ഭൂതകാല കുളിരിലോ എണ്ണത്തിലോ വര്‍ത്തമാന ഹിംസയെ നീതീകരിക്കാനാവില്ല

ആനന്ദിന്റെ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ എന്ന നോവലില്‍ ആശാ നികേതനില്‍ സംഭവിച്ച വിജയ് എന്ന പന്ത്രണ്ടു വയസ്സുകാരന്റെ കൊലപാതകവും അതിനെ തുടര്‍ന്ന് അവിടെ നിലനില്‍ക്കുന്ന മൗനവും വയനാട് വെറ്റിനറി യൂണിവേഴ്‌സിറ്റിയിലും നമുക്ക് കാണാവുന്നതാണ്. എത്ര ക്രൂരമായ രീതിയിലാണ് അക്രമി സംഘം ആ വിദ്യാര്‍ഥിയോട് പെരുമാറിയത് എന്ന് അന്വേഷണം നടത്തിയ ആന്റി റാഗിംഗ് സെല്‍ വിശദീകരിക്കുന്നുണ്ട്.

നഗരത്തിലെ പഴയ അനാഥാലയങ്ങളില്‍ ഒന്നായിരുന്നു ആശ നികേതന്‍. നാടോടി വര്‍ഗ്ഗത്തില്‍പ്പെട്ട 12 വയസ്സായ വിജയ് എന്ന അന്തേവാസി അനാഥാലയത്തിനകത്ത്വച്ച് ഉണ്ടായ മര്‍ദ്ദനത്തില്‍ മരിച്ചു. നേരം നന്നായി വെളുക്കുന്നതിന് മുമ്പ് ഇരുട്ടിന്റെ മറ പിടിച്ച്, അവിടെ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചു എന്നതായിരുന്നു അവന്‍ ചെയ്ത കുറ്റം. അധികാരികളുടെ ശിങ്കിടിയായ ബബ്‌ളു എന്ന ദാദ മൃഗീയമായി ഭേദ്യം ചെയ്ത് അവനെ കൊന്നു. മരണം റിപ്പോര്‍ട്ട് ചെയ്തുമില്ല.വിജയിന്റെ കൊലപാതകത്തോടെ ആശാനികേതനില്‍ കനത്ത നിശ്ശബ്ദദയാണ് നിറഞ്ഞു നിന്നത്. യാദൃശ്ചികമായി അവിടെ എത്തിയ ഗണേശന്‍ അത് മനസ്സിലാക്കിഒരു കുട്ടിയും വായ് തുറക്കുവാന്‍ തയ്യാറായിരുന്നില്ല . എല്ലാവര്‍ക്കും ഭയമായിരുന്നു. വിജയ് എവിടെയാണ് ഉറങ്ങിയിരിക്കുന്നത് എന്ന് ഒരു കുട്ടിയും പറഞ്ഞില്ല . അവരുടെ മുഖത്തെ ഭയം ഗണേശനെ കൂടുതല്‍ നിര്‍ബന്ധിക്കുവാനും അനുവദിച്ചില്ല. (അപഹരിക്കപ്പെട്ട ദൈവങ്ങള്‍, ആനന്ദ് . )

ആനന്ദിന്റെ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ എന്ന നോവലില്‍ ആശാ നികേതനില്‍ സംഭവിച്ച വിജയ് എന്ന പന്ത്രണ്ടു വയസ്സുകാരന്റെ കൊലപാതകവും അതിനെ തുടര്‍ന്ന് അവിടെ നിലനില്‍ക്കുന്ന മൗനവും വയനാട് വെറ്റിനറി യൂണിവേഴ്‌സിറ്റിയിലും നമുക്ക് കാണാവുന്നതാണ്. എത്ര ക്രൂരമായ രീതിയിലാണ് അക്രമി സംഘം ആ വിദ്യാര്‍ഥിയോട് പെരുമാറിയത് എന്ന് അന്വേഷണം നടത്തിയ ആന്റി റാഗിംഗ് സെല്‍ വിശദീകരിക്കുന്നുണ്ട്. കിരാതമായ ഭരണകൂട പീഡന മുറകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ പരപീഡന മനസ്സുള്ള അക്രമിസംഘം പെരുമാറിയത്. അപരനെ ഹിംസിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്തയിലേക്ക് വിദ്യാര്‍ഥി സമൂഹത്തെ എത്തിക്കുന്നതാണൊ നിലവിലെ വിദ്യാര്‍ഥി രാഷ്ട്രീയം എന്ന ചോദ്യം ഉയര്‍ന്ന് വരുന്നു. വിദ്യാര്‍ത്ഥിരാഷ്ട്രീയം നേടിയെടുത്തു എന്ന് പറയുന്ന എല്ലാ സാമൂഹ്യഅവബോധത്തെയും റദ്ദ് ചെയ്തിരിക്കുന്നു എന്നു വിളിച്ചുപറയുന്നതാണ്. വയനാട് വെറ്റിനറി യൂണിവേഴ്‌സിറ്റിയിലെ സിദ്ധാര്‍ത്ഥിന്റെ കൊലപാതകവും, കൊലപാതകത്തിന് സാക്ഷികള്‍ ആവാന്‍ വിധിക്കപ്പെട്ട മൗനികളായ വിദ്യാര്‍ത്ഥികളും. സഹപാഠിയെ ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിക്കൊണ്ട് കൊന്നുതള്ളുന്ന പ്രവര്‍ത്തിയുടെ പേര് ക്യാമ്പസ് രാഷ്ട്രീയം എന്നാണെങ്കില്‍ അതിനെ ഉപേക്ഷിക്കാന്‍ സമയമായി എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഇത്രയും വലിയ അക്രമം അവിടെ നടക്കുമ്പോള്‍ മൗനികളായി നിന്ന് പിന്തുണച്ച അവരുടെ രാഷ്ട്രീയ ബോധവും ചോദ്യം ചെയ്യപ്പെടുകയാണ്. ഹിംസയുടെ ആഘോഷ തിമിര്‍പ്പില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ അപഹരിച്ചതിനെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഏത് ഗണത്തിലാണ് ഉള്‍പ്പെടുത്തുക?. ഹിംസ ആനന്ദമാകുന്ന ഒരു മാനസികാവസ്ഥയുടെ പേരാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്ന ബോധത്തിലേക്ക് ക്യാമ്പസ് രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചത് ആരാണ്? പ്രബുദ്ധതയുടെ, മാനവികതയുടെ എല്ലാ ആശയങ്ങളെയും മാറ്റിനിര്‍ത്തി മൃഗീയ കാമനക്ക് വേദിയൊരുക്കാന്‍ ഈ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച ആശയ സംവിധാനം എന്തായിരിക്കും?.ഹിംസയുടെ രതി ഉത്സവത്തില്‍ പങ്കാളികളായ കൊലപാതകികളെ ചിലപ്പോള്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കപ്പെട്ടേക്കാം. പക്ഷേ അവിടെ രണ്ടു കൂട്ടര്‍ ബാക്കിയാവുകയാണ്. ഒരു കൂട്ടര്‍ ഈ അക്രമത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മൗനികളായവര്‍. മറ്റൊരു കൂട്ടര്‍ ഐക്യപ്പെടാതെ പക്ഷേ ഭയത്താല്‍ മൗനികളായവര്‍.ഇവരില്‍ ആദ്യത്തെ കൂട്ടരെ തീര്‍ച്ചയായും അക്രമികളോടൊപ്പം തന്നെയാണ് എണ്ണേണ്ടത്. എന്നാല്‍ അക്രമത്തിനെതിരായിട്ടും ഭയം കാരണം മൗനികളായവര്‍ ഭാവിയിലേക്ക് നോക്കാനുള്ള നമ്മുടെ പ്രതീക്ഷയെ തകര്‍ത്തു കളയുന്നു. സത്യത്തില്‍ ഇതാണ് കക്ഷി രാഷ്ട്രീയം നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതെങ്കില്‍ ഇതിനെ വിളിക്കേണ്ടത് സാഡിസം എന്നാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ ക്രിമിനല്‍ കൂട്ടങ്ങളുടെ ചോരയുടെ മണമുള്ള ചെകുത്താന്‍ കൊട്ടകളെ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനത്തെയാണ് നാമിപ്പോഴും വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്ന് വിളിക്കുന്നത്. സ്‌നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി അപരനിലേക്ക് കാരുണ്യത്തിന്റെ ഹസ്തദാനം നീളുന്ന ഉജ്ജ്വലമായ മാനുഷികവൃത്തിയാണ് രാഷ്ട്രീയമെന്ന് പറയുന്നത്. മനുഷ്യരെ അസ്വാതന്ത്ര്യത്തിന്റെ പിരിമുറക്കത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പറന്നുയരാന്‍ പ്രേരിപ്പിക്കുന്ന ഉജ്വലമായ ആവിഷ്‌കാരമാണ് രാഷ്ട്രീയം. താനല്ലാത്ത മറ്റെല്ലാ മനുഷ്യരുടെയും ദുഃഖങ്ങളെ കേള്‍ക്കാന്‍ കഴിയുന്ന മാനുഷിക ഐക്യമാണ് രാഷ്ട്രീയം. പക്ഷേ ഇത്രയും ഉദാത്തമായ രാഷ്ട്രീയത്തെ അപരന്റെ നെഞ്ചകം പിളര്‍ക്കാനുള്ള പ്രവര്‍ത്തിയായി വെട്ടിച്ചുരുക്കിയവര്‍ രാഷ്ട്രീയത്തിന്റെ ഉദാത്ത മൂല്യങ്ങളെ അട്ടിമറിക്കുകയാണ്. അഥവാ അവര്‍ അരാഷ്ട്രീയവാദികളാണ്. അരാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം പേറി നടക്കുന്ന ക്രിമിനല്‍ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ പുതിയ ഒരു നൈതിക രാഷ്ട്രീയത്തെ കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു. അവിടെ എല്ലാവരും സഹോദരനാണ് എന്ന ബോധം സൃഷ്ടിക്കപ്പെടുന്നു.അഥവാ സാഹോദര്യത്തിന്റെ പുതിയ രാഷ്ട്രീയം രൂപപ്പെടുത്താന്‍ നാം തയ്യാറാവണം എന്നര്‍ത്ഥം. അധികാരത്തിന്റെ ഉന്‍മത്തദ എത്ര നിഷ്ടൂരമായാണ് സാധാരണ മനുഷ്യരോട് പെരുമാറുന്നത് എന്ന് ആനന്ദിന്റെ എല്ലാ എഴുത്തുകളിലും കാണാം.മനുഷ്യ വിമോചനത്തിന് വേണ്ടി രൂപം കൊണ്ട സംഘങ്ങള്‍ അവസാനം അസ്വാതന്ത്ര്യത്തിന്റെ മതില്‍കെട്ടുകള്‍ നിര്‍മ്മിക്കുന്നു എന്നാണ് ആനന്ദ് പറയാന്‍ ശ്രമിച്ചത്. ആനന്ദിന്റെ സന്ദേഹം നമ്മെയും ഇപ്പോള്‍ അലട്ടുകയാണ്.

ആനന്ദിന്റെ മറ്റൊരു കൃതിയായ ഗോവര്‍ദ്ധന്റെ യാത്രകള്‍ വിശദീകരിതുന്നതും ഹിംസയെ ആഘോഷമാക്കുന്നവരെയും അതിന് ഇരകളാക്കപ്പെടുന്ന നിസ്സഹായരായ മനുഷ്യരെയും കുറിച്ചാണ്. ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന നോവലില്‍ ഗോവര്‍ദ്ധന്റെ അവസ്ഥയെ സിദ്ധാര്‍ത്ഥനിലും നമുക്ക് വായിച്ചെടുക്കാം . തന്റെ ശരീരത്തിന് മേല്‍ ഹിംസ നടത്തി ആനന്ദിക്കുന്ന പൊതുവായ അധികാരത്തെയാണ് ഗോവര്‍ദ്ധനും സിദ്ധാര്‍ത്ഥനും അഭിമുഖീകരിച്ചത്.അപ്പോഴും അതിജീവിക്കാനുള്ള ബോധം എത്ര ശക്തമായിട്ട് ഗോവര്‍ദ്ധനില്‍ അനുഭവപ്പെടുന്നത് ആ നോവലില്‍ വിശദീകരിക്കുന്നുണ്ട്. ”ബോധം വന്നപ്പോള്‍ പെട്ടെന്ന് എവിടെ നിന്നോ ജീവിക്കാനുള്ള മോഹം ഒരു കൊടുങ്കാറ്റു പോലെ വന്ന് അയാളെ ആവേശിച്ചു.”(പുറം:242). സിദ്ധാര്‍ഥനില്‍ ഈ മോഹമുദിച്ചിരിന്നോ? അറിയില്ല.’ പക്ഷെ ഏത് മനുഷ്യനെയും പോലെ സിദ്ധാര്‍ത്ഥനും അതിജീവനത്തിന് ശ്രമിച്ചിട്ടുണ്ടാവും. എങ്കിലും ആ കാപാലിക കൂട്ടം അവന്റെ മരണം സുനിശ്ചിതമാക്കിയിരുന്നു. ഇത്തരത്തില്‍ മനുഷ്യ വിരുദ്ധമായ സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ഹിംസക്ക് നേതൃത്വം കൊടുക്കുന്നവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ മാനവികതക്കെതിരാണ്.മാത്രമല്ല മാനസിക വൈകല്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതാണ് വിദ്യാര്‍ഥി രാഷ്ട്രീയമെങ്കില്‍ അതിനെ മാറ്റി എഴുതാന്‍ രാഷ്ട്രീയ സംഘടനകള്‍ തയാറാവുകയും വേണം. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഭൂതകാല കുളിരില്‍ വര്‍ത്തമാന ഹിംസയെ നീതീകരിക്കാന്‍ സാധ്യമല്ലാത്തത് പോലെ ആളുകള്‍ കൂടുതല്‍ ഞങ്ങളുടെ സംഘത്തോടൊപ്പമാണെന്ന ന്യായവും ഹിംസയ്ക്ക് നീതീകരണമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply