നിശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം?
നവംബര്‍ 25, 26 തിയതികളില്‍ തൃശ്ശൂരില്‍ വച്ച് നടന്ന കേരള സോഷ്യല്‍ ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിനില്‍ മുഖ്യാതിഥി ആയിരുന്ന ടീസ്റ്റ സെറ്റല്‍വാദ് നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം
കേരളത്തിലേക്ക് വരിക എന്നത് എപ്പോഴും സന്തോഷകരമാണ്. കേരള സോഷ്യല്‍ ഫോറത്തില്‍ പങ്കെടുക്കുക എന്നത് അതിലേറെ സന്തോഷകരമാണ്. ഇന്ത്യയുടെ ജനാധിപത്യം, ഭരണഘടന, മതേതരത്വം മുതലായവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് ഇവിടെ ചിന്തിക്കുന്നത്. കഴിഞ്ഞ ഒമ്പതര വര്‍ഷമായി നമ്മള്‍ കാണുന്ന ഈ ഭരണം, അടുത്ത തെരഞ്ഞെടുപ്പിന് കേവലം ഏഴു മാസം മാത്രമുള്ള സമയത്തു നമ്മള്‍ കാണുന്നത് എന്താണ്? ഇന്ത്യയുടെ ജനാധിപത്യത്തില്‍ വലിയൊരു മുറിവുകൊണ്ടുള്ള ഒരു ദ്വാരം കാണുന്നു. പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണുന്നു. അധികാരം പൂര്‍ണ്ണമായും എക്‌സിക്യൂട്ടീവിലേക്കു മാറിയിരിക്കുന്നു, ഭയവും ഭീഷണിയും ഭരണകൂടത്തിന്റെ ആയുധങ്ങളായിരിക്കുന്നു, നിയമത്തെ ആയുധവല്‍ക്കരിച്ചിരിക്കുന്നു, പ്രത്യേകിച്ചും കരിനിയമങ്ങളായ യൂഎപിഎ , പി എംഎല്‍എ മുതലായവ ആയുധങ്ങളായി 1955 ലെ പൗരത്വ നിയമങ്ങള്‍ ഭേദഗതി ചെയ്തു കൊണ്ട് 2019 ല്‍ കൊണ്ടു വന്ന നിയമങ്ങള്‍ . ഇവിടെ ഫാഷിസം എന്നത് പൂര്‍ണ്ണമായി നടപ്പിലായി എന്ന് പറയാന്‍ കഴിയില്ലെങ്കിലും അതിന്റെ ചെറുരൂപങ്ങള്‍ ഭരണഘടനാ വ്യവസ്ഥക്കകത്തു നിന്ന് കൊണ്ട് തന്നെ പ്രത്യക്ഷമായിരിക്കുന്നു എന്ന് പറയാം. പിന്നിട്ടെ ഒമ്പതിലേറെ വര്ഷങ്ങളായി നമ്മുടെ മുന്നിലുള്ളത് നാണക്കേടിന്റെ ഒരു കലണ്ടര്‍ തന്നെയാണ്.
അത് വാര്‍ഷികമായ കലണ്ടര്‍ ആകാം, മാസത്തിലോ ദിവസത്തിലോ ഉള്ളതുമാകാം. ഭരണഘടനയെ ഓരോ കല്ലിനു കല്ലെന്ന രൂപത്തില്‍ ഇളക്കുവാനാണ് പാര്‍ലമെന്റിനെ ഉപയോഗിക്കുന്നത്. ഇതെങ്ങനെയാണ് സംഭവിക്കുന്നത്? ഫെഡറല്‍ ഘടനയെ ആക്രമിച്ചു തകര്‍ക്കുന്നു, പ്രതിപക്ഷത്തെ ഏതു വിധേനെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പ്രതിപക്ഷത്ത് ഏതു കക്ഷിയാണെന്നത് എനിക്ക് വിഷയമല്ല.അവരുടെ പ്രത്യയശാസ്ത്രമെന്തെന്നും ഏതു കക്ഷിയെയാണ് നമ്മള്‍ പിന്തുണക്കുന്നതെന്നും പ്രശ്നമല്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഒരേയൊരു കക്ഷി മതിയെന്നും അത് ഭരണകക്ഷിയാകുമെന്നും നമ്മള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അത് എല്ലാവിധത്തിലും സര്‍വ്വാധിപത്യമാണ്. അതിനോട് ചേര്‍ന്ന് കൊണ്ട് തന്നെ ഭരണത്തിലിരിക്കുന്ന കക്ഷിയുടെ പ്രത്യയശാസ്ത്രം ഭരണഘടന തന്നെ അട്ടിമറിക്കപ്പെടണം എന്നതാണെങ്കില്‍ സ്ഥിതി ഗുരുതരമാണ്. , അവരുടെ പുസ്തകങ്ങളില്‍, സാഹിത്യങ്ങളില്‍ നിന്ന് തന്നെ ഇതിന്റെ ഒട്ടേറെ തെളിവുകള്‍ കാണാന്‍ കഴിയും. അതില്‍ നിന്നും കേവലം രണ്ടെണ്ണം ഉദാഹരണമായിപറയാം. ഗുരുജി ഗോവല്‍ക്കറുടെ ‘വിചാരധാരയും’, ‘നമ്മുടെ ദേശീയത എങ്ങനെ നിര്വ്വചിക്കപ്പെടുന്നു’ എന്നിവയില്‍ നിന്ന് തന്നെ നിരവധി ഉദാഹരണങ്ങള്‍ കാണിക്കാന്‍ കഴിയും, തുല്യത ഉറപ്പാക്കുന്നതും വിവേചനം തടയുന്നതുമായ ഈ ഭരണഘടന അട്ടിമറിക്കപ്പെട്ട് മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഒരു നിയമസംഹിത വേണമെന്നും പറയുന്നു. അവരുടെ എല്ലാ പ്രസ്താവനകളും നടപടികളും ഇതിലേക്ക് നയിക്കുന്നതാണ്.
ജനാധിപത്യത്തിലൂടെ അധികാരമേറ്റ ഒരു സര്‍ക്കാര്‍ ധനശക്തിയും ദുഷ്പ്രചാരണങ്ങളും ഉപയോഗിച്ചു കൊണ്ട് ഭരണഘടനയെ അപമാനിക്കുകയാണ്. , അതുവഴി സ്വാതന്ത്യസമരകാലത്തു നമ്മള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ഇല്ലാതാക്കുകയാണ്. വ്യത്യസ്തത വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ദേശീയതയോ തുല്യതയോടെയുള്ള പൗരത്വമോ അവര്‍ ആഗ്രഹിക്കുന്നില്ല. വിവേചനമില്ലാത്ത ഒരു ഭരണം എന്നതില്‍ അവര്‍ വിശ്വസിക്കുന്നില്ല. എല്ലാ സൂചകങ്ങളിലും, ദാരിദ്ര്യസൂചകം, തൊഴിലിന്റെ സൂചകം, വിശപ്പിന്റെ സൂചകം, ലിംഗനീതിയുടെ സൂചകം, പത്ര സ്വാതന്ത്ര്യത്തിന്റെ സൂചകം, സതോഷത്തിന്റെ സൂചകം തുടങ്ങിയവയിലെല്ലാം ഇന്ത്യ ഇക്കാലത്തു ഏറെ പുറകോട്ടു പോയിരിക്കുന്നു എന്നത് ഇനി അവര്‍ത്തിക്കേണ്ടതില്ല. ഇവര്‍ക്ക് മുമ്പും നമ്മള്‍ അത്ര നല്ല അവസ്ഥയിലായിരുന്നു എന്നൊന്നും ഞാന്‍ പറയുന്നില്ല. അന്നും നമ്മുടെ ജനാധിപത്യത്തിന് ഭീഷണി ഉണ്ടായിരുന്നു, ഭരണഘടനക്ക് ഇളക്കം തട്ടിയിരുന്നു, മതന്യുനപക്ഷങ്ങളും ആദിവാസികളും ദളിതരും സ്ത്രീകളുമെല്ലാം മോശം അവസ്ഥയില്‍ തന്നെ ആയിരുന്നു. പാര്‍ലിമെന്റില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഒരു ഉദാഹരണം മാത്രം. എന്നാല്‍ 2014 നുശേഷം അവസ്ഥ കൂടുതല്‍ മോശമായിരുന്നു, പിന്നോട്ടടിക്കുന്നു. ഒന്നര നൂറ്റണ്ടിലേറെക്കാലമായി നമ്മള്‍ നേടിയ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങള്‍ ഓരോന്നായി തകര്‍ക്കപെടുന്നു.
നാണക്കേടിന്റെ കലണ്ടറില്‍ എന്താണുള്ളതെന്നു നോക്കാം. ആദ്യമായി നീതിന്യായ സംവിധാനത്തിന് മേലുള്ള കടന്നു കയറ്റമാണ്. സ്വതന്ത്ര നീതിന്യായ സംവിധാനം എന്ന സങ്കല്‍പം തന്നെ തകര്‍ക്കപ്പെടുന്നു, സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്നു. തല്‍ക്കാലം അല്പം ശമനം ഉണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ ഉപരാഷ്ട്രപതി ധന്‍കര്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ ആവര്‍ത്തിച്ചിരുന്നത്, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടന തന്നെ മാറ്റണം എന്നായിരുന്നല്ലോ. നിയമമന്ത്രി റിജ്ജുവും ഇതേ നിലപാട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ചിലപ്പോള്‍ ഉറക്കെയും ചിലപ്പോള്‍ പതുക്കെയും ഭീഷണിയുടെ മുന്നറിയിപ്പ് സ്വരങ്ങള്‍ ഉയര്ന്നു കഴിഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും. .എന്തായാലും അടിസ്ഥാനപരമായി വിദ്വേഷത്തിന്റെ രാഷ്ട്രീയവും . അന്യവല്‍ക്കരണത്തിന്റെ രാഷ്ട്രീയവുമാണ് കാണുന്നത്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ മുസ്ലിം ന്യുനപക്ഷങ്ങളാണ് സാസ്‌കാരികമായും രാഷ്ട്രീയമായും ആദ്യത്തെ ഇരകളാക്കപ്പെടുന്നത്. തുടര്‍ന്ന് അലപം മൃദുവായി ക്രിസ്ത്യാനികളും. തുടര്‍ന്ന് ആദിവാസികളും ദളിതരും തൊഴിലാളികളും കര്‍ഷകരും ആക്രമിക്കപ്പെടുന്നു. വിവിധ വിഭാഗങ്ങളില്‍ പെടുന്ന സ്വന്തം ജനതക്കെതിരെ തന്നെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അവര്‍ നമ്മളെ വിഭജിച്ചു കൊണ്ട് മണിപ്പൂരിലും കാശ്മീരിലും എന്ത് നടക്കുന്നു എന്നറിയിക്കാതെ മറച്ചു പിടിക്കുന്നു. മെയ് മൂന്ന് മുതല്‍ എന്താണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് അറിയാത്ത ഒരു സര്‍ക്കാര്‍ എന്നത് നാണക്കേടാണ്. ഇന്നലെയും ഞാന്‍ അവരോട് സംസാരിച്ചു. ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ കാമ്പിലാണ്. തണുപ്പ് കാലം ശക്തിപ്പെടുന്നു. പട്ടിണിയാണ് അവിടെ . ഗര്‍ഭിണികളായ സ്ത്രീകളടക്കം അവിടെ നരകിക്കുന്നു . എന്നാല്‍ ഒരു മുഖ്യധാരാ മാധ്യമങ്ങളും ഇതൊന്നും കണ്ടതായി പോലും നടിക്കുന്നില്ല. ഒരു കാമറക്കും അവിടെ പോകാന്‍ തോന്നുന്നില്ല. 2002 ലെ ഗുജറാത്തും ഇപ്പോഴത്തെ മണിപ്പൂരും തമ്മിലുള്ള ഒരു പ്രധാനവ്യത്യാസമാണിത്. 2023 ലെ ത്രിപുരയുടെ അവസ്ഥയും മറ്റൊന്നല്ല.
ചുരുങ്ങിയത് സ്വതന്ത്രമെന്ന് തോന്നിച്ചിരുന്ന ഒരു മാധ്യമസംസ്‌കാരം ഇവിടെ ഉണ്ടായിരുന്നു. 2002 ല്‍ ഗുജറാത്തില്‍ എന്താണ് നടന്നതെന്ന് മാധ്യമങ്ങള്‍ പുറം ലോകത്തെ കാണിച്ചിരുന്നു . എന്നാല്‍ ഇന്ന് ദൃശ്യമാധ്യമങ്ങള്‍ തീര്‍ത്തും നാണക്കേട് ആയിരിക്കുന്നു. 95 ശതമാനം ദൃശ്യ ഇലക്ടോണിക്ക് മാധ്യമങ്ങളും ഭരണകൂടത്തിന്റെ പ്രചാരകരായിരിക്കുന്നു. അപമാനകരമായ പ്രയോഗങ്ങളാണ് അവര്‍ നടത്തുന്നത്. കൊറോണ ജിഹാദ്, സ്പിക്ക് ജിഹാദ്, ലവ് ജിഹാദ് തുടങ്ങി ഈ ജിഹാദി മറ്റേ ജിഹാദ് എന്നൊക്കെ അവര്‍ ആവര്‍ത്തിക്കുന്നു. ഭരണകൂടത്തിന് അഹിതകരമായതൊന്നും അവര്‍ കാണിക്കുന്നില്ല. അടുത്ത രണ്ട് ദിവസങ്ങളില്‍ ബാങ്കളൂരുവില്‍ ഏതാണ് നടക്കാന്‍ പോകുന്നതെന്ന് അവര്‍ അറിഞ്ഞിട്ടേയില്ല. നമുക്കറിയാം ആയിരക്കണക്കിനു കര്‍ഷകരും തൊഴിലാളികളും അവിടെ സ്വാതന്ത്ര്യ വീഥിയില്‍ മാര്‍ച്ച് നടത്തുന്നു. മുപ്പത്തിനായിരത്തിനും അമ്പതിനായിരത്തിനുമിടക്ക് പേര് അവിടെ ഉണ്ടാകും. അവര്‍ ഒരൊറ്റ ശബ്ദത്തില്‍ ആവശ്യപ്പെടുന്നു, സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം എന്ന്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച ശേഷം നടക്കുന്ന ഈ സമരം ഭരണഘടനാദിനമായ നവംബര്‍ 26 നാണു. കര്‍ഷകവിരുദ്ധനിയമങ്ങള്‍ക്കെതിരായ സമരം ആരംഭിച്ചത് മഹാമാരിയുടെ കാലത്ത് 2021 നവംബര്‍ 26 നാണു. തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തൊഴിലാളികള്‍ സമരം ആരംഭിച്ചത് 2022ല്‍ ഇതേ ദിവസമായിരുന്നു. ദിവസത്തില്‍ 12 മണിക്കൂര്‍ ജോലി എന്ന നിയമം ഇത് വരെ റദ്ദാക്കപ്പെട്ടിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളും ആക്രമിക്കപ്പെടുന്നു എന്നാണ് ഇത് കാണിക്കുന്നത്.
എന്താണ് കൊറോണ കാലത്തു സംഭവിച്ചത്? സമ്പൂര്‍ണ്ണ ലോക് ഡൗണ്‍. ഒരു സംസ്ഥാനവുമായി പോലും ചര്‍ച്ച ചെയ്തില്ല. കേരളവും എന്റെ സംസ്ഥാനമായ മഹാരഷ്ട്രവും അക്കാലത്തെ നല്ല ഭരണത്തിനുള്ള മാതൃകകളായിരുന്നു. പക്ഷെ രാജ്യമാകെ കണ്ടതെന്താണ്? അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ ഒരു നേതാവ് രാജ്യമാകെ അടച്ചിടാന്‍ തീരുമാനിച്ചു. അതിന്റെ ഫലമായി അഞ്ഞൂറിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കുള്ള യാത്രക്കിടയില്‍ വഴിയില്‍ വീണു മരിച്ചു.. ആ നാണം കേട്ട നടപടികളൊക്കെ നമ്മള്‍ വളരെ പെട്ടന്ന് തന്നെ മറന്നു. എല്ലാം മറന്ന നമ്മള്‍ വിദ്വേഷത്തിനും ഹിംസക്കും എതിരെ പ്രതിരോധശേഷി ഇല്ലാത്തവരായി. നാണക്കേടിന്റെ ഈ കലണ്ടറില്‍ നമ്മള്‍ ഓര്‍ക്കേണ്ടതെന്തെല്ലാമാണ്?
2014 ല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റു കേവലം 20 ദിവസത്തിനകം പൂനയിലെ മൊഹ്‌സിന്‍ ഷേക്ക് ആക്രമിക്കപ്പെട്ടു, കൊല്ലപ്പെട്ടു. ഒരു ഐ ടി എഞ്ചിനീയര്‍ ആയിരുന്ന അദ്ദേഹം കൊല്ലപ്പെടുന്നതിനുള്ള ഒരേയൊരു കാരണം മുസ്ലിം ആയിരുന്നു എന്നത് മാത്രം. മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലകളും തുടര്‍ന്നു . 2015 ല്‍ മുഹമ്മദ് അകലാഖ് കൊല്ലപ്പെട്ടു. അന്ന് രാജ്യമാകെ അതിശക്തമായ പ്രതിഷേധം കലാകാരന്മാരില്‍ നിന്നും മറ്റും ഉയര്‍ന്നു വന്നു. അവാര്‍ഡ് വാപസി അങ്ങനെ ഉണ്ടായതാണ്. അതും മറക്കാന്‍ നമ്മള്‍ പ്രേരിപ്പിക്കപ്പെട്ടു. ആ അതിക്രമങ്ങള്‍ തുടര്‍ന്ന് 2016 ല്‍ അത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആയി. രോഹിത് വെമുലയുടെ മരണം, ജെഎന്‍യു പോലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, പിന്നീട് പോണ്ടിച്ചേരി, ദില്ലി സര്‍വ്വകലാശാലകള്‍ അടക്കം നിരവധി ഇടങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു. ഉമര്‍ ഖാലിദിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തി. അന്ന് വിദ്യാര്‍ത്ഥികളായിരുന്നു പ്രതിരോധങ്ങള്‍ക്കു മുന്നില്‍. ഇപ്പോള്‍ ഒരുമിച്ചു നിന്ന് കൊണ്ട് പ്രതിരോധിക്കുന്ന രാഷ്ട്രീയ പ്രതിപക്ഷം അന്ന് കാഴ്ചക്കാരായി നിന്ന് കൊണ്ട് ഓരോ വിഭാഗങ്ങളെയും സ്വയം നേരിടാന്‍ വിട്ടു കൊടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി മാത്രമേ രാഷ്ട്രീയ പ്രതിപക്ഷം ഉണര്‍ന്നുള്ളൂ. അതുവരെ ആ കടമ നിര്‍വ്വഹിച്ചിരുന്നത് വിദ്യാര്‍ത്ഥികളും കര്‍ഷകരും ആദിവാസികളും മറ്റുമാണ്.
രാഷ്ട്രീയ പ്രതിപക്ഷം ഉണര്‍ന്നത് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ്. രാജ്യസഭയില്‍ ശക്തമായ പ്രതിരോധങ്ങളെ തുടര്‍ന്ന് അവര്‍ക്കതു പിന്‍വലിക്കേണ്ടി വന്നു. പക്ഷേ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ അവര്‍ അത് നടപ്പാക്കിക്കൊണ്ടിരുന്നു . 150 വര്‍ഷമായി നിലനിന്നിരുന്ന നിയമത്തില്‍ 2013 ല്‍ വരുത്തിയ ഭേദഗതികള്‍ മൂലം ഉണ്ടായ നേട്ടങ്ങള്‍ ഇല്ലാതാക്കാന്‍ അവര്‍ ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. അതായതു പാര്‌ലിമെറ്റും നിയമസഭകളും ഉപയോഗിച്ച് കൊണ്ട് നിയമങ്ങളെ ആയുധങ്ങളാക്കി ജനങ്ങള്‍ക്കെതിരെ അവര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നു. ബിജെപി ഭരിക്കുന്ന ഒമ്പതു സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കി. അടുത്തത് യു എ പി എ ഭേദഗതി ആയിരുന്നു. പോട്ട നിയമം റദ്ദാക്കിയ ശേഷം യുപിഎ സര്‍ക്കാരാണ് ഈ കരിനിയമം കൊണ്ട് വന്നത് എന്നത് കൊണ്ട് തന്നെ ചരിത്രം അവര്‍ക്കൊരിക്കലും മാപ്പു നല്‍കില്ല. 2014 ലും 2018 ലും വരുത്തിയ ഭേദഗതികളിലൂടെ ഈ സര്‍ക്കാര്‍ അതിനെ കൂടുതല്‍ മൂര്‍ച്ചയുള്ള ആയുധമാക്കി. പി എം എല്‍ എ ഭേദഗതി ചെയ്തു. പ്രസ് നിയമങ്ങള്‍ മാറ്റി. വിവര രജിസ്‌ട്രേഷന്‍ നിയമം കൊണ്ട് വന്നു. ഏറ്റവും ചുരുങ്ങിയത് 32 നിയമങ്ങളെങ്കിലും ഭേദഗതികളിലൂടെയും പുതിയവ ഉണ്ടാക്കിയും ഇത്തരത്തില്‍ ജനങ്ങള്‍ക്കെതിരായ ആയുധങ്ങളാക്കി. ഇതിലൂടെ തകര്‍ക്കപ്പെട്ടത് ഭരണഘടനയിലെ മൗലികാവകാശങ്ങളാണ്. കര്‍ഷകരുടെ, തൊഴിലാളികളുടെ, ദളിതരുടെ, ആദിവാസികളുടെ, മതന്യുനപക്ഷങ്ങളുടെ..എല്ലാം. 2019 പൗരത്വഭേദഗതി നിയമം പ്രത്യേകം പറയേണ്ടതുണ്ട്.
.നമ്മുടെ മുന്നിലുള്ള കടമകള്‍ ഇന്ന് വ്യക്തമാണ് ഹൃസ്വകാലലക്ഷ്യം എന്നത് ഒന്ന് മാത്രം. ഇപ്പോഴത്തെ ഫാഷിസ്‌റ് സര്‍ക്കാരിനെ തൂത്തെറിയുക എന്നതാണത്. ഇടക്കാല ലക്ഷ്യം ഇവര്‍ നിര്‍മ്മിച്ച ജനവിരുദ്ധ നിയമങ്ങളെല്ലാം റദ്ദാക്കുക എന്നതാണ്. ദീര്ഘകാലലക്ഷ്യം ഒരു പുതിയ പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം കൊണ്ട് വരിക എന്നതാണ്. ഇതൊന്നും അത്ര എളുപ്പമല്ല. പടിപടിയായി ഇത് ചെയ്യണം എനിക്കിന്നും നല്ല ഓര്‍മയുണ്ട്. അന്നെനിക്ക് പതിനാറു വയസ്സുള്ളപ്പോഴാണ് രാജ്യത്ത് അടിയന്തരാവസ്ഥ വന്നത് . അത്ഭുതകരമെന്നു പറയാവുന്ന വിധത്തില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെടുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത 1977. 18 മാസക്കാലത്തു നമ്മുടെ സ്വാതന്ത്ര്യമെല്ലാം നഷ്ടപ്പെട്ടത് കണ്ടതാണ്. പക്ഷെ ഇന്ന് നമുക്ക് മനസ്സിലാകുന്നു, ഇപ്പോഴത്തേത് അതിനേക്കാള്‍ ഏറെ മോശമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് എന്ന് . . എല്ലാ ഭരണഘടനാസ്ഥാപങ്ങളും നിര്‍വീര്യമാക്കപ്പെട്ടിരിക്കുന്നു. 2017-18 കാലത്താണ് തെരഞ്ഞെടുപ്പ് സംഭാവനാ ബോണ്ടുകള്‍ കൊണ്ടുവന്നത്. അതിലൂടെ തെരഞ്ഞെടുപ്പ് ഫണ്ടിങ് എന്നത് ആര്‍ക്കും ദൃശ്യമാകാത്ത ഒന്നായി. കാശ്മീരിനെ നമ്മള്‍ മറക്കരുത്. കഴിഞ്ഞ പത്ത് വര്‍ഷമായി അവിടെ തെരഞ്ഞെടുപ്പ് തന്നെയില്ല. അവിടെ സംസ്ഥാന നിയമസഭയില്‍ ഒരു ചര്‍ച്ച പോലും ഇല്ലാതെ സംസ്ഥാനത്തെ വിഭജിച്ച് മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളാക്കി. ഇന്നും എല്ലാ മനുഷ്യാവകാശങ്ങളും അവിടെ ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. എന്നിട്ടും നമ്മളോട് പറയുന്നു, കാശ്മീരില്‍ സമാധനാമുണ്ടെന്ന്, ഇന്ത്യക്കാര്‍ക്ക് കാശ്മീരില്‍ ഭൂമി വാങ്ങാമെന്ന് . എന്നിട്ടും നമ്മളോട് പറയുന്നു ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതായാല്‍ എന്താണ് കുഴപ്പം എന്ന്? തോക്കിന്‍ മുനയിലൂടെ സമാധാനം ഉണ്ടല്ലോ എന്ന്.
ഇതെല്ലാമാണ് നമ്മുടെ മുന്നിലുള്ള ചോദ്യങ്ങള്‍. ഏതു തരം ജനാധിപത്യമാണ് നമുക്ക് വേണ്ടത്? ഏകാധിപത്യ രൂപത്തിലുള്ള ഒരു ജനാധിപത്യം മതിയോ? മൗലികസ്വാതന്ത്ര്യങ്ങള്‍ ഇല്ലാത്ത ഒരു ജനാധിപത്യം എന്നത് ജനാധിപത്യമേയല്ല. ഭരണഘടനയുടെ ആമുഖം പറയുന്ന ഒരു ജനാധിപത്യമാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടേതായ ഒരു സര്‍ക്കാരാണ് നമുക്ക് വേണ്ടത്. ഇവിടെ വച്ച്, നമ്മള്‍ ഒരു തീരുമാനമെടുക്കണം. ജനകീയ പ്രസ്ഥാനങ്ങളുടെ, ദളിതരുടെ, മത്സ്യത്തൊഴിലാളികളുടെ, ന്യുനപക്ഷങ്ങളുടെ, അവകാശങ്ങള്‍ക്കു വേണ്ടി, കോര്‍പ്പറേറ്റുവല്‍ക്കരണത്തിനെതിരായി, പൊതുവിദ്യാഭ്യാസത്തിനു വേണ്ടി, പൊതു ആരോഗ്യത്തിനു വേണ്ടി, പൊതുഗതാഗതത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരായി നിലകൊള്ളണം എന്ന് . നോക്കൂ ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നമ്മള്‍ വന്ദേഭാരതിനെ കുറിച്ച് അഭിമാനം കൊള്ളൂമ്പോള്‍ സാധാരണമനുഷ്യര്‍ക്കു യാത്ര ചെയ്യാന്‍ വേണ്ട ടിക്കറ്റുകള്‍ കിട്ടുന്നില്ല.
അതിശക്തമായ സിഎഎ വിരുദ്ധ സമരത്തിന് ശേഷം, ഐതിഹാസികമായ കര്ഷകസമരങ്ങള്‍ക്കു ശേഷം നമുക്ക് പുതിയൊരു സമരമുഖം തുറക്കേണ്ടതായിട്ടുണ്ട്. പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കാനും ജനദ്രോഹങ്ങള്‍ക്കെതിരെ പ്രതിഷേധയ്ക്കാനും.തങ്ങളുടെ ചരിത്രപരമായ കടമകള്‍ നിറവേറ്റണമെന്നു മാധ്യമങ്ങളോട് നമ്മള്‍ ആവശ്യപ്പെടണം. മാധ്യമങ്ങള്‍ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് പ്രധാനമായും ഇലക്ള്‍ട്രോണിക് മാധ്യമങ്ങളെയാണ്. പത്രങ്ങള്‍ താരതമ്യേന ഭേദമാണ്. എങ്കിലും അവരും കടുത്ത സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നത്.. കാരണം, അവര്‍ കൃത്യമായി നിരന്തരമായി നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് ഭരണ സംവിധാനങ്ങള്‍. എങ്ങനെയാണ് അവര്‍ എഴുതുന്നത്, എന്താണവര്‍ എഴുതുന്നത് തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍, ഫേസ്ബുക്, ട്വിറ്റെര്‍ എക്‌സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയില്‍ കുറച്ചു സ്വാതന്ത്ര്യങ്ങള്‍ നമുക്കുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഓക്‌സ്ഫോര്‍ഡ് യൂണിയന്‍ , വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ പത്ത് മാധ്യമങ്ങളെങ്കിലും പറയുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പോലും അവരുടെ അല്‍ഗരിതങ്ങള്‍ വഴി വിദ്വേഷപ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് . ഒരാള്‍ക്ക് എഴുപത്തിനായിരമോ ഒരു ലക്ഷമോ ഫോളോവര്‍മാര്‍ ഉണ്ടെങ്കിലും വിദ്വഷ പ്രചാരണത്തെ തടയാന്‍ ശ്രമിക്കുമ്പോള്‍ ഈ അല്‍ഗോരിതമുകള്‍ അതെടുക്കില്ല. മറിച്ച് അവര്‍ കൂടുതല്‍ എടുക്കുന്നത് വിപരീത വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളുമാണ്. നമ്മള്‍ കടന്നു പോകുന്നത് ഏറെ വിഷമം പിടിച്ച വഴികളിലൂടെയാണ്. എന്നാല്‍ ഇടക്കൊക്കെ ചില വിജയങ്ങള്‍ ഉണ്ടാകാറുണ്ട്. വല്ലപ്പോഴുമെന്നു മാത്രം. ഒരു ലക്ഷം പേരുടെ പിന്തുണ ഒരു നിമിഷം കൊണ്ട് രണ്ടായിരമായി താഴ്ത്തുന്ന വിധത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കാരണം ഇത്തരം അല്‍ഗോരിതം നിര്‍മ്മിക്കുന്ന കമ്പനികള്‍ ഏകാധിപത്യ ഭരണകൂടങ്ങളുമായി ചങ്ങാത്തത്തിലാണ്.
നമ്മുടെ സാമ്പത്തിക സൂചകങ്ങള്‍ നോക്കുക. നമ്മുടെ ദാരിദ്ര്യനിലവാരം എത്ര വലുതാണ്. ശരിയാണ് നമ്മള്‍ അതിവേഗം വളരുന്ന ഒരു സമ്പദ് ഘടനയാണ്, സഹസ്ര ശതകോടി ഡോളറിന്റെ രാഷ്ട്രമായി വളരുന്നു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുന്നു. എന്നാല്‍ ലോകത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നും ഇന്ത്യയിലാണ്. നിരന്തരമായി മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും അമേരിക്കക്കുമൊന്നും ഇന്ത്യയിലെ മനുഷ്യാവകാശങ്ങളര്‍ക്കുറിച്ചൊരു വേവലാതിയുമില്ല. അവര്‍ക്കു ഇന്ത്യയുടെ കമ്പോളമാണ് വേണ്ടത്. എന്താണ് നമ്മുടെ രാജ്യത്തെ സാമ്പത്തിക (സമ്പന്നരും ദരിദ്രയും തമ്മിലുള്ള) വിടവിന്റെ അവസ്ഥ? ഓക്‌സ്ഫാം റിപ്പോര്‍ട് പറയുന്നത് ഉന്നതരായ പത്ത് ശതമാനത്തിന്റെ കയ്യിലാണ് രാജ്യത്തെ സമ്പത്തിന്റെ 77 ശതമാനവും എന്ന്. 2017ല്‍ നടന്ന ഉല്പാദനത്തിന്റെ 73 ശതമാനവും പോയത് അതിസമ്പന്നരായ ഒരു ശതമാനത്തിലേക്കാണ് . 67 കോടി വരുന്ന ഏറ്റവും താഴെ തട്ടിലുള്ളവരുടെ ( ജനസംഖ്യയുടെ പാതിവരുന്നവരുടെ ) വരുമാനത്തില്‍ കേവലം ഒരു ശതമാനത്തിന്റെ വര്ധദ്ധനവ് മാത്രമാണുണ്ടായത്. ഇന്ത്യയില്‍ 119 സഹസ്രശതകോടീശ്വരന്മാര്‍ ഉണ്ട്. 2001 ല്‍ കേവലം ഒമ്പതു പേരാണ് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ 2017 ലെത്തിയപ്പോള്‍ അത് 119 ആയി. 2018 മുതല്‍ 23 വരെയുള്ള കാലത്തു ഓരോ ദിവസവും 72 പുതിയ കോടീശ്വരന്മാര്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഓഹരിക്കമ്പോളനിലവാരം ഉയരുന്നു. ഇന്ത്യ തിളങ്ങുന്നു. എന്നാല്‍ ശരിയായ വികസനം നടക്കുന്നില്ല. ഉത്പാദനമേഖല താഴേക്കു പോകുന്നു.ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടപ്പെടുന്നു, കര്‍ഷകര്‍ ദുരിതത്തിലാണ്, ചെറുകിട കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലാണ്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാനത്തിലും (2009) പാര്‍ലിമെന്റില്‍ നമ്മള്‍ ഒട്ടനവധി ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2014 നും 19 നുമിടക്ക് പാര്‍ലിമെന്റിലെ ശതകോടീശ്വരന്മാരുടെ എണ്ണം 250 ശതമാനം കണ്ട് ഉയര്‍ന്നു. ഈ ശതകോടീശ്വരന്മാരായ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനത്തിന്റെ പിന്‍ബലം ഉണ്ട്. ഇവരില്‍ പലരും മൊബൈല്‍, ഖനനം, മാധ്യമങ്ങള്‍ മുതലായവയിലെ കമ്പനികളുടെ ഉടമകളാണ്.. തൊഴിലാളികളുടെ കര്‍ഷകരുടെ, ആദിവാസികളുടെ സ്ത്രീകളുടെപ്രശ്ങ്ങള്‍ , സ്ത്രീകളുടെ പാര്‍ലിമെന്റില്‍ പ്രാതിനിധ്യം തുടങ്ങിയവയൊന്നും കാണിക്കേണ്ട ആവശ്യം ഈ ചാനലുകള്‍ക്കില്ല. കാരണം അവര്‍ പിന്തുണക്കുന്നത് ഏറ്റവും മുകളിലുള്ള ഏഴു മുതല്‍ പത്ത് ശതമാനം വരെയുള്ളവരെയാണ്. വ്യാജ പ്രചാരണങ്ങളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും മറ്റും വഴി സത്യത്തെ അവര്‍ മറച്ചു പിടിക്കുന്നു. ജനകീയ പ്രസ്ഥാനങ്ങള്‍ക്കും പൊതുമണ്ഡലത്തിലുള്ള ബുദ്ധിജീവികള്‍ക്കും ഇത് വലിയൊരു വെല്ലുവിളിയാണ്. വലിയ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് പോലും ഇത് കടുത്ത വെല്ലുവിളിയാണ്. എന്നാല്‍ നമുക്ക് വ്യത്യസ്തമായ രീതിയില്‍ ജനങ്ങളെ സംഘടിപ്പിക്കേണ്ടതുണ്ട്. വ്യത്യസ്തമായ രീതികളില്‍ . ജനങ്ങളുടെ പിന്തുണ രാഷ്ട്രീയ പ്രതിപക്ഷത്തിന് നല്‍കേണ്ടതുണ്ട്, അതുവഴി അധികാരത്തിലിരിക്കുന്ന ഫാഷിസ്‌റ് സര്‍ക്കാരിനെ പുറത്താക്കേണ്ടതുണ്ട്. വൈവിധ്യത്തിനു മുന്‍ഗണന കൊടുക്കേണ്ടതുണ്ട്. കാരണം നമ്മുടെ സ്വാതന്ത്രസമരത്തിന്റെ രീതി വ്യത്യസ്തവിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതായിരുന്നു.
18, 19 നൂറ്റാണ്ടുകയില്‍ നഗര ഇന്ത്യക്കും വളരെ മുമ്പ് തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരായി ആദ്യ സമരകാഹളം മുഴക്കിയത് ആദിവാസികളും ചെറുകിട കര്ഷകരുമായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ആ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടങ്ങള്‍ നടത്തിയിരുന്നു. ഓരോ സമൂഹങ്ങളും മതസമൂഹങ്ങളും അതില്‍ ഒരു പങ്കു വഹിച്ചിരുന്നു. സ്വാതന്ത്രസമരത്തിന്റെ മൂല്യങ്ങളും അതിനു മുമ്പുതന്നെ ആരഭിച്ചിരുന്ന സാംസ്‌കാരിക മുന്നേറ്റങ്ങളും മറ്റുമാണ് ഭരണഘടനയിലെ മൂല്യങ്ങളെ നിശ്ചയിച്ചത്. ഞാന്‍ ചെയ്ത ഒരു ചെറിയ പോഡ് കാസ്‌റ് ( ഹിന്ദിയിലാണത്) ഇങ്ങനെ ചോദിക്കുന്നു. നമ്മുടെ ഭരണഘടനാ ഇവിടെ നിന്നും വന്നതാണ്? കാരണം ഇപ്പോഴത്തെ ഭരണകൂടത്തിന്റെ പ്രചാരണം ഭരണഘടനാ വന്നത് പാശ്ചാത്യ മൂല്യങ്ങളില്‍ നിന്നാണ് എന്നാണ്. വിഡ്ഢിത്തം . നിങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ ചരിത്രം അറിയുകയേ ഇല്ല പുരാതനകാലത്തു തന്നെ ബുദ്ധനും മഹാവീരനും മുതല്‍ മധ്യകാലത്തെ ബസവണ്ണയും അക്ക മഹാദേവിയും തുക്കാറാമും കബീറും കാശ്മീരിലെ നൂറുദീന്‍ ഫിറോഡ് തുടങ്ങിവരും അധികാരവര്‍ഗ്ഗത്തിന്റെ അഹങ്കാരത്തെ ചോദ്യം ചെയ്യുന്ന നിരവധി പ്രസ്ഥാനങ്ങള്‍ ഇന്ത്യ എന്ന് വിളിക്കുന്ന ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. സാമൂഹ്യമായ അധികാരത്തെ, സാമ്പത്തികാധികാരങ്ങളെ , ജാതി അധികാരങ്ങളെ എല്ലാം ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. റോമില താപ്പര്‍ അതിനെ ബ്രാഹ്മണരും അധ്വാനിക്കുന്നവരും തമ്മിലുള്ള കാലങ്ങളായുള്ള യുദ്ധം എന്ന് വിളിക്കുന്നു.
നിങ്ങള്‍ ദയവായി പറയരുത് അദ്ധ്വാനിക്കുന്നവരുടെ പോരാട്ടം ഒരു വിദേശ പോരാട്ടമാണെന്ന്. തുല്യതക്കു വേണ്ടിയും വിവേചനങ്ങള്‍ക്കെതിരായുമുള്ള യുദ്ധങ്ങള്‍ പുറത്തു നിന്നും വന്നതാണെന്ന് നമ്മെ ഇവര്‍ പഠിപ്പിക്കുന്നു. വിവേചനരഹിതമായ ഒരു ജീവിതം ഈ മണ്ണിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ആത്മീയമായും സാംസ്‌കാരികമായും ശ്രീനാരായണഗുരുവിനെപ്പോലുള്ളവര്‍ എന്തിനു ശിവജി പോലും അതില്‍ പെടുന്നു. ശിവജിയെ മുഗള്‍ വിരുദ്ധനായി ചിത്രീകരിക്കുന്നത് ചരിത്രപരമായി തെറ്റാണു. മുഗള്‍ ഭരണാധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടത് ഞങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യരുതെന്നാണ്, ചെറുകിട കര്‍ഷകരെ സംരക്ഷിക്കണം എന്നായിരുന്നു. അങ്ങേയറ്റത്തെ ബഹുമാനത്തോടെ അദ്ദേഹം ഔറംഗസീബിന് മൂന്ന് കത്തുകള്‍ അയച്ചിരുന്നു. ഒരു മറുപടിയും കിട്ടാതെ വന്നപ്പോഴാണ് പിണക്കം ഉണ്ടായത്. പിന്നീടദ്ദേഹം ഇന്ന് നമ്മള്‍ മഹാരാഷ്ട്രം എന്ന് വിളിക്കുന്ന പ്രദേശത്തിന്റെ ഒരു വീരനായകനായി. അദ്ദേഹം ഒരിക്കലും മുസ്ലിം വിരോധി ആയിരുന്നില്ല. പ്രധാനമന്ത്രി, ധനകാര്യമന്ത്രി തുടങ്ങിയ ഉന്നത പദവികളില്‍ അദ്ദേഹം മുസ്ലിംകളെ നിയമിച്ചിരുന്നു. എന്നാല്‍ വര്‍ഗീയ ശക്തികള്‍ക്ക് ചരിത്രം തിരുത്തിയെഴുതാനും ദേശീയ മുഖങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള താല്പര്യമാണ്. എന്തിനധികം നേതാജി സുഭാഷ് ചന്ദ്രബോസിനെയും ബാബാ സാഹേബ് അംബേദ്കറെയും വരെ അവര്‍ അങ്ങനെ മാറ്റാന്‍ ശ്രമിക്കുന്നു.
നമുക്കറിയാം ഇവരാണ് ഗാന്ധിയുടെ ഘാതകര്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരപ്രവര്‍ത്തനം നടന്നത് 1948 ജനുവരി മുപ്പതിനായിരുന്നു. . ഇന്ന് നമ്മള്‍ ഒരു പ്ലാസ്റ്റിക് ഗാന്ധിയെ സൃഷ്ടിക്കുന്നു, ശരിയായ ഗാന്ധിയെ, നവഖാലിലയിലും പഞ്ചാബിലും ബീഹാറിലുമുള്ള ജനങ്ങളുടെ മനസ്സുകൊണ്ട് വിഭജിക്കാനുള്ള ശ്രമങ്ങളെ തടഞ്ഞ ഗാന്ധിയെ മറച്ചു പിടിക്കുവാന്‍ വേണ്ടി. ആ ഗാന്ധിയെ കൊണ്ട് അവര്‍ക്കൊരു പ്രയോജനവുമില്ല. അവര്‍ അംബേദ്കറെ ആഘോഷിക്കുന്നതിലെ കാപട്യം മനസ്സിലാക്കണം. ബാബാ സാഹേബ് അംബേദ്കറിന്റെ എഴുത്തുകള്‍ സമാഹരിച്ചു കൊണ്ട് മോഡി സര്‍ക്കാര്‍ ദില്ലിയിലെ പ്രഗതി മൈദയില്‍ പുറത്തിറക്കിയപ്പോള്‍ അതില്‍ ചില ഭാഗങ്ങള്‍ വിട്ടു കളഞ്ഞു. അങ്ങനെ വിട്ടുകളഞ്ഞ നാല് ഭാഗങ്ങളില്‍ ജാതി നിര്‍മാര്‍ജനം, ഭരണകൂടവും ന്യുനപക്ഷങ്ങളും മുതലായവ ഉണ്ട്. കാരണം നമ്മുടെ ഭരണഘടനാ നിര്‍മാതാവ് ജാതിവിരുദ്ധനെന്നു പറയാന്‍ അവര്‍ താല്പര്യപ്പെടുന്നില്ല. മതന്യുനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അംബേദ്കറുടെ നിലപാടിനോട് അവര്‍ യോജിക്കുന്നില്ല. അതുപോലെ ആനുപാതിക പ്രാതിനിധ്യം എന്നതില്‍ അവര്‍ക്കു താല്പര്യമില്ല. ഇവരുടെ കളികള്‍ വ്യക്തമായി മനസ്സിലാക്കണം.
ഞാന്‍ ഇപ്പോള്‍ കുറെയേറെ പ്രായം കഴിഞ്ഞ വ്യക്തിയാണ്. എന്റെ രാഷ്ട്രീയ വിദ്യാഭ്യാസം എണ്‍പതുകളിലെ പത്രപ്രവര്‍ത്തകയായിട്ടായിരുന്നു ആരംഭിച്ചത്. മാധ്യമങ്ങളിലെ മാറ്റങ്ങളുടെ സൂചനകള്‍ അന്നേ ഉണ്ടായിരുന്നു. ഒരു വശത്തു അയോധ്യയിലെ രാമക്ഷേത്രമെന്ന ആശയം ഉയര്‍ന്നു വന്നിരുന്നു. പിന്നീട് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സങ്കല്പമാണ് തകര്‍ന്നു വീണത്. 1992 ഡിസംബര്‍ ആറ് ഒരേ സമയം ഒന്നിന്റെ വിടപറയലും മറ്റൊന്നിന്റെ വരവുമായിരുന്നു. ആയിരക്കണക്കിന് സൈനികരും അര്‍ദ്ധ സൈനികരും നോക്കിനില്‍ക്കെ നമ്മുടെ ഭരണഘടന അവര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. നിയമവാഴ്ചയുടെ വിടപറയലായിരുന്നു. മറുവശത്തു ആ ദിവസം കടന്നു വന്നത്, ബാബ സാഹേബ് അംബേദ്കര്‍ നിര്‍മ്മിച്ച ഭരണഘടനക്ക്, രാഷ്ട്രസങ്കല്പത്തിന് ഒരു മൂല്യവും കല്പിക്കാത്ത, ഒരു തരം മതരാഷ്ട്രബോധമായിരുന്നു. ഒരു ജനാധിപത്യ റിപ്പബ്ലിക്കിന് പകരം ഒരു ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം. ഈ അതിക്രമത്തോടൊപ്പം തന്നെയായിരുന്നു സാമ്പത്തിക രംഗത്തെ നവ ഉദാരവല്‍ക്കരണം എന്ന അതിക്രമവും ആരംഭിച്ചത്. വിരോധാഭാസമെന്നു പറയട്ടെ അതും കൊണ്ട് വന്നത് ഒരേ കക്ഷിയാണ്, കോണ്‍ഗ്രസ് ആണത്. പക്ഷെ ഇന്ന് ചങ്ങാത്ത മുതലാളിത്തത്തിലൂടെ ഈ സര്‍ക്കാര്‍ എല്ലാ സീമകളും മറികടന്നിരിക്കുന്നു.
നമ്മുടെ മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി ഈ പ്രൊട്ടോ ഫാസിസ്റ്റു ഭരണകൂടത്തെ നേരിടുന്നതിനോടൊപ്പം പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിക്കേണ്ടത്, അവര്‍ ഭരണത്തില്‍ വരണം, അതിനായി നമ്മള്‍ ശക്തമായി പോരാടും. അവര്‍ക്കത്തിന് കഴിയുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ നമുക്ക് വേറെ വഴികളില്ല. ഇതിനൊക്കെ അവരും കാരണക്കാരാണെന്നും അധകാരത്തിലെത്തിയാല്‍ ഭരണഘടനയെ നിര്‍വ്വീര്യമാക്കിയ ഈ നടപടികള്‍ റദ്ദാക്കണം എന്നുമാണ്. അതൊരു വലിയ വെല്ലുവിളിയാണ്. ഓരോ വോട്ടും നിര്‍ണ്ണായകമാണ്. എല്ലാ വോട്ടുകളും പട്ടികയില്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം. ഇവരെ എതിര്‍ക്കുന്ന എല്ലാ വോട്ടുകളും പോള്‍ ചെയ്യപ്പെടുമെന്നു ഉറപ്പാക്കണം, അത് വഴി ഈ ഫാഷിസ്റ്റുകള്‍ പുറത്താക്കപ്പെടും.
ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ. 1947 മുതല്‍ 2014 വരെ ഇവിടെ സമ്പൂര്‍ണ്ണമായ ഒരു ജനാധിപത്യം നിലനിന്നിരുന്നു എന്നൊന്നും പറയാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഭരണഘടനയുടെ കഴുത്തു ഞെരിക്കുന്നു, എല്ലാ സ്ഥാപനങ്ങളെയും നശിപ്പിക്കുന്നു, വിവിധ വിഭാഗം ജനങ്ങള്‍ ആക്രമിക്കപ്പെടുന്നു. നിയമത്തിന്റെയും ചരിത്രത്തിന്റെയും ഒരു വിദ്യാര്‍ത്ഥി എന്ന നിലക്ക് പറയട്ടെ ഇവര്‍ കൊണ്ട് വരുന്ന മൂന്നു പുതിയ ക്രിമിനല്‍ നിയമങ്ങളെ കുറിച്ചാണ് ഞാന്‍ അവസാനമായി പറയാന്‍ പോകുന്നത്. കോളനിവല്‍ക്കരണത്തിനെതിരെന്ന പേരില്‍ കൊണ്ട് വരുന്ന ഐപിസി, സിആര്‍പിസി, തെളിവ് നിയമം എന്നിവ ഭരണകൂടത്തിന് കൂടുതല്‍ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ നല്‍കുന്നവയാണ്. രാജ്യദ്രോഹനിയമം വീണ്ടും കൊണ്ട് വരുന്നു, പൊലീസിന് അപരിമിതമായ അധികാരങ്ങള്‍ നല്‍കുന്നു, അപകോളനിവല്‍ക്കരമല്ല, ജനാധിപത്യവല്‍ക്കരണമല്ല, പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. നീതിന്യായ സംവിധാനത്തെ ഭീഷണിപ്പെടുത്തിക്കൊണ്ട് എക്‌സിക്യൂട്ടീവിന്റെ കീഴിലാക്കുന്നു. ഈ പുതിയ മൂന്ന് നിയമങ്ങളുടെ പേരുകള്‍ പറയുക തന്നെ വിഷമമാണ്. അങ്ങേയറ്റം സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട പേരുകളാണ്. ഐപിസി, സിആര്‍പിസി നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടണം, ക്രമസമാധാനം എന്നത് സംസ്ഥാനവിഷയമാണ് എന്നതിനാല്‍ സംസ്ഥാനങ്ങളുടെ അനുമതി തേടണം. ജനങ്ങളുമായി, നിയമജ്ഞരുമായി സാമൂഹ്യപ്രവര്‍ത്തകരുമായി വ്യാപകമായി ചര്‍ച്ച നടത്തണം.
നമുക്ക് മുന്നിലുള്ളത് ഒരു വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ നാണക്കേടിന്റെ കലണ്ടര്‍ മറക്കാതിരിക്കണം, മണിപ്പുരിലെയും കാശ്മീരിലെയും ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു, ഈ ഭരണകാലത്തു മതന്യുനപക്ഷങ്ങള്‍ നല്‍കേണ്ടി വന്ന വില വളരെ വലുതാണെന്ന് ഓര്‍ക്കണം. ദരിദ്രരും അതിഥി തൊഴിലാളികളും നല്‍കേണ്ടി വന്ന വില ഓര്‍ക്കണം, പൂനയിലെയും ഗുജറാത്തിലെയും നാണക്കേട് മറക്കരുത്, ദളിതരും സ്ത്രീകളും നേരിടേണ്ടി വന്ന ദുരന്തങ്ങള്‍ മറക്കരുത്, ഹത്രാസിലെ നാണക്കേട്, ഉണാവിലെ നാണക്കേട്, മറ്റു നിരവധി നാണക്കേടുകള്‍ ഇവയൊക്കെ ഓര്‍ക്കണം .മുമ്പും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല, 2012 ല്‍ നിര്‍ഭയ സംഭവം ഉണ്ടായത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. പക്ഷെ അന്ന് വലിയ തോതില്‍ ഇന്ത്യന്‍ ജനത ദില്ലിയിലും മറ്റിടങ്ങളിലും തെരുവിലിറങ്ങി.എന്നാല്‍ ഇന്ന് ഭയത്തിന്റെ അന്തരീക്ഷമാണ് രാജ്യമാകെ. ഭീകരതയുടെ ഈ കാലാവസ്ഥയില്‍ നമ്മളില്‍ കുറച്ച് പേര്‍ അറിഞ്ഞുകൊണ്ട് തന്നെ സാഹസത്തിനിറങ്ങിയേ പറ്റൂ.അതിനു നമ്മള്‍ വലിയ വിലനല്‍കേണ്ടി വരും. നമ്മെ ജയിലില്‍ അടക്കും.
പ്രതിഷേധിക്കേണ്ട വലിയൊരു വിഭാഗം ജനത മൗനത്തിലാണ്. ഒരു തരം നാണം കെട്ട മൗനം. മഹാഭൂരിപക്ഷം ജനങ്ങളും ഇത്തരം മൗനത്തില്‍ ഏര്‍പ്പെടുന്നു എന്നതുകൊണ്ട് അവരെല്ലാം സമാധാനത്തിലാണോ എന്ന സംശയം എനിക്കുണ്ടാകാറുണ്ട്. എന്നാല്‍ ഈ ഭരണത്തിന് കിട്ടിയത് 37 – 40 ശതമാനം മാത്രം വോട്ടുകളാണ് എന്ന് കാണണം. എതിര്‍ക്കുന്ന മഹാഭൂരിപക്ഷം എന്തുകൊണ്ട് ശാന്തരായിരിക്കുന്നു? ഈ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ എന്തുകൊണ്ടവര്‍ പ്രതിഷേധിക്കുന്നില്ല? നിരാശാവാദി ആകാത്തിരിക്കുക എന്നത് ഏറെ വിഷമകരമാണ്. ബാബ സാഹേബ് അംബേദ്കറോ ജ്യോതിറാവു ഫൂലെയോ എന്തിനു മഹാത്മാ ഗാന്ധിയോ ഇക്കാലത്തു ജീവിച്ചിരുന്നു എങ്കില്‍ അവരെയെല്ലാം ഇവര്‍ രാജ്യദ്രോഹികളെന്നു പറഞ്ഞ തടവില്‍ ഇടുമായിരുന്നു. ദേശവിരുദ്ധരാക്കുമായിരുന്നു. അത്തരം നേതാക്കളെ ഓര്‍ത്തു കൊണ്ട് , രാംപൂര്‍ കോണ്‍ഗ്രസില്‍ മൗലാനാ ആസാദ് നടത്തിയ പ്രസംഗം, കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നടത്തിയ ചരിത്രപ്രസിദ്ധമായ ആ പ്രസംഗം ഓര്‍ത്തു കൊണ്ട് നമുക്ക് പറയണം, ഷഹീന്‍ ബാഗില്‍, സിഎ എ വിരുദ്ധസമരത്തില്‍ പങ്കെടുത്തവര്‍ മുസ്ലിമ്കളും പറയുന്നു ഞങ്ങളും ഇന്ത്യക്കാരാണ് എന്ന്. അടിച്ചമര്‍ത്തപ്പെടുന്ന വിവിധ വിഭാഗം ജനങ്ങളെ കോര്‍ത്തിണക്കുന്ന സഖ്യം രൂപപ്പെടുത്തുമ്പോള്‍ നമ്മള്‍ ഉമര്‍ ഖാലിദിനെയും ഖുദുഷാ ഫാത്തിമയെയും ഓര്‍ക്കണം. ഭീമ കോരേഗാവ് കേസില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന ഹൈദര്‍ മീരാന്‍ ഓര്ക്കണം. വേദാന്ത കമ്പനിക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന് ജയിലില്‍ ആയ ഒഡിഷയിലെ ആദിവാസി നേതാക്കളെ ഓര്ക്കണം. എന്നിട്ടും നമ്മള്‍ നിശ്ശബ്ദരായിരിക്കുന്നതെന്തു കൊണ്ട് ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in