വിജയശതമാനം കൂട്ടുമ്പോള്‍ മൂടിവെക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

കേരളീയര്‍ പൊതുവില്‍ ഏറ്റവും അഹങ്കരിക്കുന്ന ഒരു മേഖലയാണല്ലോ വിദ്യാഭ്യാസത്തിന്റേത്. രാജ്യത്ത് വിദ്യാഭ്യാസരംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് എന്നവകാശപ്പെടുന്നവരാണ് നാം. അതെന്തുമാത്രം ശരിയാണെന്നു പരിശോധിക്കേണ്ടതുണ്ട്. എസ് എസ് എല്‍ സി പരീക്ഷയില്‍ 99.47 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു എന്നതിന്റെ പേരിലാണ് ഇപ്പോഴത്തെ ആഘോഷം. കൊവിഡിനെ തോല്‍പ്പിച്ചാണ് നാം ഈ വിജയം നേടിയതെന്നു കേള്‍ക്കുമ്പോള്‍ സാമാന്യബോധമുളളവര്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ?

ശരിയാണ്, പ്രാഥമിക വിദ്യാഭ്യാസത്തിലും സാക്ഷരതയിലും നാം മുന്നില്‍ തന്നെയാണ്. ചരിത്രപരമായ പല കാരണങ്ങളും അതിനുണ്ട്. രാജഭരണകാലം മുതലേ വിദ്യാഭ്യാസമേഖലയില്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു. കൊളോണിയല്‍ ഭരണവും അതിനു പ്രതിബന്ധമുണ്ടാക്കിയില്ല. നാരായണഗുരു പോലുള്ളവരുടെ പ്രബോധനങ്ങളും പഞ്ചമിയുടെ കൈപിടിച്ച് സ്‌കൂളിലേക്ക് കയറിചെന്ന അയ്യന്‍കാളിയെ പോലുള്ളവര്‍ നടത്തിയ പോരാട്ടങ്ങളും ദേശീയപ്രസ്ഥാനവും ഈ പ്രക്രിയക്ക് ആക്കം കൂട്ടി. മിഷണറിമാരും ഇടതുപക്ഷപ്രസ്ഥാനങ്ങളും മതസംഘടനകളും ഈ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ മറ്റേതു സംസ്ഥാനത്തേക്കാള്‍ കൂടുതലാണുതാനും. ഇതിന്റെയൊക്കെ ആകത്തുകയാണ് പ്രാഥമിക വിദ്യാഭ്യാസത്തിലും സാക്ഷരതയിലും നാം നേടിയ നേട്ടങ്ങളുടെ അടിസ്ഥാനം. എന്നാല്‍ കാലാനുസൃതമായി ഈ നേട്ടങ്ങള്‍ വികസിച്ചോ, അതുപോലെ വിദ്യാഭ്യാസത്തിന് ആനുപാതികമായി സാമൂഹ്യബോധത്തിലെന്തെങ്കിലും വികാസമുണ്ടായോ എന്നു പരിശോധിക്കുമ്പോള്‍ നിരാശയാണ് ഫലം എന്നു പറയേണ്ടിവരും.

എസ് എസ് എല്‍ സിയുടെ പേരിലുള്ള ഇപ്പോഴത്തെ ആഘോഷം തന്നെ നോക്കൂ. കഴിഞ്ഞ വര്‍ഷം വലിയൊരു ഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിച്ചില്ല എന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പോലും സര്‍വ്വേ നടത്തി കണ്ടെത്തിയിരുന്നു. ഇക്കാര്യം പരിഷത്ത് പറഞ്ഞില്ലെങ്കിലും കേരളത്തില്‍ ഓരോരുതത്തര്‍ക്കുമറിയാം. എന്നിട്ടും ഈ വന്‍വിജയം ഉണ്ടായത് എങ്ങനെയാണെന്നും എല്ലാവര്‍ക്കുമറിയാം. എന്നിട്ടാണ് മന്ത്രിയടക്കമുള്ളവര്‍ കൊവിഡിനെ പോലും തോല്‍പ്പിച്ച് വന്‍വിജയം നേടിയെന്ന് അഭിമാനിക്കുന്നത്. എങ്കില്‍ പിന്നെ എന്തിനാണ് ഈ സ്‌കൂളുകള്‍ തുറക്കുന്നത്? വിദ്യാഭ്യാസം മുഴുവന്‍ ഓണ്‍ലൈന്‍ ആക്കിയാല്‍പോരേ? കി്ഫ്ബിയില്‍ നിന്ന് കോടികള്‍ കടമെടുത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സ്‌കൂളുകള്‍ സ്മാര്‍ട്ടാക്കേണ്ട കാര്യമുണ്ടായിരുന്നോ? യാഥാര്‍ത്ഥ്യം ഇതല്ല എന്ന സത്യം തുറന്നു പറഞ്ഞ്, കൊവിഡ് കാല വിദ്യാഭ്യാസം എല്ലാവരിലുമെത്തിക്കാനും ഗുണനിലവാരം കൂട്ടാനുമുള്ള കാര്യങ്ങളല്ലേ ചര്‍ച്ച ചെയ്യേണ്ടത്? എന്നാല്‍ സ്വയം മാര്‍ക്കറ്റ് ചെയ്യുക എന്ന നമ്മുടെ സ്ഥിരം ശീലവും മിഥ്യാഭിമാനവും അതിനനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. അതിന്റെ ഫലം ആത്യന്തികമായി വിപരീതമായിരിക്കും. കൊവിഡ് വ്യാപന്തതില്‍ നാമത് കണ്ടതാണല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വരുംകാലജീവിതത്തിന്റെ വലിയൊരു ഭാഗം ഓണ്‍ലൈനിലായിരിക്കും എന്നതില്‍ സംശയമില്ല. അത് അനിവാര്യവുമാണ്. വിദ്യാഭ്യാസമേഖലിയലും അതിന്റെ അലയൊലികള്‍ ഉണ്ടാകും. എന്നാല്‍ പ്രാഥമികമടക്കമുള്ള വിദ്യാഭ്യാസമേഖലക്ക് പൂര്‍ണ്ണമായും ഓണ്‍ലൈനാകാന്‍ കഴിയില്ല എന്നതാണ് സത്യം. കാരണം വിദ്യാഭ്യാസമെന്നത് സിലബസ് പഠിക്കല്‍ മാത്രമല്ലല്ലോ. കുട്ടികളില്‍ സാമൂഹ്യബോധം ഉണ്ടാക്കുക എന്നതു കൂടിയാണല്ലോ അത്. അതിന് ഓഫ് ലൈന്‍ വിദ്യാഭ്യാസം അനിവാര്യമാണ്. അതുണ്ടായിട്ടുപോലും ജാതിബോധമോ മതബോധമോ ലിംഗബോധമോ ഇല്ലാതാകാത്ത നാട്ടില്‍, അതുപോലുമില്ലെങ്കിലത്തെ അവസ്ഥ എന്താകും എന്നാലോചിച്ചാല്‍ മതി. മിഷണറി വിദ്യാഭ്യാസം നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ കുറെ നേട്ടങ്ങള്‍ക്കു കാരണമായിട്ടുണ്ടെങ്കിലും സദാചാരരംഗത്തുണ്ടാക്കിയ വിപരീതഫലങ്ങള്‍ ഇന്നു കേരളം അനുഭവിക്കുകയാണ്. നഴ്‌സറി മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ച് പഠിപ്പിച്ചതാണ് ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്ന കപടസദാചാരബോധത്തിന്റേയും മറുവശത്ത് അതിന്റെ തന്നെ ഉല്‍പ്പന്നമായ സ്ത്രീപീഡനങ്ങളുടേയും ഒരു പ്രധാനകാരണം. എന്നാല്‍ ഈ വിഷയത്തില്‍ ഇനിയും എടുത്തുപറയത്തക്ക മാറ്റം ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ബാല്യം മുതലേ ലിംഗവിവേചനം അടിച്ചേല്‍പ്പിക്കുന്നതു തന്നെയാണ് നമ്മുടെ വിദ്യാഭ്യാസം. ലോകം മുഴുവന്‍ ലൈംഗികവിദ്യാഭ്യാസം സിലബസിന്റെ ഭാഗമാകുമ്പോള്‍ ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടപഴകാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്നു. എന്നിട്ടാണ് നമ്മള്‍ സ്മാര്‍ട്ടനെസിനെ കുറിച്ച് പറയുന്നത്. പീഡനങ്ങള്‍ തിരിച്ചറിയാനും അറിഞ്ഞാല്‍ തന്നെ പ്രതികരിക്കാനും കഴിയാത്ത അവസ്ഥയിലാണ് നമ്മുടെ പെണ്‍കുട്ടികള്‍. മാത്രമല്ല ഇത്തരം സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോഴും കുറ്റം അവരുടേതാണെന്ന പൊതുബോധമാണ് പെണ്‍കുട്ടികളിലും നമ്മള്‍ നിറക്കുന്നത്. അവരെ ബോധവല്‍ക്കരിക്കാനാണ് എല്ലാവരുടേയും ശ്രമം. ബോധവല്‍ക്കരിക്കേണ്ടത് ആണ്‍കുട്ടികളെയാണെന്നുപോലും നാം മനസ്സിലാക്കുന്നില്ല.

വിദ്യാഭ്യാസത്തിന്റെ എല്ലാമേഖലകളിലും ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ട്. താരതമ്യേന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്ന നാടാണ് കേരളം. പക്ഷെ ഇപ്പോഴും പരമ്പരാഗത രീതിയിലെ ബിരു, ബിരദാനന്തര പഠനമാണ് അവര്‍ക്ക് ലഭിക്കുന്നത്. അതാണല്ലോ നമ്മുടെ ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ മഹാഭൂരിപക്ഷവും പെണ്‍കുട്ടികളാകുന്നത്. ആണ്‍കുട്ടികളില്‍ വലിയൊരുഭാഗം പുതിയ സാധ്യതകള്‍ തേടി, പുതിയ കോഴ്‌സുകള്‍ പഠിക്കാന്‍ പുറത്തുപോകുന്നു. പെണ്‍കുട്ടികളില്‍ പലര്‍ക്കും ഈ വിദ്യാഭ്യാസം തന്നെ ലഭിക്കുന്നത് വിവാഹം വരെ മാത്രം. പിന്നെയുള്ളവര്‍ക്ക് പ്രധാനമായും ലക്ഷ്യം വെക്കുന്നത് അധ്യാപക, നഴ്‌സ്, പിഎസ്‌സി, ബാങ്ക് പോലുള്ള പരമ്പരാഗത ജോലികള്‍ മാത്രം. ആധുനികകാല വിദ്യാഭ്യാസവും പുതിയ. തൊഴിലവസരങ്ങളും പൊതുവിലവര്‍ക്ക് നിഷേധിക്കപ്പെടുന്നു. മാത്രമല്ല, ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ള തൊഴില്‍രഹിതരായ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണുതാനും. വിദ്യാഭ്യാസരംഗത്തെ ഈ ലിംഗവിവേചനം ഇല്ലാതാക്കാനാണ് ആദ്യം നമ്മള്‍ ശ്രമിക്കേണ്ടത്. യൂണിഫോം പോലും സമാനമാകണം. ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ചും ഭിന്നശേഷിക്കാരുടെ അവകാശങ്ങളുെ കുറിച്ചും അവരെ പഠിപ്പിക്കണം. അതുപോലെ ജാതീയ, വര്‍ഗ്ഗീയ, സങ്കുചിത കക്ഷിരാഷ്ട്രീയ ചിന്തകളെ അതിജീവിക്കുന്ന വിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കണം. സാമൂഹ്യനീതിയും ഭരണഘടാനാമൂല്യങ്ങളും ജനാധിപത്യവും മതേതരത്വവുമൊക്കെ പാഠ്യവിഷയങ്ങളാകണം.

പ്രാഥമിക വിദ്യാഭ്യാസത്തില്‍ തന്നെ വരുത്തേണ്ട മറ്റനവധി മാറ്റങ്ങളുണ്ട്. സ്മാര്‍ട്ടായതിനെ തുടര്‍ന്ന് പല സ്‌കൂളുകള്‍ക്കും നഷ്ടപ്പെട്ടത് കളിസ്ഥലങ്ങളാണ്. അവ തിരിച്ചുപിടിക്കണം. തുടക്കത്തില്‍ പറഞ്ഞപോലെ സാമൂഹ്യബോധത്തിന്റെ ഉറവകളാണ് കളിസ്ഥലങ്ങള്‍. കൂടാതെ നീന്തല്‍, സൈക്കിള്‍, ട്രാഫിക് നയമങ്ങള്‍ തുടങ്ങിയ ദൈനംദിനജീവിതത്തില്‍ ആവശ്യമായതൊക്കെ അവര്‍ക്ക് ലഭ്യമാക്കണം. അധ്വാനത്തോടും സംരംഭകത്തോടും പൊതുവില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ മനോഭാവം അവരില്‍ കുത്തിവെക്കരുത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവുമൊക്കെ പാഠ്യഭാഗമാകണം. ഇതിനൊക്കെ ആവശ്യമായ മറ്റൊരു പ്രധാന ഘടകം അധ്യാപകര്‍ കാലത്തിനൊപ്പം നീങ്ങുക എന്നതാണ്. ഇപ്പോള്‍ പോലും പത്രം വായിക്കാത്തവരും ടിവി വാര്‍ത്തകള്‍ കാണാത്തവരും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഇല്ലാത്തവരുമായ അധ്യാപകരുണ്ട് എന്നതാണ് ദുരന്തം. ആ അവസ്ഥ മാറിയേ തീരു. അധ്യാപകരുടെ ഔട്ട് പുട്ട് നിരീക്ഷിക്കാനും അവര്‍ അപ്‌ഡേറ്റ് ആണോ എന്നു പരിശോധിക്കാനുമുള്ള സംവിധാനങ്ങളും വേണം. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് അധ്യയന മാധ്യമത്തിന്റേത്. ലോകം വിരല്‍ത്തുമ്പിലേക്കു മാറുന്ന ഇക്കാലത്ത് അന്ധമായി മാതൃഭാഷാവാദം ഉയര്‍ത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല. മലയാളികളുടെ ഉന്നതവിദ്യാഭ്യാസ – തൊഴില്‍ സാധ്യതകളൊക്കെ പുറത്തായതിനാല്‍ ഇംഗ്ലീഷ് മാധ്യമത്തിലെ വിദ്യാഭ്യാസം അനിവാര്യമാണ്. മലയാളം ഒരു ഭാഷയായി നിലനിര്‍ത്തി തന്നെയാവണമത്. സംസ്ഥാനത്ത് അണ്‍എയ്ഡഡ്് സ്ഥാപനങ്ങളില്‍ നിന്ന് പൊതുവിദ്യാലയങ്ങലിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കിനു കാരണം അവിടങ്ങളില്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതാണെന്ന കണക്കുകള്‍ വന്നു കഴിഞ്ഞല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എസ് എസ് എല്‍ സിയില്‍ നിന്നാണല്ലോ നമ്മള്‍ ആരംഭിച്ചത്. അതില്‍ തന്നെ അവസാനിപ്പിക്കാം. വാസ്തവത്തില്‍ എന്തിനാണ് ഇന്ന് എസ് എസ് എല്‍ സി പരീക്ഷ എന്ന ചോദ്യം നിരവധി നിദ്യാഭ്യാസ വിദഗ്ധര്‍ ഉന്നയിച്ചു കഴിഞ്ഞു. പ്ലസ് ടുവില്‍ മാത്രമേ ബോര്‍ഡ് പരീക്ഷ ആവശ്യമുള്ളു. രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടു ബോര്‍ഡ്് പരീക്ഷക്കായി വിദ്യാര്‍ത്ഥികളെ ടെന്‍ഷനടിപ്പിക്കണോ? അതും ഇത്തരത്തില്‍ ഏറെക്കുറെ എല്ലാവരേയും വിജയിപ്പിക്കുമ്പോള്‍. അതിനുശേഷം പ്ലസ് ടുവിനായുള്ള ഓട്ടം. സിബിഎസ്ഇയില്‍ ബോര്‍ഡ് എക്‌സാമിനേഷന്‍ നിര്‍ബന്ധമല്ലല്ലോ. എസ് എസ് എല്‍ സി കഴിഞ്ഞാല്‍ പ്ലസ് ടു അഡ്മിഷനായുള്ള ഓട്ടമൊക്കെ അനാവശ്യമാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത മുമ്പൊക്കെ എസ് എസ് എല്‍ സി ആയിരുന്നെങ്കില്‍ ഇപ്പോഴത് പ്ലസ് ടു ആണ്. നിസവിലെ സ്‌കൂളുകളിലെല്ലാം പ്ലസ് ടു കോഴ്‌സുകള്‍ ആരംഭിച്ച് 12-ാം ക്ലാസുവരെ അവിടെ പഠിക്കാനവസരമൊരുക്കുകയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട് ചില സാങ്കേതികപ്രശ്‌നങ്ങളെല്ലാമുണ്ട്. എന്നാലവയെല്ലാം പരിഹരിക്കാവുന്നതാണ്. എസ് എസ് എല്‍ സി വിജയശതമാനം നൂറിലെത്തിപ്പിക്കുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും ഇക്കാര്യം പരിഗണിക്കണം.

പൊതുവില്‍ മുന്നിലാണെങ്കിലും പ്രാഥമികവിദ്യാഭ്യാസരംഗത്ത് അടിയന്തിരമായി നടപ്പാക്കേണ്ട ചില വിഷയങ്ങള്‍ മാത്രമാണ് ഉന്നയിച്ചത്. മറുവശത്ത് നാമേറെ പുറകിലായ ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അവ മറ്റൊരവസരത്തില്‍ പരിശോധിക്കാം – പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസത്തിന് ഇന്ന് പ്രത്യേക വകുപ്പും പ്രത്യക മന്ത്രിയുമുള്ള സാഹചര്യത്തില്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply