വിദ്യാഭ്യാസരംഗത്ത് അനാഥരായി പോയിരുന്ന വിദ്യാര്‍ത്ഥികളുടെ അമ്മത്തൊട്ടിലുകളായിരുന്നു പരാലല്‍ കോളേജുകള്‍
പാരലല്‍ കലാലയങ്ങള്‍ കേവലം ട്യൂഷന്‍ ക്ലാസുകളായിരുന്നില്ല. മറിച്ച് നാട്ടിലെ സമാന്തരമായ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങ ളുടെ കേന്ദ്രങ്ങളായിരുന്നു. ഇവിടങ്ങളിലെ താടിവെച്ച അധ്യാപകര്‍ കേവലം സിലബസ് പഠിപ്പിക്കുകയായിരുന്നില്ല. കാലം മുന്നോട്ടുവെച്ച പുതിയ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. ആ സഞ്ചാരത്തിന്റെ ഭാഗം തന്നെ യായിരുന്നു അവര്‍ക്ക് ഈ കലാലയങ്ങള്‍. വിദ്യാഭ്യാസത്തെ ജനകീയ മാക്കാനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും പ്രധാന പങ്കുവഹിച്ചത് ഈ സമാന്തരകലാലയങ്ങളായിരുന്നു. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തെ കുറിച്ച് പറയുമ്പോള്‍ പാരലല്‍ കോളേജുകളെ പലരും അവഗണിക്കാറാണ് പതിവ് – REPOST
ഒരു അധ്യാപകദിനം കൂടി കടന്നുപോയി. പതിവുപോലെ തങ്ങളുടെ ഏതെങ്കിലും അധ്യാപകരെ കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ നിരവധി കണ്ടു. എന്നാല്‍ സമകാലിക കേരള ചരിത്രത്തിലെ അംഗീകരിക്കപ്പെടേണ്ട അധ്യാപകരെ അംഗീകരിക്കാന്‍ കാര്യമായാരും തയ്യാറായില്ല എന്നതാണ് വസ്തുത. പെട്ടെന്ന് കേട്ടാല്‍ പുച്ഛിച്ചുതള്ളുമായിരിക്കും. എന്നാലും പറയാതെ വയ്യ. പഴയ പാരലല്‍ കോളേജ് അധ്യാപകരും ഇപ്പോഴത്തെ അണ്‍ എയ്ഡഡ് അധ്യാപകരുമാണവര്‍. അവരില്‍ നിന്ന് ആരേയും പരാമര്‍ശിച്ചതായി കണ്ടില്ല.
കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ പാരലല്‍ കോളേജുകളുടെ പങ്ക് എത്രയോ വലുതാണ്. വിദ്യാര്‍ത്ഥികളോട് കാര്യമായ പ്രതിബദ്ധതയൊന്നും നമ്മുടെ സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ക്കില്ലാതിരുന്ന കാലം. പഠിപ്പിച്ചാലും ഇല്ലെങ്കിലും കൃത്യമായ വേതനം ലഭിക്കും. നിരന്തരമായി ആവര്‍ത്തിച്ചിരുന്ന സമരങ്ങളാല്‍ അതാകട്ടെ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇന്‍പുട്ട് കൂടുമ്പോഴും ഔട്ട് പുട്ട് കുറയുകയായിരുന്നു. ഔട്ട് പുട്ട് പരിശോധിക്കാനാകട്ടെ ആരുമുണ്ടായിരുന്നുമില്ല. അണ്‍ എയ്ഡഡ്് – സ്വാശ്രയ വിദ്യാലയങ്ങളൊന്നും കാര്യമായി ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു കുറവുണ്ടായിരുന്നില്ല. അതിനാല്‍ അധ്യാപകര്‍ക്ക് ജോലിക്ക് ഭീഷണിയുമില്ല.
അക്കാലഘട്ടത്തില്‍ പാരലല്‍ കോളേജുകളും ട്യൂഷന്‍ ക്ലാസ്സുകളുമായിരുന്നു വിദ്യാര്‍ത്ഥികളുടെ അഭയകേന്ദ്രങ്ങള്‍. പത്താം ക്ലാസ്സില്‍ ഭൂരിഭാഗവും തോറ്റിരുന്ന അക്കാലത്ത് പാരലല്‍ കോളേജില്‍ പഠിച്ചായിരുന്നു കുട്ടികള്‍ പാസായിരുന്നത്. മാത്രമല്ല പ്രീഡിഗ്രിക്ക് സീറ്റുകിട്ടാതിരുന്ന ലക്ഷങ്ങള്‍ പഠിച്ചിരുന്നതും പാരലല്‍ കോളേജുകളിലായിരുന്നു. വിജയശതമാനം പരമാവധി എത്തിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം പൂട്ടേണ്ടിവരുമെന്നതിനാല്‍ അധ്യാപകര്‍ കൃത്യമായി പഠിപ്പിച്ചിരുന്നു. സ്ഥാപനമുടമകള്‍ അത് കൃത്യമായി നിരീക്ഷിച്ചിരുന്നു.
ഇതോടൊപ്പം പാരലല്‍ കോളേജുകളെ കുറിച്ച് ചിലതു കൂട്ടിചേര്‍ക്കുന്നത് പ്രസക്തമാണ്. ഒരു കാലത്ത് കേരളത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ വായനശാലകളായിരുന്നു. അവയുടെ പ്രതാപകാലത്തിന്റെ ഒരു ഘട്ടം കഴി യുമ്പോഴാണ് നാടെങ്ങും പാരലല്‍ കോളേജുകള്‍ മുളച്ചുപൊന്തിയത്. കലാ ലയ വിദ്യാഭ്യാസം ഏറെക്കുറെ പൂര്‍ത്തിയാക്കിയ, ഒരേസമയം അമര്‍ഷവും പ്രതീക്ഷയും ഉള്ളിലൊതുക്കി പുറത്തുവന്നവരായിരുന്നു പ്രധാനമായും നാടെങ്ങും പാരലല്‍ കോളേജുകള്‍ സ്ഥാപിച്ചത്. പഠിപ്പു കഴിഞ്ഞാല്‍ വലി യൊരു വിഭാഗം ബോംബെയിലേക്കും അതുവഴി ഗള്‍ഫിലേക്കും പോയിരുന്ന കാലമായിരുന്നു അത്. മറ്റൊരു വിഭാഗം ടെസ്റ്റുകളെഴുതി, മറ്റൊന്നിനും ശ്രമിക്കാതെ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുകയായിരുന്നു. ഇന്നത്തെ പോലെ സ്വയം എന്തെങ്കിലും സംരംഭങ്ങള്‍ ആരംഭിക്കുന്ന ശീലം അന്നി ല്ലായിരുന്നു. ആഗ്രഹമുണ്ടെങ്കില്‍ തന്നെ ഇന്നത്തെ പോലെ ലോണുകള്‍ക്കു സാധ്യത കുറവായിരുന്നു. കാര്‍ഷികമേഖലയുടെ തകര്‍ച്ച ഏറെക്കുറെ ആരംഭിച്ചിരുന്നതിനാല്‍ ആ രംഗത്തേക്കും കാര്യമായി ആരും പോയിരുന്നില്ല.
നോവലുകള്‍, കവിതകള്‍, ചെറുകഥകള്‍, നാടകങ്ങള്‍, സിനിമകള്‍, ശില്‍പ്പങ്ങള്‍. ചിത്രങ്ങള്‍ തുടങ്ങി കലാ സാംസ്‌കാരിക സാഹിത്യമേഖലകള്‍ തിളച്ചുമറിഞ്ഞിരുന്ന കാലം. പഴയ പ്രചരണസാഹിത്യവും ഗൃഹാതുരത്വവും പുതിയ കാല ആവിഷ്‌കാരങ്ങള്‍ക്ക് വഴി മാറികൊടുക്കാന്‍ ആരംഭിച്ചിരുന്നു. മുകുന്ദനും വിജയനും കാക്കനാടനും ആനന്ദും മാധവിക്കുട്ടിയും സക്കറിയയു മൊക്കെ വലിയ തോതില്‍ വായിക്കപ്പെട്ടു തുടങ്ങി. മറുവശത്ത് കെജിഎസും സച്ചിദാനന്ദനും ആറ്റൂരും എം സുകുമാരനും യുപി ജയരാജും സി ആര്‍ പര മേശ്വരനും. നാടക സിനിമാ രംഗത്തും ഗുണപരമായ മാറ്റങ്ങള്‍ ശക്തമായി. ജോണ്‍ എബ്രഹാമിനു നാടെങ്ങും ആരാധകര്‍. പി എം താജിനെപോലുള്ള ചെറുപ്പക്കാര്‍ നാടകമേഖലയില്‍. കലാമേഖലയില്‍ റാഡിക്കല്‍ പെയ്ന്റേഴ്സ് സൃഷ്ടിച്ച വിപ്ലവം. മറുവശത്ത് ഇന്ത്യന്‍ ചക്രവാളത്തില്‍ മുഴങ്ങിയ വസന്ത ത്തിന്റെ ഇടിമുഴക്കത്തിന്റെ അലയൊലികള്‍. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലെ ആദ്യതലമുറക്കുശേഷം കെ വേണുവിന്റെയും കെ എന്‍ രാമചന്ദ്രന്റേയും നേതൃത്വത്തില്‍ നക്സലൈറ്റുകളുടെ രണ്ടാം തലമുറ രംഗത്ത്. കൂടാതെ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും സജീവം. ഇവ യെല്ലാം ചേര്‍ന്ന് കേരളത്തിന്റെ സാംസ്‌കാരികമേഖലയെ ഇളക്കി മറിക്കുന്ന കാലത്തായിരുന്നു അവയോടെല്ലാം ഐക്യപ്പെട്ട ഒരു തലമുറയുടെ നേതൃത്വ ത്തില്‍ സംസ്ഥാനത്തെമ്പാടും സമാന്തരപഠനകേന്ദ്രങ്ങള്‍ പൊട്ടിമുളക്കുന്നത്.
ഈ പാരലല്‍ കലാലയങ്ങള്‍ കേവലം ട്യൂഷന്‍ ക്ലാസുകളായിരുന്നില്ല. മറിച്ച് നാട്ടിലെ സമാന്തരമായ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങ ളുടെ കേന്ദ്രങ്ങളായിരുന്നു. ഇവിടങ്ങളിലെ താടിവെച്ച അധ്യാപകര്‍ കേവലം സിലബസ് പഠിപ്പിക്കുകയായിരുന്നില്ല. കാലം മുന്നോട്ടുവെച്ച പുതിയ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. ആ സഞ്ചാരത്തിന്റെ ഭാഗം തന്നെ യായിരുന്നു അവര്‍ക്ക് ഈ കലാലയങ്ങള്‍. വിദ്യാഭ്യാസത്തെ ജനകീയ മാക്കാനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും പ്രധാന പങ്കുവഹിച്ചത് ഈ സമാന്തരകലാലയങ്ങളായിരുന്നു. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തെ കുറിച്ച് പറയുമ്പോള്‍ പാരലല്‍ കോളേജുകളെ പലരും അവഗണിക്കാറാണ് പതിവ്. തോറ്റവരെ വിജയത്തിന്റെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരുക, പുറകിലായവരെ മുന്നിലെത്തിക്കുക എന്ന ഏറ്റവും ദുഷ്‌കരമായ കാര്യങ്ങള്‍ ചെയ്തത് സത്യത്തില്‍ പാരലല്‍ കലാലയങ്ങളായിരുന്നു. വിദ്യാഭ്യാസരംഗത്ത് അനാഥരായി പോയിരുന്ന വിദ്യാര്‍ത്ഥികളുടെ അമ്മത്തൊട്ടിലുകളായിരുന്നു അവ. ഒപ്പം കുട്ടികളില്‍ സാമൂഹ്യബോധം വളര്‍ത്തുന്നതിലും അവ വഹിച്ച പങ്ക് ചെറുതല്ല. എന്നാല്‍ അവിടങ്ങളില്‍ പഠിച്ചവര്‍ പോലും അധ്യാപക ദിനങ്ങലില്‍ പോലും ്അതോര്‍ക്കാറില്ല എന്നതാണ് വൈരുദ്ധ്യം.
അന്ന് പാരലല്‍ വിദ്യാലയങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ആയിരകണക്കിനു അധ്യാപകര്‍ ഇന്നു കേരളത്തിലുണ്ട്. അവരില്‍ പലരുടേയും ജീവിതം ക്ലേശകരമാണ്. കേരളീയസമൂഹത്തെ മുന്നോട്ടുനയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അവരോട് സമൂഹത്തിനു കടപ്പാടുണ്ട്. മുഖ്യധാരാ അധ്യാപകര്‍ വന്‍ വേതനവും പെന്‍ഷനുമൊക്കെ വാങ്ങുമ്പോള്‍ കേരളവിദ്യാഭ്യാസരംഗത്ത് അവരേക്കാള്‍ എത്രയോ സംഭാവനകള്‍ നല്‍കിയ പാരലല്‍ കോളേജ് അധ്യാപകര്‍ക്കും എന്തെങ്കിലും തിരിച്ചു നല്‍കേണ്ട ഉത്തരവാദിത്തം ഏറ്റടുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. എന്നാല്‍ കേരളീയസമൂഹം പൊതുവിലവരോട് നന്ദികേടാണ് കാണിക്കുന്നത്.
തികച്ചും വ്യത്യസ്ഥമായ ഒന്നാണ് അണ്‍എയ്ഡഡ് അധ്യാപകരുടെ പ്രശ്‌നം. തുച്ഛമായ വേതനം വാങ്ങി മാനേജ്‌മെന്റിന്റെ അടിമപ്പണി ചെയ്യേണ്ട അവസ്ഥയിലാണ് അണ്‍ എയ്ഡഡ്് മേഖലയിലെ അധ്യാപകരും അന ധ്യാപകരും. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെ. ഒരേ ജോലി ചെയ്യുന്നവരാണെങ്കിലും ഇവര്‍ക്കുവേണ്ടി രംഗത്തിറങ്ങാന്‍ അധ്യാപക സംഘടനകളൊന്നും തന്നെ തയ്യാറാകുന്നില്ല. അധ്യാപക പ്രസ്ഥാനങ്ങളുടെ ദീര്‍ഘ കാലത്തെ പോരാട്ടങ്ങളിലൂടെ മാന്യമായ വേതനം ലഭിച്ചു തുടങ്ങിയ അധ്യാപകരുടെ സാമൂഹ്യപ്രതിബദ്ധതയും വിദ്യാര്‍ത്ഥികളോടുള്ള ഉത്തരവാദിത്തവും ഇല്ലാതായതാണ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പെരുകാന്‍ ഒരു പ്രധാന കാരണമായത്. അതോടൊപ്പം ഒരു മാറ്റം കൂടി സംഭവിച്ചു. അണ്‍ എയ്ഡഡ്് വിദ്യാലയങ്ങള്‍ മാന്യതയുടെ പ്രതീകവും സര്‍ക്കാര്‍ – എയ്ഡഡ്് വിദ്യാലയങ്ങള്‍ മോശപ്പെട്ടയിടങ്ങളുമായി. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ മക്കളടക്കം അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠനമാരംഭിച്ചു എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ പറയേണ്ടതില്ലല്ലോ. അതേസമയം അവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം തുച്ഛവും ജോലിഭാരം വളരെ കൂടുതലും. ഏറ്റവും കൊടിയ ചൂഷണം പുറംമോടികളാല്‍ മൂടിവയ്ക്കുന്ന അപൂര്‍വ കാഴ്ച. ഇഷ്ടംപോലെ നിയമിക്കാനും പിരിച്ചുവിടാനും സാധിക്കുന്ന മേഖല. എന്നിട്ടും തങ്ങളുടെ മക്കളെ ”മാന്യമാരാ”യി മാറ്റാന്‍ പാടുപെടുന്ന ഇവരെകുറിച്ച് രക്ഷാകര്‍ത്താക്കള്‍ക്കോ അധ്യാപകസംഘടനകള്‍ക്കോ ഒരുവിധ താല്‍പ്പര്യവുമില്ല.
പൊതുവിദ്യാലയങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി, വേതനം തുച്ഛമാണെങ്കിലും കുട്ടികളെ ആത്മാര്‍ത്ഥമായി തന്നെ ഇവര്‍ പഠിപ്പിക്കുന്നു. കാരണം വ്യക്തം. ഇവരുടെ ഔട്ട് പുട്ട് പരിശോധിക്കപ്പെടുന്നുണ്ട്. എന്നാല്‍ തുച്ഛം വേതനത്തിനു കഠിനാധ്വാനം ചെയ്യുന്ന ഇവരേയും അധ്യാപകദിനത്തില്‍ ആരും ഓര്‍ത്തില്ല,. കൊവിഡാകട്ടെ കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഒരു വിഭാഗം ഇവരാണ്. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലസ്സുകള്‍ ആരംഭിച്ചെങ്കിലും അധ്യാപകരുടെ എണ്ണം കുറക്കുകയായിരുന്നു. നിരവധി പേക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കൊവിഡിനുശേഷം ജോലി തിരിച്ചു കിട്ടുമോ എന്ന ആശങ്കയിലാണ് മിക്കവരും. സത്യത്തില്‍ ഇവരെയായിരുന്നു ഈ അധ്യാപകദിനത്തില്‍ നാം ഓര്‍ക്കേണ്ടിയിരുന്നതും സഹായിക്കേണ്ടിയിരുന്നതും. പക്ഷെ അതുണ്ടായില്ല എന്നുമാത്രം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in