അവസാനം സിസ്റ്റര്‍ അഭയക്കു നീതി

അഭയാ കേസിനു സമാനമായ എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നു. തൃശൂര്‍ ജില്ലയിലെ ജിസാമോള്‍ വധക്കേസ് ഒരുദാഹരണം. ജിസാമോള്‍ ബലാല്‍സംഗംചെയ്യപ്പെട്ടിരുന്നു. പള്ളി വികാരിയാണ് കുറ്റാരോപിതന്‍. 21 വയസ്സുണ്ടായിരുന്ന നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന ജീസമോളെ പാവറട്ടി സെന്‍ ജോസഫ് പാരിഷ് ഹോസ്റ്റല്‍ മുറിയില്‍ കെട്ടിതൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത് 2005 ഡിസംബര്‍ 5 നായിരുന്നു. നീതിക്കായി ജിസാമോളുടെ മാതാവും ആക്ഷന്‍ കൗണ്‍സിലും സമരം തുടരുകയാണ്.പോയവാരത്തില്‍ പോലും ജിസമോളുടെ മാതാവ് തൃശൂര്‍ നഗരത്തില്‍ സമരം നടത്തിയിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോവിന്റെ വിക്രിയകള്‍ വിവരിക്കുന്നില്ല. ആ കേസിപ്പോള്‍ സുപ്രിംകോടതിയിലാണ്.

28 വര്‍ഷങ്ങള്‍ക്കുശേഷം സിസ്റ്റര്‍ അഭയക്കു നീതി. അഭയയെ കൊലചെയ്തതാണെന്നും ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും കുറ്റക്കാരാണെന്നുമാണ് കോടതിവിധി. കിട്ടാവുന്ന മുഴുവന്‍ ശക്തിയും സ്വാധീനവും ഉപയോഗിച്ചിട്ടും നീതിന്യായസംവിധാനത്തെ വിലക്കെടുക്കാനായില്ല എന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. കൃസ്ത്യന്‍ സഭയും പുരോഹിതന്മാരുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എന്നതുതന്നെയായിരുന്നു ഈ കേസ് അട്ടിമറിക്കാന്‍ വന്‍നീക്കങ്ങള്‍ നടക്കാനുള്ള കാരണം. അഭയക്കു നീതിക്കായി രംഗത്തിറങ്ങാന്‍ കാര്യമായാരും ഒരുകാലത്തും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ പലരുമുണ്ടായിരുന്നു. എന്നാല്‍ ജോമോന്‍ പുത്തന്‍ പുരക്കല്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് വിരലിലെണ്ണാവുന്നവരുടെ സഹായത്തോടെ അവസാനം വരെ പോരാടിയത്.

കോട്ടയം പയസ് മൗണ്ട് കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ അഭയ കൊല്ലപ്പെടുമ്പോള്‍ 19 വയസു മാത്രമാണ് ഉണ്ടായിരുന്നത്. അഭയയെ 1992 മാര്‍ച്ച് 27 നാണു കോണ്‍വെന്റിലെ കിണറ്റില്‍ മരണപ്പെട്ട നിലയില്‍ കണ്ടത്്. അന്ന് വെളുപ്പിന് നാലുമണിയോടടുത്തു അഭയ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹത്തില്‍ തലക്ക് പിന്നില്‍ മുറിവുകളുണ്ടായിരുന്നു. എന്നാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. വെള്ളം കുടിക്കാന്‍ വന്നപ്പോള്‍ വൈദികനും സിസ്റ്ററും തമ്മിലുള്ള അവിഹിത ബന്ധം അഭയ കാണാനിടയായെന്നും അത് പുറത്തറിയാതിരിക്കാന്‍ അവരെ കൊന്ന് കിണറ്റിലിട്ടു എന്നുമായിരുന്നു കേസ്. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ലാണ് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, രണ്ടാം പ്രതി ഫാ. തോമസ് പൂതൃക്കയില്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരെ പോലീസ് അറസ്റ് ചെയ്യുന്നത്. പ്രതികളായി കൂടുതല്‍ പേരുണ്ടെങ്കിലും തെളിവുകളോടെ ഇവര്‍ മൂന്ന് പേരെയും മാത്രമേ ബന്ധപ്പെടുത്താന്‍ സാധിക്കുന്നുള്ളൂ എന്ന് അക്കാലത്തു അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഇവരെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് നാര്‍ക്കോട്ടിക് ടെസ്റ്റിന് വിധേയരാക്കി.

28 വര്‍ഷം അന്വേഷണപരമായും കോടതി നടപടികളാലും ഒരു കേസ് തീര്‍പ്പാകാതെ പോകുക… അതും തീര്‍ത്തും അസ്വാഭാവികമായി സംഭവിക്കുന്ന ഒരുപാട് കാരണങ്ങള്‍ കൊണ്ട് ഇടക്കിടക്ക് തടസങ്ങള്‍ ഉണ്ടാകുക.. എന്നതൊന്നും മറ്റൊരു കേസിലും ഇത്രമാത്രം കേരളം കണ്ടിട്ടുണ്ടാകില്ല. ഒരുപാട് സാക്ഷികള്‍ കൂറുമാറി. തെളിവുകള്‍ നശിപ്പിക്കല്‍, ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ ക്രമക്കേട് സംഭവിക്കല്‍, കോടതി നടപടികള്‍ ഇഴഞ്ഞു നീങ്ങല്‍ എന്നിവയൊക്കെ കേസില്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരുന്നു. അന്നു രാത്രി അവിടെ മോഷ്ടിക്കാന്‍ കയറിയ അടക്ക രാജു എന്നൊരാളെ കുറ്റമേറ്റെടുക്കാന്‍ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ലോക്കപ്പിലിട്ട് ക്രൂരമായി മദ്ദിക്കുകയും ചെയ്തു. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യ എന്ന് എഴുതി തള്ളാന്‍ ശ്രമിച്ച കേസ് ആണ് സിബിഐ അന്വേഷണം തുടങ്ങിയിട്ടും തടസങ്ങളിലും പ്രശ്നങ്ങളിലും കുടുങ്ങിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1992 ല്‍ തന്നെ ജോമോന്‍ പുത്തന്‍ പുരക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഒരുപാട് സാമൂഹ്യ പ്രവര്‍ത്തകര്‍ അക്കാലത്തു മുന്നോട്ട് വരികയുണ്ടായി. തുടക്കത്തില്‍ ടി കെ രാമകൃഷ്ണന്‍ എം എല്‍ എയും രമേശ് ചെന്നിത്തല എംപിയും ലോനപ്പന്‍ നമ്പാടനും ബിഷപ്പ് പൗലോസ് മാര്‍ പൗലോസും ജോസഫ് പുലിക്കുന്നേലുമൊക്കെ കമ്മിറ്റിയുമായി സഹകരിച്ചിരുന്നു. സിബിഐ ഈ കേസ് അന്വേഷിക്കണമെന്ന് 67 കന്യാസ്ത്രീകള്‍ ഒപ്പിട്ട പെറ്റീഷന്‍ മുഖ്യമന്ത്രിക്കു അയച്ചു. 1992 ഏപ്രില്‍ 14 നു തന്നെ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ അവര്‍ കേസ് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് ആക്ഷന്‍ കൌണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. ശക്തമായ ബഹുജനപ്രക്ഷോഭങ്ങളും നടന്നു. 1993 മാര്‍ച്ചില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അഭയ കേസ് ഏറ്റെടുത്തു. അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന വാദം ശരിയല്ലെന്ന് ആ വര്‍ഷം തന്നെ സിബിഐ കണ്ടെത്തി. എന്നാല്‍ 1994 ല്‍ പൊതുസമൂഹത്തെ ഞെട്ടിച്ചുകൊണ്ട് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ് ഒരു പത്രസമ്മേളനം വിളിച്ചു. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനു അനുകൂലമായി അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു വരുത്തി തീര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥനായ എസ് പി ത്യാഗരാജന്‍ സമ്മര്‍ദം ചെലുത്തുന്നതായിട്ടാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒദ്യോഗിക ജീവിതത്തില്‍ ഏഴു വര്‍ഷം ബാക്കി നില്‍ക്കെ അന്ന് അദ്ദേഹം രാജി വെക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന എല്ലാ തെളിവുകളും സിബിഐ യെ ഏല്‍പ്പിച്ചില്ല. താനെടുത്ത് ഫോട്ടോകളില്‍ പ്രസക്തമായ പലതും ഏല്‍പ്പിച്ചില്ല എന്ന് ഫോട്ടോഗ്രാഫര്‍ തന്നെ പറഞ്ഞു. തുടര്‍ന്നു അന്വേഷണം ജോയിന്റ് ഡയറക്ടര്‍ എം എല്‍ ശര്‍മയുടെ നേതൃത്വത്തിലായി. കൂടുതല്‍ ഫോറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണങ്ങളും നടന്നു.

അതിനിടെ സമരത്തിന്റെ ശക്തമായ മുഖം സെക്രട്ടറിയേറ്റനു മുന്നില്‍ തുറന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നായനാര്‍ വിവിധ പാര്‍ട്ടി നേതാക്കളായിരുന്ന ചെറിയാന്‍ ഫിലിപ്പ്, ടി കെ രാമകൃഷ്ണന്‍, എ സി ഷണ്‍മുഖദാസ്, വി സി കമ്പീര്‍, ലോനപ്പന്‍ നമ്പാടന്‍ തുടങ്ങിയവരൊക്കെ പങ്കെടുത്തു. അന്വേഷണം ഊര്‍ജ്ജിതമാക്കാനാവശ്യപ്പെട്ട് സംസ്ഥാനത്തെ 28 എം പിമാര്‍ പ്രസ്താവനയിറക്കി. എന്നാല്‍ 1996 ല്‍ സിബിഐയും കേസ് എഴുതി തള്ളണം എന്ന് എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പക്ഷെ കോടതി സിബിഐ യെ വിമര്‍ശിക്കുകയായിരുന്നു. 1999 ല്‍ അഭയയുടേത് കൊലപാതകം തന്നെയാണ്, എന്നാല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചുകളഞ്ഞതിനാല്‍ പ്രതികളെ അറസ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിബിഐ യുടെ പുതിയ ടീമിനെ അന്വേഷണച്ചുമതല ഏല്പിച്ചുകൊണ്ട് കോടതി ഇടപെടല്‍ ഉണ്ടായി. എന്നാല്‍ 2005 ആഗസ്റ്റില്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി മൂന്നാമതും സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. ഇത്രയധികം തവണ കേസ് അവസാനിപ്പിക്കാന്‍ സിബിഐ കോടതിയെ സമീപിക്കുന്നത് ചരിത്രത്തില്‍ കേട്ടു കേള്‍വി ഇല്ലത്തതാണ്. എന്നാല്‍ കോടതി വീണ്ടും അനുമതി നിഷേധിച്ചു. 2007 ഏപ്രിലില്‍ അഭയ കേസിലെ ആന്തരികാവയവ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നു എന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും അഭയയുടെ ഫയല്‍ തന്നെ കാണാതായെന്നും പോലീസ് സര്‍ജന്‍ റിപ്പോര്‍ട് നല്‍കി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2008 നവംബറില്‍ പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം കേസിലെ പ്രധാന സാക്ഷി സഞ്ജു മാത്യു വിശദമായ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് ഫാ. തോമസ് കോട്ടൂരും ഫാ. തോമസ് പൂതൃക്കയിലും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും അറസ്റ്റിലായത്. കോട്ടൂരും പൂതൃക്കയിലും കോണ്‍വെന്റിന്റെ മതില്‍ ചാടുന്നത് പലപ്പോളും കണ്ടിട്ടുണ്ടെന്ന് സാക്ഷിമൊിയുണ്ടായിരുന്നു. അതേ മാസം തന്നെ കേസ് ആദ്യം അന്വേഷിച്ച എ എസ് ഐ, വി വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. വീണ്ടും രേഖകളില്‍ തിരിമറി നടത്തിയതായി ജസ്റ്റിസ് ഹേമ കണ്ടെത്തി. സിബിഐ ക്ക് നല്കപ്പെട്ട സിഡി കളില്‍ ഒന്ന് കുറവായിരുന്നുവെന്നും ഇതെല്ലം പ്രതികളെ സംരക്ഷിക്കാനായിരുന്നു എന്നും സിബിഐ വാദിച്ചു. തുടര്‍ന്ന് ജസ്റ്റിസ് ഹേമയും കേസിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് ബസന്തും അവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്് മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടി. ജസ്റ്റിസ് ബസന്ത് കേസിന്റെ മേല്‍നോട്ടത്തില്‍ നിന്നും ഒഴിഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ മാലിനിയെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയ കേസില്‍ പുറത്താക്കിയതും വീണ്ടും കേസിനെ വൈകിപ്പിച്ചു.

അതിനിടെ സിസ്റ്റര്‍ സെഫിയുടെ നര്‍ക്കിക്കോ അനാലിസിസ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തി. സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും ഫാ. തോമസ് പൂതൃക്കയിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അഭയയെ തലക്ക് അടിച്ചതായും കൊലപ്പെടുത്തിയതായും സിസ്റ്റര്‍ സെഫി സമ്മതിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഫാ. തോമസ് കോട്ടൂരും ഫാ. തോമസ് പൂതൃക്കയിലും തമ്മിലുള്ള ലൈംഗിക ബന്ധം സ്ഥാപിക്കുന്നതിനായി സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്താനുള്ള സിബിഐ യുടെ ശ്രമത്തിനെതിരെ സെഫി തന്നെ കോടതിയെ സമീപിച്ചു. 2018 ല്‍ ഫാദര്‍ ജോസ് പിതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി.

അഭയാ കേസിനു സമാനമായ എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നു. തൃശൂര്‍ ജില്ലയിലെ ജിസാമോള്‍ വധക്കേസ് ഒരുദാഹരണം. ജിസാമോള്‍ ബലാല്‍സംഗംചെയ്യപ്പെട്ടിരുന്നു. പള്ളി വികാരിയാണ് കുറ്റാരോപിതന്‍. 21 വയസ്സുണ്ടായിരുന്ന നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന ജീസമോളെ പാവറട്ടി സെന്‍ ജോസഫ് പാരിഷ് ഹോസ്റ്റല്‍ മുറിയില്‍ കെട്ടിതൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത് 2005 ഡിസംബര്‍ 5 നായിരുന്നു. നീതിക്കായി ജിസാമോളുടെ മാതാവും ആക്ഷന്‍ കൗണ്‍സിലും സമരം തുടരുകയാണ്.പോയവാരത്തില്‍ പോലും ജിസമോളുടെ മാതാവ് തൃശൂര്‍ നഗരത്തില്‍ സമരം നടത്തിയിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോവിന്റെ വിക്രിയകള്‍ വിവരിക്കുന്നില്ല. ആ കേസിപ്പോള്‍ സുപ്രിംകോടതിയിലാണ്.

കേരളത്തില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ഏതെന്ന ചോദ്യത്തിനു പറയാവുന്ന ഒരു മറുപടി കന്യാസ്ത്രീകള്‍ എന്നു തന്നെയാണ്. അച്ചന്മാര്‍ എല്ലാ സ്വാതന്ത്ര്യത്തോടേയും സ്വകര്യങ്ങളോടേയും ജീവിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ പൊതുവില്‍ തടവറകള്‍ക്കുള്ളിലാണ്. പലരും ദൈവത്തിന്റെ മണവാട്ടികളാകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടും മാതാപിതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടുമൊക്കയാണ്. ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും ഇല്ല എന്നു മാത്രമല്ല, പലപ്പോഴും ലൈംഗികമായും അവര്‍ പീഡിപ്പിക്കപ്പെടുന്നു. വിവാഹം പോലും തങ്ങളുടെ കൃസ്തുസേവയെ ബാധിക്കുമെന്നു വിശ്വസിക്കുന്ന പുരോഹിതന്മാരാണ് മിക്കപ്പോവും പ്രതിക്കൂട്ടില്‍. കുമ്പസാരരഹസ്യങ്ങള്‍ പോലും പീഡനങ്ങള്‍ക്കായി ഉപയോഗിച്ച സംഭവങ്ങള്‍ നിരവധി. കന്യസ്ത്രീകളുടെ ജീവിതത്തിന്റെ ദയനീയചിത്രം സിസ്റ്റര്‍ ലൂസി കളപ്പുരക്കലും കന്യാസ്ത്രീപട്ടം വലിച്ചെറിഞ്ഞ് പുറത്തുവന്ന ജസ്മിയും രചിച്ച ജീവിതകഥകളില്‍ വായിക്കാവുന്നതാണ്. ഇതാകട്ടെ കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പോപ്പിന്റെ പ്രധാനപ്പെട്ട ഒരു ജോലി തന്നെ പുരോഹിതര്‍ നടത്തുന്ന ലൈംഗികപീഡനങ്ങള്‍ കൈകാര്യം ചെയ്യലാണ്. എന്തായാലും എടുത്തുപറയത്തക്ക ഒരു മാറ്റം കേരളത്തില്‍ തങ്ങള്‍ നിരന്തരമായി നേരിടുന്ന പീഡനങ്ങള്‍ക്കെതിരായ പൊട്ടിത്തെറിയായി നടന്ന കന്യാസ്ത്രീസമരമായിരുന്നു. എന്നാല്‍ ഫ്രാങ്കോവിന്റെ ചിത്രം 2021 കലണ്ടറില്‍ അച്ചടിച്ചാണ് സഭ അതിനു മറുപടി നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ആ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാനാണ് ഈ വിധിയുടെ പശ്ചാത്തലത്തില്‍ ജനാധിപത്യവാദികള്‍ ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അവസാനം സിസ്റ്റര്‍ അഭയക്കു നീതി

  1. Insightful

Leave a Reply