പിണറായി വിജയന്റെ നവകേരള നയരേഖയാണ് റെഡ് ഫ്‌ളാഗിന്റെ ബൈബിള്‍
സ്റ്റേറ്റിന്റെ ധര്‍മ്മരക്ഷ നിര്‍വഹിക്കുന്ന പഴയ ശ്രീകൃഷ്ണ രൂപമായി പിണറായി വിജയന്റെ നേതൃത്വത്തെ തിരഞ്ഞെടുപ്പുകാലത്ത് പ്രകീര്‍ത്തിച്ചു പോന്ന സിപിഐ (എം എല്‍) റെഡ് ഫ്‌ലാഗ് നേതാക്കള്‍ക്ക് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ആത്മാവിനെ ചവിട്ടിമെതിച്ചുകൊണ്ട് ശിങ്കിടികളുടെ സമുദായത്തില്‍ എണ്ണപ്പെരുപ്പം ഉണ്ടാക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.
കേരളത്തിലെ ധനകാര്യ ശ്ലീലാശ്ലീലതകള്‍ പരിശോധിച്ചുകൊണ്ട് സിപിഐ (എം എല്‍) റെഡ് ഫ്‌ലാഗിന്റെ പോഷക സംഘടനയായ യുവജനവേദി കെ റെയില്‍ സില്‍വര്‍ ലൈന്‍ ഒരു അനാവശ്യ പദ്ധതിയാണെന്ന് കണ്ടെത്തിയിരിക്കുന്നു.! തുടര്‍ന്ന് അതിനെതിരെ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ പോകുന്നുവത്രേ..!
രണ്ടാം പിണറായി സര്‍ക്കാരിന്റെ വിജയം നവലിബറലിസത്തിനും ഫാസിസത്തിനുമെതിരെ പോരാടുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണെന്ന് റെഡ് ഫ്‌ലാഗ് വക്താവ് പി സി ഉണ്ണിച്ചെക്കന്‍ മുമ്പ് പ്രസ്താവിച്ചിരുന്നതാണ്. പിണറായി വിജയന്റെ ഈ ഗ്ലാസ്‌നോസ്തിയന്‍ വിജയത്തിലെ മൂലധന രസികതയില്‍ അഭിരമിച്ചു കൊണ്ടിരുന്ന റെഡ് ഫ്‌ലാഗ് പാര്‍ട്ടി ഇപ്പോള്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാത്രം ചില പിഴവുകള്‍ കണ്ടെത്തി പ്രതികരിക്കുന്നത് സിപിഎമ്മും ഇടതുമുന്നണിയും ഇന്ന് ചെന്നകപ്പെട്ട ധനമൂലധന രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് അതിനെ സംരക്ഷിക്കുവാനാണ്. ഒപ്പം ഇടതുപക്ഷ വിരുദ്ധ ചോദനകളെയും അതിന്റെ വിരൂപ രാഷ്ട്രീയ ലക്ഷ്യങ്ങളെയും സാക്ഷാത്കരിക്കുന്നതിനു വേണ്ടി രാഷ്ട്രീയ ജാരകര്‍മ്മം നിര്‍വഹിക്കുകയുമാണ്.
സ്റ്റേറ്റിന്റെ ധര്‍മ്മരക്ഷ നിര്‍വഹിക്കുന്ന പഴയ ശ്രീകൃഷ്ണ രൂപമായി പിണറായി വിജയന്റെ നേതൃത്വത്തെ തിരഞ്ഞെടുപ്പുകാലത്ത് പ്രകീര്‍ത്തിച്ചു പോന്ന സിപിഐ (എം എല്‍) റെഡ് ഫ്‌ലാഗ് നേതാക്കള്‍ക്ക് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ആത്മാവിനെ ചവിട്ടിമെതിച്ചുകൊണ്ട് ശിങ്കിടികളുടെ സമുദായത്തില്‍ എണ്ണപ്പെരുപ്പം ഉണ്ടാക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
2022 മാര്‍ച്ച് 29 ലെ ദേശാഭിമാനിയില്‍ പിണറായി വിജയന്റെ നവകേരള നയരേഖയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളം യൂറോപ്പാക്കി മാറ്റാന്‍ വെമ്പുന്ന സഞ്ചാര വിദഗ്ധന്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കും, ആത്മാഭിമാനം തൂക്കിവിറ്റ കവി സച്ചിദാനന്ദനും, ലൈംഗിക ആരോപണങ്ങള്‍ പൂഴ്ത്തുന്നതില്‍ വിദഗ്ധനായ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിനും മറ്റും ഒപ്പം ചാള്‍സ് ജോര്‍ജ് എന്ന റെഡ് ഫ്‌ലാഗ് വക്താവ് ഫോട്ടോ സഹിതം പ്രത്യക്ഷപ്പെട്ട് ദാസ്യവൃത്തിയുടെ ഉന്മാദമായി മാറുമ്പോള്‍ അതേ നവകേരള പ്രേത വികസനത്തിന്റെ നയരേഖയില്‍പ്പെട്ട സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നു എന്നു പറയുന്ന ലില്ലിപ്പുട്ട് പ്രത്യയശാസ്ത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. റെഡ് ഫ്‌ലാഗിന് ഇപ്പോള്‍ മാര്‍ക്‌സിന്റെ മൂലധനമല്ല തൊഴിലാളിവര്‍ഗ്ഗത്തിന്റെ ബൈബിള്‍, പിണറായി വിജയന്റെ നവകേരള നയരേഖയാണ് എന്നാണ് നാം ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത്.
ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീതാ ഗോപിനാഥിന്റെ കാല്‍ ചിലങ്കയിലും വായ്പാ പാത്രത്തിലെ കയ്യൊപ്പു കളിലും കേരളം കുരുങ്ങിക്കിടന്നു പിടയുമ്പോള്‍, ആദിവാസികളും ഭൂരഹിതരും കൊടിയ യാതനകള്‍ അനുഭവിക്കുമ്പോള്‍, റെഡ് ഫ്‌ലാഗ് നേതാക്കളുടെ ഈ ഇരട്ടത്താപ്പ് വികാരങ്ങളൊന്നും കേരളം കണ്ടില്ല. അപരാധിക്കപ്പെട്ട ലിബറല്‍ ഇടതു വര്‍ഗ്ഗത്തിന്റെ മുട്ടവിരിഞ്ഞു പുറത്തേക്ക് ചാടുന്ന മന്തന്‍ ശിശുക്കളായിത്തീരാന്‍ എകെജി സെന്ററില്‍ ക്യൂ നിന്നിരുന്ന റെഡ് ഫ്‌ലാഗ്, കോര്‍പ്പറേറ്റ് മുതലാളിത്ത സന്നിഭമായ സിപിഎം ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊട്ടിപ്പാടി സേവ ചെയ്തിരുന്നതും അവരുടെ ഓര്‍മ്മകളെ ലജ്ജിപ്പിക്കുന്നില്ല. (ലജ്ജ ഒരു വളരെ വിമര്‍ശന ശേഷിയുള്ള ആശയമാണ് എന്ന് മാര്‍ക്‌സ് പറഞ്ഞത് ഒരു പക്ഷേ റെഡ് ഫ്‌ലാഗ് നായകരുടെ അപബോധത്തില്‍ ഇപ്പോഴും പതിഞ്ഞു കിടക്കുന്നണ്ടാകും) കോര്‍പ്പറേറ്റുകളുടെയും കമ്പോള മൂലധനത്തിന്റെയും സംഘപരിവാറിന്റെയും ചുരുളഴിയാത്ത ‘പത്മ’ വ്യൂഹത്തിലാണ് സിപിഎം എന്ന് മനസ്സിലാകാതെ പോകുന്നതും ഇങ്ങനെ ലജ്ജയോട് സംയോഗ ക്ഷമതയുള്ളതുകൊണ്ടാണ്.
അധിനിവേശ ശക്തികള്‍ക്ക് പായ വിരിച്ചു കൊടുക്കുന്ന ധനകാര്യ അസാന്മാര്‍ഗികതയുടെ ഓഹരി കൈപ്പറ്റുന്നതിനാണോ സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിയിലേക്ക് കേരളത്തില്‍ ശക്തിയാര്‍ജ്ജിച്ച ബദല്‍ ഇടത് ധാരയെ തകര്‍ത്ത് റെഡ് ഫ്‌ലാഗ് പോയതെന്ന് അവര്‍ വ്യക്തമാക്കണം.
അധികാര മൂല്യ ശാസ്ത്രത്തിന്റെ ഓരോ വീഴ്ചയിലും അതിനെ പരിക്കു പറ്റാതെ നിവര്‍ത്തി നിര്‍ത്തുന്ന സിപിഐ മാതൃകയിലുള്ള മുന്നണി രാഷ്ട്രീയ ദുരാത്മാക്കളുടെ വികൃതവും പ്രാകൃതവുമായ പാരഡി തന്നെയാണ് ഇപ്പോള്‍ കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ കണ്‍വെന്‍ഷന്‍ എന്ന പ്രച്ഛന്നത്തില്‍ സി പി ഐ (എം എല്‍)റെഡ് ഫ്‌ലാഗ് അരങ്ങത്തു വരുന്നതിലും ഉള്ളടങ്ങിയിട്ടുള്ളത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു സംസ്ഥാനത്തെ ചെങ്കടലാക്കിയ യുവജനങ്ങളെ രാഷ്ട്രീയ ഷണ്ഡീകരണത്തിന് വിധേയമാക്കി, ഹിന്ദുത്വ സവര്‍ണ്ണ സാധ്യതകളെ ഉപയോഗിക്കുന്ന പിണറായി വിജയന്റെ നവകേരള ‘നരക’രേഖക്ക് പ്രക്ഷോഭക്കാറ്റ് തട്ടാതെ സംരക്ഷിച്ചു പോന്ന പി കെ വേണുഗോപാലും, പി സി ഉണ്ണിച്ചെക്കനും ഉള്‍പ്പെട്ട നേതൃത്വങ്ങളുടെ കേവലമാത്ര സില്‍വര്‍ലൈന്‍ വിരുദ്ധ നിലപാട് അവര്‍ വര്‍ഗസമര പ്രത്യയശാസ്ത്രത്തിന് ഏല്‍പ്പിച്ച ആഘാതം സ്വയം വിളംബരം ചെയ്യുന്നതും, ജനങ്ങളുടെ സാമൂഹിക നീതിബോധത്തെ പരിഹസിക്കുന്നതുമാണ്.
ലോക ബാങ്കിന്റേയും, കോര്‍പ്പറേറ്റ് ധനകാര്യ വിപണിയുടെയും മോര്‍ച്ചറിയില്‍ അവസാനിക്കുന്ന നവകേരള നയരേഖയും, അനുബന്ധ വികസനവും കെ റെയില്‍ സില്‍വര്‍ ലൈനില്‍ മാത്രം തട്ടി നില്‍ക്കുന്നതല്ല, മറിച്ച് കേരളത്തിന്റെ അതിജീവന സാധ്യതയെ തന്നെ അപകടത്തിലാക്കാന്‍ പോന്നവയാണെന്ന യാഥാര്‍ത്ഥ്യം കപട സന്‍മാര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ പുകപടലം കൊണ്ട് കലക്കിക്കളയുകയാണ് ചെയ്യുന്നത്.
സ്വപ്ന, ശിവശങ്കരന്‍, ഐടി ഫെല്ലോസ്, ശബരിമല വിമാനത്താവളം, ഇ – മൊബിലിറ്റി, സ്പ്രിംഗ്ലര്‍, ഐടി പാര്‍ക്ക്, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, ലൂയി ബര്‍ഗര്‍, ലൈഫ് മിഷന്‍, കെ-ഫോണ്‍, ഇഎംസിസി കരാര്‍ തുടങ്ങി കമ്പോളത്തില്‍ പാര്‍ട്ടിയുടെ അമിതമൂല്യം (surplus value) വര്‍ദ്ധിപ്പിക്കുന്ന നിരവധി ട്രേഡ് മാര്‍ക്കുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, അതൊന്നും സിപിഐ(എം എല്‍) റെഡ് ഫ്‌ലാഗിന്റെ രാഷ്ട്രീയ കൗടില്ല്യത്തെ ശല്ല്യപ്പെടുത്തിയില്ല.
ചുരുക്കത്തില്‍, കേരളം ഒന്നടങ്കം കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ തെരുവില്‍ അതിജീവന പോരാട്ടം നടത്തുമ്പോള്‍, അതിന്റെ ഏകാഗ്രതയെ ഛിദ്രീകരിക്കാനുള്ള രാഷ്ട്രീയ നിക്ഷേപമാണ് സി പി ഐ (എം എല്‍) റെഡ് ഫ്‌ലാഗ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കില്‍ അതില്‍ തെറ്റു കണ്ടെത്താന്‍ കഴിയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in