മന്ത്രിസഭയില്‍ കോവൂര്‍ കുഞ്ഞുമോനുള്ള അയിത്തമെന്താണ്?
നിയമസഭയില്‍ സര്‍ക്കാരിന്റെ ധനാഭ്യര്‍ത്ഥനകളെ എതിര്‍ത്ത് ചെയ്ത പ്രസംഗത്തില്‍ നിന്ന്…
പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് ഒരു മന്ത്രിപോലുമില്ലാത്ത ആദ്യമന്ത്രിസഭയായിരിക്കും ഇപ്പോഴത്തേത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് എ പി അനില്‍ കുമാറും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് പി കെ ജയലക്ഷ്മിയും മന്ത്രിമാരായിരുന്നു. എല്‍ഡിഎഫില്‍ ഒറ്റ എം എല്‍ എ മാത്രമുള്ള പല പാര്‍ട്ടികളുമുണ്ടല്ലോ. അവരൊക്കെ മന്ത്രിമാരുമായിട്ടുണ്ട്. ഗണേഷ്‌കുമാര്‍, ആന്റണി രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഹമ്മദ് തേവര്‍ കോവില്‍ തുടങ്ങിയവരൊക്കെ തന്നെ. എന്നാല്‍ 25 വര്‍ഷം എംഎല്‍എയായിരുന്ന ഒരാളുണ്ട്. കോവൂര്‍ കുഞ്ഞുമോന്‍. അദ്ദേഹത്തിനു മാത്രം മന്ത്രിപദത്തിലേക്ക് അയിത്തം കല്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോ? ആര്‍ എസ് പി ലെനിനിസ്റ്റ്. കുഞ്ഞുമോനെ അവഗണിച്ചാലും ഇടതുപക്ഷം ലെനിനെ അവഗണിക്കാമോ? കേരളത്തിലെ ഏക ലെനിനിസ്റ്റ് പാര്‍ട്ടിയാണത്. ആ പാര്‍ട്ടിയുടെ എം എല്‍ എ ആയിട്ടുപോലും കുഞ്ഞുമോനോട് എല്‍ ഡി എഫിന് അയിത്തമാണ്.
ചരിത്രത്തിലാദ്യമായാണ് STP, DSP ഫണ്ടില്‍ വലിയ കുറവ് വന്നിരിക്കുന്നത്. ഉമ്മന്‍ചാണ്ടി DSP ഫണ്ട് രണ്ടില്‍ നിന്ന് മൂന്നു ശതമാനമാക്കിയിരുന്നു. പക്ഷെ ഇപ്പോഴോ? കേരളത്തിലെ എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ മൂന്നു കാര്യങ്ങളില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതത്. ഭൂമി, തൊഴില്‍, വികസനത്തിന്റെ വിഹിതം എന്നിവയാണത്. ഫ്‌ളാറ്റ് പദ്ധതികളെ കുറിച്ച് വളരെയധികം കേള്‍ക്കുന്നുണ്ട്. പണ്ട് എസ് സി വിഭാഗങ്ങള്‍ക്ക് 10 സെന്റ് വീതം ഭൂമി ലഭിച്ചിരുന്നു. പിന്നെയെത് മൂന്നായി. ഇപ്പോള്‍ ഫ്‌ളാറ്റുകളാണ്. അതിന്റെ ഫലമായി സംഭവിക്കുന്നതെന്താണ്? ഫ്‌ളാറ്റ്, പട്ടികജാതിക്കാരന്റെ ഭൂമി എന്ന അവകാശത്തെയാണ് ആത്യന്തികമായി റദ്ദ് ചെയ്യുന്നത്. വീടാണെങ്കില്‍ കുടുംബം വലുതാകുന്നതിനനുസരിച്ച് വികസിപ്പിക്കാം. ഫ്‌ളോറ്റോ? അതില്ലാതാക്കുന്നു. അവരുടെ ഭൂമി എന്ന അവകാശത്തെ ഈ സംവിധാനത്തിലൂടെ എന്നന്നേക്കുമായ ഇല്ലാതാക്കുന്നു.
തൊഴിലിലേക്കു വന്നാലോ? ഇപ്പോള്‍ നിയമനങ്ങളെല്ലാം നടക്കുന്നത് പിന്‍വാതിലിലൂടെയാണല്ലോ. .അതിലൂടെ നിഷേധിക്കപ്പെടുന്നത് ഭരണഘടനാപരമായ സംവരണം എന്ന അവകാശമാണ്. അടുത്തൊരു വാര്‍ത്ത കണ്ടിരുന്നു. ആരോഗ്യവകുപ്പില്‍ 10000 പേരെ നിയമിച്ചപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കിട്ടിയത് ഒരാള്‍ക്കായിരുന്നു. പട്ടികജാതിക്കാരുടെ തൊഴില്‍ എന്ന അവകാശമാണ് ഇല്ലാതാകുന്നത്. വികസനത്തിന്റെ വിഹിതത്തിന്റെ കാര്യവും വ്യത്യസ്ഥമല്ല. പദ്ധതികള്‍ പ്ലാന്‍ ഫണ്ട് വഴിയാണെങ്കില്‍ 10 ശതമാനം എസ് സി വിഭാഗങ്ങള്‍ക്കും മൂന്നു ശതമാനം എസ് ടി വിഭാഗങ്ങള്‍ക്കും ലഭിക്കുമായിരുന്നു. എന്നാല്‍ പ്രോജക്ടുകള്‍ ആകുമ്പോള്‍ അതില്ലാകുന്നു. കിഫ് ബി വന്നപ്പോള്‍ അതാണ് സംഭവിച്ചത്. അങ്ങനെ ഭൂമി, തൊഴില്‍, വികസനത്തിന്റെ വിഹിതം എന്ന മൂന്നു കാര്യത്തിലും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരെ സിസ്റ്റമാറ്റിക്കായി കബളിപ്പിക്കുന്നു.
ഇനി ഇവര്‍ക്ക് ഭൂമി കൊടുക്കുന്നു എങ്കില്‍ തന്നെ സംഭവിക്കുന്നത് എന്താണ്? പാടങ്ങള്‍, ഉപയോഗശൂന്യമായ ഇടങ്ങള്‍…വീടിന് നല്‍കുന്നത് നാലു ലക്ഷം. വെയ്റ്റിംഗ് ഷെഡുകള്‍ക്ക് അഞ്ചു ലക്ഷവും തിരുവനന്തപുരത്തെ ഒരു പശുതൊഴുത്തിന് 40 ലക്ഷവും ചിലവാക്കുമ്പോഴാണ് വീടിന് നാലു ലക്ഷം കൊടുക്കുന്നത്. കോളനി എന്ന പേരൊക്കെ മാറ്റുന്നത് നല്ലതാണ്. പകരം ഉന്നതിയോ നഗറോ പ്രകൃതിയോ എന്തുമാകട്ടെ. അവയുടെ നവീകരണത്തിന് എംഎല്‍എമാര്‍ക്ക് ലഭിക്കുന്നത് ഒരു കോടി മാത്രമാണ്. നടക്കേണ്ടത് നവീകരണമല്ല, അപനിര്‍മ്മാണമാണ്. അവിടെ പുതിയ സംരംഭങ്ങള്‍ വേണം, സാധ്യതകള്‍ വേണം. അതിനു നടപടി വേണം.അവരുടെ ഫണ്ട് വകമാറ്റി ചിലവഴിക്കുന്നത് അവസാനിപ്പിക്കണം. ഒപ്പം അഴിമതിയും. പട്ടികജാതി – പട്ടിക വര്‍ഗ്ഗക്കാരുടെ വികസനത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശനമായ നിയമ നിര്‍മ്മാണം വേണം. അത് നിയമസഭ പാസാക്കണം.
വിദ്യാഭ്യാസത്തിന്റെ വിഷയത്തിലേക്കു വന്നാലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ടുവര്‍ഷമായി ഇ ഗ്രാന്റ് വിതരണം ചെയ്തിട്ട്. എത്രയോ കുട്ടികളാണ് പഠനം മതിയാക്കി പോകുന്നത്. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ ആകെ കപ്പാസിറ്റി 13000 ആണ്. അത് 25000 എങ്കിലും ആക്കണം. കൂടുതല്‍ ഹോസ്റ്റലുകള്‍ തുടങ്ങണം. ന്യൂനപക്ഷ വകുപ്പില്‍ ചിലവിട്ടത് 14 ശതമാനം തുകമാത്രമാണ്. ഒരു രൂപ പോലും ചിലവഴിക്കാത്ത പദ്ധതികളുണ്ട്. കേന്ദ്രമാകട്ടെ മൗലാന ആസാദ് ഫെലോഷിപ്പ് ഇല്ലാതാക്കി. കേന്ദ്രം നല്‍കിയിരുന്ന എല്ലാ ധനസഹായങ്ങളും കുടിശികയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇവരോട് ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കാവസ്ഥ പഠിക്കാന്‍ രൂപീകരിച്ച ജസ്റ്റീസ് ബഞ്ചമിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 13 മാസമായിട്ടും പുറത്തുവിട്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുക്കുന്നുമില്ല.
പ്രധാനപ്പെട്ട മറ്റൊന്നു കൂടി. പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, വിവിധ സംരംഭങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വരുമാന പരിധി എടുത്തുകളയണം. ഈ വിഭാഗങ്ങളില്‍ കൂടുതല്‍ സംരംഭകര്‍ ഉയര്‍ന്നു വരണം. വ്യവസായം, വാണിജ്യം, സ്റ്റാര്‍ട്ട അപുകള്‍ എല്ലാം വികസിക്കണം. അതിനായി ഈ പരിധി വേണ്ട എന്നു വെക്കണം. കോഴ്‌സ് കഴിഞ്ഞു വരുന്ന കുട്ടികള്‍ക്ക് തൊഴില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഉപാധികളില്ലാതെ സാമ്പത്തിക സഹായം നല്‍കണം. ഇത്തരത്തില്‍ ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവയോട് പോസറ്റീവായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in