‘പട’യും ഇനിയും പരിഹരിക്കപ്പെടാത്ത ആദിവാസി ഭൂപ്രശ്‌നവും

ആദിവാസി ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് 1996ല്‍, പിന്നീട് മാവോയിസ്റ്റുകളായി മാറിയ നക്‌സല്‍ ഗ്രൂപ്പ് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗമായിരുന്ന അയ്യങ്കാളിപ്പട, നൂലുണ്ടയും കളിത്തോക്കുമായി പാലക്കാട് കളക്ടറെ ബന്ധിയാക്കി നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. ഇപ്പോഴിതാ ആ സമരത്തെ പ്രമേയമാക്കി കെ എം കമല്‍ സംവിധാനം ചെയ്ത പട എന്ന സിനിമയും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നു. ആ വിവാദങ്ങളിലേക്കല്ല ഇവിടെ കടക്കുന്നത്. മറിച്ച് അന്നും ഇന്നും ഏറെ ചര്‍ച്ചചെയ്യുമ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്ന കേരളത്തിലെ ആദിവാസി ഭൂപ്രശ്‌നത്തെ കൂറിച്ചും അതുമായി ബന്ധപ്പെട്ടു നടന്ന പോരാട്ടങ്ങളെ കുറിച്ചുമാണ് വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.

സമീപകാല കേരളചരിത്രം സത്യസന്ധമായി രചിക്കുകയാണെങ്കില്‍ അതിലെ പ്രധാന അധ്യായം ആദിവാസി ഭൂസമരങ്ങളായിരിക്കും. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണം നടപ്പായ സംസ്ഥാനത്താണ് ഇതു നടക്കുന്നതെന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യമായി തോന്നാം. പക്ഷെ സത്യമതാണ്. കോളോണിയല്‍ കാലഘട്ടത്തില്‍ തന്നെ ആദിവാസികള്‍ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം ആ പ്രവണത ശക്തമായി. സ്വാതന്ത്ര്യാനന്തര കേരളത്തിലും ബ്രിട്ടീഷ് വനനിയമങ്ങളും വന നശീകരണവും നിര്‍ബാധം തുടര്‍ന്നു. കേരളത്തിലെ മലയോരമേഖലകളിലേക്ക് വ്യാപകമായി നടന്ന കുടിയേറ്റം ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. സംഘടിതമായ കുടിയേറ്റത്തെ സര്‍ക്കാര്‍തന്നെ പ്രോത്സാഹിപ്പിച്ചു. വികസനത്തിന്റെ പേരില്‍ പാരമ്പര്യ ആദിവാസ വ്യവസ്ഥകള്‍ തകര്‍ന്നു. എന്നാലതിന്റെ ഇരകളായിരുന്ന ആദിവാസികളെ കുറിച്ച് പറയാന്‍ ആരുമുണ്ടായിരുന്നില്ല. ആദിവാസികള്‍ക്കാകട്ടെ സ്വയം സംഘടിതശക്തിയാകാന്‍ പറ്റിയതുമില്ല. ആദിവാസികളുടെ സ്വയംഭരണവും ഭൂമിയും സംസ്‌കാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭരണഘടനയുടെ 244-ാം വകുപ്പൊന്നും ഇവിടെയാരും ശ്രദ്ധിച്ചതേയില്ല.

അതിനിടെ നേരിട്ട് ഭൂസമരമായിരുന്നില്ലെങ്കിലും ആദിവാസികളെ അടിമകളാക്കിയിരുന്ന ഫ്യൂഡല്‍ വ്യവസ്ഥക്കും ജന്മിത്തത്തിനുമെതിരെ പല കലാപങ്ങളും നടന്നു. തീര്‍ച്ചയായും നക്‌സലൈറ്റുകളായിരുന്നു അതിന്റെ മുന്‍നിരയില്‍. അങ്ങനെയാണ് അടിയോരുടെ പെരുമണ്‍ വര്‍ഗ്ഗീസ് ഉണ്ടായതും അവസാനം രക്തസാക്ഷിയായതും. അതു കേരളചരിത്രത്തിലെ ഉജ്ജ്വലമായ മറ്റൊരദ്ധ്യായം. വര്‍ഗ്ഗീസിന്റെ രക്തസാക്ഷിത്വത്തിനുശേഷവും നക്‌സലൈറ്റുകളുടെ നേതൃത്വത്തില്‍ പല ആദിവാസി സമരങ്ങളും നടന്നു. പ്രത്യേകിച്ച് വയനാട്ടില്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ധേബര്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തോടെയാണ് ആദിവാസികളുടെ അന്യാ ധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാന്‍ 1975 ല്‍ കേരളനിയമസഭ ആദ്യമായി ഒരു നിയമം പാസാക്കിയത്. 1960 ജനുവരി ഒന്ന് മുതല്‍ കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് കൈവശപ്പെടുത്തപ്പെട്ട എല്ലാ ഭൂമിയും അവര്‍ക്ക് തിരികെ ഏല്‍പ്പിച്ചു കൊടുക്കാനുള്ള നിബന്ധനകള്‍ ഈ നിയമത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യ റിപ്പബ്ലിക്കായ ദിവസം കയ്യേറ്റഭൂമികള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തീയതിയായി ധേബാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും കേരളനിയമസഭ അതിനുള്ള തീയതി പത്ത് വര്‍ഷം മുന്നോട്ട് നീക്കുകയാണുണ്ടായത്. എന്നാല്‍ നിയമം നടപ്പാക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. പകരം റദ്ദാക്കാനുള്ള നീക്കങ്ങളാണ് നടന്നത്. 1986ലാണ് നിയമത്തിന് ചട്ടങ്ങളുണ്ടാക്കിയത്. 1993ല്‍ പൗരാവകാശ പ്രവര്‍ത്തകനായ ഡോ. നല്ലതമ്പിതേറ ഹൈക്കോടതിയെ സമീപിച്ചു. നിയമം നടപ്പാക്കാനായിരുന്നു കോടതി ഉത്തരവ്. അതു മറികടക്കാന്‍ കേരളസര്‍ക്കാര്‍ 1996 ല്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു. ഇരുമുന്നണികളും അതില്‍ ഒറ്റക്കെട്ടായി. അതാകട്ടെ രാഷ്ട്രപതി തിരിച്ചയച്ചു. തുടര്‍ന്ന് 1999ലെ ഇടതുപക്ഷ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് 5 ഏക്കര്‍ വരെ സാധുത നല്‍കി. പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും 5 ഏക്കറില്‍ കൂടുതല്‍ ഉള്ളത് തിരിച്ചുപിടിച്ച് നല്‍കാനുമുള്ള ഭേദഗതി നിര്‍ദ്ദേശിച്ചു. നിയമസഭയില്‍ ഗൗരിയമ്മ മാത്രം നിയമത്തെ എതിര്‍ത്തു. വീണ്ടും നിയമയുദ്ധം നടന്നു. 2009ല്‍ ഭേദഗതി നിയമം ഭാഗികമായി അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധിയുണ്ടായി. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സംയുക്തമായി അംഗീകരിച്ച ഭേദഗതിനിയമമോ സുപ്രീംകോടതി നിര്‍ദ്ദേശങ്ങളോ നടപ്പായില്ല എന്നത് വേറെ കാര്യം. ഇടക്ക് രാജ്യത്തിന്റെ പല ഭാഗത്തും നിലവില്‍ വന്ന ആദിവാസികളുടെ വനാവകാശനിയമവും നടപ്പായില്ല. ആദിവാസികള്‍ക്ക് നല്‍കാന്‍ കേന്ദ്രം നല്‍കിയ 19000 ഏക്കര്‍ വനഭൂമിപോലും കൊടുത്തില്ല.

ഇതിനിടെ 1990കള്‍ മുതല്‍ ആദിവാസികള്‍ സ്വന്തം മുന്‍കൈയില്‍ ഭൂമിക്കായുള്ള സമരങ്ങള്‍ ആരംഭിച്ചു. സി കെ ജാനുവിനെ പോലുള്ള പോരാളികള്‍ ഉയര്‍ന്നുവന്നു. അമ്പുകുത്തി, കോളിക്കംപാളി, പനവല്ലി, ചീങ്ങേരി, തിരുവോണപ്പുറം തുടങ്ങി പല ഭാഗത്തും ഭൂസമരങ്ങള്‍ ശക്തമായി. ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ പോലീസും വനം വകുപ്പും ചേര്‍ന്ന് കത്തിച്ചു. തുടര്‍ന്ന് സമരം ശക്തമായി. സമരക്കാര്‍ക്കുനേരം ആക്രമണം നടന്നപ്പോള്‍ ജാനുവടക്കമുള്ളവര്‍ നിരാഹാര സമരം നടത്തി. സമരത്തിനെതിരെ സിപിഎം ശക്തമായി രംഗത്തുണ്ടായിരുന്നു. എങ്കിലും പല സമരങ്ങളും ഒരുപരിധിവരെ വിജയിച്ചു.

1995ല്‍ സി.കെ. ജാനു അധ്യക്ഷയും പഴയ നക്‌സല്‍ നേതാവും ആദിവാസിയുമായ കെ.എം. സലീംകുമാര്‍ കണ്‍വീനറുമായി രൂപവത്കരിച്ച ഏകോപന സമിതി അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുനല്‍കുക, ആദിവാസിഭൂമിക്ക് പട്ടയം നല്‍കുക, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ആരംഭിച്ചു. 96ല്‍ ജാനുവും 8 ആദിവാസി സ്ത്രീകളും സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരസമരം ആരംഭിച്ചു. 13-ാം ദിവസം അവശയായ ജാനുവിനേയും കൊണ്ട് സെക്രട്ടറിയേറ്റിനകത്തുപോകാനുള്ള ശ്രമത്തെ പോലീസ് തടഞ്ഞു. എന്നാല്‍ അന്യാധീനപ്പെട്ട ഭൂമി തിരികെ എന്ന ആവശ്യം നടപ്പാകില്ല എന്നുറപ്പായതോടെ 1998ല്‍ അന്യാധീനപ്പെട്ട ഭൂമി എന്ന ആവശ്യത്തില്‍നിന്ന് പകരം ഭൂമിയെന്ന നിലപാടിലേക്ക് ജാനു മാറിയതോടെ ഈ ഐക്യം തകര്‍ന്നു. എങ്കിലും പല സ്ഥലങ്ങളിലും ആദിവാസി ഭൂസമരങ്ങള്‍ തുടര്‍ന്നു. പലയിടത്തും എം എല്‍ – മാവോയിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലും സമരങ്ങള്‍ നടന്നു. 1996 സെപ്തംബര്‍ 2 മുതല്‍ സിപിഐ എം എല്‍ പ്രവര്‍ത്തകന്‍ രവി കല്ലാച്ചി സെക്രട്ടറിയേറ്റനുമുന്നില്‍ നിരാഹാരമാരംഭിച്ചു. സമരം ശക്തമായതോടെ സംസ്ഥാനത്തുടനീളം മാര്‍ച്ചുകളും റോഡുപരോധിക്കല്‍ സമരങ്ങളും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടന്നു. തുടര്‍ന്ന് നിയമസഭ ബില്‍ പാസാക്കിയ സെപ്തംബര്‍ 21ന് 12ഓളം പേര്‍ നിയമസഭയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. അവരെ പോലീസ് തല്ലിച്ചതച്ചു. മുഖ്യമായും തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സിപിഐ എം എല്‍ ജനശക്തിയുടെ നേതൃത്വത്തിലും പല ഭൂസമരങ്ങളും നടന്നു. കള്ളിച്ചിത്ര, ആനപന്തം, വാണിയമ്പാറ കോളനികളില്‍ നടന്ന പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധേയമായി. ചിമ്മിനി ഡാമിനായി കുടിയൊഴിക്കപ്പെട്ട ആദിവാസികള്‍ പോരാടി ഭൂമി നേടി. ഹാരിസണ്‍ എസ്‌റ്റേറ്റ് മേഖലയിലെ ആദിവാസികളും സമരം ചെയത് ഭൂമി നേടിയെടുത്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അക്കാലത്തുനടന്ന ശ്രദ്ധേയമായ പോരാട്ടമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന പാലക്കാട് കളക്ടറെ ബന്ധിയാക്കല്‍ സമരം. കേരളം ഒന്നടങ്കം മുള്‍മുനയില്‍ നിന്ന നിമിഷങ്ങളായിരുന്നു അത്. പിന്നീട് ഇവരുടെ പിന്‍ഗാമികളായ ആദിവാസി സമരസംഘത്തിന്റെ നേതൃത്വത്തില്‍ വയനാട് മൊബൈല്‍ മാവേലി സ്റ്റോര്‍ പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് അരി വിതരണം ചെയ്ത സമരവും നടന്നു. കണ്ണൂരിലെ തിരുവോണപ്പുറത്ത് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിനോട് അനുഭാവം പുലര്‍ത്തുന്നവരായിരുന്നു ഭൂമി കയ്യേറി സമരം ചെയ്ത് സ്വന്തമാക്കിയത്. ജാനുവിന്റേയും മുന്‍നക്‌സല്‍ നേതാവായിരുന്ന ഗീതാനന്ദന്റേയും നേതൃത്വത്തില്‍ രൂപീകരിച്ച ആദിവാസി ഗോത്രമഹാസഭ രംഗത്തുവന്നതോടെ ഉശിരന്‍ പോരാട്ടങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സെക്രട്ടറിയറ്റിനുമുന്നിലെ കുടില്‍കെട്ടിസമരം, മുത്തങ്ങ, നില്‍പ്പുസമരം തുടങ്ങി നടന്ന പോരാട്ടങ്ങള്‍ പൂര്‍ണ്ണവിജയമായില്ലെങ്കിലും പരാജയങ്ങളുമായിരുന്നില്ല. നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കാനും ആറളം, നെല്ലിയാമ്പതി, അവനസാനം തൊവരിമല തുടങ്ങി നിരവധി പോരാട്ടങ്ങള്‍ക്ക് ഇവ പ്രചോദനമായി. എങ്കിലും ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഒന്നായി തന്നെ ഈ വിഷയം തുടരുന്നു. അതു വീണ്ടും കേരളീയ സമൂഹത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് പട എന്ന സിനിമയുടെ ചരിത്രപരമായ പ്രസക്തി.

വാസ്തവത്തില്‍ ശിശുമരണങ്ങളും പട്ടിണി മരണങ്ങളുമടക്കം ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനകാരണം സ്വന്തമായി ഭൂമിയില്ലാത്തതാണ്. അതോടൊപ്പം പ്രധാനമാണ് അവരുടെ സ്വയംഭരണ അവകാശപ്രശ്‌നവും. ഭരണ ഘടന 244 ഷെഡ്യൂള്‍ 5 സ്വയം ഭരണാവകാശം ഉറപ്പ് വരുത്തുന്നുണ്ടെങ്കിലും അത് ചര്‍ച്ചക്കെടുക്കുവാന്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരും ഇപ്പോഴും തയ്യാറല്ല. 2015ല്‍ നില്‍പ് സമരത്തെ തുടര്‍ന്ന് നിരവധി ഊരുകളില്‍ പെസാ നിയമം നടപ്പിലാക്കുവാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഇതിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചു. അതുപോലെ വനാവകാശം 2006ല്‍ നിലവില്‍ വന്നെങ്കിലും ആ നിയമത്തിന്റെ അന്തസത്ത അട്ടിമറിക്കപ്പെട്ടു. ആദിവാസികള്‍ക്ക് അഞ്ചും പത്തും സെന്റ് നല്‍കുന്ന ഒരു കുടിക്കിടപ്പ് പ്രശ്‌നമായാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. ആ നിലപാട് തിരുത്താതെ ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുക അസാധ്യമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply