നുന്നു. സാമ്പത്തികത്തേക്കാള്‍ വിഷയം രാഷ്ട്രീയമാണ്. എന്നാലത് സംസ്ഥാനം സിപിഎം ഭരിക്കുന്നതിനാല്‍ ബിജെപി ഭരിക്കുന്ന കേന്ദ്രം സഹായം സഹായം നിഷേധിക്കുന്നു എന്ന ലളിതമായ രാഷ്ട്രീയമല്ല. ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ജനാധിപത്യവും മതേതരത്വത്തിന്റേയും കൂടെ ഫെഡറലിസവും നിലനിര്‍ത്താനും ശക്തിപ്പെടുത്താനുമുള്ള പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. ആ പോരാട്ടത്തിനു നേതൃത്വം കൊടുക്കാന്‍ കേരളത്തിനാകുമോ എന്നതാണ് പ്രശ്‌നം.
സംസ്ഥാനത്തിന്റെ വരുമാനമാര്‍ഗങ്ങളുടെ കഴുത്തുമുറുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് തോമസ് ഐസക് പറയുന്നത്. വായ്പയായി ലഭിക്കേണ്ട തുകയിലെ നിയന്ത്രണവും ജി.എസ്.ടി. കുടിശിക നല്‍കാത്തതുമാമ് സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാകാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം പറയുന്നു. സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ കേരളത്തിന് അര്‍ഹതപ്പെട്ട 4,900 കോടി രൂപയുടെ വായ്പയുടെ സ്ഥാനത്ത് 1,900 കോടിക്കേ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളു. ഇത്രയും വായ്പയായി ലഭിക്കുമ്പോള്‍ ഇതുവരെ എടുത്ത വായ്പയുടെ മുതലും പലിശയുമായി 4,615 കോടി രൂപ തിരിച്ചടയ്ക്കണ്ടിവരും. ഡിസംബറിലെ ജി.എസ്.ടി. കുടിശിക 1,600 കോടിയോളം രൂപ നല്‍കിയിട്ടില്ല. ധനകാര്യകമ്മിഷന്‍ ശിപാര്‍ശപ്രകാരം ലഭിക്കേണ്ട വിഹിതത്തിലും വന്‍കുറവുണ്ടാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 19,500 കോടി രൂപ വായ്പ ലഭിച്ചിടത്ത് 2019-2020ല്‍ 16,602 കോടി രൂപയേ ലഭിക്കുകയുള്ളു. ഇതിന് പുറമെ ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ വിഹിതവും വെട്ടിക്കുറയ്ക്കുകയാണ്. പ്രളയസഹായത്തില്‍നിന്നു കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 1251 കോടിയും നെല്ല് സംഭരണത്തിലെ കേന്ദ്ര വിഹിതം 1035 കോടിയും കുടിശ്ശികയാണ്. 2018ലെ മഹാപ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ലോകബാങ്കില്‍ നിന്നടക്കമെടുത്ത പുനര്‍നിര്‍മാണ വായ്പകള്‍ സംസ്ഥാനത്തിന്റെ സാധാരണഗതിയിലുള്ള വായ്പയായി കേന്ദ്രം വകമാറ്റി. ഇതുമൂലം അടുത്തവര്‍ഷം ബാങ്കുകളില്‍നിന്ന് സ്വീകരിക്കാവുന്ന സാധാരണ വായ്പ വെട്ടിക്കുറയ്ക്കപ്പെടും എന്നിങ്ങനെ കേന്ദ്രനടപടികളുടെ വിശദാംശങ്ങള്‍ ഐസക് നല്‍കുന്നു.
ഈ വിഷയങ്ങളെല്ലാം അവതരിപ്പിക്കുമ്പോഴും പ്രതിഷേധം രേഖപ്പെടുത്തുമ്പോഴുമെല്ലാമുള്ള ധനമന്ത്രിയുടെ ശരീരഭാഷ അഭിമാനമുള്ള ഏതൊരു മലയാളിക്കും നിരാശ നല്‍കുന്നതാണ്. കേന്ദ്രനയങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകടമാക്കുന്ന ആര്‍ജ്ജവം പിണറായിയിലും കാണാറില്ല. ഔപചാരികമായ ഒരു പ്രതിഷേധം എന്നതില്‍ കവിഞ്ഞൊരു പ്രതികരണവും കേരളത്തില്‍ നിന്നുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മവരുന്നത് സ്വാഭാവികം. മുമ്പും ഇത്തരം സംഭവങ്ങള്‍ കേരളം നേരിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഇടതുപക്ഷം ഭരിക്കുമ്പോള്‍. പക്ഷെ അന്നെല്ലാം ഭരണവും സമരവും ഒന്നിച്ച് എന്നതായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ആ മുദ്രാവാക്യം എല്ലാവരും മറന്നിരിക്കുന്നു. പകരം കേന്ദ്രത്തോടുള്ള യാചനയാണ് കാണുന്നത്. ഫ്യൂഡല്‍ കാലത്തെ ഒരു ജന്മിയുടെ റോളാണ് കേന്ദ്രം ചെയ്തു കൊണ്ടിരിക്കുന്നത്. അടുത്ത കാലത്തായി ആകെ സംഭവിച്ച ഒരേ ഒരു മാറ്റം പൗരത്വനിയമത്തിനെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം മാത്രമാണ്. അപ്പോഴും മമതയും മറ്റും കാണിക്കുന്ന പോരാട്ടവീര്യം പ്രകടമാക്കാന്‍ പിണറായിക്കാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന് മൊത്തവുമാകുന്നില്ല. അതാണല്ലോ പല സംസ്ഥാനങ്ങളിലേക്കും പോകാന്‍ ഭയക്കുന്ന മോദിയും അമിത്ഷായുമൊക്കെ കേരളത്തില്‍ വരാന്‍ ഭയക്കാത്തത്.
ലോകത്തെവിടേയും കാണാത്ത രീതിയിലുള്ള വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്തിന് ഒരിക്കലും അനുയോജ്യമല്ലാത്ത കേന്ദ്രീകൃത ഭരണസംവിധാനമാണ് ഇന്ത്യയില്‍ നിലിനില്‍ക്കുന്നത് എന്നതാണ് ഈ വിഷയത്തിലെ യഥാര്‍ത്ഥ രാഷ്ട്രീയം. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പോലും കാത്തുകെട്ടികിടക്കേണ്ട അവസ്ഥ മുഖ്യമന്ത്രിക്കുപോലും ഉണ്ടായത്. ഫെഡറലെന്നു ഓമനപ്പേരിട്ടുവിളിക്കുമ്പോഴും നമ്മുടെ ഭരണസംവിധാനം കേന്ദ്രീകൃതമാണെന്നതാണ് യാഥാര്‍ത്ത്യം. അതാകട്ടെ കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായി കൊണ്ടിരിക്കുകയുമാണ്. അതാണല്ലോ ജിഎസ്ടിയുടെ തന്നെ രാഷ്ട്രീയം. ഒരൊറ്റ നികുതി എന്ന ആശയത്തെ തോമസ് ഐസക് പിന്തുണക്കാന്‍ കാരണം അതിന്റെ രാഷ്ട്രീയം മനസ്സിലാക്കാതെ സാമ്പത്തിക നടപടി മാത്രമായി കണ്ടതായിരുന്നു. 370-ാം വകുപ്പ് റദ്ദാക്കിയതിന്റേയും പൗരത്വ ഭേദഗതി നിയമത്തിന്റേയുമെല്ലാം രാഷ്ട്രീയം അതുതന്നെയാണ്. ഒറ്റ ഭാഷ, ഒറ്റ ദൈവം, ഒറ്റ മതം, ഒറ്റ പാര്‍ട്ടി, ഒറ്റ നേതാവ് തുടങ്ങിയ മുദ്രാവാക്യങ്ങളുടെയെല്ലാം പുറകിലെ രാഷ്ട്രീയവും മറ്റൊന്നല്ല. തങ്ങളുടെ ആത്യന്തിക ലക്ഷ്യമായ ഹിന്ദുത്വരാഷ്ട്രം നേടിയെടുക്കുന്നതില്‍ സംഘപരിവാറിന്റെ ശത്രു മുസ്ലിം ജനത മാത്രമല്ല, പേരിനെങ്കിലും ഇവിടെ നിലനില്‍ക്കുന്നു എന്നു പറയപ്പെടുന്ന ഫെഡറലിസം കൂടിയാണ്. അതിനാല്‍ ആ വാക്കുപോലും രാഷ്ട്രീയ ഡിക്ഷ്ണറിയില്‍ നിന്നു മാച്ചുകളയാന്‍ അവരാഗ്രഹിക്കുന്നു. അതിന്റെ ഭാഗമാണ് ഈ നടപടികളെല്ലാം.
ഈ രാഷ്ട്രീയം വേണ്ടത്ര കേരളം തിരിച്ചറിയുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങലില്‍ പ്രാദേശികപ്രസ്ഥാനങ്ങള്‍ ശക്തമാണ്. പലയിടത്തും ഭരണത്തിലുമാണ്. അതിനാല്‍ തന്നെ അവിടങ്ങളില്‍ അത്രയെളുപ്പത്തില്‍ ഇത്തരം പരക്ഷണങ്ങള്‍ നടത്താന്‍ കേന്ദ്രത്തിനാവില്ല. ആദ്യം സ്വന്തം സംസ്ഥാനത്തിനു വേണ്ടി ശകതമായ നിലപാടെടുക്കുകയും രണ്ടാമതായി മാത്രം ഇന്ത്യയെ കുറിച്ചു പറയുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ അവിടങ്ങളിലുണ്ട്. ഇവിടെയതില്ല. അതിനാലാണ് അത്തരം പരീക്ഷണശാലയായി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. അഖിലേന്ത്യാപാര്‍ട്ടികളെന്നു നടിക്കുന്ന കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊന്നും ഒരു പരിധിവിട്ട് കേന്ദ്രത്തിനെതിരെ പോരാടാനോ ഫെഡറലിസം സംരക്ഷിക്കാന്‍ രംഗത്തിറങ്ങാനോ കഴിയില്ലെന്ന് കേന്ദ്രത്തിനറിയാം. എന്തിലൊക്കെ നമ്പര്‍ വണ്‍ ആയാലും ഇക്കാര്യത്തില്‍ നമ്പര്‍ വണ്‍ ആകാന്‍ കേരളത്തിനാവില്ലെന്ന് മോദിക്കും അമിത് ഷാക്കുമറിയാം. അതിന്റെ അവസാനത്തെ ഉദാഹരണമാണല്ലോ അലന്‍ – താഹമാര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും കേസ് എന്‍ഐഎ ഏറ്റെടുത്തപ്പോള്‍ ഒന്നും ചെയ്യാതെ അതിനെ പരോക്ഷമായി മുഖ്യമന്ത്രി തന്നെ പിന്തുണക്കുന്നതും. കേരളം മലയാളികളുടെ മാതൃഭൂമിയാണെന്ന് ഒരിക്കല്‍ പറഞ്ഞവരാണ് കമ്യൂണിസ്റ്റുകാര്‍. പേരില്‍ കേരള എന്നുള്ള കേരളകോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ക്കും കേരളം പ്രധാന അജണ്ടയല്ല. മുമ്പ് കേരളത്തിന്റെ സമ്പത്ത് പുറത്തു കടത്തുകയാണെന്ന് ആരോപിച്ച് കുത്തകകള്‍ക്കും റിസര്‍വ്വ് ബാങ്കിനും മറ്റുബാങ്കുകള്‍ക്കും സ്റ്റോക് എക്‌സചേഞ്ചിനുമെല്ലാമെതിരെ സമരം ചെയ്ത നക്‌സലൈറ്റ് വിഭാഗം കേരളത്തിലുണ്ടായിരുന്നു. ഇപ്പോള്‍ ഈ വിഷയം ശക്തമായി ഉന്നയിക്കുന്ന ആരുമില്ല എന്നതാണ് വസ്തുത. ഈ നിലപാട് മാറ്റി ഫെഡറലിസത്തിനായി ശക്തമായി രംഗത്തിറങ്ങാതെ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാവുമെന്ന് ഐസക്കോ പിണായിയോ ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ കരുതുന്നു എങ്കില്‍ അവരും സംഘപരിവാര്‍ രാഷ്ട്രീയത്തിലെ കണ്ണികളാകുകയാണ്. വിലാപത്തിന്റെ ശരീരഭാഷക്കുപകരം പോരാട്ടത്തിന്റെ ശരീരഭാഷയാണ് ഐസക് കാണിക്കേണ്ടതെന്നു സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in