റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ് സില്‍വര്‍ ലൈന്‍

സേവ് കേരള സമിതി തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ടു നടത്തിയ പ്രസംഗം പരിഭാഷ : പി എ പ്രേംബാബു

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ഇതൊരു ദുരന്ത പദ്ധതിയാണ്. കേരളം പോലെ അതി ജനനിബിഡമായ ഒരു സ്ഥലത്തിലൂടെ ഈ കെ റെയില്‍ സില്‍വര്‍ലൈന്‍ കടന്നു പോകുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതം വിവരണാതീതവും പ്രവചനാതീതവുമാണ്. കേരളം വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണ്. കേരളത്തിന്റെ ആവാസത്തെയും അധിവാസത്തെയും ഒരുപോലെ തകര്‍ക്കുന്നതാണ് കെ റെയില്‍ പദ്ധതി. ഉത്തരാഖണ്ഡിലെ ബദരീനാഥ് – ഗംഗോത്രി ഹൈവേക്ക് തുല്യമായ ദുരന്തമാണ് ഈ പദ്ധതി വിളിച്ചു വരുത്തുക ഒരു ഭാഗത്ത് പരിസ്ഥിതി വിനാശം സൃഷ്ടിക്കുമ്പോള്‍ മറുഭാഗത്ത് ആയിരക്കണക്കിനു പേരെ കുടിയിറക്കുന്ന അധിവാസ ദുരന്തവും സാമ്പത്തിക പതനവും ഈ പദ്ധതിയിലൂടെ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.

ഒരു ലക്ഷം കോടിയില്‍പരം രൂപ ചെലവു കണക്കാക്കുന്ന കെ റെയില്‍ പദ്ധതി വായ്പയെടുത്തു നടപ്പിലാക്കുമ്പോള്‍, അത് പലിശ രഹിതമാണ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അത് തികച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. ജാപ്പനീസ് കറന്‍സിയായ യെന്നിലാണ് ഇടപാടുകള്‍ നടക്കുക. സദാ നാണയപ്പെരുപ്പത്തിന് വിധേയമായി ചാഞ്ചാടുന്ന ഇന്ത്യന്‍ രൂപയുമായുള്ള ജാപ്പനീസ് യെന്നിന്റെ വിനിമയ മൂല്യവും കൈമാറ്റ മൂല്യവും കണക്കാക്കുമ്പോള്‍ 5% മുതല്‍ 6% വരെ പലിശക്ക് തുല്യമായ പണം കൊടുക്കേണ്ടിവരും. എന്നാല്‍ ഒടുക്കുന്ന പലിശയുടെ പകുതിപോലും തിരിച്ചുപിടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധ്യമല്ല എന്നതാണ് വസ്തുത. ഇന്ത്യന്‍ റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ്മയുടെ കെ റെയില്‍ പദ്ധതിയിലെ യാത്രികരുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് ഇതിനെ കൂടുതല്‍ ആധികാരികമായി സമര്‍ത്ഥിക്കുന്നതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയിലെ മറ്റെല്ലാ ട്രെയിന്‍ സര്‍വീസുകളും ബ്രോഡ്‌ഗേജില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജില്‍ പ്രവര്‍ത്തിക്കുന്ന കെ റെയില്‍ ഒറ്റപ്പെട്ട നിര്‍മ്മാണമായി അവശേഷിക്കും. ഇന്ത്യയിലെ മറ്റൊരു റെയില്‍ സര്‍വീസുമായി ഇതിനെ ഉദ്ഗ്രഥിക്കാന്‍ കഴിയില്ല എന്നാല്‍ വേഗ യാത്രയ്ക്ക് മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളുണ്ട്. നിലവിലുള്ള റെയില്‍വേ ലൈന്‍ നവീകരിച്ചു കൊണ്ട് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. കെ റെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കിലോമീറ്ററിന് പത്തിലൊരു ശതമാനം മാത്രമാണ് ഇതിനു ചെലവുവരുന്നത്. അതായത് കേവലം പതിനായിരം കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തീകരിക്കാനാകും. നിലവിലുള്ള സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്താം. യാത്രക്കാര്‍ക്ക് എത്തിച്ചേരേണ്ട നഗരത്തില്‍ തന്നെയായിരിക്കും സ്റ്റേഷനുകള്‍. കെ റെയില്‍ പദ്ധതിയാകട്ടെ, നഗരങ്ങളില്‍ നിന്നും വളരെ വിദൂരമായിരിക്കും.

അലോക് കുമാര്‍ വര്‍മ്മയെ പോലെ സത്യസന്ധമായി സേവനമനുഷ്ഠിക്കുന്ന സങ്കേതിക വിദഗ്ധര്‍ ഇതിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.മാത്രമല്ല, 5000 രൂപ മുടക്കി എത്ര പേര്‍ യാത്ര ചെയ്യും? പിന്നെ ആര്‍ക്കുവേണ്ടിയാണ് ഈ യുക്തി ശൂന്യമായ പദ്ധതി ഇടതുപക്ഷമെന്നു പറയുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത്? അവിടെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത് ഇത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ്. കെ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ക്കും സ്റ്റേഷന്‍ കേന്ദ്രീകരിച്ചും ഊഹാധിഷ്ഠിതമായി ഭൂമിക്ക് വില വര്‍ധിപ്പിക്കാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തു കൊടുക്കുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അയോധ്യയിലെ പുതിയ രാമക്ഷേത്ര പരിസരത്ത് ഉദ്യോഗസ്ഥ പ്രമുഖരും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും വ്യാപകമായി ഭൂമി വാങ്ങിച്ചുകൂട്ടി. രാമക്ഷേത്രവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന വിപണി ലക്ഷ്യമിട്ടാണ് ഇങ്ങനെ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടി റിയല്‍ എസ്റ്റേറ്റ് കച്ചവടം കൊഴുപ്പിക്കുന്നത്. ഇതിനു സമാനമാണ് കെ റെയിലിന്റെ പേരില്‍ കേരളത്തിലും സംഭവിക്കുന്നത്. ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ ചന്ദ്രബാബു നായിഡു ചെയ്തതും ഇതു പോലെ റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടമാണ്.

ഇത് ഇന്ന് നമ്മള്‍ നേരിടുന്ന വലിയ ദുരന്തമാണ്. റിയല്‍ എസ്റ്റേറ്റ് – ഭൂമാഫിയകളുടെ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതികള്‍ കമ്മീഷന്‍ പറ്റി നടപ്പാക്കിക്കൊടുക്കുന്നവരായി ഭരണകൂടങ്ങള്‍ അധ:പതിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ട് ഞാന്‍ നടുങ്ങുകയാണ്. പക്ഷേ നിങ്ങളുടെ സമരോത്സുകതയിലും ഇച്ഛാശക്തിയിലും എനിക്ക് പ്രതീക്ഷയുണ്ട്. നിങ്ങളുടെ പ്രക്ഷോഭപരമായ ഇടപെടലുകളെ അവഗണിച്ച് ഈ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയില്ല.

എല്ലാവര്‍ക്കും എന്റെ ഊഷ്മളമായ അഭിവാദനങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply