സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും വല്ലാര്‍ പാടത്തുനിന്നും പാഠം പഠിക്കാത്തവര്
എല്ലാ പദ്ധതികളെയും എതിര്‍ക്കുന്നവര്‍, വികസനവിരുദ്ധര്‍ എന്നൊക്കെ തെറി കേള്‍ക്കാന്‍ തയ്യാറാണ്. കേരളം ഏറെ ആഘോഷിച്ച ചില വികസനപദ്ധതികളുടെ ഇന്നത്തെ അവസ്ഥ കാണാതെ പുതിയ സ്വപ്നങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയോ? ഇവിടെ വികസനം എന്നാല്‍ ചിലര്‍ക്കൊക്കെ സ്വപ്നമാണ്. എന്നാല്‍ വലിയൊരു വിഭാഗത്തിനും ദുസ്വപ്നവുമായ കഥ നമ്മള്‍ തിരിച്ചറിയാതെ പോകുന്നു.
വലിയ തോതില്‍ മൂലധനം മുടക്കിയും ജനങ്ങളെ കുടിയൊഴിപ്പിച്ചും ഭൂമിയടക്കമുള്ള പൊതുവിഭവങ്ങള്‍ മൂലധനശക്തികള്‍ക്കു കൈമാറിയും പാരിസ്ഥിതികമായ ദുരന്തങ്ങള്‍ സൃഷ്ടിച്ചും സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളെ ‘സ്വപ്നപദ്ധതികള്‍’ എന്നാണു വിക്കാറുള്ളത്. അങ്ങനെ വിളിക്കപ്പെടുന്ന പദ്ധതികളുടെ സാങ്കേതിക സാമ്പത്തിക സാമൂഹ്യ പാരിസ്ഥിതിക സാധ്യതകളെ ചോദ്യം ചെയ്യുന്നത് തന്നെ രാജ്യദ്രോഹം (വിദ്രോഹികളുള്‍ തീവ്രവാദികളും മറ്റുമായി) ആണെന്ന് സര്‍ക്കാരുകളും അവയെ നയിക്കുന്ന രാഷ്ട്രീയകക്ഷികളും പറയുന്നത് സാധാരണമാണ്. എന്നാല്‍ പലപ്പോഴും നീതിന്യായക്കോടതികള്‍ പോലും ഇവയെ സ്വപ്നപദ്ധതികളായി അംഗീകരിക്കുകയും ഇവക്കെതിരായി വരുന്ന ചോദ്യങ്ങളെ കേവലം ശല്യങ്ങളായി മാത്രം കാണുകയും ചെയ്യുന്ന അനുഭവങ്ങള്‍ പുതിയതല്ല. സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി വീട്ടില്‍ മഞ്ഞക്കല്ലിടുന്നതിന്റെ നിയമസാധുതയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ വാദം കേള്‍ക്കാന്‍ പോലും തയ്യാറകാതെ തള്ളിയ സുപ്രീം കോടതി വിധിയില്‍ ഇതൊരു സ്വപ്നപദ്ധതിയാണെന്ന കേരളം സര്ക്കാരിന്റെ വാദങ്ങള്‍ ആവര്‍ത്തിച്ചത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം.
ഒന്നര പതിറ്റാണ്ട് മുമ്പ് വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടൈനര്‍ ടെര്‍മിനലിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ സമീപിച്ചപ്പോള്‍ കേരള ഹൈക്കോടതിയും ഇതേ കാര്യമാണ് പറഞ്ഞത്. ഇതൊരു സ്വപ്നപദ്ധതിയാണ്, യുവാക്കളായ പതിനായിരങ്ങള്‍ക്ക് തൊഴില്‍ കിട്ടും, ഇത് വന്നാല്‍ ഓരോ മൂന്നു മിനുട്ടിലും ഒരു കണ്ടൈനര്‍ വീതം ഇവിടെയെത്തും, കൊച്ചി ദുബായിയും സിംഗപ്പൂരുമാകും എന്നൊക്കെയല്ലേ? ഇപ്പോള്‍ ആ അവകാശവാദങ്ങള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഉണ്ട്. ആ പദ്ധതിക്കായി മൂലമ്പിള്ളി അടക്കമുള്ള ഇടങ്ങളില്‍ സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ മാത്രം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എത്ര കണ്ടെയ്നറുകള്‍ അവിടെ എത്തുന്നു? എത്ര പേര്‍ക്ക് അവിടെ പുതുതായി തൊഴില്‍ കിട്ടിയെന്നതിനേക്കാള്‍ എത്രപേര്‍ക്ക് കൊച്ചി തുറമുഖത്തു ഉണ്ടായിരുന്ന തൊഴില്‍ നഷ്ടമായി? പോര്‍ട്ട് ട്രസ്റ്റ് വലിയ കടബാധ്യതയില്‍ മുങ്ങിയതിനാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാതായി, കൊച്ചിയില്‍ നടക്കുന്ന വലിയ തോതിലുള്ള മണ്ണ് മാറ്റല്‍ (ഡ്രെഡ്ജിങ് ) മൂലം ചെല്ലാനം അടക്കം പലയിടത്തും എത്ര കര കടലെടുത്തു പോയി? പദ്ധതിക്ക് വേണ്ടി 800 കോടിയിലധികം രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ഒരു കിലോമീറ്റര് നീളം വരുന്ന റെയില്‍ പാലത്തില്‍ ഒരു വര്‍ഷത്തില്‍ ഒരു ട്രെയിന്‍ പോലും ഓടാത്തതെന്തുകൊണ്ട് ? ഒന്നിനും ആര്‍ക്കും ഉത്തരമില്ല. പദ്ധതിയില്‍ നിന്നും കമ്മീഷന്‍ അടിച്ചവര്‍ സുഖമായി ജീവിക്കുന്നു. അയ്യോ മറക്കരുത്. ഈ പദ്ധതിയുടെ മറവില്‍ കൊച്ചിക്കായല്‍ നികത്തിയെടുത്ത സ്ഥലത്ത് ഒരു സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്റര്‍ വന്നത് വികസനമായി നിലനില്‍ക്കുന്നു. മറ്റൊരു സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ പ്രതിദിനം ഒരു കോടിയിലധികം രൂപ നഷ്ടം ഉണ്ടാക്കുന്നു. ആ പണം നമ്മുടെ കാലിയായ ഖജനാവില്‍ നിന്നും കൊടുത്തുകൊണ്ടിരിക്കുന്നു എന്നതും സത്യം. ഈ സത്യങ്ങള്‍ കാണാന്‍ മടിക്കുന്ന വികസനക്കാര്‍ക്കു ഇപ്പോള്‍ വിഴിഞ്ഞം പോലും സ്വപ്നമല്ലാതായിരിക്കുന്നു.
ഇത്രയും ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിച്ചുകൊണ്ട് സില്‍വര്‍ലൈന്‍ എന്ന വിനാശപദ്ധതി വരുന്ന സാഹചര്യം കൊണ്ട് മാത്രമല്ല. ഒരു ദശാബ്ദം മുമ്പ് ഏറെ വാദപ്രതിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് കൊച്ചിയില്‍ വന്ന മറ്റൊരു സ്വപ്നപദ്ധതിയുടെ ഇന്നത്തെ അവസ്ഥ കാണുന്നതിനാലാണ്. സ്മാര്‍ട്ട് സിറ്റി എന്ന ആ പദ്ധതി 1990 കാലില്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായി ഉയര്‍ന്നു വന്നതാണ്. ഐടി മേഖല തഴച്ചു വളരാന്‍ ദുബായ് ആസ്ഥാനമിയ ഒരു സ്ഥാപനം ഇവിടേക്ക് വരുന്നു എന്നും അവര്‍ക്കു കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് 240 ല്‍ പരം ഏക്കര്‍ ഭൂമി നല്‍കണമെന്നും ആയിരുന്നു നിര്‍ദ്ദേശം. എന്തായിരുന്നു കരാര്‍ വ്യവസ്ഥകള്‍ എന്ന് ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുവോ? ഭൂമി കൈമാറി പത്തുവര്ഷത്തിനകം 88 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം അവര്‍ നിര്‍മ്മിക്കണം. അതിന്റെ 70 ശതമാനം ഐ ടി വ്യവസായത്തിനായി നീക്കി വക്കണം. അങ്ങനെ വരുമ്പോള്‍ ഏതാണ്ട് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ആ മേഖലയില്‍ നേരിട്ട് തൊഴില്‍ കിട്ടും. ഒട്ടനവധി അന്താരഷ്ട്രസ്ഥാപനങ്ങള്‍ കേരളത്തിലേക്ക് ഓടിയെത്താന്‍ വെമ്പുന്ന സാഹചര്യത്തില്‍ ഇതെല്ലാം യാഥാര്‍ഥ്യമാകും. അങ്ങനെ വന്നാല്‍ കൊച്ചി ബംഗളൂരു ഒക്കെ പോലെ വലിയ കേന്ദ്രമാകും. ഈ സ്വപ്ങ്ങള്‍ക്കെന്തു സംഭവിച്ചു? ഇപ്പോഴത്തെ അവസ്ഥയില്‍ കേവലം അഞ്ചിലൊന്ന് വിസ്തീര്‍ണ്ണം കെട്ടിടം പോലും അവര്‍ നിര്‍മ്മിച്ചിട്ടില്ല. ബ്യുട്ടി പാര്‍ലറും തയ്യല്‍ കടയുമെല്ലാം ചേര്‍ന്നാല്‍ പോലും അയ്യായിരം പേര്‍ക്ക് അവിടെ തൊഴില്‍ ഇല്ല. കേരളത്തിന്റെ 240 ഏക്കര്‍ ഭൂമി ഇങ്ങനെ നല്‍കുന്നത് ഗുണകരമായോ? അന്ന് ഈ സ്വപ്നങ്ങള്‍ സാധ്യമാകില്ല എന്ന് പറഞ്ഞവരെ എങ്ങനെയാണ് വികസനവാദികള്‍ നേരിട്ടത്?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മേല്പറഞ്ഞ കരാര്‍ നടപ്പാക്കിയില്ലെങ്കില്‍ ദുബായ് കമ്പനി നഷ്ടപരിഹാരം നല്‍കണം എന്ന വ്യവസ്ഥ ആ കരാറില്‍ ഉണ്ടെന്ന കാര്യം നമ്മെ ഭരിക്കുന്നവര്‍ മറന്നുപോയോ? അങ്ങനെ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ആ ഭൂമി അവരില്‍ നിന്നും തിരിച്ചു പിടിച്ച് ഇന്‍ഫോ പാര്‍ക്കുപോലുള്ള സ്ഥാപനങ്ങള്‍ വികസിപ്പിക്കാമല്ലോ. അതൊന്നുമില്ലെങ്കില്‍ ഭൂരഹിതരായ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് നല്കാമല്ലോ. ഇന്‍ഫോ പാര്‍ക്ക് കൂടി സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമാക്കണം എന്ന അവരുടെ ആവശ്യം തടയാനായതും അന്നത്തെ മുഖ്യമന്ത്രി വി എസ് നടത്തിയ ഇടപെടലാണ്. അന്ന് ഏറെ ബുദ്ധിമുട്ടിയിട്ടാണ് കുടിയൊഴിക്കപ്പെട്ട കുടുംബങ്ങള്‍ തെരുവിലാകാതെ അതിനനുത്തു തന്നെ ഭൂമി നല്‍കി പുനരധിവസിപ്പിച്ചത്. അല്ലായിരുന്നെങ്കില്‍ മൂലമ്പിള്ളിക്കാരുടെ അവസ്ഥ അവര്‍ക്കും വരുമായിരുന്നു.
എല്ലാ പദ്ധതികളെയും എതിര്‍ക്കുന്നവര്‍, വികസനവിരുദ്ധര്‍ എന്നൊക്കെ തെറി കേള്‍ക്കാന്‍ തയ്യാറാണ്. കേരളം ഏറെ ആഘോഷിച്ച ചില വികസനപദ്ധതികളുടെ ഇന്നത്തെ അവസ്ഥ കാണാതെ പുതിയ സ്വപ്നങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയോ? ഇവിടെ വികസനം എന്നാല്‍ ചിലര്‍ക്കൊക്കെ സ്വപ്നമാണ്. എന്നാല്‍ വലിയൊരു വിഭാഗത്തിനും ദുസ്വപ്നവുമായ കഥ നമ്മള്‍ തിരിച്ചറിയാതെ പോകുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in