സുഗതകുമാരിയുടെ ”കൃഷ്ണ, നീയെന്നെയറിയില്ല” – ഒരു രാഷ്ട്രീയവായന

കൃഷ്ണകവിതകള്‍ക്ക് അവതാരികയെഴുതിയ വിഷ്ണുനമ്പൂതിരി ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും എന്നാണതിന് തലക്കെട്ട് കുറിക്കുന്നത്. ഇന്ത്യയെന്ന ആധുനികരാഷ്ട്രത്തിന്റെ അടിസ്ഥാനം കൃഷ്ണന്റെ മയില്‍പ്പീലിയാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. കൃഷ്ണഭക്തിയുടെ രാഷ്ട്രീയമാണ് കാവ്യഭാവുകത്വമായി ആധുനിക ഇന്ത്യയെന്ന വികാരത്തെ നിര്‍മിച്ചതെന്നും അദ്ദേഹം പറയുന്നു. ചരിത്രാതീതമായി ആഖ്യാനങ്ങളിലൂടെ വളര്‍ന്നുവികസിച്ച കൃഷ്ണചരിത്രങ്ങളാണ് ഇന്ത്യയെന്ന രാഷ്ട്രീയത്തിന്റെ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചതെന്നു പറയുമ്പോള്‍ ഭരണകൂടാധികാരവും ഭക്തിയും തമ്മിലുള്ള സവിശേഷബന്ധത്തെയാണ് നിരൂപകന്‍ ചൂണ്ടിക്കാണിക്കുന്നത്. ആ ബന്ധം ദൈവികത നിര്‍മിച്ച രാഷ്ട്രത്തിന്റെ അതിഭൗതികതയെ മേല്‌ക്കോയ്മയായി നിലനിര്‍ത്തുകയാണ്. രാഷ്ട്രത്തിനുമീതേ പ്രവര്‍ത്തിക്കുന്ന ദൈവികത രാഷ്ട്രത്തിന്റെ ചരിത്രപരതെയയും ജനാധിപത്യപരമായ ചോദ്യങ്ങളെയും റദ്ദാക്കുന്നുണ്ട്.

ഭക്തി കേവലം വ്യക്തിപരമായ ദൈവ-മനുഷ്യബന്ധത്തിന്റെ അനുഷ്ഠാനപരതയല്ലെന്നും ആഴമുള്ള സാമൂഹികപ്രയോഗത്തിന്റെ സാന്നിധ്യമാണെന്നും ഭക്തിപ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കാണാം. അധികാരസ്ഥാനങ്ങള്‍ക്കു മുന്നില്‍ വിമര്‍ശനരഹിതമായ വിശ്വാസത്തിന്റെ കീഴടക്കമായി ഭക്തി നിലനിന്നത് ചരിത്രത്തില്‍ കാണാവുന്നതാണ്. വ്യത്യസ്തകാലത്തിലെ ബൗദ്ധ-ബ്രാഹ്മണ, ശൈവ- വൈഷ്ണവപാരമ്പര്യങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളും സംവാദങ്ങളും ഭക്തിപ്രസ്ഥാനങ്ങളുടെയും വിശ്വാസത്തിന്റയും രാഷ്ട്രീയത്തെയാണ് അടയാളപ്പെടുത്തുന്നത്. വിശ്വാസവും ദൈവികതയും അതിനെ സാധ്യമാക്കുന്ന സാമൂഹ്യതയുടെ പ്രയോഗത്തിലാണ് മനസിലാക്കേണ്ടതെന്ന് ഇത്തരം സംവാദങ്ങള്‍ പറയുന്നു. അതിനാല്‍ ഭക്തി അടിസ്ഥാനപരമായി രാഷ്ട്രീയമാണെന്നു പറയണം. മധ്യകാലത്തെ ക്ഷേത്രസംസ്‌കാരവും ആധുനികകാലത്തെ ക്ഷേത്രവിശ്വാസവും ഒന്നല്ല.

ക്രൈസ്തവദൈവശാസ്ത്രമെടുത്താല്‍ നവീകരണവും മിഷനറിപ്രസ്ഥാനങ്ങളും പരമ്പരാഗതവിശ്വാസവും തമ്മിലുള്ള സംഘര്‍ഷം വിശ്വാസത്തിന്റെ രാഷ്ട്രീയത്തെയാണ് അടയാളപ്പെടുത്തുന്നത്. ഫ്യൂഡല്‍കാലത്തെ ക്രൈസ്തവവിശ്വാസത്ത ഇല്ലായ്മചെയ്താണ് നവോത്ഥാനകാലത്ത് കേരളത്തില്‍ മിഷനറിപ്രസ്ഥാനങ്ങള്‍ വന്നത്. വ്യത്യസ്തകാലത്തിലെ സാമൂഹികാധികാരങ്ങളോടു കലഹിക്കുകയും ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്താണ് പല വിശ്വാസരൂപങ്ങളും പ്രവര്‍ത്തിച്ചതെന്നുകാണാം. ഹിന്ദുദൈവസങ്കല്പങ്ങള്‍ ചരിത്രപരമായി എങ്ങനെ രൂപപ്പെട്ടുവെന്നുള്ള കൊസാംബിയുടെയും മറ്റും വിശകലനങ്ങള്‍ ഭക്തിയുടെ ചരിത്രവല്കരണമാണ് അടയാളപ്പെടുത്തുന്നത്. ഓരോകാലത്തെയും ഭരണകൂട, ജാതി- ലിംഗ-വര്‍ഗവ്യവസ്ഥകളുമായി സംഭവിക്കുന്ന പലതരത്തിലുള്ള സംഘര്‍ഷങ്ങളിലൂടെയും കൊടുക്കല്‍വാങ്ങലുകളിലൂടെയുമാണ് വിശ്വാസം വികസിക്കുന്നത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന യേശുക്രിസ്തുവിന്റെ വാക്കുകള്‍ ദൈവികതയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിന്റെയും പ്രശ്‌നവല്കരണത്തിന്റെയും സൂചകമായി വായിക്കാറുണ്ട്. മതത്തെ അധികാരത്തില്‍നിന്നും പുറന്തള്ളിയ മതേതരമായ ആധുനികതയിലെ രാഷ്ട്രീയാധികാരത്തില്‍ ഭക്തി സവിശേഷം പ്രവര്‍ത്തിക്കുന്നതും അധികാരം തന്നെ ദൈവികതയായി മാറുകയും ചെയ്യുന്നത് കാണാം. ഭക്തിയുടെയും വിശ്വാസത്തിന്റെയും രൂപങ്ങള്‍ക്കു സംഭവിക്കുന്ന ചരിത്രപരമായ പരിണാമങ്ങളില്‍ ആധുനികത നിര്‍ണായകസ്ഥാനത്തു നില്‍ക്കുന്നതുകാണാം. ഫ്യൂഡലിസത്തിന്റെ ജാതി, നാടുവാഴിത്തരൂപങ്ങളെ ഇല്ലാതാക്കി മുതലാളിത്തവും ശാസ്ത്രവും ദേശരാഷ്ട്രത്തിലൂടെ സാമൂഹികാധികാരം നേടുന്ന ആധുനികതയില്‍ മതം എന്ന ആധുനിക യൂണിറ്റ് വിശ്വാസത്തിന്റെ ആധാരമാവുന്നുണ്ട്. ദേശരാഷ്ട്രത്തിന്റെ അധികാരയുക്തികള്‍ക്കകത്ത് മതം സവിശേഷമായി ഇടപെടുന്നതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരചരിത്രം പറയുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വര്‍ത്തമാനകാല സാമൂഹികാനുഭവങ്ങളില്‍ കവിയായ തന്നെ പുരാണത്തിലെ കൃഷ്ണതോഴിയോ രാധയോ ഒക്കെയായി സങ്കല്പിച്ചുകൊണ്ട് കൃഷ്ണനോടുള്ള ബന്ധത്തെ ആഖ്യാനിക്കുകയാണ് സുഗതകുമാരിയുടെ കൃഷ്ണകവിതകളുടെ ഉള്ളടക്കം. എഴുതപ്പെടുന്ന വര്‍ത്തമാനകാലമാണ് അവയുടെ അബോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്തിയെ നിര്‍വചിക്കുന്നത്. കൃഷ്ണകവിതകളില്‍ വേറിട്ടുനില്ക്കുന്നതാണ് കൃഷ്ണ, നീയെന്നെയറിയില്ല എന്നകവിത. ഒരു തോഴിയും കൃഷ്ണനും അവരുടെ ഗൂഢപ്രണയവുമാണ് ഇതിലെ വിഷയമെങ്കിലും മറ്റുകവിതകളില്‍ നിന്ന് വ്യക്തമായ അകലം ഇതിനുണ്ട്. തോഴിമാര്‍ കൃഷ്ണനെ കാണാനും അവനോട് പ്രണയം പറയാനും പ്രത്യക്ഷമായി ഓടിനടക്കുമ്പോള്‍ അതില്‍നിന്നെല്ലാം മാറിനടക്കുന്നവളാണ് ഇതിലെ നായിക. പ്രാന്തത്തിലൊതുങ്ങി എന്നാല്‍ അവനോടുള്ള പ്രണയം സൂക്ഷിക്കുന്നവളുമാണ്. നീയെന്നയറിയില്ല എന്നുറപ്പിച്ച പ്രസ്താവനയിലൂടെ ആ ബന്ധത്തിന്റെ നിഷേധത്തെ നിര്‍വചിക്കുകയാണ് നായിക. ഒരു ബന്ധവുമില്ലാത്തവരാണ് താനെന്ന പ്രഖ്യാപനമാണിത്. അമ്പാടിയിലെ മണ്‍കുടിലില്‍ പാര്‍ക്കുന്ന പാവമാണ് ഇവള്‍. പല തോഴിമാരും സുന്ദരികളായി ജലമെടുക്കാനെന്നമട്ടില്‍ കൃഷ്ണന്റെ മുമ്പില്‍ പോയപ്പോഴും പോകാത്തവളാണ് ഇവള്‍. എല്ലാവരും കാളിന്ദിയില്‍ കുളിച്ച് കൃഷ്ണന്റെ കൈയില്‍ നിന്ന് തങ്ങളുടെ വസ്ത്രം കിട്ടാനായി നിന്നപ്പോഴും ആ കൂട്ടത്തില്‍ ഇല്ലാതിരുന്നവളാണ്. കണ്ണന്റെ ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോള്‍ വീട്ടുകാരെ മറന്നോടിവന്നവളല്ല താനെന്നും തന്റെ ചെറുകുടിലില്‍ നൂറായിരം പണികളില്‍ ജന്മംതളച്ചവളായതിനാല്‍ കൃഷ്ണനൊരിക്കലും തന്നെ അറിയില്ലെന്നും അവള്‍പറയുന്നു.

എല്ലാം മറന്നോടിയെത്തിയിട്ടില്ല
വല്ലവികളൊത്തു നിന്‍ ചാരെ!
കൃഷ്ണ, നീയെന്നയറിയില്ല.
അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴിതാഴ്ത്തി ഞാന്‍ തിരികെ വന്നു
എന്റെ ചെറുകുടിലില്‍ നൂറായിരം പണികളില്‍
എന്റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണ, നീയെന്നെയറിയില്ല

രാസക്രീഡയില്‍ തോഴിമാര്‍ പ്രണയവിവശരാകുമ്പോഴും താനവിടെയില്ലെന്നും ഒരുനാളും കൃഷ്ണനൊപ്പം ആടിയിട്ടില്ലെന്നും അവള്‍ പറയുന്നു. നടനമാടി തളര്‍ന്ന് വിയര്‍പ്പില്‍ കുതിര്‍ന്ന് കൊതിയോടെ കണ്ണനെ നോക്കിനിന്നിട്ടില്ലെന്നും നിപുണയാം തോഴിവന്നു പ്രണയദുഃഖങ്ങള്‍ പാടിയിട്ടില്ലെന്നും കൃഷ്ണന്റെ വിരിമാറില്‍ താനൊരിക്കലും തലചായ്ചു നിന്നിട്ടില്ലെന്നും അവള്‍ ഉറപ്പായി പറയുന്നു. കൃഷ്ണന്‍ എല്ലാരെയും വിളിക്കുമ്പോഴും താന്‍ തന്റെ പാഴ്ക്കുടിലില്‍ തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിക്കുകയായിരുന്നത്രേ. അങ്ങനെയുള്ള കൃഷ്ണന്‍ പെട്ടന്ന് മഥുരയിലേക്ക് രാജാവായി പോകുന്ന വാര്‍ത്തയെത്തുന്നു. അതോടെ ഗോകുലം മുഴുവനും കരയുന്നു. കൃഷ്ണനെ കൊണ്ടുപോകാനായി അക്രൂരനിങ്ങെത്തി. കൃഷ്ണന്‍ രഥത്തിലേറി മഥുരയിലേക്കു പോവുകയാണ്. നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരിലാണ് യാത്ര. ഗോപികമാരെല്ലാവരും വാവിട്ടു നിലവിളിക്കുന്നു. താനാകട്ടെ ഒരു ശിലപോലെ അനങ്ങാതെ നില്ക്കുന്നു. അപ്പോഴതാ കൃഷ്ണന്റെ രഥം തന്റെ കുടിലിനു മുമ്പില്‍ ഒരു മാത്രനില്ക്കുന്നു. കണ്ണീര്‍ നിറഞ്ഞ കൃഷ്ണന്റെ മിഴകള്‍ തന്റെ നേര്‍ക്കു ചായുന്നു. അപ്പോള്‍ ചോദിച്ചുപോകുന്നു, കൃഷ്ണ നീയെന്നെ അറിയുമോ എന്ന്? നീയെന്നെ അറിയില്ല എന്ന ഉറച്ച പ്രസ്താവനയില്‍നിന്ന് അറിയുമോ എന്ന സന്ദേഹത്തിലേക്കുള്ള പരിവര്‍ത്തനമാണ് കവിത. എന്താണീ കവിതയുടെ ഭാവതലമെന്നുള്ള ചോദ്യം ഇവിടെ പ്രസക്തമാകുന്നു. കേവലമായി കൃഷ്ണനെ ആരാധിക്കുന്ന ഒരു സ്ത്രീയുടെ പ്രണയത്തിന്റെ ആവിഷ്‌കാരമാണോ ഇത്? അങ്ങനെനോക്കുമ്പോള്‍ കൃഷ്ണനുമായി ഒരു ബന്ധവുമില്ലാത്ത ഒരു സ്ത്രീക്ക് തോന്നുന്ന സ്‌നേഹസൂചനകളായി അവസാനത്തെ സന്ദേഹം മാറുകയും കൃഷ്ണനെന്ന ദൈവം എല്ലാരെയും അറിയുന്നുവെന്നുള്ള സൂചനയിലെത്തുകയും ചെയ്യും. എന്നാല്‍ കവയിത്രിയാണ് ഇവിടെ തോഴിയുടെ സ്ഥാനത്തുനിന്ന് കൃഷ്ണനെ കാണുന്നത്. ഞാന്‍ എന്നാണ് തോഴിയെ അടയാളപ്പെടുത്തുന്നത്. ആ ‘ഞാന്‍’ വര്‍ത്തമാനത്തിന്റെ, കാവ്യം എഴുതിയ കാലത്തിന്റെ അടയാളമായ കവിയിത്രിയാണ്. കവിത എഴുതിയ1977ലെ സാഹചര്യത്തിലെ ഇന്ത്യന്‍- കേരളീയ സമൂഹത്തില്‍ ജീവിച്ചിരുന്ന വ്യക്തിയാണ് ഇവിടുത്തെ തോഴി. കവിത സംവദിക്കുന്നത് അക്കാലത്തെ സാമൂഹികതയോടാണ്. സാര്‍വകാലികമായ തലത്തെ പ്രകടിപ്പിക്കുമ്പോഴും എഴുതപ്പെട്ട കാലത്തിനോടുള്ള സൂക്ഷ്മപ്രതികരണമായി ഈ കവിത മാറുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൃഷ്ണശരീരം മൂന്ന് തരത്തിലാണ് സുഗതകുമാരിയുടെ കൃഷ്ണകവിതകളില്‍ പകര്‍ന്നാടുന്നതെന്നു കാണാം. അമ്പാടിയിലെ ബാലകനാണ് ഒന്നാമത്തേത്. ഗോപികമാരുടെ പ്രിയനായ കാമുകശരീരമാണ് രണ്ടാമത്തേത്. അക്രൂരനിര്‍ദേശപ്രകാരം രാജാവാകാനായി മഥുരയ്ക്കുപോകുന്ന രാജാധികാരിയായ കൃഷ്ണനായ മൂന്നാമത്തേത്. ആദ്യത്തെ രണ്ടു കൃഷ്ണസങ്കല്പങ്ങളും സ്ത്രീകളെ രമിപ്പിക്കുന്ന അധികാരം അധികംഭാവിക്കാത്ത ആളാണ്. അധികാരിയായ കൃഷ്ണന്‍, കൃഷ്ണകവിതകളില്‍ അധികം കാണുന്നില്ലെന്നു ശ്രദ്ധേയമാണ്. രാധമാര്‍ തേടിക്കൊണ്ടിരിക്കുന്ന ഭൗതികസാന്നിധ്യമായ കൃഷ്ണനാണ് അവരുടെ കവിതകളിലേറെയും. കൃഷ്ണനെ തേടിപ്പോകാത്ത ഒരുവളെ ആഖ്യാനിക്കുന്ന കൃഷ്ണ, നീയെന്നെയറിയില്ല എന്ന കവിതയുടെ പ്രത്യയശാസ്ത്രലോകത്തെ സംഘര്‍ഷഭരിതമാക്കുന്നത് എഴുതപ്പെട്ട 1977എന്ന കാലമാണ്. മഥുരയിലേക്ക് രാജാവാകാന്‍ പോകുന്ന കൃഷ്ണന്‍ കവിത എഴുതപ്പെടുന്ന കാലത്തെ അധികാരരാഷ്ട്രീയത്തിനകത്താണ് പ്രവര്‍ത്തിക്കുന്നത്. പ്രണയവാനും കാമുകനുമായ കൃഷ്ണനെ അധികാരിയായ കൃഷ്ണന്‍ ഒഴിവാക്കുകയാണ്. അടിയന്തരാവസ്ഥ ഇന്ത്യയിലാകമാനം ജനാധിപത്യത്തിന്റെ കശാപ്പായും നിലനിന്ന കാലത്തിന്റെ (1975-77സൂക്ഷ്മരൂപങ്ങള്‍ ഇവിടെ കാണാം. മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ട, പൗരരുടെ ജീവിതത്തിനുമേല്‍ ഭരണകൂടം അതിന്റെ തേറ്റകള്‍കൊണ്ട് പ്രവര്‍ത്തിച്ച, അജ്ഞാത ജഡങ്ങള്‍ തെരുവുകളിലും നദികളിലും നിറഞ്ഞ ദുരൂഹതയുടെ കാലത്താണ് അക്രൂരന്റെ തേരില്‍ മധുരയിലേക്ക് കൃഷ്ണന്‍ പോകുന്നത് കവയിത്രി ഭാവന ചെയ്യുന്നതും ഗോപികയ്ക്ക് ഒരു പുഞ്ചിരി നല്കുന്നതും.

കൃഷ്ണകവിതകള്‍ക്ക് അവതാരികയെഴുതിയ വിഷ്ണുനമ്പൂതിരി ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും എന്നാണതിന് തലക്കെട്ട് കുറിക്കുന്നത്. ഇന്ത്യയെന്ന ആധുനികരാഷ്ട്രത്തിന്റെ അടിസ്ഥാനം കൃഷ്ണന്റെ മയില്‍പ്പീലിയാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. കൃഷ്ണഭക്തിയുടെ രാഷ്ട്രീയമാണ് കാവ്യഭാവുകത്വമായി ആധുനിക ഇന്ത്യയെന്ന വികാരത്തെ നിര്‍മിച്ചതെന്നും അദ്ദേഹം പറയുന്നു. ചരിത്രാതീതമായി ആഖ്യാനങ്ങളിലൂടെ വളര്‍ന്നുവികസിച്ച കൃഷ്ണചരിത്രങ്ങളാണ് ഇന്ത്യയെന്ന രാഷ്ട്രീയത്തിന്റെ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചതെന്നു പറയുമ്പോള്‍ ഭരണകൂടാധികാരവും ഭക്തിയും തമ്മിലുള്ള സവിശേഷബന്ധത്തെയാണ് നിരൂപകന്‍ ചൂണ്ടിക്കാണിക്കുന്നത്. ആ ബന്ധം ദൈവികത നിര്‍മിച്ച രാഷ്ട്രത്തിന്റെ അതിഭൗതികതയെ മേല്‌ക്കോയ്മയായി നിലനിര്‍ത്തുകയാണ്. രാഷ്ട്രത്തിനുമീതേ പ്രവര്‍ത്തിക്കുന്ന ദൈവികത രാഷ്ട്രത്തിന്റെ ചരിത്രപരതെയയും ജനാധിപത്യപരമായ ചോദ്യങ്ങളെയും റദ്ദാക്കുന്നുണ്ട്. ആ വ്യവസ്ഥ പൗരരെ ചോദ്യങ്ങളും അവിശ്വാസവുമില്ലാതെ കീഴടങ്ങുന്ന വിശ്വാസികളാക്കി മാറ്റുന്നു. ദൈവദത്തമായ രാഷ്ട്രത്തെക്കുറിച്ചുള്ള ആശയലോകത്തിനകത്താണ് കാമുകത്വം വെടിഞ്ഞ കൃഷ്ണനെ ഗോപിക കാണുന്നത്, ‘നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ/നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു’. അധികാരിയായ കൃഷ്ണനെ കണ്ട് മിണ്ടാതെ അനങ്ങാതെയിരിക്കെ തന്റെ കുടിലനു മുന്നിലൂടെ പോകവേ തേര് ഒരുമിനിമിഷം നിര്‍ത്തി കൃഷ്ണന്‍ ഒരു ചിരി നല്കുമ്പോള്‍ കൃഷ്ണ നീയെന്നെ അറിയുമോ എന്ന സംശയത്തിലേക്ക് വഴുതുന്നു. ‘നീയെന്നയറിയില്ല’ എന്ന ഉറപ്പിച്ച ദൈവ, അധികാര നിഷേധത്തില്‍ നിന്ന് ‘നീയെന്നെ അറിയുമോ’ എന്ന സംശയത്തിലേക്കുള്ള മാറ്റം അധി­കാരത്തോടുള്ള ചില വിധേയത്വവിനിമയങ്ങളാണെന്നു പറയാം. അതായത് നിഷേധാത്മകമായി കണ്ട രാഷ്ട്രീയാധികാരത്തോടു നിശബ്ദമായി കൂറുപ്രഖ്യാപിക്കുവാന്‍ കവി നിര്‍ബന്ധിതനായിത്തീരുന്നു. അടിയന്തരാവസ്ഥയുടെ സവിശേഷ രാഷ്ട്രീയ പശ്ചാത്തലമാണ് ഇതിനു കാരണമെന്ന് പറയാം.

1968ല്‍ എഴുതിയ ഒരു നിമിഷം എന്ന കവിതയില്‍ വര്‍ത്തമാനകാലത്ത് കൃഷ്ണനെ പ്രതീക്ഷിക്കുന്ന തോഴിക്ക് അക്രൂരരഥം ക്രൂരമുരുളുന്നതായി തോന്നുന്നുണ്ട്. കൃഷ്ണ നിയെന്നെയറിയില്ല എന്ന കവിതയിലും ക്രൂരനക്രൂരനാണ് വരുന്നത്. അധികാരത്തിന്റെ രണ്ട് രൂപങ്ങളാണ് അക്രൂരനും കൃഷ്ണനും എന്ന് സൂചിപ്പിക്കപ്പെടുന്നു. അക്രൂരനില്‍ അധികാരത്തിന്റെ ക്രൂരത നിഴലിക്കുന്നു. കൃഷ്ണന്‍ അതിന്റെ മറുപുറത്ത് നില്‍ക്കുന്നു. നാളിതുവരെ കൃഷ്ണനെ കാണാന്‍പോലും പോകാത്ത തോഴിക്ക്, തന്റെ ജീവിതത്തിന്റെ ഭാഗമല്ലെന്നു കരുതിയിരുന്ന കൃഷ്ണന്‍ പെട്ടെന്നൊരു ദിവസം അധികാര ചിഹ്നങ്ങളോടെയും ആര്‍പ്പുവിളികളോടെയും തന്റെ മുന്നിലെത്തിയപ്പോള്‍ ഉണ്ടാകുന്ന പെരുമാറ്റം താന്‍ ആരാധിക്കുന്ന ഒരാളോടുള്ള താത്പര്യമെന്നതിലുപരി രാജാവായ ഒരാളോടുള്ള ഭയഭക്തിബഹുമാനങ്ങളാണ്. കേവല പ്രണയത്തിന്റെയും ഭക്തിയുടെയും സാധ്യതകളെ തകര്‍ത്ത് രാഷ്ട്രീയബന്ധങ്ങളുടെ വിവക്ഷകളിലേക്കത് നയിക്കുന്നു. ഏകാധിപത്യം അരങ്ങുവാണ കാലത്ത് രാജാവായ കൃഷ്ണന്റെ കരുണയാലാകെത്തളര്‍ന്നൊരാ സ്മിതത്തിനു മുന്നില്‍ ആകെ പരവശയാകുന്ന, ശിലാബിംബം പോലെയിരുന്ന കവയിത്രിയാകുന്ന ഭക്ത, തന്റെ കാലത്തെ അധികാരരാഷ്ട്രീയത്തിനോടുള്ള നിഷേധത്തില്‍നിന്ന് അതിന്റെ പുഞ്ചിരിയില്‍ സന്തോഷിക്കുന്ന പൗരയാകുകയാണെന്നു കാണാം. ഇന്ദിരാഗാന്ധിയെ പ്രിയദര്‍ശിനിയായിക്കണ്ട് പ്രതീകമായി ആരാധിച്ച ഒരു ഭക്തമനസിന്റെ, അധികാരത്തോടുള്ള സവിശേഷമായ, പ്രതീകാത്മകമായ വിധേയത്വമാണിവിടുത്തെ ഭക്തിയും ആരാധനയുമൊക്കെ. ഭരണഘടനയെവരെ മരവിപ്പിച്ച, പൗരസ്വാതന്ത്ര്യത്തിന് വിലങ്ങിട്ട എഴുപത്തഞ്ചിലെ അധികാരരാഷ്ട്രീയത്തിന്റെ ക്രൂരമുഖത്തിനു മുന്നില്‍ കവി നിശബ്ദയാവുന്നതിന്റെ ചിത്രമാണ് ഈ ഭക്തിയെന്നു പറയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply