കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതിനെതിരായ കര്‍ഷക സമരത്തിന് പിന്തുണ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

രാജ്യത്തിന്റെ അതിവിശാലമായ കാര്‍ഷിക മേഖലയെയും വിപണിയെയും കോര്‍പറേറുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന മൂന്ന് കര്‍ഷക ബില്ലുകളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് പോലുമില്ലാതെ പാസാക്കിയത്. ഈ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നതോടെ ഇന്ത്യയിലെ കര്‍ഷകര്‍ ഉത്പാദകരെന്ന നിലയില്‍ കൃഷിഭൂമിയില്‍ നിന്ന് പുറത്താക്കപ്പെടുകയാകും ഫലം. ഉത്പാദന – വിപണന മേഖലകള്‍ കയ്യടക്കുന്ന അംബാനിയെയും അദാനിയെയും പോലുള്ള കോര്‍പറേറ്റുകളുടെ കരാര്‍ കര്‍ഷകരായി അവര്‍ മാറുകയും ചെയ്യും.

ഉത്പന്നങ്ങളുടെ താങ്ങുവിലയും വളം സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ കൂടി നഷ്ടപ്പെടുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്ന് അവര്‍ പുറത്തേക്ക് കടക്കാന്‍ നിര്‍ബന്ധിതരാകും. വിപണിയില്‍ കോര്‍പ്പറേറ്റുകളോട് മത്സരിക്കാന്‍ കഴിയാത്ത ദരിദ്ര – ഇടത്തരം കര്‍ഷകര്‍ പൂര്‍ണമായും പാപ്പരീകരികരിക്കപ്പെടും. ഇന്ത്യന്‍ കര്‍ഷകരില്‍ 85 ശതമാനവും രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ള ദരിദ്ര – നാമമാത്ര – ഇടത്തരം കര്‍ഷകരാണ്. അതില്‍ വലിയൊരു വിഭാഗം ദലിതരും ആദിവാസികളും അതി പിന്നോക്ക വിഭാഗങ്ങളുമാണ്. അതിവേഗം ആധുനികവല്‍ക്കരിക്കപ്പെടുകയും യന്ത്രവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന കാര്‍ഷിക മേഖലയില്‍ കൂലിവേല പോലും ലഭിക്കാതെ അനേക ലക്ഷം കര്‍ഷകരും കര്‍ഷക തൊഴിലാളികളും തെരുവിലേക്ക് വലിച്ചെറിയപ്പെടും.

ഉത്പാദന മേഖലയും വിപണന മേഖലയും കയ്യടക്കുന്ന ഏതാനും കോര്‍പറേറ്റ് കമ്പനികള്‍ കാര്‍ഷിക മേഖലയെ അവരുടെ നിയന്ത്രണത്തിലാക്കും. വിപണി കൂടി അവരുടെ നിയന്ത്രണത്തിലാകുന്നതോടെ അവശ്യ സാധനങ്ങളുടെ വമ്പിച്ച വിലക്കയറ്റമാകും സൃഷ്ടിക്കപ്പെടുക. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ചെയ്തുകൊടുക്കും. അതിന്റെ ഭാഗമാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെ പാസാക്കിയെടുത്ത കാര്‍ഷിക ബില്ലുകള്‍. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന കൃഷിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിയമനിര്‍മ്മാണങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ഒരു വിധ ആലോചനകളും നടത്തിയില്ല. ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണ നടപടികളുടെ തുടര്‍ച്ചയാണിത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതുകൊണ്ട് മാത്രമായില്ല. അടിയന്തരമായി നിയമസഭ വിളിച്ചു ചേര്‍ത്ത് കര്‍ഷകരുടെയും സംസ്ഥാനത്തിന്റെയും താല്‍പര്യത്തെ ഹനിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കാതിരിക്കാനുള്ള നിയമ പരിരക്ഷക്ക് വേണ്ടിയുള്ള ശ്രമം നടത്തണം. ബില്ലിനെ എതിര്‍ക്കുന്ന മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗത്തെ തടയാനുള്ള സംയുക്ത നീക്കം നടത്തേണ്ടതുണ്ട്.

കാര്‍ഷിക ബില്ലുകള്‍ കര്‍ഷക സമൂഹത്തിനും രാജ്യത്തിനും സൃഷ്ടിക്കാവുന്ന വിപത്തുകള്‍ തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടുന്ന കര്‍ഷകര്‍ക്കും അവരുടെ സംഘടനകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഫാസിസത്തിന്റെ അമിതാധികാര വാഴ്ച്ചയിലൂടെ ജനാധിപത്യത്തെയും രാജ്യത്തെയും ഭരണഘടനയെയും തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ മഹത്തായ പോരാട്ടമാണ് കര്‍ഷകര്‍ നടത്തുന്നത്. രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിന്റെ പ്രശ്‌നമായി അത് തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം നിലകൊള്ളണമെന്ന് എല്ലാവരോടും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply