ശ്രീജിവിന്റേത് ആത്മഹത്യയെന്ന് സിബിഐ, സമരം തുടരുമെന്ന് ശ്രീജിത്

ശ്രീജിവ് ലോക്കപ്പില്‍ വിഷം കുടിച്ചു മരിച്ചു എന്ന ഭാഷ്യം കള്ളമാണെന്ന് ശ്രീജിത് പറയുന്നു. ലോക്കപ്പിലേക്ക് എങ്ങനെയാണ് വിഷമെത്തുക എന്നാണ് ശ്രീജിത്തിന്റെ ചോദ്യം. പോലീസ് ബലമായി വിഷം കുടിപ്പിച്ചതാണെന്നും ശ്രീജിത് ആരോപിച്ചു. അതിന് കൃത്യമായ മറുപടി ഒരിക്കലും കിട്ടിയിരുന്നില്ല.

സഹോദരന്‍ ശ്രീജിത്തിന്റെ മാരത്തോണ്‍ സമരത്തിലൂടെ ഏറെ വിവാദമായ തിരുവനന്തപുരത്ത് ശ്രീജിവിന്റെ മരണം ആത്മഹത്യയെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കസ്റ്റഡി മരണത്തിന് പൊലീസിനെതിരെ തെളിവില്ല. അന്വേഷണം അവസാനിപ്പിക്കുന്നതായും സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ അറിയിച്ചു. അതേസമയം, ശ്രീജിവിന് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പ്രതികരിച്ചു.
2015 മെയ് 15നാണ് ശ്രീജിവിന്റെ മരണം ലോക്കപ്പ് കൊലയാണെന്നാരോപിച്ച് ശ്രീജിത്തിന്റെ സമരം ആരംഭിച്ചത്. നിലത്ത് പായ വിരിച്ചു കിടന്നിരുന്ന ശ്രീജിത് പിന്നീട് കിടപ്പ് ശവപ്പെട്ടിയിലേക്കുമാറ്റി. കറുത്ത തുണി കൊണ്ട് പുതച്ചായിരുന്നു സമരം. 2018ല്‍ 750 ദിവസം പിന്നിട്ടപ്പോള്‍ സമാനതകളില്ലാത്ത പിന്തുണയാണ് സമരത്തിന് ലഭിച്ചത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത് എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സമരം കത്തിപടര്‍ന്നത്. ശ്രീജിത്തിനെ പിന്തുണച്ച് നൂറുകണക്കിന് പേര്‍ സെക്രട്ടേറിയേറ്റ് പടിക്കലെത്തി. സമരത്തെ പിന്താങ്ങുന്നവരെ ട്രോളന്മാരെന്നും സംഘികളെന്നും ആരോപിച്ച് ഒരു വിഭാഗവും രംഗത്തെത്തി. ഏതാനും ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവില്‍ സിബിഐ അന്വേഷണം നടത്താമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെ ശ്രീജിത് സമരം നിര്‍ത്തുകയായിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ല എന്നാരോപിച്ചണ് വീണ്ടും ശ്രീജിത്ത് സമരം തുടങ്ങി. പക്ഷെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാര്യമായി ആരുമെത്തിയില്ല. പിന്നീട് ഏറെക്കുറെ ഏകനായാണ് ശ്രീജിത്ത് സമരം നയിച്ചത്.
2014 മെയ് 19നാണ് ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അയല്‍പക്കത്തെ യുവതിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നു എന്നും അതിന്റെ പേരിലായിരുന്നു കള്ളക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ജാതിവ്യത്യാസവും സാമ്പത്തിക പിന്നോക്കാവസ്ഥയും തന്നെയായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പിനു കാരണം. കുട്ടിയായിരിക്കുമ്പോള്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് ശ്രീജിത്തും ശ്രീജിവുമൊക്കെ അനാഥാലയത്തിലായിരുന്നു വളര്‍ന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുവേണ്ടിയായിരുന്നു സഹോദരനെ അറസ്റ്റ് ചെയ്തതെന്നാണ് ശ്രീജിതിന്റെ വാദം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ശ്രീജിവ് മരിച്ചത്. സംഭവം ദുരഭിമാന കൊലതന്നെയെന്ന ആരോപണം ഉയര്‍ന്നു. മരണമൊഴിയെടുക്കാന്‍ പോലും പോലീസ് അനുവദിച്ചില്ല. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജീവിന്റെ അമ്മയും സഹോദരനും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടിരുന്നു. എന്നിട്ടും ഒരു നടപടിയും ഇല്ലാതായപ്പോള്‍ അവര്‍ പൊലീസ് കംപ്ളയിന്റ് അതോറിറ്റിയെ സമീപിച്ചു. 2016 മെയ് 17ന് പൊലീസ് കംപ്ളയിന്റ് അതോറിറ്റി ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് സ്ഥിരീകരിച്ചു. കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഈ തുക ആരോപണവിധേയരായ പൊലീസുകാരില്‍നിന്ന് ഈടാക്കണമെന്നും അതോറിറ്റി ഉത്തരവിട്ടു. ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക ടീം രൂപീകരിച്ചത്. എന്നാല്‍ പ്രതിസ്ഥാനത്തുള്ള പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് സ്റ്റേ ചെയ്തു. പത്തുലക്ഷം രൂപ സര്‍ക്കാര്‍ ശ്രീജീവിന്റെ അമ്മയ്ക്കും സഹോദരനും നല്‍കി. എന്നാല്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാരെ സസ്പെന്റ് ചെയ്യാന്‍ പോലും തയ്യാറായില്ല. തുടര്‍ന്നാണ് കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന്് ഇവര്‍ ആവശ്യപ്പെട്ടത്. ഇതംഗീകരിച്ച് ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ 2017 ജൂലൈ 18ന് സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തയച്ചു. എന്നാല്‍, ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ശ്രീജിത് സമരം ശക്തമാക്കിയത്.
ശ്രീജിവ് ലോക്കപ്പില്‍ വിഷം കുടിച്ചു മരിച്ചു എന്ന ഭാഷ്യം കള്ളമാണെന്ന് ശ്രീജിത് പറയുന്നു. ലോക്കപ്പിലേക്ക് എങ്ങനെയാണ് വിഷമെത്തുക എന്നാണ് ശ്രീജിത്തിന്റെ ചോദ്യം. പോലീസ് ബലമായി വിഷം കുടിപ്പിച്ചതാണെന്നും ശ്രീജിത് ആരോപിച്ചു. അതിന് കൃത്യമായ മറുപടി ഒരിക്കലും കിട്ടിയിരുന്നില്ല. പക്ഷെ ശ്രീജിവ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്്തിരുന്നു. ഇപ്പോഴും അത് കൃത്യമായി നടപ്പാക്കിയിട്ടില്ല എന്നത് വേറെ കാര്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply