തെരുവുനായ : വേണ്ടത് ദീര്‍ഘകാലപരിഹാരം

മൃഗാവകാശങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സര്‍വ്വദേശീയ പ്രഖ്യാപനത്തില്‍ മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷക്കും അവകാശമുണ്ട്, യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുതെന്നു പ്രത്യേകം പറയുന്നു. പേവിഷ ബാധയുള്ള നായ്ക്കളെ കൊല്ലണമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കേരളത്തിലെ എല്ലാ തെരുവുനായ്ക്കളേയും കൊല്ലണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനായി എല്ലാ നിയമങ്ങളും ലംഘിക്കാനും അവര്‍ ആഹ്വാനം ചെയ്യുന്നു.

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി വന്യമൃഗങ്ങളടക്കമുള്ള മൃഗങ്ങളും മനുഷ്യരുമായുള്ള സഹവര്‍ത്തിത്വത്തിലെ വിള്ളലുകള്‍ മാറിയിരിക്കുന്നു. ഒരുവശത്ത് ആനയും കടുവയും പന്നിയും മയിലും മലയണ്ണാനുമടക്കമുള്ള മൃഗങ്ങള്‍ കാടിറങ്ങിവന്ന് മനുഷ്യജിവനും കൃഷിക്കും വന്‍ഭീഷണിയായി മാിയിരിക്കുന്നു. മറുവശത്ത് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടേയും ജീവന്‍ നഷ്ടപ്പെടുന്നവരുടേയും എണ്ണം വര്‍ദ്ധിച്ചുവരുന്നു. എന്നാല്‍ ഓരോ സംഭവമുണ്ടാകുമ്പോള്‍ കുറെ കോലാഹലവും കുറച്ചു നടപടിയുമുണ്ടാകുമെന്നതൊഴികെ ഈ വിഷയങ്ങളോട് ക്രിയാത്മകമായ ഒരു സമീപനം ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മനുഷ്യാവകാശങ്ങള്‍ക്കൊപ്പം മൃഗാവകാശങ്ങളും പരിഗണിക്കപ്പെടുന്ന സംസ്‌കാരത്തിലേക്ക് ഇന്ന് ലോകം വളരുകയാണ്. മൃഗാവകാശങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനവും നിലവിലുണ്ട്. എന്നാലിവക്കൊന്നും കാര്യമായ വിലയൊന്നും കല്‍പ്പിക്കാത്ത പ്രദേശമായി കേരളം തുടരുകയാണ്. ഇതുപറയുമ്പോള്‍ ഉടനുയരുക മനുഷ്യജീവനോ മൃഗങ്ങളുടെ ജീവനോ പ്രധാനം എന്ന ചോദ്യമാണ്. സ്വാഭാവികമായ മറുപടി മനുഷ്യജീവന്‍ എന്നതുതന്നെ. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. അതു ചിലപ്പോള്‍ ചില മൃഗങ്ങളെ കൊന്നൊടുക്കുന്നതുമാകാം. രോഗം വന്ന കോഴികളേയും താറാവുകളേയുമൊക്കെ കൊന്നൊടുക്കാറുണ്ടല്ലോ. എന്നാല്‍ ഈ വിഷയത്തിനു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിനു ഒരു പടിപോലും ശ്രമിക്കാതെ, സംഭവങ്ങളുണ്ടാകുമ്പോള്‍ മാത്രം വികാരഭരിതമായി കാണുകയും ദീര്‍ഘകാല നടപടികളെ കുറിച്ചു സംസാരിക്കുന്നവര്‍ക്കു നേരെ ആള്‍ക്കൂട്ട അക്രമണം നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയം ഇത്രയും ഗുരുതരമാകുന്നതില്‍ മനുഷ്യന്റെ ഉത്തരവാദിത്തം മറച്ചുവെക്കുന്നതും നൈതികമായ നിലപാടല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തെരുവുനായയുടെ വിഷയത്തിലേക്കുതന്നെ വരാം. ബാംഗ്ലൂരും ചെന്നൈയിലും മറ്റും സ്ഥിരം പോകുന്നവരാണല്ലോ മലയാളികള്‍. അവിടത്തെ തെരുവുകളില്‍ കേരളത്തേക്കാള്‍ എത്രയോ നായ്ക്കളെ കാണാം. എന്നാല്‍ ഇവിടെ നടക്കുന്നതിന്റെ എത്രയോ കുറവ് ആക്രമണങ്ങളാണ് അവിടെ നടക്കുന്നത്. മൃഗങ്ങളോടുള്ള സമീപനത്തിന്റെ പ്രശ്‌നമാണത്. കൂടാതെ എല്ലാ അക്രമണങ്ങളും തെരുവുനായയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും നടക്കുന്നു. നിരവധിപേരെ കടിച്ചത് വളര്‍ത്തുനായ്ക്കളാണെന്നതാണ് വസ്തുത. അടുത്ത കാലത്ത് നായ്ക്കളുടെ ഏറ്റവും അക്രമം നടന്നത് കൊവിഡ് മൂലം മനുഷ്യര്‍ ഏറെക്കുറെ വീടിനകത്തിരുന്ന 2021 ലാണ്. അവയില്‍ മഹാഭൂരിഭാഗവും വളര്‍ത്തുനായ്ക്കളായിരുന്നു.. അവസാനം മരിച്ച അഭിരാമി എന്ന കുഞ്ഞിനെ കടിച്ചത് വളര്‍ത്തുനായാണെന്ന് അമ്മ വെളിപ്പെടുത്തിയല്ലോ. പേവിഷബാധക്കുള്ള വാക്‌സിന്‍ കൊണ്ട് കാര്യമായ ഗുണമൊന്നുമില്ല എന്ന വസ്തുതയും വെളിവായിരിക്കുകയാണ്.

സത്യത്തില്‍ അക്രമാസക്തരായ നായ്ക്കളെ കൊല്ലാന്‍ നിയമപരമായി ഒരു തടസ്സവുമില്ല. അതെല്ലാം എന്നും നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്. അക്രമാസക്തരായ നായ്ക്കളെ കൊല്ലുകയാണെങ്കില്‍ പരമാവധി വേദനാരഹിതമായി കൊല്ലണമെന്ന നിയമവും നിലവിലുണ്ട്. എന്നാലതൊന്നും പാലിക്കാതെയാണ് പലപ്പോഴും നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത്. ഏതാനും മാസം മുമ്പ് തൃക്കാക്കര നഗരസഭ നിയമവിരുദ്ധമായി അത്തരം കൂട്ടക്കൊല നടത്തിയ വാര്‍ത്ത വിവാദമായിരുന്നു. ‘ഒരു രാജ്യത്തെ മൃഗങ്ങളോട് മനുഷ്യന്‍ എങ്ങിനെ പെരുമാറുന്നു എന്നതില്‍ നിന്ന് ആ രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെ ദര്‍ശിക്കാനാവും’ എന്ന ഗാന്ധിവചനവും നാം മറക്കുന്നു.

തെരുവുനായ്ക്കള്‍ പെരുകാനും അക്രമാസക്തമാകാനും കാരണം നമ്മള്‍ തന്നെയാണെന്നതാണ് മറച്ചുവെക്കുന്നത്. മാലിന്യനിക്ഷേപവും ഒരു ഘട്ടം കഴിഞ്ഞാല്‍ വളര്‍ത്തുനായ്ക്കളെ തെരുവില്‍ തള്ളലുമാണ് മനുഷ്യനോട് ഏറ്റവുമാദ്യം മെരുങ്ങിയ ഈ ജീവി അക്രമാസക്തമാകാന്‍ പ്രധാനകാരണം. ഏതാനും വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് വൃദ്ധയായ വീട്ടമ്മയെ കടിച്ചുകീറി കൊന്ന സംഭവത്തോടെയാണല്ലോ തെരുവു നായ പ്രശ്നം സജീവമായത്. അതിനും കാരണം മാലിന്യപ്രശ്‌നമായിരുന്നു. തുടര്‍ന്നായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരമായ രീതിയില്‍ നായവേട്ട നടന്നത്.

മൃഗാവകാശങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സര്‍വ്വദേശീയ പ്രഖ്യാപനത്തില്‍ മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷക്കും അവകാശമുണ്ട്, യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുതെന്നു പ്രത്യേകം പറയുന്നു. പേവിഷ ബാധയുള്ള നായ്ക്കളെ കൊല്ലണമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കേരളത്തിലെ എല്ലാ തെരുവുനായ്ക്കളേയും കൊല്ലണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനായി എല്ലാ നിയമങ്ങളും ലംഘിക്കാനും അവര്‍ ആഹ്വാനം ചെയ്യുന്നു. തെരുവുനായ്ക്കളുടെ ശാസ്ത്രീയമായ വന്ധ്യംകരണവും നിയമം അനുവദിച്ചു തരുന്നുണ്ട്. ഇതിനുവേണ്ട ധനസഹായം കേന്ദ്രഗവണ്മെന്റില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ലഭിക്കും. അതിനുമപ്പുറം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നത് അപ്രായോഗികമാണ്. നിയമവിരുദ്ധവുമാണ്. സംസ്‌കാരവിരുദ്ധവും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നായ്ക്കള്‍ അക്രമാസക്തമാകുന്നത് മുഖ്യമായും ഭക്ഷണം കിട്ടാത്ത തിനാലാണെന്ന് ആര്‍ക്കാണറിയാത്തത്. വീടുകളില്‍ വളര്‍ത്തുന്ന വിദേശ നായ്ക്കള്‍ക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. അതിന്റെ പകുതി പരി ഗണന നാടന്‍ നായ്ക്കള്‍ക്കു നല്‍കിയാല്‍ പ്രശ്‌നം മിക്കവാറും പരിഹരി ക്കപ്പെടും. പലരും വീടുകളിലുള്ള നായ്ക്കളെ തെരുവിലേക്ക് നട തള്ളുക യാണ്. ഒപ്പം മാലിന്യങ്ങളും തെരുവിലേക്ക് തള്ളുന്നു. ശരാശരി മാംസ ഉപയോഗത്തില്‍ ദേശീയതലത്തില്‍തന്നെ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് വൃത്തിയുള്ള ആധുനിക സൗകര്യങ്ങളും മാലിന്യസംസ്‌കരണശേഷിയുമുള്ള അറവുശാലകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ മുന്‍ കൈ എടുക്കുന്നില്ല? അപ്പോള്‍ പിന്നെ നായ്ക്കള്‍ പെരുകാതിരിക്കുന്നതെങ്ങിനെ? അക്രമികളാകാതിരിക്കുന്നതെങ്ങിനെ? ഇതിനാണ് ദീര്‍ഘകാലപരിഹാരം കാണേണ്ടത്. മുമ്പ് ആളുകള്‍ സ്വച്ഛമായി നീന്തിക്കുളിച്ചിരുന്ന പല പുഴക്കടവുകളിലും ഇപ്പോള്‍ നീര്‍നായ്ക്കളെ പേടിച്ച് ഇറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്. പുഴയോരങ്ങളില്‍ കൊണ്ടുവന്ന തള്ളുന്ന മാംസാവശിഷ്ടങ്ങള്‍ തിന്നു ജീവിക്കുന്ന ഇവ വേഗത്തില്‍ പെറ്റു പെരുകുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു.

തെരുവുനായകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന്റെ മറ്റൊരു കാരണം നമ്മുടെ ഭക്ഷണശീലത്തില്‍ വന്ന മാറ്റമാണെന്നാണ് ചില വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു. ‘തട്ടുകടകളിലും തെരുവോര ഭക്ഷണ ശാലകളിലും ആളുകള്‍ കഴിച്ചു ബാക്കിയായ ഭക്ഷണവസ്തുക്കള്‍ നായ്ക്കള്‍ക്ക് സുലഭമായി ലഭിക്കുന്നു. ആഹാര ശൃംഖലയില്‍ ഒരു ഭക്ഷണവും പാഴാക്കപ്പെടുന്നില്ല. ഏതെങ്കിലും ജീവികള്‍ അത് ആഹാരമാക്കി പെറ്റു പെരുകും, ഇവിടെ അത് നായ്ക്കളിലാണ് സംഭവിച്ചത്. ആവശ്യമില്ലാത്തതെല്ലാം വഴിയില്‍ ഉപേക്ഷിക്കുന്ന നമ്മുടെ ആളുകളുടെ സ്വഭാവം നായ്ക്കളുടെ കാര്യത്തിലും കാണാം. വീട്ടില്‍ അധികമായി ഉണ്ടാവുന്ന നായ് കുഞ്ഞുങ്ങളെയും അസുഖം ബാധിച്ച നായകളെയും ആളുകള്‍ തെരുവില്‍ ഉപേക്ഷിക്കും. അവിടെ സുലഭമായി കിട്ടുന്ന ഭക്ഷണം കഴിച്ച് അവ പെറ്റു പെരുകും. നായ്ക്കളെ ഒന്നടങ്കം വന്ധ്യംകരണത്തിനു വിധേയമാക്കുന്നതും ശരിയാണോ എന്ന ചോദ്യവുമുണ്ട്. നമ്മുടെ നാടന്‍ നായ്ക്കള്‍ വംശനാശം നേരിടുകയായിരിക്കും അതിന്റെ അവസാനഫലം. പിന്നീട് വിദേശ ഇനങ്ങള്‍ മാത്രമായി നായ്‌വര്‍ഗം ചുരുങ്ങും. നാടന്‍ വിത്തുകള്‍ ഇല്ലാതായപോലെ തന്നെ. ആ സാഹചര്യവും ആശാസ്യമല്ല.
ചുരുക്കത്തില്‍ ദുരന്തങ്ങള്‍ ുണ്ടാകുമ്പോള്‍ കുറെകോലാഹലമുണ്ടാക്കി എന്തെങ്കിലും ചെയ്യുകയല്ല, വിഷയത്തെ കൃ8ത്യമായി മനസ്സിലാക്കി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാശ്വതപരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. അതിനാണ് ഭരണകൂടവും സാമൂഹ്യപ്രവര്‍ത്തകരും മുന്‍കൈ എടുക്കേണ്ടത്. ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാകട്ടെ ശരിയായ മാലിന്യസംസ്‌കരണവും മൃഗാവകാശങ്ങള്‍ സംരക്ഷിച്ചുള്ള നടപടികളാവുകയും വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply