മലയാളിയെ കുറിച്ച് സ്വപ്‌നയും സരിതയും പറയുന്നത് ശരിയാണ്

മുന്‍മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം സ്വപ്‌ന സുരേഷ് പറഞ്ഞ ചില വാചകങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്. ‘സൗഹൃദങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും കേരളത്തിലെ പുരുഷന്മാര്‍ ഫ്രസ്ട്രേറ്റഡ് ആണെന്നും അവര്‍ക്ക് സ്ത്രീകളുമായി ഓപ്പണായി ഇടപെടാന്‍ കഴിയുന്നില്ലെന്നും അവരുടെ ഫീലിംഗ്സ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ തന്നെ അവര്‍ സ്ത്രീകളെ കാണുമ്പോള്‍ മിസ് ബിഹേവ് ചെയ്യുന്നു എന്നുമാണ്’ അവര്‍ പറഞ്ഞത്. തന്റെ വ്യവസായസംരംഭവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ – ഔദ്യോഗിക മേഖലകളിലെ പലരും സമീപിച്ചപ്പോഴുണ്ടായ അനുഭവങ്ങളില്‍ നിന്ന് സരിതാ നായരും സമാന വാചകങ്ങള്‍ പറഞ്ഞിട്ടുണ്ട്.

ലൈംഗികതയിലും ലിംഗനീതിയിലും സ്ത്രീപുരുഷ ബന്ധങ്ങളിലുമൊക്കെ എത്രമാത്രം പുറകിലാണ് കേരളം എന്നു വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്. ജാതി, മത, വര്‍ഗ്ഗ, സാമ്പത്തിക, സാംസ്‌കാരിക, ഔദ്യോഗിക വ്യത്യാസമില്ലാതെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും പ്രതികൂടുകളില്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. പീഡനങ്ങളും പീഡന വെളിപ്പെടുത്തലുകളും മീ ടുകളും തുടങ്ങി പ്രണയത്തിന്റെ പേരുപറഞ്ഞുള്ള കൊലപാതകങ്ങളും വരെ വാര്‍ത്തകളില്‍ നിറയുന്നു. തന്റെ കാമുകി എന്നവകാശപ്പെടുന്ന പെണ്‍കുട്ടിക്ക് ഒരാണ്‍ സുഹൃത്തുണ്ടെന്നറിഞ്ഞ്, അവളുടെ തലയറുത്ത് കൊണ്ടുപോയി ആണ്‍സുഹൃത്തിനെ കാണിച്ച് അയാളേയും കൊല്ലാന്‍ പ്ലാന്‍ ചെയത യുവാവിനെ കുറിച്ചുള്ള വാര്‍ത്തയുടെ ഞെട്ടലിലാണ് ഈ കുറിപ്പെഴുതുന്നത്. നീതിപീഠം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ അവനര്‍ഹിക്കുന്നു. അതേസമയം അത്തരമൊരവസ്ഥയിലേക്ക് കേരളമെത്തിചേര്‍ന്ന ചരിത്രമെടുത്തു പരിശോധിച്ചാല്‍ മുഴുവന്‍ പ്രസ്ഥാനങ്ങളും പ്രതിക്കൂട്ടിലാണ്. കഴിഞ്ഞില്ല, ഓരോ മലയാളിയും പ്രതിക്കൂട്ടിലാണ് എന്നുതന്നെ പറയേണ്ടിവരും.

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ എം ശിവശങ്കരന്‍ എഴുതിയ പുസ്തകത്തിനു മറുപടിയായി ചതിയുടെ പത്മവ്യ്ൂഹം എന്ന പേരില്‍ സ്വപ്‌ന സുരേഷ് പുറത്തിറക്കിയ പുസ്തകവും തുടര്‍ന്ന് അവര്‍ നടത്തിയ വെളിപ്പെടുത്തലുകളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മുമ്പ് സരിതാ നായര്‍ ആരോപണങ്ങളുന്നയിച്ചിരുന്നതിനു സമാനമാണ് ഇപ്പോഴത്തെ സംഭവങ്ങളും. ഒരു വ്യത്യാസം മാത്രം. അന്നു വാദികളായിരുന്നവര്‍ ഇന്നു പ്രതികളും ഇന്നു പ്രതികളായവര്‍ അന്നു വാദികളുമാണ്. എന്നാല്‍ അന്നത്തെ പ്രതിപക്ഷം നടത്തിയ പോലുള്ള പ്രക്ഷോഭങ്ങള്‍ നടത്താന്‍ ഇന്നത്തെ പ്രതിപക്ഷത്തിനു കഴിയുന്നില്ല. മറുവശത്ത് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണങ്ങളില്‍ ഇടതുപക്ഷവും കാര്യമായി പ്രതികരിക്കുന്നത് കാണുന്നില്ല. എന്തായാലും ഈ വിഷയവുമായി ബന്ധപ്പെട്ട കക്ഷിരാഷ്ട്രീയമല്ല ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. മറിച്ച് ആരംഭത്തില്‍ സൂചിപ്പിച്ച, ലൈംഗികതയുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ മലയാളികള്‍ പൊതുവില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുന്‍മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം സ്വപ്‌ന സുരേഷ് പറഞ്ഞ ചില വാചകങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്. ‘സൗഹൃദങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും കേരളത്തിലെ പുരുഷന്മാര്‍ ഫ്രസ്ട്രേറ്റഡ് ആണെന്നും അവര്‍ക്ക് സ്ത്രീകളുമായി ഓപ്പണായി ഇടപെടാന്‍ കഴിയുന്നില്ലെന്നും അവരുടെ ഫീലിംഗ്സ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ തന്നെ അവര്‍ സ്ത്രീകളെ കാണുമ്പോള്‍ മിസ് ബിഹേവ് ചെയ്യുന്നു എന്നുമാണ്’ അവര്‍ പറഞ്ഞത്. തന്റെ വ്യവസായസംരംഭവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ – ഔദ്യോഗിക മേഖലകളിലെ പലരും സമീപിച്ചപ്പോഴുണ്ടായ അനുഭവങ്ങളില്‍ നിന്ന് സരിതാ നായരും സമാന വാചകങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇരുകൂട്ടരും ഇതു പറയുന്നത് സമൂഹത്തിലെ ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ പ്രവര്‍ത്തികളും സമീപനങ്ങളും കണ്ടാണ്. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെയായിരിക്കും എന്നാരെങ്കിലും ചോദിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.

മലയാളികളെ, പ്രത്യേകിച്ച് പുരുഷന്മാരെകുറിച്ചുള്ള കൃത്യമായ വിശകലനമാണ് സ്വപ്‌നയുടേത്. അവസരം കിട്ടിയാല്‍ സ്ത്രീകളോട് മിസ് ബിഹേവ് ചെയുന്നവര്‍ തന്നെയാണ് മിക്കവാറും മലയാളി പുരുഷന്മാര്‍. അത് കുറ്റകരവുമാണ്. പക്ഷെ അതില്‍ അവരെ ഒറ്റക്കെടുത്ത് അധിക്ഷേപിക്കുന്നത് ഏകപക്ഷീയമായിരിക്കും. സ്വപ്‌ന പറയുന്ന പോലെ അവര്‍ക്ക് സ്ത്രീകളുമായി ഓപ്പണായി ഇടപഴുകാന്‍ പറ്റാത്തവണ്ണം ഫ്രസ്‌ടേഡ് ആണ്. അതിനാകട്ടെ കൃത്യമായ കാരണങ്ങളുണ്ട്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു എന്നുറപ്പു വരുത്തുമ്പോഴും ഇത്തരം സാഹചര്യമെന്തുകൊണ്ട് എന്നു പരിശോധിക്കുകയും ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഇതിനൊരു ശാശ്വതപരിഹാരം ഉണ്ടാകാന്‍ പോകുന്നില്ല.

മുന്‍മന്ത്രിയായ ഉന്നതനേതാവിനെ കുറിച്ച് സ്വപ്‌ന ഉന്നയിച്ച ആരോപണം തന്നെ നോക്കാം. തന്നെ മൂന്നാറിലേക്കു ക്ഷണിച്ചു എന്നാണവര്‍ പറയുന്നത്. സത്യത്തില്‍ ഒരു വികസിത സമൂഹത്തില്‍ ഒരാളും ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാത്ത ആരോപണമാണിത്. ഒരാള്‍ ഒരാളെ ഒരു സ്ഥലം കാണാന്‍ ക്ഷണിക്കുന്നു, താല്‍പ്പര്യമെങ്കില്‍ പോകാം, പോകാതിരിക്കാം.. ശല്യമാകുകയാണെങ്കില്‍ പ്രതിരോധിക്കാം. എന്തായാലും അതവരുടെ മാത്രം പ്രശ്‌നമാകേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ പ്രബുദ്ധമെന്നൊക്കെ അഹങ്കരിക്കുന്ന കേരളത്തില്‍ ഇതെല്ലാവരുടേയും പ്രശ്‌നമാണ്. ലൈംഗികതുമായി ബന്ധപ്പെട്ടല്ലാതെ അത്തരം യാത്രകള്‍ സങ്കല്‍പ്പിക്കാന്‍ നമുക്കാവുന്നില്ല. അതേറെക്കുറെ ശരിയാണുതാനും. അതിനാല്‍ തന്നെ ഒരു സ്ത്രീയുടെ ആശങ്ക തെറ്റാണെന്നു പറയാനുമാകില്ല. മറുവശത്ത് രണ്ടുവ്യക്തികള്‍ തങ്ങളുടെ താല്‍പ്പര്യപ്രകാരം അടുത്തിടപഴുകിയാലും യാത്രചെയ്താലും ലൈംഗികതയിലേര്‍പ്പെട്ടാലും ഇല്ലെങ്കിലും സദാചാരവാളുമായി ചാടിപ്പുറപ്പെടുന്നവരുമാണ് നമ്മള്‍.

ബലം പ്രയോഗിച്ചുള്ള ലൈംഗികത കുറ്റകരമാണെന്നതില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. അതുപോലെ മറ്റുള്ളവരുടെ ബന്ധങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്ന സദാചാര പോലീസിന്റെ നടപടിയും കുറ്റകരമാണെന്ന ബോധം പതുക്കെയാണെങ്കിലും ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങളില്‍ പ്രധാനം ലൈംഗികതും പീഡനവുമെങ്ങനെ വേര്‍ത്തിരിക്കാമെന്നതാണ്. ഇരുകൂട്ടരുടേയും താല്‍പ്പര്യത്തോടെുള്ള ലൈംഗികതയെ പിന്നീട് പീഡനമായി വ്യാഖ്യാനിക്കുന്നതായുള്ള ആരോപണങ്ങളും നിരന്തരമായി ഉയരുന്നു. രണ്ടുപേര്‍ക്കിടയില്‍ ഉണ്ടാവുന്ന ശരീരബന്ധത്തില്‍ അനുമതി ഉണ്ടാകുന്നത് വ്യാജമായ രീതിയിലാണെങ്കില്‍ അതിനെ പീഡനമായിതന്നെ കാണണമെന്നാണ് ഉയര്‍ന്നു വരുന്ന ശ്രദ്ധേയമായ വാദം. നിലനില്‍ക്കുന്ന നിയമസംവിധാനത്തില്‍ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സമ്മതത്തോടെ ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല എന്ന നിയമം ഇവിടെ അപ്രസക്തമാണെന്നാണ് വാദം. വിവാഹം കഴിക്കാം എന്ന ഉറപ്പിന്മേല്‍ ഒരു പെണ്‍കുട്ടി ലൈംഗികബന്ധത്തിന് തയ്യാറാവുകയും എന്നാല്‍ ആ വാഗ്ദാനം ലംഘിക്കപ്പെടുകയും ചെയ്താല്‍ അത് വ്യാജമായി നേടിയ സമ്മതമാണ് എന്ന് തന്നെ കരുതേണ്ടി വരും. ഉഭയ സമ്മത പ്രകാരമുളള ലൈംഗീകത എന്നതില്‍ എങ്ങനെ സമ്മതം നേടിയെടുത്തു എന്നത് പ്രധാനമാണ്. പ്രത്യക്ഷമായോ പരോക്ഷമായോ അധികാരത്തിന്റെ പ്രിവിലേജ് ഉപോഗിച്ചോ പലവിധ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കിയോ ഭീഷണിപ്പെടുത്തിയോ മറ്റോ നേടുന്ന സമ്മതവും പീഡനത്തിന്റെ പരിധിയില്‍ തന്നെയാണ് വരുന്നത്. സിനിമയില്‍ ചാന്‍സ് തരാമെന്നു പറഞ്ഞുള്ള ബന്ധം ഒരുദാഹരണം. സ്വപ്‌നയും സരിതയുമൊക്കെ പറയുന്ന ആരോപണങ്ങളില്‍ ഇത്തരം ഘടകങ്ങള്‍ ഉണ്ടെന്നതാണ് ഒരു പ്രധാന വാദം.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാദം കൂടി ഉയരുന്നുണ്ട്. അഥവാ പീഡിപ്പിക്കപ്പെട്ടാല്‍ തന്നെ അത് ഒരു വ്യക്തിക്കെതിരായ അക്രമമായി കണ്ട് നിയമനടപടികള്‍ സ്വീകരിച്ചാല്‍പോരേ, അതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം അതിനു നല്‍കണോ, ട്രോമയില്‍ പോകേണ്ടതുണ്ടോ എന്നതാണത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോട്, നിങ്ങള്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല, പോയി കുളിച്ച് അക്രമകാരിക്കെതിരെ നിയമനടപടിയെടുക്കൂ എന്നു മാധവിക്കുട്ടി പറഞ്ഞിട്ടുണ്ടല്ലോ. തീര്‍ച്ചയായും പീഡനത്തോടെ ശരീരത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു എന്ന ചിന്ത മാറേണ്ടതാണ്. ആണിനില്ലാത്ത എന്തുവിശുദ്ധിയാണ് പെണ്ണിനു വേണ്ടത്? പക്ഷെ സമൂഹം അത്തരമൊരവസ്ഥിലേക്ക് ഉയരാത്തിടത്തോളം പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ ജീവിതം നരകതുല്യം തന്നെയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തായാലും വളരെ മോശമായ ഒരവസ്ഥയിലേക്കാണ് നാം നീങ്ങികൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. അവരില്‍ കുട്ടികളും വൃദ്ധകളുമടക്കം ഉള്‍പ്പെടും. സ്വന്തം വീട്ടിടങ്ങളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും പൊതുയിടങ്ങളിലും യാത്രാവേളകളിലുമെല്ലാം പീഡനങ്ങള്‍ അരങ്ങേറുന്നു. രാഷ്ട്രീയനേതാക്കളും നടന്മാരും അധ്യാപകരും അടുത്ത ബന്ധുക്കളുമടക്കം പീഡനങ്ങളില്‍ പ്രതികളാകുന്നു. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പൊതുവഴികള്‍ പോലും അല്‍പ്പം ഇരുട്ടായാല്‍ സ്ത്രീക്ക് നിഷേധിക്കുന്നു. മറുവശത്ത് ആണും പെണ്ണുമായി ഒരു സൗഹൃദം പോലും സാധ്യമല്ലാത്ത രീതിയില്‍ കപടമായ സദാചാരബോധം വളരുന്നു. പരസ്പരസമ്മതത്തോടെയുള്ള ഇടപെടലുകള്‍ പോലും പീഡനങ്ങളായി മാറുന്നു. എവിടേയും സദാചാരപോലീസിന്റെ കണ്ണുകളാണ്. സ്ത്രീസുരക്ഷക്കായി രൂപം കൊണ്ട പിങ്ക് പോലീസ് പോലും അതു നേടാന്‍ ശ്രമിക്കുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങള്‍ നിഷേധിച്ചാണ്. അതിന്റെയാക്കെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന അതിക്രൂരമായ കൊലപാതകവും.

സത്യത്തില്‍ ലിംഗനീതി എന്ന വിഷയത്തിലും ശരീരത്തിന്റെ സ്വയംനിര്‍ണ്ണയാവകാശം എന്ന വിഷയത്തിലുമൊക്കെ വളരെ പുറകിലേക്കാണ് നമ്മുടെ യാത്ര. ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ നവോത്ഥാനപ്രസ്ഥാനങ്ങളോ ദേശീയപ്രസ്ഥാനങ്ങളോ മിഷണറി വിദ്യാഭ്യാസമോ രാഷ്ട്രീയപാര്‍ട്ടികളോ മതങ്ങളോ മതനവീകരണപ്രസ്ഥാനങ്ങളോ ഫെമിനിസ്റ്റുകളോ പോലും ഒരു കാലത്തും തയ്യാറായിട്ടില്ല. ഇപ്പോഴും അതേ അവസ്ഥ തന്നെ തുടരുന്നു. അതാണ് ഇത്തരത്തില്‍ കപടമായ ഇരട്ടത്താപ്പുള്ള ജനതയായി നാം മാറിയത്. അതിന്റെ ഭാഗമായിതന്നെയാണ് ഇപ്പോഴും ഇത്തരം സംഭവങ്ങളും ചര്‍ച്ചകളും ഉയര്‍ന്നുവരുന്നത്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമായ ഒന്നായി ഈ വിഷയത്തെ കാണുകയും പ്രസക്തമായ ഇടപടെലുകള്‍ നടത്തുകയുമാണ് ജനാധിപത്യത്തിലും ലിംഗനീതിയിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നവര്‍ അടിയന്തിരമായി ചെയ്യേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply